Author Image കെ. സന്തോഷ് കുമാർ
05 Oct 2026

ഐ.ഐ.ടി ബോംബെയിലെ 'ജാതീയ അന്വേഷണ മാതൃകകൾ': അംബേദ്കർ–പെരിയാർ–ഫുലെ സ്റ്റഡി സർക്കിൾ

ബോംബെ ഐ.ഐ.ടിയിലെ വിദ്യാർത്ഥി സാഹിൽ വാക്കോഡെയുടെ ഇൻസ്റ്റിറ്റ്യൂഷണൽ കൊലയെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനങ്ങളും സ്ഥാപനപരമായ അതിക്രമങ്ങളും വീണ്ടും ചർച്ചയാവുകയാണ്. ഒരു സ്ഥാപനത്തിനെതിരായ ആരോപണം അതേ സ്ഥാപനത്തിന്റെ അധികാരഘടനയ്ക്കുള്ളിൽ രൂപീകരിക്കുന്ന സമിതി അന്വേഷിക്കുമ്പോൾ, അത് എത്രത്തോളം സ്വതന്ത്രവും നിഷ്പക്ഷവുമാകും? ജാതിവിവേചനം  പരസ്യമായ അധിക്ഷേപങ്ങളുടെയും ആക്രമണങ്ങളുടെയും രൂപത്തിൽ മാത്രമാണോ പ്രത്യക്ഷപ്പെടുന്നത്? അക്കാദമിക ഇടപെടലുകൾ, ഹോസ്റ്റൽ ജീവിതം, അധ്യാപക–വിദ്യാർത്ഥി ബന്ധങ്ങൾ, അധികാരബന്ധങ്ങൾ, ‘മെരിറ്റ്’ എന്ന സങ്കൽപ്പം എന്നിവയിലൂടെ എങ്ങനെ അത് പ്രവർത്തിക്കുന്നു? ബോംബെ ഐ.ഐ.ടിയിലെ വിദ്യാർത്ഥി സംഘടനയായ അംബേദ്കർ–പെരിയാർ–ഫൂലേ സ്റ്റഡി സർക്കിൾ ഗൗരവമുള്ള ഈ വിഷയം പരിശോധിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബോംബെ ഐ.ഐ.ടിയിലെ പട്ടികജാതി വിദ്യാർത്ഥി സാഹിൽ വാക്കോഡെയുടെ 'സ്ഥാപനപരമായ കൊലപാതകം' ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയെ വീണ്ടും ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സാഹിൽ വാക്കോഡെയുടെ മരണത്തിൽ സ്ഥാപനം കൈക്കൊള്ളുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ബോംബെ ഐ.ഐ.ടിയിലെ വിദ്യാർത്ഥി സംഘടനയായ അംബേദ്കർ–പെരിയാർ–ഫുലെ സ്റ്റഡി സർക്കിൾ (APPSC) ഇന്നലെ ഇറക്കിയ പ്രസ്താവന ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിലെ ജാതി, അധികാരം, 'മെരിറ്റ്’, അന്വേഷണ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള സംവാദത്തിലേക്ക് വിരൽചൂണ്ടുന്നത്.

പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിൽ ഐ.ഐ.ടി. ബോംബെ ആവർത്തിച്ച് പിന്തുടരുന്നത് ഒരു പ്രത്യേക "ജാതീയ അന്വേഷണ മാതൃക” ആണെന്ന് APPSC വസ്തുതകൾ നിരത്തി പറയുന്നു. ജാതി അതിക്രമങ്ങൾക്കെതിരായി സ്ഥാപനം രൂപീകരിക്കുന്ന ആഭ്യന്തര അന്വേഷണ സമിതികൾ ജാതീയ വിവേചനത്തിന്റെ സാധ്യതകളെ ഗൗരവമായി പരിശോധിക്കുന്നതിനു പകരം, ഐ.ഐ.ടിയെ രക്ഷിച്ചെടുക്കാൻ സ്ഥാപനത്തിന് ജാതീയ വിവേചനവുമായി ബന്ധമില്ലെന്ന നിഗമനത്തിലേക്ക് എത്തുകയാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

മുമ്പുണ്ടായ കേസുകളിൽ സ്വീകരിച്ച അന്വേഷണരീതിയും അന്വേഷണ സമിതികളുടെ ഘടനയും കണക്കിലെടുക്കുമ്പോൾ, അതേ “സ്ഥാപനപരമായ അനാസ്ഥ” സാഹിൽ വാക്കോഡെയുടെ മരണത്തിന്റെ കേസിലും ആവർത്തിക്കപ്പെടുമെന്ന് മുന്നറിയിപ്പ് APPSC നൽകുന്നു. അതിനാൽ നീതിയുക്‌തമായ അന്വേഷണം നടക്കുവാൻ സ്ഥാപനത്തിന്റെ ആഭ്യന്തര നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായ ഒരു ബാഹ്യ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

"ഐ.ഐ.ടി. ബോംബെയുടെ ജാതിവിവേചനപരമായ അന്വേഷണ രീതികൾ” എന്ന തലക്കെട്ടിലുള്ള പ്രസ്താവനയിൽ, നേരത്തെ നടന്ന രണ്ട് ആഭ്യന്തര അന്വേഷണങ്ങളുടെ റിപ്പോർട്ടുകളുടെ ജാതി പക്ഷപാതിത്വപരമായ രീതികളെയാണ് APPSC തുറന്നു കാട്ടുന്നുണ്ട്.

അനികേത് അംഭോറിന്റെ ആത്മഹത്യയെ തുടർന്ന് പ്രൊഫ. എ.കെ. സുരേഷിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിൽ, "സ്ഥാപനമോ അതിന്റെ ഔദ്യോഗിക സംവിധാനങ്ങളോ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ വിവേചനവും കാണിക്കുന്നില്ല” എന്നാണ് കണ്ടെത്തിയതെന്ന് APPSC പറയുന്നു. റിപ്പോർട്ടിന്റെ 24-ാം പേജിലെ നിഗമനമാണ് സംഘടന ഉദ്ധരിക്കുന്നത്.

ദർശൻ സോളങ്കിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രൊഫ. നന്ദ് കിഷോറിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച മറ്റൊരു ആഭ്യന്തര സമിതിയുടെ റിപ്പോർട്ടും APPSC വിമർശന വിധേയമാക്കുന്നുണ്ട്. സോളങ്കിയുടെ സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ, ടീച്ചിംഗ് അസിസ്റ്റന്റുമാർ, മെന്റർമാർ, ഹോസ്റ്റലിലെ 16 ജീവനക്കാർ തുടങ്ങിയവരുമായി നടത്തിയ ആശയവിനിമയത്തിൽ ജാതീയമോ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനത്തെക്കുറിച്ചോ സോളങ്കി നേരിട്ട് പറഞ്ഞതായോ സുഹൃത്തുക്കൾ മുഖേന അറിയിച്ചതായോ പരാമർശമുണ്ടായിരുന്നില്ലെന്നാണ് ആ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ രണ്ട് റിപ്പോർട്ടുകളും ഒറ്റപ്പെട്ടതല്ലെന്നും ആവർത്തിക്കപ്പെടുന്ന ഒരു "പാറ്റേൺ" ആയി കാണണമെന്നും "മാതൃക തയ്യാറാണ്, വിധി നേരത്തെ തന്നെ നിശ്ചയിച്ചതുമാണ്” എന്നും പ്രസ്താവനയിൽ APPSC നിരീക്ഷിക്കുന്നു.

ഈ ആഭ്യന്തര സമിതികൾ ബോർഡ് ഓഫ് ഗവേണേഴ്സ് രൂപീകരിക്കുന്നവയാണെന്നും "ജാതിവിവേചനപരമായ ആരോപണങ്ങളെ അതിവേഗം തള്ളിക്കളയുന്നതിനായി ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും" പ്രസ്താവന വ്യക്തമാക്കുന്നു. ഇത്തരം സമിതികൾ "തികച്ചും ഒറ്റപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നതെന്നും," "ഒരുക്കി നിർത്തിയ സ്ഥാപനപരമായ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് നിശ്ചിത സാമ്പിളുകളെ മാത്രം ആശ്രയിക്കുകയാണെന്നും," ഒടുവിൽ സ്ഥാപനത്തെ കുറ്റവിമുക്തമാക്കിക്കൊണ്ടാണ് എപ്പോഴും അവസാനിക്കുന്നതെന്നും പ്രസ്താവനയിൽ അടിവരയിടുന്നു. താൽക്കാലികമായി രൂപീകരിക്കുന്ന ഇത്തരം സമിതികൾ "സ്ഥാപനപരമായ അനാസ്ഥ മറച്ചുവെക്കാനുള്ള കേവലമൊരു പകരക്കാരനായി (placeholder) മാത്രമാണ് പ്രവർത്തിക്കുന്നത്" എന്നും പ്രസ്താവനയിൽ പറയുന്നു.

സമിതികളുടെ ഘടനയെക്കുറിച്ചും APPSC ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. സമിതി അംഗങ്ങൾ "ഈ രാജ്യത്തിന്റെ സാമൂഹിക ഘടനയിൽ നിന്ന് വേറിട്ടുനിൽക്കുന്നവരല്ല" എന്നും, അവരെ സംബന്ധിച്ചിടത്തോളം ജാതി എന്നത് "തങ്ങളുടെ ജീവിതത്തിലെ പ്രകടമായ അനുഭവാധിഷ്ഠിത യാഥാർത്ഥ്യമല്ലാത്തതിനാൽ അത് നിലനിൽക്കുന്നേയില്ല" എന്നും പ്രസ്താവന വ്യക്തമാക്കുന്നു. ജാതിവിവേചനത്തെ ഇത്തരം സമിതികൾ പൂർണ്ണമായി തള്ളിക്കളയുന്നത്, അക്കാദമിക സ്ഥാപനങ്ങൾക്കുള്ളിലെ അസമത്വങ്ങളെ ജാതി പ്രിവിലേജുകൾ എങ്ങനെയാണ് മറച്ചുവെക്കുന്നത് എന്നതിന്റെ തെളിവാണ് എന്നും സംഘടന നിരീക്ഷിക്കുന്നു.

അന്വേഷണങ്ങൾക്ക് "പ്രകടമായ ജാതീയ അതിക്രമങ്ങളുടെ" തെളിവുകൾ ആവശ്യമാണ് എന്ന രീതിയാണ് പ്രധാനപ്പെട്ട ഒരു തർക്കവിഷയം. ഇത് "സങ്കീർണ്ണവും ആഴമേറിയതും സൂക്ഷ്മവുമായ" ഒരു സാമൂഹിക പ്രശ്‌നത്തെ കേവലമൊരു നിബന്ധനാപ്പട്ടികയായി (checklist) മാറ്റുന്നു. 'ഉദ്ദേശ്യം' എന്നും 'പ്രകടമായ പ്രവർത്തനം' എന്നും എന്തിനെ നിർവ്വചിക്കണമെന്ന് നിർണ്ണയിക്കുന്നത് പ്രബല വിഭാഗങ്ങളായതിനാൽ, ഇത് "തെളിവ് സമർപ്പിക്കാനുള്ള ബാധ്യത തെളിവ് നൽകുന്നതിനുള്ള ശേഷി ഏറ്റവും കുറഞ്ഞ വ്യക്തിയുടെ മേൽ" അടിച്ചേൽപ്പിക്കുന്നു എന്നും സംഘടന വ്യക്തമാക്കുന്നു.

ക്യാമ്പസിലെ സജ്ജീകരണങ്ങളെക്കുറിച്ചും സംഘടന ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്:

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പുതുതായി എത്തുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനോ നിയന്ത്രിക്കാനോ അധികാരമുള്ളവർ ജാതിവിവേചനത്തെക്കുറിച്ചുള്ള അവബോധം (caste sensitisation) നേടിയിട്ടുണ്ടെന്ന് എങ്ങനെ വിശ്വസിക്കാനാകും?

സഹപാഠികൾക്കിടയിലെ സാമൂഹിക സ്ഥാനത്തിന്റെയും (social location) ഭൗതിക സാഹചര്യങ്ങളുടെയും (material circumstances) അസമത്വങ്ങളെ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള എന്തെങ്കിലും സംവിധാനം ഇവിടെ നിലവിലുണ്ടോ?

തങ്ങളുടെ ജാതി-അസ്തിത്വത്തെക്കുറിച്ച് നിരന്തരം ജാഗ്രത പുലർത്തുന്നതിനൊപ്പം, "തങ്ങളുടെ മികവ് തെളിയിക്കേണ്ടി വരുന്ന ഇരട്ടഭാരം" പേറുകയും "സംവരണമെന്ന കളങ്കം" നേരിടുകയും ചെയ്യുന്ന SC/ST വിഭാഗം വിദ്യാർത്ഥികൾ, സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്തം കൂടി എന്തുകൊണ്ട് വഹിക്കണം?

സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ

2025 ജൂലൈ 25 മുതൽ പ്രാബല്യത്തിലുള്ള ശുകദേബ് സാഹ Vs ആന്ധ്രാപ്രദേശ് (Sukdeb Saha v. State of Andhra Pradesh & Ors.) കേസ് വിധിയിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇവ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമാക്കുന്നു:

മാനസികാരോഗ്യ സേവനം ഉടനടി ലഭ്യമാക്കുന്നതിനുള്ള രേഖാമൂലമുള്ള നടപടികൾ.

മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയുന്നതിന് ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണ നൽകുന്ന പരിശീലനം.

പ്രത്യേകം നിയോഗിക്കപ്പെട്ട മെന്റർമാരുടെ സേവനം (പ്രത്യേകിച്ച് പരീക്ഷാക്കാലങ്ങളിൽ).

സുപ്രീം കോടതിയുടെ ഈ നിർദ്ദേശങ്ങൾ ഐ.ഐ.ടി. ബോംബെ കണക്കിലെടുക്കുന്നില്ലെന്നും അവർ കുറ്റക്കാരാണെന്നും പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, സ്ഥാപനപരമായ അനാസ്ഥയും "ജാതിയെ കാണാൻ വിസമ്മതിക്കുന്ന ശക്തികളുടെ മേൽക്കോയ്മയും" (hegemony of caste-blind forces) കാരണം ഓരോ ഘട്ടത്തിലും അവർ കുറ്റവിമുക്തരാക്കപ്പെടുകയാണുണ്ടാകുന്നതെന്നും APPSC ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രകത്ഭരായ പ്രതിഭകളുടെ കേന്ദ്രമാണ് ഐ.ഐ.ടി.-കൾ എന്ന പ്രതിച്ഛായയെ ഈ പ്രസ്താവന ചോദ്യം ചെയ്യുന്നു. റാങ്കിംഗുകളും ഗവേഷണ നേട്ടങ്ങളും കാണിച്ച് "മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു അക്കാദമിക് ഉൽപ്പാദന കേന്ദ്രമാണ്" ഇതെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും, 'മെരിറ്റിന്റെ വക്താക്കൾക്ക്' സൗകര്യപ്രദമായ ഈ പ്രതിച്ഛായ മാറ്റിയെടുക്കാൻ "വലിയൊരു അഴിച്ചുപണി ആവശ്യമാണെന്നും" ഇത് വാദിക്കുന്നു. ഇവിടെ ആഘോഷിക്കപ്പെടുന്ന മെരിറ്റ് എന്നത് "ആധുനികതയുടെയും ജാതിരഹിതത്വത്തിന്റെയും ഭാഷയിൽ സ്വാഭാവികമായി അവതരിപ്പിക്കപ്പെട്ട സവർണ്ണ ആധിപത്യമല്ലാതെ മറ്റൊന്നുമല്ല" എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

സാഹിൽ വാക്കോഡെയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ 2026 സെപ്റ്റംബർ 24-ന് മുംബൈയിലെ ആസാദ് മൈതാനത്ത് നടത്തിയ നിരാഹാര സമരം | ഫോട്ടോ കടപ്പാട്: ഇമ്മാനുവൽ യോഗിനി

വിവരാവകാശ രേഖാപ്രകാരം 2026 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ഐ.ഐ.ടി. ബോംബെയിലെ 412 അധ്യാപകരിൽ വെറും അഞ്ച് പേർ പട്ടികജാതിക്കാരും ആറ് പേർ ഒ.ബി.സികളും ആദിവാസി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും ഇല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഐ.ഐ.ടി-ക്കാർ തന്നെ പ്രയോഗിക്കുന്ന യുക്തിയനുസരിച്ച്, ഇവിടുത്തെ വിജ്ഞാന ഉൽപ്പാദനം "സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു" എന്നാണ് ഇത് വ്യക്തമാക്കുന്നത്. 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ "ജ്ഞാനം പരമം ധ്യേയം" (അറിവാണ് പരമമായ ലക്ഷ്യം) എന്ന സംസ്കൃത മുദ്രാവാക്യത്തെയും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ വിജ്ഞാന ഉൽപ്പാദന പ്രക്രിയയെ "സവർണ്ണ കേന്ദ്രീകൃതമായി വിതരണം ചെയ്യപ്പെടുന്ന അറിവുകളുടെ പ്രതിധ്വനി മാത്രമായി മാറുകയും, അതിനെ സ്വയം കേന്ദ്രീകൃതവും (incestuous) വൈവിധ്യങ്ങളില്ലാത്തതുമാക്കുകയും ചെയ്യുന്നു" എന്ന് പ്രസ്താവന വിശേഷിപ്പിക്കുന്നു.

ഐ.ഐ.ടി.-കളെ കടുത്ത പരിശോധനകൾക്ക് വിധേയമാക്കാനും, ബന്ധപ്പെട്ടവരും പൊതുസമൂഹവും തമ്മിൽ ചർച്ചക്ക് "സമയമായിരിക്കുന്നു" എന്നും സംഘടന വാദിക്കുന്നു. സ്ഥാപനം പുലർത്തുന്ന "ജാതി അജ്ഞത" (caste amnesia) പരിഹാസ്യവും അക്രമസമാനവുമാണെന്ന് വിശേഷിപ്പിക്കുന്ന സംഘടന, ക്യാമ്പസ് സംസ്കാരം "കീഴാള വിരുദ്ധമായി നിലകൊള്ളുന്ന ഒന്നാണ്". കൂടാതെ, ഐ.ഐ.ടി.-കൾ കാലങ്ങളായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് മുക്തമായി നിലനിൽക്കുകയാണെന്നും, ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഇത് "ഖേദകരവും ഇടപെടലുകൾ നടത്തേണ്ടതുമായ ഒന്നാണെന്നും" നിരീക്ഷിക്കുന്നു. "അനുസരണയുള്ളവരും, ജാതി അന്ധതയുള്ളവരും, കാര്യക്ഷമതയുള്ളവരുമായ ഒരു തൊഴിലാളി സമൂഹത്തെ" സൃഷ്ടിക്കുക എന്നതാണ് ഈ മുൻനിര സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിശേഷിപ്പിക്കുന്ന പ്രസ്താവന, ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന "പ്രത്യയശാസ്ത്ര മസ്തിഷ്കപ്രക്ഷാളനത്തെ" കൂടുതൽ സൂക്ഷ്മമായി പരിശോധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

സ്വതന്ത്രവും ബാഹ്യവുമായ അന്വേഷണം

അംബേദ്കർ–പെരിയാർ–ഫുലെ സ്റ്റഡി സർക്കിൾ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇവയാണ്:

സ്ഥാപനപരമായ ഇടപെടലുകളോ കുറ്റാരോപിതന് നിരുപാധിക പിന്തുണയോ ഇല്ലാത്ത, സ്വതന്ത്രവും ബാഹ്യവുമായ അന്വേഷണം.

ഏകാധിപത്യപരമായ ഇടപെടലുകളൊന്നുമില്ലാതെ പക്ഷപാതപരമല്ലാത്തതുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി, ഒരു പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വ്യക്തി അധ്യക്ഷനായുള്ളതും ഇത്തരം വിഷയങ്ങളിൽ വിദഗ്ദ്ധനായ സ്ഥാപനത്തിന് പുറത്തുനിന്നുള്ള നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്ന കുറഞ്ഞത് ഒരു അംഗമെങ്കിലും ഉൾപ്പെടുന്ന സമിതി.

സമിതിയിൽ കുറഞ്ഞത് 50% പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം.

വിവിധ പഠനവിഭാഗങ്ങളിൽ നിന്നുള്ള കുറഞ്ഞത് 50% വനിതാ അംഗങ്ങൾ.

APPSCയുടെ പ്രസ്താവന ഉയർത്തുന്ന വിഷയം ഒരു പ്രത്യേക മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി. ബോംബെയുടെ സ്ഥാപനപരമായ ഉത്തരവാദിത്തം, ജാതീയ അസമത്വം, ക്യാമ്പസ് ജനാധിപത്യം, സാമൂഹിക വൈവിധ്യം, മാനസികാരോഗ്യം, അന്വേഷണങ്ങളുടെ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയ്ക്കാണ് ഇത് വഴിയൊരുക്കുന്നത്.

ഒരു വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതീയ വിവേചനമുണ്ടോ ഇല്ലയോ എന്നത് ഒരു അന്വേഷണത്തിന്റെ വിഷയമാണ്. എന്നാൽ ആ അന്വേഷണം എങ്ങനെ നടത്തപ്പെടുന്നു, ആരാണ് സമിതിയെ നിയോഗിക്കുന്നത്, ആരെയാണ് സാക്ഷികളായി പരിഗണിക്കുന്നത്, എന്തുതരം തെളിവുകളാണ് അംഗീകരിക്കുന്നത്, സൂക്ഷ്മമായ സാമൂഹിക വിവേചനങ്ങളെ എങ്ങനെ വിലയിരുത്തുന്നു, സമിതിയിൽ സാമൂഹിക വൈവിധ്യം എത്രമാത്രമുണ്ട് തുടങ്ങിയ ചോദ്യങ്ങളും അത്രതന്നെ പ്രധാനമാണ്.

APPSC-യുടെ ഇപ്പോഴത്തെ ഇടപെടൽ ഈ ചോദ്യങ്ങളെയാണ് ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്. അതേസമയം, പ്രസ്താവനയിൽ ഉന്നയിക്കുന്ന ഗുരുതര വിഷയങ്ങൾ സ്വതന്ത്രമായി പരിശോധിക്കപ്പെടുകയും, ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും ഐ.ഐ.ടി. ബോംബെ അധികാരികളുടെ പ്രതികരണവും കൂടി പൊതുചർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്. ജാതീയ വിവേചനം നടന്നില്ലെന്ന് കണ്ടെത്തുക മാത്രമാണോ ഒരു അന്വേഷണത്തിന്റെ ലക്ഷ്യം, അതോ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജാതീയ വിവേചനം സംഭവിക്കാനുള്ള സാധ്യതകൾ തന്നെ തിരിച്ചറിഞ്ഞ്, അത് തടയുന്നതിനുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കുകയുമാണോ അന്വേഷണത്തിന്റെ ഉത്തരവാദിത്തം? സാഹിൽ വാക്കോഡെയുടെ കേസിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന APPSC-യുടെ ആവശ്യം വിശാലമായ ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച ചെയ്യേണ്ടത്.

Share this link