അട്ടിമറിക്കപ്പെടുന്ന ജാതി സെൻസസും വഞ്ചിക്കപ്പെടുന്ന ഒബിസികളും
ഒരു രാജ്യത്തിന്റെ സാമൂഹികഘടനയും അധികാരബന്ധങ്ങളും വിഭവവിതരണത്തിലെ അസമത്വങ്ങളും മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക രേഖയാണ് സെൻസസ് ഡാറ്റ. ജാതി എന്നത് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങളെ നിർണയിക്കുന്ന അടിസ്ഥാന ഘടകമായി തുടരുമ്പോഴും, ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഭരണകൂടങ്ങൾ വിമുഖത പുലർത്തിയിട്ടുണ്ട്. ജാതി സെൻസസ് നടത്തുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചത്. എന്നാൽ ഒ.ബി.സി. വിഭാഗങ്ങളുടെ ജാതി-സമുദായ വിവരശേഖരണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് എഴുതുകയാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി.
ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സെൻസസ് കണക്കെടുപ്പിൽ ഒ.ബി.സി. കോളം ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും അത് ഒഴിവാക്കിയാണ് ഇപ്പോൾ നടപടി തുടരുന്നത്. സെൻസസ് 2027-ൽ ജാതി വിവരശേഖരണം കൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിൽ 30-ന് ചേർന്ന പൊളിറ്റിക്കൽ അഫയേഴ്സ് ക്യാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് രണ്ട് ഗസറ്റ് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകളെ സംബന്ധിച്ചും വീട്ടുനമ്പറുകളും ഇതര വിവരങ്ങളും ശേഖരിക്കുന്ന സെൻസസിന്റെ ആദ്യഘട്ടത്തിലേക്കുള്ള വിജ്ഞാപനം 2026 ജനുവരി 22-ന് പുറപ്പെടുവിച്ചു.
33 വിവരങ്ങളാണ് സെൻസസിലൂടെ ശേഖരിച്ചത്. അതിൽ പന്ത്രണ്ടാമത്തെ ഇനം ഗൃഹനാഥൻ പട്ടികജാതി/പട്ടികവർഗത്തിലോ ഇതര വിഭാഗത്തിലോ ആണോ ഉൾപ്പെടുന്നത് എന്ന് ചോദിക്കുന്നു. അവിടെ ഒ.ബി.സി. എന്നുകൂടി ചേർക്കേണ്ടിയിരുന്നു, അത് ചേർത്തിട്ടില്ല. സെൻസസ് രണ്ടാംഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള വിജ്ഞാപനം 2026 ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ചു. 2027 ഫെബ്രുവരിയിൽ നടക്കുന്ന അവസാനഘട്ട വ്യക്തിഗത വിവരശേഖരണത്തോടെ കണക്കെടുപ്പ് പൂർത്തിയാവുകയും ചെയ്യും.
ഈ രണ്ടു വിജ്ഞാപനങ്ങളും പുറത്തുവന്നതോടെ സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കുമെന്ന സർക്കാർ ഉറപ്പ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒ.ബി.സി. വിഭാഗങ്ങൾ ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ സെൻസസിൽ ആദ്യമായാണ് ഡിജിറ്റൽ വിവരശേഖരണം മൊബൈൽ അധിഷ്ഠിത ഡാറ്റ ശേഖരണത്തിലൂടെ നടത്തപ്പെടുന്നത്. വിവരശേഖരണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊബൈൽ ഡിവൈസിൽ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ മുൻകൂട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ജാതി/വർഗപ്പേരുകൾ ഗൃഹനാഥൻ പറയുമ്പോൾ മൊബൈലിൽ മുൻകൂട്ടി ചേർത്തിട്ടുള്ള പട്ടികയിൽനിന്ന് ആ പേരുകൾ കണ്ടെടുത്ത് (drop-down menu) രേഖപ്പെടുത്തപ്പെടും. എന്നാൽ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ഗൃഹനാഥൻ പറയുന്ന പേരുകൾ ഉദ്യോഗസ്ഥൻ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തും.
നമ്മുടെ നാട്ടിൽ ഒരേ സമുദായങ്ങൾ തന്നെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ ഉച്ചാരണങ്ങളിലും പേരുകളിലും അറിയപ്പെടുന്നു. പറയുന്ന ആളുടെ പിഴവ് മൂലവും രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പരിമിതമായ അറിവുകൾ മൂലവും പലപ്പോഴും തെറ്റുകൾ സംഭവിക്കും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഒ.ബി.സി. വിഭാഗങ്ങളുടെ പേരുകളും പട്ടിക വിഭാഗങ്ങളെപ്പോലെ തന്നെ മുൻകൂട്ടി ഡിവൈസിൽ അപ്ലോഡ് ചെയ്തിരുന്നാൽ അതിൽനിന്ന് തെരഞ്ഞെടുത്ത് (drop-down menu പ്രകാരം) രേഖപ്പെടുത്താൻ കഴിയും. പക്ഷേ സർക്കാർ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. കണക്കെടുപ്പ് അട്ടിമറിക്കപ്പെടണം എന്ന ദുരുദ്ദേശത്താൽ തന്നെയാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്.
2012-ൽ ആരംഭിച്ച് 2014-ൽ പൂർത്തിയാക്കിയ സോഷ്യോ-ഇക്കണോമിക് കാസ്റ്റ് സെൻസസിൽ ഈ രീതിയിൽ ഗൃഹനാഥൻ പറയുന്നത് കേട്ട് ഉദ്യോഗസ്ഥൻ ജാതി/സമുദായം രേഖപ്പെടുത്തുകയാണ് ഉണ്ടായത്. 46 ലക്ഷത്തിലധികം ജാതിപ്പേരുകളാണ് ആ കണക്കെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടത്. 1980-ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ 3,743 പിന്നാക്ക സമുദായങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഒ.ബി.സി. വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും സംവരണവും നിലവിൽ വന്നതോടുകൂടി പരമാവധി 5,000-ത്തിൽ താഴെ മാത്രമേ ഇപ്പോഴും ജാതികളും സമുദായങ്ങളും ഈ വിഭാഗത്തിൽ കാണാൻ സാധ്യതയുള്ളൂ.
2011-ലെ സാമൂഹിക-സാമ്പത്തിക സർവേയിൽ കൃത്യമായ മാനദണ്ഡം പാലിക്കാത്തതുകൊണ്ടും ഡാറ്റ കൃത്യമായി രേഖപ്പെടുത്താത്തതുകൊണ്ടും 46 ലക്ഷത്തിലധികം സമുദായങ്ങളെയാണ് രേഖപ്പെടുത്തിയത്. ആ സെൻസസ് വിവരങ്ങൾ സർക്കാർ അംഗീകരിക്കാതിരുന്നതിന് ഇതൊരു പ്രധാന കാരണമായി തീർന്നിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങളോ ഡാറ്റ രേഖപ്പെടുത്തുന്നതിന് ശാസ്ത്രീയമായ രീതിയോ അവലംബിക്കുന്നില്ലെങ്കിൽ ഇതുതന്നെയായിരിക്കും ഇനിയും സംഭവിക്കുക. ഡാറ്റ 2011-ലെപ്പോലെ പുറത്തുവിടാനുള്ള സാഹചര്യവും ഉണ്ടാകില്ല. സർക്കാരുകളുടെ ലക്ഷ്യവും അതുതന്നെയാണ്.
മുൻകൂട്ടി തയ്യാറാക്കി സൂക്ഷിച്ചിട്ടുള്ള പട്ടികയിൽനിന്ന് ജാതി/സമുദായങ്ങളുടെ പേര് തെരഞ്ഞെടുത്ത് രേഖപ്പെടുത്തുവാൻ സർക്കാർ തയ്യാറാണെന്ന് സെൻസസുമായി ബന്ധപ്പെട്ട ഒരു കേസിൽ കേന്ദ്രസർക്കാർ 2021-ൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ്. ബിഹാറും തെലങ്കാനയും പോലുള്ള സംസ്ഥാനങ്ങൾ ജാതി/സമുദായ സെൻസസ് നടത്തിയപ്പോൾ ഈ രീതിയിലാണ് കണക്കെടുപ്പ് നടത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് 2025 മെയ് 5-ന് അയച്ച കത്തിൽ ഈ രീതിയിൽ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
ഇടതുപക്ഷ പാർട്ടികളും ജാതി സെൻസസിന് അനുകൂലമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. എന്നാൽ സെൻസസ് വിവരശേഖരണം സംബന്ധിച്ച വിജ്ഞാപനം വന്നതോടുകൂടി ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതും പൗരത്വം സംബന്ധിച്ചുമുള്ള വിഷയങ്ങളുമാണ് ഇടതുപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ടുവരുന്നത്. ജാതി സെൻസസ് സംബന്ധിച്ച വിഷയത്തിൽ അവർ പൂർണമായും നിശ്ശബ്ദരാകുകയാണ്.
ജാതി/സമുദായ കണക്കെടുപ്പിലെ ഒ.ബി.സി. കോളം ഒഴിവാക്കിയതും കണക്കെടുപ്പിലെ അട്ടിമറിയും ഇടതുപക്ഷ പാർട്ടികൾ പരിഗണിക്കുന്നുമില്ല. ഈ വിഷയം ഒരു രാഷ്ട്രീയപ്രശ്നമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നുമില്ല. യഥാർത്ഥത്തിൽ ഇന്ത്യയിലെ അധികാരം കുത്തകയാക്കി വച്ചിരിക്കുന്ന സവർണ വിഭാഗങ്ങൾ — ഡോ. അംബേദ്കറുടെ ഭാഷയിൽ 'ഒലിഗാർക്കികൾ' — ജാതി/സമുദായ കണക്കെടുപ്പ് നടത്താതിരിക്കാൻ ശ്രമിക്കുകയാണ്. കാരണം, ജാതി സെൻസസിലൂടെ സവർണ ജാതി സമുദായങ്ങൾ എത്രയുണ്ടെന്നും അവർ ഏതെല്ലാം പദവികളും സ്ഥാനങ്ങളും കൈയടക്കിവെച്ചിട്ടുണ്ടെന്നും എത്രമാത്രം വിഭവങ്ങളും ഭൂമിയുമാണ് കൈവശം വെച്ചിരിക്കുന്നതെന്നും വെളിപ്പെടും. സെൻസസിലൂടെ ശേഖരിക്കപ്പെടുന്ന വിപുലമായ വിവരങ്ങൾ പദ്ധതി രൂപീകരണത്തിനും ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിനും ഭരണാധികാരികൾക്കും ഗവേഷകർക്കും മറ്റ് ഡാറ്റ ഉപയോക്താക്കൾക്കും ഏറ്റവും ഉപയോഗപ്രദമായ സ്രോതസ്സാണ്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഭരണനിർവഹണത്തിന്റെ നിർണായക അടിത്തറയാണ് സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങൾ. ഈ വിവരങ്ങളെ ഭരണാധികാരികളും അധികാരക്കുത്തകകളും ഭയപ്പെടുന്നു.
തങ്ങളുടെ പരിതാപകരമായ അവസ്ഥ വെളിപ്പെടുമ്പോൾ പിന്നാക്ക വിഭാഗങ്ങൾ അവരുടെ അവകാശപോരാട്ടങ്ങൾക്ക് ശക്തി വർധിപ്പിക്കും. ഈ വിവരങ്ങൾ അവരുടെ പോരാട്ടങ്ങൾക്ക് ഊർജം പകരുകയും ചെയ്യും. അതോടെ അധികാരക്കുത്തകയ്ക്ക് ഉലച്ചിൽ സംഭവിക്കും. അത് ഒഴിവാക്കുക എന്നതാണ് ഈ ഭരണാധികാരികളുടെയെല്ലാം താൽപര്യം.
ഈ സാഹചര്യത്തിൽ സാമൂഹ്യനീതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും നേതാക്കളും അടിയന്തരമായി പ്രതികരിക്കണം. അതിശക്തമായ പ്രക്ഷോഭത്തിലൂടെ ഒ.ബി.സി. ജാതി/സമുദായ പട്ടിക കണക്കെടുപ്പിനുള്ള മൊബൈൽ ഡിവൈസിൽ മുൻകൂട്ടി ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കണം. ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാന സർക്കാർ, വിശേഷിച്ചും കോൺഗ്രസ് നയിക്കുന്ന കേരള സർക്കാർ, ഇതിന് ആവശ്യമായ സമ്മർദം ചെലുത്തണം. നിയമസഭ ഒരു പ്രമേയം വഴി കേന്ദ്രത്തോട് ആവശ്യപ്പെടണം. സെൻസസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും കാത്തിരിക്കാതെ ഇപ്പോൾ തന്നെ വേണ്ടത് ചെയ്യുക.
സെൻസസ് വിവരശേഖരണത്തിന് ഉദ്യോഗസ്ഥർ വരുമ്പോൾ തങ്ങളുടെ യഥാർത്ഥ ജാതിയും സമുദായവും ഏതെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കാൻ പര്യാപ്തമാകുന്ന രീതിയിൽ സമുദായാംഗങ്ങളെ ബോധവൽക്കരിക്കുവാൻ സംഘടനകളും നേതാക്കളും പരമാവധി പരിശ്രമിക്കണം.
കേന്ദ്രസർക്കാർ ഒ.ബി.സി. കോളവും പട്ടികയും അപ്ലോഡ് ചെയ്യാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി. വിഭാഗങ്ങളുടെ പട്ടിക പത്രമാധ്യമങ്ങൾ വഴി അച്ചടിച്ച് പരസ്യപ്പെടുത്താൻ തയ്യാറാവണം. അതിൽ ഓരോരുത്തരുടെയും ജാതിയും സമുദായവും കണ്ടെത്തി കണക്കെടുപ്പിന് വരുന്ന ഉദ്യോഗസ്ഥർക്ക് പറഞ്ഞുകൊടുക്കാൻ തയ്യാറാവണം. ഒ.ബി.സി. വിഭാഗത്തിലെ സമുദായങ്ങൾ തങ്ങളുടെ സമുദായപ്പേര് പറയുന്നതിനുമുമ്പ് ഒ.ബി.സി. എന്നുകൂടി ചേർത്തു പറയുന്നത് ഗുണം ചെയ്തേക്കാം. അട്ടിമറി ചെറുക്കാനുള്ള ഈ ഒരു ഉപാധി മാത്രമാണ് ഇനി നമുക്ക് മുമ്പിലുള്ളത്.