Author Image ആർ. രാജഗോപാൽ
20 Sep 2026

വാർത്താ ചാനലുകൾ ആവേശഭരിതരായ പ്രേക്ഷകരെ ലക്ഷ്യമിടുന്ന കേവല വിനോദോപാധികൾ

ചാനൽ മാധ്യമങ്ങൾ കടുത്ത വിമർശനവും വിശ്വാസ്യതാത്തകർച്ചയും നേരിടുകയും കേവല വിനോദവും വാണിജ്യ താല്പര്യങ്ങളും മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വസ്തുതാപരിശോധനയിലെ വീഴ്ചകൾ, ഉടമകളുടെ താല്പര്യ സംരക്ഷണം, ന്യൂസ് റൂമുകളിലെ അധികാര രാഷ്ട്രീയം എന്നിവയെല്ലാം മുൻനിർത്തി മാധ്യമധർമ്മത്തെക്കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ഉയർത്തുകയാണ് 'ദി ടെലിഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. പരമ്പരാഗത മാധ്യമങ്ങളോട് വിമർശനം ഉന്നയിക്കുമ്പോഴും, പുതിയ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പുതുതലമുറ മാധ്യമപ്രവർത്തകരിലൂടെയും ഇന്ത്യയിൽ മികച്ച മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകൾ ഉയർന്നുവരുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു.

കേരളത്തിലെ മാധ്യമങ്ങളുടെ കാര്യത്തിൽ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന താങ്കളുടെ നിർദ്ദേശത്തെക്കുറിച്ച് ഞാൻ ഗൗരവകരമായി ചിന്തിച്ചു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും, ട്വന്റിഫോർ ന്യൂസ് ചാനൽ സുകുമാരക്കുറുപ്പിനായുള്ള തെരച്ചിൽ നടത്തിയതിന്റെയും പശ്ചാത്തലത്തിൽ, മലയാള മാധ്യമരംഗത്തെ നിലവാരത്തകർച്ചയുടെ ദ്രുതഗതിയിലുള്ള പ്രകടനം തന്നെയാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു. ഇതിൽ ഇടപെടേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. അതിനുള്ള കാരണങ്ങൾ ഞാൻ താഴെ ബുള്ളറ്റ് പോയിന്റുകളായി നൽകാം.

1. മുകളിൽ പറഞ്ഞ രണ്ട് ചാനലുകളെയും മാധ്യമപ്രവർത്തന സംരംഭങ്ങളായി ഞാൻ കരുതുന്നില്ല. ഇതുകൂടി ചേർക്കാൻ ഞാൻ വിട്ടുപോയി: ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായൊരു ആരോപണം യാതൊരു പരിശോധനയും കൂടാതെ സംപ്രേഷണം ചെയ്യാമെന്നും, അത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണവിധേയനായ വ്യക്തിക്കാണെന്നും ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? ഇത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ എതിരാണ്. വിവരങ്ങളുടെ വസ്തുതാപരിശോധന ആണ് ഒരു മാധ്യമപ്രവർത്തകന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ. ഒരു കേസ് അഭിമുഖീകരിക്കുമ്പോൾ, അന്വേഷണത്തോട് സഹകരിക്കുകയാണ് ഒരു വാർത്താ മാധ്യമത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. വ്യക്തികളിൽ നിന്നും വ്യത്യസ്തമായി, സ്വന്തം അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി തോന്നിയാൽ നിയമപരമായ വഴികൾ തേടാനുള്ള സാമ്പത്തിക-നിയമ ശേഷികൾ പല മാധ്യമ സ്ഥാപനങ്ങൾക്കുമുണ്ടെന്ന് എനിക്ക് ഉറപ്പാണ്.

2. പല വാർത്താ ചാനലുകളും ആവേശഭരിതരായ പ്രേക്ഷകരെ ലക്ഷ്യമിടുന്ന കേവല വിനോദോപാധികൾ മാത്രമാണ്. വളർന്നുവരുന്ന പുതുതലമുറ പിന്തിരിപ്പന്മാരായ അമ്മാവന്മാർക്കും അമ്മായിമാർക്കും താക്കീത് നൽകുന്ന കാഴ്ചയല്ലാതെ, മറ്റൊന്നും ഇപ്പോൾ എന്നിൽ ഒരു ആവേശവും ഉണ്ടാക്കാറില്ല.

ഞാൻ അധികം ചാനലുകളും കാണാറില്ല, സാധാരണയായി പത്രങ്ങളും വായിക്കാറുമില്ല. മാധ്യമ സെമിനാറുകളിൽ സംസാരിക്കാമെന്ന് സമ്മതിച്ചുപോയതുകൊണ്ടും, അതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയാത്തതുകൊണ്ടും മാത്രമാണ് ഇപ്പോൾ പത്രങ്ങൾ വായിക്കാൻ നിർബന്ധിതനാകുന്നത്. അധികം വൈകാതെ അതും അവസാനിപ്പിക്കാമെന്ന് കരുതുന്നു. അതിനർത്ഥം സമകാലിക മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യനല്ല എന്നാണ്. ഒരു പുസ്തകം വായിക്കാതെ, നിങ്ങൾക്ക് എങ്ങനെയാണ് അതിനെക്കുറിച്ച് അവലോകനം എഴുതാൻ കഴിയുക?

3. മലയാളം ടിവി വാർത്താ പരിപാടികളിൽ ഞാൻ കാണാൻ ശ്രമിക്കുന്ന ഒരേയൊരു പരിപാടി മീഡിയവണിലെ 'ഔട്ട് ഓഫ് ഫോക്കസ്' (Out of Focus) മാത്രമാണ്. അത് അറിവ് നൽകുന്ന ഒന്നായി എനിക്ക് തോന്നാറുണ്ട്; അതിലെ തയ്യാറെടുപ്പുകൾ എന്നെ ആകർഷിക്കാറുണ്ട്, കൂടാതെ അതിലെ ചർച്ചകളുടെ വിശകലനപാടവം എന്നിൽ അസൂയയുണ്ടാക്കാറുമുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ചില നിരീക്ഷകരും ഇടത് സുഹൃത്തുക്കൾ പോലും ഈ പരിപാടി നിക്ഷിപ്ത അജണ്ടയുള്ളതാണെന്നും വർഗീയമാണെന്നും ചാപ്പകുത്തുന്നത് കാണാറുണ്ട്. എന്നാൽ അത്തരം ഒരു നിഗമനത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. അസാധാരണമായ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ വേഗത്തിൽ വിശകലനം ചെയ്ത്, വ്യക്തതയോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവിനെ ഞാൻ പലപ്പോഴും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ, ഞാൻ നല്ല മാധ്യമപ്രവർത്തനമായി കരുതുന്നതും എന്റെ സുഹൃത്തുക്കൾ കരുതുന്നതും തമ്മിൽ വ്യക്തമായ ഒരു അകൽച്ചയുണ്ട്.

4. ന്യൂസ് റൂമിൽ ആന്റോ അഗസ്റ്റിന്റെ പങ്കിനെക്കുറിച്ച് എനിക്ക് രണ്ട് അഭിപ്രായമുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ, തന്റെ പേരിലുള്ള എല്ലാ കേസുകളിലും കുറ്റവിമുക്തനാകുന്നതുവരെ അദ്ദേഹം യാതൊരുവിധ മാധ്യമപ്രവർത്തന പ്രവർത്തനങ്ങളിലും പങ്കെടുക്കരുത് എന്നാണ് ഞാൻ കരുതുന്നത്. മാധ്യമരംഗത്ത് മുൻപരിചയമില്ലാത്ത ഒരു നിക്ഷേപകൻ പത്രാധിപരുടെ (Editorial) ചുമതല ഏറ്റെടുക്കാമോ എന്ന വലിയ ചോദ്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ന്യൂസ് റൂമിൽ മറ്റ് എഡിറ്റർമാർക്കൊപ്പം അഗസ്റ്റിനെ കണ്ടപ്പോൾ ഞെട്ടലാണ് എനിക്കുണ്ടായ ആദ്യ പ്രതികരണം (ഞാൻ ബോധപൂർവ്വം അവരുടെ പരിപാടി കാണാറില്ല, എങ്കിലും യൂട്യൂബിലെ വീഡിയോ ക്ലിപ്പുകളിൽ നിന്ന് രക്ഷപ്പെടുക അസാധ്യവുമാണ്).

എന്നാൽ, അതിനെക്കുറിച്ച് വീണ്ടും ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായകാര്യം, എനിക്കുണ്ടായ ഞെട്ടലിന് പ്രധാന കാരണം അസൂയയാണ്; പുതുതായി വരുന്നവരെ അകറ്റിനിർത്താൻ ആഗ്രഹിക്കുന്ന, പരമ്പരാഗത മാധ്യമ ആൺകൂട്ടായ്മകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നുതന്നെയാണത്. വാർത്തകളെ അണിയറയിലിരുന്ന് നിയന്ത്രിക്കുന്ന പരമ്പരാഗത മാധ്യമ ഉടമകളുടെ കാര്യമോ? തങ്ങളുടെ മുഖം കാണിക്കാനോ ഇടപെടലുകൾ സമ്മതിക്കാനോ ധൈര്യമില്ലാത്ത ഭീരുക്കളാണ് അവർ; എന്നാൽ വാർത്താ തീരുമാനങ്ങളിൽ സന്തോഷത്തോടെ ഇടപെടുകയും ചെയ്യും. ഇവരുമായി തട്ടിച്ചുനോക്കുമ്പോൾ, അഗസ്റ്റിൻ കാര്യങ്ങൾ തുറന്നുപറയുന്ന ആളാണ്; ശമ്പളം നൽകുന്നവരുടെ ഇംഗിതത്തിനനുസരിച്ച് മാധ്യമപ്രവർത്തകരെ പാവകളെപ്പോലെ ആടിക്കുന്ന ക്യാബനുകളിൽ ഒളിച്ചിരിക്കുന്ന ആളല്ല അദ്ദേഹം.

കരിയർ മുഴുവൻ ഇത്തരം കുത്തക, കുടുംബവാഴ്ച നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വിരമിച്ച ഒരാളെന്ന നിലയിൽ എനിക്കൊരു ധാർമ്മിക പ്രതിസന്ധിയുണ്ട്. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ചിലർക്ക് അണിയറയിലിരുന്ന് വാർത്താ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. ഉത്തരവാദിത്തമില്ലാത്ത അധികാരം! അതുകൊണ്ടുതന്നെ, എന്നെപ്പോലെ വ്യവസ്ഥിതിയുടെ ഭാഗമായ ഒരാൾ മറ്റുള്ളവരെ മാധ്യമ ധർമ്മത്തെക്കുറിച്ച് ഉപദേശിക്കുന്നതിൽ ഒരു ഇരട്ടത്താപ്പുണ്ട്.

5. റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ, ചാനലും അവിടുത്തെ മാധ്യമപ്രവർത്തകരും ചില സംഘടനകളും അല്പം അമിതമായിട്ടാണ് പ്രതികരിച്ചതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എനിക്ക് അങ്ങേയറ്റം അത്ഭുതം തോന്നിയ കാര്യം, സുരേഷ് ഗോപി എം.പിയുടെ അഭിപ്രായത്തോട് എനിക്കും യോജിക്കേണ്ടി വരുന്നു എന്നതാണ്: പരിശോധനകളുടെ പേരിൽ എണ്ണമറ്റ ഇന്ത്യക്കാർ അനുഭവിക്കുന്നത് തന്നെയാണ് ഇത്, 2014-ന് വളരെ മുമ്പ് തന്നെ ഇതെല്ലാം നടക്കുന്നതുമാണ്. പോലീസുകാർ ന്യൂസ് റൂമിൽ കയറിയതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. ഏതെങ്കിലും വാർത്ത തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ, സമയബന്ധിതമായി നൽകേണ്ട ഒന്നല്ലെങ്കിൽ അത് പിന്നീട് സംപ്രേഷണം ചെയ്യാമല്ലോ. പോലീസ് പരിശോധന കാരണം റിപ്പോർട്ടർ ടിവിക്ക് ഏതെങ്കിലും വാർത്ത ഉപേക്ഷിക്കേണ്ടി വന്നതായി ഞാൻ കേട്ടില്ല. തങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ (Privileges) ഒന്നുമില്ലെന്ന് മാധ്യമപ്രവർത്തകർ എപ്പോഴാണ് തിരിച്ചറിയുക? അതുകൊണ്ടാണ് എല്ലാ പൗരന്മാരുടെയും അവകാശങ്ങൾക്കായി പോരാടേണ്ടത് പ്രധാനമാകുന്നത്. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, മാധ്യമങ്ങളുടെ അവകാശങ്ങളും സ്വയം സംരക്ഷിക്കപ്പെടും. അവകാശങ്ങൾ എന്ന് പറയുമ്പോൾ, അത് ഷാജൻ സകറിയ, ടി.ജി. മോഹൻദാസ്, അപർണ്ണ കുറുപ്പ് എന്നിവരുടെ അവകാശങ്ങൾ കൂടിയാണ്.

കേരളം ഇപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗൗരവമായ ഒരു ചർച്ചയ്ക്ക് അനുയോജ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ 'ഔട്ട് ഓഫ് ഫോക്കസിനെ' പ്രശംസിച്ചാൽ എന്നെ 'സുഡാപ്പി' എന്നും, സുരേഷ് ഗോപിയെ പിന്തുണച്ചാൽ 'സംഘി' എന്നും, അഗസ്റ്റിന്റെ ന്യൂസ് റൂം ചുമതലയിൽ എനിക്ക് ധാർമ്മിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞാൽ 'കമ്മി' എന്നും, ന്യൂസ് റൂമിൽ പോലീസ് കയറുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞാൽ 'കൊങ്ങി' എന്നും ആളുകൾ മുദ്രകുത്തും. മറ്റുള്ളവരെക്കുറിച്ച് ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ, എളുപ്പത്തിൽ മുദ്രകുത്താൻ വെമ്പിനിൽക്കുന്നവരോട് തർക്കിച്ച് സമയം കളയാൻ എനിക്ക് താല്പര്യവുമില്ല.

6. എല്ലാറ്റിലും ഉപരിയായി, ഒരു ചെറിയ വിഷമത്തോടും എന്നാൽ വലിയ സന്തോഷത്തോടും കൂടി ഞാൻ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്; എനിക്ക് ഇനി മാധ്യമരംഗത്ത് യാതൊരു പങ്കും വഹിക്കാനില്ല. ഇന്ത്യ മികച്ച മാധ്യമപ്രവർത്തനത്തിന്റെ പുതിയൊരു ഉണർവിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ മാധ്യമങ്ങളും മിടുക്കരായ ഒരുപിടി മികച്ച മാധ്യമപ്രവർത്തകരും ഉള്ളതുകൊണ്ട്, ഏത് തിരഞ്ഞെടുക്കണം എന്നതിൽ എനിക്ക് സന്തോഷകരമായ ആശയക്കുഴപ്പമുണ്ട്. വരുമാന പ്രതിസന്ധിക്ക് പരിഹാരം കാണാൻ പുതിയ മാധ്യമങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക. അവർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടുപോകാൻ അവർക്ക് സാമ്പത്തിക-ഭൗതിക വിഭവങ്ങൾ അടിയന്തിരമായി ആവശ്യമാണ്.

7. ഞാൻ വെറുതെ പറയുകയല്ല. ബുധനാഴ്ച കൊൽക്കത്തയിൽ നടന്ന ദി സ്റ്റേറ്റ്‌സ്‌മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്സ് (The Statesman Rural Reporting Awards) ചടങ്ങിൽ, എനിക്ക് മികച്ചതായി തോന്നിയ ചില മാധ്യമപ്രവർത്തകരുടെ പേരുകൾ പറയുകയുണ്ടായി. ആ പട്ടിക ഇവിടെ ചേർക്കുന്നു. ഇത് പൂർണ്ണമായ ഒരു പട്ടികയുമല്ല; ഞാൻ സംസാരിച്ച സദസ്സിന്റെ സ്വഭാവം കാരണം ഇതിൽ പ്രധാനമായും ഇംഗ്ലീഷ് മാധ്യമങ്ങളിലെ ജേർണലിസ്റ്റുകളാണ് ഉള്ളത്. കേരളത്തിൽ നിന്ന് ഒരു പേര് ചേർക്കാൻ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, യാതൊരു മടിയും കൂടാതെ എന്റെ മനസ്സിലേക്ക് ആദ്യം വരുന്ന പേരുകൾ മീഡിയവണിലെ അജിംസിന്റെയും നിഷാദ് റാവുത്തറുടെയുമാണ്.

ബാക്കി പട്ടിക താഴെ നൽകുന്നു:

ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചത് വാർത്തയാക്കിയ ദ ഹിന്ദുവിന്റെ (The Hindu) ആഷ്‌ന ബുട്ടാനിയും  വിജയത സിംഗും, ആയുഷി കർ (ദി റിപ്പോർട്ടേഴ്സ് കലക്റ്റീവ്), അപർണ ഭട്ടാചാര്യ (ദി വയർ), അനന്ത് ഗുപ്‌ത (സ്ക്രോൾ), റോക്കിബുസ് സമാൻ (സ്ക്രോൾ), ഒമർ റാഷിദ് (ദി വയർ), പാർത്ഥ് എം.എൻ ഗ്രാമീണ പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നയാൾ (പാരി, വയേർഡ് എന്നിവയിൽ എഴുതുന്നു)., ജയ്‌ദീപ് ഹാർദിക്കർ (പാരി), സുദീപ്തോ മണ്ഡൽ (ദി ന്യൂസ് മിനിറ്റ്), മീന കൊത്വൽ - സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്ന 'മൂക്‌നായക്' എന്ന മാധ്യമ സ്ഥാപനത്തിന്റെ ഫൗണ്ടർ എഡിറ്റർ, ദേവിരൂപ മിത്ര (ദി വയർ), ആകാംക്ഷ കുമാർ (ദി വയർ), കോറ എബ്രഹാം (ദി ന്യൂസ് മിനിറ്റ്), പ്രിയാൻഷി ശർമ്മ, വേദാന്ത അഗർവാൾ (പീക്ക് ടിവി സ്ഥാപകർ) തുടങ്ങിയവരാണ്.

താങ്കൾ എന്നെ മനസ്സിലാക്കുമെന്നും ക്ഷമിക്കുമെന്നും ഞാൻ കരുതുന്നു. ഈ വിവരങ്ങൾ ഏത് വേദിയിലും പങ്കുവെക്കാനും ചർച്ച ചെയ്യാനും താങ്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഇതിൽ കൂടുതലായി ഒന്നും കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 'മുൻ' (Former) എന്ന വാക്കിന് പ്രാധാന്യം നൽകിക്കൊണ്ട്, ഒരു 'മുൻ മാധ്യമപ്രവർത്തകൻ' എന്ന് അറിയപ്പെടുന്നതിൽ ഞാൻ സന്തോഷവാനാണ്.

നന്ദി,
ആർ. രാജഗോപാൽ.

(കേരളത്തിലെ മാധ്യമരംഗം നിലവിൽ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചയിലേക്ക് ക്ഷണിച്ച സുഹൃത്തിന് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ നൽകിയ മറുപടി.)

Share this link