Author Image ഡോ. ടി.എസ്. ശ്യാംകുമാർ
13 Sep 2026

ദലിത് ബഹുജനങ്ങളുടെ കർത്തൃത്വത്തെ റദ്ദ് ചെയ്യുന്ന സുനിൽ പി. ഇളയിടത്തിന്റെ കുറ്റപത്രം

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "കേരളവും ഇടതുപക്ഷ ജീവിതവും" എന്ന ശീർഷത്തിൽ സുനിൽ പി. ഇളയിടം എഴുതിയ ലേഖനത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന ലേഖനം. ഇടതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച വീഴ്ചകളെ പ്രതിപാദിക്കുമ്പോഴും, ഇളയിടത്തിന്റെ വിശകലനങ്ങൾ സവർണ-അധീശ യുക്തികളെ പുനരുൽപ്പാദിപ്പിക്കുകയും ദലിത്-ബഹുജൻ ജനവിഭാഗങ്ങളുടെ രാഷ്ട്രീയവും ജനാധിപത്യപരവുമായ കർത്തൃത്വത്തെ റദ്ദ് ചെയ്യുകയുമാണ് സുനിൽ പി. ഇളയിടമെന്ന് വിശകലനം ചെയ്യുകയാണ് ഡോ. ടി.എസ്. ശ്യാംകുമാർ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "കേരളവും ഇടതുപക്ഷ ജീവിതവും" എന്ന ശീർഷത്തിൽ സുനിൽ പി. ഇളയിടം എഴുതിയ ലേഖനം (2026 സെപ്റ്റംബർ 13 - 19, പുസ്തകം 104, ലക്കം 26, പുറം. 68 - 81) വിമർശനാത്മകമായ പരിശോധനകളിലേക്ക് വായനക്കാരെ നയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഈ കുറിപ്പിൽ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. "നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയം ഇടതുപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു" എന്ന് ഇളയിടം എഴുതുന്നുണ്ട് (പുറം. 70). യഥാർത്ഥത്തിൽ ഇത് അസാധാരണമോ അപ്രതീക്ഷിതമോ ആയിരുന്നില്ല. ആശാസമരത്തോട് സ്വീകരിച്ച സമീപനം, മുസ്‌ലിം സമുദായത്തിനെതിരായ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ, വർദ്ധിച്ച ഇസ്ലാമോഫോബിയ, വെള്ളാപ്പള്ളിയുടെ വംശീയവിദ്വേഷ പരാമർശങ്ങളോടുള്ള മൃദുസമീപനം, കെ റെയിലിനെതിരായ സമരത്തോടുള്ള സമീപനം, കേരളത്തിലെ ദലിത് ആദിവാസി വിഷയങ്ങളിലുള്ള ഇടപെടലുകളിലെ ന്യൂനത, ഭരണഘടനയെ തന്നെ അവമതിക്കുന്ന ഒരു മന്ത്രിയുടെ തന്നെ പ്രസ്താവന ഇത്തരം നിരവധിയായ സംഭവവികാസങ്ങളിലൂടെ ഭരണത്തിനെതിരായ വിരുദ്ധ മനോഭാവം സമൂഹത്തിൽ ഊറിക്കൂടി വരുന്നത് തിരിച്ചറിയാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. നിയമസഭാ തിരഞ്ഞെടുപ്പത്തിന് മുൻപായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നേരിട്ട പരാജയങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ "അപ്രതീക്ഷിതം" എന്ന പ്രയോഗിക്കേണ്ടി വരുമായിരുന്നില്ല. "അസാധാരണം" എന്ന് ഇടതുപക്ഷ പാർട്ടികൾ നേരിട്ട പരാജയത്തെ പറ്റി പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

"ഇതു പോലൊരു വൻ പരാജയത്തിൽ ചെന്നു വീഴേണ്ട വിധത്തിൽ മോശമായ ഒന്നായിരുന്നില്ല 2016-26 കാലത്തെ ഇടതുപക്ഷ ഭരണം" എന്ന് ഇളയിടം എഴുതുന്നുണ്ട്. ജനങ്ങൾ ചെയ്ത വോട്ടിനെ തന്നെ പരിഹസിക്കലാണ് ഈ പ്രസ്താവന എന്ന് പറയേണ്ടി വരും. ജനങ്ങൾക്കാണ് തെറ്റിയത് എന്നാണ് ഇതിന്റെ പരോക്ഷസൂചന. തിരഞ്ഞെടുപ്പ് സംബന്ധിച്ച തീർത്തും ഉപരിപ്ലവമായ ഒരു നിരീക്ഷണമാണിത്. പൗരപ്രമുഖരെ മാത്രം കാണുന്ന ഒരു പരിപാടി ആവിഷ്ക്കരിച്ചതിലൂടെ ജനങ്ങൾക്കിടയിൽ തന്നെ ഒരു വേർതിരിവ് സൃഷ്ടിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന "ചെറ്റ" പരാമർശം ജനങ്ങൾക്കിടയിൽ ചെലുത്തിയ സ്വാധീനം പരിശോധിച്ചാൽ അന്നം കൊണ്ട് മാത്രമല്ല ആത്മാഭിമാനം കൊണ്ടുമാണ് ജനത ജീവിക്കുന്നതെന്ന് മനസ്സിലാവും. മോശം ഭരണമായിരുന്നില്ല എന്ന് പറഞ്ഞിടത്താണ് ആശമാർക്ക് സമരം ചെയ്യേണ്ടി വന്നത്,

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അതിഭീകരമായ സംവരണ അട്ടിമറിയാണ് നടന്നത്, നിയമനങ്ങളിൽ സ്വജനപക്ഷപാതം ആരോപിക്കപ്പെട്ടത്, സംഘപരിവാർ വിരുദ്ധത പറഞ്ഞവർ തന്നെയാണ് യോഗി ആദിത്യ നാഥിന്റെ കത്ത് വായിച്ചത്. യോഗിയുടെ കത്ത് വായിച്ചവരെ എങ്ങനെ ഇന്ത്യയിലെ മുസ്ലീങ്ങളും ദലിതരും വിശ്വസിക്കും എന്ന ചോദ്യം തീർത്തും പ്രസക്തമാണ്. മോശമായ ഭരണമല്ല എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലാണ് ആദിവാസി ഊരുകൾ ഭൗതികമായി തന്നെ ദുർബലപ്പെട്ടത്. വൈദ്യുതി പോലും ലഭ്യമാവാത്ത ആദിവാസി ഊരുകൾ കേരളത്തിലുണ്ട്. ആർക്കാണ് ഈ ഭരണം മോശമല്ലാതിരുന്നത്? കേരളത്തിലെ ദലിതരെയും ആദിവാസികളെയും മുസ്ലീങ്ങളെയും സംബന്ധിച്ച് ഇടതുപക്ഷ ഭരണത്തോട് വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം വിമർശനങ്ങളോട് സംവാദാത്മകമായി പ്രതികരിക്കുന്നതിന് പകരം സ്വത്വവാദ മുദ്ര കുത്തി അപരവൽക്കരിക്കാനാണ് സൈബർ ഇടതുപക്ഷക്കാർ ഉൾപ്പെടെ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ആർക്കാണ് ഈ ഭരണം നല്ലതായിരുന്നത് എന്ന ചോദ്യം ഉന്നയിക്കേണ്ടിവരും. EWS സംവരണത്തെ സംഘപരിവാർ വിരുദ്ധ ബുദ്ധിജീവിയായ ദേവനൂരു മഹാദേവ വിശേഷിപ്പിച്ചത് RSS പദ്ധതി എന്നാണ് . നിലവിലുള്ള സംവരണ വ്യവസ്ഥയെ സമ്പൂർണമായി അട്ടിമറിച്ച് സവർണ ഒളിഗാർക്കി സ്ഥാപിച്ചവരുടെ ഭരണം സവർണർക്ക് ബഹുകേമമായിരുന്നു എന്ന് അഭിപ്രായപ്പെടാവുന്നതാണ്. എന്നാൽ കേരളത്തിലെ ദലിത് ആദിവാസി ബഹുജൻ ജനതക്ക് അങ്ങനെയായിരുന്നില്ല.

തർക്കത്തെ പ്രൊഫ. അമർത്യാ സെൻ Argumentative Indian-ൽ വിശേഷിപ്പിച്ചത് ജനാധിപത്യ ഇടങ്ങളെ വിപുലീകരിക്കുന്ന ഒന്നായിട്ടാണ്. എന്നാൽ "താർക്കിക ബ്രാഹ്മണ്യം" എന്ന ആശയാവലിയിലൂടെ യുക്തിയുക്തമായ വിമർശനങ്ങളെ അടച്ചു കളയാനാണോ സവർണ ബുദ്ധിജീവികൾ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടി വരും. താർക്കിക ബ്രാഹ്മണ്യം, സ്വത്വവാദം തുടങ്ങിയ മുദ്രകളിലൂടെയാണ് കേരളത്തിലെ ദലിത് ബഹുജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക വിമർശനങ്ങളെ സവർണ സാംസ്കാരികത അടച്ചു കളയാൻ യത്നിക്കുന്നത്. ഇത് അടിസ്ഥാനപരമായി പൊയ്കയിൽ അപ്പച്ചൻ അവതരിപ്പിച്ച പഴിപറച്ചിൽ തന്നെയാണ്. ഇന്ത്യയിലെ ധർമ്മശാസ്ത്ര കർത്താക്കൾ മ്ലേച്ഛരെന്ന് ദലിതരെയും ആദിവാസികളെയും മുസ്ലീംകളെയും മുദ്ര കുത്തിയതിന് സമാനമാണ് ദലിത് ബുദ്ധിജീവികളെയും എഴുത്തുകാരെയും സ്വത്വവാദ ചാപ്പ കുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്.

സ്വത്വബോധത്തിനും അതിനെ മുൻ നിർത്തുന്ന സംഘാടനത്തിനും പല രൂപങ്ങളുണ്ടെന്ന് ഇളയിടം എഴുതുന്നുണ്ട് (പുറം. 80). ഹൈന്ദവ വർഗീയതയുടെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മതസ്വത്വവാദമാണ് അതിലൊന്ന്. സാമുദായിക സ്വത്വവാദമാണ് രണ്ടാമത്തേത്. പ്രതിരോധപരമായ സ്വത്വബോധമാണ് മൂന്നാമത്തേത്. ഇതിൽ ആദ്യത്തേതിനെ എതിർക്കണമെന്നും, രണ്ടാമത്തേതിനോട് വിമർശനാത്മകമായ അകലം പാലിക്കണമെന്നും, ദലിത് ആദിവാസി ലൈംഗിക മത ന്യൂനപക്ഷങ്ങളുടെ പ്രതിരോധ സ്വത്വബോധത്തോട് സംവാദാത്മകമായ വിനിമയത്തിലാണ് ഇടതുപക്ഷം ഏർപ്പെടേണ്ടതെന്നും ഇളയിടം ഉപദേശിക്കുന്നു. ഇതിൽ ആദ്യത്തേതായ "ഹൈന്ദവ വർഗീയതയോട്" ഇളയിടം തന്നെ സ്വീകരിച്ചത് മൃദുസമീപനമായിരുന്നു , എതിർക്കുന്ന നിലപാടായിരുന്നില്ല. വാല്മീകി രാമായണത്തിലില്ലാത്ത "നല്ല രാമനെ" അവതരിപ്പിച്ചതിലൂടെയും "സബ്‌വേഴ്സീവ് പൊട്ടൻഷ്യൽ ഉള്ള കൃഷ്ണനെ" അവതരിപ്പിച്ചതിലൂടെയും "വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന നിലപാട് " സ്വീകരിക്കാൻ ഇളയിടം തന്നെ വിസമ്മതിക്കുകയാണ് ചെയ്തത്.

പ്രതിരോധപരമായ കീഴാളസ്വത്വവാദവുമായി മതരാഷ്ട്ര വാദത്തെ കൂട്ടിയിണക്കാനും അതിനെ മതരാഷ്ട്രവാദത്തിന്റെ മുഖമൂടിയായി ഉപയോഗിക്കാനുമാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ അടക്കമുള്ള മതരാഷ്ട്രവാദികൾ ശ്രമിക്കുന്നതെന്ന് ഇളയിടം ആരോപിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഫണ്ട് ദലിത് ബുദ്ധിജീവികൾ ജിഹാദികളിൽ നിന്ന് കൈപ്പറ്റുന്നു എന്ന ഹിന്ദുത്വവാദികളുടെ ആരോപണത്തിന്റെ മറ്റൊരു പതിപ്പാണ് ഇളയിടം അവതരിപ്പിക്കുന്നത്. ദലിതരും ആദിവാസികളും ശിശുക്കളാണെന്നും അവരെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുകയാണെന്നുമാണ് ഇത്തരം വാദങ്ങളുടെ കാമ്പ്. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിലധികമായി ഇളയിടം തന്നെ ഈ ആരോപണം നിരന്തരം ഉന്നയിച്ച് വരുന്നതുമാണ്. മതരഹിതരായും കമ്മ്യൂണിസ്റ്റുകാരായും ജീവിച്ച കെ.ഇ.എൻ.-നെയും ഡോ. പി.കെ. പോക്കറെയും മുസ്ലിം സ്വത്വവാദികളായി സവർണ ഇടതുപക്ഷം മുദ്ര കുത്തിയതിനെ കുറിച്ച് പ്രൊഫ. പോക്കർ അദ്ദേഹത്തിന്റെ 'എരിക്കിൻ തീ' എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അറിയപ്പെടുന്ന ദലിത് ബുദ്ധിജീവികൾ ആരും തന്നെ മതരാഷ്ട്ര വാദത്തെ പിന്തുണക്കുന്നില്ല.

കേരളത്തിലെ ദലിതർ നടത്തിയ സമരങ്ങളിൽ ഉയർത്തി പിടിച്ചത് അംബേദ്കറുടെ ആശയാവലികളായിരുന്നു. വാദത്തിന് വേണ്ടി ഇളയിടത്തിന്റെ പ്രസ്താവന സ്വീകരിച്ചാൽ തന്നെ എന്തുകൊണ്ട് ഇടതുപക്ഷം പ്രതിരോധ കീഴാള സ്വത്വത്തോട് വിമുഖത കാണിച്ചു എന്ന് ചോദിക്കേണ്ടി വരും. സവർണ സ്വത്വവാദത്തെ കണ്ടില്ലെന്ന് നടിക്കുകയും ഒരു വരി കൊണ്ട് പോലും വിമർശിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വ്യക്തമാണ്. സ്വന്തം പേരിൽ ജാതിവാലുമായി നടക്കുന്നവരുടെ സ്വത്വവാദ വിമർശനങ്ങൾ പരിഹാസ്യമാണെന്നേ പറയേണ്ടു. സ്വന്തം പേരിൽ തൂങ്ങിയാടുന്ന ജാതിവാൽ താൻ തന്നെ അറിഞ്ഞോ അറിയാതെയോ പേറുന്ന സവർണ സ്വത്വബോധത്തിന്റെ ഭാഗമാണെന്ന് സവർണ ബുദ്ധിജീവികൾ തിരിച്ചറിയുന്നില്ല.

ദലിതരുടെ കർത്തൃത്വത്തെ മുൻനിർത്തി പ്രതിരോധ സ്വത്വം, സാമുദായിക സ്വത്വം എന്നിങ്ങനെ വിഭജന സംജ്ഞകൾ സൃഷ്ടിക്കുന്ന സവർണ ഇടതുപക്ഷം സവർണർക്കിടയിലെ ജാതി വംശീയത, ഹിന്ദുരാഷ്ട്രപ്രത്യയശാസ്ത്രസ്വാധീനം എന്നിവയെ കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? എൻ എസ് എസ് കേരള സമൂഹത്തിൽ സൃഷ്ടിച്ച സവർണജാതീയത, വംശീയഹിന്ദുരാഷ്ട്രവാദം/ പ്രത്യയശാസ്ത്രം എന്നിവകൾ എന്തായിരുന്നു എന്ന് അന്വേഷിക്കാൻ സവർണ ഇടതുപക്ഷ ബുദ്ധിജീവികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ദലിതരുടെ ജനാധിപത്യപരമായ സമരങ്ങളെയും ചിന്തകളെയും സ്വത്വവാദമെന്ന് മുദ്ര കുത്തുന്നവർക്ക് സവർണരുടെ ജാതീയവംശീയ മുൻ വിധികളെ സവർണ സ്വത്വവാദത്തിന്റെ സാംസ്കാരിക സംവർഗത്തിലൂടെ വിമർശ വിധേയമാക്കാൻ കഴിയാത്തത് യാദൃശ്ചികമല്ല.

സാമുദായിക സ്വത്വവാദം താത്പര്യ സംരക്ഷണപരമെന്ന് ഇളയിടം വിശേഷിപ്പിക്കുന്നുണ്ട്. EWS സംവരണം നടപ്പിലാക്കിയതിലൂടെ ഇടതുപക്ഷം സവർണരുടെ ജാതി താത്പര്യങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇടതുപക്ഷ സമരങ്ങളിലൂടെ കൂടി ഉയർന്നുവന്ന അടിസ്ഥാന ജനവിഭാഗങ്ങളെ വലതുപക്ഷ രാഷ്ട്രീയവുമായി ഇണക്കിച്ചേർക്കാനുള്ള ശ്രമം കൂടിയാണ് കേരളത്തിലെ സ്വത്വരാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നടക്കുന്നതെന്ന കാര്യവും സി പി ഐ (എം) രേഖ ഉദ്ധരിച്ച് ഇളയിടം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം ഒരാരോപണം കേരളത്തിലെ നായർ - നമ്പൂതിരി - സവർണ ക്രൈസ്തവ സമുദായങ്ങളെ മുൻ നിർത്തി ഉന്നയിക്കാൻ സവർണഇടതുപക്ഷ ബുദ്ധിജീവികൾക്ക് കഴിയുന്നില്ല. കേരളത്തിലെ സവർണരുടെ വോട്ട് ഹിന്ദുത്വ പക്ഷത്തേക്ക് ഒഴുകുന്നതിനെ പറ്റി ശാസ്ത്രസാഹിത്യ പരിഷത്ത് കേരള പഠന(2.0) ത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അടിസ്ഥാന ജനതയെ വലതുവൽക്കരിക്കുന്നതിനെപ്പറ്റി ആകുലപ്പെടുന്നവർ സവർണ ജാതിവിഭാഗങ്ങളിൽ അതിവേഗം പടരുന്ന ഹിന്ദുത്വ സാംസ്ക്കാരികതയെ കുറിച്ച് മൗനം ഭജിക്കുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ സമരങ്ങളിലൂടെ മാത്രമല്ല, അതിന് മുൻപ് തന്നെ അയ്യൻകാളി ഉൾപ്പെടെയുള്ള ഒരുപറ്റം നവോത്ഥാന നായകന്മാരുടെ സമരങ്ങളിലൂടെ കരുത്താർജ്ജിച്ച ജനതയാണ് ദലിത് സമുദായം. ഇക്കാര്യം മനഃപൂർവ്വം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.

സ്വത്വരാഷ്ട്രീയം ഏറ്റവുമധികം പരിക്കേൽപ്പിച്ചത് ഇടതുപക്ഷത്തെയാണെന്ന് പ്രസ്താവിക്കുന്ന ഇളയിടം എന്തുകൊണ്ട് കേരളത്തിലെ ദലിതർ കോളനിവൽക്കരിക്കപ്പെട്ടു എന്ന സാമൂഹ്യവിമർശനം ഉന്നയിക്കുന്നില്ല. പത്ത് വർഷം കേരളം ഭരിച്ചിട്ടും അടിസ്ഥാന ജനവിഭാഗങ്ങളെ ഇടതുപക്ഷത്തേക്ക് ഇണക്കിച്ചേർക്കേണ്ട ഭരണകൂടം ദേവസ്വം ബോർഡിൽ പോലും സാമുദായിക സംവരണം ഏർപ്പെടുത്താൻ തയ്യാറായില്ല. തങ്ങളല്ലാത്തതെല്ലാം തങ്ങൾക്കെതിരാണ് എന്ന വിഭാഗീയ യുക്തിയാണ് സ്വത്വരാഷ്ട്രീയത്തിന്റെ വേരെന്ന് ഇളയിടം നിരീക്ഷിക്കുന്നുണ്ട്. ഇത്തരം വിഭാഗീയ യുക്തി ഇല്ലാത്ത ഇടതുപക്ഷം എന്തുകൊണ്ടാണ് ദേവസ്വം ബോർഡിൽ ദലിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക അനധ്യാപക തസ്തികകളിൽ സംവരണം ഏർപ്പെടുത്താതിരുന്നത് ? രണ്ടാം ഇടതുഭരണത്തിൽ മന്ത്രിസഭയിൽ എന്തുകൊണ്ടാണ് ഒരു ദലിത് മന്ത്രി ഇല്ലാതെ പോയത് ? ഒരു ദലിതനെ പോലും வைസ് ചാൻസിലർ പദവിലേക്ക് ശുപാർശ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് കാലിക്കട്ട് സർവകലാശാലയിൽ ഇടതുപക്ഷ സിൻഡിക്കേറ്റ് ഭീകരമായ സംവരണ അട്ടിമറി നടത്തിയത്. ഇതിൽ നിന്ന് വിഭാഗീയ യുക്തി പിൻപറ്റുന്നത് അതാരോപിക്കുന്നവർ തന്നെയാണെന്ന് വ്യക്തം. അടിസ്ഥാന ജനവിഭാഗങ്ങൾ വലതുപക്ഷ രാഷ്ട്രീയവുമായി കണ്ണി ചേരുന്നു എന്ന് ആകുലപ്പെടുന്നവർ ശബരിമല വിഷയത്തിലെ പിണറായിയുടെ വിപ്ലവകരമായ നിലപാടുകളെ അട്ടിമറിക്കാൻ കേരളത്തിലെ സവർണജാതിവിഭാഗങ്ങൾ ഹിന്ദുത്വത്തിന്റെ കോടാലിക്കൈകളായി പ്രവർത്തിച്ചത് കാണാതിരിക്കുന്നത് അവരെ ബാധിച്ച ചരിത്രജ്ഞാനത്തിന്റെ കുറവല്ല. മറിച്ച് കേരളത്തിലെ ദലിത് ബൗദ്ധികതയെ പൊയ്കയിൽ അപ്പച്ചൻ പ്രസ്താവിച്ച പഴി പറച്ചിലൂടെ അപരവൽക്കരിക്കുന്നതിന്റെ ഫലമായിട്ട് കൂടിയാണ്.

കീഴാള/ദലിത് സ്വത്വങ്ങൾ വേറിട്ട അസ്തിത്വമായി തങ്ങൾക്ക് പുറത്ത് നിൽക്കുന്നതായി സ്വയം പ്രഖ്യാപിക്കുന്നതിലൂടെ അവർക്ക് മുകളിൽ നിൽക്കുന്ന അധീശ വർണ യുക്തി തന്നെയാണ് ഇളയിടം ലേഖനത്തിൽ ഉടനീളം സ്വീകരിക്കുന്നത് . "അവർ" ഏത് വിഭാഗമെന്ന് തീരുമാനിക്കുന്ന സവർണയുക്തിയുടെ അധികാരസ്വരം മനുവാദ തന്നെയാണ് . നിങ്ങൾ ആരെന്ന് "ഞങ്ങൾ" തീരുമാനിക്കുമെന്നാണ് ചുരുക്കം.

Share this link