Author Image ഡോ. ജിതേന്ദ്ര സുന
25 Oct 2026

നാം എന്തുകൊണ്ട് പ്രതിഷേധിക്കുന്നു?

കഴിഞ്ഞ ഏതാനും വർഷങ്ങളായി ദക്ഷിണേഷ്യയിലെ മിക്ക രാജ്യങ്ങളിലും ഉയർന്നുവന്ന പ്രതിഷേധങ്ങൾ സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് പുതുജീവൻ നൽകിയിട്ടുണ്ട്. 2024-ൽ തൊഴിൽപ്രതിസന്ധിക്കെതിരെ ബംഗ്ലാദേശിൽ ഉയർന്നുവന്ന പ്രക്ഷോഭവും, 2025-ലെ നേപ്പാളിലെ ജെൻ സി (Gen Z) പ്രക്ഷോഭവും, 2022-ൽ ശ്രീലങ്കയിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭവും അതത് രാജ്യങ്ങളെയും അവിടങ്ങളിലെ അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ സംവിധാനങ്ങളെയും പിടിച്ചുകുലുക്കി. 2026-ൽ ഇന്ത്യയിൽ ജെൻ സി പ്രക്ഷോഭം ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതിലേക്ക് നയിക്കുകയും വിദ്യാഭ്യാസ പരിഷ്കരണത്തിനും ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുന്നതിനുമുള്ള ആവശ്യങ്ങൾ ഉയർത്തുകയും ചെയ്തു. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അസ്വസ്ഥതകളും അവരുടെ പ്രതിഷേധങ്ങളും വസ്തുനിഷ്ഠമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

പ്രതിഷേധത്തിന്റെ ധാർമ്മികവും ദാർശനികവും അസ്തിത്വപരവും രാഷ്ട്രീയവുമായ അടിത്തറയെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങളാണ് ഈ ലേഖനം ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് നാം പ്രതിഷേധിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക മാത്രമല്ല, എന്തുകൊണ്ടാണ് നാം പ്രതിഷേധിക്കേണ്ടത് എന്നതുകൂടിയാണ് ഈ ലേഖനത്തിന്റെ കേന്ദ്രപ്രമേയം. സമരങ്ങളുടെ ബാഹ്യമായ പ്രകടനങ്ങളും പ്രത്യക്ഷമായ ഫലങ്ങളും എളുപ്പത്തിൽ തിരിച്ചറിയാനാകുമെങ്കിലും, അവ വ്യക്തികളുടെ മനോവീര്യത്തിലും സമൂഹത്തിന്റെ പൊതുവായ ധാർമ്മികബോധത്തിലും സൃഷ്ടിക്കുന്ന ആന്തരിക മാറ്റങ്ങളാണ് കൂടുതൽ പ്രസക്തമാകുന്നത്. വ്യക്തികളുടെ ധാർമ്മിക കരുത്തിനെയും സമൂഹത്തിന്റെ പൊതുബോധത്തെയും രൂപപ്പെടുത്തുന്നതിൽ ഈ ആന്തരിക പരിവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.

അതിനാൽ, നമുക്ക് ചോദിക്കാം: നാം എന്തുകൊണ്ടാണ് പ്രതിഷേധിക്കേണ്ടത്? നാം മോശപ്പെട്ടവരായതുകൊണ്ടാണോ പ്രതിഷേധിക്കുന്നത്? പൗരന്മാരെന്ന നിലയിൽ മോശമായതുകൊണ്ടോ, മനുഷ്യരെന്ന നിലയിൽ മോശമായതുകൊണ്ടോ, നല്ല പെൺമക്കളും ആൺമക്കളുമല്ലാത്തതുകൊണ്ടോ? നമ്മുടെ യുവജനങ്ങൾ എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്? പ്രതിഷേധമെന്ന ഈ പ്രവൃത്തി ഇത്രയധികം ഭയം സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണ്? സമൂഹത്തിലും ഭരണകൂടത്തിലും ഈ ഭയം എന്തുകൊണ്ട് ഉളവാകുന്നു?

യുവാക്കൾക്കും യുവതികൾക്കും ശക്തമായ വികാരങ്ങളുണ്ടെന്നും അവയെ വിവേചനരഹിതമായി തൃപ്തിപ്പെടുത്താൻ അവർ പ്രവണത കാണിക്കുന്നുവെന്നും അരിസ്റ്റോട്ടിൽ എഴുതുന്നുണ്ട് (Aristotle 2012). യുവതലമുറയ്ക്ക് അപാരമായ ഊർജവും സർഗാത്മകശേഷിയും സാധ്യതകളുമുണ്ട്. അതിലുപരി, അവർ ജീവിതംകൊണ്ട് നിറഞ്ഞവരാണ്. എന്നാൽ ജീവിതത്തിന് തഴച്ചുവളരാൻ അനുയോജ്യമായ സാഹചര്യങ്ങൾ ആവശ്യമാണ്. അത്തരം സാഹചര്യങ്ങൾ ഒരുക്കുന്നതിൽ നിലവിലെ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിന്റെ സ്വഭാവം തന്നെ സ്വയം വികസിക്കുകയും വികസനത്തിനുള്ള ഇടം തേടുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് യുവജനങ്ങൾ പ്രതിഷേധിക്കുന്നത്. പഴയ സാമൂഹികവ്യവസ്ഥയും മതവും ഭരണകൂടവും തങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ ബലപ്രയോഗത്തെ ആശ്രയിക്കുന്നു. യുവജനങ്ങളുടെ അതിരുകളില്ലാത്ത സാധ്യതകളെ നിയന്ത്രിക്കാനാണ് അവയുടെ ശ്രമം. ഏതെങ്കിലും സാമൂഹിക-രാഷ്ട്രീയ ഘടന മനുഷ്യപ്രകൃതിയെയും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയും അവഗണിക്കുമ്പോൾ, നമുക്ക് സ്വയം അടക്കിനിർത്തി നിശ്ശബ്ദരായി തുടരാനാവില്ല. മനുഷ്യന്റെ ആന്തരികപ്രകൃതിയെ നിയന്ത്രിക്കുന്നതിനും അടിച്ചമർത്തുന്നതിനും ഒരു പരിധിയുണ്ട്. കുടുംബവും സമൂഹവും മതവും രാഷ്ട്രീയാധികാരവുമെല്ലാം മനുഷ്യപ്രകൃതിയെ എല്ലായ്പ്പോഴും ഭയത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. മനുഷ്യന്റെ യഥാർഥമായ കഴിവുകളെയും സാധ്യതകളെയും നിയന്ത്രിക്കാനും കീഴ്പ്പെടുത്താനും അതിജീവിക്കാനുമുള്ള ശ്രമങ്ങൾ അവ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു.

ദൈവങ്ങൾ വന്നു, മതം വന്നു, അതിനുശേഷം ഭരണകൂടവും വന്നു! എന്നാൽ നമ്മുടെ സിരകളിലൂടെ ഒഴുകുന്ന അതിരുകളില്ലാത്ത മാനവികതയെ തടഞ്ഞുനിർത്താൻ കഴിയുമോ? മനുഷ്യവംശത്തിന്റെ സൗന്ദര്യത്തെ അടിച്ചമർത്താൻ അതിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊരിക്കലും കഴിയില്ലെന്നും ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. മതവും സമൂഹവും ഭരണകൂടവും വ്യക്തികളെ എക്കാലവും നിയന്ത്രിക്കാൻ ആഗ്രഹിക്കുമ്പോൾ, അതിനെതിരായി വ്യക്തികൾ പലവിധത്തിൽ കലാപം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദൈവത്തിനും മതത്തിനും സമൂഹത്തിനും ഭരണകൂടത്തിനും നമ്മുടെ അതിരുകളില്ലാത്ത മാനവികതയെ തടഞ്ഞുനിർത്താനായിട്ടില്ല. എന്നെന്നും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയെ തടഞ്ഞുനിർത്താൻ കഴിയുമോ? അതിന്റെ ഒഴുക്കിനെ താൽക്കാലികമായി നിയന്ത്രിക്കാനോ തടയണകൾ കെട്ടി പ്രവാഹത്തിന് തടയിടാനോ നമുക്ക് ശ്രമിക്കാം. ചില പ്രത്യേക കാലങ്ങളിൽ അത് വറ്റിവരണ്ടെന്നും വരാം. എന്നാൽ എത്രനാൾ? എത്ര ഋതുക്കൾ, എത്ര വർഷങ്ങൾ? അടുത്ത ഋതുവിൽ അത് വീണ്ടും ഒഴുകിയെത്തും; അടുത്ത അവസരത്തിൽ അത് വീണ്ടും തിരിച്ചുവരും. ഒടുവിൽ, കൂടുതൽ ശക്തിയോടെ, സ്വന്തം പാത വെട്ടിത്തുറന്ന് അത് മുന്നേറും. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽനിന്ന് അതിനെ തടയാൻ ഒന്നിനും കഴിയില്ല.

അതുപോലെതന്നെ, മനുഷ്യരിൽ അപാരമായ സാധ്യതകൾ അന്തർലീനമായിട്ടുണ്ട്. അതിനാൽതന്നെ, അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും ചിന്തകളെയും ഇച്ഛാശക്തിയെയും തടഞ്ഞുനിർത്താനുമാവില്ല. സമരവും കലാപവും വ്യത്യസ്ത രൂപങ്ങളിൽ പ്രകടമാകാം. അവ എല്ലായ്‌പ്പോഴും രാഷ്ട്രീയസ്വഭാവമുള്ളവയാകണമെന്നില്ല. ചിലപ്പോൾ അവ അരാജകവും ദുർഗ്രഹവും നിഗൂഢവും ജീർണതയുടേതുമായ രൂപങ്ങൾ കൈക്കൊള്ളാം; സത്യം തുറന്നുപറയുന്നതുപോലും പ്രതിഷേധത്തിന്റെ രൂപമായേക്കാം. രാഷ്ട്രീയം സ്വേച്ഛാധിപത്യത്തിന്റെ തലത്തിലേക്ക് അധഃപതിക്കുമ്പോൾ, നാം രാഷ്ട്രീയമണ്ഡലത്തിൽ മാത്രമല്ല, കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും തത്ത്വചിന്തയിലുമെല്ലാം കലാപത്തിന്റെ വഴികൾ തേടുന്നു.

കലാപം മനുഷ്യജീവിതത്തിന്റെയും മനുഷ്യന്റെ അസ്തിത്വത്തിന്റെയും അവിഭാജ്യഘടകമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വായിക്കുകയും ചിന്തിക്കുകയും സൃഷ്ടിപരമായും ഇടപെടുന്ന എല്ലാവരെയും ‘ദിമാഗി നക്സൽ’ (Dimagi Naxal) എന്ന പദവി ചാർത്തി ഒരേ തലത്തിലേക്ക് താഴ്ത്തുന്നത് അസംബന്ധമാണ്. മനുഷ്യപ്രകൃതിയുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും അടിസ്ഥാനപരമായ ആവിഷ്കാരങ്ങളെപ്പോലും കുറ്റകരമായ പ്രവൃത്തികളായി മുദ്രകുത്തുന്നതിന് തുല്യമാണത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കൾ നേതൃത്വം നൽകിയ ജെൻ-സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം ഉണ്ടായത്. അതിനാൽ, വിവിധ മുദ്രകൾ ചാർത്തി അവരെ പ്രതിനിധാനയോഗ്യരല്ലാത്തവരായി ചിത്രീകരിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ നേതാവിന് ചേർന്ന നടപടിയല്ല.

അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയും പ്രതികരണവും ആകർഷിച്ചത് ഒരുപക്ഷേ ഈ കലാപസ്വഭാവം തന്നെയായിരിക്കാം. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ ഘടനയുമായി നാം നടത്തുന്ന വ്യത്യസ്ത രൂപത്തിലുള്ള സംവാദങ്ങളായും വിലപേശലുകളായും ഇവയെല്ലാം മനസ്സിലാക്കാം. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ മതത്തിന്റെയോ ഭരണകൂടത്തിന്റെയോ കൽപ്പനകൾ അനുസരിക്കാൻ നാം വിസമ്മതിക്കുമ്പോൾ, ആ വിസമ്മതം തന്നെ പ്രതിഷേധത്തിന്റെ ഇടമായി മാറുന്നു. പ്രതിഷേധത്തെ നിഷേധത്തിന്റെ ഒരു പ്രവൃത്തിയായി മനസ്സിലാക്കണം. ആൽബേർ കാമ്യു ഉചിതമായി ചോദിക്കുന്നുണ്ട്: “ആരാണ് ഒരു കലാപകാരി? ‘ഇല്ല’ എന്നു പറയുന്ന മനുഷ്യൻ” (Camus 2013). നിഷേധാത്മകമായ രാഷ്ട്രീയത്തോടും സംഘടനകളോടും വിശ്വാസങ്ങളോടും 'ഇല്ല’ എന്നു പറയുമ്പോൾ, നാം അഭിലഷണീയവും ഉചിതവുമായ കാര്യങ്ങളോട് 'അതെ' എന്നു പ്രഖ്യാപിക്കുകയാണ്. എന്തിനെയെങ്കിലും നിഷേധിക്കുന്നതിലൂടെ നമ്മുടെ കർത്തൃത്വശേഷിയും സ്വത്വവും നാം ഉറപ്പിക്കുന്നു. നാം നമ്മെത്തന്നെ വീണ്ടും സ്വന്തമാക്കുന്നു. അത് നമുക്കുവേണ്ടി, നമ്മുടെ സ്വാതന്ത്ര്യത്തിനും അസ്തിത്വത്തിനും വേണ്ടി നടത്തുന്ന പോരാട്ടമാണ്.

നാം നമ്മെത്തന്നെ നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, നമ്മുടെയോ മറ്റുള്ളവരുടെയോ കാഴ്ചപ്പാടിൽ നാം മോശക്കാരും വൃത്തികെട്ടവരുമായി മാറുന്നു. അനീതിയെ നാം സഹിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഒന്നാമതായി, അനീതി ചെയ്യുന്ന വ്യക്തിയോട് നമുക്ക് വെറുപ്പ് തോന്നുന്നു. രണ്ടാമതായി, മറ്റുള്ളവരോടും അനീതി തുടരാൻ നാം അയാൾക്ക് അനുവാദം നൽകുന്നു. മൂന്നാമതായി, ശരിയായതിനെ സംരക്ഷിക്കാൻ കഴിയാത്ത നമ്മുടെ കഴിവില്ലായ്മയെത്തന്നെ നാം വെറുക്കുന്നു. ഒടുവിൽ, ഈ പ്രക്രിയയുടെ ഫലമായി നീരസം രൂപപ്പെടുന്നു. സ്വയം തന്നോടുള്ള നീരസം എല്ലാവരോടുമുള്ള നീരസമായി മാറുന്നു. വെറുപ്പും നീരസവും നിഷേധാത്മകമായ മാനസികാവസ്ഥകളാണ്. ഇത്തരം മാനസികാവസ്ഥകൾ കാരണം നമുക്ക് സമാധാനം കണ്ടെത്താനോ ഒരിടത്ത് മനസ്സുറപ്പിച്ച് നിലകൊള്ളാനോ കഴിയാതെ വരുന്നു.

പ്രതിഷേധത്തിന്റെ പ്രവൃത്തിയിൽ നാം ആദ്യം ചെയ്യുന്നത് അതിക്രമം നടത്തുന്നയാളെ നിരസിക്കുകയാണ്. അതിക്രമികൾക്കെതിരായ പ്രതിഷേധം എന്നത് അവരുടെ അതിക്രമങ്ങൾക്ക് പൂർണവിരാമമിടുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അവർക്കും നല്ല മനുഷ്യരായിത്തീരാനുള്ള അവസരം നൽകുക എന്നതും അതിൽ ഉൾപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ നമുക്കും നല്ലവരായിത്തീരാൻ കഴിയൂ. അപ്പോൾ നമുക്ക് നമ്മോടുതന്നെ നീരസം തോന്നുകയില്ല; അവരോട് എന്നെന്നേക്കുമായി വെറുപ്പ് പുലർത്തേണ്ടിയും വരില്ല. ഒടുവിൽ, നമുക്ക് ചുറ്റുമുള്ള എല്ലാവരോടും നീരസം തോന്നുന്ന അവസ്ഥയിൽനിന്നും നാം മോചിതരാകും. ദീർഘകാലാടിസ്ഥാനത്തിൽ, പ്രതിഷേധം നമുക്ക് സമാധാനവും നല്ല മനുഷ്യരായിത്തീരാനുള്ള ഇടവും ഒരുക്കിത്തരുന്നു. വ്യക്തികൾ അടിച്ചമർത്തപ്പെടാതെ, മറിച്ച് വിശാലമായ സമൂഹത്തോടൊപ്പം വളരാനും വികസിക്കാനും അവസരം ലഭിക്കുന്ന ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്ന പ്രക്രിയയാണിത്.

നിയന്ത്രണത്തിന്റെയും കീഴ്പ്പെടലിന്റെയും തുടക്കം അടിസ്ഥാനതലമായ കുടുംബത്തിൽ നിന്നാണ്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനഘടകമാണ് കുടുംബം. സ്നേഹം, ജാതി, നിയമങ്ങൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുടെ പ്രത്യയശാസ്ത്രത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഇന്ത്യൻ മാതാപിതാക്കൾ പെൺമക്കളെ നിയന്ത്രിക്കുകയും ആൺമക്കളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തുകയും ചെയ്യുമ്പോൾ, അത് അവരുടെ സ്വതന്ത്രമായ വ്യക്തിത്വവികാസത്തെ തടസ്സപ്പെടുത്തുന്നു. ഈ നിയന്ത്രണം ഒരിക്കലും ഇല്ലാതാകുന്നില്ല എന്നതിനാൽ, നമ്മുടെ കുട്ടികൾ യഥാർഥത്തിൽ സ്വതന്ത്ര വ്യക്തികളായി വളരുന്നേയില്ല. അന്ധമായ അനുസരണം അവരുടെ സ്വാഭാവിക സ്വഭാവമായി മാറുന്നു. പിൽക്കാലത്ത് ഇതേ അനുസരണശീലമുള്ള കുട്ടികൾ അധികാരത്തെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു. അവർ നല്ല അടിമകളായി മാറുന്നു. അധികാരം അഴിമതിക്കു വിധേയമാകാമെന്നും അതിനെ ചോദ്യം ചെയ്യാമെന്നും വിശ്വസിക്കാൻ പോലും അവർക്ക് പ്രയാസമാണ്. കൂടാതെ, പെൺകുട്ടികളുടെ മേൽ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ, തനിച്ച് ലോകത്ത് അതിജീവിക്കാനും ജീവിതസാഹചര്യങ്ങളെ സ്വതന്ത്രമായി നേരിടാനും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അന്തസ്സോടെ ജീവിച്ചുനിൽക്കാനുള്ള അവരുടെ അവകാശം മാതാപിതാക്കൾ തന്നെ കവർന്നെടുക്കുകയാണ്.

സ്വതന്ത്രമായ വ്യക്തിത്വം കൈവരിക്കാനും തങ്ങളുടെ യഥാർഥ വ്യക്തിത്വത്തെ വികസിപ്പിക്കാനുമുള്ള അവരുടെ ശേഷി, സ്വാതന്ത്ര്യത്തിലേക്കുള്ള പടിവാതിക്കലിൽവെച്ചുതന്നെ തകർക്കപ്പെടുന്നു. ആദ്യം അവർ മാതാപിതാക്കളെ ആശ്രയിക്കുന്നു; പിന്നീട് ഭർത്താക്കന്മാരെയും. ആദ്യം കുടുംബവും പിന്നീട് സമൂഹവും പെൺമക്കളെ സ്വയംപര്യാപ്തതയില്ലാത്തവരാക്കി മാറ്റുകയും പിന്നീട് അവരെ ഒരു ഭാരമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. പെൺകുട്ടികളെ ഭാരമായി പ്രഖ്യാപിക്കുന്ന ഈ പ്രവൃത്തി, പെൺഭ്രൂണഹത്യയിലൂടെയോ, കൊന്നൊടുക്കുന്നതിലൂടെയോ അല്ലെങ്കിൽ പെൺമക്കളുടെ സ്വതന്ത്രമായ വ്യക്തിത്വവികാസത്തെ തകർക്കുന്നതിലൂടെയോ ദക്ഷിണേഷ്യൻ മാതാപിതാക്കൾ കൊലപാതകികളും കുറ്റവാളികളായും മാറ്റപ്പെടുന്നു. ഈ സാമൂഹിക പ്രക്രിയ സൃഷ്ടിക്കുന്നത് മോശം മാതാപിതാക്കളെയാണ്.  

രണ്ടാമതായി, സ്വന്തം കാലിൽ നിൽക്കാനും അതിജീവിക്കാനും കഴിയാത്ത ഒരു സ്ത്രീ സ്വയം പുച്ഛിക്കാനും വെറുക്കാനും തുടങ്ങുന്നു. ഒരു പുരുഷന്റെ കീഴിൽ കടുത്ത അവർഷവും അപമാനവും നിറഞ്ഞ ജീവിതം നയിക്കാൻ അവൾ നിർബന്ധിതയാകുന്നു. ഈ പ്രക്രിയയിലൂടെ അവളും മോശം വ്യക്തിയായി മാറുന്നു. പുരുഷന്മാരും നിയന്ത്രണങ്ങൾക്ക് വിധേയരാകുകയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും ചട്ടക്കൂടുകളിലേക്ക് നിർബന്ധപൂർവം തള്ളപ്പെടുകയും ചെയ്യുന്നു. യുവാക്കളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം ഒരിക്കലും അയയുന്നില്ല. ഇതിന്റെ പേരിൽ മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തിയാൽ പോരാ. നാം നമ്മെത്തന്നെയും കുറ്റപ്പെടുത്തണം. നമ്മുടെ കഴിവില്ലായ്മയും മൗനവും സഹനശീലവും സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വിമുഖതയുമാണ് മാതാപിതാക്കളിൽനിന്നും സമൂഹത്തിൽനിന്നും ജാതിവ്യവസ്ഥയിൽനിന്നുമുള്ള അതിക്രമങ്ങൾ തുടരാൻ വഴിയൊരുക്കുന്നത്. അങ്ങനെ സംഭവിക്കാൻ നാം അനുവദിക്കുന്നു.

അതിനാൽ, സർക്കാരിനോ സമൂഹത്തിനോ മതത്തിനോ എതിരായ പ്രതിഷേധംകൊണ്ടുമാത്രം കാര്യമില്ല. നാം നമ്മെത്തന്നെ ചോദ്യം ചെയ്യുകയും എതിർക്കുകയും വേണം. നമ്മുടെ ദുർബലവും ദയനീയവും നിസ്സഹായവുമായ അവസ്ഥകളെ നാം തള്ളിപ്പറയണം. യുവാക്കൾ സർക്കാരിനെതിരെ മാത്രമല്ല, ജാതീയവും പുരുഷാധിപത്യപരവുമായ ജീവിതരീതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുടുംബത്തിനെതിരെയും കലാപം ചെയ്യേണ്ടതുണ്ട്. കലാപത്തിന്റെ ചോദ്യം കേവലം രാഷ്ട്രീയപരമായ ഒന്നല്ല; അതിന് അസ്തിത്വപരമായ ഒരു മാനം കൂടിയുണ്ട്. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ-മതപരമായ സാഹചര്യങ്ങളിൽ ഇനിയും ജീവിച്ചുതുടരാൻ നമുക്ക് കഴിയില്ലെന്ന തിരിച്ചറിവിൽനിന്നാണ് നാം പ്രതിഷേധിക്കുന്നത്. നമുക്ക് കാഴ്ചപ്പാടുണ്ട്, ദർശനങ്ങളുണ്ട്, സംശയങ്ങളുണ്ട്; ഇതെല്ലാമാണ് ഭരണകൂടത്തിന്റെ കണ്ണിൽ നമ്മെ കലാപകാരികളാക്കുന്നത്.

സ്ത്രീകൾ ബാല്യകാലം മുതൽതന്നെ അടിച്ചമർത്തലിന് വിധേയരാകുമ്പോൾ, പുരുഷന്മാർ പ്രണയിതാക്കളും ഭർത്താക്കന്മാരുമായി മാറുകയും അതിമാനുഷരാകാൻ (supermen) ആഗ്രഹിക്കുകയും ചെയ്യുന്നു! വലിയൊരു വിഭാഗം ആളുകൾ നിസ്സഹായരായി തുടരുമ്പോൾ മാത്രമാണ് വീരനായകന്മാർക്ക് നിലനിൽപ്പുണ്ടാകുന്നത്. എന്നാൽ, അവർ വെറും മനുഷ്യർ മാത്രമാണ്. പ്രകടിപ്പിക്കപ്പെടാതെ പോകുന്ന അവരുടെ വികാരങ്ങളും ആഗ്രഹങ്ങളും കോപവും കാലക്രമേണ വികൃതമായ രൂപം കൈക്കൊള്ളുന്നു. അങ്ങനെ അവർ വിഷലിപ്തമായ പുരുഷത്വത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നു.

സ്വയം പുച്ഛിച്ചും തങ്ങളെ വിഷലിപ്തരാക്കിയ മാതാപിതാക്കളോട് വെറുപ്പ് പുലർത്തിയും അവർ വളരുന്നു. കുറ്റകൃത്യങ്ങൾ ചെയ്യാനും സ്ത്രീധനം ആവശ്യപ്പെടാനും മാതാപിതാക്കളെയും ഭാര്യമാരെയും കുട്ടികളെയും അധിക്ഷേപിക്കാനും പീഡിപ്പിക്കാനും ഈ വിഷലിപ്തമായ പുരുഷത്വം അവർക്ക് വഴിയൊരുക്കുന്നു. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങളിലൊന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള മരണം. സാമ്പത്തികമായി സ്വയംപര്യാപ്തരായ സ്ത്രീകളെ വളർത്തിയെടുക്കുന്നതിനുപകരം, മാതാപിതാക്കൾ തങ്ങളുടെ പെൺമക്കൾക്കായി വരന്മാരെ അന്വേഷിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ സ്ത്രീകളെ തങ്ങളുടെ സ്വകാര്യസ്വത്തായും തങ്ങളെ അവരുടെ ഉടമസ്ഥരായും കാണുന്നു. അതിനാൽ, യാതൊരു ശിക്ഷാഭയവുമില്ലാതെ അവർ അക്രമങ്ങൾ തുടരുന്നു. ഈ വിഷലിപ്തമായ ചാക്രിക പ്രക്രിയയിൽ പുരുഷൻ ഒടുവിൽ ഒരു കുറ്റവാളിയായി മാറുന്നു.

ശ്രേണീകൃത അധികാരവും അസമത്വവും നിലനിർത്തുന്ന ബ്രാഹ്മണിക സമൂഹത്തിൽ എല്ലാവരും മോശം വ്യക്തികളായും മറ്റുള്ളവരെ നിയന്ത്രിക്കുകയും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യുന്നവരായും മാറുന്നു. ബ്രാഹ്മണ്യത്തിന്റെ ഏറ്റവും വലിയ സൃഷ്ടി തിന്മ ചെയ്യുക എന്നത് മാത്രമല്ല, മറിച്ച് അതിനെ ധർമ്മം, സംസ്കാരം, പാരമ്പര്യം എന്നൊക്കെ പറഞ്ഞ് സാധൂകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുക എന്നതാണ്. ബ്രാഹ്മണ്യം സമൂഹത്തിന്റെ ധാർമ്മിക മൂല്യങ്ങളെ ആഴത്തിൽ തകർത്തിരിക്കുന്നു. ബ്രാഹ്മണിക സംഘടനകൾ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുമെതിരെയുള്ള വെറുപ്പുകൊണ്ട് നമ്മുടെ യുവതലമുറയെ വിഷലിപ്തമാക്കുകയാണ്. അംബേദ്കർ കൃത്യമായി നിരീക്ഷിച്ചതുപോലെ: “ഹിന്ദുക്കളുടെ ധാർമ്മികതയിൽ ജാതി ചെലുത്തുന്ന സ്വാധീനം തികച്ചും ദയനീയമാണ്... പുണ്യം ജാതിയിൽ കുടുങ്ങിയിരിക്കുന്നു, ധാർമ്മികത ജാതിബന്ധിതമായിരിക്കുന്നു” (അംബേദ്കർ 1936).

ജാതി ഹിന്ദുക്കളുടെ ധാർമികതയിലുണ്ടാക്കുന്ന സ്വാധീനം അങ്ങേയറ്റം പരിതാപകരമാണെന്ന് അംബേദ്കർ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "ഹിന്ദുക്കളുടെ ധാർമികതയിൽ ജാതി ചെലുത്തുന്ന സ്വാധീനം അങ്ങേയറ്റം പരിതാപകരമാണ്... സദ്ഗുണങ്ങൾ ജാതിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു; ധാർമികത ജാതിയുടെ അതിരുകൾക്കുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു” (Ambedkar 1936). നമ്മുടെ യുവാക്കൾ പ്രതിഷേധിക്കുമ്പോൾ, സാർവത്രികമായ ധാർമികത സൃഷ്ടിക്കുന്നതിനായി ജാതിബദ്ധമായ ധാർമികമൂല്യങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിയുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. യുവതലമുറ മാതാപിതാക്കളുടെ നിയന്ത്രണങ്ങളെ നിരസിക്കുകയും സ്വന്തം ജീവിതത്തിന്റെ കർത്തൃത്വം ഏറ്റെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമ്പോൾ, അവർ സ്വയം മാത്രമല്ല, മറ്റുള്ളവരെയും വിമോചിപ്പിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി നാം പോരാടേണ്ടതില്ല. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി നാം പോരാടണം. ഓരോ പ്രതിഷേധവും സാർവത്രികമായ ധാർമികമൂല്യങ്ങളുടെയും സമത്വാധിഷ്ഠിത മൂല്യങ്ങളുടെയും സൃഷ്ടിയാണ്.

ഒരു യുവതി തനിക്കുവേണ്ടി പോരാടുമ്പോൾ, അവൾ മറ്റുള്ളവർക്കുവേണ്ടിയും പോരാടുകയാണ് ചെയ്യുന്നത്. അവളുടെ വിമോചനം എല്ലാവരുടെയും വിമോചനമാണ്. സ്വയം ഒരു നല്ല മനുഷ്യയായി മാറുക എന്നതാണ് അവളുടെ പോരാട്ടത്തിന്റെ ലക്ഷ്യം. അവൾ നല്ലവളായി മാറുന്നത് എല്ലാവരും നല്ലവരായി മാറുന്നതിന് തുല്യമാണ്. അതിനാൽ, നാം നമുക്കുവേണ്ടി നടത്തുന്ന ഓരോ പോരാട്ടവും എല്ലാവർക്കും വേണ്ടിയുള്ള പോരാട്ടമാണ്. പ്രതിഷേധത്തിന്റെയും കലാപത്തിന്റെയും പ്രവൃത്തി ധാർമികതയുടെ പ്രവൃത്തിയാണ്. യുവാക്കളെക്കുറിച്ച് പ്രതിപാദിക്കുന്ന സന്ദർഭത്തിൽ അരിസ്റ്റോട്ടിൽ എഴുതുന്നു, "അവരുടെ ജീവിതത്തെ നയിക്കുന്നത് യുക്തിചിന്തയെക്കാൾ ധാർമികവികാരങ്ങളാണ്; യുക്തിചിന്ത നമ്മെ പ്രയോജനകരമായത് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമ്പോൾ, ധാർമികമായ നന്മ ഉദാത്തമായതിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.” അതിനാൽ, പ്രതിഷേധം എന്ന പ്രവൃത്തി ഉദാത്തമായതിന്റെയും സദ്ഗുണത്തിന്റെയും പ്രകടനമാണ്.

നമുക്കുവേണ്ടി പോരാടുന്നത് നല്ലതാണ്; നല്ലവരായിരിക്കുക എന്നത് മനോഹരമായ വ്യക്തിത്വമുള്ളവരായിരിക്കുക എന്നതുമാണ്. ജർമൻ തത്ത്വചിന്തകനായ ഫ്രെഡറിക് നീഷെ ചോദിച്ചു: “എന്താണ് നന്മ?”... “ധീരനായിരിക്കുക എന്നതാണ് നന്മ.”

ഇന്ത്യയിലുടനീളമുള്ള യുവാക്കളെ ഉണർത്തിയ ഈ പ്രതിഷേധം, അവർ നന്മയുള്ളവരും നീതിബോധമുള്ളവരും ധാർമ്മികതയുള്ളവരും മനോഹരമായ വ്യക്തിത്വമുള്ളവരും ആയിത്തീരുന്നതിനെക്കുറിച്ചാണ്. മറ്റുള്ളവരെയും ധാർമ്മികതയുള്ളവരാക്കി മാറ്റാനുള്ള ഒരു പ്രതിഷേധമാണിത്. ഇത് ബലഹീനതയെയോ അഴിമതിയെയോ ശരാശരി നിലവാരത്തെയോ (mediocrity) വെച്ചുപൊറുപ്പിക്കുന്നില്ല.

തങ്ങളുടെ വിധി സ്വന്തം കൈകളിൽ ഏറ്റെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇനി മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനും അതേസമയം മറ്റുള്ളവരെ ഉത്തരവാദിത്വത്തിന് വിധേയരാക്കാനും അവർ ആഗ്രഹിക്കുന്നു. അതിലുപരിയായി, യുവാക്കളെ അപ്രസക്തരായി കാണുന്ന ഒരു സമൂഹത്തിനും വ്യവസ്ഥിതിക്കുമെതിരായ പ്രതിഷേധമാണിത്. പ്രായമായവരുടെയും വ്യവസ്ഥിതികളുടെയും പാരമ്പര്യത്തിന്റെയും കൈകളിലെ വെറും കരുക്കളായി യുവാക്കളെ കാണുന്ന സമീപനത്തിനെതിരായ പ്രതിഷേധം. നമ്മുടെ വിധിയെ തേടിയുള്ള യാത്രയാണിത്. നമ്മെ ഒരിക്കലും തടയാനാവില്ല. നമുക്ക് അതിരുകളില്ല, പരിമിതികളുമില്ല. നമ്മുടെ ആന്തരിക ഗുണങ്ങളും കർത്തൃത്വശേഷിയും മാനവികതയും വികസിപ്പിക്കുന്നതിൽനിന്ന് നമ്മെ തടയാൻ ഒന്നിനും കഴിയില്ല.

പഴഞ്ചൻ ആശയങ്ങളും സാമൂഹികബന്ധങ്ങളും പാരമ്പര്യങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്. കാലക്രമേണ അവ നശിച്ചുപോകണം. യുവതലമുറ കടന്നുവന്നിരിക്കുന്നു; ഇന്ത്യയുടെ ഭാവി തങ്ങളുടെ കൈകളിൽ ഏറ്റെടുക്കേണ്ടത് അവരാണ്. ജാതിയുടെയും ലിംഗവിവേചനത്തിന്റെയും എല്ലാത്തരം അഴിമതികളുടെയും വൈരൂപ്യങ്ങളിലൂടെ പ്രായമായവർ ഇന്ത്യയെ നശിപ്പിച്ചിരിക്കുന്നു. പുതിയ കാലത്തെയും പുതിയ ജീവിതത്തെയും പുതിയ തലമുറകളെയും പഴയ രാഷ്ട്രീയക്കാർ പുച്ഛിക്കുന്നു. നിലവിലെ ഭരണകൂടത്തിനു കീഴിൽ കാലത്തെ പിന്നോട്ടു തിരിച്ചുകൊണ്ടുപോകാനാണ് അവർ ആഗ്രഹിക്കുന്നത്. പ്രായമായവർ ‘ഓർമകളിൽ’ ജീവിക്കുമ്പോൾ യുവാക്കൾ പ്രതീക്ഷയിലാണ് ജീവിക്കുന്നതെന്ന് അരിസ്റ്റോട്ടിൽ നിരീക്ഷിക്കുന്നു (Aristotle 2012). അതുകൊണ്ടുതന്നെ, പ്രായമായവർ ഭൂതകാലത്തിനായി കൊതിക്കുമ്പോൾ യുവാക്കൾ ഭാവിക്കായി ആഗ്രഹിക്കുന്നു.

എന്നാൽ, പ്രായമായ തലമുറകൾ തങ്ങളുടെ ഇരകളെ പ്രേതങ്ങൾ കീഴടക്കുന്നതുപോലെ യുവമനസ്സുകളെ കീഴടക്കിയിരിക്കുന്നു. അങ്ങനെ അവർ യുവാക്കളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ആത്മാവിനെയും മലിനമാക്കിയിരിക്കുന്നു. യുവജനസംഖ്യയിലെ ഗണ്യമായൊരു വിഭാഗം ബ്രാഹ്മണിസത്തിന്റെ വൈറസ് ബാധിച്ച് മലിനപ്പെട്ടിരിക്കുകയാണ്. ഈ 'രോഗാവസ്ഥ’യെ 1936-ൽത്തന്നെ അംബേദ്കർ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു (Ambedkar 2014). കാലഹരണപ്പെട്ട ചിന്താഗതികളിലൂടെയും പാരമ്പര്യങ്ങളിലൂടെയും സാമൂഹികബന്ധങ്ങളിലൂടെയും അവർ ദുരിതമനുഭവിക്കുകയാണ്. അനുകമ്പയിലൂടെയും മാനവികതയിലൂടെയും സമൂലമായ മാറ്റത്തിനായുള്ള ചിന്തകളിലൂടെയും നാം അവരെ ഈ അവസ്ഥയിൽനിന്ന് മോചിപ്പിക്കണം. അതിലുപരിയായി, അവരുടെ യഥാർഥമായ കഴിവുകളെക്കുറിച്ചും ശരീരത്തിന്റെയും മനസ്സിന്റെയും സൗന്ദര്യത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം.

പഴയ തലമുറയുടെ അധീനതയിലായ ഈ യുവശരീരങ്ങൾ ‘പഴയ ഭരണക്രമത്തിന്റെ’ മുന്നണിപ്പോരാളികളാണ്. സ്വന്തം ക്ഷേമത്തെക്കുറിച്ചും സഹജീവികളുടെ ക്ഷേമത്തെക്കുറിച്ചും അവർ മറന്നുപോയിരിക്കുന്നു. ഈ ഇരകളെ ഉപയോഗിച്ചുകൊണ്ട് പഴയ തലമുറ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും നിയമങ്ങളെയും തകർക്കാനുള്ള പാതയിലാണ്. കാരണം, അവർ “വേദങ്ങളിലേക്ക് തിരിച്ചുപോകാൻ” ആഗ്രഹിക്കുന്നു.
പിന്നാക്കാവസ്ഥയിലുള്ള ജീവിതസാഹചര്യങ്ങളെയാണ് അവർ സ്നേഹിക്കുന്നത്. മാറ്റങ്ങളെ അവർ അവഗണിക്കുകയും ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ പുച്ഛിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ താളത്തെയും ഐക്യത്തെയും അവർ വെറുക്കുന്നു; യുവത്വത്തോട് നീരസം പുലർത്തുന്നു.

ഇന്ത്യ യുവത്വമുള്ള രാജ്യമാണെന്ന് അവർ പറയുന്നു. എന്നാൽ നമ്മുടെ യുവാക്കൾ പരസ്പരം സ്നേഹിക്കുന്നതോ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതോ നടക്കുന്നതോ കാണുമ്പോൾ, എന്തോ കുറ്റം ചെയ്തതുപോലെ അവരെ മർദിച്ചൊതുക്കുന്നു. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ പൊറുക്കപ്പെടും; എന്നാൽ പ്രണയം പൊറുക്കപ്പെടില്ല. 'അഭിമാനത്തിന്റെ’ പേരിലും ഇപ്പോൾ ‘ലവ് ജിഹാദിന്റെ’ പേരിലും അവർ സ്വന്തം പെൺമക്കളെയും മറ്റമ്മമാരുടെ മക്കളെയും കൊന്നൊടുക്കുന്നു. ഇന്ത്യയിലെ യുവജനങ്ങൾ നേരിടുന്ന അവസ്ഥ എന്താണെന്ന് ഇത് വ്യക്തമാക്കുന്നു. പ്രണയം വളരെ അടിസ്ഥാനപരമായ ഒരു കാര്യമാണ്. അങ്ങനെയിരിക്കെ, തൊഴിലവസരങ്ങൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചും ഉത്തരവാദിത്വം ചോദിക്കുന്നതിനെക്കുറിച്ചും പറയേണ്ടതില്ലല്ലോ. ദയനീയം, വടികളും കണ്ണീർവാതകവും ജലപീരങ്കികളും തോക്കുകളും ഗുണ്ടകളുമടങ്ങുന്ന വൻ സന്നാഹങ്ങളോടെ അവർ ഒരു സൈനിക ബറ്റാലിയനെത്തന്നെ വിന്യസിച്ചു.

ഇന്ന് നാം എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയെ മറികടക്കാൻ പ്രതിഷേധങ്ങൾ മാത്രം പോരാ; നല്ല മനുഷ്യരായിത്തീരുന്നതുകൊണ്ടും ഒരു വിപ്ലവംകൊണ്ടും മാത്രം മതിയാകുകയുമില്ല. ഇന്ത്യയ്ക്ക് സമഗ്രമായ ഒരു മാറ്റമാണ് ആവശ്യം; അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാ വശങ്ങളിലും പ്രതിഫലിക്കുകയും വേണം. യുവാക്കൾ സംഘടിതരാകുകയും പഴയതും വികൃതവും കാലഹരണപ്പെട്ടതുമായ എല്ലാറ്റിനെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. നന്മയും നീതിയും ധാർമ്മികതയുമുള്ളവരും സൗമ്യരും അപകടകാരികളുമാവാൻ അവർ ആഗ്രഹിക്കണം. അഴിമതിയെയും ശരാശരി നിലവാരത്തിൽ ഒതുങ്ങിനിൽക്കുന്ന അവസ്ഥയെയും യുവത വെറുക്കണം. ഭാവിയിലേക്കുള്ള ഏക കവാടം അതാണ്. അഴിമതിയും നിലവാരമില്ലാത്തവരുമായ ആത്മാക്കളെ രക്ഷിക്കാൻ അതിനു മാത്രമേ കഴിയൂ.

പ്രതീക്ഷയോടെ നമുക്ക് സമരം ചെയ്യാം, കലാപം ചെയ്യാം, ഈ അപകടകരമായ ഉത്സവത്തിൽ പങ്കുചേരാം. അങ്ങനെ നമ്മുടെ ‘മാനുഷിക വ്യക്തിത്വം’ വീണ്ടെടുക്കാനും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നല്ല പൗരന്മാരായി മാറാനും നമുക്ക് കഴിയട്ടെ. മരിച്ചവർ തങ്ങളുടെതന്നെ പ്രതിച്ഛായയിൽ നമ്മുടെ ലോകത്തെ ബലമായി പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യ വികൃതവും ദുർഗന്ധംവമിക്കുകയും ചെയ്യുന്ന ‘നരകതുല്യ ഇടവുമായി’ മാറിയിരിക്കുന്നത്. മരിച്ചവരെയും അഥവാ ഭൂതകാലത്തെയും ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "അപകടകരമായും" മനോഹരമായും സമൂലമായും "സൃഷ്ടിക്കുക" മാത്രമല്ല, അപകടകരമായി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത് (Camus 2019).

References:

Albert Camus, Create Dangerously: The Power and Responsibility of the Artist, Translated from the French by Sandra Smith, Vintage International, New York, 2019.

Albert Camus, The Rebel, Penguin Books, New Delhi, 2013.

Aristotle, The Art of Rhetoric, Harper Collins, London, 2012.

B.R. Ambedkar, “Annihilation of Caste,” in Dr. Babasaheb Ambedkar: Writings and Speeches, Vol. 1, Government of Maharashtra, Bombay, 2014.

Friedrich Nietzsche, Beyond Good and Evil, Wilco International, 2023.

Will Durant, The Story of Philosophy, Replika Press, 2006.

 

Editor's Note: This article was originally published in Round Table india

Share this link