Author Image ദി റൂട്സ് ഡെസ്ക്

ബിന്ദുവിനെതിരായ വ്യാജ മോഷണക്കേസ്: പോലീസ് നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ചു: ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

പേരൂർക്കടയിലെ ബിന്ദുവിനെതിരായ വ്യാജ മോഷണക്കേസിൽ പോലീസ് നിയമപരമായ നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചെന്നും എസ്.ഐ. പ്രസാദ് എസ്.ജി., എ.എസ്.ഐ. പ്രസന്നകുമാർ, പരാതിക്കാരി ഓമന ഡാനിയേൽ എന്നിവർക്കെതിരെ എസ്.സി./എസ്.ടി. അട്രോസിറ്റി ആക്റ്റ് പ്രകാരവും ഭാരതീയ ന്യായ സംവിധാൻ പ്രകാരവും കേസ്സെടുക്കണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.

മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പോലീസ് ബിന്ദുവിനെ അറസ്റ്റ് ചെയ്യുകയും വസ്ത്രമിഴിച്ച് പരിശോധിക്കുകയും ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും ചെയ്ത നടപടി നിയമവിരുദ്ധവും നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ചുകൊണ്ടുള്ളതുമാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ശ്രീമതി ബിന്ദു, പോലീസ് തനിക്കെതിരെ കള്ളക്കേസെടുത്തതിനും മാനസികമായി പീഡിപ്പിച്ചതിനും എതിരെ മെയ് 3 ന് പരാതി സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെ വിവിധ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു അന്വേഷണവും ബിന്ദുവിന്റെ പരാതിയിന്മേൽ നടത്തിയിരുന്നില്ല.

"മോഷണം ആരോപിച്ച് സ്ത്രീയുടെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി" എന്ന തലക്കെട്ടിൽ മെയ് 19 ന് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ഈ വിഷയത്തിൽ ഫലപ്രദവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നതിന് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകികൊണ്ട് ഉത്തരവിടുകയും ചെയ്തു.

ബിന്ദുവിനെതിരായ എഫ്ഐആറിൻ്റെ അന്വേഷണം സത്യസന്ധവും നീതിയുക്തവുമായി നടത്തുന്നതിന് അസിസ്റ്റൻ്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കണം. കുറ്റാരോപിതയായ സ്ത്രീ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ, എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് കണ്ടെത്തണം. കുറ്റകൃത്യം തെളിഞ്ഞാൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിക്കണം. അന്വേഷണ റിപ്പോർട്ടും സാക്ഷികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളുള്ള സിഡി, ജിഡി എൻട്രികൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധരേഖകളും സഹിതം തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം കമ്മീഷന് റിപ്പോർട്ട് നൽകണം, ഇവയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ ഉള്ളടക്കം.

പത്തനംതിട്ട ഡി.വൈ.എസ്.പി. ശ്രീ കെ.എ. വിദ്യാധരൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയുണ്ടായി. പോലീസ് നിയമപരമായ നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അക്കമിട്ട് നിരത്തി. സബ് ഇൻസ്പെക്ടർ പ്രസാദ് എസ്.ജി. ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തുകയോ സ്ഥലത്ത് പോയി അന്വേഷണം നടത്തുകയോ കുറ്റകൃത്യത്തിന് മുൻപ് ബിന്ദുവിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. എസ്.ഐ. പ്രസാദ് ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമങ്ങളായുള്ളതുമായ ആവശ്യകതകൾ ഒന്നും പാലിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ പലരും അവരോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിന്ദുവിനെ അറസ്റ്റ് ചെയ്ത രാത്രിയിൽ ജി.ഡി. ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ. പ്രസന്നകുമാർ ചുമതലയിൽ വീഴ്ചവരുത്തിയെന്നും കടുത്ത മാനസിക പീഡനം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ബഹുമാനപ്പെട്ട കോടതിയുടെയും ഡിപ്പാർട്ടുമെൻ്റിൻ്റെയും കർശന നിർദ്ദേശങ്ങൾ ലംഘിച്ചിരുന്നു എന്നും.

പേരൂർക്കട പോലീസ് നിയമപരമായ നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരവും വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എസ്.ഐ. പ്രസാദ് എസ്.ജി., എ.എസ്.ഐ. പ്രസന്നകുമാർ, പരാതിക്കാരി ഓമന ഡാനിയേൽ എന്നിവർക്കെതിരെ എസ്.സി./എസ്.ടി. അട്രോസിറ്റി ആക്റ്റ് പ്രകാരവും ഭാരതീയ ന്യായ സംവിധാൻ പ്രകാരവും കേസ്സെടുക്കണമെന്നും കുറ്റക്കാരയായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.