Author Image ദി റൂട്സ് ഡെസ്ക്

കെല്ലി ഫൈഫ് മാർഷലിന് ഐ.എഫ്.എഫ്.കെ. 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ്

കറുത്തവരുടെ ജീവിതവും പോരാട്ടവും പ്രമേയമാക്കിയ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിന് ഐ.എഫ്.എഫ്.കെ. 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ്.

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന്. സിനിമയെ കലാപ്രതിരോധവും സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന വനിതാ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്‌പിരിറ്റ്'ഓഫ് സിനിമ അവാർഡ് ഏർപ്പെടുത്തിയത്. 

തിരുവനന്തപുരത്ത് ഡിസംബർ 12 മുതൽ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എഴുപതോളം രാജ്യങ്ങളിൽനിന്നുള്ള 200ൽപരം ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും കെല്ലി ഫൈഫ് മാർഷലിന് അവാർഡ് സമ്മാനിക്കുമെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി പറഞ്ഞു. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്.

ആഫ്രോ-കരീബിയൻ മാതാപിതാക്കളുടെ മകളായി ഇംഗ്ലണ്ടിലാണ് കെല്ലി ഫൈഫ് മാർഷൽ ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ  കാനഡയിലേക്ക് കുടിയേറി. കുട്ടിക്കാലം മുതൽ തന്നെ വലിയ രീതിയിലുള്ള വർണ്ണ-വംശീയ അതിക്രമങ്ങൾ കെല്ലി ഫൈഫ് മാർഷലിന് നേരിടേണ്ടി വന്നു. കാനഡയിലെ ജനസംഖ്യയുടെ 22 ശതമാനം വംശീയ ന്യൂനപക്ഷങ്ങളും കറുത്ത വർഗ്ഗക്കാരാണെങ്കിലും അവർക്ക് വേണ്ടത്ര പരിഗണന സിനിമ-കലാരംഗത്ത് ലഭിക്കുന്നില്ലെന്ന് കെല്ലി ഫൈഫ് മാർഷൽ ഗ്ലോബൽ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. "വൈറ്റ് സൂപ്രമസിയുടെ വേരുകൾ ആഴവും പരപ്പും ദൂരവ്യാപനശേഷിയുമുള്ളതാണ്. എല്ലാത്തിനെയും അത് തൊടുന്നു. ഞങ്ങൾക്ക്  അവസരങ്ങൾ ഒന്നല്ല, അതുകൊണ്ടു തന്നെ കിട്ടുന്നത് ഒരേ ഇടങ്ങളല്ല, ഒരേ രീതിയിൽ ഉയരാനും കഴിയില്ല." 

കെല്ലി ഫൈഫ് മാർഷലിന്റെ ആഫ്രോ-കരീബിയൻ പശ്ചാത്തലം അവരുടെ സിനിമയെയും സ്വത്വത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആഫ്രോ-ഡയസ്‌പോറിക് സ്വാധീനം ചെലുത്തുന്ന ചലച്ചിത്രകാരി ("Afro-diasporic impact filmmaker") എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.

2016-ഓടെയാണ് കെല്ലി ഫൈഫ് മാർഷലിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 2020-ൽ പുറത്തിറങ്ങിയ രണ്ടു ഭാഗങ്ങളുള്ള ഹ്രസ്വചിത്രമായ "ബ്ലാക്ക് ബോഡീസ്" (Black Bodies) ആണ് അവരെ ശ്രദ്ധേയമാക്കിയത്. 21-ാം നൂറ്റാണ്ടിലെ കറുത്തവർഗ്ഗക്കാരുടെ കഠിനമായ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്ന ഈ ചിത്രം, നിരവധി അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.

2018-ൽ കാലിഫോർണിയയിൽ വെച്ച് കെല്ലി ഫൈഫ് മാർഷലിനും സുഹൃത്തുക്കൾക്കും നേരിട്ട യഥാർത്ഥ വംശീയ അതിക്രമ സംഭവമാണ് "ബ്ലാക്ക് ബോഡീസിന്" പ്രചോദനമായത്. ഒരു എയർ ബിഎൻബിയിൽ നിന്ന് പുറപ്പെടുന്നതിനിടെ, ഒരു വെള്ളക്കാരി സ്ത്രീ അവരെ കവർച്ചക്കാർ എന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ചു. നിരവധി പോലീസ് വാഹനങ്ങളും ഒരു ഹെലികോപ്റ്ററും ഉൾപ്പെട്ട സുരക്ഷാസംഘം കെല്ലി ഫൈഫ് മാർഷലിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. ഈ വംശീയ അനുഭവം അവരെ വല്ലാതെ ബാധിക്കുകയും ചെയ്തു.

2020-ലെ ടൊറന്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) 'ബ്ലാക്ക് ബോഡീസ്' ആദ്യത്തെ ഷോൺ മെൻഡിസ് ഫൗണ്ടേഷൻ ചേഞ്ച്‌മേക്കർ അവാർഡ് (Shawn Mendes Foundation Changemaker Award) നേടി. വളർന്നുവരുന്ന മികച്ച  പ്രതിഭയ്ക്കുള്ള 2020-ലെ ടൊറന്റോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ്റെ ജെയ് സ്കോട്ട് പ്രൈസും (Jay Scott Prize) അവർക്ക് ലഭിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ 2021-ൽ തിരഞ്ഞെടുക്കപ്പെട്ട ആറ് കനേഡിയൻ സിനിമകളിൽ ഒന്നായിരുന്നു 'ബ്ലാക്ക് ബോഡീസ്'.

റീസൺ ഇനഫ് (Reason Enough-2016), ഹേവൻ (Haven-2018), ബ്ലാക്ക് വൈറ്റ് ബ്ലൂ (Black White Blue-2018), ട്രാപ്പ് സിറ്റി (Trap City-2020) എന്നിവ കെല്ലി ഫൈഫ് മാർഷൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകളാണ്. 2022-ൽ ഇറങ്ങിയ "വെൻ മോർണിംഗ് കംസ്" (When Morning Comes) ആണ് ആദ്യ ഫീച്ചർ സിനിമ. 

സിനിമ കൂടാതെ ടെലിവിഷൻ, മാധ്യമ മേഖലകളിലും കെല്ലി ഫൈഫ് മാർഷൽ പ്രവർത്തിക്കുന്നുണ്ട്. കറുത്തവർഗ്ഗക്കാർ, തദ്ദേശീയർ, വംശീയ ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേർന്ന് സൺഫ്ലവർ സ്റ്റുഡിയോസ് (Sunflower Studios) എന്ന പ്രൊഡക്ഷൻ കമ്പനിയും കെല്ലി ഫൈഫ് മാർഷൽ സ്ഥാപിച്ചിട്ടുണ്ട്. 

The Roots Media - TOWARDS SOCIAL DEMOCRACY