ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ.കെ. കൊച്ച് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ നികത്താനാവാത്ത വിടവായി കെ.കെ. കൊച്ചിന്റെ അസാന്നിധ്യം ഇന്നും നിലനിൽക്കുന്നു. സാഹോദര്യത്തിലും മൈത്രിയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെക്കുറിച്ചും, ജനാധിപത്യം എന്നാൽ എല്ലാവർക്കും പങ്കാളിത്തമുള്ള ഒന്നായിരിക്കണമെന്നുമുള്ള രാഷ്ട്രീയ സമീപനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ നമ്മുടെ അവബോധത്തിലേക്ക് സ്വീകരിക്കേണ്ടതുണ്ട്. ആ ജ്ഞാന വ്യക്തിത്വത്തിന് ആദരവ്.
ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ.കെ. കൊച്ച് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ നികത്താനാവാത്ത വിടവായി കെ.കെ. കൊച്ചിന്റെ അസാന്നിധ്യം ഇന്നും നിലനിൽക്കുന്നു. ഒരു ചിന്തകൻ എന്ന നിലയിൽ മലയാളി സമൂഹത്തിൽ തിരിച്ചറിയപ്പെടാതെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കെ.കെ. കൊച്ച്. മലയാളിയുടെ ചിന്താചരിത്രത്തിൽ അദ്ദേഹം എങ്ങനെയാണ് ഇടപെട്ടത് എന്നതിനെയാണ് നമ്മൾ പരിശോധിക്കേണ്ടത്.
1970-കളിൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തന്നെ വിജ്ഞാനത്തോടും പൊതുപ്രവർത്തനത്തോടും വലിയ ആഭിമുഖ്യം പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. അന്നു മുതൽ അന്വേഷിച്ചു തുടങ്ങിയ തന്റെ വൈജ്ഞാനികമായ അന്വേഷണങ്ങളും സാമൂഹിക ഇടപെടലുകളും രോഗം മൂർച്ഛിക്കുന്ന ഘട്ടം വരെ അദ്ദേഹം നിരന്തരം തുടർന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
70-കളിൽ കേരളം ഇടതുപക്ഷ ആശയങ്ങളാൽ പ്രചോദിതമായിരുന്ന ഘട്ടമാണ്. യുവാവായിരുന്ന കെ.കെ. കൊച്ചും സ്വാഭാവികമായി ഇടതുപക്ഷ പ്രവർത്തനങ്ങളിൽ നിലയുറപ്പിച്ചു. എന്നാൽ നിലയുറപ്പിക്കുമ്പോൾ തന്നെ പൂർണ്ണമായും ഏതെങ്കിലും പാർട്ടിയുടെ ഭാഗമാവുകയോ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അന്നത്തെ ഘട്ടത്തിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ധൈഷണികമായ സംഭാവനകൾ കേരളം ശ്രദ്ധിച്ചു തുടങ്ങുന്നത് 1980-കൾക്ക് ശേഷമാണ്. 1983-ൽ ദലിത് മേഖലയെ സ്വന്തം പ്രവർത്തന മണ്ഡലമായി തിരഞ്ഞെടുത്തതോടെയാണ് കെ.കെ. കൊച്ചിന്റെ സംഭാവനകളെ കേരളീയ സമൂഹം ഗൗരവമായി എടുത്തു തുടങ്ങിയത്.
തന്റെ ജീവിതത്തെ മാറ്റിമറിച്ച രണ്ട് പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്: പി.കെ. ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥയും കേരള ചരിത്രവും', ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ 'അയ്യങ്കാളി' എന്നിവയായിരുന്നു അവ. ഇത് മലയാളി സമൂഹത്തിന്റെ മൗലികമായ ഒരു പ്രത്യേകതയ്ക്ക് അകത്തുവെച്ചാണ് നമ്മൾ പരിശോധിക്കേണ്ടത്. മലയാളി സമൂഹത്തിന്റെ ചിന്താചരിത്രം പലപ്പോഴും ദരിദ്രമാണ്. പണ്ഡിതന്മാരെയാണ് നമ്മൾ ചിന്തകരായി തെറ്റിദ്ധരിക്കുന്നത്. പാണ്ഡിത്യത്തിന് ചിന്തയുമായി യാതൊരു ബന്ധവുമില്ല എന്ന യാഥാർത്ഥ്യം പലപ്പോഴും മലയാളികൾ മനസ്സിലാക്കാറില്ല. ചിന്ത എന്നത് എല്ലാവർക്കും കൈവരുന്ന ഒന്നല്ല; അത് മനുഷ്യന് ലഭിക്കുന്ന സവിശേഷമായ ഒരു കഴിവുകൂടിയാണ്. ചിന്തിക്കുക എന്നത് ഓർമ്മിച്ചെടുക്കുക എന്ന അർത്ഥമുള്ള ഒരു വാക്കല്ല. കൊച്ചേട്ടൻ ജ്ഞാനം അന്വേഷിച്ചു നടന്ന ആളാണെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ഞാൻ കരുതുന്നത് അദ്ദേഹം ജ്ഞാനത്താൽ പിടികൂടപ്പെട്ട മനുഷ്യനായിരുന്നു എന്നാണ്. 45 വർഷത്തെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായത്, ഒരു വൈജ്ഞാനിക വെളിച്ചം അദ്ദേഹത്തെ പിടികൂടിയാൽ ലോകം മുഴുവൻ എതിരാണെങ്കിലും അതിനുവേണ്ടി നിലയുറപ്പിക്കാൻ അദ്ദേഹം പ്രാപ്തനായിരുന്നു എന്നാണ്. അടിസ്ഥാനപരമായി അദ്ദേഹത്തിലേക്ക് വരുന്ന ആശയങ്ങളെ അതിന്റെ ആഴത്തിൽ മനസ്സിലാക്കാനുള്ള ആ പ്രാപ്തി അദ്ദേഹത്തെ അത്യപൂർവ്വ ചിന്തകരിൽ ഒരാളാക്കി മാറ്റി.
1980-കളിൽ ദലിത് പ്രവർത്തനത്തിലേക്ക് വരുമ്പോൾ പൊതു വിജ്ഞാനവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലാത്ത, അരികുവൽക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു ദലിത് മേഖല. അവിടെനിന്നും പൊതുസമൂഹത്തിന്റെ ജ്ഞാനവ്യവഹാരങ്ങളോട് ഏറ്റുമുട്ടാൻ ദലിതരെ പ്രാപ്തരാക്കിയ ധൈഷണിക നേതൃത്വമാണ് കെ.കെ. കൊച്ച്. കേരളത്തിലെ ദലിത് സമുദായം ആ വഴിക്ക് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.
തന്റെ അന്വേഷണങ്ങൾക്കിടയിൽ മാർക്സിസം-ലെനിസം-മാവോ-അംബേദ്കർ ചിന്തകൾ പല തടസ്സങ്ങളെയും നേരിടുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. "അധഃസ്ഥിത ജനത നേരിടുന്ന വെല്ലുവിളികളും കാർഷിക വിപ്ലവത്തിന്റെ തുടർച്ചയും", "മാർക്സിസം-ലെനിസം-മാവോ-അംബേദ്കർ ചിന്തയുടെ ചോരച്ചെങ്കൊടി ഉയർത്തിപ്പിടിക്കുക" തുടങ്ങിയ ലേഖനങ്ങൾ ആദ്യകാലത്ത് അദ്ദേഹം എഴുതിയിരുന്നു. ഇടതുപക്ഷ സാമൂഹിക ഭാവനയ്ക്ക് അകത്തു നിന്നുകൊണ്ടാണ് അധഃസ്ഥിതരുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ അദ്ദേഹം 80-കളുടെ തുടക്കത്തിൽ ശ്രമിക്കുന്നത്. എന്നാൽ, 80-കളുടെ മധ്യത്തോടെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിലേക്ക് അദ്ദേഹം ആഴത്തിൽ ഇറങ്ങിച്ചെന്നു. ഗുരുവിന്റെ 'ചിജ്ജഡചിന്തനം' 'ദൈവദശകവും' ദിവസങ്ങളോളം ഇരുന്ന് പഠിച്ച അദ്ദേഹത്തെ എനിക്ക് ഓർമ്മയുണ്ട്. അയ്യൻകാളിയിലേക്കും സഹോദരൻ അയ്യപ്പനിലേക്കും പടർന്നു കയറിയ പുതിയ അവബോധം അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ അടിമുടി നവീകരിച്ചു.
അംബേദ്കറേയും ഗുരുവിനേയും അയ്യൻകാളിയെയും സഹോദരൻ അയ്യപ്പനെയും പണ്ഡിറ്റ് കറുപ്പനെയും പഠിക്കുന്നതിലൂടെയാണ് പുതിയൊരു അവബോധം അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ അടിമുടി നവീകരിക്കുന്നത്. 'ഇടതുപക്ഷ വിപ്ലവം' എന്ന സങ്കല്പത്തിൽ നിന്നും മാറി 'റിഫർമേഷൻ' (നവീകരണം) എന്ന പുതിയ സാമൂഹിക ഭാവനയിലേക്ക്, സമൂഹത്തെ പുനർനിർമ്മിക്കേണ്ടതുണ്ടെന്ന പുതിയൊരു ആശയത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. ഈ ചിന്താമണ്ഡലം നൽകിയ പിന്തുണയാണ് മലയാളി സമൂഹത്തെ ചിന്താപരമായി പരിവർത്തനപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചത്.
90-കളുടെ തുടക്കത്തിൽ "എന്തുകൊണ്ട് ദലിതർ മാർക്സിസം കൈയൊഴിയുന്നു" എന്ന ശ്രദ്ധേയമായ ലേഖനം അദ്ദേഹം എഴുതി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, ബാബറി മസ്ജിദ് തകർക്കപ്പെട്ട സാഹചര്യം എന്നിവയോടൊക്കെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് അദ്ദേഹം പ്രതികരിച്ചു. ജാത്യാധികാരം എങ്ങനെയാണ് ചരിത്രത്തിലും സാഹിത്യത്തിലും പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം കണ്ടെത്തി. കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം അക്കാദമിക് ചരിത്രകാരന്മാർ കെട്ടിപ്പൊക്കിയ 'കേരള പഴമ'യെ പാടെ നിരാകരിക്കുന്ന ഒന്നാണ്. ബ്രാഹ്മണർക്ക് ഇവിടെ സമ്പൂർണ്ണമായ അധികാരം ഉണ്ടായിരുന്നു എന്നത് ഒരു നുണയാണെന്ന് അദ്ദേഹം തെളിവുകൾ സഹിതം വാദിച്ചു.
സാഹിത്യ സാംസ്കാരിക ഭാവനകൾ ജാത്യാധിഷ്ഠിതമായ മധ്യമജാതി-ശൂദ്രജാതി ഭാവനകളാണെന്ന് അദ്ദേഹം തുറന്നെഴുതി. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ'യെ വിമർശിക്കുമ്പോൾ തന്നെ പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതി വിജയ'ത്തെ ചരിത്രപരമായി വീണ്ടെടുത്ത പ്രതിഭാശാലിയാണ് അദ്ദേഹം. കെ.കെ. കൊച്ചിനെ വെറുമൊരു 'ദലിത് ചിന്തകൻ' എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല; അദ്ദേഹം മലയാളിയുടെ മൊത്തത്തിലുള്ള ധിഷണാചരിത്രത്തിലാണ് സ്ഥാനപ്പെട്ടിരിക്കുന്നത്.
സാഹോദര്യത്തിലും മൈത്രിയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെക്കുറിച്ചും, ജനാധിപത്യം എന്നാൽ എല്ലാവർക്കും പങ്കാളിത്തമുള്ള ഒന്നായിരിക്കണമെന്നുമുള്ള കൃത്യമായ രാഷ്ട്രീയ സമീപനം അദ്ദേഹം പ്രചരിപ്പിച്ചു. ജ്ഞാനം അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു ഘട്ടത്തിൽ തകർത്തെറിഞ്ഞിട്ടുപോലും, ആ ബോധത്തിൽ ഉറച്ചുനിൽക്കുകയും അത് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത അത്യപൂർവ്വ വ്യക്തിത്വമാണ് കെ.കെ. കൊച്ച്. അദ്ദേഹത്തിന്റെ സംഭാവനകളെ നമ്മുടെ അവബോധത്തിലേക്ക് സ്വീകരിക്കേണ്ടതുണ്ട്. ആ ജ്ഞാന വ്യക്തിത്വത്തിന് എല്ലാ ആദരവും അർപ്പിക്കുന്നു.