Author Image സണ്ണി എം. കപിക്കാട്

എയ്ഡഡ് മേഖല: സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അനീതിക്കോട്ട

ഇന്ത്യയിലെ 'നമ്പർ-1' വിദ്യാഭാസ മേഖല എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിലെ പൊതുവിദ്യാഭാസത്തിന്റെ 70 ശതമാനവും നിലനിൽക്കുന്നത് എയിഡഡ് മേഖലയിലാണ്. സർക്കാർ ശമ്പളവും പെൻഷനുമായി നൽകുന്ന തുകയുടെ 40 ശതമാനവും പോകുന്ന ഇവിടെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ജാതിക്കോട്ടയാണ്. കേരളം പണം മുടക്കി നിലനിർത്തുന്ന സ്ഥാപനങ്ങളിൽ കേരളത്തിലെ മുഴുവൻ പൗരന്മാർക്കും അവകാശവും ഇടവുമുണ്ടെന്ന് തെളിയിക്കേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്. എയിഡഡ് മേഖലയിലെ സാമൂഹ്യ അനീതിയെക്കുറിച്ച് ദി റൂട്സ് മീഡിയ ചീഫ് എഡിറ്റർ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.

കേരളത്തിൽ വർഷങ്ങളായി ഉയർന്ന് വന്നിട്ടുള്ള ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമാണ് എയിഡഡ് മേഖലയും സംവരണവും. ഒരു വിവാദ രൂപത്തിലാണ് ഇത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. 1972 ലെ ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം എന്ന നിയമം നിലവിൽ വരുമ്പോൾ എയിഡഡ് മേഖലയിലെ ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും നിയമന അധികാരം മാനേജുമെന്റുകൾക്ക് വിട്ടുകൊടുക്കുകയുമാണ് ചെയ്തത്. ആ നിയമന അധികാര ബോഡിയിൽ യൂണിവേഴ്‌സിറ്റി പ്രതിനിധികൾ, സബ്ജക്റ്റ് എക്സ്പെർട്ട്സ്, സർക്കാർ-മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരുണ്ട്. പക്ഷെ ഈ പ്രതിനിധികൾ ആരെല്ലാമെന്ന് തീരുമാനിക്കുന്നത് മാനേജുമെന്റുകളാണ്. ഫലത്തിൽ മാനേജ്‌മെന്റ് തീരുമാനിക്കുന്നവർക്ക് മാത്രമേ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കൂ.

ഇതിനു അവർ പറയുന്ന ന്യായം, ഓരോ സമുദായങ്ങളും വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എയിഡഡ് സ്ഥാപനങ്ങളെന്നും, അതുകൊണ്ട് ഇവിടുത്തെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ സമുദായങ്ങൾക്ക് അവകാശമുണ്ടെന്നുമാണ്.ഇത് യഥാർത്ഥത്തിൽ ഒരു നുണയാണ്. കേരളത്തിലെ  ബഹുഭൂരിപക്ഷം മാനേജുമെന്റുകൾക്കും മഹാരാജാവോ, പിന്നീട് വന്ന ജനാധിപത്യ സർക്കാരോ ഭൂമിയടക്കം പൊതുസമ്പത്ത് വളരെ ചെറിയ തുകക്ക് പാട്ടം നൽകിയാണ് ഇവ നിലനിർത്തിയത്. അതല്ലാതെ ഇവരാരും—വളരെ കുറച്ച് മാനേജ്‌മെന്റുകൾ ഒഴിച്ച്—പണം നൽകി ഭൂമി വാങ്ങി എയിഡഡ് സ്ഥാപനങ്ങൾ തുടങ്ങിയ ചരിത്രം കേരളത്തിലില്ല. അതുകൊണ്ടുതന്നെ മാനേജുമെന്റുകൾ ത്യാഗപൂർണ്ണമായി ഉണ്ടാക്കിയെടുത്തതാണ് എയിഡഡ് സ്ഥാപനങ്ങൾ എന്നത് വസ്തുതക്ക് നിരക്കുന്നതല്ല. സാമ്പത്തിക ലാഭം ലക്‌ഷ്യംവെച്ചു തന്നെയാണ് മാനേജുമെന്റുകൾ എയിഡഡ് സ്ഥാപനങ്ങൾ തുടങ്ങിയിട്ടുള്ളത്.

എയിഡഡ് മേഖലയുമായി ബന്ധപ്പെട്ട ഒന്നാമത്തെ വലിയ അഴിമതി, എയിഡഡ് സ്ഥാപനം നടത്തുന്നത് ഏത് സമുദായമാണോ ആ സമുദായത്തിനേ അവിടെ നിയമനം ലഭിക്കൂ എന്നതാണ്. യോഗ്യരായ നിരവധി ഉദ്യോഗാർത്ഥികളെ പുറത്ത് നിർത്തിയാണ് സ്വന്തം ജാതിക്കാരെ മാനേജ്‌മെന്റ് നിയമിക്കുന്നത്. ഇത് എയിഡഡ് വിദ്യാഭ്യാസ മേഖലയുടെ മാത്രമല്ല, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തന്നെ ഗുണത്തെ ഇല്ലാതാക്കുന്നതാണ്.

രാണ്ടാമത്തെ വലിയ അഴിമതി 'ഡൊണേഷൻ' എന്നൊക്കെ വിളിക്കുന്ന 'കോഴ'യാണ്. 40 ലക്ഷത്തിനു മുകളിൽ വരുന്ന തുക കൈക്കൂലി കൊടുത്താണ് അധ്യാപന നിയനം നേടുന്നത്. സർക്കാർ ശമ്പളവും ഗ്രാന്റും നൽകുന്ന എയിഡഡ് മേഖലയിലെ നിയമനത്തിന്റെ മാനദണ്ഡം സ്വന്തം ജാതി ആണോ എന്നത് മാത്രമല്ല, അവർക്ക് പണം കൂടി ഉണ്ടോ എന്നതാണ്. ജാതിയും പണവും ആധിപത്യം നിലനിർത്തുന്ന ജാതിക്കോളനികളാണ് എയിഡഡ് മേഖല. ഇത് പുനഃപരിശോധിക്കുകയും എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമാണ്.

പുതിയ വിവരാവകാശ രേഖ പ്രകാരം സർക്കാർ ശമ്പളവും പെൻഷനുമായി നൽകുന്ന തുകയുടെ 40 ശതമാനവും പോകുന്നത് എയിഡഡ് മേഖലയിലേക്കാണ്. എന്ന് പറഞ്ഞാൽ സർക്കാർ 100 രൂപ മാറ്റിവെക്കുമ്പോൾ 40 രൂപ പോകുന്നത് സ്വകാര്യ മാനേജ്മെന്റിനാണ്. കേരളത്തിലെ മുഴുവൻ പൗരന്മാർക്കും അവകാശപ്പെട്ട, കേരളം പണം മുടക്കി നിലനിർത്തുന്ന സ്ഥാപനങ്ങളിൽ മുഴുവൻ പൗരന്മാർക്കും ഇടവും അവകാശവും ഉണ്ടെന്ന് തെളിയിക്കേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age