സംവരണ ചരിത്രവും വർത്തമാനം : ഇടതുപക്ഷത്തിന്റെയും ഹിന്ദ്വത്തിന്റെയും സംവരണ അട്ടിമറികൾ
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത സംവരണം എന്ന സാമൂഹ്യനീതി സങ്കല്പത്തെ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ ഇടതുപക്ഷ സർക്കാർ എങ്ങനെയാണ് അട്ടിമറിച്ചതെന്നും നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇ.ഡബ്ള്യു.എസ്. നടപ്പിലാക്കിയ ബി.ജെ.പിക്കും ഇടതുപക്ഷ സർക്കാരിനും എങ്ങനെയാണ് ഒരേ നവ ബ്രാഹ്മണ്യ അജണ്ട രൂപപ്പെട്ടതെന്നും വിശദീകരിക്കുന്നു ഒ.പി. രവീന്ദ്രൻ.
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിനിയമത്തിലൂടെ 2019 ജനുവരി 12 തീയതി ഭരണഘടനയുടെ ആർട്ടിക്കിൾ 16(5) ആയി സാമ്പത്തിക സംവരണം ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലാകമാനം സംവരണത്തെക്കുറിച്ച് വീണ്ടും വലിയ ചർച്ച ഉയർന്നുവന്നിരിക്കയാണ്. കേരളത്തിലാണെങ്കിൽ 2016ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സാമ്പത്തികസംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരികയും 2017ൽ ദേവസ്വംബോർഡിൽ 10% മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പിലാക്കുകയും ചെയ്യുകയുണ്ടായി. കേന്ദ്ര സർക്കാർ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനു മുന്നേ കേരളം മുന്നോക്ക സംവരണം നടപ്പിലാക്കിയതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2020 നവംബറിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ കൂടി യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോക്കസംവരണം നടപ്പാക്കി കേരളം സവർണ്ണ സംവരണവാദികളുടെ കൈയ്യടി നേടിയിരിക്കുകയുമാണിപ്പോൾ. ഈയവസരത്തിൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതി സങ്കല്പം എന്താണെന്നും അത്തരം ഒരു സങ്കല്പത്തെ സാമ്പത്തിക സംവരണം എങ്ങനെയാണ് ആട്ടിമറിക്കുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
സാമൂഹികവും സാമ്പത്തികവുമായ നീതിക്കുള്ള അവകാശവും തുല്യതയ്ക്കും അവസരസമത്വത്തിനുമുള്ള അവകാശവും മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടന രൂപപ്പെടുമ്പോൾ ഇന്ത്യയിലെ ഭൂമി, സമ്പത്ത്, വ്യവസായം, ഉദ്യോഗം, രാഷ്ട്രീയാധികാരം എന്നിവ ന്യൂനപക്ഷം വരുന്ന മുന്നോക്ക സമുദായങ്ങളുടെ കൈവശമാണുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന പിന്നോക്കസമുദായങ്ങൾ ഭൂമിയോ സമ്പത്തോ അധികാരമോ ഉദ്യോഗമോ നിഷേധിക്കപ്പെട്ട നിലയിലുമായിരുന്നു. ഇങ്ങനെ അയിത്തം, ജാതിവിവേചനം തുടങ്ങിയവമൂലം നിഷേധിക്കപ്പെട്ട അവസരങ്ങൾ പ്രാതിനിധ്യമെന്ന അവകാശത്തിലൂടെ നികത്തിയെടുത്ത് സാമൂഹികനീതിയും തുല്യതയും സ്ഥാപിച്ചെടുക്കുക എന്നതാണ് ഭരണഘടന ലക്ഷ്യം വെച്ചത്. അതിനായിട്ടാണ് ഭരണഘടനയുടെ മൗലിക അവകാശപട്ടികയിൽ 15(4) 16(4) എന്നീ ഉപവകുപ്പുകളിലായി സംവരണവ്യവസ്‌ഥ ഉൾപ്പെടുത്തിയത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും പ്രാധിനിത്യം ഉറപ്പു നല്കാൻ സർക്കാരുകളെ ചുമതലപ്പെടുത്തുന്നതാണ് ഈ വ്യവസ്ഥകൾ. ഭരണഘടന നിലവിൽ വന്ന് 70 വർഷം കഴിഞ്ഞെങ്കിലും ഭരണഘടന വിഭാവനം ചെയ്ത തുല്യതയും അവസരസമത്വവും സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഒരിന്ത്യൻ യാഥാർത്ഥ്യമായി നിലനിൽക്കുന്നു എന്നാണ് വസ്തുതകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.
ഇന്ത്യയിലെ പിന്നോക്കവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക നില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 1975 ൽ രൂപീകരിച്ച മണ്ഡൽ കമ്മിഷൻ 1980 ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ രണ്ടാം വാല്യത്തിൽ ഏട്ടാമത്തെ അനുബന്ധമായി കേന്ദ്ര സർക്കാർ ഉദ്യോഗങ്ങളിലെ ജാതി തിരിച്ചുള്ള കണക്കുകൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർവീസ്സുകളിലെ ഒന്നാം ക്‌ളാസ് തസ്തികകളിൽ 25 ശതമാനം വരുന്ന പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ പ്രാധിനിത്യം 5.68% ആണ് ( ജനസംഖ്യാനുപാതിക സംവരണം 22.5%). അതെ സമയം ഇന്ത്യൻ ജനസംഖ്യയുടെ 52% വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം 4.9% മാത്രമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 77% ജനസംഖ്യയുള്ള പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളുടെ സർക്കാർ സർവീസ്സിലെ പ്രാധിനിത്യം 10.37% ആയിരിക്കുമ്പോൾ ജനസംഖ്യയുടെ 20% മാത്രമുള്ള മുന്നോക്ക സമുദായങ്ങളുടെ കേന്ദ്ര സർവീസ്സിലെ പ്രാതിനിധ്യം 89.63% മാണ്. ഇതാണ് മണ്ഡൽ കമ്മിഷൻ വെളിപ്പെടുത്തിയത്. മണ്ഡൽ കമ്മിഷൻ പുറത്തു കൊണ്ടുവന്ന ഈ ഭീമമായ പ്രാതിനിധ്യക്കുറവ് നികത്തുന്നതിനാണ് 52% വരുന്ന പിന്നോക്ക സമുദായങ്ങൾക്ക് 27%സംവരണം നിശ്ചയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന വി.പി. സിംഗ് 1990 ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെതുടർന്ന് ഇന്ത്യയിലെ സംവരണവിരുദ്ധർ നടത്തിയ മണ്ഡൽ വിരുദ്ധ സമരങ്ങളും ആത്മാഹുതികളും കലാപങ്ങളും ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. 52% വരുന്ന പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസ്സിൽ 27% സംവരണം നടപ്പാക്കിയെങ്കിലും ഇന്നും അത് നേടിയെടുക്കാൻ ആ സമുദായങ്ങൾക്ക് സാധിച്ചിട്ടില്ല.
2014-15 ൽ യു.ജി.സി. ഇന്ത്യയിലെ പ്രധാനപ്പെട്ട 74 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകപ്രാതിനിധ്യത്തെക്കുറിച്ച് നടത്തിയ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് (All India Survey of Higher Education Provisional Report 2014-15). ഇന്ത്യയിലെ ഐ.ഐ.ടി., ഐ.ഐ.എം തുടങ്ങിയ ഉന്നതവിദ്യഭ്യാസമേഖലയിലെ അധ്യാപകരിൽ 86.86% വും സവർണ്ണ സമുദായങ്ങളാണ് എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്ന് പറഞ്ഞാൽ ഇന്ത്യയിലെ 74.45% വരുന്ന പിന്നോക്ക, ദളിത് ആദിവാസി, ന്യൂനപക്ഷ അദ്ധ്യാപകരുടെ പ്രാതിനിധ്യം കേവലം 15.4% മാത്രമാണ് എന്ന് ചുരുക്കം. 20% ജനസംഖ്യ മാത്രമുള്ള സവർണ്ണ സമുദായങ്ങളാണ് 86.86% തസ്തികകളും കയ്യടക്കി വെച്ചിരിക്കുന്നത്. 1975 ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയത്തെ സർക്കാർ സർവീസിലെ പ്രാതിനിധ്യ നില തന്നെയാണ് 40 വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിലെ അതിപ്രശസ്തമായ ഉന്നത വിദ്യാഭ്യാസമേഖലയിലും നിലനിൽക്കുന്നത്!. അവസര സമത്വമോ സാമൂഹികനീതിയോ ഭരണഘടനാതത്വങ്ങളോ നടപ്പിലാക്കാനിനിയും കഴിഞ്ഞിട്ടില്ലാത്ത സർക്കാർ മേഖലകളിൽ നിലവിൽ തന്നെ മേൽ സൂചിപ്പിച്ച പ്രകാരം അധിക പ്രാതിനിധ്യം അനുഭവിക്കുന്ന വിഭാഗങ്ങൾക്കാണ് സാമ്പത്തിക സംവരണത്തിന്റെ പേരിൽ 10% തസ്തികകൾ കൂടി അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ഭരണഘടന ഉറപ്പു നൽകുന്ന സാമൂഹികനീതി അട്ടിമറിക്കുന്നതിനും അധികാരവും സമ്പത്തും സവർണ്ണർക്ക് മാത്രമായി ഉറപ്പിച്ചെടുക്കുകയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ദളിത് ആദിവാസി വിഭാഗങ്ങളെയും രാജ്യത്തിന്റെ ഭരണ നിർവഹണ പ്രക്രിയകളിൽ നിന്നും തദ്വാരാ അധികാരത്തിൽ നിന്നുതന്നെയും പുറംതള്ളി അപര ജനതയായി സ്ഥാപിച്ചെടുക്കുകയെന്ന ഹിന്ദുത്വ അജണ്ടയാണ് ബി.ജെ.പി സർക്കാരിന്റെ സാമ്പത്തിക സംവരണ നടപടിയുടെ അന്തസത്ത. മറിച്ച് ഒരു വാദത്തിനായിപ്പോലും സവർണ്ണ സമുദായങ്ങൾക്ക് സർക്കാർ സർവീസ്സിൽ പ്രാതിനിധ്യകുറവുണ്ടായതിന്റെയോ ആ സമുദായങ്ങൾ സാമുദായികമായി പിന്നോക്കമായിപോയെന്നോ തെളിയിക്കുന്ന വസ്തുതകളോ റിപ്പോർട്ടുകളോ തെളിവായി ഹാജരാക്കുക പോലും സർക്കാരിന്റെ ബാധ്യതയാകാതിരുന്നതും മേൽ സൂചിപ്പിച്ച കാരണം കൊണ്ടുതന്നെയാണ്.
കേരളത്തിൽ ഇടത് സർക്കാർ നടപ്പിലാക്കിയ മുന്നോക്ക സംവരണവും കേന്ദ്രത്തിന്റെ ഹിന്ദുത്വ നയങ്ങളുമായിതന്നെയാണ് ബന്ധുത്വം സ്ഥാപിക്കുന്നത്. 2016ലെ ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സി. വഴിയാക്കുമെന്നായിരുന്നു. മറ്റൊന്ന് മുന്നോക്കരിലെ പിന്നോക്കർക്കു സംവരണം നടപ്പിലാക്കും എന്നുമായിരുന്നു. എന്നാൽ എൻ.എസ്.എസിന്റെ ( നായർ സർവീസ് സൊസൈറ്റി ) രൂക്ഷമായ എതിർപ്പിനെ തുടർന്നു ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നത് ഒഴിവാക്കി, പ്രത്യക 'നിയമന ബോർഡ്' രൂപീകരിക്കുകയും ദേവസ്വം നിയമനങ്ങളിൽ മുന്നോക്കാവിഭാഗക്കാർക്ക് 10% സംവരണവും നടപ്പിലാക്കി. ദേവസ്വം ബോർഡിൽ മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം നടപ്പിലാക്കി ഉത്തരവിറക്കിയപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്ദ്യോഗങ്ങളിൽ 96% വും മുന്നോക്കകാർ മാത്രമായിരുന്നു. 96% പ്രതിനിധ്യമുള്ള മുന്നോക്കകാർക്കാണ് സർക്കാർ 10% മുന്നോക്ക സംവരണം കൂടി നടപ്പിലാക്കി 'ചരിത്രം' സൃഷ്ടിച്ചത്.
2017 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗപ്രാതിനിധ്യം
സമുദായം ഉദ്യോഗം ശതമാനം
നായർ 5020 82.33
ബ്രാഹ്മണർ 850 13.94
ഈഴവർ 207 3.39
പട്ടികജാതി/വർഗ്ഗം 20 0.32
ആകെ മുന്നോക്കം 5870 96.27
ആകെ 6097 100
കേരള കൗമുദി ദിനപ്ത്രം 26.11.17
1891 ൽ കെ.പി. ശങ്കര മേനോൻ ബി.എ. ബി.എല്ലിന്റെ നേതൃത്വത്തിലാണ് തിരുവിതാംകൂറിൽ ആദ്യത്തെ സംവരണ പ്രക്ഷോഭം ആരംഭിച്ചത്. സർക്കാർ സർവീസ്സിൽ പ്രതിനിധ്യം ആവശ്യപ്പെട്ടു കൊണ്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ (മലയാളി മെമ്മോറിയൽ) ആമുഖത്തിൽ പറയുന്നതിങ്ങനെയാണ് "സ്വന്തം രാജ്യത്തുള്ള ഭരണകൂടത്തിലെ സേവനത്തിൽ അർഹമായ വിഹിതം ഞങ്ങൾക്ക് നിഷേധിച്ചിരിക്കുന്നത് കൊണ്ടും ഞങ്ങളെ സർവീസിലുള്ള ഉയർന്ന തസ്തികകളിൽ നിന്ന് വ്യവസ്ഥാപിത തന്ത്രങ്ങൾ ഉപയോഗിച്ച് ഒഴിവാക്കിയിരിക്കുന്നത് കൊണ്ടുമാണ്" മെമ്മോറിയൽ സമർപ്പിക്കുന്നത് എന്നാണ്. മലയാളി മെമ്മോറിയൽ സമർപ്പിക്കുന്നതിനു ആധാരമായി അവർ ഉയർത്തിക്കാട്ടിയത് 1881ലെ സെൻസസ് റിപ്പോർട്ടിലെ ജനസംഖ്യ അനുപാതവും സർക്കാർ ഉദ്യോഗങ്ങളിലെ പ്രതിനിധ്യ കണക്കുകളുമാണ്. 1889ൽ തിരുവിതാംകൂർ ദിവാൻ ആയിരുന്ന അൽമാനക്ക് പ്രസിദ്ധപ്പെടുത്തിയ പട്ടികപ്രകാരം 50 രൂപയോ അതിനു മുകളിലോ ശമ്പളം ലഭിക്കുന്ന സർക്കാർ ജോലികളിൽ ഭൂരിഭാഗവും പരദേശി ബ്രഹ്മണരും പരദേശി ശൂദ്രരരും ആയിരുന്നു. ഇവർ സർക്കാർ ഉദ്യോഗങ്ങളിലെ ഭൂരിഭാഗം കൈക്കലാക്കിയപ്പോൾ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മലയാളി ശൂദ്രർക്ക് (നായർ) 5% ഉദ്യോഗം മാത്രമാണ് ലഭ്യമായത്.
മലയാളി മെമ്മോറിയൽ എന്ന ജനസംഖ്യാനുപാതിക പ്രതിനിത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തെതുടർന്ന് നായർ സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം അനുവദിച്ചു തുടങ്ങി. തുടർന്ന് 1931 ആകുമ്പോഴേക്കും നായർ സമുദായം സർക്കാർ ഉദ്യോഗങ്ങളുടെ പകുതിയിലധികം (54.24%) പ്രാതിനിധ്യം നേടിയെടുക്കുന്ന വിധത്തിലേക്കു മാറി. സർക്കാർ സർവീസിൽ സംവരണമാവശ്യപ്പെട്ട് മലയാളി മെമ്മോറിയൽ സമർപ്പിക്കുന്ന വേളയിൽ നായർ സമുദായത്തിന്റെ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തേക്കാൾ കുറവായിരുന്നു എങ്കിൽ ആദ്യത്തെ സംവരണപ്രക്ഷോഭം അരങ്ങേറി 126 വർഷം പിന്നിടുന്ന 2016-ൽ അതെ സമുദായത്തിന് 10% സംവരണം കൂടി അനുവദിച്ചുത്തരവായപ്പോൾ ദേവസ്വം ബോർഡിൽ നായർ സമുദായത്തിന്റെ പ്രാധിനിത്യം 82.2% ആണ് എന്നോർക്കണം. ഇത്രയും ഭീമമായ പ്രാധിനിത്യം അനുഭവിക്കുന്ന സമുദായത്തിന് തന്നെ 10% കൂടി സംവരണം നടപ്പിലാക്കുന്നതിന്റെ യുക്തി വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ള മുന്നോക്കപ്രീണനം മാത്രമല്ല, സർക്കാർ സംവിധാനങ്ങളിൽ നിന്ന് പിന്നോക്ക ദളിത് ആദിവാസി അതിപിന്നോക്ക വിഭാഗങ്ങളെ പുറംതള്ളുകയെന്ന നവഹിന്ദുത്വ അജണ്ടകൂടി ഉള്ളടക്കം ചെയ്യപ്പെട്ടതാണ്.
മുന്നോക്ക സംവരണം പി.എസ്.സിയിൽ
ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ രണ്ടാംഘട്ടമായി യുദ്ധകാലാടിസ്ഥാനത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങളിലും 10% മുന്നോക്ക സംവരണം ഉൾപ്പെടുത്തി ഉത്തരവിറക്കി (2020 നവംബർ ). ദേവസ്വം ബോർഡിൽ 10% മുന്നോക്ക സംവരണം നടപ്പിലാക്കിയപ്പോൾ അവിടെയുണ്ടായിരുന്ന മുന്നോക്ക ഉദാദ്യോഗ പ്രാതിനിധ്യം നാം കണ്ടു കഴിഞ്ഞതാണ്. അതേ പോലെ PSC നിയമനങ്ങളിൽ 10% മുന്നോക്ക സംവരണം നടപ്പിലാക്കിയ സാഹചര്യത്തിൽ സർക്കാർ സർവിസിലെ പ്രാതിനിധ്യം പരിശോധനക്ക് വിധേയമാക്കുന്നത് ഉചിതമായിരിക്കും. 2006ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളപഠനങ്ങൾ എന്ന പുസ്തകത്തിൽ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാധിനിത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.12.5% ജനസംഖ്യയുള്ള നായർ സമുദായത്തിന്റെ സർക്കാർ സർവീസിലെ അധിക പ്രാതിനിധ്യം 40.5 ആണ് എന്ന് ഈ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതെ സമയം പട്ടികജാതി പട്ടികവർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് സംവരണാനുസൃത പ്രാതിനിധ്യം ലഭിച്ചിട്ടുമില്ല എന്നാണ് വ്യക്തമാക്കുന്നത്.
പി.എസ്.സി. : മുന്നോക്ക സംവരണവും സർക്കാർ ഭാഷ്യവും
പി.എസ്.സി. നിയമനങ്ങളിൽ മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കുന്നത് മൂലം പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടം സംഭവിക്കുന്നില്ല എന്ന വിചിത്ര വാദമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടമില്ല എന്നതിന് തെളിവായി ഉന്നയിക്കുന്ന വാദം മുന്നോക്കകാരുടെ സംവരണം ഓപ്പൺ മെരിറ്റിലെ 50 ശതമാനത്തിൽ നിന്നാണ് നൽകുന്നത് എന്നാണ്. പി.എസ്.സി. നിയമന ചാർട്ട് പ്രകാരം 50% ഓപ്പൺ മെറിറ്റ് എന്ന് പറയുന്നത് കൂടുതൽ മാർക്ക് കരസ്ഥമാക്കിയ എല്ലാ വിഭാഗം ഉദ്യോഗർഥികൾക്കും ഒരുപോലെ അർഹതപ്പെട്ടതാണ്. അതിൽ നിന്നും 10% തസ്തികകൾ മുന്നോക്കരിലെ പിന്നോക്കർക്ക് മാത്രമായി മാറ്റിവെയ്ക്കുമ്പോൾ കൂടുതൽ മാർക്ക് നേടി ജനറൽ മെരിറ്റിൽ സ്ഥാനമുറപ്പിച്ച മൂന്നോക്കേതര ഉദ്യോഗാർഥികളുടെ 10% പോസ്റ്റുകളാണ് നഷ്ടപ്പെടുന്നത്. പി.എസ്.സി. നിയമനങ്ങളുടെ ബാലപാഠമറിയുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് വ്യാജ പ്രചാരങ്ങളാണ് സർക്കാരും പ്രചാരണസംഘങ്ങളും നടത്തി കൊണ്ടിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസും മുന്നോക്ക സംവരണവും
ഐ.എ.എസ്. കേഡറിലുള്ള ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നതിന്റെ ഫലമായി രൂപീകരിച്ചിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ്സിൽ നിന്ന് മൂന്നു കാറ്റഗറികളിലായി 90 പോസ്റ്റുകൾ ആണുള്ളത്. സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് എന്നിങ്ങനെ തിരിച്ച് ഓരോ സ്ട്രീമിലും മുപ്പതു പേരെ വീതമാണ് നിയമനം നടത്തുക. പബ്ലിക് സർവീസ് കമ്മീഷൻ ചാർട്ട് പ്രകാരം നിയമനം നടത്തുമ്പോൾ ചാർട്ടിലെ ആദ്യത്തെ 30 വരെയുള്ള സംവരണ വിഭാഗങ്ങൾക്ക് മാത്രമേ സ്ട്രീം ഒന്നിലും സ്ട്രീം രണ്ടിലും സ്ട്രീം മൂന്നിലും നിയമനം ലഭിക്കുകയുള്ളു.
റോട്ടേഷൻ ചാർട്ടിൽ 44ഉം 92ഉം സ്ഥാനത്തു വരുന്ന പട്ടികവർഗക്കാർക്ക് ഒരിക്കലും സംവരണ പ്രകാരം KAS ൽ നിയമനം ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. അതേപോലെ ചാർട്ടിൽ 38 ഉം 60 ഉം സ്ഥാനത്ത് വരുന്ന നാടാർ 50 സ്ഥാനത്ത് വരുന്ന ധീവര 48 സ്ഥാനത്ത് വരുന്ന പരിവർത്തിതക്രിസ്ത്യൻ വിഭാഗങ്ങൾക്കും സംവരണ പ്രകാരമുള്ള നിയമനം ലഭിക്കില്ല. 3% സംവരണമുള്ള വിശ്വകർമ്മയ്ക്കു ഇരുപതാമത്തെ ഒരു സംവരണ പോസ്റ്റ് മാത്രമേ ലഭിക്കൂ. അതേ പോലെ ദളിത് മുസ്ലിം ഒ.ബി.സി. വിഭാഗങ്ങൾക്കും സംവരണനഷ്ടം സംഭവിക്കും.
അതേ സമയം റൊട്ടേഷൻ ചാർട്ടിൽ മുന്നോക്ക സംവരണ പ്രകാരം 9,19,29 ടേണുകളിലായി മുന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് സ്ട്രീമുകളിലും കൂടെ ഒൻപത് തസ്തികകൾ ലഭിക്കും. സംസ്ഥാനത്തിന്റെ നയരൂപീകരണമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പട്ടികജാതി - പട്ടികവർഗ്ഗക്കാരും ധീവരയും പരിവർത്തിത ക്രിസ്ത്യനുമടക്കമുള്ള സംവരണീയർ പുറന്തള്ളപ്പെടുകയും മുന്നോക്ക വിഭാഗങ്ങൾക്ക് അധിക പ്രതിനിത്യം ലഭിക്കുകയും ചെയ്യുക എന്നതിനർത്ഥം, ആധുനിക ജനാധിപത്യ പ്രക്രിയയെ സവർണ-ഹിന്ദുത്വ താൽപര്യങ്ങൾക്ക് അടിയറ വെക്കുകയെന്നത് തന്നെ. സാമൂഹികനീതി കൂടുതൽ അപകടപ്പെടുക എന്നതിനപ്പുറം ഭരണഘാനയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രമായി വേണം മുന്നോക്ക സംവരണത്തെ കണക്കാക്കേണ്ടി വരിക. ശബരിമല വിലക്കിനെതിരെ ലിംഗസമത്വവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ നടന്ന സവർണ സമുദായങ്ങളുടെ പടപ്പുറപ്പാട് കേരളം മറന്നിട്ടില്ലല്ലോ!
സംവരണവും ഇടത് സമീപനങ്ങളും
കേരളത്തിൽ മുന്നോക്ക സംവരണം നടപ്പിലാക്കിയതിനെ ന്യായീകരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന ഇടത് പാർട്ടികളുടെയും പ്രചാകരുടെയും വാദങ്ങളിലൊന്ന്, കേരളത്തിലാദ്യമായി ദളിതർക്കും പിന്നോക്ക മുസ്ലിം വിഭാഗങ്ങൾക്കും ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് ഇ.എം.എസ്. സർക്കാരാണ് എന്നതാണ്. ചരിത്ര വസ്തുതകളുടെ പിൻബലം ഇല്ലാതെയുള്ള ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം സാമാന്യ ജനതയെ ആശയകുഴപ്പത്തിൽ ചാടിക്കുകയെന്നതാണ്. കേരളത്തിലാദ്യമായി ദളിതർക്കും പിന്നോക്കകാർക്കും മുസ്ലിംങ്ങൾക്കും ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആണോ? അല്ല എന്നതാണ് ഉത്തരം. ഇ.എം.എസ്. സർക്കാർ പിറവി കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്വാട്ട നിശ്ചയിച്ചു സംവരണം നടപ്പിലാക്കിയിട്ടുണ്ട്.
മലബാറിൽ ക്വാട്ട നിശ്ചയിച്ചു സംവരണം നടപ്പിലാക്കിയത് 1934 ലാണ്. നേരത്തെ നിയമനങ്ങൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രൂപീകരിച്ച് നിയമനങ്ങളിൽ സംവരണം ഉൾപ്പെടുത്തിയെങ്കിലും സംവരണ വിരോധികളുടെ ഇടപെടൽ മൂലം സംവരണം നടപ്പാക്കാനായില്ല.1934 ൽ ബ്രിട്ടിഷിന്ത്യ സെക്രട്ടറി ആയിരുന്ന എം.ജി. ഹാലറ്റ് സമുദായിക സംവരണം പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി പ്രസ്തുത ഉത്തരവിൽ അഖിലേന്ത്യ സർവീസുകളിലും പ്രാദേശിക സർവീസുകളിലും ഇന്ത്യാക്കാർക്ക് നീക്കി വെച്ചിട്ടുള്ള തസ്തികകളിൽ 25% മുസ്ലിങ്ങൾക്കും മൂന്നിലൊന്നു മറ്റ് സമുദായങ്ങൾക്കും സംവരണം നൽകണമെന്ന് നിശ്ചയിച്ചു.
തിരുവിതാംകൂറിൽ സംവരണം നടപ്പിലാക്കിയത് 1936 ലാണ് ജനസംഖ്യാനുപാതിക സംവരണം ( നിയമനങ്ങളിൽ ) ആവശ്യപ്പെട്ടുകൊണ്ട് 1932ൽ ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ സംയുക്തമായി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെയും അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ എന്നിവരുടെയും ശ്രമഫലമായി 1936ൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തി. 60% മെറിറ്റും 40% സാമുദായിക സംവരണ പ്രകാരവും നിയമനം നടത്തി തുടങ്ങി. കൊച്ചിയിൽ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1937 ലാണ്. കൊച്ചിൻ സ്റ്റാഫ് സെലക്ഷൻ ബോർഡിലെ സംവരണ ക്വാട്ട: നായർ 16%, തമിഴ് ബ്രാഹ്മണർ 4%, ഈഴവർ 20% പുലയർ 4% മറ്റുഹിന്ദുക്കൾ 10%, എൽ.സി. 6% മറ്റ് ക്രിസ്ത്യൻ 6% മുസ്ലിം 6% ജൂതർ 2% പിന്നോക്കരും അധഃകൃത വർഗ്ഗക്കാരും 16% എന്നിങ്ങനെ ആയിരുന്നു.
തിരുകൊച്ചിയിൽ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1949 ലാണ്. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി സ്റ്റേറ്റ് നിലവിൽ വന്നപ്പോൾ രണ്ടിടങ്ങളിലേയും സംവരണതോത് ഏകീകരിക്കേണ്ടതായിരുന്നു. എല്ലാ നിയമനങ്ങളിലും 55% മെരിറ്റും, 45% സമുദായിക സംവരണവും നിശ്ചയിച്ചു. സാമുദായിക സംവരണത്തിൽ പട്ടികജാതി 45% , പട്ടികവർഗ്ഗം 10%, പിന്നോക്കർക്കുമായി 35% വും സംവരണവും നിശ്ചയിച്ചു. 35% പിന്നോക്ക ക്വാട്ടയിൽ ഈഴവ 13%, മുസ്ലിം 5%, കമ്മാളർ 3%, നാടാർ 3%, എസ്.ഐ.യു.സി. 1%, എൽ.സി. 6%, മറ്റ് ഹിന്ദു 2%, പരിവർത്തിത ക്രിസ്ത്യൻ 2% എന്നിങ്ങനെ പ്രത്യക ക്വാട്ടകളാക്കി തിരിച്ചു.
ഐക്യകേരളം രൂപം കൊണ്ടപ്പോൾ മലബാറിലെയും തിരുകൊച്ചിയിലെയും വ്യത്യസ്ത സംവരണ ക്വാട്ട ഏകീകരിച്ച് നടപ്പിൽ വരുത്തിയത് 1957 ഫെബ്രുവരിയിലാണ്. ഇ.എം.എസ്. സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപ് 1956 ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ട് പ്രകാരം പിന്നോക്ക വിഭാഗങ്ങളെയും പട്ടികജാതി വർഗങ്ങളെയും പുനർനിർണ്ണയിച്ചു. തിരുവിതാംകൂറിലെ 8 സമുദായങ്ങൾ കൂടാതെ 70 സമുദായങ്ങൾ കൂടി പിന്നോക്കലിസ്റ്റിൽ ഇടം പിടിച്ചു. പട്ടികജാതി പട്ടിക്കവർഗ്ഗ വിഭാഗങ്ങൾക്ക് 10% സംവരണം നടപ്പിലാക്കിയത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് എന്നതാണ് മറ്റൊരു പ്രചരണം. ഐക്യ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന 10% പട്ടിക ജാതി പട്ടികവർഗ്ഗ സംവരണം 8% പട്ടികജാതിക്കും 2% പട്ടികവർഗത്തിനും വിഭജിച്ചു നൽകി എന്നത് മാത്രമാണ് ഇ.എം.എസിന്റെ 'സംഭാവന'!
സാമൂഹിക വികാസത്തിന്റെ മൂന്നുപാധിയായി വർഗ്ഗ സംഘർഷങ്ങളെയും വർഗ്ഗവിശകലന രീതികളെയും പിൻപറ്റുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യൻ സമൂഹ്യ ജീവിതത്തിലെ ജാതിയെയും അത് സൃഷ്ടിച്ച സാമൂഹ്യ വൈരുധ്യങ്ങളെയും മനസ്സിലാക്കുന്നതിൽ എല്ലാ കാലത്തും അപകടങ്ങൾ പിണഞ്ഞിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം ജാതി ചിന്ത ശാശ്വതീകരിക്കുമെന്ന് പ്രഖ്യാപിക്കാൻ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ പ്രേരിപ്പിക്കുന്നതും ഇതേ രാഷ്ട്രീയ കാഴ്ച്ചപ്പാടിലെ പിഴവ് മൂലമാണ്.
1958ലെ ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ പത്താമത്തെ അദ്ധ്യായത്തിൽ സൂചിപ്പിക്കുന്നത് ഇങ്ങനെ ആണ്. " The most important point, however is that the system creates a psychology among all the communities by which caste and communal consciousness perpetuated". ഇതേ റിപ്പോർട്ടിലെ summary and recommendations എന്ന അധ്യ യത്തിൽ 96 മതായി ചേർത്തിരിക്കുന്നത് "As a first step towards the recognitions of economic backwardness as the index for giving state protection in recruitment to services, it is suggested that the benefits of reservation for back ward classes should be given only those who fall below certain economic level.
ഇന്ത്യയിലെ മുതിർന്ന ഇടത് പക്ഷ നേതാക്കളുടെ പോലും എതിർപ്പിനിടയാക്കിയ ഇ.എം.എസിന്റെ സാമ്പത്തിക സംവരണ വാദങ്ങൾ തന്നെയാണ്,1957 ലെ സർക്കാരിന്റെ തുടർച്ചയാണെന്ന വകാശപ്പെടുന്ന പിണറായി വിജയൻ സർക്കാരും പിൻപറ്റുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടി മാത്രമല്ല പശ്ചിമ ബംഗാളിലും ഇതേ നിലപാടാണ് പാർട്ടി ആവർത്തിച്ചിരുന്നത്. 1980 ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു സർക്കാർ സർവീസിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകേണ്ടതുണ്ടോ എന്നന്വഷിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒറ്റ മാസം കൊണ്ട് തന്നെ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. കമ്മറ്റി റിപ്പോർട്ടിൽ,"പിന്നോക്കാവസ്ഥ നിർണ്ണയിക്കാനുള്ള മുഖ്യമാനദണ്ഡങ്ങൾ ദാരിദ്ര്യവും താഴ്ന്ന ജീവിത നിലവാരവുമാണ്. മറിച്ച്, ജാതിയല്ല. അതുകൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകേണ്ടതില്ല" എന്ന നിലപാടാണ് സ്വീകരിച്ചത്.
മേൽ സൂചിപ്പിച്ച റിപ്പോർട്ട് പുറത്തു വരുന്ന കാലത്ത് പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 55.99% വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സർക്കാർ സർവീസിലെ പ്രാതിനിധ്യം 9.5% മാത്രമായിരുന്നു എന്നു മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 18.39% ജനസംഖ്യയുള്ള സവർണ്ണ സമുദായങ്ങളുടെ കൈവശമായിരുന്നു പശ്ചിമ ബംഗാൾ സർക്കാർ. സർവീസിലെ 76% വും ഈ സവർണ്ണർ ആയിരുന്നു. ജാതി എങ്ങനെയാണ് അധികാരവും പദവിയും വിഭവങ്ങളും ചില സമുദായങ്ങളിൽ നിന്ന് എടുത്തു മാറ്റുകയും ചില പ്രത്യക സമുദായങ്ങളുടെ കയ്യിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് എന്നത് തിരിച്ചറിയുന്നതിനുള്ള വീഴ്ചയാണ് സംവരണത്തെ സാമ്പത്തിക മാനദണ്ഡവുമായി കൂടി കലർത്തുന്നതിനു പിന്നിൽ. മുന്നോക്ക സംവരണം ആദ്യമായി നടപ്പിലാക്കിയ കേരളത്തിന്റെ കാര്യമെടുത്താൽ തന്നെ മൊത്തം സർക്കാർ ഉദ്യോഗനിയമനങ്ങളിലും നാളിതുവരെ സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് കാണാം.
2015 ൽ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 544845 സർക്കാർ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. ഇതിൽ രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥരും എയ്ഡഡ് മേഖലയിലാണ് ഉള്ളത്. ഇത്രയും പേരെ പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയല്ല നിയമിക്കുന്നത്. എന്നുവെച്ചാൽ സംവരണം ബാധകമല്ലാത്ത നിയമങ്ങളാണിത്രയും. മാത്രമല്ല, മാനേജ്‍മെന്റുകൾ സ്വന്തം സമുദായംഗങ്ങളെ കോഴ വാങ്ങി നിയമിക്കുകയും സർക്കാർ ശമ്പളം നൽകുകയും ചെയ്യുന്ന രീതിയാണിവിടെ. എയ്ഡഡ് മേഖലയിലെ രണ്ടുലക്ഷം കഴിഞ്ഞാൽ ഒരു ലക്ഷത്തോളം സർക്കാർ ഉദ്യോഗങ്ങൾ വീണ്ടും പി.എസ്.സി. വഴിയല്ലാതെ നിയമിക്കുന്ന തസ്തികകളാണ്. ഇവിടെയും സംവരണം നടപ്പിലാക്കുന്നില്ല. എന്നു മാത്രമല്ല ഇത്തരം നിയമനങ്ങളിൽ 90% സവർണ്ണ സമുദായങ്ങളെ മാത്രം പരിഗണിക്കുന്ന ഇടങ്ങളുമാണ്. ബാക്കി വരുന്ന രണ്ടര ലക്ഷത്തിനടുത്ത് നിയമനങ്ങളിൽ മാത്രമാണ് പട്ടികജാതി പട്ടികവർഗ്ഗങ്ങളടക്കമുള്ള വിഭാഗങ്ങൾക്ക് സംവരണ പ്രകാരമുള്ള നിയമനവകാശം അനുവദനീയ മായിട്ടുള്ളു. ആ മേഖലയിൽ കൂടി 10% മുന്നോക്ക സംവരണം നടപ്പിലാക്കുക എന്നത് സാമൂഹിക നീതിക്കുമേൽ അടിക്കുന്ന അവസാന ആണിയാണെന്ന കാര്യത്തിൽ തർക്കമില്ല. ഭരണഘടനയെ ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികൾ ഭരണഘടനയക്ക് പകരം മനുസ്മൃതി പുന:സ്ഥാപിക്കമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന തീവ്രഹിന്ദുത്വവുമായിട്ടാണ് ചങ്ങാത്തത്തിലേർപ്പെടുന്നത്. ന്യൂനപക്ഷ പിന്നോക്ക ദളിത് ബഹുജന ഐക്യത്തിലൂടെ മാത്രമേ നവ ഹിന്ദുത്വ അജണ്ടകളെയും അത്തരം അജണ്ടകൾ നടപ്പിലാക്കുന്ന ബ്രാഹ്മണ മാർക്സിസ്റ്റുകളെയും പ്രതിരോധിച്ചുകൊണ്ട് ഭരണഘടനാ തത്വങ്ങളെ വീണ്ടെടുക്കാനാകൂ.