Author Image ദി റൂട്സ് ഡെസ്ക്

ബുദ്ധമതത്തിലേക്ക് മാറിയ പട്ടികജാതിക്കാർക്കും ഇനി സംവരണ ആനുകൂല്യം

ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്കും ഇനി സംവരണം; വകുപ്പുതല നടപടികൾക്ക് സർക്കാർ ഉത്തരവിറക്കി. ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ പേരിൽ ഇത്രയും കാലം നവബൗദ്ധർക്ക് നഷ്ടമായിരുന്ന വിദ്യാഭ്യാസ, തൊഴിൽ സംവരണ ആനുകൂല്യങ്ങൾ ഇതോടെ പുനഃസ്ഥാപിക്കപ്പെടും.

ബുദ്ധമതം സ്വീകരിച്ച പട്ടികജാതി/പട്ടികവർഗ്ഗ സമുദായാംഗങ്ങൾക്ക് കേന്ദ്ര സർക്കാർ നിയമപരമായി അനുശാസിക്കുന്ന മാതൃകയിലുള്ള സമുദായ സർട്ടിഫിക്കറ്റ് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്നതിന് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. അതിനാൽ പട്ടികജാതി ബുദ്ധമത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് കേരള സർക്കാർ പുറപ്പെടുവിക്കണം, കൂടാതെ കേരള സർക്കാരിന്റെ കീഴിൽ വരുന്ന വിവിധ വകുപ്പുകളുടെ ഔദ്യോഗിക വെബ് പോർട്ടലുകളിൽ മതം രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നിടത്ത് ബുദ്ധമതം എന്ന നാമകരണം കൂടി ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബുദ്ധിസ്റ്റ് കൗൺസിലിന്റെ പ്രതിനിധികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ ഐ.എ.എസ്‌. ജനുവരി 30 ന് ഉത്തരവിറക്കിയത്.

1950-ലെ The Constitution (Scheduled Castes) Order-ന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഹിന്ദു/സിഖ്/ബുദ്ധമത വിശ്വാസികളുമായവരെ പട്ടികജാതിക്കാരായി കണക്കാക്കേണ്ടതാണ്. അതിനാൽ പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ മേൽ പരാമർശിച്ച മൂന്ന് മതങ്ങളിൽ ഏത് സ്വീകരിച്ചാലും അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുന്നതല്ല. ഇതുകൂടാതെ പട്ടികവർഗ്ഗത്തിൽപ്പെട്ടവർ ഏത് മതം സ്വീകരിച്ചാലും അവരുടെ പട്ടികവർഗ്ഗ പദവി നിലനിൽക്കുന്നതാണ്. എന്നാൽ, കേരളത്തിൽ ഈ ആനുകൂല്യം എല്ലാ വിഭാഗങ്ങൾക്കും കൃത്യമായി ലഭ്യമാക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങൾ നിലനിന്നിരുന്നു. 

പരിവർത്തിത ബുദ്ധവിഭാഗക്കാർക്ക് ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വെബ് പോർട്ടലുകൾ, കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വെബ് പോർട്ടൽ മുതലായവയിൽ മതം രേഖപ്പെടുത്തേണ്ട ഭാഗത്ത് 'ബുദ്ധമതം' കൂടി ഉൾപ്പെടുത്തും. ജാതി രേഖപ്പെടുത്തേണ്ട കോളങ്ങളിൽ 'ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി/പട്ടികവർഗ്ഗം (SC/ST converted to Buddhism) അഥവാ ബുദ്ധമതം- പട്ടികജാതി/ പട്ടികവർഗ്ഗം (ജാതിപ്പേര്/ഗോത്രനാമം) [Buddhist – SC/ST (caste name/tribe name)] ഇവയിൽ ഏതാണോ ഉചിതം അത് ഉൾപ്പെടുത്തുവാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.

പുതിയ ഉത്തരവിലൂടെ വകുപ്പുതലത്തിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യാൻ കഴിയും. ഇതോടെ, ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ പേരിൽ ഇത്രയും കാലം നവബൗദ്ധർക്ക് നഷ്ടമായിരുന്ന വിദ്യാഭ്യാസ, തൊഴിൽ സംവരണങ്ങൾ പുനഃസ്ഥാപിക്കപ്പെടും. വിദ്യാഭ്യാസ ആനുകൂല്യങ്ങളിലും പ്രവേശന പരീക്ഷകളിലും സ്കോളർഷിപ്പുകളിലും ഇവർക്ക് പട്ടികജാതി വിഭാഗത്തിന് തുല്യമായ പരിഗണന ലഭിക്കും. സർക്കാർ സർവീസിലുള്ളവർക്കും ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടാകും. 

കേന്ദ്ര സർക്കാർ ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളെ അതിന്യൂനപക്ഷ (Micro Minority) വിഭാഗമായി കണക്കാക്കുന്നുണ്ടെങ്കിലും കേരളത്തിലെ നവബൗദ്ധർക്ക് ഈ ന്യൂനപക്ഷ പദവി ലഭിച്ചിരുന്നില്ല. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിവർത്തിത ബൗദ്ധർക്ക് ന്യൂനപക്ഷ പദവിക്ക് കൂടി അർഹതയുണ്ടാകും എന്നതാണ് ഏറ്റവും നിർണ്ണായകം.

ഡോ. ബി.ആർ. അംബേദ്കറുടെ പാത പിന്തുടർന്ന് അസമത്വങ്ങളിൽ നിന്ന് മോചനം തേടി ബുദ്ധമതം സ്വീകരിച്ച വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവർക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. "മതം മാറിയതുകൊണ്ട് ഒരാളുടെ സാമൂഹികമായ പിന്നോക്കാവസ്ഥ ഇല്ലാതാകുന്നില്ല" എന്ന യാഥാർത്ഥ്യമാണ് ഈ ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

The Roots Media - TOWARDS SOCIAL DEMOCRACY