Author Image പ്രൊഫ. പി. സനൽമോഹൻ

ജാതി അടിമത്തത്തിന്റെ സാമൂഹ്യവിശകലനം

ഒരു ചരിത്രചിന്താപദ്ധതിയായ നവോത്ഥാനം എന്ന പരികല്പന മുന്നോട്ടുവെയ്ക്കുന്ന സങ്കീർണ്ണമായ മാറ്റങ്ങൾ കേരളീയസമൂഹത്തിൽ നാം കാണുന്നില്ല. കോളനിവത്കൃതമായ സമൂഹത്തിൽ നടന്ന ആധുനികവത്കരണമാണ് ഇവിടെ കാണുന്നത് എന്നും ജാതിക്കുള്ളിൽ നടന്ന പരിഷ്കരണ ശ്രമങ്ങളെ പെരുപ്പിച്ചുകാട്ടി, നവോത്ഥാനമാക്കുകയാണ് ചെയ്തത് എന്നും പ്രൊഫ. പി. സനൽമോഹൻ ഈ പഠനത്തിൽ നിരീക്ഷിക്കുന്നു. ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെ "നവോത്ഥാന" പ്രസ്ഥാനങ്ങളാക്കി ചുരുക്കിക്കാണുന്ന രീതിയിലാണ് കേരളത്തിൽ എഴുതപ്പെട്ടതെന്നും ദേശരാഷ്ട്ര രൂപീകരണത്തിലെ അധീശവ്യവഹാരമാണ് നവോത്ഥാനം എന്ന ആശയത്തിന്റെ ആധാരശിലയെന്നും ശ്രേദ്ധയ നിരീക്ഷണവും അദ്ദേഹം ഈ പഠനത്തിൽ മുന്നോട്ടുവെക്കുന്നു.

കേരളം ഒരു ആധുനിക സമൂഹമായി മാറുന്നതിൽ നിർണ്ണായകമായ പങ്ക് ജാതി അടിമത്തത്തിനെതിരായ പ്രവർത്തനങ്ങൾക്കും അതുവഴി സംജാതമായ അടിമത്ത നിരോധന വിളംബരങ്ങൾക്കുമുണ്ട്. പ്രധാനമായും മൂന്നു നിയമങ്ങളാണ് ഇതിൽ പരാമർശിക്കേണ്ടത്. ഒന്ന് ബ്രിട്ടീഷ് മലബാറിലെ അടിമത്ത നിരോധനപ്രഖ്യാപനം. അത് യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പാക്കിയ നിയമംമൂലം 1843-ൽ സംഭവിച്ചതാണ്. രണ്ടാമതായി 1855-ൽ തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് ഭരണാധികാരികളുടേയും അവരെ അതിനു നിർബ്ബന്ധിച്ച പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടേയും ഇടപെടൽമൂലം സംഭവിച്ചത്. മൂന്നാമതായി 1862-ൽ നടപ്പാക്കിയ അവസാനത്തെ നിയമത്തോടെ സമ്പ്രദായികമായ അർത്ഥത്തിൽ ജാതി അടിമത്തത്തിന്റെ പ്രയോഗം ഇല്ലാതായി. പക്ഷേ, യഥാർത്ഥ സാമൂഹ്യസ്ഥിതി എന്താണ്?

ഇന്നു ലഭ്യമായ ചരിത്രപരമായ തെളിവുകൾ വച്ചുനോക്കിയാൽ അടിമജാതികളിൽപ്പെട്ട സ്ത്രീ-പുരുഷന്മാരേയും കുട്ടികളെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായം 1930-കളിലും തുടർന്നിരുന്നതായി നമുക്കു കാണാൻ കഴിയും. ഒരുപക്ഷേ, ഒരു വലിയ വ്യത്യാസം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലും അതിനുമുമ്പുള്ള നൂറ്റാണ്ടുകളിലും കാണുന്നതുപോലെ അടിമക്കച്ചവടത്തിന്റെ തിരുശേഷിപ്പുകളായ കൈമാറ്റരേഖകൾ രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്ന സമ്പ്രദായം അതു ക്രിമിനിൽ കുറ്റമായി മാറിയതിനാൽ നമുക്കു ലഭ്യമല്ല എന്നതാണ്. എങ്കിലും മലബാർ-തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിൽനിന്നും അടിമക്കച്ചവടത്തേക്കുറിച്ച് ചില ചരിത്രരേഖകൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മലബാറിനെ സംബന്ധിച്ച്, കോഴിക്കോടു സർവ്വകലാശാലയിലെ അദ്ധ്യാപകരും പ്രശസ്ത ചരിത്രകാരന്മാരുമായ രാഘവവാരിയരും കെ.കെ.എൻ. കുറുപ്പും തങ്ങളുടെ പഠനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ചരിത്രപരമായ, അടിമത്തത്തിന്റെ നിലനില്പിന് ആധാരമായ തെളിവുകൾ തെരസാപ്പള്ളി ചെപ്പേടിന്റെ കാലംമുതൽ എങ്കിലും നമുക്കു ലഭ്യമാണ്. ഭൂവുടമസ്ഥതയിലും കാർഷിക ഉത്പാദനത്തിലും അടിസ്ഥാനമായ സാമൂഹ്യമായ വേർതിരിവുകളെക്കുറിച്ചുള്ള സൂചനകൾ സംഘകാലം മുതൽ ഇന്നത്തെ കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സമൂഹങ്ങളിൽ നിലനിന്നിരുന്നതായി പ്രശസ്ത ചരിത്രകാരന്മാരായ രാജൻ ഗുരുക്കളും രാഘവവാരിയരും സമർത്ഥിക്കുന്നു. അവരുടെ പഠനങ്ങൾക്കും മുൻപ്  രണ്ടാം ചേരരാജ്യത്തിന്റെ ചരിത്രമെഴുതിയ എം.ജി.എസ്. നാരായണനും അടിമജാതികളുടെ അദ്ധ്വാനത്തിലൂന്നിയ കാർഷികമേഖലയിലെ മിച്ചോത്പാദനം 9 മുതൽ 12 വരെ നൂറ്റാണ്ടുകളിലെ (ക്രിസ്തുവർഷം) സാമൂഹ്യ നിലനില്പിന് ആധാരമായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളം സന്ദർശിച്ച വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽ അടിമജാതികളെക്കുറിച്ചുള്ള പരാമർശം കൃത്യതയോടെ ഏറ്റവും ചുരുങ്ങിയത് പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകൾ മുതൽ നമുക്കു വായിക്കാൻ കഴിയും. ഇത്തരം വ്യവഹാരങ്ങളും അവയ്ക്ക് പിൻബലം നൽകുന്ന തെളിവുകളും നിലനിൽക്കുമ്പോൾ പോലും ഇന്നും പല ചരിത്രകാരന്മാരും അവർ വിമർശാധിഷ്ഠിത ചരിത്രം എഴുതുന്നു എന്നു അവകാശപ്പെടുമ്പോഴും കേരളത്തിൽ അടിമസമ്പ്രദായം നിലനിന്നിട്ടില്ല എന്നും ഒരുപക്ഷേ ദാസ്യജോലിക്ക് (Serfdom) സമാനമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്നും വാദിക്കുന്നു. പക്ഷേ, മുമ്പ് സൂചിപ്പിച്ച ചരിത്രസാഹചര്യങ്ങളിൽ, സ്ത്രീ-പുരുഷന്മാരും ആൺ-പെൺകുട്ടികളുമായ അടിമകളെ ചന്തയിൽ വാങ്ങുകയും വിൽക്കുകയും അത്തരം ആളുകളുടെ അദ്ധ്വാനശേഷി കാർഷിക ഉത്പാദനത്തിന്റെ ആധാരമായി മാറുകയും ചെയ്തിരുന്ന സാഹചര്യം ചരിത്രപരമായി രൂപപ്പെട്ടതിന്റെ തെളിവുകളും നമുക്കു ലഭിക്കുന്നു. ഭൂമിയോടൊപ്പം വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന മനുഷ്യരെക്കുറിച്ചുള്ള എഴുത്തുകൾ അടിമത്തത്തിന്റെ അസാദൃശ്യമായ പ്രയോഗത്തെയാണ് കാട്ടിത്തരുന്നത്.

കേരളം ആധുനികതയിലേക്കു കടന്നുകയറുന്ന കാലഘട്ടത്തിൽ ഇന്നു തെറ്റായ രീതിയിൽ നവോത്ഥാനമെന്നു വിളിക്കപ്പെടുന്നത് ഈ അടിമസമൂഹങ്ങളുടെ മനുഷ്യായുസ്സിനെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ കേരളീയ സമൂഹത്തിൽ നിന്നും ഉരുവാകുന്നത് നാം എവിടെയും കാണുന്നില്ല. നേരെമറിച്ച് തിരുവിതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പ്രവർത്തനമാരംഭിച്ച പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ എഴുത്തുകളിലാണ് അടിമ ജനസമൂഹങ്ങളെക്കുറിച്ചും അവരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചുമുള്ള നിർണ്ണായകമായ വിവരങ്ങൾ നമുക്കു ലഭിക്കുന്നത്. ഇത്തരം എഴുത്തുകളിലൂടെയാണ് അവർ മനുഷ്യരായി മനസ്സിലാക്കപ്പെടുന്നത്. ചരിത്രാന്വേഷണത്തിൽ ആധുനിക സമൂഹത്തിന്റെ മുഖമുദ്രയായി നാം മനസ്സിലാക്കുന്നത് ഇത്തരത്തിലുള്ള മാനുഷികാവസ്ഥകളുടെ അഭേദ്യമായ രൂപപ്പെടലും അതിന്റെ സ്വീകാര്യതയും മൂലം സംഭവിക്കുന്ന മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ടാണ്. ഇവയൊക്കെയും യൂറോപ്യൻ ചരിത്രാനുഭവങ്ങളുടെ, പ്രത്യേകിച്ചും യൂറോപ്യൻ നവോത്ഥാനത്തെ തുടർന്നു രൂപപ്പെടുന്ന പുത്തൻ ചിന്തകളുടെയും തദനുസൃതമായ മനോഘടകളുടെയും രൂപപ്പെടലോടെയാണ് സംഭവിക്കുന്നത്.

ചരിത്രപരമായ തെളിവുകളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഒരു ചരിത്രചിന്താപദ്ധതിയായ നവോത്ഥാനം എന്ന പരികല്പന മുന്നോട്ടുവെയ്ക്കുന്ന സങ്കീർണ്ണമായ മാറ്റങ്ങൾ-ശാസ്ത്രബോധം, യുക്തിചിന്ത, മാനവികത, അന്വേഷണാത്മകത, പാരമ്പര്യചിന്തകളുടെ നിരാസം-കേരളീയസമൂഹത്തിൽ നാം കാണുന്നില്ല. ഇവിടെ കാണുന്നത് കോളനിവത്കൃതമായ സമൂഹത്തിൽ നടന്ന ആധുനികവത്കരണമാണ്. മിക്കവാറും ജാതിക്കുള്ളിൽ നടന്ന പരിഷ്കരണ ശ്രമങ്ങളെ പെരുപ്പിച്ചുകാട്ടി, നവോത്ഥാനമാക്കുകയാണ് ചെയ്തത്. എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന് പലപ്പോഴും മറക്കുന്നു. അതു തീവ്രമായ ജാതിവിരുദ്ധതയുടെ മുഖമാണ്. അതു നാം ദർശിക്കുന്നതു പലപ്പോഴും അടിമജാതികളിൽ നിന്നും ഉയർന്നുവന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും പ്രയോഗത്തിലുമാണ്. എന്നാൽ അത്തരം ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെ "നവോത്ഥാന" പ്രസ്ഥാനങ്ങളാക്കി, അതായത് ജാതിപരിഷ്കരണ പ്രസ്ഥാനങ്ങളാക്കി ചുരുക്കിക്കാണുന്ന രീതിയിലാണ് കേരളത്തിൽ മലയാളത്തിൽ പ്രത്യേകിച്ചും-എഴുതപ്പെട്ടത്. അത്തരം എഴുത്തുകളിലും പഠനങ്ങളിലും ജാതി അടിമത്തത്തിന്റെ പ്രശ്നങ്ങൾ കടന്നുവരുന്നില്ല എന്നുമാത്രമല്ല പലപ്പോഴും യാതൊരുവിധ പരാമർശവും കാണുന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ എന്താണ് അടിമജാതിസമൂഹങ്ങളുടെ സാമൂഹ്യ ഓർമ്മകൾ അടയാളപ്പെടുത്തുന്ന അടിമത്ത അനുഭവം എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനും എന്റെ സഹപ്രവർത്തകരായ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികളും ചേർന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലും ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസസിലും നടത്തിയ പഠനങ്ങൾ അടിമത്തത്തിന്റെ സാമൂഹ്യ ഓർമ്മകളുടെ ചരിത്രം രേഖപ്പെടുത്തൽ ഒരു അടിസ്ഥാനപരമായ ഗവേഷണപ്രശ്നമായി കാണുകയും അത്തരം പ്രവർത്തനങ്ങളുടെ ഫലമായി അടിമത്തത്തിന്റെ സാമൂഹ്യ ഓർമ്മകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഗവേഷണത്തിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇന്ന് ജീവിച്ചിരിക്കുന്ന 80 വയസ്സിനുമേൽ പ്രായമുള്ള മുൻ അടിമജാതി വിഭാഗങ്ങളിൽപ്പെട്ടവരെ സംബന്ധിച്ചു തങ്ങളുടെ മാതാപിതാക്കളുടെ അടിമത്തകാലം വളരെ തീവ്രമായ ഓർമ്മയാണ് എന്നാണ്. അതിലും തീവ്രമായി അവരുടെ വല്യപ്പൻ-വല്യമ്മമാരുടെ അടിമത്താനുഭവം അവരിൽ ഉൾച്ചേർന്നിരിക്കുന്നു.

മുകളിൽ സൂചിപ്പിച്ച സാമൂഹ്യ ഓർമ്മകളെ വരും തലമുറകളിലേക്ക് സംക്രമിക്കുന്നത് തടയുന്ന പ്രക്രിയ കേരളത്തിൽ ആധുനിക കാലഘട്ടത്തിൽ സംഭവിച്ചതായി വിലയിരുത്തുന്നത് ശരിയായിരിക്കും എന്നു കരുതുന്നു. കോളനിവാഴ്ചക്കാലത്ത്, അടിമജാതി സമൂഹങ്ങളിൽ സംഭവിക്കുന്ന കാതലായ മാറ്റം, അവർ കാർഷികമേഖലകളിലെ കൂലിവേലക്കാർ ആയിമാറി എന്നതാണ്. ഇത് അടിമത്ത നിരോധനത്തിനുശേഷം സംഭവിച്ചതാണ്. ഇതിൽ മറ്റുചില കാര്യങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. ഏതർത്ഥത്തിലാണ്, മുഴുവനായും കൂലി പണമായി ലഭിക്കുന്ന അവസ്ഥയിലേക്ക് മാറി എന്നുപറയുന്നത്? ഇതു പൂർണ്ണമായ അർത്ഥത്തിലായിരുന്നില്ല എന്നു കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ കാർഷികമേഖലയിലെ കൂലിയടിസ്ഥാനത്തിലുള്ള അദ്ധ്വാനത്തെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. നെൽകൃഷിയുടെ മേഖലയിൽ കൂലി നെല്ലായി നൽകുന്ന സമ്പ്രദായം ഏറെക്കാലം നിലനിന്നിരുന്നതായി നാം മനസ്സിലാക്കുന്നു. അതോടൊപ്പംതന്നെ, നെല്ലിന്റെ വിലകൂടുന്ന സാഹചര്യത്തിൽ കൂലിയായി പണം നൽകുന്ന കാര്യവും നമുക്കറിയാം. ഭക്ഷ്യദൗർലഭ്യം അരിയുടെ കാര്യത്തിൽ ഏറെ പ്രകടമായിരുന്നു. മറ്റുള്ള കാർഷിക ഉത്പാദനത്തിന്റെ കാര്യത്തിലും സാമ്പത്തികേതര അധികാരം ഉപയോഗിച്ചാണ് ഭൂവുടമകൾ പണിക്കാരായി മാറിയ അടിമജാതിയിൽപ്പെട്ടവരെ നിയന്ത്രിച്ചിരുന്നത്. ഇത്തരത്തിലുള്ള ബന്ധങ്ങളുടെ ഒരു വലിയചരിത്രം തന്നെയുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യബന്ധങ്ങളിൽ അടിമജാതികളെ സംബന്ധിച്ച പ്രധാനകാര്യം അടിമത്തനിരോധനവും അതിനുശേഷമുള്ള അവരുടെ സാമൂഹ്യനിലനില്പിന്റെ പ്രതിസന്ധിയുമായിരുന്നു. യഥാർത്ഥത്തിൽ അവർ, ആധുനികാർത്ഥത്തിലുള്ള കർഷകത്തൊഴിലാളികളായി മാറിയിരുന്നില്ല. മുമ്പു സൂചിപ്പിച്ച സാമ്പത്തികേതര നിയന്ത്രണങ്ങൾക്കു കൂടി വിധേയരായി അവർ കഴിയുകയാണുണ്ടായത്. കോളനി കാലത്തുണ്ടായ തോട്ടങ്ങളിൽ പണിക്കുചേർന്ന വളരെ ചുരുങ്ങിയ എണ്ണം മാത്രമുണ്ടായിരുന്ന കേരളത്തിലെ അടിമകളിൽപ്പെട്ട പണിക്കാരും തമിഴ് ജാതികളിൽപ്പെട്ടവരും കഠിനനിയന്ത്രണങ്ങൾക്കു കീഴിലാണ് തൊഴിലെടുത്തിരുന്നത്. ഇതോടൊപ്പം പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം, ഏറെ നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ ജാതി അടിമത്തം എട്ടാം നൂറ്റാണ്ടു വരേക്കെങ്കിലും നീളുന്നു എന്നത് പുതിയ പുനർനിർവ്വചനത്തിനു വിധേയമായി എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങൾ മുതൽ കാണുന്ന മിഷനറിമാരുടെയും ബ്രിട്ടീഷ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്മാരുടെയും റിപ്പോർട്ടുകളിലൂടെയും അറ്റ്ലാന്റിക് അടിമത്തത്തിന്റെ ഒപ്പം സവിശേഷ ശ്രദ്ധയാകർഷിക്കേണ്ടതും നിരോധിക്കപ്പെടേണ്ടതുമായി ജാതി അടിമത്തവും മാറി. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, അറ്റ്ലാന്റിക് ലോകത്തു ആഫിക്കയിൽനിന്നു പിടിച്ചുകൊണ്ടുവന്നവരുടെ അമേരിക്കയിലെ അടിമത്തം (വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും കരീബിയനിലെയും) വളരെ ആധുനികമായ സംവിധാനമായിരുന്നു എന്നതാണ്. ചില ചരിത്രാകരന്മാരും നരവംശശാസ്ത്രജ്ഞരും യൂറോപ്യൻ അധിനിവേശത്തിനും മുമ്പ് ആഫ്രിക്കയിൽ നിലനിന്നിരുന്ന തദ്ദേശീയമായ അടിമത്ത രീതികളെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്.

കേരളത്തെ സംബന്ധിച്ചു, വളരെ നൂറ്റാണ്ടു പഴക്കമുള്ള ജാതി അടിമത്തം, അറ്റ്ലാന്റിക് ലോകവ്യവസ്ഥയിൽ ആധുനിക കാലത്തു രൂപപ്പെടുന്ന അടിമത്തവ്യവസ്ഥയുമായി തുലനം ചെയ്തു വിശകലനവിധേയമാക്കുക വഴി, ജാതി അടിമത്തത്തിന്റെ ആധുനികത എന്ന പരികല്പനയിലൂടെ കാര്യങ്ങളെ മനസ്സിലാക്കേണ്ട സ്ഥിതി സംജാതമായി. ഇവിടെ നാം കാണുന്നത്, ജാതി അടിമത്തമാണ് തൊട്ടുകൂടായ്മയല്ല ജാതിമർദ്ദനത്തിന്റെ സംവാഹക ശക്തിയായി മാറുന്നത് എന്നാണ്. എന്നു മാത്രമല്ല, പ്രത്യേകിച്ചും മിഷനറിമാരെ സംബന്ധിച്ച് ജാതിഘടനയിൽനിന്നും സമ്പ്രദായത്തിൽനിന്നുമാണ് ജാതി അടിമത്തം രൂപപ്പെടുന്നത് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. പക്ഷേ, ജാതിയുടെ പ്രബലതയുടെ ചരിത്രപരതയും കേരളീയ സമൂഹത്തിന്റെ സാമൂഹ്യഘടനയിലുള്ള അതിന്റെ അധികാരവും മനസ്സിലാക്കിയതിനാൽ, അടിമത്തത്തെ നിരോധിക്കണമെന്ന്, അതിന്റെ മൂലകാരണമായ ജാതിയെ നിരോധിക്കുന്നതിനേക്കാൾ എളുപ്പമെന്നു മിഷനറിമാർ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് അടിമനിരോധന പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചുകൊണ്ട്, ജാതി അടിമത്തത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ വളരെ, ശക്തമായ തരത്തിൽ, 1840-കൾ മുതൽ അവർ ഇടപെട്ടത്. അടിമ ജാതിയിൽപ്പെട്ടവരുടെ ദൈനംദിന ജീവിതത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചും അവരുടെ മാസികമായ അവസ്ഥയെക്കുറിച്ചുമുള്ള ആഴത്തിലുള്ള ആഖ്യാനങ്ങളിലൂടെയാണ് അവർ ഇതു സാദ്ധ്യമാക്കിയത്.

അടിമജാതികളുടെ ക്രയവിക്രയം, കുടുംബങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും പൂർണ്ണമായ തകർക്കൽ എന്നിവയോടൊപ്പം ഭക്ഷണം, പാർപ്പിടം, വസ്തം എന്നിവയുടെ ഇല്ലായ്മയും നിരാസവും ഇവിടെ പ്രാധാന്യമർഹിക്കുന്നു. അതോടൊപ്പം വിശകലന വിധേയമാവേണ്ടതാണ് അടിമജാതി ശരീരത്തെക്കുറിച്ചുള്ള വിവരണങ്ങൾ. ദൈനംദിന ജീവിതത്തിൽ ഏൽക്കേണ്ടി വരുന്ന  ഹിംസയാൽ തകർക്കപ്പെട്ടവരായാണ് അടിമജാതികളിൽപ്പെട്ട സ്ത്രീപുരുഷന്മാരും കുട്ടികളും ചരിത്രരേഖകളിൽ തെളിഞ്ഞുവരുന്നത്. ഇത്തരം ആഖ്യാനങ്ങളിലൂടെയാണ് അടിമത്തത്തിന്റെ ആധുനികത എന്നു വിവക്ഷിക്കുന്ന വിമർശാധിഷ്ഠിതമായ സാമൂഹ്യകാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. ഇവിടെ കേരളീയർ ബൗദ്ധികമായി കൊണ്ടാടുന്ന നവോത്ഥാനം എന്ന പരികല്പനയ്ക്കു വിശാലമായ ഉൾക്കാഴ്ചകൾ നൽകാൻ കഴിയില്ല. ഞാൻ ഈ പഠനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതു പോലെ നവോത്ഥാനസങ്കല്പം യൂറോപ്യൻ ചരിത്രരചനയിൽ സാദ്ധ്യമാക്കിയത് പോലുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ ജാതിപരിഷ്കരണത്തെ അടിസ്ഥാനമാക്കിയ കേരളീയ അനുഭവങ്ങൾക്ക് പകർന്നു നൽകാനാവില്ല. നേരെമറിച്ച് കോളനിവത്കരണ സമൂഹത്തിൽ സംഭവിച്ച ആധുനികതയായി വിലയിരുത്തപ്പെട്ടാൽ സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ നമുക്കു ലഭിക്കും. ഇക്കാര്യം കൂടുതൽ വെളിപ്പെടുത്തുന്ന ചില ഉദാഹരണങ്ങൾ ഇവിടെ വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യപ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് ദലിത് സമുഹങ്ങളിൽനിന്നും രൂപപ്പെട്ടതായ നവോത്ഥാനപ്രസ്ഥാനങ്ങൾ എന്നാണ് വിലയിരുത്തുന്നത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? അയ്യൻകാളി, പൊയ്കയിൽ യോഹന്നാൻ/അപ്പച്ചൻ മുതലായവരുടെ പ്രസ്ഥാനങ്ങൾ ജാതിവിരുദ്ധതയുടെ പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങളെ രൂപപ്പെടുത്തിയവയാണ്. അവരും അവരുടെ പ്രസ്ഥാനങ്ങളും ഭൂതകാലമഹിമയുടെ പുനർജന്മത്തിലൂന്നുന്ന നവോത്ഥാനപ്രസ്ഥാനങ്ങളല്ല; നേരെമറിച്ച് ജാതിയടിമവ്യവസ്ഥയുടെയും അതിൽ നിന്നും രൂപമെടുത്ത സാമൂഹ്യക്രമത്തിന്റെയും തിരസ്കാരത്തിലും അതിലൂടെ പുതിയ മാനവികതയിലൂന്നിയ സമൂഹത്തിന്റെ രൂപപ്പെടലിനെ ആധാരമാക്കി, തങ്ങൾക്കു ലഭ്യമായ അറിവിനെ അതിശക്തമായ രീതിയിൽ മുന്നോട്ടുവെച്ചവരാണ്. അവർക്ക് ഭൂതകാലത്തിന്റെ മഹിമയല്ല, വരാനിരിക്കുന്ന കാലത്തിന്റെ വാഗ്ദാനങ്ങൾ ആണ് പ്രധാനം. മാത്രമല്ല, മുൻ സൂചിപ്പിച്ച പ്രസ്ഥാനം ഇന്ത്യയിൽ ദേശീയപ്രസ്ഥാനകാലത്താണ് സംഭവിച്ചത്. അതിനുമുമ്പ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മുതൽ രൂപമെടുത്ത "നവോത്ഥാനം" എന്ന ആശയം ബംഗാൾ നവോത്ഥാനത്തിലൂടെ സംഭവിച്ചത് ദേശരാഷ്ട്ര രൂപീകരണത്തിലെ ഏറ്റവും പ്രധാനമായ ഘടകമായി മാറി. വേറൊരർത്ഥത്തിൽ പറഞ്ഞാൽ ദേശരാഷ്ട്ര രൂപീകരണത്തിലെ അധീശവ്യവഹാരമാണ് നവോത്ഥാനം എന്ന ആശയത്തിന്റെ ആധാരശില. കേരളത്തിലെ സ്ഥിതി വ്യത്യസ്തമല്ല. മലയാളി കേരള ദേശീയതയുടെ അടിസ്ഥാനഘടകമായി കേരള മലയാളിനവോത്ഥാനം മാറുന്നു. രാഷ്ട്രകേന്ദ്രിതമായ ഒരു പരികല്പനയാണിത്. അതോടൊപ്പംതന്നെ അധീശവ്യവഹാരമായി ഇത് മാറുന്നു.

യൂറോപ്യൻ ചരിത്രശാസ്ത്രത്തിൽ ആധാരമാക്കിയിട്ടുള്ള പഴയ ഗ്രീക്കോ-റോമൻ പാരമ്പര്യത്തിന്റെ പുനരാനയത്തിലൂടെ, വിമർശാധിഷ്ഠിതമായ അന്വേഷണം, യുക്തിപരത, ശാസ്ത്രീയത, മാനവികത, അന്വേഷണാത്മകത എന്നിവയിലൂടെ യുറോപ്പിനെ മാറ്റിമറിച്ചു. കോളനിവൽകൃത രാജ്യമായ ഇന്ത്യയിൽ, കൊളോണിയൽ ആധുനികതയാണ് രൂപമെടുത്തത്. അതിലൂടെയാണ് പുത്തൻ ആശയങ്ങൾ ആവിഷ്‌കൃതമായത്.  മലയാളത്തിലെ നവോത്ഥാനപഠനങ്ങളും ചർച്ചകളും പലപ്പോഴും ഉപരിപ്ലമായ രീതിയിൽ ജാതിപരിഷ്കരണ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ചരിത്ര സാഹചര്യത്തിൽനിന്നും മാറ്റി, ആധുനിക കേരളസമൂഹത്തിന്റെ ആധാരമായി മാറുന്നു. വിമർശപരത ഇല്ല എന്നുമാത്രമല്ല ഇതു State Ideology ആയി മാറുന്നു. ഇതു വിമർശപരമായി വിലയിരുത്തപ്പെടേണ്ടതാണ്.