Author Image ദി റൂട്സ് ഡെസ്ക്
31 Jul 2026

മുത്തങ്ങ സമരം: സി.ബി.ഐ. കേസിൽ വിധി ഇന്ന്; പ്രതീക്ഷയോടെ ആദിവാസി ഗോത്രമഹാസഭ

ഭരണഘടനാ അവകാശമായ സ്വയംഭരണത്തിനും വനാവകാശത്തിനും സമരം ചെയ്ത നിരായുധമാരായ ആദിവാസികൾക്ക് നേരെ 2003 ഫെബ്രുവരി 19-ന് സായുധ പോലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ ആദിവാസിയായ ജോഗി മരിക്കുകയും കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുത്തങ്ങ സമരം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് വിനോദ് കൊല്ലപ്പെട്ട സി.ബി.ഐ. കേസിൽ ഇന്ന് വിധി വരുന്നത്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആദിവാസി ഗോത്രമഹാസഭയും ആദിവാസി പ്രവർത്തകരും.

കേരളത്തിന്റെ നീതിക്കുവേണ്ടിയുള്ള സമരചരിത്രത്തിലെയും ഭൂസമര ചരിത്രത്തിലെയും ഏറ്റവും നിർണ്ണായകമായ ഏടാണ് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിൽ ആദിവാസികൾ നടത്തിയ 2003-ലെ വയനാട് മുത്തങ്ങ സമരം. ആദിവാസികളുടെ ഭരണഘടനാ അവകാശമായ സ്വയംഭരണത്തിനും വനാവകാശത്തിനും ഭൂമിക്കായും സമരം ചെയ്ത നിരായുധരായ ആദിവാസികൾക്ക് നേരെ 2003 ഫെബ്രുവരി 19-ന് സായുധ പോലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ ആദിവാസിയായ ജോഗി മരിക്കുകയും കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പറയുകയാണ്. ഫെബ്രുവരി 19-ന് മുത്തങ്ങയിൽ കുടിൽകെട്ടി സമരം നടത്തിയ ആദിവാസി പ്രവർത്തകരെ കുടിയൊഴിപ്പിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിലാണ് കെ.വി. വിനോദ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആദിവാസി പ്രവർത്തകർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റ സംഭവത്തിൽ 23 വർഷത്തിനു ശേഷം, നീണ്ട വിചാരണ പൂർത്തിയാക്കിയാണ് അന്തിമവിധി വരുന്നത്. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി അയൂബ് ഖാനാണ് വിധി പ്രസ്താവിക്കുക.

പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടൻവയലിലെ തകരപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാർ തടവിലാക്കിയിരുന്നു. സി.കെ. ജാനുവിന്റെയും ഗീതാനന്ദൻ്റെയും നേതൃത്വത്തിൽ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സി.ബി.ഐയുടെ കേസ്.

വിചാരണ വേളയിൽ പ്രോസിക്യൂഷൻ വാദങ്ങളിൽ വലിയ രീതിയിലുള്ള വൈരുദ്ധ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ഗോത്രമഹാസഭ വ്യക്തമാക്കുന്നു. വിനോദിനെ കൊലപ്പെടുത്തി എന്ന് പറയുന്ന കുടിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് ഒന്നാമത്തെ കാര്യം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള സാക്ഷികൾ കുടിലിൽ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടർച്ചയായ വെടിവെപ്പും ഗ്രനേഡ് സ്ഫോടനങ്ങൾ മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആർക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. റഷീദ് വാദിക്കുന്നു.

പ്രോസിക്യൂഷനിൽ നിരവധിയായ വൈരുധ്യങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് ഗോത്രമഹാസഭ കോർഡിനേറ്റർ എം. ഗീതാനന്ദൻ വ്യക്തമാക്കുന്നു:

"കൊല്ലപ്പെട്ട പോലീസുകാരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ വെട്ടുകത്തിയോ വടിവാളോ കൊണ്ടുണ്ടായതല്ലെന്നും, മേലെ നിന്ന് വീണതുപോലെയുള്ള സങ്കീർണ്ണമായ പരിക്കുകളാണെന്നും മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണ്. അക്രമത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞ് ഹാജരാക്കിയ ആയുധങ്ങളിൽ മനുഷ്യരക്തത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല."

"സംഭവസ്ഥലത്തുണ്ടായിരുന്ന മുൻനിര പോലീസ് ഉദ്യോഗസ്ഥരാരും കാണാത്ത കാര്യങ്ങളാണ് വളരെ അകലെ നിന്നിരുന്ന മറ്റു ചില ഉദ്യോഗസ്ഥർ കണ്ടതായി മൊഴി നൽകിയിട്ടുള്ളത്. പുകയും ഇരുട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം കാഴ്ചകൾ സാധ്യമല്ലെന്നിരിക്കെ, ഈ മൊഴികൾ വിശ്വസനീയമല്ല."

"സംഭവത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെയും പ്രധാന വിഷ്വൽ എവിഡൻസുകളെയും വിചാരണ വേളയിൽ വിസ്തരിക്കുന്നതിൽ നിന്നും പ്രോസിക്യൂഷൻ ബോധപൂർവ്വം ഒഴിവാക്കി. വനത്തിനുള്ളിലുണ്ടായിരുന്ന ഷെഡ് കത്തിച്ചു കളഞ്ഞതിലും, ആദിവാസികളല്ലാത്ത പുറത്തുനിന്നുള്ള സിവിലിയന്മാരുടെ സാന്നിധ്യത്തെക്കുറിച്ചും അന്വേഷണം നടത്താൻ സി.ബി.ഐ തയ്യാറായില്ല" എന്നും എം. ഗീതാനന്ദൻ വ്യക്തമാക്കുന്നു.

കേസിൽ ആകെ 53 ആദിവാസികളെയാണ് പ്രതിചേർത്തത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളിൽ 15 പേർ ഇതിനകം മരണമടഞ്ഞു. ഒരാൾ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാർധക്യത്തിലെത്തിയവരാണ്.

വിനോദ് വധക്കേസിൽ വിധി വരുമ്പോഴും, മുത്തങ്ങ വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്. മരണത്തിൽ ക്രിമിനൽ കേസോ അന്വേഷണമോ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു പറയുന്നത്. സംഭവത്തിന് പിന്നാലെ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്‌തില്ലെന്നും പിന്നീട് ഹൈകോടതിയെ സമീപിച്ചെങ്കിലും അന്വേഷണം ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

ഭരണഘടനയുടെ 244-ാം വകുപ്പ് (5-ാം പട്ടിക) അനുശാസിക്കുന്ന ആദിവാസികളുടെ സ്വയംഭരണം, ഭൂമി, സംസ്കാരം എന്നിവയുടെ സംരക്ഷണം കേരളത്തിൽ കൃത്യമായി ചർച്ച ചെയ്യുകയോ നടപ്പാക്കുകയോ ചെയ്തില്ല. വനമേഖലയിൽ അധികാരം ഉറപ്പിച്ചവർ ആദിവാസികളെ നിരന്തരം പാർശ്വവൽക്കരിക്കുകയും നിയമപരിരക്ഷകൾ നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് സ്വയംഭരണാവകാശവും വനാവകാശവും ഭൂമിശാസ്ത്രപരമായ അധികാരവും ആവശ്യപ്പെട്ടുകൊണ്ട്, ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകണമെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 2002 ജനുവരി 5 ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ സമരം ആരംഭിച്ചത്. മുത്തങ്ങ പൊൻകുഴി മേഖലയിലായി 825 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 4200 ഓളംപേർ കുടിൽകെട്ടി സമരം ആരംഭിച്ചു. ഇവരെ ഒഴിപ്പിക്കാൻ വനം വകുപ്പ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരഭൂമിയിൽ ആദിവാസികൾ താമസിച്ചുവന്ന മേഖലയിൽ വൻ തീപിടിത്തമുണ്ടായി. ഇതിന്‌ പിന്നിൽ വനം വകുപ്പാണെന്ന് ആദിവാസികൾ ആരോപിച്ചു. ഇതോടെ കുടിയേറി താമസിക്കുന്ന ആദിവാസികളെ ഒഴിവാക്കുന്നതിനെപ്പറ്റി സർക്കാർതലത്തിൽ നീക്കം തുടങ്ങി. ഒടുവിൽ, ഫെബ്രുവരി 17ന് ആദിവാസികൾക്ക് ‌വനം വകുപ്പ് അന്ത്യശാസനം നൽകി. 18ന് ഇറങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ച് ഇറക്കുമെന്നായിരുന്നു അത്. ഇത് ആദിവാസികൾ തള്ളി.

പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിച്ച് 19ന് രാവിലെ എട്ടിന് വനംവകുപ്പ്, പൊലീസ് സേനകൾ വനത്തിൽ പ്രവേശിച്ചു. ആദിവാസികളുടെ കുടിലുകൾ പൊളിച്ച് നീക്കുകയും കത്തിക്കുകയും ചെയ്തു. ഗോത്രമഹാസഭ പ്രവർത്തകർ അമ്പും വില്ലുമുപയോഗിച്ച് പൊലീസിനെ പ്രതിരോധിച്ചു. ഉച്ചയോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള വിനോദ് എന്ന പൊലീസുകാരനെ ഗോത്രമഹാസഭ പ്രവർത്തകർ പ്രതിരോധമെന്ന നിലയിൽ പിടികൂടി ബന്ധിയാക്കി. പൊലിസുകാരനെ വിട്ടയക്കണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന പോലീസ് കുടിയൊഴിപ്പിക്കലിലും സംഘർഷത്തിലും പോലീസ് വെടിവെപ്പിലുമാണ് ആദിവാസി പ്രവർത്തകൻ ജോഗിയും പോലീസ് കോൺസ്റ്റബിൾ കെ.വി. വിനോദും കൊല്ലപ്പെടുന്നത്.

മുത്തങ്ങ സമര പശ്ചാത്തലം
2003 ഫെബ്രുവരിയിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയും കെ. സുധാകരൻ വനവകുപ്പ് മന്ത്രിയുമായിട്ടുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിനുനേരെ ദാരുണമായ പൊലീസ് വെടിവെപ്പും അതിക്രമങ്ങളും അരങ്ങേറിയത്. 1975-ലെ അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കൽ നിയമം അസാധുവാക്കിക്കൊണ്ട് യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് പുതിയ നിയമം കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നത്. കെ.ആർ. ഗൗരിയമ്മ ഒഴികെ നിയമസഭയിലുണ്ടായിരുന്ന മുഴുവൻ എം.എൽ.എമാരും ഈ നിയമത്തെ പിന്തുണച്ചു. ഇതോടെ ഭൂരഹിതരായ ആദിവാസികളുടെ പ്രതീക്ഷകൾ അസ്തമിക്കുകയും മേഖലയിൽ കടുത്ത ഭവന-ഭക്ഷ്യ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു.

2001-ൽ വയനാടടക്കമുള്ള ജില്ലകളിൽ പട്ടിണിമരണം വ്യാപകമായതോടെ, സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭ തിരുവനന്തപുരത്തേക്ക് സമരം വ്യാപിപ്പിച്ചു. ക്ലിഫ് ഹൗസിന് സമീപമുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിലും തുടർന്ന് സെക്രട്ടറിയറ്റിന് മുന്നിലും കുടിൽ കെട്ടി അവർ പ്രക്ഷോഭം നടത്തി. ഒടുവിൽ ഭൂരഹിതരായ ആദിവാസികൾക്ക് അഞ്ച് ഏക്കർ വരെ കൃഷിഭൂമി നൽകാമെന്നും കേസുകൾ ഒഴിവാക്കാമെന്നുമുള്ള സർക്കാരിന്റെ കരാറിനെ തുടർന്ന് 48 ദിവസത്തെ പ്രക്ഷോഭം അവസാനിച്ചു.

കുടിൽകെട്ടൽ സമരക്കരാർ ലംഘിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമി നൽകാൻ സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് 2003 ജനുവരി 5-ന് ആദിവാസികൾ മുത്തങ്ങയിലെ വനമേഖലയിൽ പ്രവേശിച്ച് കുടിൽ കെട്ടി സമരം ആരംഭിച്ചത്. ആയിരക്കണക്കിന് ആദിവാസികൾ ഇവിടെ കൃഷിയും താമസവും തുടരുകയും പ്രദേശത്ത് സ്വയംഭരണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പരിസ്ഥിതി പ്രവർത്തകരിൽ ഒരു വിഭാഗവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിനെതിരെ രംഗത്തുവന്നതോടെ സ്ഥിതിഗതികൾ വഷളായി.

ഫെബ്രുവരി 17-ന് സമരപ്പന്തലിന് സമീപം തീപിടിത്തമുണ്ടായതിനെ തുടർന്ന് ആദിവാസികളും വനംവകുപ്പും തമ്മിൽ സംഘർഷാവസ്ഥ നിലവിൽവന്നു. സമരക്കാരെ ഒഴിപ്പിക്കാൻ ഫെബ്രുവരി 18-ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ആദിവാസികളുടെ കുടിലുകളും കൃഷികളും നശിപ്പിച്ചതോടെ കല്ലുകളും പണിയായുധങ്ങളുമായി അവർ ചെറുത്തുനിൽപ്പ് ആരംഭിച്ചു. സംഘർഷത്തിനിടയിൽ വിനോദ് എന്ന പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനും തങ്ങൾക്കും ചികിത്സ ലഭ്യമാക്കാൻ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അതിന് തയാറാകാതെ വെടിവെപ്പിന് ഉത്തരവിടുകയായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

പൊലീസ് നടത്തിയ 18 റൗണ്ട് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പരിക്കേറ്റ വിനോദ് എന്ന പൊലീസുകാരൻ പിന്നീട് രക്തം വാർന്ന് മരണപ്പെടുകയും ചെയ്തു. വെടിവെപ്പ് നടന്ന ദിവസം രണ്ട് മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയതെങ്കിലും, അതിക്രമത്തെ തുടർന്ന് നിരവധി പരോക്ഷ മരണങ്ങൾ സംഭവിച്ചതായി എം. ഗീതാനന്ദനും സി.കെ. ജാനുവും സാക്ഷ്യപ്പെടുത്തുന്നു.

പൊലീസ് അക്രമത്തിൽ ഭയന്ന് കാട്ടിലേക്കോടിയ നാരായണൻ-മാളു ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കാട്ടിലെ തണുപ്പേറ്റ് പനി പിടിച്ച് മരണപ്പെട്ടു. മൃതദേഹവുമായി മാനന്തവാടി ആശുപത്രിയിലെത്തിയ മാതാപിതാക്കൾക്ക് കോളനിയിലേക്ക് മടങ്ങാൻ ആംബുലൻസ് പോലുമുള്ള സൗകര്യം സർക്കാർ നൽകിയില്ല. ഒടുവിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ മൃതശരീരവുമായി കിലോമീറ്ററുകളോളം നടന്ന് പുലിതൂക്കി കോളനിയിലേക്ക് മടങ്ങേണ്ടി വന്നു എന്ന് ഗീതാനന്ദൻ ഓർമ്മിക്കുന്നു. പൊലീസിന്റെ ക്രൂരമായ മർദ്ദനമേറ്റവർ പിന്നീട് വിട്ടുമാറാത്ത അസുഖങ്ങൾ വന്നും ശാരീരികശേഷി നഷ്ടപ്പെട്ടുമാണ് മരണപ്പെട്ടതെന്ന് സി.കെ. ജാനു പറയുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് ജയിലിലും അമ്മയെ കണ്ണൂർ സെൻട്രൽ ജയിലിലുമടച്ച ക്രൂരതയാണ് പൊലീസ് കാണിച്ചത്. മർദ്ദനമേറ്റവർക്കും പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കും വർഷങ്ങളോളം രാത്രികളിൽ നിലവിളിച്ചുകൊണ്ട് ഉണരേണ്ടി വരുന്ന മാനസികാഘാതമുണ്ടായതായും നേതാക്കൾ പറയുന്നു. അന്ന് ആ ക്രൂരതകൾ നേരിട്ട ഓരോ വ്യക്തിയും ജീവിക്കുന്ന രക്തസാക്ഷികളാണെന്നും, അനുഭവിച്ച മാനസിക-ശാരീരിക വേട്ടയാടലുകൾ ജീവിതകാലം മുഴുവൻ പിന്തുടരുമെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു.

23 വർഷങ്ങൾക്ക് ശേഷം സി.ബി.ഐ. കേസിൽ വിധി ഇന്ന് വരുമ്പോൾ തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസി പ്രവർത്തകരും ആദിവാസി ഗോത്രമഹാസഭയും.

Share this link