Author Image ഡോ. ജെയ്മി ചിത്ര
30 Jul 2026

നീറ്റ് പരീക്ഷയിലെ സാമൂഹിക അനീതികൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളും യുവതയും ജന്തർ മന്ദറിൽ സംഘടിപ്പിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരേണ്ട ഏറ്റവും കാതലായ ചോദ്യമാണ് 'നീറ്റ്' ആർക്കെല്ലാമാണ് പ്രാപ്യമാകുന്നത് എന്നത്. സി.ബി.എസ്.ഇ. സിലബസിനോട് അടുത്തു നിൽക്കുന്ന നീറ്റ് പരീക്ഷ, സ്റ്റേറ്റ് സിലബസ് പഠിക്കുന്ന ഇന്ത്യയിലെ 80 ശതമാനം വരുന്ന ആദിവാസി-ദലിത്, പിന്നോക്ക, പാർശ്വവത്കൃത വിദ്യാർത്ഥികൾക്ക് പ്രതിബന്ധമായി തുടരുകയാണ്. നീറ്റ് ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെയും സാമൂഹികനീതിയെയും എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്ന് പരിശോധിക്കുകയാണ് മഹാരാജാസ് കോളേജ് അധ്യാപിക ഡോ. ജെയ്മി ചിത്ര.

2026-ലെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെയും പുനർപരീക്ഷയുടെയും പശ്ചാത്തലത്തിൽ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ ജെൻ-സി വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും മുൻകൈയിൽ നടന്ന ജന്തർ മന്ദർ സമരം ഐതിഹാസികമായ ഒന്നായിരുന്നു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടും ജീവൻ ബലികഴിച്ച 21-ഓളം വിദ്യാർത്ഥികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടും കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ജെൻ-സി സമരം കേന്ദ്രസർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്നതിന് യുവജനത പ്രാപ്തമാണ് എന്ന് തെളിയിക്കുന്നതാണ്.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉപരി നീറ്റ് പരീക്ഷ എന്ന ഏക പരീക്ഷാ സമ്പ്രദായം തന്നെയും ഏതു രീതിയിലാണ് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെയും പൊതുആരോഗ്യരംഗത്തെയും സാമൂഹികനീതിയെയും ഫെഡറൽ തത്വങ്ങളെയും അട്ടിമറിക്കുന്നത് എന്നും പാർശ്വവത്കൃത വിദ്യാർത്ഥികൾ എങ്ങനെയാണ് പുറംതള്ളപ്പെടുന്നത് എന്നും ചർച്ച ചെയ്യേണ്ട സന്ദർഭം കൂടിയാണിത്.

2010 ഡിസംബറിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആദ്യമായി നീറ്റ് പരീക്ഷ അഥവാ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് നടത്തുന്നതിനായുള്ള റെഗുലേഷൻസ് പുറത്തിറക്കുന്നത്. അതിലെ പ്രധാന നിർദ്ദേശം എന്നത് ഇന്ത്യയിലെ എല്ലാ MBBS, BDS കോഴ്സുകളിലേക്കുമുള്ള അഡ്മിഷൻ ഒരൊറ്റ എൻട്രൻസ് പരീക്ഷയിലൂടെയാക്കുക എന്നതായിരുന്നു. ആ സമയം കോൺഗ്രസ് സർക്കാറിന്റെയും ഫെഡറൽ ഹെൽത്ത് സെക്രട്ടറിയുമായിരുന്ന സുജാത റാവു ഈ തീരുമാനത്തിന് പിന്നിലുള്ള മൂന്ന് പ്രധാന ലക്ഷ്യങ്ങൾ പറഞ്ഞിരുന്നു:

1. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശേഷി ക്രമപ്പെടുത്തുക.

2. വിദ്യാർത്ഥികൾ എഴുതേണ്ട എൻട്രൻസ് പരീക്ഷകളുടെ എണ്ണം കുറയ്ക്കുക.

3. പ്രൈവറ്റ് കോളേജുകൾ ഈടാക്കുന്ന അധിക ഫീസ്, കാപ്പിറ്റേഷൻ ഫീസ് തുടങ്ങിയവ ഇല്ലാതാക്കുക.

ആദ്യ നോട്ടിഫിക്കേഷൻ വന്നപ്പോൾ മുതൽ തന്നെ നീറ്റ് പരീക്ഷയെ പല സംസ്ഥാന സർക്കാറുകളും പ്രൈവറ്റ് മെഡിക്കൽ സ്ഥാപനങ്ങളും എതിർത്തിരുന്നു. നീറ്റ് പരീക്ഷ എന്ന ആശയം തങ്ങളുടെ ഫെഡറൽ സ്വയംഭരണത്തെ ലംഘിക്കുന്നുവെന്ന് സംസ്ഥാനങ്ങൾ വാദിച്ചു.

മെഡിക്കൽ വിദ്യാഭ്യാസവും അതിനുവേണ്ടിയുള്ള പ്രവേശന രീതികളും ഓരോ സംസ്ഥാനവും തങ്ങളുടെ പ്രാദേശിക ആരോഗ്യ സംരക്ഷണത്തെ കണക്കിലെടുത്തുകൊണ്ടാണ് നടപ്പിലാക്കുന്നത്. നീറ്റ് പരീക്ഷ ഇത്തരം ഘടകങ്ങളെ അട്ടിമറിക്കുന്നതാണ് എന്ന് സംസ്ഥാനങ്ങൾ വാദിച്ചു. തമിഴ്നാട് സർക്കാർ പ്രത്യേകിച്ചും, നീറ്റ് എന്ന ആശയം വളരെ വ്യക്തമായി തന്നെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചു.

സി.ബി.എസ്.ഇ. സിലബസിനോട് അടുത്തു നിൽക്കുന്ന ദേശീയതലത്തിലുള്ള ഏകീകൃത പരീക്ഷ എന്നത് സ്റ്റേറ്റ് സിലബസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും നേരെയുള്ള അന്യായമാണ് എന്ന് കൃത്യമായി വിലയിരുത്തപ്പെട്ടു. കോച്ചിംഗ് സെന്ററുകളിൽ കാശുകൊടുത്തു പഠിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾക്കും നഗരത്തിലെ വിദ്യാർത്ഥികൾക്കും ഇത് കൂടുതൽ അനുകൂലമായി വരുമ്പോൾ തന്നെ, ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത, ഉപയോഗിക്കാൻ കഴിയാത്ത ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ നീറ്റ് എക്സാം പ്രതികൂലമായി തന്നെ ബാധിക്കുമെന്ന് വിമർശകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ സ്വയംഭരണ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് കാണിച്ചുകൊണ്ടാണ് സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് സ്ഥാപനങ്ങൾ നീറ്റ് പരീക്ഷ എന്ന ആശയത്തെ എതിർത്തത്.

ഈ പറഞ്ഞ വാദങ്ങളെ എല്ലാം കണക്കിലെടുത്തുകൊണ്ടാണ് നീറ്റ് പരീക്ഷ എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് 2013-ൽ സുപ്രീംകോടതി ഉത്തരവിറക്കുന്നത്. തുടർന്ന് നടന്ന കോടതി വ്യവഹാരങ്ങളെ തുടർന്നാണ് 2016-ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നീറ്റ് പരീക്ഷ നിർബന്ധിതമാക്കിയത്.

ഇന്ന് നീറ്റ് പരീക്ഷ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയും പുനർപരീക്ഷയും വിദ്യാർത്ഥികളുടെ ആത്മഹത്യകളും പിന്നീടുള്ള വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്നുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുമെല്ലാം തന്നെ 'നീറ്റ്' എന്ന ഒരൊറ്റ എൻട്രൻസ് പരീക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതിനും തുറന്നുകാണിക്കുന്നതിനുമുള്ള അവസരമായി കാണാവുന്നതാണ്.

2026-ലെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ 21-ഓളം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തതായി കണക്കാക്കുന്നത്. ഈ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും ഒരു മാസക്കാലയളവ് നീണ്ടുനിന്ന സമരം ഡൽഹി ജന്തർ മന്ദറിൽ നടത്തിയത്.

ഈ അവസരത്തിൽ അതീവ പ്രാധാന്യത്തോടെ ഓർത്തെടുക്കേണ്ട ഒന്നാണ് ഷൺമുഖം അനിത എന്ന തമിഴ് ദലിത് വിദ്യാർത്ഥിനിയുടെ 2017-ലെ ആത്മഹത്യ. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴിമൂർ ഗ്രാമത്തിലെ ഒരു ദരിദ്ര ദലിത് കുടുംബത്തിലെ അംഗമായിരുന്നു അനിത. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അനിതയുടെ അച്ഛൻ ദിവസവേതന തൊഴിലാളിയായിരുന്നു. തമിഴ് മീഡിയത്തിൽ പഠിച്ച അനിത ജില്ലയിലെ തന്നെ ടോപ്പർമാരിൽ ഒരാളായിരുന്നു. ഫിസിക്സിലും മാത്‌സിലും 100% മാർക്ക് വാങ്ങിയ ജില്ലയിലെ തന്നെ ഏക വിദ്യാർത്ഥിയായിരുന്നു. 1200-ൽ 1176 ആയിരുന്നു അനിതയുടെ മാർക്ക്. ഡോക്ടറാവുക എന്നത് അനിതയുടെ ആഗ്രഹമായിരുന്നു. ഭീമമായ ഫീസ് നൽകി കോച്ചിംഗ് സെന്ററുകളിലൂടെ നീറ്റിന് തയ്യാറെടുക്കുക എന്നത് സാധ്യമായിരുന്നില്ല. അതിനാൽ തന്നെ നീറ്റ് കട്ട് ഓഫ് മാർക്ക് നേടാനും സീറ്റ് നേടാനും അനിതയ്ക്ക് കഴിഞ്ഞില്ല. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും ഡോക്ടറാകാൻ ആഗ്രഹിച്ച അനിത ആ ഓഫർ സ്വീകരിച്ചില്ല. മെഡിക്കൽ സീറ്റ് ലഭിച്ചിരുന്നെങ്കിൽ അവളുടെ സമുദായത്തിലെ തന്നെ ആദ്യ ഡോക്ടറാകുമായിരുന്നു അനിത.

നീറ്റ് പരീക്ഷ ഗ്രാമീണ വിദ്യാർത്ഥികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് അനിത തന്നെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ മെഡിക്കൽ പ്രവേശനം നടത്താവൂ എന്ന് പി. ചിദംബരത്തിന്റെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ നളിനി ചിദംബരം സി.ബി.എസ്.ഇ. വിദ്യാർത്ഥികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചു. നീറ്റ് പരീക്ഷയിലൂടെ മാത്രം അഡ്മിഷൻ എന്ന വാദം സുപ്രീംകോടതി ശരിവെച്ചു. "Any further appeal against NEET can only be done by God" എന്നാണ് സുപ്രീംകോടതി വിധിക്ക് ശേഷം നളിനി ചിദംബരം പറഞ്ഞത്. വിധി വന്ന് ഒമ്പതാം നാൾ അനിത തൂങ്ങിമരിച്ചു.

ജന്തർമന്തറിൽ നടന്ന സമരപരിപാടിയിൽ പങ്കെടുത്തുകൊണ്ട് അനിതയുടെ സഹോദരൻ മണിരത്നം പറഞ്ഞത്, "NEET itself is an injustice; abolish and ban NEET" എന്നാണ് (നീറ്റ് തന്നെ ഒരു അനീതിയാണ്; നീറ്റ് നിർത്തലാക്കുകയും നിരോധിക്കുകയും ചെയ്യുക).

നീറ്റ് പരീക്ഷയുടെ ഒന്നാമത്തെ അനീതി എന്നത്, സ്റ്റേറ്റ് സിലബസ് പഠിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളെ പരിഗണിക്കാതെ സി.ബി.എസ്.ഇ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകുന്നു എന്നതാണ്.

ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ 80 മുതൽ 85 ശതമാനം വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്നത് സ്റ്റേറ്റ് സിലബസാണ്. എന്നാൽ 15 മുതൽ 20 ശതമാനം വരെയുള്ള വിദ്യാർത്ഥികൾ മാത്രമാണ് സി.ബി.എസ്.ഇ. സിലബസിൽ പഠിക്കുന്നത്. ഫീസ് കുറവായതുകൊണ്ടും സാധാരണമായതുകൊണ്ടും സി.ബി.എസ്.ഇ. സ്കൂളുകളേക്കാൾ കൂടുതൽ ദലിത്-പാർശ്വവത്കൃത വിദ്യാർത്ഥികൾ സ്റ്റേറ്റ് സിലബസ് സ്കൂളുകളിലാണ് പഠിക്കുന്നത്. എന്നാൽ ലഭ്യമായ ഡാറ്റ കാണിക്കുന്നത് സി.ബി.എസ്.ഇ. അപേക്ഷകർക്ക് സംസ്ഥാന ബോർഡിൽ നിന്നുള്ളവരെ അപേക്ഷിച്ച് നീറ്റ് പാസാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. അതായത്, പരീക്ഷയെഴുതുന്നവരിൽ വളരെ ചെറിയൊരു വിഭാഗമേ ഉള്ളൂവെങ്കിലും, സി.ബി.എസ്.ഇ. വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികളെ അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതായത് എസ്.സി./എസ്.ടി./പാർശ്വവത്കൃത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ തന്നെ ഫസ്റ്റ് ജനറേഷൻ ലേണേഴ്സ് ആയ സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്ക് തികച്ചും അപ്രാപ്യമായ ഒന്നായി നീറ്റ് പരീക്ഷ മാറുന്നുണ്ട്.

ഇവിടെ എടുത്തുപറയാവുന്ന ഉദാഹരണമാണ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിൽ ജാതിവിവേചനത്തിന് ഇരയായി മരണപ്പെട്ട നിതിൻ രാജിന്റെ അനുഭവം. അനിതയെപ്പോലെ നിതിൻ രാജും ദിവസവേതന തൊഴിലാളിയുടെ മകനായി സ്റ്റേറ്റ് സിലബസിൽ പഠിച്ച മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. അനിതയെപ്പോലെ ഡോക്ടറാവുക എന്നത് നിതിൻ രാജിന്റെയും സ്വപ്നമായിരുന്നു. മൂന്ന് തവണ റിപ്പീറ്റ് ചെയ്ത ശേഷമാണ് നിതിൻ രാജിന് ഒരു സീറ്റ് ലഭിക്കുന്നത്. അതായത് അനിതയെ ഇല്ലാതാക്കിയ നീറ്റിനെ തന്റെ കഠിനപ്രയത്നം കൊണ്ട് അതിജീവിച്ച് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥിയാണ് നിതിൻ രാജ്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നിട്ടും മൂന്ന് തവണ റിപ്പീറ്റ് ചെയ്യേണ്ടി വന്നതും, MBBS-ന് സീറ്റ് ലഭിക്കാതെ BDS-ന് പോകേണ്ടി വന്നതും NEET എന്ന പരീക്ഷാരീതിയിലുള്ള അനീതികൊണ്ടാണ് എന്ന് വേണം മനസ്സിലാക്കാൻ. NEET പരീക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ജാതിബോധത്തിലൂന്നിയ വിലയിരുത്തലിലാണ് നിതിൻ രാജ് കോളേജിൽ വിവേചനം അനുഭവിക്കേണ്ടി വന്നത്.

2017-ലെ അനിത മുതൽ 2026-ലെ നിതിൻ രാജ് വരെ അനുഭവിച്ച ജാതീയ വിവേചനത്തിന് NEET പരീക്ഷ എന്ന ഭരണഘടനാ വിരുദ്ധമായ സാമൂഹികഅനീതി പ്രവർത്തിക്കുന്നത് തെളിഞ്ഞു കാണാൻ കഴിയും.

ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ മാത്രമല്ല ആരോഗ്യരംഗത്തെയും ബാധിക്കുന്ന വലിയൊരു അനീതി കൂടിയാണ് നീറ്റ് പരീക്ഷ. ഇന്ത്യയിലെ സാധാരണ ജനങ്ങളും സാമൂഹികമായും സാമ്പത്തികമായും പിന്നോട്ട് നിൽക്കുന്ന ജനവിഭാഗവും ഏറിയപങ്കും ആശ്രയിക്കുന്നത് സർക്കാർ ആരോഗ്യ മേഖലയെയാണ്. ഇന്ത്യയുടെ പൊതുജന ആരോഗ്യത്തിന്റെ നട്ടെല്ല് തന്നെയാണ് സർക്കാർ ആരോഗ്യ മേഖല. ഈ നട്ടെല്ല് തകർക്കുന്ന ഒന്നാണ് നീറ്റ് പരീക്ഷ എന്ന ഏകജാലക പരീക്ഷാ സമ്പ്രദായം എന്ന് ഈ കാലയളവിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം വിലയിരുത്താൻ സാധിക്കും.

ഇന്ത്യയിലെ സാമൂഹികഘടന തിരിച്ചറിയുന്നവരും സേവനസന്നദ്ധരുമായ ഡോക്ടർമാരെ വാർത്തെടുക്കുക എന്നത് പൊതുവിദ്യാഭ്യാസരംഗത്തിന്റെ പ്രധാന ഉദ്ദേശം ആയിരിക്കണം. ഈ ഉദ്ദേശത്തെ അട്ടിമറിക്കുന്ന ഒന്നായാണ് നീറ്റ് പരീക്ഷ നിലനിൽക്കുന്നത്. നീറ്റ് പരീക്ഷാ വിജയം പഠ്യപദ്ധതിയെക്കാൾ ആശ്രയിക്കുന്നത് വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകളെയാണ്. അതുകൊണ്ടുതന്നെ ഭീമമായ ഫീസ് നൽകി കോച്ചിംഗ് സെന്ററുകളിൽ പരിശീലനം എടുക്കുന്ന അപ്പർ മിഡിൽ ക്ലാസ് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ കൂടുതൽ അനുകൂലമാകുന്നു. ഭീമമായ ഫീസ് നൽകി സി.ബി.എസ്.ഇ. വിദ്യാഭ്യാസവും ഒപ്പം തന്നെ കോച്ചിംഗ് സെന്ററുകളിൽ പരിശീലനവും നേടുന്ന അപ്പർ മിഡിൽ ക്ലാസ് വിദ്യാർത്ഥികൾ സാമൂഹിക സേവനം എന്ന ലക്ഷ്യത്തേക്കാൾ മെഡിക്കൽ വിദ്യാഭ്യാസത്തെ തങ്ങളുടെ സാമ്പത്തികമായ മുന്നേറ്റത്തിനുള്ള മാർഗമായാണ് കാണുന്നത്.

ഈ വിദ്യാർത്ഥികളുടെ ലക്ഷ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അനിതയെപ്പോലെ, നിതിൻ രാജിനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന വിദ്യാർത്ഥികളുടെ ലക്ഷ്യം. എഞ്ചിനീയറിംഗ് സീറ്റ് വേണ്ട എന്ന് വെച്ചുകൊണ്ട് ഡോക്ടറാകണമെന്ന ലക്ഷ്യത്തിൽ അനിത ഉറച്ചുനിന്നതിന് കാരണം, കൃത്യമായ ചികിത്സ ലഭിക്കാതെ വളരെ ചെറുപ്പത്തിലേ മരിച്ചുപോയ തന്റെ അമ്മയുടെ അവസ്ഥ താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും ജനതയ്ക്കും ഉണ്ടാകരുത് എന്ന അവളുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹത്തിന്റെ പശ്ചാത്തലത്തിലാണ്. തന്റെ സമുദായത്തിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് തന്നെയാണ് ഡോക്ടറാകുക എന്ന ആഗ്രഹം നിതിൻ രാജിലും ആഴത്തിൽ നിലനിൽക്കാൻ കാരണം.

സേവനമനോഭാവത്തോടെ തന്റെ സമൂഹത്തിന്റെ സാമൂഹിക ഉന്നതി ലക്ഷ്യം വെച്ച് മുന്നോട്ടുവരുന്ന ഗ്രാമീണ മേഖലയിൽ നിന്നുള്ള ഇത്തരം വിദ്യാർത്ഥികളാണ് ഇന്ത്യയുടെ പൊതുജന ആരോഗ്യ മേഖലയ്ക്ക് കൂടുതൽ മുതൽക്കൂട്ടാവുന്നത്. മറിച്ച്, സാമ്പത്തിക ലക്ഷ്യത്തോടെ അമിത ഫീസ് നൽകി നഗരകേന്ദ്രീകൃത കോച്ചിംഗ് സെന്ററുകളിലെ പരിശീലനത്തോടെ സീറ്റ് നേടുന്ന വിദ്യാർത്ഥികൾ ആരോഗ്യരംഗത്തെ സേവനത്തേക്കാൾ ലക്ഷ്യം വെക്കുന്നത് സാമ്പത്തിക നേട്ടങ്ങളായിരിക്കാം.

ഗ്രാമീണ മേഖലകളിലെ സർക്കാർ ആശുപത്രികളെക്കാൾ ഇത്തരം വിദ്യാർത്ഥികൾ ജോലിക്കായി തിരഞ്ഞെടുക്കുന്നത് സാമ്പത്തിക നേട്ടം അധികമുള്ള പ്രൈവറ്റ് ആശുപത്രികളായിരിക്കാം. നേരെമറിച്ച് പൊതു ആരോഗ്യരംഗത്തിന്റെ പ്രാധാന്യം സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു വരുന്ന ഗ്രാമീണ മേഖലകളിലെയും സാമൂഹിക പിന്നോക്കാവസ്ഥകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് അവിടെ വരുന്ന രോഗികളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥയെ കൂടുതൽ ആഴത്തിൽ തിരിച്ചറിയാനും അവരെ സഹാനുഭൂതിയോടെ പരിചരിക്കാനും സാധിക്കും. എന്നാൽ ഇത്തരം വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നിഷേധിക്കുകയോ അവരുടെ മുന്നോട്ടുപോക്കിനെ കഠിനമാക്കി തീർക്കുകയോ മാത്രമാണ് നീറ്റ് പരീക്ഷ ചെയ്യുന്നത്. അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷ ഇന്ത്യയുടെ പൊതു വിദ്യാഭ്യാസരംഗത്തെ മാത്രമല്ല, ഒപ്പം തന്നെ പൊതു ആരോഗ്യരംഗത്തെയും ദീർഘകാല അടിസ്ഥാനത്തിൽ തകർക്കുകയാണ് ചെയ്യുന്നത് എന്ന് വിലയിരുത്താൻ സാധിക്കും.

ജെൻ-സി വിപ്ലവത്തിന്റെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചർച്ചയാകുന്ന ഈ സാഹചര്യത്തിൽ, നീറ്റ് പരീക്ഷ പരിഷ്കരിക്കുക അല്ലെങ്കിൽ പുനർക്രമീകരിക്കുക എന്ന താൽക്കാലിക പ്രശ്നത്തിനുള്ള താൽക്കാലിക പരിഹാരത്തേക്കാൾ സാമൂഹിക നീതി ഉറപ്പാക്കാൻ നീറ്റ് പരീക്ഷ നിർത്തലാക്കുക (BAN NEET) എന്ന ഏക പരിഹാരമാണ് ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് ഈ ആവശ്യത്തിനായി പോരാടുകയാണ് ഇനി ദലിത്-ബഹുജനങ്ങളും പാർശ്വവത്കൃത സമൂഹവും വിദ്യാർത്ഥി സമൂഹവും ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഭരണഘടനയിലൂന്നിയ സാമൂഹിക നീതി ഉറപ്പുവരുത്തുവാൻ സാധിക്കൂ. അപ്പോൾ മാത്രമേ ജന്തർമന്തറിൽ മുഴങ്ങിയ ജയ് ഭീം വിളികൾക്കും അംബേദ്കർ ആശയങ്ങൾക്കും പൂർണ്ണത ലഭിക്കൂ.

Share this link