Author Image പ്രൊഫ. കെ.എസ്. മാധവൻ

കേരളത്തിലെ അടിമത്തവും ജാതിയുടെ രൂപീകരണ പ്രക്രിയയും: പ്രൊഫ. കെ.എസ്. മാധവൻ

മധ്യകാല കേരളത്തിൽ അടിമത്തത്തിന്റെയും ജാതിയുടെയും ഉല്പത്തി, അവയുടെ സാമൂഹിക കാരണങ്ങൾ എന്നിവ വിശദമാക്കുന്ന ഡോ. കെ.എസ്. മാധവന്റെ പഠനം 'ചരിത്രങ്ങൾ' കോളത്തിൽ. ഭാഗം-1

കേരളത്തിൻ്റെ ചരിത്രശാസ്ത്രം വേണ്ടത്ര പരിഗണന കൊടുക്കാത്ത ഒരു പഠന മേഖലയാണ് കേരളത്തിൽ നിലനിന്ന അടിമത്തം. കേരള സമൂഹത്തെപ്പറ്റിയുള്ള വിവിധ ചരിത്ര വിശകലനങ്ങളിലും സമൂഹരൂപത്തെപ്പറ്റിയുള്ള പഠനങ്ങളിലും ചരിത്രകാരന്മാർ അവഗണിച്ച ഒന്നാണ് കേരളത്തിൽ നിലനിന്ന ജാതിഅടിമത്തം (Saradamoni 1980: 9-43, Mohan 2015:20-26 ). ഇന്ത്യാചരിത്ര പഠനങ്ങളിൽ ഇന്ത്യയിൽ വിവിധ കാലങ്ങളിൽ നിലനിന്ന അടിമത്ത സമ്പ്രദായങ്ങൾക്ക്  പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനങ്ങൾ വിരളമാണ് (Sen2004:1-80). ദേവരാജ് ചനാനയെപോലുള്ള പണ്ഡിതർ പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന അടിമത്തത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കിലും (Chanana 2008) പ്രാചീന ഇന്ത്യയെപ്പറ്റി പഠിച്ച പ്രമുഖ ചരിത്രകാരന്മാർ അടിയാളത്തപ്പെട്ട (Helotage) സമൂഹങ്ങൾ ദാസരും കർമകാരരുമായിരുന്നെന്നാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത് (Thapar, 2000:31-35,2002:184-190, Chakravarti 2015:94-121). ഇന്ത്യൻ സമൂഹത്തിൽ കാർഷിക അടിമത്തം (agrestic sIavery ) നിലനിന്നതായി പലരും വിലയിരുത്തിയിട്ടുണ്ടെങ്കിലും ഉൽപാദനവ്യവസ്ഥയിൽ അടിമത്തം ഒരു പ്രധാന സ്ഥാപന രൂപമായിരുന്നില്ല എന്ന നിലപാടാണ് പൊതുവെ മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കുള്ളത് (Habib1995: 165-177, Roy2014: 262-280, Jha2018: 83-104). പ്രാചീന ഗ്രീക്-റോമൻ സമൂഹങ്ങളിൽ നിലനിന്ന അടിമ കച്ചവടത്തിന് സമാനമായ ഒന്ന് ഇന്ത്യയിൽ നിലനിന്നിരുന്നില്ല എന്നാണ് ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ നിലനിന്ന കീഴാള അവസ്ഥ അടിമത്തത്തിനേക്കാളും സങ്കീർണ്ണമായ ചൂഷണവ്യവസ്ഥയായിരുന്നു എന്ന് വിശകലനം ചെയ്യാൻ ഈ ചരിത്രകാരന്മാരിൽ പലരും കാര്യമായി ശ്രമിച്ചതായി കാണുന്നില്ല. ഇന്ത്യയിൽ നിലനിന്നിരുന്ന കീഴായ്മയുടെയും അടിച്ചമർത്തലിൻ്റെയും രൂപത്തെ യൂറോപ്യൻ അടിമത്തത്തിന് സമാനമല്ല എന്ന പരികല്പനപരമായ പ്രശ്നത്തെയാണ് പലരും അഭിമുഖികരിച്ചത്. മനുഷ്യരെ വിറ്റ് വിലവാങ്ങി കൈമാറ്റം ചെയ്യുകയും തലമുറകളായി ജാതിഅടിമകളായി നിലനിർത്തി അടിച്ചമർത്തി ചൂഷണം ചെയ്തിരുന്ന വ്യവസ്ഥ സവിശേഷമായ ഒരു അടിച്ചമർത്തൽ രൂപവും ചൂഷണക്രമവുമായി ഇന്ത്യയിൽ നിലനിന്ന പ്രക്രിയ വേണ്ടത്ര രീതിയിൽ ഇന്ത്യൻ ചരിത്രശാസ്ത്രത്തിൽ പരിഗണിക്കപെട്ടില്ല. 

ജാതിവ്യവസ്ഥയും സാമൂഹിക വേർതിരിവ് രൂപങ്ങളും തരംതിരിവ് അസമത്തഘടനയും ഇന്ത്യയിൽ സവിശേഷമായി ജാതിഹീനതയും അസ്പൃശ്യതയുമായി പ്രവർത്തിച്ച രീതി അർഹിക്കുന്ന രീതിയിൽ അക്കാദമിക ചരിത്രപഠനമേഖലയിൽ വിശദികരിക്കപ്പെട്ടിട്ടില്ല. ജാതിവ്യവസ്ഥ സമൂഹത്തിലെ അടിത്തട്ട് മനുഷ്യരെ എങ്ങനെയാണ് ജാതി അടിമത്തത്തിൽ കീഴ്മപ്പെടുത്തുന്നത് എന്ന പ്രശ്നം ഇന്ത്യൻ ചരിത്രശാസ്ത്രം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ജാതി അടിമത്തവും കീഴായ്മയും കീഴാളത്തവും സാമൂഹിക ചരിത്രത്തിൻ്റെ ഭാഗമായി അന്വേഷിക്കുന്ന ഒരു രീതിയാണ് പൊതുവെ കണ്ടു വരുന്നത് (Jaiswal 2019:1-31,Parasher-Sen2004:1-80,Dube2008:xv-lxiv). ഇന്ത്യയിൽ നവോത്ഥാന കാലത്തും അതിനെ തുടർന്നുണ്ടായ ദേശീയ പ്രസ്ഥാനത്തിലും രൂപപ്പെട്ട സമത്ത പ്രക്ഷോഭങ്ങളും ജാതിവിരുദ്ധ ജനാധിപത്യ പ്രസ്ഥാനങ്ങളും ചിന്തകരുമാണ് ഇന്ത്യയിലെ അടിമത്ത ജീവിതവും ജാതി വ്യവസ്ഥയും തമ്മിലുള്ള ചരിത്ര ബന്ധത്തെ പ്രശ്നവൽക്കരിക്കാൻ ശ്രമിച്ചത്. ജ്യോതിറാവ് ഫൂലെ മുതൽ കേരളത്തിൽ  പൊയ്കയിൽ അപ്പച്ചൻ വരെയുള്ളവർ (Geetha and Rajadurai 2011:40-86, Rodrigues 2002:1-43, Kaviraj2017:10-38, Veeramani2018:133-154, Mohan2015) ജാതി അടിമത്തത്തെയും ജാതി ഹീനതയെയും ഒരു ചരിത്ര പ്രക്രിയയായി മനസിലാക്കുകയും നവോത്ഥാനത്തിന്റെയും ദേശീയതയുടെയും നീതി ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി. പാശ്ചാത്യ പണ്ഡിതരും മിഷണറിമാരും ബ്രട്ടീഷ് ഉദ്യോഗസ്ഥരും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അടിമത്തത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. മധ്യകാല കേരളത്തിൽ ആൾ/അടിയാർ/പുലയർ എന്നിങ്ങനെ വിളിക്കപ്പെട്ട വിഭാഗങ്ങൾ ആളടിമകളായി മാറിയത് എങ്ങനെയാണെന്നും ആ പ്രക്രിയയുടെ തുടർച്ചയിൽ ജാതിവ്യവസ്ഥ ഒരു മേൽകീഴ് വ്യവസ്ഥയായി ക്രമപ്പെട്ടു വരുമ്പോൾ ആളടിമകൾ എങ്ങനെയാണ് ജാതി അടിമകളായി മാറിയത് എന്ന പ്രശ്നവുമാണ് ഈ പ്രബന്ധത്തിൽ മുഖ്യമായും പരിഗണിക്കുന്നത്.

പ്രാചീന കേരളം: സമൂഹരൂപവും ജീവന പ്രവർത്തികളും

പ്രാചീന കാലത്ത് കേരള ഭൂപ്രദേശം മലനാടു എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ഭൂപ്രദേശങ്ങളിലെ കാട് മേഖലയിലെ പ്രധാന അതിജീവന രൂപം ഭക്ഷ്യശേഖരണവും പുനം കൃഷിയും കാലിമേക്കലുമായിരുന്നു. പടിഞ്ഞാറൻ തീരമേഖലയിൽ മീൻ പിടുത്തവും ഉപ്പു കുറുക്കലും കടൽവിഭവ ശേഖരണവും പ്രധാന ഉപജീവന വൃത്തികളായിനിലനിന്നു (Ganesh1997:34-65,Gurukkal and Varier1999:157-176). കേരളത്തിലെ മുപ്പത്തിരണ്ടു നദീതടങ്ങളിൽ നീർനില നെൽകൃഷി ഒരു സ്ഥിര കൃഷി രൂപമായി വികസിച്ചുവന്നത് കാട്-കടൽ മേഖലകൾ തമ്മിലുള്ള കൈമാറ്റ ബന്ധങ്ങളുടെ ഭാഗമായിട്ടായിരുന്നു. പശ്ചിമഘട്ട കാട് മേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമുള്ള വിവിധ വിഭവങ്ങളുടെ പാരസ്പര്യ കൈമാറ്റത്തിൻ്റെയും ഭാഗമായിട്ടായിരുന്നു ഇടനാട് ഒരു അധിവാസ പ്രദേശവും നീർനില കൃഷി ഇടവുമായി വികസിച്ചു വന്നത് (Ganesh1997:34-47). പശ്ചിമഘട്ടങ്ങളുടെ താഴ്വാര പ്രദേശങ്ങളിലും നദീതടങ്ങൾക്ക് മുകളിലുമായി പ്രാചീനകാലം മുതൽ വളർന്നു വന്നതാണ് ബഹുവിള പറമ്പ് കൃഷി രൂപങ്ങൾ. നീർനില നെൽകൃഷി ഇടങ്ങളും ബഹുവിള പറമ്പ് ഭൂമിയും മനുഷ്യർ ഇടപ്പെട്ട് മാറ്റിയെടുത്ത നിർമ്മിത കാർഷിക ഇടങ്ങളായിട്ടാണ് വളർന്നു വന്നതാണ്. ഈ പ്രക്രിയ നീർനില നെൽപാടങ്ങളും വയലുകളും ബഹുവിള പറമ്പ് പുരയിട ഭൂമിയും പ്രാചീന കാർഷിക കേരളത്തെ വികസിപ്പിച്ച ഭൂവിടങ്ങളും വിഭവസ്ഥാനങ്ങളുമായി മാറുന്നതിന് കാരണമായി. ഈ ഭൂവിഭാഗങ്ങളുടെ നിർമ്മിതിയും അവിടങ്ങളിലെ വിഭവ ഉൽപാദനവും വ്യത്യസ്തങ്ങളായ അധ്വാന രൂപങ്ങളെയും അധ്വാന പ്രക്രിയയെയും സാങ്കേതിക വിദ്യയെയും വികസിപ്പിക്കുകയും അതിനു നിശ്ചിതമായ രൂപം നൽകുകയും ചെയ്തു. കാർഷിക വികാസത്തിനാവശ്യമായ മനുഷ്യവിഭവ ശേഷിയും സാങ്കേതിക വിദ്യയും അറിവ് രൂപങ്ങളുടെ സാമൂഹിക പ്രയോഗങ്ങളും നിപുണതയും സാമൂഹികമായ ഉൽപാദന പ്രക്രിയയുടെ വികാസത്തിൻ്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടു വന്നത് (Ganesh2016(a):34- 43). ചരിത്രപരമായി വികസിച്ചുവന്ന ഈ പ്രക്രിയ അധ്വാന രൂപങ്ങളെയും അധ്വാന പ്രക്രിയയിൽ ഏർപ്പെടുന്നവരെയും പ്രത്യേകമായ തരത്തിൽ ക്രമപ്പെടുത്തുകയും അധ്വാനിക്കുന്ന മനുഷ്യരെ നിർബന്ധിത അധ്വാനത്തിലൂടെ ആളടിമത്തത്തിലേക്കും വ്യവസ്ഥാപിതമായ മേൽ കീഴ് ക്രമങ്ങളിലൂടെ ജാതി അടിമത്തത്തിലേക്കും പരിവർത്തിപ്പിച്ചു. ഈ പ്രക്രിയയുടെ ഭാഗമായി സാമൂഹിക ശ്രേണികരണവും സാമൂഹിക പുറംതള്ളൽ പ്രക്രിയയും ചൂഷണവും അടിച്ചമർത്തൽ രൂപങ്ങളും സാമൂഹിക ഭേദങ്ങളെ നിർമ്മിച്ച വ്യവസ്ഥയായി വളർന്നു വന്നു. ആളടിമത്തത്തിൽ നിന്നും ജാതി അടിമത്തത്തിലേക്ക്  കീഴോർ സമൂഹങ്ങളെ പരിവർത്തിപ്പിച്ച ഈ പ്രക്രിയയുടെ രാഷ്ട്രീയ സമ്പദ് ക്രമം വിശദികരിക്കുന്നതു അടിമത്ത രൂപങ്ങളെ മനസ്സിലാക്കുന്നതിന് ആവശ്യമാണ്.

പശ്ചിമഘട്ട മേഖലയുടെ ഭൂമിശാസ്ത്ര പ്രത്യേകതയും ജൈവപാരിസ്ഥിതിക വ്യൂഹവും സസ്യ ജന്തുജാല വൈവിധ്യവും കേരളത്തിന്റെ ചരിത്ര ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചഘടകങ്ങളാണ്. കിഴക്കുനിന്ന് പടിഞ്ഞാറേട്ട് ഒഴുകുന്ന നദികകളും നദീതടങ്ങളും കായൽ പ്രദേശങ്ങളും തുറന്ന കടൽ തീരമേഖലയും പലതരത്തിലുള്ള അതിജീവന രൂപങ്ങളും ഉപജീവന രീതികളും രൂപപ്പെടുന്നതിനും നിലനിൽക്കുന്നതിനും കാരണമായി. ജീവന പ്രക്രിയകളിൽ വേട്ടയാടൽ, ഫലമൂലാദികളുടെ ശേഖരണം, പുനം കൃഷി, കാലി മേച്ചിൽ എന്നിവ പശ്ചിമഘട്ട മല പ്രദേശത്താണ് വികസിച്ചുവന്നത്. പറമ്പ് പ്രദേശത്തെ ബഹുവിളകളും വ്യഞ്ജനങ്ങളും ബഹുവിള സ്ഥിര കൃഷിയായും പുനം കൃഷിരൂപത്തിലും വളർന്നു വന്നു. പശ്ചിമഘട്ട കാടു മേഖലയിലെ വിവിധയിനം വിഭവങ്ങളുടെ വൈവിധ്യവും വ്യത്യസ്തതയും ഭക്ഷ്യശേഖരണത്തിന്റെയും വിഭവശേഖരണത്തിന്റെയും ശ്രോതസ്സായി ഈ പ്രദേശത്തെ മാറ്റി (Varier and Gurukkal 2004:59- 103). മലയോരങ്ങളിൽ കാർഷിക വിഭവങ്ങൾ ഏക വിളയായും ബഹുവിളയായും തട്ടുകൃഷിയായും പുനം കൃഷിയായും ഉൽപാദിപ്പിച്ചു. ഭക്ഷ്യ ശേഖരണത്തോടൊപ്പം വേട്ടയാടലും കാലി വളർത്തലും പാരസ്പര്യപെട്ടു പ്രധാന ഉപജീവന രൂപങ്ങളായി തുടർന്നു. ഏകവിള സ്ഥിര കൃഷിയും ബഹുവിള സ്ഥിരകൃഷിയും നീർനില പ്രദേശത്തും പറമ്പ് ഭൂമിയിലും പ്രധാന കാർഷിക രൂപങ്ങളായി നിലനിന്നു. നദീതടങ്ങളിലെയും കായൽ ഭൂമിയിലെയും ജൈവ പാരിസ്ഥിതിക വ്യൂഹത്തിലാണ് നീർനില നെൽകൃഷി പ്രധാന വിഭവരൂപമായി സ്ഥിര കൃഷിയായി വളർന്നുവന്നത്. കടൽ മേഖലയിലെയും ഉൾനാടൻ ജലാശയങ്ങളിലെയും മത്സ്യബന്ധനവും ഉപ്പു ഉണ്ടാക്കലും കടൽവിഭവ ശേരണവും ഉപജീവന രൂപങ്ങളുടെ വ്യത്യസ്തയോടൊപ്പം അവ തമ്മിലുള്ള പരസ്പര്യത്തെയും കൈമാറ്റ ബന്ധങ്ങളെയും സൃഷ്ടിച്ചു.

പടിഞ്ഞാറൻ കടൽ വ്യവസ്ഥയും തുറന്ന തീരപ്രേദശവും കായൽവ്യൂഹവും ഇന്ത്യൻ മഹാസമുദ്രവ്യവസ്ഥയുമായി നിലനിന്ന സമുദ്രബന്ധങ്ങളും പശ്ചിമഘട്ടങ്ങളിലെ വിഭവങ്ങളും പ്രാചീന കാലഘട്ടം മുതൽ കേരളത്തിലെ ജീവിത പ്രക്രിയകളെയും ഭൗതീക സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഗോത്ര കുല ബന്ധങ്ങൾക്കനുസൃതമായിട്ടുള്ള ജൈവീകവും സാമൂഹികവുമായ ഇടപാടു ബന്ധങ്ങളിലൂടെയാണ് സാമൂഹിക ജീവിതം നിലനിന്നത്. കാടുമേഖലയിലും മലയോര പറമ്പ് മേഖലയിലും ഇടനാട്ടിലെ സമതലങ്ങളിലെ നദീതടങ്ങളിലും കായൽപ്രദേശത്തും കടലോര പ്രദേശത്തും വിവിധ ഗോത്ര വിഭാഗങ്ങൾ വ്യത്യസ്ത കുലങ്ങളായി രക്തബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ നിലനിന്നു. ഇളയതും മൂത്തതുമായ കുല വംശാവലി ക്രമത്തിൽ കുലങ്ങളും കുലങ്ങൾക്കുള്ളിൽ ചാർച്ചക്കൂട്ടങ്ങളുമായി ഇവ വികസിച്ചു വന്നു. ഈ മനുഷ്യസഞ്ചയങ്ങൾ കുടിമാക്കൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഗോത്രങ്ങൾ കുലങ്ങളായി വേറ് കൂറ് ബന്ധങ്ങൾ നിലനിർത്തിയ വിവിധ ജീവിക ക്രമങ്ങളും ജീവന പ്രവർത്തികളും കൂട്ടായി നടത്തിയ ചാർച്ച കൂട്ടായ്മകളായ കുടികളായി പ്രാചീന ചരിത്രകാല ആരംഭത്തോടെ തമിഴകത്തിൻ്റെ ഭാഗമായിരുന്ന കേരള പ്രദേശത്തു സാമൂഹിക ജീവിത പ്രകിയകളുടെ ഭാഗമായി വികസിച്ചുവന്നു. മലമേഖലയിലെയും ഇടനാടൻ പറമ്പ് പുരയിട പ്രദേശത്തെയും  നദീതട എക്കൽ നീർനില പ്രദേശത്തെയും കടൽ കായൽ മേഖലയിലെ വിശാലമായ തീരപ്രദേശത്തെയും  ഭൂമിശാസ്ത്ര വൈവിധ്യങ്ങളും ജൈവ പാരിസ്ഥിതിക പ്രത്യേകതകളും വിവിധ കുടി കൂട്ടായ്മയുടെ ജൈവീകവും സാമൂഹികവുമായ ജീവിത രൂപങ്ങൾ നിലനിർത്തുന്നതിനു കാരണമായി. 

മുല്ല-കുറിഞ്ചി പ്രദേശങ്ങളായ കാടും മേടും പുൽതകിടും മലയടിവാരവും മനുഷ്യരുടെ ജീവന പ്രവർത്തികൾ നടക്കുന്ന ഇടപാടു ഇടങ്ങൾ കൂടിയായിരുന്നു. വിവിധ തരത്തിലുള്ള വെട്ടി ചുട്ട് പുനം കൃഷിയും തട്ടുകൃഷിയുമായി ബഹു വിളകൃഷിയിടങ്ങൾ മുല്ല - കുറിഞ്ഞി കാടു മേഖലയിൽ വളർന്നു വന്നു. തിന, വരക്, ചാമ, മുതിര, മലനെല്ല് എന്നിങ്ങനെ വിവിധ തരം ഭക്ഷ്യധാന്യങ്ങളും ഏലം, കറുകാപട്ട, കുരുമുളക്, ഇഞ്ചി ,മഞ്ഞൾ എന്നിങ്ങനെ പലതരം വ്യജ്ഞനങ്ങളും കൃഷി ചെയ്തും കാട്ടു വിഭവങ്ങളായി ശേഖരിച്ചും അതിജീവിച്ച മനുഷ്യരായിരുന്നു കാടുമേഖലയിലെയും പറമ്പ് ഭൂമിയിലെയും കുടിമാക്കൾ എന്നന്നറിയപ്പെട്ടിരുന്ന ഗോത്ര ജനസഞ്ചയങ്ങൾ. ഭക്ഷ്യശേഖരണത്തോടൊപ്പം ഭക്ഷ്യ ഉത്പാദനവും വേട്ടയാടലും കുടിമാക്കൾ ഉപജീവന രൂപങ്ങളായി നിലനിർത്തി. വേടർ, വേട്ടുവർ എന്നീ ഗോത്രങ്ങൾ വേട്ടയാടലും ഭഷ്യ ശേഖരണവും പുനം കൃഷിയും ഇടചേർന്ന് നടത്തിയവരാണ്. ആയർ, ഇടയർ എന്നി ഗോത്രങ്ങൾ കാലിവളർത്തലും പാലുല്പന്നങ്ങളുടെ കൈമാറ്റവും തൊഴിലായി സ്വീകരിച്ചവരായിരുന്നു. ബഹുവിള പുനം കൃഷിയും വേട്ടയാടലും ഭക്ഷ്യശേഖരണവും മുല്ല കുറിഞ്ഞി മേഖലയിലെ കുടി കൂട്ടായ്മകൾ നിലനിർത്തി. കുടി കൂട്ടായ്മകൾ അധിവസിച്ച ഇടങ്ങൾ ഊരുകളായി വളർന്നു വന്നു. കുടിമാക്കളുടെ ഊരുകൾ പല കുടികൾ കൂടിച്ചേർന്ന ഗോത്രഗ്രാമങ്ങളായിരുന്നു. ചെറുതും വലുതുമായ മലകളിലും കുന്നുകളിലും താഴ്വാര പ്രദേശങ്ങളിലുമാണ് ഊരുകൾ വളർന്നു വന്നത്. ഊരുകൾക്ക് ചാർച്ച കൂട്ടായ്മകളുടെ തലവൻ എന്ന നിലയിൽ ഊര് മൂപ്പൻമാർ ഉണ്ടായിരുന്നു. ഇവർ ഊർകിഴാൻ, ഊർകിഴവൻ എന്നീ പേരുകളിൽ അറിയപ്പെട്ടു. ഊരുകളുടെ സ്ഥാനം, നില, വിഭവ അടിത്തറ, പഴക്കം എന്നിങ്ങനെ  ഊരുകൾ പല പേരുകളിൽ അറിയപ്പെടുന്നതിന് കാരണമായി. ആദ്യകാല കുടി പാർപ്പിടങ്ങളെ അവയുടെ പഴക്കത്തെ മുൻനിർത്തി മൂതൂർ എന്നു വിളിച്ചു. ഊരുകളിലെ കുടികളുടെ എണ്ണത്തെയും കുടിമാക്കളുടെ സാമൂഹിക സ്ഥാനത്തെയും സൂചിപ്പിക്കുന്ന തരത്തിൽ ഊരുകളെ ചെറിയ ഊരുകൾ എന്നർത്ഥത്തിൽ ചീറൂർ എന്നു വിളിച്ചിരുന്നു. വിഭവ ധാരാളിത്തമുള്ള ഊരുകൾ നല്ലൂർ എന്നറിയപ്പെട്ടു. വിവിധ കുലങ്ങളിൽപ്പെട്ടതും പലവിധ അതിജീവന രൂപങ്ങളിലും ജീവിത പ്രവർത്തികളിലും ഏർപ്പെടുന്ന കുടികളെ വലിയ കുടി എന്ന അർത്ഥത്തിൽ പെരുങ്കുടി എന്നും ചെറിയ കുടികിടപ്പ് സ്ഥാനങ്ങളിൽ ജീവിക്കുന്നവർ എന്ന നിലയിൽ ചിറുകുടി എന്നും വിളിച്ചു. 

കുടികൾ രക്തകുലബന്ധങ്ങൾ പാലിച്ചുകൊണ്ടുള്ള ഇണചേരൽ രൂപങ്ങൾ നിലനിർത്തിയിരുന്നു. കളവ്, കാർപ്പ് എന്നിപേരിൽ വിളിച്ചിരുന്ന സ്ത്രീ പുരുഷ ബന്ധങ്ങൾ പ്രണയം, കാമന, ലൈംഗീകത, ഇണചേരൽ, പ്രജനനം എന്നിവ കുടികൾക്ക് ഉള്ളിലും പുറത്തും നിലനിർത്തുന്നതിനായി രൂപപ്പെട്ടു വന്ന ജൈവീകവും സാമൂഹികവുമായ ക്രമങ്ങളായിരുന്നു. കുലങ്ങളുടെ ചാർച്ച ക്രമത്തിനുള്ളിൽ  കുലത്തിൻ്റെ വഴി-മുറക്രമത്തിനനുസരിച്ച്  ഇളയവർ, മുതിയവർ ബന്ധത്തിനനുസരിച്ചാണ് ഗോത്ര അധികാരസ്ഥാനങ്ങൾ നിലനിന്നത്. ഊരുകൾ  ഊർകിഴാൻമാരുടെ നിയന്ത്രണത്തിലായിരുന്നു. വിവിധ മലകളെ കേന്ദ്രികരിച്ച് പൊറയൻമാരായ മലനാഥന്മാരുടെ അധികാരം വളർന്നു വന്നു. മലനാഥന്മാരിൽ നിന്നും വേളുകൾ എന്നറിയപ്പെട്ട ഗോത്ര തലവൻമാരും ഉണ്ടായി. വിപുലമായ ഒരു പ്രദേശത്തുള്ള വിവിധ ഗോത്രങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് വേന്തൻ എന്നറിയപ്പെട്ട പ്രദേശാധിപൻമാരും ഉയർന്നു വന്നു. ചേരവേന്തന്മാരാണ് മലനാട് പ്രദേശത്തു അധിപത്യം സ്ഥാപിച്ചവർ. തങ്ങളുടെ അധികാര പ്രദേശങ്ങളെ നിയന്ത്രിക്കുന്ന വംശാവലികൾ ഉള്ളവരായിരുന്നു ചേരവേന്തന്മാർ. ഗോത്ര ചാർച്ചകൾക്കനുസരിച്ചുള്ള ജീവന രൂപങ്ങളുടെയും വിഭവ പങ്കാളിത്തത്തിൻ്റെയും അടിസ്ഥാനത്തിൽ വികസിച്ചു വന്ന ജീവനപ്രവർത്തികളും സാമൂഹിക വേറു കൂറുബന്ധങ്ങളും മേലോർ കീഴോർ ബന്ധങ്ങളായി വികസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അത്തരം ബന്ധങ്ങൾ മേൽകീഴ് (Hierarcy ) ഏറ്റിറക്ക ശ്രേണീബന്ധങ്ങളും ജാതി ബന്ധങ്ങളുമായി മാറിയിരുന്നില്ല. ഗോത്ര കൂട്ടായ്മകളെ നിയന്ത്രിച്ച ഊര്മൂപ്പന്മാരും മലനാഥന്മാരായ പൊറയൻമാരും വേൾ കുലങ്ങളും വേന്തനും ഉൾപ്പെടുന്ന സമൂഹം മേലോരായി സ്ഥാനപ്പെട്ടു. ജീവന പ്രക്രിയകളുടെ പലമകൾ നിലനിർത്തിയ വിവിധ കുടിമക്കൾ വിഭാഗങ്ങൾ കീഴോരുമായി  സ്ഥാനപ്പെടുന്ന തിരശ്ചീനമായ  സാമൂഹിക വിഭജനമായിരുന്നു നിലനിന്നത്. വേറുംകൂറും നിലനിർത്തിയ ഗോത്ര ബന്ധങ്ങൾക്ക് ശ്രേണി അസമത്തമായി വികസിക്കാൻ കഴിയുമായിരുന്നില്ല.

കാർഷിക വികാസവും ശ്രേണിവൽക്കരണവും

കേരളത്തിന്റെ ഇടനാടിനെ കേന്ദ്രീകരിച്ചുള്ള നീർനില നെൽകൃഷിയും ബഹുവിള പറമ്പു വിഭവോല്പാദന രൂപങ്ങളും സാമൂഹിക ശ്രേണി വൽക്കരണത്തിലേക്കു നയിക്കുന്ന വിഭവ സമാഹരണത്തിന് കാരണമായി. ഇടനാടിന്റെ വിഭവ രൂപങ്ങളെ അടിസ്ഥാനപ്പെടുത്തി വളർന്നു വന്ന നാട്ടുകോയ്മകൾ വിഭവ രൂപങ്ങളെ നിയന്ത്രിച്ചും അതിൻ്റെ മേൽ കോയ്മ സ്ഥാപിച്ചും ഉണ്ടായി വന്ന വിഭവ സമാഹരണ പ്രക്രിയ സാമൂഹിക ബന്ധങ്ങളെ ശ്രേണി ബന്ധങ്ങളുടെ ഘടനയാക്കി തീർത്തു. സമൂഹരൂപം ശ്രേണി സ്വഭാവമുള്ള ജീവന പ്രവർത്തികളുടെയും ഏറ്റിറക്ക മേൽ കീഴ് മനുഷ്യ വിന്യാസക്രമത്തെയും സൃഷ്ടിച്ച വ്യവസ്ഥയായി വളർന്നു വന്നു. വിവിധ നാടുകളുടെ മേൽകോയ്മ നേടിയെടുത്ത നാട്ടുടയവരുടെയും കുടിയേറ്റ ബ്രാഹ്മണരുടെയും ചേര പെരുമാക്കന്മാരുടെയും ആധിപത്യം ഇടനാട്ടിൽ വികസിച്ചുവന്നതിൻ്റെ ഫലമായിട്ടാണ് സാമൂഹിക ശ്രേണി വ്യവസ്ഥയും സാമൂഹിക പുറംതള്ളൽ രൂപങ്ങളും വികസിച്ചു വന്നത്.
    
നാടുകളുടെ മേൽ ആധിപത്യം സ്ഥാപിച്ച നാട്ടുടയവരുടെ അധികാരക്രമം കുടിയേറ്റ ബ്രാഹ്മണർക്ക് സഹായകമായി. തദ്ദേശിയ കാർഷിക സമൂഹങ്ങൾ നിർമ്മിച്ചെടുത്ത കാർഷിക ഇടങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതിന് ബ്രാഹ്മണർക്കു സഹായകമായി. കുടിയേറ്റ ബ്രാഹ്മണർ നാട്ടുടയവരുടെ സഹായത്തോടെ തദ്ദേശിയ കുടിസമൂഹങ്ങളുടെയും അവരുടെ കാർഷിക ഗ്രാമങ്ങളുടെയും മേൽ സ്ഥാപിച്ചെടുത്ത ആധിപത്യത്തിൻ്റെ ഭാഗമായി കുടി സമൂഹങ്ങളുടെ കാർഷിക പ്രദേശങ്ങൾ ബ്രാഹ്മണരുടെ കുടിയേറ്റ ഭൂമിയും ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള കാർഷിക പ്രദേശങ്ങളുമായി മാറി. ഇത്തരം കാർഷിക ഗ്രാമങ്ങൾ പിന്നീട് ബ്രാഹ്മണ ഊരുകളായി പരിവർത്തിക്കപ്പെട്ടു. നാട്ടുടയവർ ബ്രാഹ്മണരെ ക്ഷണിച്ചു കൊണ്ടുവരികയും കാർഷിക കുടിസഞ്ചയങ്ങളുടെ കൃഷിഭൂമികളിൽ ബ്രാഹ്മണരെ സ്ഥിരതാമസത്തിനായി കുടി പാർപ്പിക്കുകയും ചെയ്തതിൻ്റെ ഭാഗമായിട്ടാണ്ട് ഇത്തരം കാർഷിക പ്രദേശങ്ങൾ ബ്രാഹ്മണരുടെ നിയന്ത്രണത്തിലാകുന്നത്. ഇതോടെ കുടികളുടെ കാർഷിക ഭൂമികളിൽ നിന്നും നാട്ടുടയവർ പിരിച്ചിരുന്ന സംരക്ഷണ കാഴ്ച്ചകളായ ഉല്പന്നങ്ങൾ കുടി പാർപ്പിച്ച ബ്രാഹ്മണർക്ക് നാട്ടുടയവർ ദാനമായി നല്കുന്ന പ്രക്രിയ വ്യാപകമായി തീർന്നു. ബ്രാഹ്മണർക്ക് ദാനമായി ഉൽപന്നങ്ങളിൽ നിന്നുള്ള പങ്കും ഉൽപന്നങ്ങൾ വിളയുന്ന ഭൂമിയും നാട്ടുടയവരും സ്വകാര്യ ഭൂവുടമകളും നല്കിയപ്പോൾ ഇത്തരം ഭൂമികളുടെ മേൽ സ്ഥിരമായ ഉടമസ്ഥത നേടിയെടുക്കുന്നതിനായി ബ്രാഹ്മണർ ഭൂ നിയന്ത്രണക്രമങ്ങൾ നിർമ്മിച്ചെടുത്തു.  

ഭൂമിയുടെ മേലുള്ള അവകാശങ്ങൾ ബ്രാഹ്മണ ഗ്രാമങ്ങളുടെ മേലുള്ള പാരമ്പര്യ അവകാശങ്ങളായി ബ്രാഹ്മണർ വ്യവസ്ഥപ്പെടുത്തി. ഇതിൻ്റെ ഭാഗമായി കാർഷിക സമൂഹങ്ങളും അവരുടെ കൃഷിയിടങ്ങളും ബ്രാഹ്മണ ഗ്രാമങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂസ്വത്തവകാശത്തിൻ്റെ നിയന്ത്രണത്തിലായി. കാർഷിക കുടിസമൂഹങ്ങൾ അവരുടെ കാർഷിക പ്രദേശങ്ങളിൽ ബ്രാഹ്മണരുടെ ഭൂ നിയന്ത്രണവ്യവസ്ഥകൾക്ക് വിധേയപ്പെട്ട് കൃഷി നടത്തേണ്ട പാട്ട കുടിയാൻമാരായി തീർന്നു. കാരായ്മ മിതാട്ചി വ്യവസ്ഥയും ഊരാള സമ്പ്രദായവുമായി കാർഷിക കുടി ജനസഞ്ചയത്തിൻ്റെ മേൽ ബ്രാഹ്മണാധിപത്യം ഭൂവുടമാസ്ഥത സ്ഥാപിച്ചെടുത്തു .ഇത്തരം ഭൂസ്വത്തു വ്യവസ്ഥകൾ ക്രമേണ ബ്രാഹ്മണ ഗ്രാമങ്ങളുടെ കൂട്ടായ സ്വത്തു വ്യവസ്ഥയായ ബ്രഹ്മസ്വമായി മാറി. ഇത്തരം ബ്രാഹ്മണ ഗ്രാമങ്ങളിൽ മുക്കാൽ വട്ടം എന്നറിയപ്പെട്ട ബ്രാഹ്മണ ആരാധന ഇടങ്ങൾ ക്രമേണ ക്ഷേത്രങ്ങളായി വികസിച്ചുവന്നു. പല ശ്രമണ ആരാധാനാലയങ്ങളും ബ്രാഹ്മണ ക്ഷേത്രങ്ങളായി മാറി. ഇത്തരം ബ്രാഹ്മണ ക്ഷേത്രങ്ങൾക്ക് നാട്ടുടയവരും ബ്രാഹ്മണ ഇതര ഭൂവുടമകളും ഭൂമിയും ഭൂമിയിൽ നിന്നുള്ള ഉൽപന്നങ്ങളും ഉൾപ്പടെയുള്ള മറ്റ് വിഭവങ്ങളും ദാനമായി നല്കി. ദാനങ്ങൾ ക്ഷേത്രങ്ങളുടെ വിഭവ സമാഹരണത്തിൻ്റെ സാംസ്കാരികവും പ്രതീകാത്മകവുമായ വ്യവസ്ഥയായി നിലനിന്നു.

തുടരും...   

ഭാഗം-2 
ആളടിമത്തത്തിൽ നിന്നും ജാതി അടിമത്തത്തിലേക്ക്

Reference:

Adharam, 2006. Vol.1.
Aiyar, K V. Subramanya (ed). 1932.Travancore Archaeological Series.Vol.V11.partII.  Thiruvanandapuram: Gover ment Press.
Aiyar,KV.Subramanya(ed).1999.TravancoreArchaeological Series.Vol.IV.Thiruvanandapuram:Department of Cultural Publications. Goverment of Kerala.
Ayyar,ASRamanatha.1999.TravancoreArchaeologicalSeries.Vol.V.Thiruvanandapuram:Department of Cultural Publications. Goverment of Kerala.
Chakravarti, Uma.2015.The Social Dimension of Early Budhism.Delhi: Munshiram ManoharIal.
Chanana,Dev Raj.1960. Slavery in Ancient India. New Delhi: People's Publishing House.
Deshpande,G P. 2002.Sellected Writings of Jotirao Phule .New Delhi: Left Word Books.
Dube, Ishitha Banerjee.2008. Caste in History. Delhi: Oxford University Press.
Ganesh, KN. 1997. Keralathinte Innalekal.Thiruvanandapuram:Department of Cultural Publications. Goverment of Kerala
Ganesh, K N.2010.State Formation in Kerala: A Critical Overview. New Delhi:Indian Council of Histrical Research. 
Ganesh,KN.2016(a).Malayaliyude Deshakalangal Calicut :raspberrybooks.
Ganesh,KN.2016(b). Reflections on Premodern Kerala.Thrissur: ComoBooks.
Geetha, V and Rajadurai, S V. 2011. Towards a Non- Brahmin Millennium From Iyothee Thass to Periyar.  Kolkata: Samya.
Gurukkal,Rajan and Varier, Ragava.1999. Cultural History of Kerala Vol: 1. Thiruvanandapuram :Department of Cultural Publications. Goverment of Kerala.
Habib,Irfan.1995.Essays in Indian History: Towards A Marxist Perception .Delhi: Tulika Publishers.
Jaiswal,Suvira.2019.Caste:Origin, Function and Dimensions of Change.Delhi: Mahohar.
Jha,Vivekananda.2018.Candala:Untouchability and Caste in Early India. Delhi: Primus Books.
Kaviraj,Sudipta.2012. The Imaginary Institution of India. New Delhi: .Permanet Black.
Kunjan Pilla, P N. Elamkulam.2005. Ilamkulam Kunjan Pillayude Theranjedutha Krithikal Part I .Dr.N Sam (editor). Thiruvanandapuran: International Center for Kerala Studies.University of Kerala.
Madhavan, K S.2012. Primary Producing Groups in Early and Early Medieval Kerala: Production Process and Historical Roots of Transition to Castes (300- 1300CE). Un Published PhD Thesis submitted to the University of Calicut.
Madhavan, K S. 2014. 'Boadage and Servitude in Eary Medieval Kerala: An Overview', Jounal of History and Society. Vol.3 No.1:7-13.
Madhavan, K S. 2019. 'Social Stratification and Heirarchy in Early Medievel Kerala' in T Muhammedali(ed), Histories Unbounded: Selected Papers of Third Kerala History Congress.Kottayam:Kerala History Congress/Current Books.
Madhavan,KS.2021. 'Keralam: Charithram,Samuhikatha, Adhikaram' in Ravichandran ,K P. (ed). Adhikara Bhoopadangal: Mattivarayum Vayanayum .Kohinoor: Mudra Books.
Mohan,P .Sanal.2015.Modernity of Slavery: Struggle Aagainst Caste Inequality in Colonial Kerala .New Delhi: Oxford University Press.
Narayanan, MGS.1996. Perumals of Kerala:Political and Social Conditions of Kerala Under the Cera Perumals of Makotai ( c.800 A. D .- 1124 A. D.) Calicut :Xavier Press.
Rao,T A Gopinatha(ed).1988.Travancore Archaeological Series.Vol.I.Thiruvanandapuram :Department of Cultural Publications. Goverment of Kerala
Rao,TAGopinatha.(ed).1992.TravancoreArchaeologicalSeries.Vol.III.Thiruvanandapuram:Department of Cultural Publications. Goverment of Kerala.
Rodrigues,Valerian.2019.The Essential Writings of B R Ambedkar. New Delhi: Oxford University Press.
Roy,Kumkum.2014.'Kosambi and the Question of Caste' in Meera Kosambi (ed). Unsettling the Past. Ranikhet: Permanent Black.
Saradamoni, K. 1980. Emergence of a Slave Caste: Palayas of Kerala .New Delhi. People's Publishing House.
Sen ,Aloka Paraser.2004. Sabordinated and Marginal Groups in Early India. Delhi: Oxford University Press.
Thapar, Romila.2000. From Lineage to State: Social Formations in the Mid - First Millennium B.C.in the Ganga Valley New Delhi: Oxford University Press.
Thapar, Romila.2002. Early India: Fron the Origins to AD 1300. Delhi: Penguin Books.
Varier, M R .Ragava and Veluthat Kesavan. 2015.Tharisapally Pattayam .Kottayam: Sahithya Pravarthaka Co-operative Society Ltd.
Varier ,Raghava and Gurukkal, Rajan .2004. Kerala Charithram.Sukapuran: Vallathol Vidhya Peedom.
Veeramani ,K. 2018.  Collected Works of Periyar EVR. Chennai: The Periyar Self -Respect Propaganda Institution.