Author Image അൻഷുൽ കുമാർ

സ്‌പിവാക്കിന് കേൾക്കാൻ കഴിയാത്തത് എന്തുകൊണ്ട്?

മാർക്‌സിസ്‌റ്റ് ഫെമിനിസ്‌റ്റ് എങ്ങനെയാണ് ജാതി നിലനിർത്തുന്നത് എന്ന അനുഭവം ജെ.എൻ.യു. വിദ്യാർത്ഥി അൻഷുൽ കുമാർ എഴുതുന്നു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നടത്തിയ പ്രസംഗത്തിന് ശേഷം സംവാദവേളയിൽ ചിന്തകയും മാർക്സിസ്റ്റ് ഫെമിനിസ്റ്റുമായ ഗായത്രി ചക്രവർത്തി സ്പിവാക് തന്നോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച അൻഷുൽ കുമാർ എന്ന ദളിത് വിദ്യാർത്ഥിയെ തടസ്സപ്പെടുത്തുകയുണ്ടായി. അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായിരുന്ന ഡബ്ല്യു.ഇ.ബി. ദു ബോയ്സിന്റെ പേരുച്ചരിച്ചതിലെ പിഴവിനെച്ചൊല്ലി തർക്കിക്കുകയായിരുന്ന സ്പിവാക് ചോദ്യം പൂർത്തിയാക്കാൻ അനുവദിച്ചില്ല. സ്‌പിവാക്കിനോട് മദ്ധ്യവർഗ്ഗമായി സ്വയം സ്ഥാനപ്പെടുത്തുന്നതിലൂടെ സ്വന്തം വിശേഷാധികാരങ്ങളെ മറച്ചുവെക്കുന്നതിനെക്കുറിച്ചാണ് ചോദിക്കാൻ ശ്രമിച്ചത്. "നിങ്ങൾ ആരാണ്" എന്ന സ്പിവാക്കിന്റെ മറുചോദ്യത്തിന് "സെന്റർ ഫോർ ബ്രാഹ്മിൺ സ്റ്റഡീസിന്റെ സ്ഥാപക പ്രൊഫസർ" എന്ന് സ്വയം പരിചയപ്പെടുത്തുകയുണ്ടായി അൻഷുൽ കുമാർ. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം roundtableindia.co.in പോർട്ടലിൽ എഴുതിയ കുറിപ്പ്.

...അത് (Can the Subaltern Speak) ഇതിനെക്കുറിച്ചായിരുന്നു: കീഴാളർ സംസാരിക്കുമ്പോൾ അത് പ്രതിരോധത്തിന്റെ ഭാഷണം ആയി തിരിച്ചറിയാനുള്ള അടിസ്ഥാനഘടന സമൂഹത്തിനില്ല. ഇതാണ് അതിൽ അർത്ഥമാക്കിയത്.

ഗായത്രി ചക്രവർത്തി സ്പിവാക് ("In Conversation: Speaking to Spivak", ഫെബ്രുവരി 05, 2011 06:50 pm|അപ്ഡേറ്റ് ചെയ്തത് ഡിസംബർ 04, 2021 10:49 pm IST)

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റ് എക്‌സിൽ (മുമ്പ് ട്വിറ്റർ) സ്പിവാക്കിന്റെ പ്രഭാഷണത്തിൽ ഞാൻ അവരോട് ചോദ്യം ചോദിക്കുന്ന വീഡിയോ റെക്കോർഡിങ് അപ്‌ലോഡ് ചെയ്തതു മുതൽ അതിന് ഒരുപാട് കാഴ്ച്ചക്കാർ ഉണ്ടാവുകയും കടൽക്കട്ട മുതൽ കാലിഫോർണിയ വരെയുള്ള, മുഴുവൻ അക്കാദമി ലോകത്തിന്റെയും ശ്രദ്ധയും പ്രതികരണവും ലഭിക്കുകയും ചെയ്തു. രസകരമായി തോന്നുന്നത് എന്തെന്നാൽ, നിരവധി വാർത്താ പോർട്ടലുകൾ സ്പിവാക്കുമായുള്ള എന്റെ ഇടപെടലിനെപ്പറ്റി ലേഖനങ്ങൾ എഴുതുകയും ഒപ്പംതന്നെ സ്പിവാക്കിന് ഈ വിഷയത്തിൽ പ്രതികരിക്കാനും ഈ വിഷയത്തിൽ അവരുടെ വിശദീകരണം നൽകുവാനുമുള്ള ഇടവും വേദിയും നൽകുകയും ചെയ്തു. എന്നാൽ ആരുംതന്നെ എന്നെ ബന്ധപ്പെടുകയോ ആ അഞ്ചുമിനിറ്റിൽ സംഭവിച്ചത് എന്ത് എന്ന്  സ്പഷ്ടമാക്കാനുള്ള അവസരം എനിക്ക്  നൽകുകയോ ഉണ്ടായില്ല. ഈ അവസരത്തിൽ ഗായത്രി സ്പിവാക്ക് തന്റെ 1988-ൽ പ്രസിദ്ധീകരിച്ച പ്രബന്ധം, Can the subaltern speak?'  എന്ന ചോദ്യം, വീണ്ടും ചോദിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.  അതോ അടിച്ചമർത്തുന്നവർ മാത്രം എന്നും കീഴാളക്കുവേണ്ടി അവരെ പ്രതിനിധീകരിച്ച് സംസാരിച്ചുകൊണ്ടിരുന്നാൽ മതി എന്നാണോ?

അപമാനകരമായ ആ അഞ്ച് മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഏതാനും മിനിറ്റുകൾ വൈകിയാണ് ഞാൻ പ്രഭാഷണത്തിനെത്തിയത്, അനാദരവുണ്ടായതിനാൽ എസ്.എ.എ. ഓഡിറ്റോറിയത്തിൽനിന്ന് പുറത്തിറങ്ങുന്നതുവരെ ഞാൻ അവിടെത്തന്നെയുണ്ടായിരുന്നു.

ജെഎൻയു സംവാദത്തിനും വിയോജിപ്പിനും ചർച്ചയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന അറിവിൽനിന്ന്, സ്പിവാക്ക് തന്റെ പ്രഭാഷണം പൂർത്തിയാക്കി മോഡറേറ്റർമാർ ചോദ്യങ്ങൾക്കായി അവസരം നൽകിയ ഉടനെത്തന്നെ  ചോദ്യങ്ങൾ ഉന്നയിക്കാനുള്ള പതിവ് അക്കാദമിക ആവേശത്തോടെ ഞാൻ കൈ ഉയർത്തി. സാമൂഹ്യനീതിയിൽ അഭിനിവേശവും ഇന്ത്യയുടെ മുഴുവൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന ഇവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള വിലമതിപ്പുമുള്ള ഒരു യുവവിദ്യാർത്ഥി എന്ന നിലയിൽ,  എന്റെ സ്കൂൾ കാലം മുതൽ ഞാൻ ജെഎൻയു സന്ദർശിക്കുമായിരുന്നു. അന്യായമായ നയങ്ങൾക്കെതിരെ സബർമതി ധാബയിലെ പ്രതിഷേധ പ്രകടനങ്ങളുടെയും വിവിധ റാലികളുടെയും ഭാഗമായിരുന്നു ഞാൻ എന്നത് ഇപ്പോഴും ഓർക്കുന്നു. ഒരിക്കൽ എം.എച്ച്.ആർ.ഡി ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ, ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർഥിനേതാവ് കനയ്യ കുമാറിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ തടവിലാക്കപ്പെടുകയും ചെയ്തു.

ഇത് സംഭവിച്ചത് 2015-16 കാലത്താണ്, രാത്രി വൈകി പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ വിട്ടയച്ചു.

രാഷ്ട്രീയത്തിൽ വളരെയധികം മുഴുകുന്നതുകാരണം എന്റെ മാതാപിതാക്കൾ എപ്പോഴും എന്നെ ശകാരിക്കാറുണ്ടായിരുന്നു. എന്നാൽ പ്രവൃത്തിയിൽ കൊണ്ടുവരാം എന്ന് ബോധ്യമുള്ള,  അക്കാദമിക  സിദ്ധാന്തത്തോടുള്ള എന്റെ  ആർത്തി എനിക്കറിയാമായിരുന്നു. 
ജെഎൻയുവിലെ എന്റെ സ്വപ്നങ്ങളെല്ലാം,  അക്കാദമികമായ ഇടപെടലുകളിലൂടെ എന്നിലെ  പാണ്ഡിത്യം പുറത്ത് കൊണ്ടുവരാം എന്ന എന്റെ ആഗ്രഹങ്ങൾ എല്ലാംതന്നെ, തിങ്ങിനിറഞ്ഞ ഒരു ഓഡിറ്റോറിയത്തിൽവെച്ച് സ്പിവാക് എന്നെ അപമാനിച്ചപ്പോൾ തകർന്നടിഞ്ഞു.
ഓഡിറ്റോറിയത്തിൽ ഞാൻ കൈ ഉയർത്തിയപ്പോൾ, കൈ ഉയർത്തിയ മറ്റാരും ഇല്ലെന്ന് എനിക്ക് ചുറ്റും കാണാൻ കഴിഞ്ഞു, എന്നിട്ടും മോഡറേറ്റർ കാത്തിരിക്കുകയും അസിം പ്രേംജി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകുകയും ചെയ്തു. ആ വിദ്യാർത്ഥി എനിക്കു ശേഷം മാത്രമാണ്  കൈ ഉയർത്തി എന്നതാണ് വസ്തുത. എനിക്ക് ശരിക്കും അപമാനം തോന്നി. പക്ഷേ ഞാൻ എന്നെത്തന്നെ തടഞ്ഞുനിർത്തി ആ വിദ്യാർത്ഥിയുടെ ചോദ്യവും സ്പിവാക്കിന്റെ പ്രതികരണവും ക്ഷമയോടെ ശ്രദ്ധിച്ചു.

സ്പിവാക് ഉത്തരം പൂർത്തിയാക്കിയ ഉടൻതന്നെ, ഞാൻ വീണ്ടും കൈ ഉയർത്തി. ഇത്തവണ ഞാനല്ലാതെ മറ്റാരും കൈ ഉയർത്തിയില്ല എന്നതിനാൽ എന്റെ ചോദ്യവുമായി മുന്നോട്ട് പോകാൻ മോഡറേറ്റർ മനസ്സില്ലാമനസ്സോടെ എനിക്ക്  അനുവാദം നൽകി. പണ്ഡിതരുമായും അക്കാദമിക വിദഗ്ധരുമായും  ഇടപഴകുന്നതിൽ എനിക്ക് താൽപ്പര്യമുള്ളതിനാൽ ഞാൻ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ നേരിട്ട് എന്റെ ചോദ്യം ചോദിക്കാൻ തുടങ്ങി.

പക്ഷേ, എനിക്ക് വളരെയധികം ബഹുമാനമുള്ള ജെ.എൻ.യുവിലെ അക്കാദമിക് ലോകത്തുനിന്ന് ഞാൻ വളരെയധികം പ്രതീക്ഷിച്ചത് തെറ്റാണെന്ന് ഞാൻ ഇപ്പോൾ അനുമാനിക്കുന്നു.

എന്റെ ചോദ്യം പാതിവഴിയിൽ അവഗണിച്ചുകൊണ്ട് സ്പിവാക് വളരെ പരുഷമായി "നീ ആരാണ്" എന്ന് എന്നോട് ചോദിക്കുന്നത് കേട്ടപ്പോൾ എന്റെ പ്രതീക്ഷകൾ തെറ്റായിരുന്നു എന്ന് പൂർണമായും തെളിയിക്കപ്പെട്ടു.

ആ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു. ഞാൻ ആരാണ്? ഇന്ത്യൻ സമൂഹത്തിലെ ഈ ചോദ്യം വളരെ ഗുരുതരമായ ദാർശനികവും സാമൂഹികവുമായ ചോദ്യമാണ്: "നിങ്ങൾ ആരാണ്?"

ഈ ചോദ്യം ഒരാളെ പരിചയപ്പെടാനുള്ള   നിഷ്കളങ്കമായ വസ്തുനിഷ്ഠമായ മാർഗമല്ല, ആധുനിക ഇന്ത്യയിൽ ഒരാളുടെ ജാതി അറിയാനുള്ള സൂക്ഷ്മമായ മാർഗമാണ്.

ഉദാഹരണത്തിന്, "നിങ്ങൾ ആരാണ്?" എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? "ഞാൻ പ്രണബ് മുഖർജിയാണ്" എന്ന് ഞാൻ മറുപടി നൽകിയാൽ ആ നിമിഷം തന്നെ  ജാതിയിൽ ഞാൻ എവിടെ എന്ന്  അറിയാം. ശേഷം എന്നോടുള്ള പെരുമാറ്റവും ബഹുമാനവും എന്റെ കുടുംബപ്പേരിൽ അന്തർലീനമായ എന്റെ ജാതി ഐഡന്റിറ്റിയുടെ  വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 
മറുവശത്ത്, സ്പിവാക് എന്നോട് എന്റെ പേരുപോലും ചോദിച്ചില്ല, അവർ എന്നോട് ചോദിച്ചു "നീ ആരാണ്?"
ഞാൻ അവരോട് എന്താണ് പറയേണ്ടിയിരുന്നത്? ഞാൻ ആരാണ്?

പ്രണബ് മുഖർജിയോ? അതോ അൻഷുൽ കുമാറോ? 

ഞാൻ അൻഷുൽ കുമാർ ആണെന്ന് ഞാൻ അവരോട് പ്രതികരിച്ചപ്പോൾ അവർക്ക് തൃപ്തയായില്ല; "നിങ്ങൾ എന്താണ് ചെയ്യുന്നത്?" എന്ന് ചോദിച്ചു.

എന്റെ മുഖവുര തേടാൻ സ്പിവാക്കിന്റെ ഭാഗത്തുനിന്നുള്ള  നിഷ്കളങ്കമായ ചോദ്യങ്ങളായി ഇത് തോന്നുമെങ്കിലും പൊതുപണം ഉപയോഗിച്ച് നിർമ്മിച്ച, പൊതു ധനസഹായമുള്ള ഒരു സർവ്വകലാശാലയിൽ ആമുഖം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ആമുഖവും എന്റെ ഐഡന്റിറ്റിയും എന്റെ അക്കാദമിക സ്കോളർഷിപ്പിനേക്കാളും അറിവിനായുള്ള അന്വേഷണങ്ങളെക്കാളും കേന്ദ്രഘട്ടമാകുന്നത് എന്തുകൊണ്ടാണ്?

ആവർത്തിച്ചുള്ള "നീ ആരാണ്" എന്ന് ചോദ്യം എന്നെ ഇതിനോടകം തന്നെ രോഷാകുലനാക്കി. വിലകെട്ടവൻ എന്ന തോന്നൽ എന്നിൽ ഉണ്ടാക്കി. 
ക്രോധത്തിന്റെ മൂർദ്ധന്യത്തിൽ, എന്റെ അഭിപ്രായം ഒരു തത്വശാസ്ത്രപരമായ രീതിയിൽ ഇപ്പോൾ  അവതരിപ്പിക്കാമെന്ന് വിചാരിച്ചു.

ഞാൻ എന്താണ് ചെയ്യുന്നത് എന്ന സ്പിവാക്കിന്റെ ചോദ്യത്തോട് ഞാൻ സെന്റർ ഫോർ ബ്രാഹ്മിൺ സ്റ്റഡീസിലെ പ്രൊഫസർ ആണ് എന്ന് മറുപടി നൽകി.

ഞാൻ അവരുടെ പ്രഭാഷണത്തിന്റെ ശ്രോതാക്കളിൽ ഒരാളായിരുന്നു എന്നതും അവരോട് ചോദ്യം ചോദിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നതും നിങ്ങൾ ആരും മറക്കരുത്. എന്നാൽ ഞാൻ ചോദ്യം ചോദിച്ചപ്പോൾ എന്താണ് സംഭവിച്ചത്? എന്നെ രണ്ടുതവണ തിരിച്ച് ചോദ്യം ചെയ്തു!
ഞാൻ സെന്റർ ഫോർ ബ്രാഹ്മിൺ സ്റ്റഡീസിലെ പ്രൊഫസർ ആണ് എന്ന് പ്രതികരിച്ചപ്പോൾ സ്പിവാക്ക് പരിഭ്രമിക്കുന്നതായും  അസ്വസ്ഥപ്പെടുന്നതായും തോന്നി. അവരുടെ കണ്ണട മൂക്കിലേക്ക് തൂങ്ങുന്നത് കാണാമായിരുന്നു. അവരുടെ നോട്ടം എന്നിലേക്ക് തന്നെ ഉറപ്പിക്കുകയും ചെയ്തു.

എന്നെ രണ്ടുതവണ ചോദ്യം ചെയ്തുകൊണ്ട് അവരെത്തന്നെ ചോദ്യം ചെയ്യാൻ എനിക്ക് അവസരം നൽകിയതിന് സ്പിവാക്കിന് നന്ദി; ഒടുവിൽ ഞാൻ എൻറെ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയപ്പോൾത്തന്നെ, ഞാൻ ദു ബോയ്സ് എന്ന് പരാമർശിച്ചപ്പോൾ തന്നെ, അവർ എന്നോട് ഒച്ച വെകുകയും വളരെ പരുഷമായ രീതിയിൽ അത് ദു ബ്വാ അല്ല ദു ബോയ്സ് ആണ് എന്ന് പറയുകയും ചെയ്തു.


അവർ എന്തിനാണ് എന്നോട് ആക്രോശിക്കുന്നത് എന്നോർത്ത് ഞാൻ ഞെട്ടി. എന്റെ സ്കൂൾ കാലഘട്ടത്തിൽ കവിതാ പാരായണ മത്സരത്തിനായി സർ അൽഫ്രഡ് ലോഡ് ടെന്നിസന്റെ ദി ലേഡി ഓഫ് ഷാലോട്ട് എന്ന കവിത തെരഞ്ഞെടുത്തതിന് എന്നെ പരിഹസിച്ച ബംഗാളി ബ്രാഹ്മണനായ ടീച്ചറെയാണ് എനിക്ക് അപ്പോൾ ഒർമ്മ വന്നത്. എൻറെ ഈ ബംഗാളി ബ്രാഹ്മിൺ ടീച്ചർ എന്നെ പരിഹസിക്കുകയും  ഇംഗ്ലീഷ് സാഹിത്യത്തിൽ എനിക്ക് വേണ്ട അറിവില്ലാത്തതുകൊണ്ട്, ടെന്നിസന്റെ ലേഡി ഓഫ്  ഷാലോട്ട് തിരഞ്ഞെടുക്കാൻ ഞാൻ മണ്ടൻ ആണോ എന്ന തരത്തിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

അന്ന് ഹിന്ദി മീഡിയത്തിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു കുട്ടി മാത്രമായിരുന്നു ഞാൻ. എന്റെ സ്കൂൾ ഒരു ജെസ്യൂട്ട് സ്ഥാപനമായിരുന്നിട്ടും അവിടെ അക്കാലത്തെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമായും പ്രാദേശിക ഭാഷയിൽ ആയിരുന്നു.

അവരിൽ നിന്നും ലഭിച്ച ആ ശകാരത്തിന്റെ ഭീകരത ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. ബെക്കറ്റ് പറഞ്ഞത് പോലെ, അൻഷുൽ, നമ്മളെല്ലാവരും ഒരിക്കലും വരാത്ത ഒന്നിനായി കാത്തിരിക്കുകയാണ്. അൻഷുൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ തൊട്ടുകൂടാത്തവൻ ആയി തുടരും, ഇതിൽനിന്ന് ഒരു രക്ഷ ഇല്ല.

ദു ബോയ്സിന്റെ എന്റെ ഉച്ചാരണം പറഞ്ഞുകൊണ്ട് സ്പിവാക് എന്നെ ആവർത്തിച്ച് പരിഹസിക്കുകയും എൻറെ സ്ഥാനം കാണിച്ചുതരുകയും ചെയ്യുന്ന സമയം എന്റെ മനസ്സിലൂടെ ഇതാണ് കടന്നുപോയത്. 
അവർ എന്നെ മൂന്നുപ്രാവശ്യം തടസ്സപ്പെടുത്തി.

സെൻ സേവിയേഴ്സ് മുംബൈയിലെ എന്റെ പ്രീഡിഗ്രി കാലത്തു തന്നെ ഞാൻ ദു  ബോയ്സിനെ വായിച്ചിട്ടുണ്ട് എന്നതും, "emancipation of man is the emancipation of labour" എന്ന അദ്ദേഹത്തിന്റെ ഉദ്ധരണി ഞാൻ ഇപ്പോഴും ഓർക്കുന്നു എന്ന കാര്യവും  ഞാൻ നിങ്ങളോട് പറയേണ്ടതുണ്ട്. ലാളിത്യവും വിവേകവുമുള്ള യുവതിയായ മിസ്സ് അങ്കിത ഗുജാർ എന്ന എന്നെ പഠിപ്പിച്ച ടീച്ചറിന് ഫ്രഞ്ച് ഭാഷയിൽ നല്ല അറിവ് ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ അവർ ദു ബോയിസിനെ ദു ബ്വാ എന്ന് ഉച്ചരിക്കുകയും അവരിൽനിന്ന് അത് ഞാൻ എടുക്കുകയും ചെയ്തു. ദു ബ്വാ എന്ന ഉച്ചാരണം എന്റെ നാക്കിൽ കുരുങ്ങുകയും അത് എന്റെ ശീലമായി തന്നെ മാറുകയും ചെയ്തിരുന്നു. എന്നെ ആരെങ്കിലും ഉറക്കത്തിൽനിന്ന് ഉണർത്തി ദു ബോയിസ് ഉച്ചരിക്കാൻ പറഞ്ഞാൽ ഞാൻ ദു ബ്വാ എന്നുതന്നെ ഉച്ചരിക്കും.

സ്പിവാക് മാഡം എന്റെ ചോദ്യം ശ്രദ്ധിക്കുന്നതിന് പകരം ബോധപൂർവ്വം എന്നെ മൂന്നുപ്രാവശ്യം തിരുത്തുകയും അപമാനിക്കുകയും ചെയ്തു. സബോൾട്ടേൺ സ്റ്റഡീസിന്റെ ബഹുമാന്യയായ തലമുതിർന്ന അംഗം എന്നെ ഈ രീതിയിൽ അപമാനിക്കുന്നത് കണ്ടപ്പോൾ, പിടിച്ചുനിൽക്കാനാകാതെ, ഈ അപമാനത്തിന് പ്രതിഷേധ സൂചകമായി ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയി. സ്പിവാക്ക് മാഡം എന്നെ അപമാനിക്കുമ്പോൾ  അവിടെ ഉണ്ടായിരുന്ന മുഴുവൻ ജനങ്ങളും അടക്കിച്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ആയിരുന്നു എന്നതാണ് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്.

ഇല്ല, അവർ അവിടെ ചിരിച്ചത് എന്നെ നോക്കിയല്ല, മറിച്ച്, എനിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ പണം ലഭിക്കുന്നതിന് വേണ്ടി ഷേവിങ് ജെൽ ഇല്ലാതെ ഷേവ് ചെയ്യുന്ന എന്റെ അച്ഛനെ നോക്കിയാണ്; അവർ ചിരിച്ചത് തുച്ഛമായ പെൻഷൻ തുകകൊണ്ട് എന്റെ അച്ഛനെ വളർത്തിയ വിധവയായ മുത്തശ്ശിയെ നോക്കിയാണ്.

അവർ ചിരിക്കുന്നത് മുത്തു കൃഷ്ണൻ എന്ന, തമിഴ്നാട്ടിൽനിന്നും വന്ന, ആത്മഹത്യ ചെയ്ത, ജെ.എൻ.യു.വിലെ ദളിത്  വിദ്യാർത്ഥിയെ നോക്കിയാണ്.  അവർ ചിരിക്കുന്നത് പ്രൊഫസർമാരാകാമെന്ന പ്രതീക്ഷയോടെ ഈ സർവകലാശാലയിൽ വരുന്ന, വൈവാവോസിയിൽ പൂജ്യം മാത്രം ലഭിക്കുന്ന അസംഖ്യം ദളിത് വിദ്യാർത്ഥികളെ നോക്കിയാണ്.

അവർ ചിരിക്കുന്നത് ആർക്കുവേണ്ടിയാണോ അവർ റാലിനടത്തുന്നത്, ആ രോഹിത് വെമുലയെ നോക്കിയാണ് (വിരോധാഭാസം അല്ലേ?).
അവർ ചിരിക്കുന്നത് ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിൽ അക്കാദമിക മികവിന്റെ കേന്ദ്രങ്ങളിൽ മുന്നേറുന്നതിനു പകരം കായിക അധ്വാനം ചെയ്ത് ജീവിക്കാൻ നിർബന്ധിതരാകുന്ന മിടുക്കരായ ദളിത് ചിന്തകരെ നോക്കിയാണ്.
എന്റെ മുഷ്ടികൾകൊണ്ട് അവരുടെ പല്ലുകൾ ഇടിച്ചുകൊഴിച്ചിരുന്നെങ്കിൽ എന്നും അവിടെ മുഖത്ത് ശക്തമായി ആഞ്ഞടിച്ചിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു.

ഇപ്പോൾ എനിക്ക് ഇത്രമാത്രമാണ് പറയാനുള്ളത് കാരണം എനിക്ക് കൂടുതൽ എഴുതാൻ കഴിയുന്നില്ല. എന്റെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞിരിക്കുന്നു.