വിമോചനത്തിന്റെ വഴിയേത് ? ജാതിയും വർഗ്ഗവും അംബേദ്കർ പോരാട്ടത്തിൽ
1930കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിലാദ്യമായി അംബേദ്കർ ജാതിയെയും വർഗ്ഗത്തെയും അഭിസംബോധന ചെയ്യുകയും ഇന്ത്യൻ സമൂഹത്തിൽ ജാതി, വർഗ്ഗം, മതം എന്നിവയ്ക്കിടയിലെ ബന്ധം ഇഴകീറി പരിശോധിക്കുകയും ചെയ്തു. 1936 മുതൽ 42 വരെയുള്ള കാലയളവിൽ സ്വതന്ത്ര തൊഴിലാളി പാർട്ടിയുടെ കൊങ്കൺ മേഖലയിലെ ഖോതി വിരുദ്ധ സമരത്തിലൂടെയും ബോംബെയിലെ തൊഴിലാളി വർഗ്ഗ സമരത്തിലൂടെയും അംബേദ്കർ ഈ പ്രത്യായശാസ്ത്രത്തിന്റെ ആഴത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. അദ്ദേഹത്തിന്റെ "അയിത്തജാതിക്കാരുടെ ചോദ്യം" എന്ന ആശയം അന്നും ഇന്നും തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെ പരമ്പരാഗത രൂപീകരണത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗോണ്ട്വാന സർവ്വകലാശാല അസി. പ്രൊഫസർ ഡോ. സന്തോഷ് സുരാദ്‌കർ എഴുതുന്നു.
1936 ജൂൺ 26ന് അംബേദ്കർ ബോംബെയിൽ വച്ച് "വിമോചനത്തിലേക്കുള്ള വഴിയേത്?" എന്ന തലക്കെട്ടിൽ ഒരു പ്രസംഗം നടത്തുകയും പിന്നീട് അത് അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചിരുന്ന 'ജനത' എന്ന വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അയിത്തജാതിക്കാരുടെ വിമോചനത്തിനായുള്ള വഴികൾ അവതരിപ്പിക്കുകയും ജാതിയും വർഗ്ഗവും മതവും തമ്മിലുള്ള പരസ്പര ബന്ധം വെളിപ്പെടുത്തുകയും ചെയ്തതിനാൽ പ്രസംഗം വളരെ പ്രധാനപ്പെടതായിരുന്നു. 1935ൽ ഹിന്ദു മതം ഉപേക്ഷിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലൂടെ സഞ്ചരിക്കാനായി 1936ൽ സ്വതന്ത്ര തൊഴിലാളി പാർട്ടി (ഐ.എൽ.പി) രൂപീകരിക്കുകയുമെന്ന അംബേദ്കറുടെ ജീവിതത്തിലെ രണ്ട് നിർണ്ണായക സംഭവങ്ങൾക്കിടയിലായിരുന്നു അദ്ദേഹം ഈ പ്രസംഗം നടത്തിയത്. മുപ്പതുകളിലെ ഐ.എൽ.പി രൂപീകരണം അംബേദ്കറുടെ ജാതി വിരുദ്ധ നിലപാടിന് യാതൊരു മാറ്റവും വരുത്തിയില്ലെന്ന് മാത്രമല്ല, 1916ൽ "ഇന്ത്യയിലെ ജാതികൾ: അവയുടെ പ്രവർത്തനം, ഉൽഭവം, വികാസം" എഴുതിയ കാലം മുതലുള്ള അദ്ദേഹത്തിന്റെ നിലപാടിന്റെ അടിസ്ഥാന തത്വമായി അത് നിലകൊള്ളുകയും ചെയ്തു. ജാതിയുടെയും വർഗ്ഗത്തിന്റെയും യാഥാർത്ഥ്യം എന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിന്റെ ആണിക്കല്ലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സമരമായ 1927ലെ മഹദ് സത്യാഗ്രഹം സാമ്പത്തിക വേർതിരിവുകൾക്കെതിരെ പ്രമേയം പാസാക്കി. റാവുസാഹേബ് കസ്ബെ (1985: 57) പറയുന്നത് മുപ്പതുകൾ അംബേദ്കറുടെ രാഷ്ട്രീയ നിലപാടുകൾക്ക് യാഥാർത്ഥ്യ ബോധം നൽകിയെന്നാണ്.
ഒട്ടനവധി ചോദ്യങ്ങളാണ് ഈ സാഹചര്യം ഉയർത്തിയത്. അതിലൊന്ന് അംബേദ്കറെന്തുകൊണ്ട് നിലവിലുള്ള യാതൊരു തൊഴിലാളി സംഘടനകളുടെയും ഭാഗമായില്ലെന്നതാണ്. മറ്റൊന്ന് എന്തുകൊണ്ട് അദ്ദേഹം തൊഴിലാളികൾക്ക് വേണ്ടി ഒരു പുതിയ സംഘടന ആരംഭിച്ചുവെന്നതും. ജാതി, മതം, വർഗ്ഗം എന്നിവയിലടിസ്ഥിതമായ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്ന് തന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകും. അംബേദ്കറിന്റെ ഏറ്റവുമടുത്ത അനുയായികൾ പോലും അതിനെ ചൂണ്ടിക്കാട്ടുന്നത് അത് ദലിതർക്ക് മാത്രമായി പരിമിതിപ്പെടുത്തിയിരുന്നു, പ്രത്യേകിച്ചും മഹർ സമുദായത്തിനു (Zelliot 1996; Omvedt 1994; Jaffrelot 2005; Gokhale 1993). എന്നിരുന്നാലും ഐ.എൽ.പിയുടെ ആവിർഭാവം ഇവിടെ പ്രത്യേകിച്ചും കൊങ്കൺ മേഖലയിലയിലെ സാമൂഹികമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. ബോംബയും കൊങ്കണും കേന്ദ്രമാക്കി അംബേദ്കറിന്റെ നേതൃത്വത്തിൽ ജാതി, മതം, വർഗ്ഗം എന്നിവയുടെ പാരസ്പര്യത്തിനെതിരെ നടന്ന രണ്ട് ഐതിഹാസിക സമരങ്ങളെ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
മുപ്പതുകളുടെ അവസാനം ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലമാണ്. 1937ൽ ബോംബെയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ സർക്കാർ ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ വികാസങ്ങൾക്ക് സാക്ഷിയായി. അംബേദ്കറുടെ നേതൃത്വത്തിൽ ആദ്യമായി അധഃകൃതർ സംഘടിതരായി. അതേസമയം തന്റെ മുന്നേറ്റത്തിന്റെ സാമൂഹിക അടിത്തറ വികസിപ്പിക്കാനായി അദ്ദേഹമൊരു തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പോടെ അംബേദ്കറുടെ പാർട്ടി ബോംബെ പ്രസിഡൻസിയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. ജാതി, വർഗ്ഗ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുപ്പതുകളിൽ നടന്ന രാഷ്ട്രീയ സംവാദകളിൽ സുപ്രധാന പങ്ക് വഹിക്കാൻ ഐ.എൽ.പിക്ക് സാധിച്ചു. 1937ൽ ബോംബൈ പ്രസിഡൻസിയിൽ കോൺഗ്രസ് അധികാരത്തിലെത്തി. പ്രാദേശിക സർക്കാരുകൾക്ക് മേൽകൈയുള്ള തൊഴിൽ-കാർഷിക മേഖലകളിൽ പുതിയ സർക്കാരിന്റെ സ്വാധീനം പ്രകടമായി. അതോടെ മുൻകാലങ്ങളിൽ കോൺഗ്രസ് ഊന്നൽ നൽകിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാമൂഹിക സംഘർഷങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്വസ്ഥത നശിപ്പിച്ചു. (Markovits1981: 487).
ഖോതി വിരുദ്ധ മുന്നേറ്റവും ഐ.എൽ.പിയും
കൊളോണിയൽ സർക്കാർ കൊങ്കൺ മേഖലയിൽ ഖോതി ഭൂവുടമാ വ്യവസ്ഥ ബലപ്പെടുത്തുന്നതിനും ചൂഷണ സ്വഭാവം നിലനിർത്തുന്നതിനുമായി നിയമങ്ങൾ രൂപീകരിച്ചു. ജാതി ഈ സംവിധാനത്തിന്റെ അടിത്തറയാകുകയും ബോംബെയിൽ പുതുതായി രൂപംകൊണ്ട വിദ്യാസമ്പന്നരായ മധ്യവർഗ്ഗം ജാതി താൽപര്യങ്ങളിൽ സ്വാധീനിക്കപ്പെടുകയും ചെയ്തു. ഉയർന്ന ജാതി, വർഗ്ഗ സ്വഭാവം മൂലം കോൺഗ്രസ് കൊളോണിയൽ കാലത്ത് ഖോതി സംവിധാനത്തെ ശക്തമായി പിന്തുണച്ചു.
ബോംബെ പ്രസിഡൻസിയിൽ കൊങ്കൺ മേഖലയിൽ ഖോതി സംവിധാനം പ്രത്യേകമായി നിലകൊണ്ടു. ഭൂവുടമകൾക്ക് ഗ്രാമങ്ങൾ വാടകയ്ക്ക് നൽകുകയും സർക്കാരിന് വേണ്ടി വരുമാനം ശേഖരിക്കുന്ന ഉദ്യോഗസ്ഥരായി പ്രവർത്തിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർക്ക് ഭൂവുടമകളിൽ വളരെക്കുറച്ച് മാത്രം നിയന്ത്രണമുണ്ടായിരിക്കുകയും അവർ ഒരു സമാന്തര അധികാര ശക്തിയായി നിൽക്കുകയും ചെയ്തു. ഭൂവുടമകൾക്ക് നികുതി പിരിക്കാൻ മാത്രമല്ല, കുടിയാന്മാർക്ക് മേൽ അധികാരവും നൽകുന്നതായിരുന്നു ഈ നിയമം (Kaiwar 1994: 812). ഭൂവുടമകൾ ചിത്പാവൻ ബ്രാഹ്മണരോ ഉന്നത ജാതിക്കാരായ മറാത്തികളോ മുസ്ലിംകളോ ആയിരുന്നു (Campbell 1883: 103). ഭൂവുടമകൾ വരുമാനം ശേഖരിക്കുന്നതിനൊപ്പം പ്രാദേശിക രാജാക്കന്മാരായും ഉയർന്നു (Jaffrelot 2005: 77). മറാത്തികൾ, കുംബികൾ, മഹറുകൾ, ബണ്ഡാരികൾ, അഗ്രികൾ എന്നിവരായിരുന്നു നികുതി ദായകരായ കുടിയാന്മാർ.
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബോംബെയിൽ ഉയർന്നുവന്ന പുതിയ വ്യവസായരംഗത്തേക്ക് തൊഴിലാളികളെ നൽകിയത് കൊങ്കൺ മേഖലയിൽ നിന്നായിരുന്നു. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ബോംബെയായിരുന്നു കൊങ്കണികൾക്ക് പെട്ടെന്ന് ആശ്രയിക്കാവുന്ന ബദൽ. 1928-29 കാലഘട്ടത്തിൽ 63 ശതമാനം തൊഴിലാളികൾ കൊങ്കൺ മേഖലയിൽ നിന്നും 27 ശതമാനം തൊഴിലാളികൾ ഡക്കാൺ മേഖലയിൽ നിന്നുമായപ്പോൾ ബോംബെയിൽ നിന്ന് ഒറ്റ തൊഴിലാളി പോലുമുണ്ടായിരുന്നില്ല (Government of Bombay 1934: 58). വ്യാപകമായ ഈ പ്രവാസം കൊങ്കൺ മേഖലയിൽ നിലവിലുണ്ടായിരുന്ന കാർഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായിരുന്നു. ((Chandavarkar 2002). ഖോതി സമ്പ്രദായം ഭൂരഹിതരായ തൊഴിലാളികളെ അവിദഗ്ധ തൊഴിലാളികളായി ജോലി തേടുന്നത് പ്രേരിപ്പിച്ചു.
ഖോതി സമ്പ്രദായത്തിനെതിരായ പ്രതിഷേധം കൊങ്കൺ മേഖലയിൽ വളരെക്കാലമായി പുകയുകയും 1920ൽ ജാതിവിരുദ്ധ മുന്നേറ്റത്തിൽ നിന്ന് ഖോതി വിരുദ്ധ സമരം ആരംഭിക്കുകയും ചെയ്തു. (Suradkar 2013). മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും ഇതിൽ ഇടപെട്ടില്ല. ഇടതുപക്ഷ പാർട്ടികളും ബോംബെ പ്രസിഡൻസിയിലെ മറ്റ് ശക്തികളും ഖോതി വിരുദ്ധ പ്രക്ഷോഭത്തിൽ ഇടപെടാത്തത് കർഷകർക്കും കുടിയാന്മാർക്കുമിടയിൽ നീരസമുണ്ടാക്കി. ഭൂവുടമകൾക്ക് അനുകാലമായ നിലപാടാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനവും സ്വീകരിച്ചത്. ബി.ജി തിലകും വി.എൻ മന്ദ്ലികും ഖോതി സമ്പ്രദായം നിർത്തലാക്കുന്നതിനെ ശക്തമായി എതിർത്തു.[1]
1920കളിൽ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലെ ബ്രാഹ്മണേതര പാർട്ടിയുടെ ബണ്ഡാരി സമുദായ നേതാവായ എസ്.കെ ബോലെ കുടിയാന്മാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. അംബേദ്കർ അദ്ദേഹത്തെ പിന്തുണച്ചെങ്കിലും ആദ്യകാലത്ത് വേറെ ആരും ഇതിനെതിരെ രംഗത്തെത്തിയില്ല. മുപ്പതുകളുടെ തുടക്കത്തിൽ അംബേദ്കർ ഖോതി സമ്പ്രദായത്തിനെതിരെ കർഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും അത് വളരെയധികം ഫലപ്രദമാകുകയും ചെയ്തു.[2].
1936ൽ ഐ.എൽ.പി രൂപീകരിക്കുന്നതിന്റെ ഒരു സുപ്രധാന ലക്ഷ്യം ഭൂരഹിതരുടെയും പാവപ്പെട്ട കുടിയാന്മാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളും വിഷമങ്ങളും പരിഹരിക്കുക എന്നതായിരുന്നു.[3]. അംബേദ്കർ ജാതിയുടെയും വർഗ്ഗത്തിന്റെയും പ്രശ്നങ്ങൾ സംയോജിപ്പിച്ച് തന്റെ പാർട്ടിയുടെ പദ്ധതികൾ തയ്യാറാക്കി. ഈ പശ്ചാത്തലത്തിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ പാർട്ടിയുടെ അജണ്ടയും ലക്ഷ്യങ്ങളും വിശദീകരിച്ചു[4]. ഖോതി സമ്പ്രദായം നിർത്തലാക്കുകയെന്ന തന്റെ ലക്ഷ്യം തികച്ചും സോഷ്യലിസ്റ്റ് ചിന്താഗതിയിൽ അദ്ദേഹം വ്യക്തമാക്കി. ജാതിവിരുദ്ധ മുന്നേറ്റത്തിന് സാമൂഹിക അടിത്തറ ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ തൊഴിലാളി പാർട്ടിയിലേക്കുള്ള മാറ്റം അനിവാര്യമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രം കൂടിയായിരുന്നു. തൊഴിലാളി പാർട്ടിയിലേക്കുള്ള മാറ്റം അദ്ദേഹത്തിന്റെ തൊട്ടുകൂടായ്മ നിർത്തലാക്കുകയെന്നതിൽ മാത്രം ഒതുങ്ങാതെ ജാതിവിരുദ്ധ അജണ്ടയെ ദൃഢപ്പെടുത്തുകയും ചെയ്തു. നവീകരണത്തിന് തുടക്കമിട്ടുകൊണ്ടുള്ള സമരത്തെ ആളിക്കത്തിക്കുന്നതായിരുന്നു 1937ലെ തെരഞ്ഞെടുപ്പ് പ്രചരണം. ബോംബെ പ്രസിഡൻസിയിലേക്കുള്ള 175 സീറ്റുകളിൽ 86ഉം കോൺഗ്രസ് നേടിയപ്പോൾ പുതുതായി സ്ഥാപിതമായ പാർട്ടികളും നല്ല മുന്നേറ്റമുണ്ടാക്കി[5]. ഐ.എൽ.പി 15 സീറ്റുകൾ നേടി. കൊങ്കൺ മേഖലയിൽ ഐ.എൽ.പിയുടെ മൂന്ന് ജനറൽ സ്ഥാനാർത്ഥികളും രണ്ട് ദലിത് സ്ഥാനാർത്ഥികളും വിജയിച്ചു[6]. തൊഴിലാളികളുടെ വോട്ടുകൾ നിർണ്ണായകമായ ബൈക്കുള, പാരെൽ എന്നിവിടങ്ങളിലെ സംവരണ മണ്ഡലങ്ങളിൽ നിന്ന് അംബേദ്കർ വിജയിച്ചു. കൊങ്കൺ മേഖലയിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ വിജയിച്ചത്.
1937 സെപ്തംബർ 17ന് അംബേദ്കർ കൊങ്കൺ മേഖലയിലെ ഖോതി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള ബിൽ ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അവതരിപ്പിച്ചു (Omvedt 1994: 196). കാർഷിക അടിമത്തം നിർത്തലാക്കുന്നതിനുള്ള ബിൽ പ്രവിശ്യാ അസംബ്ലികളിൽ അവതരിപ്പിച്ച ആദ്യത്തെ നിയമസഭാംഗമാണ് അംബേദ്കർ എന്നത് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്.(Keer 2009: 296). "ഭൂ അടിമത്തത്തിന് കീഴിൽ ഭൂഉടമകൾ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് നികൃഷ്ടമായ അടിമത്തത്തിലേക്ക് നയിക്കും" [“under the system of khoti tenure, freedom has been so grossly abused by the khots it has been reduced to a state of abject slavery” (Ambedkar 2005: 100 ]. എന്ന് അദ്ദേഹം നിയമസഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ബിൽ സഭയിൽ ചർച്ചയ്ക്ക് വയ്ക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. കോൺഗ്രസിൽ നിന്നും പ്രതികൂല നിലപാടുണ്ടായതോടെ ഖോതി സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അംബേദ്കർ ബോംബെ നിയമസഭയ്ക്കെതിരെ പ്രതിഷേധ മാർച്ച് ആരംഭിച്ചു. ഈ സമരത്തിൽ കമ്മ്യൂണിസ്റ്റുകളും പങ്കെടുത്തു. 1938 ജനുവരി 12ന് ബോംബെ നിയമസഭാ ഹാളിലേക്ക് 25,000ലേറെ കർഷകർ പങ്കെടുത്ത മാർച്ച് ആയിരുന്നു ഇതിന്റെ അവസാനം[7]. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഏറ്റവും വലിയ കർഷക കൂട്ടായ്മയായിരുന്നു ഇത്. പ്രമുഖ മാർക്സിസ്റ്റ് നേതാക്കളായ ഇന്ദുലാൽ യാഗ്നിക്, എസ്.എ ഡാങ്കെ എന്നിവരെ സാക്ഷിനിർത്തി പ്രതിഷേധത്തിനൊടുവിൽ അംബേദ്കർ സംസാരിച്ചു. ആ പ്രസംഗത്തിൽ അദ്ദേഹം മാർക്സിസ്റ്റ് ചിന്തകളോടുള്ള തന്റെ അടുപ്പം പ്രഖ്യാപിച്ചു[8].
1930കൾ മുഴുവൻ മുതലാളിത്ത, ബ്രാഹ്മണ മേധാവിത്വങ്ങൾക്കെതിരായ സമരങ്ങൾക്ക് അംബേദ്കർ രൂപംകൊടുത്തുകൊണ്ടിരുന്നു. ഐ.എൽ.പിയുടെ ചുവന്ന പതാകയിൽ "ഭൂഉടമത്വത്തിനെതിരെ, കർഷക വിജയത്തിന്, തൊഴിലാളി വിജയത്തിന്, ചെങ്കൊടിയുടെ വിജയത്തിന്" എന്ന മുദ്രാവാക്യം ഉൾപ്പെടുത്തിയിരുന്നു[9]. മുതലാളിമാർക്കും ഭൂഉടമകൾക്കുമെതിരായ തൊഴിലാളികളുടെയും കർഷകരുടെയും സമരങ്ങളെക്കുറിച്ചും മർദ്ദനങ്ങൾക്കെതിരായ ദലിത് പോരാട്ടങ്ങളെയും കുറിച്ചുള്ള വാർത്തകൾ ജനതയുടെ പേജുകളെ നിറച്ച നാളുകളായിരുന്നു അത് (Omvedt 1994: 278).
ചെറി സമരവും കുടിയാന്മാർക്ക് ഐക്യദാർഢ്യവും
1929ൽ ചിപ്ലുനിൽ നടന്ന കർഷക സമ്മേളനമായ ഷെത്കാരി പരിഷത്തിൽ വച്ച് അംബേദ്കർ ഖോതി വിരുദ്ധ മുന്നേറ്റം ആഹ്വാനം ചെയ്തു. റായ്ഗർ ജില്ലയിലെ മൺഗോവൻ താലൂക്കിലെ ഗോർഗോവനിലാണ് ആദ്യ കർഷക സമ്മേളനം സംഘടിപ്പിച്ചത്. (Dharmadhikari 1999: 29). ഉൽപ്പന്നങ്ങളുടെ പങ്ക് ഭൂഉടമകൾക്ക് നൽകുന്ന കരാറായ മക്ത നിരാകരിക്കുന്നതിനും വേതനമില്ലാത്ത തൊഴിലാളികളും കുടിയാന്മാരും നൽകേണ്ട നിർബന്ധിത നികുതിയ്ക്കുമെതിരെ പരിഷത്തും അംബേദ്കറൈറ്റുകളും ചേർന്ന് പദ്ധതികൾ രൂപീകരിച്ചു. 1932 മുതൽ 37 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ ചെറിയിൽ നടന്ന സമരമായിരുന്നു ഇതിൽ ഏറ്റവും ശക്തമായ സമരങ്ങളിലൊന്ന്. ഉൽപ്പാദനത്തിന്റെ പകുതി കുടിയാന്മാർ ജന്മിമാർക്ക് നൽകണമായിരുന്നു. ചില സന്ദർഭങ്ങളിൽ വേതനമില്ലാത്ത തൊഴിലാളികളും ഇത് തന്നെ ചെയ്യേണ്ടിയിരുന്നു. കുടിയാന്മാർ ഉൽപ്പാദനത്തിന്റെ പകുതി നൽകാമെന്ന് സമ്മതിച്ചെങ്കിലും അടുത്ത വർഷം കൃഷി ചെയ്യാനുള്ള അനുമതി രേഖാമൂലം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. അവരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടതോടെ ചെറിയിൽ സമരം ആരംഭിച്ചു. അംബേദ്കറിന്റെ അനുയായികളാണ് ഇതിനായി തീവ്രമായ പ്രചരണം നടത്തിയത്. ബോംബെയിൽ താമസിക്കുന്ന തൊഴിലാളികളുടെ പൊതുസമ്മേളനങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഈ സമരം. ബി.ടി രണദിവെയെയും ജി.എസ് സർദേശായിയെയും പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും ഈ സമരത്തിനൊപ്പം ചേർന്നു. ചെറി സമരത്തിന്റെ ഫലമായി നാല് വർഷക്കാലം ഭൂമി തരിശായി കിടക്കുകയും ഭൂഉടമകൾ കുടിയാന്മാർക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു.(Dharmadhikari 1999: 44–51).
ഖോതി സമ്പ്രദായത്തിനെതിരെയും മഹർ വാതൻ ബില്ലിനെ പിന്തുണയ്ക്കുന്നതിനും ദലിത്, കുംബി, അഗ്രി, ബണ്ഡാരി കുടിയാന്മാരെ അണിചേർക്കുന്ന തിരക്കിലായിരുന്നു കൊങ്കണിലെ മിക്ക ദലിത് നേതാക്കളും. 1929 ജൂലൈയിൽ ബഹിഷ്കൃത് വർഗ്ഗചെ ജുംഗി സഹിർ സഭ (open protest assembly of depressed classes) എന്ന അധഃസ്ഥിത വിഭാഗങ്ങളുടെ തുറന്ന പ്രതിഷേധം സംഘടിപ്പിക്കാൻ സംഭാജി ഗെയ്ക്വാദ് മുൻകൈ എടുത്തു. കൊങ്കൺ മേഖലയിലെ ചുപ്ലുൻ, ഖേദ്, ദപോലി എന്നിവിടങ്ങളിൽ ഉന്നതജാതിക്കാർ ദലിതർക്കെതിരെ നടത്തുന്ന പീഡനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച ഈ സംഘടന മഹർ വാതൻ ബില്ലിനെ പിന്തുണച്ച് സംസാരിക്കുകയും എഴുതുകയും മർദ്ദനങ്ങളുടെ ഇരകളെ സഹായിക്കുന്നതിനായി കൊങ്കൺ സൗരക്ഷക് ഫണ്ട് രൂപീകരിക്കുകയും ചെയ്തു. (Omvedt 2011: xi).
ഖോതി വിരുദ്ധ ബില്ലിനോടുള്ള കോൺഗ്രസിന്റെ നിശബ്ദത അംബേദ്കറെ ബഹുജന മുന്നേറ്റത്തിന് പ്രേരിപ്പിച്ചു. ഖോത് ഭൂമികൾ ബഹിഷ്കരിക്കുക, നികുതി അടയ്ക്കാതിരിക്കുക, ഭൂഉടമകൾക്കെതിരെ പൊതുവായ സമരങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ കർഷകരെ സംഘടിപ്പിക്കുകയായിരുന്നു ഈ മുന്നേറ്റം ചെയ്തത്. താനാജി മഹാദേവ് ഗുഡേക്കർ, സംഭാജി ഗെയ്ക്വാദ് എന്നിവർ ചേർന്ന് രത്നഗിരി സില്ലാ പരിഷത്, ചീപ്ലുൻ ഷെത്കാരി പരിഷത് എന്നിവ സംഘടിപ്പിക്കുകയും ഖോതി വിരുദ്ധ ബില്ലിനായി പ്രചരണം ആരംഭിക്കുകയും ചെയ്തതോടെ സർക്കാരിന് മേൽ ശക്തമായ സമ്മർദ്ദമുണ്ടായി. 1937നും 1939നും ഇടയിൽ കൊങ്കൺ മേഖലയിലുടനീളവും ബോംബെ പ്രസിഡൻസിയുടെ മറ്റ് മേഖലകളിലും ഈ പ്രചരണത്തിന്റെ ഭാഗമായി ഏതാനും മീറ്റിംഗുകൾ സംഘടിപ്പിക്കപ്പെട്ടു.(Omvedt 2011: xiii). ഗ്രാമീണ അവസ്ഥയിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ കർഷകരും പ്രക്ഷോഭം ആരംഭിച്ചു. ഈ പ്രക്ഷോഭത്തിൽ കുടിയാന്മാർ കൃഷി ബഹിഷ്കരിക്കുക എന്ന നിലപാടിൽ ഉറച്ചുനിന്നു. ആരും ഭൂഉടമയ്ക്ക് ജോലി ചെയ്തില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നവർ ബഹിഷ്കരിക്കപ്പെടുകയും ചെയ്തു[10] കുടിയാന്മാർ തങ്ങളുടെ ജാതി വ്യത്യാസം മറക്കണമെന്നും കുടിയാൻ എന്ന ഒറ്റ ജാതിയായി ചിന്തിക്കണമെന്നും അംബേദ്കർ ജനതയിലൂടെ ആഹ്വാനം ചെയ്തു.[11]. സാമ്പത്തിക ചൂഷണത്തിനെതിരായ പ്രക്ഷോഭം ഐ.എൽ.പിയെ വിവിധ കർഷക ജാതികളെ ഏകീകരിക്കുന്നതിന് സഹായിച്ചു.
1938ൽ അംബേദ്കർ രത്നഗിരി സന്ദർശിച്ചത് ഖോതി വിരുദ്ധ മുന്നേറ്റത്തിൽ നിർണ്ണായകമായി. ജന്മികളുടെ ഭൂമി ബഹിഷ്കരിക്കുന്നതിന് കൂടുതൽ ആളുകൾ മുന്നോട്ട് വരികയും നികുതി(മക്ത)യും ഉൽപ്പന്നവും അടയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തു.[12]. ഇത് അധികാര വിനിയോഗത്തിന് എതിരായിരുന്നു. ഏത് ധാന്യം ഉൽപ്പാദിപ്പിച്ചാലും അത് തങ്ങൾ തന്നെ വിളവെടുത്ത് വീടുകളിലേക്ക് കൊണ്ടുപോകാനും അതിന് വേണ്ടി ജയിലിൽ പോകാനും ഭയപ്പെടരുതെന്നും അംബേദ്കർ കുടിയാന്മാരെ ഉപദേശിച്ചു. അദ്ദേഹവും അവർക്കൊപ്പം ജയിലിൽ പോകാൻ തയ്യാറാണെന്ന് പരസ്യമായി തന്നെ വാഗ്ദാനം ചെയ്തു.[13]. ഭൂഉടമകൾക്ക് ഗ്രാമങ്ങൾക്ക് മേലുള്ള അധികാരം ജമാ അഥവ ഭൂമി വരുമാനം അടയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന ഖോതി സെറ്റിൽമെന്റ് ആക്ട് (1880ലെ ബോംബെ നിയമം)ന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ സമര രീതി സ്വീകരിച്ചത്. കുടിയാൻ ജന്മിക്ക് നികുതി നൽകാത്ത സാഹചര്യത്തിൽ ഭൂഉടമയും കൊളോണിയൽ ഭരണകൂടവും തമ്മിലുള്ള കരാർ ലംഘിക്കപ്പെടുമായിരുന്നു. അങ്ങനെ സമ്പ്രദായവും ദുർബലപ്പെടുമെന്ന് അദ്ദേഹം മനസ്സിലാക്കി. നിയമ നടപടികൾക്കൊപ്പം ജനകീയ പ്രക്ഷോഭം കൂടിയുണ്ടാകുന്നതല്ലാതെ ഇതിനെതിരെ മറ്റ് മാർഗ്ഗമില്ലെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം ഇത്തരമൊരു രീതി സ്വീകരിച്ചത്[14]
ജാതി-ഫ്യൂഡൽ ഘടന നിലനിൽക്കുന്ന ഗ്രാമീണ മേഖലയിലെ സമരങ്ങളുടെ പരിമിതിയെക്കുറിച്ച് അംബേദ്കർ ബോധവാനായിരുന്നു. നഗര പ്രദേശങ്ങളിലെ സമരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ സമരങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണെന്ന് ജനതയിലെ ലേഖനങ്ങളും ഊന്നിപ്പറഞ്ഞു. നഗരങ്ങളിൽ സമരങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് മറ്റൊരു മില്ലിൽ ജോലി തേടാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഗ്രാമങ്ങളിൽ പണമിടപാടുകാരുടെയും ഭൂഉടമകളുടെയും അപ്രമാദിത്വം ശക്തമായിരുന്നു.[15]. സാമ്പത്തിക ആശ്രിതത്വം പ്രക്ഷോഭങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിച്ചത്. അസമത്വം കീഴാളരായ കുടിയാന്മാരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കി. അതിനാൽ സമരം ആഹ്വാനം ചെയ്യുന്നതിന് മുമ്പ് ഒരു ജാതി കുടിയാനും ജന്മിയ്ക്ക് വേണ്ടി ജോലി ചെയ്യില്ലെന്നും സമ്പൂർണ്ണ ബഹിഷ്കരണവും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു.
വിവിധ ജാതികളുടെ ഐക്യം മേഖലയിലെ ചില ഭാഗങ്ങളിലെങ്കിലും ജന്മിത്വത്തെ ദുർബലപ്പെടുത്തി. പല സമരങ്ങളിലും ജന്മി ഭൂമികളിൽ പണിയെടുക്കരുതെന്ന് കുടിയാന്മാർ തീർച്ചപ്പെടുത്തിയതോടെ ഭൂമി തരിശായി. അതിനാൽ ജന്മികൾ മറ്റ് ഗ്രാമങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ ആരംഭിച്ചെങ്കിലും ആ ഗ്രാമങ്ങളിലെ കുടിയാന്മാരുടെ ഐക്യം മൂലം അവരും ഭൂമിയിൽ തൊഴിലെടുക്കുന്നതിന് വിസമ്മതിച്ചു. കർഷക ഐക്യം തകർക്കുന്നതിന് ജന്മികൾ ജാതി വ്യത്യാസം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണ അതും വിജയിച്ചില്ല. മറ്റ് ജാതികളിൽ നിന്നും തൊഴിലാളികളെ കണ്ടെത്തുന്നതും ജന്മികളെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. തങ്ങളുടെ ഭൂമിയിൽ പണിയെടുക്കാൻ വിസമ്മതിക്കുന്ന കുടിയാന്മാരെ ശിക്ഷിക്കണമെന്ന് ജന്മികൾ കോടതിയിൽ ആവശ്യപ്പെട്ടു. പല കേസുകളിലും കീഴാളരായ കുടിയാന്മാർക്കെതിരെ സാക്ഷി പറയാൻ മറാത്ത ജാതിക്കാരെ ബോധ്യപ്പെടുത്തുന്നതിൽ ജന്മികൾ പരാജയപ്പെട്ടു.[16]. വിവിധ ജാതികൾക്കിടയിലെ ഐക്യം മൂലം കുടിയാന്മാരുടെ കലാപത്തിനെതിരെ സാക്ഷികളെ കണ്ടെത്താൻ ജന്മികൾക്ക് സാധിച്ചില്ല.[17]. അതുകൊണ്ട് ജന്മികൾ മറ്റ് ഗ്രാമങ്ങളിൽ നിന്നും സാക്ഷികളെ ഹാജരാക്കാൻ ആരംഭിച്ചു. വടക്കൻ രത്നഗിരിയിലെ പല ജന്മിമാരും തങ്ങളുടെ കുടിയാന്മാർക്കെതിരെ കോടതിയിൽ കേസുകൾ ഫയൽ ചെയ്തു.[18].
ഈ ദിവസങ്ങളിൽ ജന്മിത്വ സമ്പ്രദായത്തിനെതിരെ എ.വി. ചിത്രെ ധാരാളം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി.[19 ]. കുടിയാന്മാർ ജയിലിൽ പോകുന്നതിൽ ഭയപ്പെടരുതെന്ന് അദ്ദേഹം ഉപദേശിച്ചു.[20 ]. വർഗ്ഗ ഏകീകരണം ജന്മികൾക്കെതിരായ നടപടികൾക്ക് കുടിയാന്മാരെ ശക്തരാക്കി. ചിത്രെയുടെ പ്രചരണം കുടിയാന്മാരെ അക്രമത്തിലേക്ക് നയിക്കുമെന്ന് ഭയപ്പെട്ട് രത്നഗിരി ജില്ലയിലെ നിരവധി പ്രമുഖർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു[21]. 1938ലും 1939ലും ബ്രാഹ്മണർക്കും ബനിയകൾക്കുമെതിരെ മഹാറുകളുടെ പ്രകോപനപരമായ യോഗങ്ങൾ സംഘടിപ്പിക്കപ്പെടുകയും പലയിടങ്ങളിലും ജന്മികളും കുടിയാന്മാരും തമ്മിൽ ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.(Chandavarkar 2002: 139). വിഷയം അടിയന്തരമായി കൈകാര്യം ചെയ്തില്ലെങ്കിൽ രത്നഗിരി, കൊളാബ ജില്ലകളിൽ പ്രതിസന്ധി രൂപപ്പെടുമെന്ന സർക്കാർ റിപ്പോർട്ടോടെ 1939ൽ സമരം അക്രമാസക്തമായി[22]. കുടിയാന്മാർ പാട്ടം കൊടുക്കരുതെന്ന പ്രചരണമാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. വരും മാസങ്ങളിൽ ഇത് മുഴുവൻ ജില്ലകളിലേക്കും സമരം വ്യാപിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.[23].
കുംബി, തെലിസ്, അഗ്രി തുടങ്ങിയ മധ്യവർഗ്ഗ ജാതികളിൽ നിന്നും കുടിയാൻ മുന്നേറ്റത്തിൽ വലിയ തോതിലുള്ള ഇടപെടലുണ്ടായതായി പോലീസ് രേഖകളും വിവരം നൽകി. ഉദാഹരണത്തിന് 1938 ജനുവരി ഒന്നിന് ദപോളിയിൽ സംഘടിക്കപ്പെട്ട ഐ.എൽ.പി യോഗത്തിൽ പങ്കെടുത്ത അയ്യായിരം കർഷകരിൽ മൂവായിരം പേർ മഹറുകളും രണ്ടായിരം പേർ കുംബികളുമായിരുന്നു.[24]. കർഷകരും അധഃസ്ഥിതരും ജന്മികൾക്കെതിരെ സംഘടിക്കണമെന്നും [25] തങ്ങളെ ദ്രോഹിക്കുന്ന ബ്രാഹ്മണരോട് സഹകരിക്കരുതെന്നുമായിരുന്നു [25] അവരുടെ പ്രസംഗങ്ങളിലെ പൊതുവായ അർത്ഥം. അംബേദ്കർ മൂവ്മെന്റിന്റെ വളർച്ചയ്ക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ചമാർ യോഗത്തിൽ അംബേദ്കർ മഹറുകളുടെ മാത്രം നേതാവാണെന്നാണ് ആരോപിച്ചത്.[27].
1939ൽ കോൺഗ്രസിൽ നിന്ന് വ്യക്തമായ ജന്മി അനുകൂല നിലപാടുണ്ടാകുകയും അവർ ഐ.എൽ.പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. അവർ കർഷക സമരത്തിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് നോട്ടീസുകൾ വിതരണം ചെയ്തു. സമരം 1942 വരെ നീണ്ടെങ്കിലും കൊളോണിയൽ ഭരണത്തിലെ മറ്റ് പ്രശ്നങ്ങൾ മൂലം അംബേദ്കറിന് തന്റെ രാഷ്ട്രീയ ശ്രദ്ധ മാറ്റേണ്ടതായി വന്നു. അതുമൂലം 1942ന് ശേഷം ഖോതി വിരുദ്ധ സമരത്തിന് 1930ലുണ്ടായിരുന്ന ശ്രദ്ധ ലഭിക്കാതെ വന്നു.
1930കൾ ഐ.എൽ.പിയുടെ നേതൃത്വത്തിൽ ബോംബെയിലെ വിവിധ ജാതിക്കാരായ തൊഴിലാളികളെ സംഘടിപ്പിച്ചതിലൂടെയും ശ്രദ്ധേയമാണ്. 1937ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രികയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ 1938ലെ വസന്തകാലത്ത് കോൺഗ്രസ് സർക്കാർ തങ്ങളുടെ ബിസിനസ് ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും മുതലാളിത്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. കച്ചവട താൽപര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്ന 1938ലെ ട്രേഡ് ഡിസ്പ്യൂട്ട് ബിൽ ആണ് അക്കാലത്ത് അവതരിപ്പിക്കപ്പെട്ട പ്രധാന ബില്ലുകളിലൊന്ന്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡെമോക്രാറ്റിക് സ്വരാജ് പാർട്ടി, മുസ്ലിം ലീഗ് എന്നിവയ്ക്കൊപ്പം ബോംബയിലെ മറ്റൊരു പുരോഗമന തൊഴിലാളി സംഘടനയായിരുന്നു ഐ.എൽ.പി. ബോംബെ രാഷ്ട്രീയത്തിലെ ഐ.എൽ.പിയുടെ സാന്നിധ്യം തൊഴിലാളികളുടെ പൊതുമണ്ഡലത്തെ വളരെയധികം സ്വാധീനിച്ചു. അംബേദ്കറുടെ ഐ.എൽ.പിക്ക് ബോംബെ നഗരത്തിലെ മഹാർ മില്ല് തൊഴിലാളികളിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചതോടെ 1930കളുടെ അവസാനത്തോടെ തൊഴിലാളികൾക്കിടയിൽ ജാതി സംഘർഷങ്ങൾക്ക് ഒരിക്കൽക്കൂടി രാഷ്ട്രീയ മാനങ്ങൾ കൈവന്നു. 1938ലെ ട്രേഡ് ഡിസ്പ്യൂട്ട് ബില്ലിനായുള്ള നിയമനിർമ്മാണത്തിനെതിരായ തന്റെ പ്രതിഷേധത്തെയും രത്നഗിരിയിലെ ഖോതി വിരുദ്ധ സമരവും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം രണ്ട് പ്രശ്നങ്ങളെയും ഒരുപോലെ ശ്രദ്ധയിലെത്തിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാന വർഗ്ഗത്തിന്റെ താൽപര്യങ്ങളിൽ നഗരങ്ങളിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെ കമ്മ്യൂണിസ്റ്റ് നിലപാടുകൾ എത്രമാത്രം സങ്കുചിതമാണെന്ന് വ്യക്തമായി.(Chandavarkar 2002: 428).
ഐ.എൽ.പിയുടെ നിലപാടുകൾ സോഷ്യലിസ്റ്റ് നിലപാടുകളോട് സാമ്യമുള്ളതായിരുന്നെങ്കിലും അത് മറ്റ് തൊഴിലാളി സംഘടനകളിൽ നിന്നും തികച്ചും വേറിട്ട് നിന്നു. അധഃസ്ഥിതരുടെ സംഘടനയായാണ് ഐ.എൽ.പി പരിഗണിക്കപ്പെട്ടത്. തൊഴിലാളികൾക്കിടയിലെ ജാതി ചിന്തകളായിരുന്നു അവർക്ക് ഐ.എൽ.പിയിൽ ചേരുന്നതിന് തടസ്സം. വ്യവസായ മേഖലയിൽ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരിൽ ശ്രദ്ധകേന്ദ്രീകരിച്ച പാർട്ടി എല്ലാ വർഗ്ഗങ്ങൾക്കും ജാതികൾക്കും സഹായം വാഗ്ദാനം ചെയ്തു. അധഃസ്ഥിതരുടെയും ജാതി-ഹിന്ദുക്കളുടെയും സഖ്യത്തിലൂടെ തൊഴിലാളി എന്ന പൊതുരൂപം സൃഷ്ടിക്കാനും അടിച്ചമർത്തലുകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും അംബേദ്കർ പ്രതീക്ഷിച്ചു.(Gokhale 1993: 133). അധഃസ്ഥിതരുടെ മറ്റ് വിഭാഗങ്ങളുടെയും വർഗ്ഗ താൽപര്യങ്ങൾ ഒരുമിച്ച് ചേർത്ത് തൊട്ടുകൂടായ്മയ്ക്കെതിരായ പോരാട്ടമാണ് ഐ.എൽ.പി വിഭാവന ചെയ്തത്.
1938 സെപ്തംബർ രണ്ടിന് കോൺഗ്രസ് ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലി ട്രേഡ് ഡിസ്പ്യൂട്ട് ബിൽ അവതരിപ്പിച്ചു. ബോംബെയിലെ തൊഴിലാളികൾക്കെതിരായ ബിൽ ആദ്യ കരിനിയമമായും പരിഗണിക്കപ്പെടുകയും ചില തെറ്റായ നടപടികളിലൂടെ സമരങ്ങൾ നിയമവിരുദ്ധമാക്കുകയും ചെയ്തു.(Omvedt 1994: 199). ആറ് മാസം തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമവിരുദ്ധ സമരങ്ങൾക്ക് ശിക്ഷ ചുമത്തി. കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ തൊഴിലാളികൾക്കിടയിൽ അസ്വസ്ഥതകളുണ്ടാക്കുകയും ബൂർഷ്വകളെ സന്തോഷിപ്പിക്കുകയുമെന്ന കോൺഗ്രസിന്റെ താൽപര്യങ്ങളാണ് 1929ലെ ബോംബെ ട്രേഡ്സ് ഡിസ്പ്യൂട്ട് ആക്ടിൽ പ്രതിഫലിച്ചത്. (Sarkar 2008: 362) അംബേദ്കറിന്റെ ഐ.എൽ.പിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിനെ ശക്തമായി എതിർത്തെങ്കിലും ബില്ലിലെ വ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിക്കാൻ ഒരു സെലക്ട് കമ്മിറ്റി രൂപീകരിക്കാൻ പോലും തയ്യാറാകാതെ അത് പാസാക്കാനുള്ള തിരക്കാണ് സർക്കാരിനുണ്ടായിരുന്നത്. സ്വാഭാവികമായും 1938 നവംബർ അഞ്ചിന് ബിൽ നിയമമായി.
തൊഴിലാളികളുടെ പൗരാവകാശങ്ങൾ റദ്ദാക്കുന്ന നിയമമെന്നാണ് 1938ൽ തന്നെ അംബേദ്കർ ഇതിനെ വിശേഷിപ്പിച്ചത്. സമരങ്ങൾ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളുടെ മറ്റൊരു വാക്കാണെന്ന് പറഞ്ഞ അദ്ദേഹം ഈ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് രാജ്യത്ത് ഒരു സംഘടനയ്ക്കും വളരാനുള്ള സാഹചര്യമുണ്ടാകില്ലെന്നും വാദിച്ചു.(Ambedkar 2005: 210). മോശവും ക്രൂരവും പൈശാചികവുമെന്നാണ് അദ്ദേഹം ബില്ലിനെ വിശേഷിപ്പിച്ചത്.(Omvedt 1994: 199). തൊഴിലുടമയ്ക്കും തൊഴിലാളിക്കും തുല്യപരിഗണനയും തുല്യ അധികാരവുമല്ലെന്ന വ്യവസ്ഥയിൽ അടിസ്ഥിതമായ ബില്ല് തികഞ്ഞ അവഗണനയാണ് മുന്നോട്ട് വച്ചത്. തൊഴിലാളികൾ കീഴാള വിഭാഗമായതിനാൽ അവർക്ക് പ്രത്യേക വ്യവസ്ഥകളും ചട്ടങ്ങളും വേണമെന്ന് അംബേദ്കർ ആവശ്യപ്പെട്ടു. തൊഴിലാളികളെയും ഉടമയെയും ഒരേരീതിയിൽ വിലയിരുത്തുന്ന ബില്ലിനെ അദ്ദേഹം എതിർത്തു. ട്രേഡ് ഡിസ്പ്യൂട്ട് ബില്ലിലെ മത്സര സമത്വം എന്ന ആശയത്തെ അംബേദ്കർ പ്രത്യേകമായും പൊതുവായും എതിർത്തു. ഈ ആശയം കബളിപ്പിക്കലാണെന്നും അനീതിക്ക് കാരണമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.[31].
1938ലെ ട്രേഡ് ഡിസ്പ്യൂട്ട് ബില്ലിനെതിരായ സമരം
ഐ.എൽ.പിയുടെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംബേദ്കർ ഏകദിന പണിമുടക്ക് സമരം പ്രഖ്യാപിച്ചു. പണിമുടക്കിന് മുന്നോടിയായി 1938 ഒക്ടോബർ 16ന് പരേലിലെ കംഗർ മൈതാനത്ത് നടന്ന മഹാറാലിയിൽ മുപ്പതിനായിരത്തിലേറെ തൊഴിലാളികളാണ് പങ്കെടുത്തത്. അവിടെ വച്ച് നവംബർ ഏഴിന് ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചു.[32].
ഈ യോഗത്തിന് ശേഷം സി.പി.ഐയുടെയും ഐ.എൽ.പിയുടെയും പ്രമുഖ നേതാക്കൾ ബോംബെയിലെ വിവിധ ഭാഗങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു. ഐ.എൽ.പി നേതാക്കളായ സംഭാജി തുക്കാറാം ഗെയ്ക്ക്വാദ് രെവ്ജി ബുവ ഡോളാസ് ഭജനയും ഭക്തിഗാനങ്ങളും ആലപിക്കുന്ന ഭജനി മന്ദൽസുകൾക്കൊപ്പം ബോംബെയിലെ വ്യവസായമേഖലകളിൽ സഞ്ചരിക്കുകയും സമരം വിജയിപ്പിക്കാൻ പ്രചരണം നടത്തുകയും ചെയ്തു. കബിർ പന്ത്, രാംനാഥ് പന്ത്, നാഥ് പന്ത്, വർക്കാരി പന്ത് തുടങ്ങിയ പ്രമുഖരെ അഭിസംബോധന ചെയ്യുന്നതിൽ സംഭാജി സുപ്രധാന പങ്ക് വഹിച്ചു.(Omvedt 2011: xiii). രെവ്ജി ഡോളാസ്, സംഭാജി തുക്കറാം ഗെയ്ക്ക്വാദ്, മദ്ക ബുവ, നിയമസഭാ അംഗങ്ങളായ ഗംഗാധർ ഗാഡ്ഗെ, കേശവ് അദ്രേകർ, താൻജി മഹാദേവ് ഗുഡേക്കർ, ശ്യാമറാവു പരുലേക്കർ എന്നിവരുടെ നേതൃത്വത്തിൽ മഹർ ജാതി സംഘടനയായ മഹർ ന്യാതി സമിതിയുടെ നൂറ് കണക്കിന് പ്രവർത്തകർ തെക്കൻ, മധ്യ-തെക്കൻ, കേന്ദ്ര ബോംബെ എന്നിവിടങ്ങളിലെ മില്ലുകളിലും റെയിൽവേ സ്റ്റേഷനുകളിലും മിൽ ഗേറ്റുകളിലും തൊഴിലാളി കോളനികളിലും പ്രചരണം നടത്തി.(Omvedt 2011: xiv).
പണിമുടക്കിന്റെ തലേദിവസം അവർ ബോംബെയിൽ ഒരു തൊഴിലാളി സമ്മേളനം സംഘടിപ്പിച്ചു. 1938 നവംബർ ആറിന് വൈകിട്ട് പിറ്റേന്നത്തെ പണിമുടക്ക് വൻ വിജയമാകുന്നതിന്റെ സൂചനയായി പാരെലിലെ കംഗാർ മൈതാനത്തിൽ പത്ത് ലക്ഷം തൊഴിലാളികൾ അണിനിരന്നു.[34]. മദ്കെ ബുവ ദോളസ്, സംഭാജി ഗെയ്ക്ക്വാദ്, അദ്ദേഹത്തിന്റെ മഹാർ ന്യാതി പഞ്ചായത്ത് എന്നിവയ്ക്കായിരുന്നു ഈ യോഗം സംഘടിപ്പിക്കുന്നതിന്റെ ചുമതല. ഈ സമ്മേളനം വൻ വിജയമായിരുന്നു. ദേശീയ തലത്തിലുള്ള തൊഴിലാളി നേതാവായി അംബേദ്കറെ ഉയർത്തിക്കാണിക്കുന്നതിന് ഈ യോഗം കാരണമായി.(Omvedt 2011: xiv).
കംഗാർ മൈതാനത്തിൽ നിന്ന് ആരംഭിച്ച കൂറ്റൻ റാലി പാരെൽ, ലാൽബാഗ്, ഡെലീസിൽ റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വർളിയിലെ ജംബോരി മൈതാനത്ത് അവസാനിച്ചു. അംബേദ്കർ, ജംനാദാസ് മേത്ത, എസ്.എ. ഡാങ്കെ എന്നിവരുടെ ഉജ്ജ്വല പ്രസംഗങ്ങൾ കേൾക്കാൻ തൊഴിലാളികൾ തടിച്ചുകൂടി.[35]. കരിനിയമം ലംഘിക്കാൻ ഗുജറാത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് നേതാവായ ഇന്ദുലാൽ യാഗ്നിക് തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഡാങ്കെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. നിയമസഭയിലേക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് അധികാരത്തിലെത്തിക്കാൻ അംബേദ്കർ തൊഴിലാളികളോട് ആവശ്യപ്പെട്ടു. വിപ്ലവ മുന്നേറ്റങ്ങളെയെല്ലാം തള്ളിക്കളഞ്ഞെങ്കിലും ഡാങ്കെ മുതലായ നേതാക്കളുമായി വേദി പങ്കിടുന്നതിന് അദ്ദേഹം തയ്യാറായി. (Jaffrelot 2005: 79).
പണിമുടക്കിന്റെ ദിവസം നഗരത്തിലെ വ്യവസായ മേഖകളിൽ ഓരോ മനുഷ്യരും മിൽഗേറ്റുകൾക്ക് മുന്നിലും തെരുവുകളുടെ തുടക്കങ്ങളിലുമായി നിലയുറപ്പിച്ചു. രാവിലെ അലാറം മുഴങ്ങി മിൽ ഗേറ്റുകൾ തുറന്നെങ്കിലും നഗരം വൃത്തിയായി സൂക്ഷിക്കുന്ന മുൻസിപ്പൽ ശുചീകരണ തൊഴിലാളി മുതൽ ഓട വൃത്തിയാക്കുന്നവർ വരെ ആരും ജോലിക്ക് കയറിയില്ല. ആയിരക്കണക്കിന് കടകൾ തുറന്നില്ല, വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.[36]. ബോംബെയിലെ പകുതിയിലേറെ മിൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേർന്നു. മൂന്നിടങ്ങളിൽ നിരായുധരായ തൊഴിലാളികൾക്ക് നേരെ പോലീസ് നിറയൊഴിച്ചു. രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 633 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോൺഗ്രസിന്റെ അക്രമരാഹിത്യ നയവും മുതലാളിത്ത സൗഹൃദ നിലപാടും ജനതയിലൂടെ ചോദ്യം ചെയ്യപ്പെട്ടു.[37].
കർഷക മുന്നേറ്റത്തിൽ നിർണ്ണായക ശക്തികളായതിനാലാണ് കോൺഗ്രസ് സർക്കാർ ഈ ബില്ലിലൂടെ തൊഴിലാളികളെ സമ്മർദ്ദത്തിലാക്കുന്നതെന്ന് അംബേദ്കർ ബില്ലിനെതിരായ തന്റെ നിയമസഭാ പ്രസംഗത്തിൽ ആരോപിച്ചു. അതിനാൽ കോൺഗ്രസ് സർക്കാരിനെതിരെ ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ ബന്ധം മുറിക്കാനാണ് അവർ ശ്രമിച്ചത്. സമരത്തെ അസാധാരണമായി പരിഗണിക്കുകയും അതിന്റെ വിജയം ഐ.എൽ.പിയ്ക്ക് അവകാശപ്പെട്ടതുമാണെന്ന് ധനഞ്ജയ് കീർ (2009: 313) പ്രസ്താവിച്ചു. 2500 സമരഭടന്മാരിൽ 90 ശതമാനവും ഐ.എൽ.പിയിലുള്ളവരായിരുന്നു.
കോൺഗ്രസ് നേതാക്കൾ പോലീസ് അതിക്രമത്തെ പിന്തുണച്ചു.[38]. വെടിവയ്പ്പിനെക്കുറിച്ചും ലാത്തിച്ചാർജ്ജിനെക്കുറിച്ചും അന്വേഷണം വേണമെന്ന് അംബേദ്കർ ആവശ്യപ്പെട്ടു.[39]. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാൻ ബോംബെ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു.[40]. മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ചാൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു.[41]. എന്നാൽ കോൺഗ്രസ് അംഗങ്ങൾക്ക് മേൽകൈ്കയുണ്ടായിരുന്ന കമ്മിറ്റി അവർക്ക് അനുകൂലമായി ആൾക്കൂട്ടത്തിന്റെ പ്രവർത്തിയാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.[42].
ഈ കാലഘട്ടത്തിൽ തന്റെ ലക്ഷ്യത്തിലേക്കുള്ള സ്വാഭാവിക സഖ്യകക്ഷികളായി അംബേദ്കർ കണക്കാക്കിയ ദേശീയതലത്തിലുള്ള തൊഴിലാളി, കർഷക സംഘങ്ങളുമായി അദ്ദേഹം സമ്പർക്കം പുലർത്തി.[43]. ബംഗാൾ, ഗുജറാത്ത്, ബിഹാറിലെ സ്വാമി സഹജാനന്ദ് എന്നിവിടങ്ങളിലെ കർഷക സമരങ്ങളെക്കുറിച്ച് ജനതയിൽ വാർത്തകൾ വന്നു.[44]. കോൺഗ്രസ് വിരുദ്ധ സഖ്യമുണ്ടാക്കാനാണ് അദ്ദേഹം പ്രധാനമായും ശ്രമിച്ചത്. സാമ്രാജ്യത്വത്തിനും സമൂഹത്തിലെ ആഭ്യന്തര പ്രശ്നങ്ങൾക്കുമെതിരെ വിവിധ വർഗ്ഗ സംഘടനകളെ യോജിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു അത്. ദേശീയതലത്തിൽ കോൺഗ്രസിനെതിരായ സഖ്യമുണ്ടാക്കാനുള്ള ശുദ്ധമായ രാഷ്ട്രീയ ഇടപെടലായിരുന്നു അത്.
മതം, ജാതി, വർഗ്ഗം
കൊങ്കൺ മേഖലയിലെ ഖോതി സമ്പ്രദായത്തിനെതിരെ സമരം ചെയ്യുമ്പോൾ തന്നെ സമാന്തരമായി ബോംബെയിലെ അടിസ്ഥാനവർഗ്ഗങ്ങൾക്കിടയിലെ ബന്ധം വികസിപ്പിക്കാനും ഐ.എൽ.പി മുൻകൈയെടുത്തു. അങ്ങനെ ബോംബെയിലെ നഗര രാഷ്ട്രീയത്തിൽ കൊങ്കണിലെ കാർഷിക പ്രതിസന്ധി പ്രതിഫലിച്ചു. രാജ്നാരായൺ ചന്ദവർക്കർ (1997) ഗ്രാമീണ കാർഷകരുടെയും നഗരത്തിലെ തൊഴിലാളികളുടെയും സ്വഭാവത്തിലെ വൈരുദ്ധ്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് ഗ്രാമീണ പാരമ്പര്യമായ പ്രതിരോധത്തിന്റെയും നഗരത്തിന്റെ അക്രമ സ്വഭാവത്തിന്റെയും ഫലമല്ലെന്ന് അദ്ദേഹം വാദിക്കുന്നു. വാസ്തവത്തിൽ രത്നഗിരിയിലെ ക്ഷുഭിത രാഷ്ട്രീയക്കാരായ തൊഴിലാളികൾക്കൊപ്പം പ്രതിരോധത്തിന്റെ പാരമ്പര്യമുള്ള സത്താറയിലെ കുടിയേറ്റ തൊഴിലാളികളും ബോംബെയിലെ തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്നു.(Chandavarkar 1997: 186). സത്താറയിലെ സത്യശോധക് സമാജ് പ്രവർത്തനങ്ങൾ അവസാനിച്ച് തുടങ്ങിയതോടെ മുപ്പതുകളിൽ ബോംബെ രാഷ്ട്രീയത്തിൽ തൊഴിലാളികളുടെ ശബ്ദം താണുതുടങ്ങുകയും എന്നാൽ അംബേദ്കറിന്റെ കൊങ്കൺ മേഖലയിലെ കർഷക മുന്നേറ്റം ബോംബെ രാഷ്ട്രീയത്തെ പ്രകോപിപ്പിച്ച് നിർത്തുകയും ചെയ്തു.
ഐ.എൽ.പിയുടെ നിർദ്ദേശപ്രകാരം ഒട്ടനവധി മക്ത ഇതര സമരങ്ങൾ നടന്നു. അതിൽ പ്രശസ്തമായ ഒന്നാണ് അന്ദേരി ഗ്രാമീണ സമരം. ജന്മികൾ സമരത്തിനെതിരെ കോടതിയെ സമീപിച്ചു. അലിബാഗ് സെഷൻസ് കോടതി ഏതാനും പേരെ കുറ്റക്കാരാണെന്ന് വിധിച്ച് പത്ത് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.[45]. കർഷക സമരത്തിനൊപ്പം കോടതി ചെലവുകൾക്കായി പണം കണ്ടെത്താൻ ബോംബെയിലെ മിൽമ തൊഴിലാളികളും മുൻസിപ്പാലിറ്റി തൊഴിലാളികളും ചേർന്ന് അന്ദേരി കേസ് കമ്മിറ്റി രൂപീകരിച്ചു. ബോംബെയിലുടനീളം കമ്മിറ്റികൾ രൂപീകരിക്കപ്പെടുകയും പ്രധാനമായും ലേബർ ക്യാമ്പുകളിൽ നിന്നുള്ളവർ അതിൽ അംഗങ്ങളാകുകയും ചെയ്തു. അന്ദേരി കേസ് കമ്മിറ്റി അലിബാഗ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. കമ്മിറ്റിയിലെ അംഗങ്ങൾ ബോംബയിൽ പലയിടങ്ങളിലും യോഗങ്ങൾ വിളിച്ചു ചേർക്കുകയും കർഷക സമരത്തിനും ഒപ്പം തൊഴിലാളികൾക്കായും പണം പിരിക്കുകയും ചെയ്തു.
വിവിധ ഭാഗങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നതിൽ നാടൻ ഗായക സംഘങ്ങളായ അംബേദ്കാരി ജൽസകൾ[46] പ്രധാന പങ്കുവഹിച്ചു. ഈ കമ്മിറ്റി വിവിധ ജൽസ പാർട്ടികളെ യോഗങ്ങളിലേക്ക് ക്ഷണിക്കുകയും അന്ദേരി ഇരകൾക്ക് വേണ്ടി സംഭാവന ചെയ്യാൻ അപേക്ഷിക്കുകയും ചെയ്തു.[47]. അംബേദ്കർ കേസ് ഹൈക്കോടതിയിലെത്തിക്കുകയും തൊഴിലാളികളുടെ തടവ് കാലാവധി ഒരു വർഷമായി കുറയ്ക്കുകയും ചെയ്തു.[48]. കോടതി കുറ്റവാളികളെ കണ്ടെത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഫ്യൂഡൽ ചൂഷണ ഘടനയുടെ വേരുകൾ മനസ്സിലാക്കുന്നില്ലെന്നും ജനത വിമർശനം ഉന്നയിച്ചു.
അംബേദ്കറി ജൽസകളുടെ വരികളിൽ ഗ്രാമീണ ജാതി സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ ഉൾപ്പെടാൻ തുടങ്ങി. ബലൂത്ദാരി സംവിധാനത്തിലെ സാമ്പത്തിക ബന്ധങ്ങളും ഗ്രാമീണ, നഗര മേഖലകളിലെ ജാതി, വർഗ്ഗ അനുഭവങ്ങളും ഈ ജൽസകൾ ക്ഷണനേരം കൊണ്ട് നൽകി. ബ്രാഹ്മണ മതത്തിനും ജാതിക്കും തൊഴിലിനുമിടയിലെ ബന്ധങ്ങൾ വിശദീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജൽസ സംഘങ്ങൾ ആഭ്യന്തര കലാപങ്ങളും ശ്രദ്ധയിൽപ്പെടുത്തി. അധഃസ്ഥിതരായ തൊഴിലാളികൾക്ക് ആവശ്യത്തിന് കരുത്ത് നൽകുന്നതിൽ മതം എങ്ങനെ പ്രവർത്തിക്കുന്നു എന്നതായിരുന്നു അവരുടെ മുഖ്യ വിശകലനം.(Dhawre 2006). ബ്രാഹ്മണ മതത്തിൽ ജാതി തൊഴിൽ ആന്തരവൽക്കരിക്കുന്നതിന്റെയും സ്വാഭാവികവൽക്കരിക്കുന്നതിന്റെയും പ്രക്രിയകൾ ഇത് വിശദീകരിച്ചു. വ്യത്യസ്ത ജാതികളെ പിന്തുണയ്ക്കുന്നവർക്ക് വർഗ്ഗ വേർതിരിവിനെക്കുറിച്ച് മനസ്സിലാക്കാൻ ഐ.എൽ.പി അച്ചടി മാധ്യമങ്ങളിലൂടെയും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തി. ജാതി, മതം, ലിംഗഭേദം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിക്കുന്ന കവിതകൾ ജനതയിൽ പ്രസിദ്ധീകരിച്ചത് ഇതിന് തെളിവാണ്. വിവിധ ഗ്രാമങ്ങളിൽ നടന്ന സാമൂഹിക, സാമ്പത്തിക പോരാട്ടങ്ങളുടെ ഭാഗമായി കുംബികൾ ബ്രാഹ്മണരില്ലാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കാൻ ആരംഭിച്ചു. അവർ വിവാഹത്തിന് ബ്രാഹ്മണരെ ക്ഷണിക്കുന്നതും അവർക്ക് ദക്ഷിണ നൽകുന്നതും നിർത്തി.[49].
അധഃസ്ഥിതരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത അംബേദ്കർ അവർണ്ണരും സവർണ്ണരും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടി. ഹിന്ദുക്കളും അധഃസ്ഥിതരും തമ്മിലുള്ള വൈരുദ്ധ്യമായി അദ്ദേഹം ഇതിനെ എല്ലായ്പ്പോഴും ചിത്രീകരിച്ചു.(Bagade 2011: 76). ജന്മി സമ്പ്രദായത്തെ പിന്തുണയ്ക്കാൻ ഉന്നത ജാതിക്കാരുടെ ഐക്യം കുടിയാന്മാർക്കെതിരെ എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്ന് അംബേദ്കർ 1929 ഓഗസ്റ്റിൽ ബഹിഷ്കൃത് ഭാരതിൽ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നു.(Dharmadhikari 1999: 23). അധഃസ്ഥിതരുടെ ഉന്നമനത്തിന് ബ്രാഹ്മണർ മാത്രമല്ല, ബ്രാഹ്മണേതരും തടസ്സമാണെന്ന് അദ്ദേഹം പറയുന്നു. ജാതി വൈരുദ്ധ്യങ്ങൾ വിശദീകരിക്കാനായി വർഗ്ഗം എന്ന പദം ഉപയോഗിച്ച് ജാതി സമ്പ്രദായത്തിൽ ചൂഷണം എങ്ങനെയാണെന്ന് അദ്ദേഹം വശദീകരിച്ചു. വർഗ്ഗവും ജാതിയും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നെങ്കിലും ജാതി വിഭാഗങ്ങളുടെ പ്രവർത്തനം വിശദീകരിക്കാൻ അദ്ദേഹം വർഗ്ഗം എന്ന പദമാണ് ഉപയോഗിച്ചത്. സവർണ്ണർ, അവർണ്ണർ എന്നീ വലിയ രണ്ട് തരംതിരിവുകളുള്ള ഹിന്ദുക്കൾ വിവിധ ജാതികളായി തരംതിരിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുന്ന അദ്ദേഹം ജാതികൾക്കിടയിലെ വിവിധ വർഗ്ഗങ്ങളെയും ചൂണ്ടിക്കാട്ടുന്നു. (Bagade 2011: 82). 1935ൽ അംബേദ്കർ ഹിന്ദു മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ അധഃസ്ഥിതരായ തൊഴിലാളികൾ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നും ഗ്രാമങ്ങളിലെ പരമ്പരാഗത തൊഴിൽ ചെയ്യുന്നതും നിർത്തി. ചില ഭാഗങ്ങളിൽ കുംബികളും മറാത്തരും ഇതിനെ സവർണ്ണ ബോധ പ്രതിനിധികളായ ജന്മികളുടെ സഹായത്തോടെ ചെറുത്തു. എന്നിരുന്നാലും ഉന്നത ജാതി സവർണ്ണ ഐക്യം സാമൂഹിക ക്രമം നിലനിർത്തുന്നതിനായി ദലിതരെ നിർബന്ധിപ്പിച്ച് എല്ലാ ഹിന്ദു ആചാരങ്ങളും അനുഷ്ഠിപ്പിച്ചു.[50]. അങ്ങനെ ഹിന്ദു സംസ്കാരം ആഘോഷിക്കുകയെന്നത് ജാതി സാമ്പത്തിക ഘടനയിൽ അധഃസ്ഥിതരെ പിടിച്ചുനിർത്തുന്നതിനുള്ള ഉപകരണമായി മാറി.
ഒരു വശത്ത് ജന്മികൾക്കെതിരെ വർഗ്ഗ ബോധം ഉയർന്നപ്പോൾ മറ്റൊരു വശത്ത് മഹറുകളോട് ശവം തൊലിയുരിക്കുകയോ ചത്ത മാംസം കഴിക്കുകയോ ചെയ്യരുതെന്ന് ഉപദേശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മഹർവാതൻ വിരുദ്ധ പ്രക്ഷോഭം രണ്ട് വിഭാഗങ്ങളും തമ്മിലുള്ള അന്തരം കുറച്ചു.(Chandavarkar 2002: 138). ജാതി ഹിന്ദു കുടിയാന്മാർ തങ്ങളുടെ ജാതി പദവികൾ ആവർത്തിക്കുമ്പോൾ തന്നെ സ്വയം ജാതിക്കിടയിലെ വർഗ്ഗങ്ങളായും സംഘടിച്ചു. അതുകൊണ്ട് ദലിതർ സംഘടിക്കുന്നതിനെതിരെ ജാതി ഹിന്ദുക്കൾ മർദ്ദനങ്ങൾ അഴിച്ചുവിടുകയും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. 1928 ഏപ്രിലിൽ തങ്ങളുടെ പമ്പരാഗത തൊഴിലായ ചത്ത മൃഗങ്ങളുടെ തോല് ഉരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച മഹറുകൾ കൊളാബ ജില്ലയിൽ പ്രശ്നങ്ങൾ നേരിടുന്നതായി അംബേദ്കർ പരാതിപ്പെട്ടു. ബലുതേരി ഘടനയിൽ നിലനിർത്തുന്നതിനായി ബ്രാഹ്മണ സംസ്കാരം പിന്തുടരാൻ അവരോട് ആവശ്യപ്പെട്ട മുസ്ലിം ജന്മികൾ പോലും ഈ കലാപത്തെ എതിർത്തു. അവരുടെ ഭീഷണി മൂലം മഹറുകൾക്ക് തങ്ങളുടെ ഗ്രാമം വിട്ടുപോകാൻ പോലുമായില്ല.[51]. അങ്ങനെ ജാതി സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാൻ ബ്രാഹ്മണ സംസ്കാരം പ്രവർത്തിച്ചുകൊണ്ടിരുന്നു.
വർഗ്ഗാവകാശങ്ങളുടെ പേരിൽ കർഷകരെ അണിനിരത്താൻ ശ്രമിക്കുമ്പോഴും ദുർബലവും വിരുദ്ധവുമായ സാമൂഹിക ബന്ധങ്ങൾ അക്രമങ്ങൾക്ക് വഴിവയ്ക്കുമെന്ന് അംബേദ്കറിന് അറിയാമായിരുന്നു. ജാതി സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാനപരമായ മാറ്റത്തിലൂടെ മാത്രമേ ഈ ബന്ധങ്ങൾ മാറ്റാനാകൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൊതുസ്വത്തിലും ഗ്രാമങ്ങളിലെ പകൃതി സമ്പത്തിലും തങ്ങൾക്കുള്ള നിയമ അധികാരം ഉപയോഗിക്കാൻ അദ്ദേഹം ദലിതരെ ഉപദേശിച്ചു.[52]. ജാതിഹിന്ദുക്കളുടെയും ഭൂഉടമകളുടെയും ചൂഷണത്തിൽ നിന്ന് മുക്തരായി നഗരങ്ങളിലേക്ക് കുടിയേറാൻ അദ്ദേഹം അധഃസ്ഥിതരെയും ഉപദേശിച്ചു. അതുകൊണ്ട് 1930കളിൽ ദലിതരുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെ ജൽസകൾ തങ്ങളുടെ സാംസ്കാരിക പരിപാടികളിലൂടെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ചു. ബ്രാഹ്മണിക്കൽ ജാതി രൂപത്തിനും ജാതി അധഃസ്ഥിത തൊഴിലിനും മുകളിൽ വർഗ്ഗ സംതൃപ്തി ലഭിക്കാനും അധഃസ്ഥിതരുടെ ജാതി വേർതിരിവുകൾ നീക്കാനും നഗരങ്ങളാണ് കൂടുതൽ തുറന്നയിടങ്ങളെന്ന് അദ്ദേഹം വിശ്വസിച്ചു.
വർഗ്ഗ സമരത്തിൽ അധഃസ്ഥിതരുടെ ചോദ്യം
1936 മുതൽ അംബേദ്കർ വിവിധ വർഗ്ഗ സംഘടനകളുമായി അടുപ്പം പുലർത്തി. സോഷ്യലിസ്റ്റുകളും മാർക്സിസ്റ്റുകളുമായി അദ്ദേഹം ദൈർഘ്യമേറിയ ചർച്ചകളിൽ ഏർപ്പെട്ടു. രാഷ്ട്രീയ പ്രസംഗങ്ങളിലും പ്രവർത്തനങ്ങളിലും മാത്രമല്ല, തന്റെ ഉജ്ജ്വല പ്രസംഗമായ ജാതി ഉൻമൂലനത്തിലും (അംബേദ്കർ 1936 ബി) അദ്ദേഹം സോഷ്യലിസ്റ്റുകളുമായി ശക്തമായ സംവാദം നടത്തി. ജാതിയുടെ ഭൗതികതയെക്കുറിച്ചുള്ള ധാരണ അദ്ദേഹം അവരിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യാതെ സാധ്യമാകില്ലാത്ത വർഗ്ഗ വിപ്ലവത്തെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് സംഘടനകളെ ജാതിവിരുദ്ധ പാരമ്പര്യത്തിലേക്ക് കൊണ്ടുവരികയെന്ന ചരിത്രപരമായ ശ്രമമായിരുന്നു അത്. അംബേദ്കറും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അംബേദ്കർ ഭൗതികവാദ വിശദീകരണത്തിനും അപ്പുറത്തേക്ക് പോയതും ചൂഷണത്തിൽ സംസ്കാരത്തിനുള്ള പ്രധാന പങ്ക് കാണിച്ചുതന്നുവെന്നതുമാണ്. ബ്രാഹ്മണിസത്തിനും മുതലാളിത്തത്തിനുമെതിരെ അംബേദ്കർ സഖ്യം വാഗ്ദാനം ചെയ്തതാണ് ഇതിൽ ചരിത്രപരമായി ശ്രദ്ധിക്കേണ്ടത്.
എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരാഗത വർഗ്ഗ നിലപാട് മൂലം അവർ ജാതി പ്രശ്നത്തെ മാറ്റിനിർത്തിയത് അംബേദ്കറിനെ അസ്വസ്ഥനാക്കിയതിനാൽ ആ സഖ്യം അധികകാലം നിലനിന്നില്ല. അംബേദ്കർ മാത്രമല്ല കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൽ നിന്നും പിന്നീട് അകന്നത് കമ്മ്യൂണിസ്റ്റുകൾ സ്വയം മറ്റ് ചൂഷണങ്ങളുടെ ഭാവങ്ങൾ മനസ്സിലാക്കാൻ തയ്യാറായതുമില്ല. അവർ വ്യവസായികവൽക്കരണത്തിന്റെ വരവോടെ അത് ഇല്ലാതാകുന്ന, ജാതിയെ ഒരു ഫ്യൂഡൽ അവശിഷ്ടമായും പുരാതനവും അയഥാർത്ഥവുമായ ഒരു സാമൂഹിക രൂപീകരണവുമായി കണ്ടു. ചരിത്രം സ്വയം ജാതിയുടെ പ്രശ്നങ്ങളെ പരിഹരിക്കും (Gokhale 1993: 140). വർഗ്ഗ സംഘടനകൾ ജാതിയെ മറികടക്കുമെന്ന ആശയത്തെ അംബേദ്കർ എതിർക്കുകയും അദ്ദേഹം ജാതിവിരുദ്ധ വിപ്ലവത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. മതഅടിമത്വം ഇല്ലാതാകേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജാതിയുടെ ഉൻമൂലനമെന്ന തന്റെ പ്രശസ്ത പ്രസംഗമായ ജാതി ഉന്മൂലനത്തിൽ തൊഴിലാളി വർഗ്ഗത്തിന് മേൽ മതം പിടിമുറുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു. അധികാരത്തിന്റെയും ശക്തിയുടെയും ഉറവിടങ്ങളായ മതം, സമൂഹിക പദവി സ്വത്ത് എന്നിവയ്ക്ക് തുല്യപ്രാധാന്യം നൽകണം.(Bagade 2011: 74).
അംബേദ്കർ തൊഴിലാളികളുടെ വിഭജനമെന്ന് വിളിച്ചതിനെ കമ്മ്യൂണിസ്റ്റുകൾക്ക് മനസ്സിലായില്ല. 1920കളിലും 1930കളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മഹാരാഷ്ട്രയിലെ ജാതി വിരുദ്ധ പ്രക്ഷോഭങ്ങളെ അവഗണിച്ചു. (Shakir and Shinde 1979: 56). ജാതി-വർഗ്ഗ പ്രസ്ഥാനത്തിന്റെ സംയോജനത്തെ ഇടതുപക്ഷം അംഗീകരിച്ചതുമില്ല പ്രതികരിച്ചതുമില്ല. ഖോതി സമരത്തോടും അംബേദ്കറിന്റെ ജാതി വിരുദ്ധ സമരത്തോടും കമ്മ്യൂണിസ്റ്റ് നേതാക്കൾ പുലർത്തിയ നിശബ്ദത അധഃസ്ഥിതരെ അവരിൽ നിന്നും അകറ്റി. 1938ലെ കമ്മ്യൂണിസ്റ്റ് പിന്തുണയാകട്ടെ താൽക്കാലികവും വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു.
തൊട്ടുകൂടായ്മയെ അനിയന്ത്രിതമായ സാമ്പത്തിക ചൂഷണം അനുവദിക്കുന്ന ഒരു സാമ്പത്തിക സംവിധാനമായാണ് അംബേദ്കർ വിശദീകരിച്ചത്. അതിനാലാണ് അതിനെ അപലപിക്കാൻ ഒരു സ്വതന്ത്ര പൊതുജനാഭിപ്രായമില്ലാത്തതും അതിനെ തടയാൻ നിഷ്പക്ഷമായ ഭരണ സംവിധാനമില്ലാത്തതും. പൊതുജനാഭിപ്രായത്തിന് വേണ്ടിയുള്ള ആഹ്വാനം അവിടെയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവിടെയുണ്ടായിരുന്ന പൊതുജനാഭിപ്രായം ചൂഷണം നടത്തുന്ന ജാതി ഹിന്ദുക്കൾക്ക് ചൂഷണത്തിന് ഒത്താശ ചെയ്യുന്നതിന് വേണ്ടിയുള്ളതുമായിരുന്നു.(Ambedkar 1990: 197). ജാതി വ്യവസ്ഥിതി ബാധിച്ച അസംഘടിത വിഭാഗമെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച അധഃസ്ഥിതർക്കിടയിലെ ഭിന്നതയെ ആദ്യമായി അടിവരയിട്ടതും ജാതി ഹിന്ദുക്കൾക്ക് ചെയ്യാനാകുന്നതിലും കൂടുതൽ അവർക്ക് ചെയ്യാനാകുമെന്ന് പറഞ്ഞതും അംബേദ്കറാണ്. അധഃസ്ഥിതർക്കിടയിലെ ഈ ജാതിവ്യവസ്ഥ തുടർച്ചയായി സ്പർദ്ധയും അസൂയയും സൃഷ്ടിക്കുകയും പൊതുവായ പ്രവർത്തനം അസാധ്യമാകുകയും ചെയ്യുന്നു.(Jaffrelot 2005: 37).
തൊഴിലാളികൾക്കിടയിലെ വിഭജനത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് അംബേദ്കർ (1987) എഴുതി,
"ശ്രേണീകൃത അസമത്വത്തിന്റെ തത്വം സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുപോയി. അധ്വാനത്തിന്റെ പ്രതിഫലമായി തുല്യ ആവശ്യത്തെയും തുല്യ ജോലിയെയും തുല്യ ശേഷിയെയും ഹിന്ദു സാമൂഹിക ക്രമം കാണുന്നില്ല. ഏറ്റവും ഉയർന്നവരായി കണക്കാക്കപ്പെടുന്നവർക്ക് ഏറ്റവും മികച്ചത് ലഭിക്കേണ്ടതാണെന്നും താഴേത്തട്ടിലുള്ളവർക്ക് ഏറ്റവും കുറച്ച് നൽകുകയെന്നതുമാണ് അതിന്റെ മുദ്രാവാക്യം. (P 111)
ഇന്ത്യയിലെ വർഗ്ഗസമരത്തിന്റെ സങ്കീർണ്ണതകളും അധഃസ്ഥിതരുടെ ചോദ്യങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയും അംബേദ്കർ എടുത്തുകാട്ടി. അദ്ദേഹം അധഃസ്ഥിതർക്കായി പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ചു. അധഃസ്ഥിത തൊഴിലാളികളുടെ സുപ്രധാന യോഗങ്ങളിലൊന്ന് 1938ൽ മൻമാദിൽ നടക്കുകയും 15,000ലേറെ തൊഴിലാളികൾ പങ്കെടുക്കുകയും ചെയ്തു. എല്ലാവർക്കും ലഭിക്കുന്ന ചില പ്രാഥമികമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അധഃസ്ഥിതർ വിജയിച്ചിട്ടില്ലെന്ന് ഈ യോഗത്തിൽ അംബേദ്കർ പറഞ്ഞു.[53]. തൊഴിലാളികൾക്കിടയിൽ തൊട്ടുകൂടായ്മ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തൊട്ടുകൂടായ്മ ഒരു സാമൂഹിക പ്രശ്നം മാത്രമല്ലെന്നും ഒരു സാമ്പത്തിക പ്രശ്നം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.[54]. ബ്രാഹ്മണിസം എല്ലാ വർഗ്ഗങ്ങളുടെയും ജീവിതത്തെ നിയന്ത്രിക്കുകയും ചില വർഗ്ഗങ്ങൾക്ക് മാത്രം പ്രത്യേക പരിഗണനകൾ നൽകുകയും മറ്റ് വർഗ്ഗങ്ങൾക്ക് തുല്യതയുടെ എല്ലാ സാധ്യതകളും നിരസിക്കുകയും ചെയ്തിരുന്നു. അത് അടിസ്ഥാന പൗരാവകാശങ്ങളെ നിരസിക്കുകയും സാമ്പത്തിക ശാക്തീകരണത്തെ പരിമിതപ്പെടുത്തുകയും ചെയ്തു.[55]. എല്ലാ അധഃസ്ഥിതരും തൊഴിലാളികളാണെന്നും എന്നാൽ എല്ലാ തൊഴിലാളികളും അധഃസ്ഥിതരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. അധഃസ്ഥിത തൊഴിലാളികളുടെ അവസ്ഥ മറ്റ് തൊഴിലാളികളുടേതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്കിടയിൽ ഒരു പിളർപ്പ് ഭയന്ന് അധഃസ്ഥിതരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഈ അനീതി ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചില്ല. തൊഴിലാളികൾക്കിടയിലെ ജാതിതിരിവ് തിരിച്ചറിയാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ അദ്ദേഹം ചോദ്യം ചെയ്തു.