അംബേദ്കറും ഭരണഘടനാ മൂല്യങ്ങളും ഇന്ത്യ നേരിടുന്ന വെല്ലുവിളികളും
ഇന്ത്യൻ ജനാധിപത്യത്തിനായി ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത സമത്വവും സാഹോദര്യവും അട്ടിമറിക്കപ്പെടുന്ന ഒരു വർത്തമാനകാലത്താണ് നാം ജീവിക്കുന്നത്. ഫാസിസത്തിന്റെയും ജാതിവെറിയുടെയും പുതിയ രൂപങ്ങൾ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും നിശബ്ദമാക്കുകയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും മതേതരത്വത്തിനും മേൽ വർഗ്ഗീയതയുടെ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോൾ, തെരുവുകളിൽ മുഴങ്ങുന്ന 'ജയ് ഭീം' വിളി കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് അനീതിക്കെതിരായ പ്രതിരോധമാണെന്ന് എഴുതുന്നു തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം.എ. മലയാളം ഒന്നാം വർഷ വിദ്യാർത്ഥി ഷഹീർ പുളിക്കൽ.
ഫാസിസം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ചുറ്റും നിന്ന് ആനന്ദനൃത്തമാടുന്നൊരു കാലത്ത് ഒറ്റവാക്കുകൊണ്ട് അവരെ വിറളിപിടിപ്പിക്കാൻ പറ്റുമെങ്കിൽ ആ വാക്ക് ഡോ. അംബേദ്കർ എന്നാകും. സവർണ്ണ ഫാസിസം അതിന്റെ പാരമ്യത്തിൽ ഉറഞ്ഞുനിൽക്കുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ അംബേദ്കറെയും അദ്ദേഹത്തിന്റെ ചിന്തകളെയും വായിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രൂപമായ അംബേദ്കർ ഫാസിസ്റ്റുകൾക്കും ജാതിവാദികൾക്കും ശത്രുവായിത്തീരുന്നത് സ്വാഭാവികം.
വിലക്കുകളോടും വ്യവസ്ഥകളോടും ഏറ്റുമുട്ടുന്നതാണ് പ്രക്ഷോഭം. അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവൻ പ്രക്ഷോഭകാരിയായി ജീവിച്ച മനുഷ്യനാണ് ഡോ. ബി.ആർ. അംബേദ്കർ. ഇന്ത്യയിലെ പൊതുസമൂഹം അംബേദ്കറെ മനഃപൂർവ്വം തഴഞ്ഞപ്പോഴും അവഗണിച്ചപ്പോഴും വിദേശങ്ങളിലെ അക്കാദമിക സമൂഹം അദ്ദേഹത്തെ ആഘോഷിച്ചു. ഏതെങ്കിലും തരത്തിൽ ബ്രാഹ്മണിസത്തിന്റെ ഭാഗത്തുനിന്നവരായിരുന്നു ഇന്ത്യയിലെ പരമ്പരാഗത ഭൗതികസമൂഹം. അതുകൊണ്ടുതന്നെ അംബേദ്കറെ കണ്ടില്ലെന്നു നടിക്കാൻ അവർക്ക് അവരുടേതായ സാരരഹിതമായ കാരണങ്ങൾ ഉണ്ടായിരുന്നു.
ബ്രാഹ്മണിസത്തിന്റെ പരിണിതഫലമായി ഇരുൾനിറഞ്ഞ് ഘനീഭവിച്ചുപോയ ഇന്ത്യൻ സമൂഹത്തെ ആധുനികമായി രൂപപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതുവരെ ഭരണവ്യവസ്ഥയെയും നീതിന്യായത്തെയും നിയന്ത്രിച്ചിരുന്നത് മനുസ്മൃതിയായിരുന്നു. മനുസ്മൃതി ജാതിവ്യവസ്ഥയിൽ താഴേക്കിടയിലുള്ളവർക്ക് വിദ്യാഭ്യാസം, ഭൂമി, സമ്പത്ത്, അധികാരം ഇവയെല്ലാം നിഷേധിച്ചു. ഏറ്റവും ചുരുക്കത്തിൽ ഒരു മനുഷ്യന് അന്തസ്സായി ജീവിക്കുന്നതിനാവശ്യമായതെല്ലാം മനുസ്മൃതി നിരാകരിച്ചു. അതിനുള്ള കാരണം അയാൾ ജാതീയമായി താഴേക്കിടയിലുള്ളയാളാണെന്നു മാത്രമായിരുന്നു.
ജാതി കെട്ടിപ്പൊക്കിയ സകല മതിലുകളും തകർത്തെറിഞ്ഞാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. അതുകൊണ്ടുതന്നെ ജാതിയുടെ സാമൂഹിക അനീതിയുടെ മതിലുകൾ തകർക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് ശേഷിയുണ്ട്. മനുസ്മൃതിയെ മുന്നിൽനിർത്തി ഹിന്ദുരാഷ്ട്രവാദം ഉയർത്തുന്നവർക്ക് ഭരണഘടന എക്കാലത്തും ഒരു പ്രശ്നമാണ്. അംബേദ്കറെ ഒരു ശത്രുവായി കാണാൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
മതരാഷ്ട്രവാദത്തിനെതിരെ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ആയുധം ഭരണഘടനയാണ്. അതുകൊണ്ടാണ് പൗരത്വപ്രക്ഷോഭ സമയത്ത് പ്രക്ഷോഭക്കാർ ഇന്ത്യൻ ഭരണഘടന കൈകളിലേന്തിയത്. ഒരു മതേതര ഭരണഘടനയ്ക്ക് രൂപംനൽകുക വഴി അംബേദ്കർ ഒഴിവാക്കിയ രക്തചൊരിച്ചിലുകളും കലാപങ്ങളും കൊള്ളിവെപ്പുകളും എത്രയെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല. ഭൂമിശാസ്ത്രപരമായി ഇന്ത്യ ഒരു അതിർത്തിയോ അതിനകത്തെ വിശാലമായ ഭൂപ്രദേശമോ അല്ല. ഇന്ത്യ ഒരു ആശയമാണ്. അത് നിലനിൽക്കണമെങ്കിൽ ഭരണഘടന നിലനിൽക്കണം. ഇന്ത്യൻ ഭരണഘടനപോലെതന്നെ വൈവിധ്യമാർന്ന ഇന്ത്യൻ സാമൂഹിക ജീവിതത്തിനും ജനാധിപത്യ ഇന്ത്യക്കും അംബേദ്കർ എന്ന ആശയവും നിലനിൽക്കേണ്ടതാണ്.
ദലിത്-ന്യൂനപക്ഷ വേട്ടകൾ
വെള്ളം കുടിച്ചതിന് ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ കൊലപ്പെടുത്തി, പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അടുത്തിടെ നാം ഏറെ ഭീതിയോടെ കേട്ട രണ്ട് വാർത്തകളാണിത്. എന്തുകൊണ്ടാണ് ദളിതരും ന്യൂനപക്ഷ മതസ്ഥരും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പരസ്യവിചാരണയ്ക്കും വിധേയരാകുന്നത്?
ഇന്ത്യ തങ്ങളുടെ രാഷ്ട്രമാണ് എന്നതിൽനിന്നും ഫാസിസ്റ്റുകൾ ഒരുപടി കൂടി കടന്ന് തങ്ങൾ മാത്രമാണ് ഈ രാജ്യത്തിന്റെ അവകാശികൾ എന്ന ചിന്തയിലേക്ക് പരിണമിച്ചിട്ടുണ്ട്. അത്യന്തം ഹീനവും മാനവരഹിതവുമായ ഒരു ചിന്തയാണിത്. ഭരണഘടനയെക്കുറിച്ച് അംബേദ്കർ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ വളരെയധികം പ്രസക്തമാണ്: "ഭരണഘടന എത്ര മഹത്തരമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഭരണഘടന കൈകാര്യം ചെയ്യുന്നവർ മോശമാണെങ്കിൽ ആ ഭരണഘടനയും മോശമാകും."
ജർമ്മനി തങ്ങളുടേതാണെന്ന് പ്രൊട്ടസ്റ്റന്റുകളെയും കത്തോലിക്കരെയും വിശ്വസിപ്പിച്ച് ജൂതരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നൊടുക്കാൻ ഹിറ്റ്‌ലർ അവലംബിച്ച അതേ രീതിയാണ് ഇന്ന് ഇന്ത്യയിലും നടക്കുന്നത്. ഒരുപക്ഷേ ലോകത്തെ ഏറ്റവും വൃത്തികെട്ട വർഗ്ഗീയത കൂടിയാകും ഇത്. 2021-ൽ ചാന്ദ്‌നി ചൗക്കിൽ കലാപത്തിന് തിരികൊളുത്തിയ വർഗ്ഗീയവാദികൾ തലസ്ഥാനനഗരിയെ മറ്റൊരു ഗുജറാത്താക്കാനാണ് ശ്രമിച്ചത് എന്ന് വ്യക്തം. ഇവിടെ എല്ലായിടത്തും റദ്ദുചെയ്യപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശമാണ്. ഈ രാജ്യത്തെ ഏതൊരു പൗരനുമുള്ള അവകാശങ്ങൾ നിരാകരിക്കപ്പെടുമ്പോൾ നോക്കുകുത്തിയാകുന്നത് ഭരണഘടനയാണ്.
പശുവിന്റെ പേരിലും ബീഫിന്റെ പേരിലും ഇന്ന് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് മുസ്ലീങ്ങളും ദളിതരുമാണ്. മാംസം നിരോധിക്കാൻ നിയമസഭകളിൽ നിയമനിർമ്മാണം നടത്തിയ സംസ്ഥാനങ്ങളുടെ സമീപനം തെറ്റാണോ എന്ന ചോദ്യത്തിന് രണ്ട് ഉത്തരമുണ്ടാകും. ആർട്ടിക്കിൾ 48 പ്രകാരം മനുഷ്യത്വരഹിതമായ കശാപ്പ് കുറ്റകരമാണെന്ന് പറയുന്ന അതേ ഭരണഘടന പക്ഷേ മാംസാഹാരം കഴിക്കുന്നത് ശിക്ഷാർഹമാണെന്ന് കണ്ണടച്ചു പറയുന്നില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ മാംസാഹാരം കയറ്റുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇതിൽത്തന്നെ പോത്തിന്റെ മാംസം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. ന്യൂനപക്ഷ മതസമുദായങ്ങളെ പീഡിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ നിയമമാണ് കന്നുകാലി കശാപ്പ് നിരോധനം എന്നത് ഇതിൽനിന്നും സുവ്യക്തം. ഭരണഘടനയുടെ അന്തസ്സയെയും ഉള്ളടക്കത്തെയും റദ്ദ് ചെയ്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നത്.
മതപരിവർത്തന നിരോധന നിയമങ്ങൾ
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഒരു പൗരന് ഏതു മതം തിരഞ്ഞെടുക്കാനും അത് അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ പ്രത്യക്ഷമായ ലംഘനമാണ് കർണ്ണാടക, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകൾ നടപ്പിലാക്കിയ മതപരിവർത്തന ബില്ല്.
ഏറ്റവും ചുരുക്കത്തിൽ മതം തിരഞ്ഞെടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിയമം വഴി നിരോധിക്കാനുള്ള ഗൂഢാലോചനയുടെ അനന്തരഫലമായാണ് ഇത്തരം നിയമങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറണോ വേണ്ടയോ എന്നത് ഒരു പൗരനെ സംബന്ധിച്ച് തികച്ചും വ്യക്തിപരമാണ്. അതായത് ഇവിടെ ഭരണകൂടം കടന്നുകയറുന്നത് വ്യക്തിയിലേക്കാണ്. ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച ഡോ. ബി.ആർ. അംബേദ്കർ ഈ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ ഭരണകർത്താക്കളാൽ ചോദ്യംചെയ്യപ്പെട്ടേനെ എന്ന് സാരം.
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന സാമൂഹ്യപ്രവർത്തകരും കവികളും ഇത്തരം നിയമങ്ങൾക്ക് അടിമപ്പെട്ട് മരണത്തിലേക്ക് നയിക്കപ്പെടുമെന്നത് ക്രൂരമായ സത്യമാണ്. അതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഫാദർ സ്റ്റാൻ സ്വാമി. എത്രമാത്രം ദയാരഹിതമായാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പെരുമാറിയതെന്ന് നാം കണ്ടതാണ്.
ഗോവിന്ദ് പൻസാരെയും നരേന്ദ്ര ധബോൽക്കറും എം.എം. കൽബുർഗിയും ഗൗരി ലങ്കേഷും ഇതേ ഫാസിസത്തിന്റെ ഇരകളാണ്. ദളിതരും ന്യൂനപക്ഷ മതസ്ഥരുമടങ്ങുന്ന അധഃസ്ഥിത വർഗ്ഗത്തോടൊപ്പം നിലകൊണ്ടതിന്റെയും വർഗ്ഗീയ ഫാസിസത്തിനെ നിശിതമായി വിമർശിച്ചതിന്റെയും പേരിലാണ് ഇവർ കൊല്ലപ്പെട്ടത്. ആധുനിക ജനാധിപത്യ ഇന്ത്യക്കുവേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളാണ് ഇവരെന്ന് വരുംകാല ചരിത്രം രേഖപ്പെടുത്തുമെന്ന് തീർച്ച.
ലൗ ജിഹാദ് എന്നത് ഇന്ന് ഇന്ത്യൻ സമൂഹങ്ങളിൽ സാർവ്വത്രികമായി മാറിയ ഒരു വിദ്വേഷ രാഷ്ട്രീയമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്ത് ഈ രണ്ട് പദങ്ങൾ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല.
നിലവിലെ കേന്ദ്രസർക്കാർ ആയിരമായിരം തവണയാണ് ഭരണഘടനയെ മുറിപ്പെടുത്തിയത്. സങ്കുചിത മനോഭാവം കാരണം വെറും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഇവർ മുറിവേൽപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഫെഡറൽ ഭരണഘടനയെ ആണെന്ന കാര്യം വിസ്മരിക്കാതെ വയ്യ. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതേതര ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷ ഘടകങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: "മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ രാഷ്ട്രം ഏതൊരു പൗരനോടും യാതൊരു വിവേചനവും കാട്ടുന്നതല്ല." യഥാർത്ഥത്തിൽ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഈ അവകാശം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ലഭിക്കുന്നുണ്ടോ? ഇത് പാലിക്കപ്പെടുന്നുണ്ട് അഥവാ വിവേചനങ്ങൾ സംഭവിക്കുന്നില്ലെന്ന് രാജ്യവും ഭരണകൂടവും ഉറപ്പുവരുത്തുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല ഭരണകൂടം ഇത്തരത്തിലുള്ള വിവേചനങ്ങൾക്ക് കൂട്ടുനിൽക്കുക കൂടി ചെയ്യുന്നുണ്ട്.
ഇന്ത്യ എന്ന റിപ്പബ്ലിക്കിലെ ജനാധിപത്യത്തിന്മേൽ ഭരണഘടനയുടെ അപ്രമാദിത്വം ഉറപ്പിച്ച അംബേദ്കർ, ഹിന്ദുത്വം ശക്തിപ്പെട്ടാൽ ഭരണഘടന അട്ടിമറിക്കപ്പെടും എന്ന് ആശങ്കപ്പെട്ടിരുന്നതിന്റെ തെളിവുകളാണ് മേൽപ്പറഞ്ഞതെല്ലാം.
ചോദ്യം ചെയ്യപ്പെടുന്ന മതനിരപേക്ഷത
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര റിപ്പബ്ലിക്കായി ഇന്ത്യ ഇന്ന് ആഗോളതലത്തിൽ കടുത്ത വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വർഗ്ഗീയച്ചുവയുള്ള പ്രസംഗങ്ങൾ നടത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളും വർദ്ധിച്ചുവരുന്നൊരു കാലം കൂടിയാണിത്. കലാപാഹ്വാനം ചെയ്യുന്നത് ജനപ്രതിനിധികളും നേതാക്കളും മാത്രമല്ല സർക്കാർ സംവിധാനം കൂടിയാണ്.
അടിയന്തരാവസ്ഥാ കാലത്തെന്നപോലെ തന്നെ ഇന്ന് മാധ്യമനിരീക്ഷണം ശക്തമായി നടക്കുന്നുണ്ട്. 2021-ലെ ചാന്ദ്‌നി ചൗക്ക് കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ ദുരിതങ്ങൾ പുറത്തുകൊണ്ടുവന്ന രണ്ട് മലയാള വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ പല ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. മതനിരപേക്ഷതയ്ക്കൊപ്പം നിൽക്കുന്നവരെ, ഭരണഘടനാ അവകാശങ്ങൾക്കുവേണ്ടി നിൽക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റാൻ ഫാസിസം എല്ലാകാലത്തും ഈ മാർഗ്ഗം ഉപയോഗിച്ചിട്ടുണ്ട്.
അംബേദ്കർ എന്ന ഇതിഹാസതുല്യനായ മനുഷ്യൻ ഫ്രാൻസിന് വോൾട്ടയറും റൂസോയും മൊണ്ടെസ്ക്യൂവുമെന്നപോലെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട തത്വചിന്തകനാണ്. ഇന്ത്യയിൽ സാഹോദര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പറയാൻ അംബേദ്കർ വേണ്ടിവന്നു എന്നിടത്താണ് ഗാന്ധിയും നെഹ്‌റുവും ഇന്ത്യൻ നാഷണൽ കോൺഗ്രസുമെല്ലാം അദ്ദേഹത്തിനു പിന്നിലായിപ്പോകുന്നത്. നീതി നിഷേധിക്കപ്പെടുമ്പോൾ, വിവേചനം സാർവ്വത്രികമാകുമ്പോൾ, ഭരണഘടനയെ അധികാരികൾ വെല്ലുവിളിക്കുമ്പോൾ തെരുവുകളിൽ 'ജയ് ഭീം' എന്നല്ലാതെ മറ്റെന്താണ് ഉയരേണ്ടത്?