കുടിയേറ്റ തൊഴിലാളികളും ഫെഡറൽ പൗരത്വവും കേരളത്തിലെ പൗരത്വ ഉൾക്കൊള്ളൽ പരിമിതികളും
കേരളത്തിലെ "അതിഥി തൊഴിലാളികൾ" എന്ന് വിളിക്കപ്പെടുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പൗരത്വ വെല്ലുവിളികളെയും സാമൂഹികമായ പുറന്തള്ളലിനെയും കുറിച്ചുള്ള ഗൗരവകരമായ ഒരു പഠനമാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സീനിയർ റിസർച്ചറായ ഡോ. മധുസൂദൻ നാഗ് ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നത്. പാലക്കാട് വാളയാറിൽ ദലിത് കുടിയേറ്റ തൊഴിലാളിയായ റാം നാരായൺ ബാഗേൽ കൊല്ലപ്പെട്ട സംഭവത്തെ കേവലം ഒരു ആൾക്കൂട്ട ആക്രമണമായല്ല, മറിച്ച് നമ്മുടെ ഫെഡറൽ പൗരത്വ ബോധത്തിലും സാമൂഹിക ഘടനയിലും നിലനിൽക്കുന്ന ജാതീയവും വംശീയവുമായ വിവേചനങ്ങളുടെ പ്രതിഫലനമായാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്.
പാലക്കാട് വാളയാറിൽ "ബംഗ്ലാദേശി" ആണെന്ന് സംശയിച്ച് ചോദ്യം ചെയ്യപ്പെട്ട് ക്രൂരമായി മർദ്ദിക്കപ്പെട്ട് ദലിത് കുടിയേറ്റ തൊഴിലാളി രാം നാരായൺ ബാഘേൽ കൊല്ലപ്പെട്ട സംഭവം, സ്വത്വപരമായ തെറ്റിദ്ധാരണയിൽ യാദൃച്ഛികമായുണ്ടായ ഒറ്റപ്പെട്ട സംഭവം അല്ല. മറിച്ച്, ജാതി മനോഭാവം, മതപരമായ ഭൂരിപക്ഷ പൊതുബോധം, നിത്യേനയുള്ള ആൾക്കൂട്ട നീതി നടപ്പാക്കൽ (vigilantism) എന്നിവയുടെ കൂടിച്ചേരലിലൂടെ ആഭ്യന്തര കുടിയേറ്റക്കാർ എങ്ങനെ അനൗദ്യോഗികമായി അതിർത്തിയിലാക്കപ്പെടുന്നു എന്നതിലേക്കു തുറക്കുന്ന ഒരു വാതിലാണ്. കേരളത്തിലെ ഈ ദുരന്തം കേവലം അക്രമമല്ല; മറിച്ച് ദാരിദ്ര്യവും കുടിയേറ്റവും ജാതിയും ഒന്നിച്ച് ചേരുമ്പോൾ പൗരത്വം എത്രത്തോളം സാമൂഹികമായി ചോദ്യം ചെയ്യപ്പെടാവുന്ന ഒന്നായി മാറുന്ന സ്വാഭാവിക നിലയാണ്.
ഈ അക്രമങ്ങൾ അശുഭകരമായ കാലത്തിൻ്റെ ഒരു പാറ്റേണിനെയും വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (CMID) തയ്യാറാക്കിയ പട്ടിക (2016–2025) സൂചിപ്പിക്കുന്നത്, റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളും ഗുരുതരമായ ആൾക്കൂട്ട ആക്രമണങ്ങളും തമ്മിലുള്ള സമയദൈർഘ്യം കുറഞ്ഞുവരുന്നു എന്നാണ്. പുറംലോകം അറിയുന്ന ഓരോ കൊലപാതകത്തിന് പിന്നിലും നിശബ്ദമാക്കപ്പെടുന്ന ഒട്ടനവധി കയ്യേറ്റങ്ങൾ നിലനിൽക്കുന്നുണ്ട്. സമയത്തിൽ വരുന്ന ഈ കുറവ് ഗൗരവമുള്ളതാണ്. ഒറ്റപ്പെട്ട പിഴവുകൾ എന്നതിൽനിന്ന് മാറി, കുടിയേറ്റക്കാരന്റെ ശരീരത്തെ സംശയത്തിനും ചോദ്യം ചെയ്യലിനും ശിക്ഷയ്ക്കും വിധേയമാക്കാവുന്ന ഒരു സമൂഹപ്രമാണമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ വ്യവസ്ഥയിൽ വൈരുദ്ധ്യപൂർണ്ണമായ ഒരു സ്ഥാനമാണ് കേരളത്തിനുള്ളത്. തൊഴിൽ ഫലപ്രാപ്തി, ഉയർന്ന പ്രതിദിന വേതനം, കുറഞ്ഞ പ്രവൃത്തി സമയം, ഉയർന്ന കുടിയേറ്റം നടക്കുന്ന ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രിയാത്മകമായി ഇടപെടുന്ന ക്ഷേമകാര്യ ഉദ്യോഗസ്ഥ സംവിധാനം എന്നിവയാൽ കേരളം പലപ്പൊഴും ഏറെ മുന്നിൽ നിൽക്കുന്നതായി (കാരണമില്ലാതെയല്ല) വിവരിക്കപ്പെടുന്നു. എന്നാൽ, തൊഴിൽപരമായ ഈ മെച്ചങ്ങളോടൊപ്പം തന്നെ വളരെ ദുർബലവും നിബന്ധനകൾക്ക് വിധേയവുമായ ഒരു സാമൂഹിക അംഗത്വം മാത്രമാണ് കുടിയേറ്റക്കാർക്ക് ഇവിടെ ലഭിക്കുന്നത്. പലപ്പോഴും ഉൽപ്പാദന പ്രക്രിയയിലെ ഒരു ഘടകമായി മാത്രം നയിക്കപ്പെടുന്ന ഇവർക്ക് അയൽവാസികൾ, താമസക്കാർ, തുല്യരായ പൗരർ എന്നീ പദവികൾ നിഷേധിക്കപ്പെടുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശത്രുതാപരമാണെന്നല്ല ഇതിനർത്ഥം; പരിഷ്കാരങ്ങൾ തൊഴിലിടങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ ഒരു മികച്ച തൊഴിൽ വ്യവസ്ഥയ്ക്കും പുറംതള്ളലിൻ്റെ പുനരുല്പാദനം തുടരാനാകും എന്നതാണ്.
കേരളത്തിലേക്കുള്ള ആഭ്യന്തര കുടിയേറ്റം സമൂഹ നിരപേക്ഷമായ ഒന്നല്ല; മറിച്ച് മതം, പ്രദേശം, സമുദായം എന്നിവയിലേക്ക് പ്രതിഫലിക്കുന്ന കനത്ത ശൃംഖലകളിലൂടെ, ബന്ധുതയുടെ ഇടനാഴികളിലൂടെ ആണ് രൂപപ്പെടുത്തപ്പെടുന്നത്. ദൈനംദിന ജീവിതത്തിൽ മോസ്‌ക്കുകൾ, പള്ളികൾ, മതപരമായ ജീവകാരുണ്യ സംഘടനകൾ, വിശ്വാസവുമായി ബന്ധപ്പെട്ട തൊഴിൽ ദല്ലാളന്മാർ എന്നിവർ കുടിയേറ്റക്കാരുടെ താമസം, തൊഴിൽ, ഭാഷാ വിനിമയത്തിലെ മധ്യസ്ഥത, ആരോഗ്യ പരിരക്ഷ, തർക്കപരിഹാരം എന്നിവയെ സഹായിക്കുന്ന സമാന്തര സംവിധാനങ്ങളായി പ്രവർത്തിക്കുന്നു. ഈ ശൃംഖലകൾ ചൂഷണം പൂർണ്ണമായും ഇല്ലാതാക്കുന്നില്ലെങ്കിലും കുടിയേറ്റക്കാരുടെ സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിൽനിന്ന് വ്യത്യസ്തമായി, ഇത്തരത്തിലുള്ള ശക്തമായ ഇടനാഴി ബന്ധങ്ങളോ സാംസ്കാരികമായി സുവ്യക്തമായ സുരക്ഷകളോ ഇല്ലാതെ സ്വതന്ത്രമായി കുടിയേറ്റം നടത്തുന്ന ദലിത്-ആദിവാസി തൊഴിലാളികൾ കേരളത്തിലെ തൊഴിൽ വിപണിയിൽ ഏറ്റവും സന്ദിഗ്ധമായ സ്ഥാനത്താണ് കഴിയുന്നത്. അവർ മൂന്ന് തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു: താഴ്ന്ന ഭാഷാ മൂലധനം, ദുർബലമായ വിലപേശൽ ശൃംഖലകൾ, തെറ്റായി തിരിച്ചറിയപ്പെടാനുള്ള വലിയ സാധ്യത എന്നിവയാണവ. കരാറുകാരനോ തൊഴിലുടമയോ ആയി സുസ്ഥിരമായ ബന്ധങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ—അസംഘടിത തൊഴിൽ വിപണിയിൽ ഇത് സാധാരണമാണ്—അതിജീവനം എന്നത് തൊഴിലിനും താമസത്തിനും സുരക്ഷയ്ക്കുമായുള്ള ഓരോ ദിവസത്തെയും പോരാട്ടമായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, അവകാശങ്ങൾ കടലാസിൽ ഒതുങ്ങുകയും ജീവിതം ഇടനിലക്കാരുടെ (brokerage) കൈകളിലാവുകയും ചെയ്യുന്നു: അവരാകും തർജുമ ചെയ്യുന്നതും ഈടു നൽകുന്നതും ഇടനിലക്കാരാകുന്നതും സംരക്ഷിക്കുന്നതും.
ഇവിടെയാണ് ജാതി തിരിച്ചുവരുന്നത്—പഴയതിൻ്റെ അവശിഷ്ടമായല്ല, മറിച്ച് മനുഷ്യരെ തരംതിരിക്കുന്ന ഒരു സാങ്കേതിക വിദ്യയായി. ദലിത്-ആദിവാസി കുടിയേറ്റക്കാർ, പ്രത്യേകിച്ച് കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരും പൊതുസമൂഹം അംഗീകരിക്കുന്ന 'മാന്യതയുടെ അടയാളങ്ങൾ' ഇല്ലാത്തവരും എളുപ്പത്തിൽ സംശയത്തിന്റെ നിഴലിലാക്കപ്പെടുന്നു. അവർ ഒരേസമയം കുറ്റവാളികളോ 'മോഷ്ടാക്കളോ' 'അന്യദേശക്കാരോ' 'നുഴഞ്ഞുകയറ്റക്കാരോ' ആയി അധികദൃശ്യരായി അടയാളപ്പെടുത്തപ്പെടുകയും കൃത്യമായ നിയമനടപടികൾക്ക് അർഹതയുള്ള പൗരർ എന്ന നിലയിൽ അദൃശ്യരാക്കപ്പെടുകയും ചെയ്യുന്നു. പാലക്കാട്ടെ കൊലപാതകം കൃത്യമായി വ്യക്തമാക്കുന്നത് ഈ മാറ്റമാണ്: ജോലി തേടിയുള്ള തൊഴിലാളിയുടെ സഞ്ചാരം നിയമവിരുദ്ധ സാന്നിധ്യമായി വ്യാഖ്യാനിക്കപ്പെടുന്നു; ആൾക്കൂട്ടം അവിടെ ശിക്ഷിക്കാനുള്ള അധികാരം ഏറ്റെടുക്കുന്നു.
കേരളം നേരിടുന്ന കേന്ദ്ര പ്രശ്നം കേവലം തൊഴിൽ ഭരണനിർവ്വഹണമല്ല; പൗരത്വപരമായ ഉൾക്കൊള്ളൽ (civic integration) പ്രശ്നമാണ്. "കുടിയേറ്റ തൊഴിലാളി"കളെ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ സ്വാഭാവികമായും ഒരു സാമൂഹിക അംഗത്വമായി തർജുമപ്പെടുന്നില്ല. ഭാഷാ പ്രാപ്തി പരിമിതമായി തുടരുന്നു: പ്രാദേശിക പൗരസ്ഥാപനങ്ങളുമായുള്ള ആശയവിനിമയം ഇല്ലാതിരിക്കുകയോ ഇടനിലക്കാർ വഴിയാ വുകയോ ചെയ്യുന്നു; ''ബന്ധുത" സോപാധികവും ചില പ്രത്യേക ഇടനാഴികൾക്കു മാത്രം ലഭ്യവും മറ്റുള്ളവർക്ക് നിഷിദ്ധവുമാകുന്നു. തൊഴിൽ സംരക്ഷണവും സാമൂഹിക അംഗീകാരവും തമ്മിലുള്ള ഈ വിടവാണ് ആൾക്കൂട്ട നീതിക്ക് (vigilantism) കളമൊരുക്കുന്നത്. ഭരണകൂടത്തിന് ശക്തവും ഒരു ദൈനംദിനവുമായ ഒന്നിച്ചു നിർത്തൽ കഴിയാതെ പോകുന്നിടത്താണ് ആൾക്കൂട്ടം തങ്ങൾ വസിക്കുന്ന പ്രദേശത്തിന്റെ അതിർത്തി കാവൽക്കാരായി സ്വയം മാറുന്നത്.
ഈ സന്ദർഭത്തിലാണ് 'അതിഥി തൊഴിലാളി' എന്ന എന്ന വാക്കുകൊണ്ടുള്ള ചെറുത്തുനിൽപ്പ് ഭരണഘടനാപരവും ധാർമ്മികവുമായ അസ്വസ്ഥതയുണ്ടാക്കുന്നത്. ഒരു ഫെഡറൽ ജനാധിപത്യത്തിൽ ആഭ്യന്തര കുടിയേറ്റക്കാർ അതിഥികളല്ല; അവർ തങ്ങളുടെ ഉപജീവനത്തിനും അന്തസ്സിനും വേണ്ടി സഞ്ചാരശേഷി വിനിയോഗിക്കുന്ന പൗരരാണ്. "അതിഥിത്വം" പൗരത്വത്തെ ആതിഥ്യമര്യാദയാക്കി മാറ്റുന്നു: ഇത് ബന്ധങ്ങൾ താത്കാലികവും റദ്ദാക്കപ്പെടാവുന്നതും കൃതജ്ഞതയ്ക്ക് വിധേയവുമായ കാര്യമായി അനുഭവപ്പെടുത്തുന്നു. ഫലത്തിൽ, ഇത് താഴെത്തട്ടിലുള്ള തൊഴിലാളിക്ക് ഏറ്റവും ബന്ധിപ്പിച്ചുനിർത്തുന്ന ഫെഡറൽ തുല്യതയുടെ പ്രതീകാതത്മകമായ തരംതാഴ്ത്തൽ നടത്തുന്നു. അത് വർഗ്ഗവും ജാതിയും ഫെഡറലിസത്തിൻ്റെ ഭാഷയിൽ എങ്ങനെ ഇടനിൽക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു.
കേരളത്തിൻ്റെ സ്വന്തം കുടിയേറ്റ ചരിത്രം തന്നെ ഈ അസമത വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളിൽ മലയാളികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സേവന- ഉദ്യോഗവൃത്തികൾക്ക് കുടിയേറുകയും സാധാരണക്കാരായ താമസക്കാരായി മാറുകയുമായിരുന്നു. അവർ അപൂർവമായി മാത്രമാണ് 'അതിഥികൾ' എന്ന് വിളിക്കപ്പെട്ടത്. വ്യത്യാസം സഞ്ചാരത്തിലല്ല, അവരുടെ സാമൂഹിക സ്ഥിതിയിലാണ്. കുടിയേറ്റം കടന്നുകയറ്റമാണോ എന്ന് തീരുമാനിക്കുന്നത് എന്തുതരം തൊഴിൽ ചെയ്യുന്നുവെന്നതിനെയും എന്തൊക്കെ സ്വത്വങ്ങൾ പേറുന്നുവെന്നതിനെയും എങ്ങനെ ലക്ഷ്യ സമൂഹങ്ങൾ അവരെ പരിഗണിക്കുന്നുവെന്നതിയനെയും അടിസ്ഥാനപ്പെടുത്തിയാണ്.
ഇവിടെ നാം സാക്ഷിയാകുന്നത് ഒരു തരം അസമമായ ദൈനംദിന ഫെഡറലിസത്തിനാണ്: കുടിയേറ്റക്കാർ തൊഴിലാളികളായി സ്വാഗതം ചെയ്യപ്പെടുന്നെങ്കിലും തുല്യരായി അംഗീകരിക്കപ്പെടുന്നില്ല; തത്ത്വത്തിൽ നയപരമായി സംരക്ഷിക്കപ്പെടുന്നെങ്കിലും പ്രയോഗത്തിൽ സാമൂഹിക അംഗീകാരത്തിന് വശംവദരാകുന്നു. ദലിത്-ആദിവാസി കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഈ അസമത്വം മാരകമാണ്. ആൾക്കൂട്ട അതിക്രമങ്ങൾ കേവലം നിയമപാലനത്തിലെ വീഴ്ചയല്ല, മറിച്ച് ഔദ്യോഗികമായ തൊഴിലവകാശങ്ങളും അനൗദ്യോഗികമായ സാമൂഹിക പുറന്തള്ളലും— തൊഴിലാളി അവശ്യവും പൗരപരിഗണന വിട്ടുവീഴ്ച്ച ചെയ്യാവുന്നതുമായ വ്യവസ്ഥ—ഒരേസമയം നിലനിൽക്കുന്നതിന്റെ ഫലമാണ്.
ഈ പ്രതിസന്ധി പരിഹരിക്കാൻ ക്ഷേമമാത്ര സമീപനത്തിനപ്പുറം പോകേണ്ടതുണ്ട്. കുടിയേറ്റ കൈകാര്യത്തിൽനിന്ന് 'പൗര ഉൾക്കൊള്ളലിലേക്ക് കേരളവും ഇന്ത്യയും മാറണം. ഇത് തുടങ്ങേണ്ടത് കാര്യമായ ഭാഷാപരമായ ഉൾക്കൊള്ളലും പ്രാപ്യമായ പ്രാദേശിക മാധ്യസ്ഥ സംവിധാനങ്ങൾ എന്നിവയിലാണ്. ആൾക്കൂട്ട നീതിക്കെതിരെ കർശനമായ നിരീക്ഷണ പ്രോട്ടോക്കോളുകളും കർശനമായ തൊഴിലിട മാനദണ്ഡങ്ങളും ഉറപ്പാക്കണം. കുടിയേറ്റക്കാരുടെ താമസസൗകര്യത്തിലും തൊഴിലിലും വാടക വിനിമയത്തിൽ നേരിട്ട് പ്രവേശനം, എഴുതപ്പെട്ട തൊഴിൽ കരാറുകൾ, പരാതി സംവിധാനങ്ങൾ എന്നിവ വികസിപ്പിച്ച് കരാറുകാർ കാര്യങ്ങൾ നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്ക് തൊഴിലാളി വിധേയമാകുന്ന അവസ്ഥ കുറക്കുന്നതാകണം. എല്ലാത്തിലുമുപരി, ഭരണകൂട സന്ദേശമെന്നത് ആഭ്യന്തര കുടിയേറ്റക്കാരെ താത്കാലിക അതിഥികളായല്ല, മറിച്ച് ഫെഡറൽ പൗരരായി പരിഗണിക്കുന്ന രീതിയിൽ വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്.