Author Image കുമാർ സഹായരാജു
01 May 2026

കടലിന്റെ അവകാശവും തീരത്തിന്റെ അതിജീവനവും: മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ

'വികസന' പ്രക്രിയകളും കാലാവസ്ഥാ വ്യതിയാനവും ഭരണകൂട അവഗണനകളും മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കടലിന്റെയും തീരത്തിന്റെയും അവകാശം കേവലം കാൽപ്പനികമായ മുദ്രാവാക്യങ്ങൾക്കപ്പുറം പ്രായോഗികമായ ഉടമസ്ഥാവകാശമായി മാറേണ്ടതുണ്ട്. തീരക്കടലിലെ വൻകിട മത്സ്യബന്ധനം സൃഷ്ടിക്കുന്ന സാമ്പത്തിക-പാരിസ്ഥിതിക ആഘാതങ്ങൾ, ഇന്ധന സബ്‌സിഡിയിലെ അപര്യാപ്തത, സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ എന്നിവയ്ക്കൊപ്പം തന്നെ പ്രധാനമാണ് തീരദേശവാസികളുടെ ഭൂ ഉടമസ്ഥാവകാശവും. കേരള-ലക്ഷദ്വീപ് കടലോര പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനും കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ സ്ഥാപകാംഗവുമായ കുമാർ സഹായരാജു എഴുതുന്നു.

കേരളത്തിന്റെ തീരദേശ ജീവിതം ഇന്ന് അതീവ സങ്കീർണ്ണമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമായും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയുമായി (livelihood) ബന്ധപ്പെട്ട കാര്യങ്ങളിൽ അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണ്. കടൽത്തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശം സംസ്ഥാനത്തിന്റെ കീഴിൽ വരുന്നതാണ്. അതുകൊണ്ടുതന്നെ, ഈ പരിധിക്കുള്ളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പൊതുവിൽ നേരിടുന്ന പ്രശ്നങ്ങളിൽ കൂടുതലും ഈ 12 നോട്ടിക്കൽ മൈലിനകത്ത് വരുന്നതാണ്. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം പോലുള്ള പ്രദേശങ്ങളിലൊക്കെ തീരദേശത്ത് വൈവിധ്യമാർന്ന നിരവധി പരിസ്ഥിതി വ്യവസ്ഥകൾ (ecosystems) നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കടൽപ്പാറകളും (reefs) പാറക്കെട്ടുകളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥ. തലമുറകളായി നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ഈ കടൽസമ്പത്തിനെയാണ്. പ്രകൃതിദത്തമായ ഈ പാറക്കെട്ടുകൾ മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.

സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന ഈ 12 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ നിലവിൽ കാര്യക്ഷമമായ നിയന്ത്രണങ്ങൾ (regulations) നടപ്പിലാക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. ചെറുകിട മത്സ്യത്തൊഴിലാളികൾക്കായി സംവരണം ചെയ്യപ്പെടേണ്ട ഈ മേഖലയിൽ ട്രോൾ ബോട്ടുകൾ ഉൾപ്പെടെയുള്ള വൻകിട സംവിധാനങ്ങൾ വന്ന് മത്സ്യബന്ധനം നടത്തുന്നത് പതിവാകുന്നു.

വൻകിട ബോട്ടുകൾ ഈ മേഖലയിൽ നടത്തുന്ന അശാസ്ത്രീയമായ മത്സ്യബന്ധനത്തിലൂടെ കടൽത്തട്ടിലെ പാറക്കെട്ടുകളും (reefs) സസ്യജാലങ്ങളും നശിപ്പിക്കപ്പെടുന്നു. അതുപോലെ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നതിലൂടെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു. ഏറ്റവും വലിയ പ്രശ്നം പരമ്പരാഗത രീതിയിൽ മീൻപിടിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട വരുമാനം വൻകിട ബോട്ടുകൾ തട്ടിയെടുക്കുന്നു എന്നുള്ളതാണ്. വരുമാനം കുറയുന്ന തൊഴിലാളികളും വരുമാനം കൂടുതൽ ആഗ്രഹിക്കുന്ന തൊഴിലാളികളും പലരും ഈ വൻകിട ബോട്ടുകളെ സഹായിക്കുന്നതിനായി ഇപ്പോൾ അവർക്കൊപ്പം പോകേണ്ടിവരുന്നു എന്നുള്ളത് പരമ്പരാഗത കടൽപ്പണി മേഖലയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.

തീരത്തോടു ചേർന്നുള്ള കടൽമേഖലകളിൽ ട്രോൾ ബോട്ടുകൾ, വെളിച്ചം (light) ഉപയോഗിച്ചുള്ള തട്ടുമടി (boat seine), കറക്കുമടി, കൊല്ലിവല തുടങ്ങിയ വൻകിട destructive മത്സ്യബന്ധന രീതികൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് കടലിന്റെ സ്വാഭാവികമായ പരിസ്ഥിതി വ്യവസ്ഥയെ (ecosystem) ഭയങ്കരമായി ബാധിക്കുന്നു. ഇത്തരം രീതികൾ കടൽത്തട്ടിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത് തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്ന ചെറുകിട തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വെളിച്ചം ഉപയോഗിച്ചുള്ള മീൻപിടുത്തത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇത് ചെറുകിടക്കാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

മത്സ്യത്തൊഴിലാളികൾ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ഇന്ധനത്തിന്റെ ലഭ്യതയും വർദ്ധിച്ച ചിലവുമാണ്. നിലവിൽ ഒരു വള്ളം ഒരു ദിവസം കടലിൽ പോയി വരാൻ ഏകദേശം 80 മുതൽ 100 ലിറ്റർ വരെ ഇന്ധനം ആവശ്യമായി വരുന്നുണ്ട്. മണ്ണെണ്ണയും പെട്രോളും അടക്കം വലിയ തുകയാണ് ഇതിനായി ഒരു ദിവസം ചിലവാകുന്നത്. സർക്കാർ നൽകുന്ന നിലവിലെ മണ്ണെണ്ണ സബ്‌സിഡി ഒരാഴ്ചത്തെ ആവശ്യത്തിന് പോലും പരമാവധി തികയുന്നില്ല എന്നതാണ് വസ്തുത. ഒരു മാസം മുഴുവൻ മത്സ്യബന്ധനം നടത്താൻ ആവശ്യമായ ഇന്ധനം നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.

സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുന്നതിനേക്കാൾ, നിലവിൽ നൽകുന്ന ഇന്ധനത്തിന്റെ അളവ് കൂട്ടുന്നത് ഗുണകരമാവുമെന്ന് കരുതുന്നു. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഒരു ദിവസം 50 ലിറ്റർ എന്ന കണക്കിൽ നോക്കിയാൽ പോലും പത്തു ദിവസത്തേക്ക് 500 ലിറ്ററും, ഒരു മാസത്തേക്ക് (30 ദിവസം) ഏകദേശം 1500 ലിറ്ററോളം മണ്ണെണ്ണയും ഒരു വള്ളത്തിന് ആവശ്യമായി വരുന്നു. എന്നാൽ സർക്കാരിൽ നിന്ന് സബ്‌സിഡി വഴി ലഭിക്കുന്നത് വെറും 200 മുതൽ 300 ലിറ്റർ വരെ മാത്രമാണ്. ഒരു മാസത്തെ ജോലിക്ക് ആവശ്യമായ ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിനൊപ്പം കുറഞ്ഞ വിലയിൽ, എളുപ്പത്തിൽ ലഭ്യമാവുന്ന, പരിസ്ഥിതിയ്ക്ക് വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാത്ത alternative/conventional energy sources ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിവയ്ക്കുന്നത് ദീർഘവീക്ഷണമുള്ള ഒരു ഇടപെടലായിരിക്കും.

പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ മീൻ പിടിച്ചിരുന്ന സ്ഥലങ്ങൾ ഇന്ന് വൻകിട മത്സ്യബന്ധന രീതികൾക്കായി മാറ്റപ്പെടുകയാണ്. ഇതിനു പുറമെ, തീരദേശ വികസനത്തിന്റെയും തുറമുഖ (port) നിർമ്മാണത്തിന്റെയും പേരിൽ ഇവരുടെ സ്വതസിദ്ധമായ ഇടങ്ങൾ മറ്റുള്ളവർ കൈയടക്കുന്നു. ഒരിടത്ത് കൈയടക്കുമ്പോൾ, മറുഭാഗത്ത് കടൽപ്പണിക്കാരുടെ വീടും തീരവും കടലെടുക്കുന്നു. ഈ വികസനങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തദ്ദേശീയ കടൽപ്പണി സമൂഹത്തെ അകറ്റാൻ അവിടെ മീൻപിടിത്ത നിരോധിത മേഖലകൾ ഉണ്ടാക്കുന്നു. മീൻപിടിത്തം പോലും ചെയ്യരുതെന്ന വ്യവസ്ഥയിൽ തുച്ഛമായ നഷ്ടപരിഹാരങ്ങൾ നൽകി ആ മേഖലയിലെ മീൻപിടിത്തക്കാർക്ക് വേണ്ട പരിഹാരം നൽകി എന്ന് വരുത്തിത്തീർത്ത് അവരെ ഈ തീരത്ത് നിന്ന് തന്നെ മാറ്റുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തീരത്തിന്മേലുള്ള കാവലാൾ സ്ഥാനം (custodianship) നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു.

മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ലൈഫ് ജാക്കറ്റുകൾ നിലവിൽ സർക്കാർ നൽകുന്നുണ്ടെങ്കിലും അവയുടെ പ്രായോഗികതയിൽ വലിയ കുറവുകളുണ്ട്. തൊഴിലാളികൾക്ക് കടലിൽ ജോലി ചെയ്യുന്നതിന് അനുയോജ്യമായ രീതിയിലല്ല കൊടുക്കുന്നത് എന്നത് വലിയൊരു പോരായ്മയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി, വ്യക്തതയോടെ, ശരിയായ സമയങ്ങളിൽ ലഭ്യമാക്കുക എന്നത് ഇവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്.

മത്സ്യബന്ധനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വയർലെസ്സ് സംവിധാനങ്ങൾ, എക്കോ സൗണ്ടറുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ ആവശ്യം. എന്നാൽ സർക്കാർ നൽകുന്ന പല സാധനങ്ങളും തൊഴിലാളികളുടെ ഇത്തരം യഥാർത്ഥ ആവശ്യങ്ങളെ (basic needs) പരിഗണിക്കാതെയുള്ളവയാണ്. പ്രകടന പത്രികകളിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനങ്ങളിൽ ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികൾ വളരെ കുറവാണ്. അവർക്ക് ആവശ്യമില്ലാത്ത പുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് പകരം, ഇവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്.

മത്സ്യക്കച്ചവട സ്ത്രീകൾക്കും സുരക്ഷിതമായും മാന്യമായും തൊഴിൽ ചെയ്യാൻ കഴിയുന്ന കച്ചവടകേന്ദ്രങ്ങൾ ഉണ്ടാവണം. പിരിവ് നടത്തുന്ന ചന്തകളിൽ പോലും ശരിക്കൊരു മൂത്രപ്പുര പോലും ആ ചന്തയിൽ സാധനങ്ങൾ വിൽക്കാനെത്തുന്നവർക്ക് ലഭ്യമല്ല, പ്രത്യേകിച്ച് മീൻ ചന്തകളിൽ. അവരുടെ മീൻ വിൽപ്പനയ്ക്ക് വേണ്ടിയുള്ള യാത്രാ സൗകര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. വലിയ മത്സ്യക്കച്ചവട വ്യാപാരികളുടെയും വിൽപ്പനക്കാരുടെയും കടന്നുകയറ്റം ഇവരുടെ തൊഴിലിനെ ബാധിക്കുന്നുണ്ട്. കൊഞ്ച് പണി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരും തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

മത്സ്യത്തൊഴിലാളി മേഖലയിൽ ഇന്ന് ഉയർന്നു വരുന്ന ഇത്തരത്തിലുള്ള പല ആവശ്യങ്ങളും ഒരു കൂട്ടുത്തരവാദിത്തപരമായ ആവശ്യമായി (collective need) മാറുന്നില്ല എന്നത് ഗൗരവകരമായ ഒരു പ്രശ്നമാണ്. ഒറ്റപ്പെട്ട വ്യക്തികളിൽ നിന്നോ ചെറിയ ഗ്രൂപ്പുകളിൽ നിന്നോ ഇത്തരം നിർദ്ദേശങ്ങൾ വരുന്നുണ്ടെങ്കിലും, അവ ഒരു യൂണിയന്റെ (union) കീഴിൽ ഏകീകൃതമായ ആവശ്യങ്ങളായി മാറുന്നില്ല.

തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, സഭയാണ് (church) നിലവിൽ ഈ മേഖലയിലെ പ്രധാന അധികാരശക്തിയായി നിലകൊള്ളുന്നത്. എന്നാൽ സഭയുടെ ഇടപെടലുകളിൽ ആവശ്യമായ സുതാര്യത ഇല്ലെന്ന പരാതി ശക്തമാണ്. അവർ നടത്തുന്ന ചർച്ചകളെക്കുറിച്ചോ (negotiations) തീരുമാനങ്ങളെക്കുറിച്ചോ മത്സ്യത്തൊഴിലാളികൾക്ക് അറിവില്ലാത്തത് സഭയോടുള്ള വിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിഴിഞ്ഞം സമരത്തിന് ശേഷം ഈ വിശ്വാസത്തകർച്ച കൂടുതൽ പ്രകടമാണ്.

മുൻകാലങ്ങളിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പോലുള്ള സംഘടനകൾ തൊഴിലാളികൾക്കിടയിൽ വലിയ വിശ്വാസം കെട്ടിപ്പടുക്കുകയും സുതാര്യമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ചെറുകിട-പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒന്നിപ്പിച്ചു നിർത്താൻ അത്തരത്തിലുള്ള ഒരു യൂണിയനോ സംഘടനയോ നിലവിലില്ല. ഇത് ആവശ്യങ്ങളെ ഒരു രാഷ്ട്രീയ തീരുമാനത്തിൽ എത്തിക്കുന്നതിന് തടസ്സമാകുന്നു.

ഒരു രാഷ്ട്രീയമായ കൂടിച്ചേരൽ അല്ലെങ്കിൽ യൂണിയൻ രൂപീകരണം എന്നത് തീരദേശത്ത് പ്രായോഗികമായി പ്രയാസകരമായ ഒന്നാണ്. അതിനുള്ള പ്രധാന കാരണങ്ങൾ, തീരദേശത്തുള്ള 75 മുതൽ 80 ശതമാനം വരെയുള്ള ആളുകൾക്കും വ്യക്തമായ രാഷ്ട്രീയ ചായ്‌വുണ്ട്. ഇവർ ഒന്നുകിൽ ഇടതിനെയോ അല്ലെങ്കിൽ വലതിനെയോ പിന്തുണയ്ക്കുന്നവരായിരിക്കും. ഈ രാഷ്ട്രീയ ചേരികൾക്കിടയിലൂടെ തീരദേശത്തിന്റേത് മാത്രമായ രാഷ്ട്രീയം പറയുന്ന, വിശ്വസനീയമായ (trustable) ഒരു സംഘടന ഉണ്ടാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ദീർഘകാല നേട്ടം ലക്ഷ്യം വച്ചുള്ള ഒരു രാഷ്ട്രീയവൽക്കരണമോ യൂണിയൻ രൂപീകരണമോ സാധ്യമായാൽ മാത്രമേ വരുംകാലങ്ങളിൽ കൃത്യമായ ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും തീരദേശത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ.

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്വതസിദ്ധമായ (indigenous) സ്വഭാവം പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനശൈലിയാണ് തീരദേശത്ത് ആവശ്യം. പെട്ടെന്ന് ലഭ്യമാകുന്ന വായ്പകൾ, സബ്‌സിഡികൾ, അല്ലെങ്കിൽ ദൃശ്യമായ മാറ്റങ്ങൾ നൽകുന്ന ക്ഷേമപദ്ധതികൾ എന്നിവയിൽ അവർക്ക് വലിയ താൽപ്പര്യമുണ്ട്. ഇത്തരത്തിലുള്ള ചെറുകിട പിന്തുണകൾ നൽകിക്കൊണ്ട് ചെറിയ ഘടകങ്ങളായി പ്രവർത്തനം ആരംഭിച്ച്, പിന്നീട് അത് തീരദേശം മുഴുവൻ വ്യാപിപ്പിക്കുന്ന ഒരു സമീപനമാണ് നിലവിൽ പ്രായോഗികം.

മത്സ്യത്തൊഴിലാളികളെ പ്രധാനപ്പെട്ട രണ്ട് കേഡർ പാർട്ടികൾക്കിടയിൽ യോജിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രയാസകരമാണ്. സഭ ഒരു രാഷ്ട്രീയ സംഘടനയായി മാറുക എന്നുള്ളത് മറ്റൊരു സാധ്യതയാണെങ്കിലും, അത് പ്രായോഗികമായി അത്ര അനുയോജ്യമല്ലാത്ത ഒരു പരിഹാരമാണ്. അതുകൊണ്ട് തന്നെ തീരദേശത്തിന്റെ തനതായ രാഷ്ട്രീയത്തിന് പുതിയ വഴികൾ തേടേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് കടലിന്റെയും തീരത്തിന്റെയും അവകാശം ഉറപ്പുവരുത്തുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രകടന പത്രികയിലെ സ്ഥിരം വാഗ്ദാനമാണ്. എന്നാൽ 'കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യം കേവലം ഒരു കാൽപ്പനികവൽക്കരണം (romanticization) മാത്രമായി അവശേഷിക്കുന്നു. കടലിന്റെ അവകാശം കൃത്യമായി ആർക്കൊക്കെയാണ് ലഭിക്കേണ്ടതെന്നും അത് എങ്ങനെയാണ് പ്രായോഗികമായി സാധ്യമാക്കുക എന്നതിനെക്കുറിച്ചും ആർക്കും വ്യക്തമായ കാഴ്ചപ്പാടില്ല.

ഭൂ ഉടമസ്ഥാവകാശം (land ownership) എത്ര ശക്തമാണെന്നുള്ളത് (powerful) നമുക്ക് മനസ്സിലാവും. അങ്ങനെ ഒരു ഉടമസ്ഥാവകാശം Indigenous സമൂഹങ്ങൾക്ക് കിട്ടേണ്ടതുണ്ട്.

തീരദേശവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാത്തതാണ്. എന്റെ വീട് കടപ്പുറത്ത് നിന്നും ഏകദേശം നൂറ് മീറ്ററിനകത്ത് വരുന്നതാണ്; എനിക്ക് ഇപ്പോഴും പട്ടയമില്ല. അപ്പൊ എനിക്ക് എങ്ങനെയാണ് ഈ അവകാശം കൊടുക്കാൻ വേണ്ടി പറ്റുന്നത്? ഇപ്പൊ തീരശോഷണം (coastal erosion) പോലുള്ള ഒരു കാര്യം നടക്കുമ്പോഴേക്കും നമ്മൾ മിക്കപ്പോഴും അവഗണിക്കപ്പെടുന്നതിന് കാരണം നമുക്ക് ഭൂ ഉടമസ്ഥാവകാശം (land ownership) ഇല്ല എന്നുള്ളതാണ്. ഈ പട്ടയം തരേണ്ടത് ആരാണ്? നമുക്ക് ഈ സംസ്ഥാനം അല്ലെങ്കിൽ ഗവൺമെന്റാണ് (government) നമുക്ക് പട്ടയം തരേണ്ടത്. അതിനുള്ള നടപടികളൊന്നും ഉണ്ടാവുന്നില്ല. എന്തെങ്കിലും ഒരു തീരശോഷണമോ അല്ലെങ്കിൽ തിരയേറ്റമോ ഉണ്ടായി നമ്മുടെ വീടോ സ്ഥലമോ നഷ്ടപ്പെടുകയാണെന്നുണ്ടെങ്കിൽ ഇത് നമ്മുടെ വീടാണെന്ന് പറയാനുള്ള, നമ്മുടെ സ്ഥലമാണെന്ന് പറയാനുള്ള ഔദ്യോഗികമായ രേഖകൾ ഒന്നുമില്ല.

തീരത്തോടു ചേർന്ന് താമസിക്കുന്ന പലർക്കും ഇന്നും സ്വന്തം വീടിന് പട്ടയമില്ല. അതുകൊണ്ട് തന്നെ തീരശോഷണം (coastal erosion) പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും തീരദേശവാസികൾ അവഗണിക്കപ്പെടുന്നു. തിരയേറ്റമോ കടൽക്ഷോഭമോ മൂലം വീടോ സ്ഥലമോ നഷ്ടപ്പെട്ടാൽ, അത് തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള ഔദ്യോഗിക രേഖകൾ പലരുടെ കൈവശവുമില്ല. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിക്കാനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം (land ownership) എന്നത് ഒരു വലിയ അധികാരമാണ്. അതുകൊണ്ട് തന്നെ തീരദേശവാസികൾക്ക് അവരുടെ മണ്ണിൽ നിയമപരമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്നത് നീതിപൂർവ്വമായ ഒരു രാഷ്ട്രീയത്തിന്റെ അനിവാര്യതയാണ്. ഞങ്ങളുടെ ഭൂമിയുടെയും കടലിന്റെയും അവകാശം ഞങ്ങൾക്കാണ്. അത് തരാതിരിക്കുന്നത് സ്റ്റേറ്റാണ്!

Share this link