Author Image ഡോ. രതീഷ് ശങ്കരൻ

സ്വതന്ത്രസമുദായം: വെള്ളാപ്പള്ളി നടേശൻ വായിച്ചു പഠിക്കേണ്ട ചരിത്രകൃതി

അപരപ്രിയമെന്ന ഗുരുവിന്റെ സാമൂഹിക ദർശനത്തെ തഴഞ്ഞ് അപരദ്വേഷത്തെ അലങ്കാരമാക്കുന്നതാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ. ദേശീയതയുടെ നിർമ്മാണഘട്ടത്തിൽ ഹൈന്ദവ പാരമ്പര്യവാദവും വൈദിക സങ്കല്പങ്ങളും മേധാവിത്വം പുലർത്തിയപ്പോൾ ബദലായി ഉയർന്നുവന്ന ശക്തമായ കീഴാള ദർശനമായിരുന്നു ഇ. മാധവന്റെ 'സ്വതന്ത്ര സമുദായം'. ഈ കൃതി കേവലമൊരു സമുദായ നവീകരണ ഗ്രന്ഥമല്ല, ശാസ്ത്രബോധത്തിലും ചരിത്രപരമായ യുക്തിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രതിപാഠമാണ്. 'സ്വതന്ത്ര സമുദായം' ഉയർത്തുന്ന ജാതിവിരുദ്ധ രാഷ്ട്രീയത്തെയും ബ്രാഹ്മണ്യ വിമർശനങ്ങളെയും സമകാലിക പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു, മലയാള സർവകലാശാല അസി. പ്രൊഫസർ ഡോ. രതീഷ് ശങ്കരൻ.

അധികം ദൂരമില്ലാത്ത, പതിറ്റാണ്ടുകളുടെ ചരിത്രത്തിനകത്ത് പീഡകൾ കൊണ്ടും വെറുപ്പ് കൊണ്ടും നിരന്തരം അവമതിക്കപ്പെട്ട ജനതയ്ക്ക് അങ്ങനെയൊരു അതിജീവനചരിത്രത്തെ വിസ്മരിക്കാനാവില്ല. എന്നാൽ അങ്ങനെയൊരു ജനതയെ സാമുദായികമായി നയിക്കുന്നവരെന്ന് അവകാശപ്പെടുന്നവർക്ക് ആ ഉദ്ഗ്രഥിത ചരിത്രത്തെ മറക്കാനും, സാമുദായിക പീഠസ്ഥരായി വെറുപ്പിന്റെയും വെറുപ്പിക്കലിന്റെയും അപ്പോസ്തലന്മാരായി അധഃപതിക്കാനും കഴിയും. 'അപരപ്രിയമെന്ന' ഗുരുവിന്റെ സാമൂഹിക പ്രയോഗത്തോട് ആക്രോശിക്കുകയും അപരദ്വേഷത്തെ അലങ്കാരമാക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ അത്യന്തം വിമർശനീയമായി തുടരുന്നു. അത്തരം ദ്വേഷങ്ങളോട് നിരവധിയാളുകൾ കണ്ണിചേർക്കപ്പെടുകയും ചെയ്യുന്നു. മലപ്പുറത്തോടുള്ള സവിശേഷമായ ദ്വേഷം നീചവും സങ്കുചിതവുമായ വർഗീയ ചിന്തയിൽനിന്ന് ഉരുത്തിരിയുന്നതാണ്. കേരളീയമായ ഏകതാനതയിൽനിന്ന് മലപ്പുറം നേരിടേണ്ടിവരുന്ന അവമതിപ്പിന്റെ അപരത്വവും ഭാരതീയമായ അഖിലത്വത്തിൽനിന്ന് മുസ്ലിങ്ങൾ നേരിടുന്ന ബഹിഷ്കൃതത്വവും ഒരേ ബോധനിലയുടെ പ്രത്യാക്രമണമാണ്.

മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭങ്ങൾ ദേശീയതലത്തിൽ അരങ്ങേറിയതിന്റെ വിസ്തൃതചരിത്രം നമുക്ക് മുന്നിലുണ്ട്. ദേശീയതലത്തിൽ കൊണ്ടാടിയ 'മാപ്പിളസ്ഥാൻ വിരുദ്ധ ദിനത്തിന്റെ' ഭാഗമായി 1969 മാർച്ച് 6-ന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാവിരുദ്ധ കൺവൻഷൻ ഉദ്ഘാടനം ചെയ്തത് അന്നത്തെ ജനസംഘം അഖിലേന്ത്യാ പ്രസിഡന്റും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ വാജ്‌പേയിയായിരുന്നു. മലപ്പുറം ജില്ലയുടെ രൂപീകരണം ഇന്ത്യയുടെ ദേശീയ ഐക്യത്തിന് അപത്തും കുതന്ത്രവും കുടിലതയും നിറഞ്ഞതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെ. കേളപ്പനും (മലപ്പുറത്തെ 'കുട്ടി പാകിസ്താൻ' എന്ന് വിളിച്ച) വാജ്‌പേയിയും കൈക്കൊണ്ട വംശീയതയുടെയും വെറുപ്പിന്റെയും ആക്രോശങ്ങളെ ശ്രീനാരായണ സംഘത്തിന്റെ ലേബലിൽ പിന്തുടരുന്ന വെള്ളാപ്പള്ളി നടേശൻ പ്രഭൃതികൾ സമുദായ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കും. സോദരത്വവും മൈത്രീബന്ധങ്ങളും ശാസ്ത്രീയചിന്തയും ഉൾക്കൊണ്ടാണ് ഒരു സമുദായം ഉണരേണ്ടതെന്നും സ്വതന്ത്രമാകേണ്ടതെന്നും പഠിപ്പിച്ച ശ്രീനാരായണീയർ ഇവിടെയുണ്ടായിട്ടുണ്ട്. എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്ത ആ മാതൃകകളെ അപഹസിക്കാതിരിക്കുക.

ഈഴവ സാമുദായിക പരിഷ്കരണത്തിലും ജാതിവിരുദ്ധ-അനാചാര വിരുദ്ധ പോരാട്ടങ്ങളിലും സക്രിയമായ ഇടപെടലുകൾ നടത്തിയ സമുദായ നേതാവായിരുന്നു ഇ. മാധവൻ. ഇൻഷുറൻസ് ഇൻസ്പെക്ടറായി അദ്ദേഹം ജോലി ചെയ്തിരുന്നു. 1934-ൽ പുറത്തിറക്കുകയും ആ വർഷം തന്നെ തിരുവിതാംകൂർ ഭരണകൂടം നിരോധിക്കുകയും ചെയ്ത ഇ. മാധവന്റെ 'സ്വതന്ത്ര സമുദായം', നിരോധനമൂല്യം കൊണ്ട് തന്നെ വ്യാപകമായി സ്വീകരിക്കപ്പെട്ട കൃതിയാണ്.

ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലാവുകയും ആധുനികവും പാശ്ചാത്യവുമായ ദേശീയതാസങ്കല്പങ്ങൾ രൂപപ്പെടുകയും ചെയ്ത ചരിത്രഘട്ടത്തിൽ; രാഷ്ട്രം, ദേശീയസ്വത്വം, ഭരണകൂടചരിത്രം, മതം, സംസ്കാരചരിത്രം തുടങ്ങിയ അന്വേഷണമേഖലകൾ വിപുലമാവുകയും ഇന്ത്യയുടെ രാഷ്ട്രചരിത്രം നിർണ്ണായകമായൊരു പദ്ധതിയാവുകയും ചെയ്യുന്നു. അവിടെ മതം സാംസ്കാരിക പാരമ്പര്യമായി പ്രതിഷ്ഠിക്കപ്പെടുന്നു. "വൈദിക സനാതന ആർഷ"മെന്ന സാംസ്കാരിക പദാവലികളിലൂടെ മതകീയമായൊരു രാഷ്ട്രചരിത്ര നിർമ്മിതിക്ക് സകല സംവിധാനങ്ങളും (ഉന്നതകുലജാത സമൂഹപ്രാതിനിധ്യമുള്ള) ആക്കം കൂട്ടുന്നു.

ഇന്ത്യയുടെ ബഹുസ്വര മതേതര സംസ്കാരത്തിന്റെ ഉറവിടമായ ബുദ്ധകേന്ദ്രിത മൈത്രീചരിത്രത്തെ ബോധപൂർവ്വമോ ബ്രാഹ്മണ്യ വൈഭവത്താലോ തമസ്കരിച്ച് നിർമ്മിക്കുന്ന പുരാണകേന്ദ്രിത വൈദിക ചരിത്രനിർമ്മിതികളാണ് ഇന്ത്യൻ ദേശീയതയെ വിപുലമായി സ്വാധീനിച്ച സങ്കല്പന ഘടകങ്ങൾ. പക്ഷേ, ഈ സങ്കുചിത/സ്വജനപക്ഷ/മതകീയ ചരിത്രനിർമ്മിതിവാദത്തെ ബുദ്ധിപരമായും ചരിത്രപരമായും തള്ളിക്കളയുകയും സമത്വകേന്ദ്രിത പാരമ്പര്യ ബഹുലതകളെ രാഷ്ട്രചരിത്ര നിർമ്മാണത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്യുന്ന കീഴാളവും ബുദ്ധവും അവൈദികവുമായ ബുദ്ധിജീവി ധാര ഇന്ത്യൻ ദേശീയതയുടെ വിശാലമായ സങ്കല്പന രൂപീകരണങ്ങളിൽ നിർണ്ണായകമായി നിൽക്കുന്നു. ആ നിലയ്ക്ക് പ്രസക്തമായ മലയാള വിമർശന ഗ്രന്ഥമാണ് 'സ്വതന്ത്രസമുദായം'.

പ്രമാണങ്ങളെ പ്രമാണങ്ങൾ കൊണ്ട് അതിജീവിക്കുകയെന്ന പ്രക്രിയയുടെ ഭാഗമാണ് 'സ്വതന്ത്രസമുദായം' പോലുള്ള ഇടപെടലുകൾ. ജാതിയും അനുബന്ധ കീഴ്വഴക്കങ്ങളും സാമൂഹിക അന്തർബോധത്തിനകത്ത് ചരിത്രപരമായി രൂഢമൂലമായത് കഥകളും സ്മൃതികളും പുരാണങ്ങളുമടങ്ങുന്ന ലിഖിത പ്രമാണങ്ങളിലൂടെയാണ്. കെട്ടുകഥകളുടെയും വംശീയ മേധാവിത്വത്തിന്റെയും ആഖ്യാന ലോകത്തെ കീറിമുറിക്കുകയെന്നത് ഇവിടെ പ്രധാനമാണ്. അംബേദ്കർ വിപുലമാക്കിയതും ഈ പ്രക്രിയയെയാണ്. സാമുദായികമായി ഒരു ശ്രേണിയെ വ്യവസ്ഥപ്പെടുത്തുകയും താഴ്ന്ന നിലയിലുള്ളവരെ നിരന്തരം ചൂഷണം ചെയ്യുകയും ഭർത്സിക്കുകയും തൊട്ടുകൂടായ്മയും തീണ്ടായ്മയും സാർവ്വകാലികമാക്കുകയും ചെയ്യുന്ന വ്യവസ്ഥയെയാണ് അട്ടിമറിക്കേണ്ടത്. അവിടെയുള്ള ദൈവങ്ങൾ വാളും കഠാരയും മറ്റ് ആയുധങ്ങളുമേന്തി ഹിംസാരൂപികളായി നിലനിൽക്കുന്നു. ധർമ്മമെന്നു പറയുകയും ഫലത്തിൽ അത് അധർമ്മികതയുടെ ഊർജ്ജകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. നിഷ്ഠകളുടെ പ്രമാണവൽക്കരണത്തെ അറിവുകൊണ്ടും ഔചിത്യം കൊണ്ടും അതിജയിക്കുകയാണിവിടെ. സഹസ്രാബ്ദങ്ങളായി തുടരുന്ന അക്രമവ്യവസ്ഥയുടെ നിരവധിയായ സമകാല സംഭവങ്ങൾ സി. മാധവൻ വിശദീകരിക്കുന്നു:

"ഗുജറാത്തിൽ, ഖേഡ ഡിസ്ട്രിക്റ്റിലുള്ള ഒരു പൊതുക്കിണറ്റിൽ നിന്നും വെള്ളം കോരിയ ഒരു അധഃകൃതനെ അവിടത്തെ സനാതന പരിഷകൾ ആഴികൂട്ടി തീകുണ്ഠത്തിലിട്ടു ജീവനോടെ ദഹിപ്പിച്ചു! അഹമ്മദാബാദിൽ ഡോക്കാർ ഗ്രാമത്തിൽ ഒരുത്തൻ പൊതുകുളത്തിൽ കുളിച്ചുപോയ അപരാധത്തിന് ആ ഗ്രാമത്തിലുള്ള സകല അധഃകൃതരെയും കുതിരച്ചമ്മട്ടി കൊണ്ടടിച്ചുവിട്ടു! ബഹെദ്ദയിൽ പൊതു സ്കൂളിൽ അധഃകൃതരെ പ്രവേശിപ്പിച്ചതിനാൽ സനാതനക്കുട്ടികളെ അയക്കാതെയായി. അധഃകൃതരെ വഴിനടത്താതെയായി, അവരുടെ വിളവുകൾ നശിപ്പിച്ചു. അവരുടെ കിണറുകളിൽ മണ്ണെണ്ണയൊഴിച്ചു. അധഃകൃതക്കുട്ടികളെ സ്കൂളിൽ വിടുന്നതല്ലെന്ന് രക്ഷിതാക്കളെക്കൊണ്ട് എഴുതി ഒപ്പിട്ടു വാങ്ങി. 1931 ഒക്ടോബർ മാസത്തിൽ അധഃകൃതരുടെ കലാത്ത് ആഘോഷത്തിൽ പല്ലക്ക് ഉപയോഗിച്ചതിനാൽ സവർണ്ണർ കല്യാണക്കാരെ 48 മണിക്കൂർ നേരം ജലപാനത്തിനുപോലും അനുവദിക്കാതെ തടഞ്ഞുനിർത്തി വിഷമിപ്പിച്ചു." (2015: 43)

ഇവയെല്ലാം വസ്തുതാപരമായ ദൈനംദിന സാമൂഹിക യാഥാർത്ഥ്യങ്ങളാണ്. എന്തുകൊണ്ടാണ് ഇത്തരം നടപടികൾ സാകൂതം നടക്കുന്നത് എന്നുള്ളതാണ് പ്രാഥമികമായ പ്രശ്നം. കേരള സമൂഹം അതിലൊട്ടും പിന്നിലല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരൻ ഇങ്ങനെ തുടരുന്നു:

"ബ്രിട്ടീഷ് ഇന്ത്യയിൽ പൊതുവെയുള്ള സ്ഥിതികൾ ഇവയാണെങ്കിൽ, ജാതിഭ്രാന്തിന് കുപ്രസിദ്ധി നേടിയ കേരളത്തിലെ കഥ ഇതിലും എത്ര ഭയങ്കരമായിരിക്കണം. സുപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് സവർണ്ണരിൽ പലരും അനുകൂലമായിരുന്നെങ്കിലും, കണ്ണിൽ ഇളനീർകുഴമ്പെന്നപോലെ ചുണ്ണാമ്പെഴുതിയതും, കാളയെ കാൽക്കെട്ടും വിധം വൃഷണം തുടച്ചു ഞെരിച്ചു വിട്ടതും, നെഞ്ചിന് ബൂട്ട്സിട്ടു ചവിട്ടി തേച്ചതും, കഴുത്തു നീരുവെള്ളത്തിൽ നിന്നും സത്യാഗ്രഹം അനുഷ്ഠിക്കുന്ന വോളന്റിയർമാരുടെ പിടലിക്ക് കഴുക്കോൽ കുത്തി വെള്ളം ഊന്നിപ്പോയതും സവർണ്ണ ഹിന്ദുക്കളല്ലാതെ മറ്റാരുമായിരുന്നില്ല. കൽപ്പാത്തി റോഡിലും തിരുവാർപ്പ് റോഡിലും വിടകൊള്ളുവാൻ ചെന്ന അവർക്കെതിരെ പ്രഹാരാദി കഷായം കൊടുത്തു പ്രസാദിപ്പിച്ചയച്ചതും സവർണ്ണ ജാതിക്കാർ തന്നെയായിരുന്നു. ഇവയെല്ലാം പുരാണകാലത്തെ സംഭവങ്ങളല്ല. ഈ പങ്കപ്പാടുകളത്രയും അധഃകൃതർ സഹിക്കേണ്ടി വന്നത് അവർ സവർണ്ണരുടെ വസ്തു ആക്രമിച്ചിട്ടോ അവരുടെ സ്വകാര്യ വഴികളും കുളങ്ങളും സ്ഥാപനങ്ങളും കൈയേറ്റം ചെയ്തിട്ടോ, അവരുടെ കുഞ്ഞുകുട്ടികളെ പിടിച്ചുകൊണ്ടുപോയിട്ടോ മറ്റോ ആണോ? സവർണ്ണർക്ക് നാലു കൊച്ചുകാശിന്റെ നഷ്ടം പോലുമില്ലാതെ പൗരാവകാശത്തെ സ്വായത്തമാക്കാൻ - മനുഷ്യന്റെ ജന്മാവകാശം സമ്പാദിപ്പാൻ പാതിരിമാരുടെ കാരുണ്യം കൊണ്ട് സിദ്ധിച്ച വിദ്യാഭ്യാസത്താൽ പ്രേരിതരായി ശ്രമിച്ചുപോയ അപരാധം ഒന്നു മാത്രമേ അധഃകൃതരുടെ പേരിൽ കാണുകയുള്ളൂ." (2015:43)

സഞ്ചാരസ്വാതന്ത്ര്യം, പൊതുജല ഉപയോഗം, തൊഴിൽ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, വസ്ത്രധാരണം തുടങ്ങി മൗലികവും അനിവാര്യവുമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളെയാണ് മാധവനും ദേശീയ സമരങ്ങളായി വിലയിരുത്തുന്നത്. ഈഴവസമുദായം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ജാതീയ അവഹേളനവും പ്രാതിനിധ്യപരമായ തഴയപ്പെടലുമൊക്കെ പ്രശ്നവൽക്കരിച്ചുകൊണ്ട്, അതിനു മൂലകാരണമായ ഹൈന്ദവമത പ്രത്യയശാസ്ത്രത്തെ യുക്തിപരവും ചരിത്രപരവുമായ വിശകലനങ്ങളോടെ തുറന്നുകാട്ടുന്ന ഒരു പശ്ചാത്തലം 'സ്വതന്ത്രസമുദായ'വാദത്തിൽ കൃത്യമായുണ്ട്. പക്ഷേ, ഈ ഗ്രന്ഥം പുലർത്തുന്ന നീതിബോധവും ശാസ്ത്രീയ യുക്തിയും സാഹോദര്യ ഭാവനകളുമൊക്കെ കേവലമായ സമുദായോദ്ധാരണത്തെ അതിജീവിക്കുന്നതാണ്. ഏതൊരു സമുദായത്തിന്റെയും അധമനിലകളെ എങ്ങനെയാണ് പരിഹരിക്കേണ്ടത്? അതിന്റെ മൗലികവും പ്രഹേളികാപരവുമായ പ്രമാണപരതയെ എങ്ങനെ സമീപിക്കണം എന്നൊക്കെയുള്ള വിമർശ-സൈദ്ധാന്തിക മാതൃകയായി സ്വതന്ത്രസമുദായത്തെ കാണാം.

സനാതന ആർഷ സംസ്കാരത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ പൊതുസംസ്കാരമെന്ന നിലയിൽ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്ന ആഭിജാത സാമുദായിക രാഷ്ട്രീയത്തെ സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഹൈന്ദവ പൗരാണിക-ഭാഗവത സാഹിത്യത്തെ ജനകീയമാക്കിയ ഗീതാ പ്രസ്സും കല്യാണും മുതൽക്കുള്ള അനുഭൂതി ഉറവിടങ്ങളും ദേശീയ നേതാക്കളും പ്രസ്ഥാനങ്ങളുമൊക്കെ അതിനെ ജാജ്വല്യമാനമാക്കുകയായിരുന്നല്ലോ. അവിടെയാണ് ഭരണകൂടം നിരോധിച്ച ഈ കൃതിയുടെ ബോധനശേഷി പ്രസക്തമാവുന്നത്. 1934-ൽ തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളിൽ ഈ കൃതി നിരോധിക്കപ്പെടുന്നുണ്ട്. ആ കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന സ്വതന്ത്രസമുദായത്തിൽ ഗുരുചിന്തകളും, അംബേദ്കർ രാഷ്ട്രീയവും, ഗാന്ധി-മാളവ്യ വിമർശനവും, എഴുത്തച്ഛൻ വിമർശനവും ശാസ്ത്രബോധ പ്രസക്തിയുമൊക്കെ അപഗ്രഥിക്കപ്പെടുന്നു.

ഭീമമായ ധനവിനിയോഗം, ധൂർത്ത് തുടങ്ങിയവ കൊണ്ട് അധഃപതന കേന്ദ്രങ്ങളായ ക്ഷേത്രങ്ങളും ആഭിചാര ദൈവ-ദേവതകളുമൊക്കെ സാന്മാർഗ്ഗികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വിലങ്ങുതടിയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഇങ്ങനെ തുലച്ച പണം കൊണ്ട് എത്ര സ്കൂളുകളും കോളേജുകളും വ്യവസായശാലകളും നിർമ്മിക്കാമായിരുന്നു എന്നാണ് സ്വതന്ത്രസമുദായ ഗ്രന്ഥകർത്താവിന്റെ ചോദ്യം. ജ്ഞാനോദയാനന്തര ചരിത്രഘട്ടത്തിലെ ആധുനിക സ്വതന്ത്ര വ്യക്തിസങ്കല്പം ഇ. മാധവനിൽ നിർണ്ണായകമായി ഇടപെടുന്നുണ്ട്. പ്രകൃത്യതീത ശക്തികളിൽ നിന്നും അനുബന്ധ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും മൗലികവുമായ ഉണ്മയെ തിരിച്ചറിഞ്ഞ് ആധുനിക മനുഷ്യൻ രൂപപ്പെടുന്ന സന്ദർഭമാണത്. അവിടെ ലോകമെമ്പാടുമുള്ള മനുഷ്യ സംസ്കാരങ്ങൾ ഇടകലരുകയും പരസ്പരം ഉരച്ചുനോക്കുകയും ചെയ്യുന്നു. മധ്യകാല ഫ്യൂഡലിസവും അടിമത്ത വ്യവസ്ഥിതികളും അമാനവിക ആഭിജാത്യവാദങ്ങളുമൊക്കെ ഒന്നൊന്നായി തകർന്നുകൊണ്ടിരിക്കുന്ന ചരിത്രഘട്ടത്തിൽ തന്നെയാണ് കേരളത്തിലെ ആധുനിക മനുഷ്യർ, പ്രത്യേകിച്ച് അവർണ്ണ സാമുദായിക നിലയിലുള്ളവർ തങ്ങളെ ചൂഴ്ന്നുനിൽക്കുന്ന വ്യവസ്ഥകളെയും വ്യവഹാരങ്ങളെയും പറ്റി ചിന്തിക്കുന്നത്. പ്രാകൃതവും അശാസ്ത്രീയവുമായ വികല ഭാവനകളാൽ രൂപപ്പെടുത്തിയിട്ടുള്ള ദൈവിക സങ്കല്പങ്ങളെയും സാമുദായിക ഘടനാവൽക്കരണത്തെയും ആധുനിക സന്ദർഭത്തിൽ നിന്നുകൊണ്ട് പൂർണ്ണമായും തള്ളിക്കളയാനാണ് അവർ ശ്രമിക്കുന്നത്. ആറുമുഖനും, സഹസ്രലിംഗനും, തുമ്പിക്കരമുള്ളവനും, നാൻമുഖനും, അസംഖ്യം ഭാര്യമാരുള്ളവനും എന്ന് തുടങ്ങുന്ന ദൈവസങ്കല്പം മുതൽ അടിമുടി വരിഞ്ഞുമുറുകിയ തങ്ങളുടെ മതജീവിതത്തെ ഇഴ കീറുകയാണ് ഗ്രന്ഥകർത്താവ്. കേവലമായ ആരാധനാ വൈചിത്ര്യങ്ങളെ ഖണ്ഡനവിമർശനം നടത്തുന്ന ഒരു പദ്ധതിയല്ല ഈ ശ്രീനാരായണീയ പശ്ചാത്തലമുള്ള സംവാദധാര നിർവ്വഹിച്ചത്. മറിച്ച് അശരണ സമുദായങ്ങളോരോന്നിനെയും ആധുനികമായി സ്വതന്ത്രരാക്കുന്നതിനുള്ള ദേശീയോദ്ഗ്രഥന ശ്രമമാണത്.

ബ്രാഹ്മണ്യ പൂജകൊണ്ട് ഹിന്ദുമതത്തെ ഘടനാവൽക്കരിക്കുന്ന എഴുത്തച്ഛനെ വിമർശന വിധേയമാക്കുന്നു:

"ബ്രാഹ്മണ മേധാവിത്വത്തെ മാനിച്ചുകൊണ്ട് അബ്രാഹ്മണർ തന്നെ എഴുതിയിട്ടുള്ള സ്തുതിഗീതങ്ങൾ എത്രയാണിവിടെയുള്ളത്? ഏത് കവിയും ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ബ്രാഹ്മണസ്തുതി ഒഴിച്ചുവിടുന്നതല്ല. മുൻകാലങ്ങളിൽ അബ്രാഹ്മണർ എത്ര ബഹുമാനമായിട്ടാണ് ബ്രാഹ്മണരെ പൂജിച്ചുവന്നിരുന്നത് എന്നുള്ളതിന് എഴുത്തച്ഛൻ തന്റെ രാമായണത്തിന്റെ പ്രാരംഭത്തിൽ പ്രസ്താവിച്ചിരിക്കുന്നത് നോക്കിയാൽ മതിയാകും." "കാരണഭൂതരാം ബ്രാഹ്മണരുടെ ചരണാരുണാംബുജ ലീനപാംസു സഞ്ചയം മമ ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ..."

ഹിന്ദുപുരാണങ്ങൾ ഏതെടുത്തു നോക്കിയാലും ബ്രാഹ്മണ മേധാവിത്വത്തെ സ്ഥാപിക്കാനുള്ള ഉപകഥകളും ശീലുകളും കാണാം. സദ്ഗുണ സമ്പന്നനായും ഈശ്വര അവതാരമായും വർണ്ണിക്കപ്പെട്ടിരിക്കുന്ന ശ്രീരാമൻ, ചത്ത ബ്രാഹ്മണകുട്ടിയെ ജീവിപ്പിക്കാൻ വേണ്ടി തപോനിഷ്ഠനായ ശൂദ്രനെക്കൂടി വധിക്കുമെങ്കിൽ ബ്രാഹ്മണ സേവയ്ക്കും പ്രീതിക്കും വേണ്ടി ആരെന്തും ചെയ്കയില്ലേ? കുചേലവൃത്തവും സന്താനഗോപാലവുമൊക്കെ ഈ ബ്രാഹ്മണ്യ മാഹാത്മ്യം വിളമ്പുന്നവ തന്നെ.

"അബ്രാഹ്മണരുടെ മേൽ കുതിരകയറാൻ ഉപയോഗിക്കുന്നതിനായി അവർ എഴുതിക്കൂട്ടിയിട്ടുള്ള കപടപ്രമാണങ്ങളെക്കൂടി ഈ അവസരത്തിൽ എടുത്തു നോക്കാം. കർമ്മം കൊണ്ട് ഏവനും ബ്രാഹ്മണനായിത്തീരാമെന്ന് ചിലർ പൊട്ടന്യായം പറയാറുണ്ട്. എന്നാൽ മറ്റാർക്കും ബ്രാഹ്മണനായി കയറുവാൻ പാടില്ലാത്ത തരത്തിലാണ് അവർ പ്രമാണസൗധം കെട്ടിപ്പടുത്തിരിക്കുന്നത്. ഓരോ ജാതിക്കാരും അവരവർക്ക് വിധിച്ചിട്ടുള്ള കർമ്മമേ ചെയ്യാവൂ എന്ന് സ്മൃതികളിൽ വളരെ നിഷ്കർഷയായി പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണനു വിധിച്ചിട്ടുള്ള കർമ്മങ്ങളൊന്നും ചെയ്യാൻ അനുവാദമില്ലെങ്കിൽ പിന്നെങ്ങനെ അബ്രാഹ്മണൻ കർമ്മം കൊണ്ട് ബ്രാഹ്മണനായിത്തീരും? ഒരാൾ സ്വന്ത കർമ്മം ചെയ്തില്ലെങ്കിലും അന്യന്റെ കർമ്മം ചെയ്തു പോകരുതെന്നാണ് ഗീത ഉപദേശിക്കുന്നത്... കയ്യിൽ ഒന്നുമില്ലെങ്കിൽ തെണ്ടിയെങ്കിലും ബ്രാഹ്മണനു പ്രതിദിനം ദാനം ചെയ്യണമെന്നാണ് യാജ്ഞവൽക്യസ്മൃതി. ബ്രാഹ്മണനു പശുവിനെ ദാനം ചെയ്താൽ ശരീരത്തിൽ എത്ര രോമമുണ്ടോ അത്രയും വത്സരം സ്വർഗ്ഗ സുഖമനുഭവിക്കാം എന്ന് വേദത്തിൽ പറഞ്ഞിരിക്കുന്നു." (2015:58)

ഇവിടെ ദൈവത്തിന്റെ കാരുണ്യം, സ്വർഗ്ഗലോകത്തെ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രലോഭനങ്ങളും ബ്രാഹ്മണ്യ പൂജയിലൂടെ സിദ്ധിക്കുമെന്ന് സ്മൃതികളും വേദങ്ങളും ഇതിഹാസ പുരാണങ്ങളും ശാസിക്കുമ്പോൾ ഫലത്തിൽ ബ്രാഹ്മണനാണ് ഭൗതികമായി സൗഖ്യം നേടുന്നത്. കൃത്യമായ പരാന്നഭോജനമാണത്. ബ്രാഹ്മണർ സ്വയം ദൈവമായി സുഖിക്കുന്ന ദൈവശാസ്ത്ര പദ്ധതിയാണത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അധ്വാനത്തിൽ നിന്നുള്ള നികുതിപ്പണത്തിൽ നിന്നുമാണ് നാട്ടുരാജ്യ ഗവൺമെന്റുകൾ ലക്ഷക്കണക്കിന് രൂപ ബ്രാഹ്മണസേവയ്ക്കായി ചെലവഴിക്കുന്നത്. സദ്യയ്ക്കും സർവ്വാണിക്കും മറ്റ് മതകാര്യങ്ങൾക്കുമായി ദേവസ്വത്തിൽ നിന്നും ഭീമമായ തുക ഈടാക്കുന്നു. തിരുവിതാംകൂറിലെ മുറജപമെന്ന ചടങ്ങിന് ഇതുവരെ ചെലവായ സംഖ്യ 170 ലക്ഷം രൂപയാണെന്ന് ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണൻ ശൂദ്രനെ കൊന്നാൽ നൂറ് ഗായത്രി ചൊല്ലിയും തലമൊട്ടയടിച്ചും രക്ഷപ്പെടാം. ബ്രാഹ്മണന്റെ വംശനാമം ഉരുവിട്ടാൽ ശൂദ്രന്റെ വായിൽ പത്തംഗുലം നീളമുള്ള ഇരുമ്പാണി ചുട്ടുപഴുപ്പിച്ചത് കുത്തിയിറക്കലാണ് ശിക്ഷ. തിളച്ച എണ്ണ ചെവിയിലൊഴിക്കുന്നതും കയ്യിൽ മുക്കുന്നതുമൊക്കെ ബ്രാഹ്മണ്യ നിയമസംവിധാനമായി കൊണ്ടാടിയതിന്റെ ഒരു പരിക്രമണ ഘട്ടത്തിലിരുന്നുകൊണ്ടാണ് ഇ. മാധവൻ സംസ്കാര വിമർശനം നടത്തുന്നത്.

ബ്രാഹ്മണ്യനീതിയുടെ കൊടും ക്രൂരമായ ഹിംസകളെ തികഞ്ഞ ഗവേഷണ സ്വഭാവത്തോടെ ഈ കൃതിയിൽ ഗ്രന്ഥകാരൻ ക്രോഡീകരിച്ചിരിക്കുന്നു. മുറജപം പോലെ ഭീമമായ ചെലവുവരുന്നതാണ് തിരുവിതാംകൂറിലെ ഹിരണ്യഗർഭം.

"സ്വർണ്ണം കൊണ്ട് പശുവിന്റെ വലിയ പ്രതിമയുണ്ടാക്കി അതിന്റെ ആസനത്തിൽ കൂടി രാജാവ് കയറി വക്ത്രത്തിൽ കൂടി വെളിക്ക് വരുന്നതാണത്രേ ഹിരണ്യഗർഭ കർമ്മം. ഈ ക്രിയ കഴിഞ്ഞാൽ ഉടനെ സ്വർണ്ണ പശുവിനെ കഷ്ണിച്ചു ബ്രാഹ്മണർക്ക് ദാനം ചെയ്യണം. തിരുവിതാംകൂർ ഗവൺമെന്റ് പൊതുഭണ്ഡാരത്തിൽ നിന്നും മതകാര്യമെന്ന് പറഞ്ഞ് ബ്രാഹ്മണർക്ക് ഊട്ടിനും ദക്ഷിണയ്ക്കും മറ്റുമായി 3 ലക്ഷം വീതവും ചെലവിട്ടുകൊണ്ടിരിക്കുന്നു." (2015:60)

ഡോബിയുടെ മുഷിപ്പുകൾ ചുമന്ന കഴുതയെപ്പോലെയാണ് ബ്രാഹ്മണേതര സമുദായക്കാർ ഹിന്ദു മതാന്ധതകളെ പിന്തുടരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സനാതന ഹിന്ദുത്വ ആശയങ്ങളെ മുൻനിർത്തിയുള്ള ഗാന്ധിയൻ രാഷ്ട്ര സങ്കല്പങ്ങളോടുള്ള കടുത്ത വിമർശനമാണ് 'സ്വതന്ത്രസമുദായ'വും മുന്നോട്ട് വെക്കുന്നത്. അത് അംബേദ്കർ, പെരിയാർ, സഹോദരൻ തുടങ്ങിയ ധൈഷണിക ശൃംഖലയുടെ ഭാഗമായി നിൽക്കുന്നു.

"മതനിഷ്ഠയുള്ള ഹിന്ദുക്കളത്രയും ബ്രാഹ്മണർ എഴുതിവെച്ചിട്ടുള്ള ശ്ലോകങ്ങളെയും ആചാരമര്യാദകളെയും അതിലംഘിക്കുവാൻ അശക്തരായി കഴുതജീവിതം നയിക്കുകയാണെന്നുള്ളതിന് മഹാത്മാഗാന്ധി തന്നെ ഒരു ദൃഷ്ടാന്തമാകുന്നു. മഹാധീരനും അജയ്യമായ ശക്തിമാനുമായ അദ്ദേഹം ഇന്നും ബ്രാഹ്മണ്യ ദാസ്യമനോഭാവം പുലർത്തിപ്പോരുന്നു. കന്യാകുമാരി ക്ഷേത്രദർശനത്തിനായി ചെന്ന ഗാന്ധിയെ സനാതന ഭക്തന്മാർ വിലക്കി നിർത്തിയതും ക്ഷേത്രത്തിൽ കടക്കാതെ ഗാന്ധി നാണം കെട്ടു മടങ്ങിപ്പോന്നതും കുപ്രസിദ്ധമാണല്ലോ? നോക്കണേ, അന്ധമായ മതമൗഢ്യവും ആക്ഷേപാർഹമായ ബ്രാഹ്മണദാസ്യവും! ഇങ്ങനെ ഗാന്ധിമാരെയും രാജാക്കന്മാരെയും ആരെയും ബ്രാഹ്മണർ കുരങ്ങു കളിപ്പിക്കുന്നത് അവർ ഹിന്ദുമതാവലംബികളായി കയ്യും കെട്ടി കിടന്നുകൊടുക്കുന്ന കുറ്റം ഒന്നുകൊണ്ട് മാത്രമപ്പല്ലേ?" (2015:62).

ഗാന്ധിയിൽ പ്രത്യക്ഷമായ ഹിന്ദുമത പരിഷ്ക്കരണത്തിന്റെ ഭാഗമായുള്ള അധഃകൃതോദ്ധാരണവും മറ്റും അപക്വവും വിമോചനരഹിതവുമായ കേവലശ്രമങ്ങളായി ഇവിടെ മനസ്സിലാക്കാം. അദ്ദേഹത്തിന്റെ അധഃകൃതോദ്ധാരണ പരിശ്രമങ്ങൾക്കെതിരായി സനാതനികൾ ആക്രമണോത്സുകമായി നിലകൊണ്ടു. ഗാന്ധിക്കു നേരെ ചീമുട്ടകളും പാറക്കല്ലുകളും വലിച്ചെറിഞ്ഞ് സനാതനികൾ വെറിപൂണ്ടിരുന്നു. ബോംബെറിഞ്ഞ് തീവണ്ടി മറിച്ചിട്ടും കൊലപ്പെടുത്താനവർ ശ്രമിച്ചിരുന്നു. ശേഷം ഗാന്ധി താൻ വിശ്വസിച്ച ബ്രാഹ്മണ്യ ആശയ ലോകത്തിന്റെ പ്രത്യാക്രമണം കൊണ്ട് തന്നെയാണ് വധിക്കപ്പെടുന്നത്. അപ്പോൾ മനസ്സിലാക്കേണ്ടത് സംസ്കാര വിമർശനത്തിന്റെ ഭാഗമായി, സാഹോദര്യ മൈത്രിയുടെ അടിസ്ഥാനത്തിലുള്ള ദേശീയ സങ്കല്പങ്ങളെ ഗാന്ധിക്ക് മുന്നിൽ സംവാദാത്മകമായി അവതരിപ്പിച്ച അംബേദ്കർ ധാരയുടെ പ്രസക്തിയെക്കുറിച്ചാണ്. ചരിത്രപരതയും യുക്തിയും ശാസ്ത്രീയതയും ഭാരതീയ മൈത്രീ പാരമ്പര്യവുമൊക്കെ ആധാരമാക്കിയുള്ള ദേശീയതാ സങ്കല്പങ്ങളെ ബുദ്ധിപരമായി ആവിഷ്കരിച്ച രാഷ്ട്രീയ ധാരയാണ് സംസ്കാര മാഹാത്മ്യ ദേശീയതയെ എക്കാലവും തുരത്തിയിട്ടുള്ളത്. ആ ചിന്താധാരയെ പിൻപറ്റിയതുകൊണ്ടുതന്നെയാണ് ഇ. മാധവനെപ്പോലെയുള്ളവരുടെ ധീഷണം ഇന്നും രാഷ്ട്രീയ പ്രസക്തമാവുന്നത്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാന്നിധ്യത്തെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തെയും മാനിക്കുകയും അത് ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയ - പ്രത്യേകിച്ച് അധഃകൃത ജനതയെ ബോധപരമായി ചലനാത്മകമാക്കിയ - വിമോചന സന്ദർഭത്തെ പ്രത്യേകമായി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട് ഇ. മാധവൻ. അതുകൊണ്ട് അധിനിവേശ/ബാഹ്യ ഇടപെടലുകളെ പൂർണ്ണമായി അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നു എന്ന് അർത്ഥമാക്കേണ്ടതില്ല. അനൈതിക സാമൂഹികതയുടെ ജഡാവസ്ഥയും ചരിത്രപരമായി അതിനു സംഭവിക്കുന്ന വിച്ഛേദത്തെയും കുറിച്ചുള്ള ബോധ്യത്തിന്റെ ഭാഗമാണത്. അതുകൊണ്ടുതന്നെ അധഃസ്ഥിത ജാതി വിഭാഗങ്ങളോടുള്ള ദീനാനുകമ്പയിൽ പൊതിഞ്ഞ രാഷ്ട്രീയ സേവനത്തിന്റെ മധ്യസ്ഥതയെ നിരാകരിക്കുകയാണിവിടെ. അധഃസ്ഥിത സമൂഹം മറ്റ് ഉദ്ധാരക ഉന്നതവൃത്തങ്ങളാൽ നിരന്തരം ഉദ്ധരിക്കപ്പെടേണ്ട ഒരു ജനതയല്ലെന്ന നിലപാടാണ് മാധവൻ കൈക്കൊള്ളുന്നത്.

"അധഃകൃതരെ ഗാന്ധിയും കോൺഗ്രസ്സുകാരും കൂടി ഇപ്പോൾ ഹരിജനങ്ങളാക്കിയിരിക്കുകയാണ്. ഇത് നമ്മെ ഒപ്പിക്കുവാനുള്ള ഒരു വിദ്യയാണെന്നുള്ളതിന് സംശയമില്ല. ഹരിജനം എന്ന പേരിനെ തന്നെ അധഃകൃതർ ശക്തിപൂർവ്വം എതിർക്കേണ്ടിയിരിക്കുന്നു. അധഃകൃതർ ഒരിക്കലും ഹരിജനങ്ങളായിരുന്നില്ല. ഇരുന്നാൽ രക്ഷയുമില്ല. നമ്മെ ഹരിജനങ്ങളാക്കി ഹിന്ദുമതവലയിൽ കുടുക്കി ഇന്ത്യയിലാകെ രാമരാജ്യം വരുത്തി തേനും പാലും ഒഴുക്കുവാനാണ് ഗാന്ധിയും കൂട്ടരും ഇപ്പോൾ ഒരുമ്പെട്ടിരിക്കുന്നത്. വെറും ബ്രാഹ്മണ പക്ഷപാതിയും അബ്രാഹ്മണ കുലദ്രോഹിയുമായിരുന്നു എന്ന് രാമായണം സമ്മതിക്കുന്ന രാമന്റെ രാജ്യം ഇന്ത്യയിൽ വീണ്ടും വന്നുപോയാലുള്ള ഭയങ്കരമായ ജനദ്രോഹ പരിപാടിയെപ്പറ്റി ഊഹിക്കരുതോ? ഈ രാമഭക്തരായ സനാതനികളുടെ കയ്യിൽ ഇന്ത്യ അകപ്പെട്ടുപോയാൽ അവർ വീണ്ടും വൈദിക കാലത്തെ പ്രാകൃത ജീവിതത്തിലേക്ക് ജനതയെ കെട്ടിവലിച്ചുകൊണ്ടുപോകുമെന്നുള്ളതിന് സംശയമില്ല." (2015:94)

രാമനെ പൗരാണിക ബ്രാഹ്മണ്യ ദൗർബല്യങ്ങളിൽ നിന്ന് നിരന്തരം സംശുദ്ധീകരിച്ചുകൊണ്ടും, ഇന്ത്യയുടെ ബഹുല പാരമ്പര്യത്തിന്റെ മിത്തിക്കലായ പ്രാതിനിധ്യ രൂപമായുമൊക്കെ ആവിഷ്കരിച്ചുകൊണ്ടാടുന്ന സമീപനങ്ങൾ പല ചരിത്രഘട്ടങ്ങളിലുമുണ്ട്. അതിന്റെ ആപൽക്കരമായ ബ്രാഹ്മണ്യ രാഷ്ട്രീയത്തെ സൂക്ഷ്മമായി തിരിച്ചറിയുക എന്നുള്ളത് എക്കാലവും പ്രധാനമാണ്.

ക്ഷേത്രപ്രവേശനം, ഐത്തോച്ചാടനം തുടങ്ങിയ 'പൂച്ചുമരുന്നുകൾ' കൊണ്ട് അധഃകൃതർക്ക് വിമോചനമുണ്ടാകില്ലെന്ന് ഇ. മാധവൻ തീർത്തുപറയുന്നുണ്ട്. ഗാന്ധിയും കോൺഗ്രസ്സും വെറും പുറംചുരണ്ടൽ കൊണ്ട് തൃപ്തിപ്പെടുന്ന ഐത്തോച്ചാടന ശ്രമക്കാരാണെന്നു തന്നെയാണ് അദ്ദേഹം വിലയിരുത്തുന്നത്. ജാതിവ്യത്യാസം വേരോടെ പിഴുതെറിയണമെങ്കിൽ മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയവ നിർബാധം നടപ്പിൽ വരുത്തേണ്ടതുണ്ട്. അതിന് ഗാന്ധി ഒരുക്കമാണോ എന്നും ഇ. മാധവൻ ചോദിക്കുന്നു. ഗാന്ധിയുടെ അധഃകൃത സമീപനത്തോടുള്ള രാഷ്ട്രീയ വിയോജിപ്പിനെ വളരെ വസ്തുതാപരമായി തന്നെയാണ് ഇവിടെ വിമർശിക്കുന്നത്.

"വട്ടമേശസഭയിൽ ഗാന്ധി അധഃകൃതർക്ക് വിപരീതമായി എടുത്ത നയം കുപ്രസിദ്ധമാണല്ലോ. പ്രസ്തുത സഭയിലെ അധഃകൃത പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ എഴുതിയിരുന്ന ഒരു പ്രസ്താവനയിൽ നിന്നും ഗാന്ധിയുടെ അധഃകൃതാനുകമ്പ എത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കാം. അധഃകൃതരേക്കാൾ എത്രയോ ശക്തിയും പ്രാബല്യവുമുള്ള മുസ്ലീങ്ങൾക്കും സിക്കുകൾക്കും വിസ്സമ്മതം കൂടാതെ വിട്ടുകൊടുത്ത പ്രത്യേക പരിരക്ഷകൾ അധഃകൃതർക്ക് കൊടുക്കുന്നതല്ലെന്നും അവരുടെ കാര്യം കോൺഗ്രസ്സും താനും നോക്കിക്കൊള്ളാമെന്നുമാണ് ഗാന്ധിയുടെ വാദം. അധഃകൃതരുടെ പ്രത്യേകാവകാശങ്ങൾക്കും പ്രാതിനിധ്യത്തിനും താൻ എതിരാണെന്ന് ഇന്ത്യയിൽ വെച്ച് ഒരിക്കലും വെളിപ്പെടുത്താതെ ഇംഗ്ലണ്ടിൽ ചെന്ന് അതിനെ എതിർത്തത് ഒരു കുടുക്കുതന്ത്രമാണെന്നാണ് അധഃകൃത നേതാക്കൾ പറയുന്നത്." (1934 : 96).

മഹാദിലെയും നാസിക്കിലെയും ജാതിവിരുദ്ധ സമരങ്ങൾക്ക് പ്രതിബന്ധമായി നിന്നത് അവിടത്തെ കോൺഗ്രസ്സ് നേതാക്കളായിരുന്നുവെന്നും; ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും മറ്റ് നവീന പ്രസ്ഥാനങ്ങളുടെയുമെല്ലാം ആന്തരിക ഉദ്ദേശ്യം ഇന്ത്യയിലെ എട്ടു കോടിയോളം വരുന്ന അധഃകൃതരെ ഹിന്ദുമതത്തിൽ തന്നെയിട്ട് ജനപ്പെരുപ്പം കാണിച്ച് സവർണ്ണർക്ക് ഉദ്യോഗവും മേധാവിത്വവും സ്വായത്തമാക്കുക എന്നതിനാണെന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. ഗാന്ധിയുടെ വട്ടമേശ നിലപാടുകളും പട്ടിണിവ്രതവും ഹരിജന പ്രസ്ഥാനവും അത് തെളിയിക്കുന്നതായി മാധവൻ കണ്ടെത്തുന്നു.

"ഗാന്ധിമാരെയും മറ്റും അധഃകൃതോദ്ധാരണത്തിനായി ഉണർത്തിവിട്ടത് ഡോക്ടർ അംബേദ്കറെപ്പോലെയുള്ള പോരാളികളായ അധഃകൃതർ തന്നെയാണ്. മറ്റവകാശങ്ങളത്രയും നിരോധിച്ചുകൊണ്ട് ക്ഷേത്രം, റോഡ് മുതലായവ തുറക്കുന്നതിൽ പ്രയോജനമില്ലെന്ന് അധഃകൃതർ തന്നെ തുറന്നുപറയുന്നു. മിഠായി തരാം, പഞ്ചസാര തരാം, കളിക്കോപ്പ് തരാം എന്നെല്ലാം പറഞ്ഞ് കുട്ടികളെ വശത്താക്കും പോലെയാണ് ക്ഷേത്രം തുറക്കാം, റോഡ് തരാം, സോപ്പ് തരാം എന്നും മറ്റും പറഞ്ഞ് കൂട്ടർ അടുക്കുന്നത്." (1934: 97)

വിപുലവും സമഗ്രവുമായ സാമൂഹിക മാറ്റത്തിന്റെ ആദ്യപടിയായി എല്ലാ സമുദായക്കാർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പറ്റണം, മിശ്രവിവാഹം നടക്കണം. ഗാന്ധിജി വ്യക്തിപരമായി ജാതിമുക്തനെങ്കിലും നിലപാടുകളിൽ പുലർത്തിയ സനാതന സേവന സമീപനം ദൗർഭാഗ്യകരമായ ഒരു വൈരുദ്ധ്യമായിരുന്നു എന്ന് മനസ്സിലാക്കാം.

ഇന്ത്യയിലുടനീളം വരുന്ന, ബഹുഭൂരിപക്ഷമുള്ള അയിത്തജാതി സമൂഹങ്ങളെ ശ്രേണീവൽകൃത ഹിന്ദു വ്യവസ്ഥയിൽ തന്നെ ക്രമീകരിക്കുകയെന്നത് ഇന്ത്യയിൽ പ്രധാനമായി നിൽക്കുന്ന ഒരു ദേശീയതാ സങ്കല്പത്തിന്റെ ഭാഗമായ പദ്ധതി തന്നെയായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ തന്നെ രൂപപ്പെട്ടുവരുന്ന ഹിന്ദുമത രൂപീകരണത്തിന്റെ തുടർച്ചയാണത്. ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയുമൊക്കെ അവയുടെ പ്രത്യയശാസ്ത്രപരമായ ഏകീകരണ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഠിച്ചുകൊണ്ടാണ് ഹിന്ദു പണ്ഡിതരും ആധുനിക മഹർഷിമാരുമൊക്കെ ബ്രാഹ്മണ്യ സനാതന ധർമ്മത്തെ ഹിന്ദുമതമെന്ന നിലയിൽ രൂപപ്പെടുത്തുന്നത്. സാമൂഹിക ശ്രേണിയിലെ അയിത്തജാതി സമൂഹങ്ങൾ സ്വതന്ത്ര സാമുദായിക രൂപത്തിലേക്കും, ഇസ്ലാം/ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളിലേക്കും സാർവ്വത്രികമായി പ്രവേശിക്കുന്ന ഘട്ടം കൂടിയാണത്. ഈ പ്രവണതയെ പ്രാഥമികമായി ഗൗരവത്തിലെടുത്തത് ഹിന്ദു പരിഷ്ക്കരണ വിഭാഗമാണ്. അധഃസ്ഥിത ജാതിക്കാരുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്ക് യാഥാസ്ഥിതിക ജാതി ഹിന്ദുക്കൾക്കിടയിൽ ആഹ്ലാദമാണ് ഉണ്ടാക്കിയതെങ്കിൽ, ആധുനിക പരിഷ്ക്കർത്താക്കൾക്കിടയിൽ അത് ഭീതിയുളവാക്കി. ഹിന്ദുമതം തന്നെ അദൃശ്യമാകുമെന്ന് അവർ കരുതി. ആയതിനാൽ ഐത്തോച്ചാടനവും ക്ഷേത്രപ്രവേശനവും മറ്റ് സ്വാതന്ത്ര്യങ്ങളുമൊക്കെ നിർബന്ധമായ പ്രവൃത്തികൾ തന്നെയെന്ന് കരുതിക്കൊണ്ട് കൂടുതൽ ഊർജ്ജിതമായ പ്രവർത്തന പദ്ധതികളിലേക്ക് ഹിന്ദുമത പരിഷ്ക്കർത്താക്കൾ പ്രവേശിച്ചു. ഈ നിലയ്ക്കുള്ള ശുദ്ധീകരണ പ്രവർത്തനങ്ങളെല്ലാം അടിസ്ഥാനപരമായി അധഃസ്ഥിത ജനതയെ വിമോചിപ്പിക്കില്ലെന്നും അത് കേവലമായ പ്രകടനങ്ങളാണെന്നും സവർണ്ണ താല്പര്യ സംരക്ഷണത്തിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ കീഴാള ബുദ്ധിജീവി ധാരയെയാണ് ഇ. മാധവനും പ്രതിനിധീകരിക്കുന്നത്. അദ്ദേഹം ശുദ്ധി പ്രസ്ഥാനത്തെ അപഗ്രഥിക്കുന്നത് നോക്കുക:

"സെൻസസ് റിപ്പോർട്ടിൽ ഹിന്ദുക്കളുടെ വർദ്ധനക്കുറവും അഹിന്ദുക്കളുടെ ജനപ്പെരുപ്പും ഓരോ തവണയും കണ്ട് വെറിപിടിച്ച ജാതി ഹിന്ദുക്കൾ സൃഷ്ടിച്ച മറ്റൊരു പ്രസ്ഥാനമാണ് ശുദ്ധി പ്രസ്ഥാനം. ആര്യസമാജക്കാർ പൂണൂലും കൊണ്ട് ഭാരതമാകെ കറങ്ങുന്നു. പണ്ഡിത മാളവ്യ ശുദ്ധിമന്ത്രവും കൊണ്ട് നെടുകെയും കുറുകെയും ഓടി പലരെയും പിടിച്ചുനിർത്തി മന്ത്രദീക്ഷ കൊടുക്കുന്നു. തിരുവനന്തപുരത്ത് ശുദ്ധിസഭയൊന്ന് പ്രത്യേകം സ്ഥാപിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ മതപരിവർത്തന ബഹളവും ഹിന്ദുസഭ കൂടലും തകൃതിയായി നടക്കുന്നു. ആകപ്പാടെ ഹിന്ദുക്കൾ മതബഹളം പിടിച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ." (2015:99)

'ശുദ്ധി'യുടെ യഥാർത്ഥ അർത്ഥമെന്ത് എന്ന അടിസ്ഥാനപരമായ ചോദ്യമാണ് മാധവനും ഉന്നയിക്കാൻ ശ്രമിച്ചത്. പല മതങ്ങളിലേക്ക് ചേക്കേറിയവർ തിരിച്ചെത്തുമ്പോൾ പഴയ അധഃസ്ഥിത ജാതിസ്ഥാനത്തേക്ക് തന്നെയാണ് ആരവങ്ങളോടെ അവരെ പ്രതിഷ്ഠിക്കുന്നത്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നാരായണഗുരുവിനുണ്ടാകുന്ന വിചിന്തനങ്ങളെക്കൂടി ഗ്രന്ഥകാരൻ സാന്ദർഭികമായി അവതരിപ്പിക്കുന്നുണ്ട്. "അമ്പലം കെട്ടുവാൻ നാം പണം ചെലവിട്ടത് ദുർവ്യയമായിപ്പോയി" എന്ന് നാരായണഗുരു അഭിപ്രായപ്പെടുന്നുണ്ട്. കണ്ണാടി പ്രതിഷ്ഠയിലൂടെ ഭക്തരുടെ യുക്തിചിന്തയും സ്വതന്ത്രതാബോധവും ഉയർത്തുകയായിരുന്നു ഗുരു. ഗുരു തന്റെ അധഃസ്ഥിത സാമുദായിക സ്ഥാനത്തെ ഗുണപരമായി വ്യതിചലിപ്പിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ ദേവീ-ദേവ പ്രതിഷ്ഠകൾക്ക് മുതിരുന്നത്. സുബ്രഹ്മണ്യസ്തവം, ശിവശതകം പോലുള്ള കൃതികളുടെ രചനയൊക്കെ ഈ അർത്ഥത്തിൽ ഗുരുവിന്റെ ആദ്യഘട്ടങ്ങളിലാണ്. പിന്നീടുള്ള ആനുഭവികമായ പരീക്ഷണങ്ങളും ശാസ്ത്രീയ/യുക്തി ചിന്തകളുമൊക്കെയാണ് ഗുരുവിനെ നയിക്കുന്നത്. ശാസ്ത്രം ലോകത്തിനുണ്ടാക്കുന്ന പുരോഗതിയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഭൂമി ഉരുണ്ടതാണെന്നും സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയുമാണ് ചുറ്റുന്നതെന്ന ജ്ഞാനത്തിന് കത്തോലിക്കാ മതം നൽകിയ ശിക്ഷ കഠിനമാണ്. ആധുനിക സയൻസിന്റെ പ്രവാചകനും മഹാചിന്തകനുമായ ബ്രൂണോയെ എട്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം കുണ്ഠത്തിലിട്ട് ചുട്ടുകൊന്നു. ശരീരശാസ്ത്രജ്ഞനായ വെസാലിയസിനെ മതഭ്രാന്തർ നാടുകടത്തി. വോൾട്ടയർ, ഡാർവിൻ, ബ്രാഡ്‌ല, ഇംഗർസോൾ, പെയ്ൻ മുതലായ സ്വതന്ത്ര ചിന്തകരോട് ക്രിസ്തുവിന്റെ അനുയായികൾ അനുവർത്തിച്ച നയവും രീതിയും എത്രയോ പൈശാചികമായിരുന്നു എന്നാണ് ഇ. മാധവൻ അഭിപ്രായപ്പെടുന്നത്. തീവണ്ടി, കമ്പിത്തപാൽ, കപ്പൽ, ഗ്യാസ് ലൈറ്റ് തുടങ്ങിയ ആധുനിക സംരംഭങ്ങളോടൊക്കെ തീവ്രമായ വിരോധമാണ് ആ ഘട്ടത്തിലെ മതവാദികൾ പുലർത്തിയിരുന്നത്. മതത്തിനകത്തെ സ്ത്രീകളുടെ അധമനിലയെയും വിമർശനാത്മകമായി പ്രശ്നവൽക്കരിക്കുന്നു. നിന്ദ്യമായ സതി സമ്പ്രദായം, പർദ്ദ, ബാലവിവാഹം, ദേവദാസി വ്യവസ്ഥ തുടങ്ങിയ സ്ത്രീവിരുദ്ധ മതനിഷ്ഠകൾക്കെതിരെയുള്ള ആഹ്വാനമാണ് സ്വതന്ത്രസമുദായത്തിൽ നടത്തുന്നത്.

കൃത്യമായ ദത്ത ശേഖരണത്തിലൂടെ തികച്ചും വസ്തുതാപരമായ അപഗ്രഥനങ്ങളാണ് ഈ നിരോധിത ഗ്രന്ഥത്തെ മൂല്യവത്താക്കുന്നത്. മതമോ അതിന്റെ അടിസ്ഥാനത്തിൽ വിന്യസിക്കപ്പെട്ട പൗരോഹിത്യ ആചാരനിഷ്ഠ സംവിധാനങ്ങളോ മനുഷ്യന്റെ ജൈവികമായ ജീവിതത്തിന് തടസ്സമായി നിൽക്കുന്നതിന്റെ വസ്തുതാപരമായ ഗവേഷണങ്ങളാണ് ഈ ഗ്രന്ഥത്തിലുടനീളമുള്ളത്. 1930-കളിൽ പുറത്തുവന്ന ഈ ഗ്രന്ഥത്തിൽ ഇന്ത്യയിലുണ്ടായ കൊടിയ ക്ഷാമവും പരക്കെയുണ്ടായിരുന്ന ദാരിദ്ര്യവുമൊക്കെ വിവരിക്കപ്പെടുന്നു.

"ഇന്ത്യയിലെ കർഷകന്മാരിൽ 50.5 ശതമാനവും അവരുടെ ജീവിതകാലത്തിൽ ഒരു തവണയെങ്കിലും വയറുനിറയെ ആഹാരം കഴിക്കാത്തവരാണെന്ന് ഇന്ത്യയിൽ വളരെക്കാലം ഉദ്യോഗസ്ഥനായിരുന്ന സർ വില്യം ഡിഗ്ബി അഭിപ്രായപ്പെട്ടിട്ടുണ്ട്. ബംഗാൾ ഗവർണ്ണറായിരുന്ന ചാൾസ് ഇലയറ്റ് പറയുന്നത് ഇന്ത്യക്കാരിൽ 4 കോടി ആളുകളും ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം കഴിച്ച് ജീവിക്കുന്നവരെന്നാണെന്ന്." (2015:164)

കോടിക്കണക്കിന് ദൈവങ്ങളും ഐശ്വര്യദേവതാ സങ്കല്പങ്ങളുമൊക്കെ പട്ടിണി മരണങ്ങൾക്കു മുകളിൽ മിഴിച്ചുനിൽക്കുന്നു എന്ന വിമർശന ബോധമാണ് സ്വതന്ത്രസമുദായ കർത്താവ് ഉയർത്തിക്കാട്ടുന്നത്. ഭീമമായ തോതിലുള്ള ശിശുമരണ നിരക്ക്, മാരകമായ പകർച്ചവ്യാധികൾ, കൊടിയ ക്ഷാമം, തീരാവറുതി തുടങ്ങിയവ വ്യാപകമാകുമ്പോഴും മതം ജനതയെ പുറകോട്ട് അടിപ്പിക്കുന്ന വസ്തുതകളാണ് ഇവിടെ പ്രശ്നവൽക്കരിക്കുന്നത്. അങ്ങനെയൊരു സന്ദർഭത്തിൽ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്വാഭിമാന പ്രസ്ഥാനം അത്ര കണ്ട് വിപ്ലവാത്മകമാണെന്ന് ഗ്രന്ഥകാരൻ അടിവരയിടുന്നു.

അടിക്കുറിപ്പുകളും ഗ്രന്ഥസൂചനയും:

ഇന്ത്യൻ ദേശീയതയുടെ സാംസ്കാരിക/രാഷ്ട്രീയ ചരിത്രത്തിനകത്ത് ആക്രമണോത്സുകമായൊരു ഹിന്ദു ദേശീയവാദത്തെ പ്രചുരപ്രചാരമാക്കിയതിൽ നിർണ്ണായകമായി പ്രവർത്തിച്ച അച്ചടി വ്യവസായ സംരംഭമാണ് ഗീതാപ്രസ്സും അതിന്റെ കല്യാൺ മാസികയും. 1923 ഏപ്രിലിൽ ഭഗവദ്ഗീതയുടെ ആദ്യ വിവർത്തനത്തോടുകൂടിയാണ് ഗീതാപ്രസ്സ് ആരംഭിക്കുന്നത്.

ഇ. മാധവൻ, സ്വതന്ത്രസമുദായം, വർക്കല: കലാപൂർണ്ണ പബ്ലിക്കേഷൻസ്, 2015: പുറം: 51.

അതേ പുസ്തകം, പുറം: 89.

അതേ പുസ്തകം, പുറം: 98.

അതേ പുസ്തകം, പുറം: 142.

The Roots Media - TOWARDS SOCIAL DEMOCRACY