പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് ട്രൈബൽ സബ് പ്ലാനും (TSP), പ്രത്യേക ഘടകപദ്ധതിയും (SCP) വിഭാവനം ചെയ്തത്. ജനസംഖ്യാനുപാതികമായ ബജറ്റ് വിഹിതം വഴി ഈ വിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ സമൂലമായ മാറ്റം കൊണ്ടുവരിക എന്ന ഉദ്ദേശത്തിലാണ് പദ്ധതി ആവിഷ്കരിക്കപ്പെട്ടതെങ്കിലും ആ പ്രതീക്ഷകൾ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. ദലിത്-ആദിവാസി ഫണ്ട് അട്ടിമറികളും വകമാറ്റലും ഘടനാപരമായ പ്രശ്നങ്ങളുമാണ് ഇതിന് കാരണം. എസ്.സി.പി./ടി.എസ്.പി. ഫണ്ട് വിനിയോഗത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും പുതിയ നിയമം പാസാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും എം. ഗീതാനന്ദൻ എഴുതുന്നു.
ദേശീയതലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ബജറ്റ് വിഹിതം ഒട്ടുംതന്നെ ലഭ്യമാകുന്നില്ല എന്ന വിലയിരുത്തല്‍ അഞ്ചാം പഞ്ചവത്സര പദ്ധതി കാലയളവില്‍ നടത്തിയതിനെത്തുടര്‍ന്നാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വേണ്ടി ട്രൈബല്‍ സബ് പ്ലാനും (TSP), തുടര്‍ന്ന് പട്ടികജാതിക്കാര്‍ക്കുവേണ്ടി പ്രത്യേക ഘടകപദ്ധതിയും (SCP) നടപ്പിലാക്കുന്നത്. 80-കളുടെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏറെ പ്രാധാന്യത്തോടെ എസ്.സി.പി./ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗം കൈകാര്യം ചെയ്യപ്പെടുകയും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നു എന്ന തോന്നല്‍ പൊതുവില്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദശകത്തെ അനുഭവം സമഗ്രമായ ഒരു വിലയിരുത്തലിന് വിധേയമാക്കുന്നതിന് മുന്‍പ് തന്നെ 1994-95 കാലഘട്ടത്തോടെ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരികയും, ഫലത്തില്‍ എസ്.സി.പി./ടി.എസ്.പി. ഫണ്ട് വിനിയോഗം ലക്ഷ്യത്തില്‍ നിന്നും പൂര്‍ണ്ണമായും മാറിയതായും കാണാം.
ബജറ്റ് വിഹിതം വഴി ലഭ്യമാകുന്ന എസ്.സി.പി./ടി.എസ്.പി. ഫണ്ട് പല തട്ടുകളിലേക്ക് വിഭജിക്കപ്പെടുകയും ഇതിന്റെ ഗുണഭോക്താക്കളാകേണ്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. എസ്.സി./എസ്.ടി. വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ കഴിഞ്ഞ 7 ദശകത്തിനുള്ളില്‍ കാര്യമായ ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്ന് 1961 മുതല്‍ 2011 വരെയുള്ള സെന്‍സസ് പരിശോധിച്ചാല്‍ വ്യക്തമാകും. ചെറിയ ഒരു ശതമാനം പേര്‍ സര്‍ക്കാര്‍ സേവനമേഖലയില്‍ ഉണ്ടെന്നതൊഴിച്ചാല്‍ കൃഷി, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെ പ്രാതിനിധ്യം ഇല്ലെന്ന് തന്നെ പറയാം. 1961-71 കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഷിക മേഖലയിലെ തൊഴിലുകളില്‍ നിന്ന് നിര്‍മ്മാണമേഖലയിലേക്കും മറ്റു മേഖലയിലേക്കുമുള്ള ഒരു മാറ്റം ഉണ്ടെന്നതല്ലാതെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല.
കേരള സമ്പദ്ഘടനയുടെ പിറകോട്ടുപോക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന എസ്.സി.പി./ടി.എസ്.പി. വിഹിതവും
2025-2026 വാര്‍ഷിക ബജറ്റിലേക്ക് എത്തുമ്പോള്‍ കേരള ബജറ്റിന്റെ പ്ലാന്‍ ചെലവുകളും (Plan Expenditure) നോണ്‍ പ്ലാന്‍ ചെലവുകളും (Non Plan Expenditure) ചേരുമ്പോള്‍ 1,98,582.40 കോടിയായി വളര്‍ന്നതായി കാണാം. കേന്ദ്ര വിഹിതമുള്‍പ്പെടെയുള്ളവ കണക്കിലെടുക്കുമ്പോള്‍ പ്ലാന്‍ ചെലവുകള്‍ 31,396.53 കോടിയും നോണ്‍ പ്ലാന്‍ ചെലവുകള്‍ 1,67,185.87 കോടിയുമാണ്. 13-ാം പഞ്ചവത്സരപദ്ധതി മുതല്‍ 14-ാം പഞ്ചവത്സരപദ്ധതി ആരംഭകാലം തുടങ്ങുന്നതുവരെ (2016 മുതല്‍ 2023 വരെ) പദ്ധതി ചെലവുകള്‍ ശരാശരി 29,000 കോടിയില്‍ നിലനില്‍ക്കുന്നതായി കാണാം. പദ്ധതി വിഹിതം വളര്‍ച്ചയില്ലാതെ തുടരുന്ന ഒന്നാണ് കേരളത്തിന്റെ വികസനവും ബജറ്റിംഗും. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ ജനസംഖ്യാനുപാതികമായ വിഹിതം (ഏതാണ്ട് 10%) മാത്രമേ ലഭിക്കുന്നുള്ളൂ. ആകെ ബജറ്റ് ചെലവ് വര്‍ദ്ധിക്കുമ്പോഴും എസ്.സി./എസ്.ടി. വിഭാഗത്തിന്റെ വിഹിതം (പ്ലാന്‍ ഫണ്ട് വിഹിതം) താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ റവന്യൂ വരുമാനത്തിന്റെ ഏതാണ്ട് ഒരു ലക്ഷം കോടിയോളം സര്‍ക്കാര്‍ ജീവനക്കാര്‍, ഇതരവിഭാഗക്കാര്‍ തുടങ്ങിയവരുടെ ശമ്പളം, അലവന്‍സുകള്‍ തുടങ്ങിയവയ്ക്കാണ് ചെലവഴിക്കുന്നത്. എസ്.സി./എസ്.ടി.യിലെ ചെറിയ ശതമാനത്തിന് മാത്രമേ ഇതിന്റെ ഗുണഫലമുള്ളൂ. 99% വും സംഘടിത സമുദായങ്ങളാണ് ഗുണഭോക്താക്കൾ. കിഫ്ബി പോലുള്ള ഏജന്‍സികളില്‍ നിന്നുള്ള വായ്പകളും (ഏതാണ്ട് 45,000 കോടി) മറ്റ് സ്രോതസ്സുകളും ഉപയോഗിക്കുന്നത് പശ്ചാത്തല വികസനത്തിനാണ്. മാറ്റമില്ലാതെ തുടരുന്ന ഈ യാഥാര്‍ത്ഥ്യത്തില്‍ ഇടപെട്ടുകൊണ്ട് മാത്രമേ എസ്.സി./എസ്.ടി. വികസനത്തില്‍ ദീര്‍ഘകാല മാറ്റമുണ്ടാക്കാനാകൂ.
പഞ്ചായത്ത് രാജ് സംവിധാനവും എസ്.സി./എസ്.ടി. വികസന ഫണ്ടിന്റെ വികേന്ദ്രീകരണവും
എസ്.സി.പി./ടി.എസ്.പി. ഫണ്ടിന്റെ ആദ്യ രണ്ട് ദശകത്തെ അനുഭവം വിലയിരുത്തുന്നതിന് മുന്‍പ് തന്നെ 1995-നോട് കൂടി പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നു. ഭരണതല നയരൂപീകരണത്തില്‍ ഇക്കാലയളവില്‍ എസ്.സി.പി./ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുന്നതോടെ എസ്.സി.പി./ടി.എസ്.പി. നാല് ഗവണ്‍മെന്റുകള്‍ക്കായി വിഭജിക്കപ്പെട്ടു. പഞ്ചായത്ത് രാജിന് ഏതാണ്ട് 45 ശതമാനവും സംസ്ഥാന സര്‍ക്കാരിന് ബാക്കി ശതമാനവും പ്ലാന്‍ ഫണ്ട് വിഭജിക്കപ്പെടുന്നു. പഞ്ചായത്ത് രാജിന് ലഭിക്കുന്നത് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തില്‍ വിഭജിക്കപ്പെടുന്നു.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വിഹിതവും വിനിയോഗത്തിലെ പാളിച്ചകളും
13-ാം പഞ്ചവത്സര കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന തുകയുടെ 70% ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, ഭൂമി എന്നിവയ്ക്ക് വകയിരുത്തി. കോര്‍പ്പസ് ഫണ്ട്, പൂള്‍ഡ് ഫണ്ട് എന്നീ ഇനത്തില്‍ 5.3%, സ്കില്‍ ഡെവലപ്‌മെന്റിന് 4.8%, ഹാബിറ്റാറ്റ് ഡെവലപ്‌മെന്റിന് (കോളനി വികസനം) 4.6%, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വികസനത്തിന് 5.2 ശതമാനവും, അവശേഷിക്കുന്നത് ആരോഗ്യം, സാമൂഹിക നീതി, പശ്ചാത്തല വികസനം തുടങ്ങിയവയ്ക്കും അതിദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് 2.8% മാണ് ചെലവഴിക്കുന്നത്.
എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തില്‍ നിന്നും, സംരംഭകത്വ പദ്ധതികളില്‍ നിന്നും ഏറെ അകലെയാണ് പദ്ധതികളില്‍ നൂറു ശതമാനവും. മൗലികമായ അഴിച്ചുപണി ഇതിന്റെ വിനിയോഗത്തില്‍ അത്യാവശ്യമാണ്. ഒരു പുനഃപരിശോധന ഇല്ലെങ്കില്‍ എസ്.സി./എസ്.ടി. വികസനത്തിന് ഒരു നിയമനിര്‍മ്മാണം ഉണ്ടാകുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല.
വിദ്യാഭ്യാസവും ഹൗസിംഗും
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വിഹിതത്തിന്റെ 30-35% ഭവനനിര്‍മ്മാണത്തിനാണ് നല്‍കുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി നടക്കുന്ന ലൈഫ് പദ്ധതിയില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ഭവനപദ്ധതികള്‍ നടപ്പാക്കി എന്ന് കണക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും, ലൈഫ് പദ്ധതി നടത്തിപ്പില്‍ എസ്.സി./എസ്.ടി. ഘടകപദ്ധതി ഇല്ലാത്തതിനാല്‍ ഫണ്ട് വന്‍തോതിൽ ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നു എന്നാണ് അനുമാനിക്കാന്‍ കഴിയുക. ഇതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിദ്യാഭ്യാസത്തിന് വകയിരുത്തുന്ന തുകയില്‍ കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് (2016 മുതല്‍ 2022 വരെ) ഓരോ വര്‍ഷവും 50% തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ്. അതിനാൽ ഭവനനിർമ്മാണത്തിനും വിദ്യാഭ്യാസത്തിനുമായി വകയിരുത്തുന്ന 70% തുകയുടെ വിനിയോഗം സമഗ്രമായ വിലയിരുത്തലിന് വിധേയമാക്കപ്പെടണം. ഭൂമിക്ക് വേണ്ടി വകയിരുത്തുന്ന തുകയും ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്.
സ്കില്‍ ഡെവലപ്‌മെന്റ്, കോര്‍പ്പസ് ഫണ്ട്
ത്രിതല പഞ്ചായത്ത് രാജ് സംവിധാനം വരുന്നതുവരെ 10% ബജറ്റ് വിഹിതം (എസ്.സി.പി./ടി.എസ്.പി.) വിവിധ വകുപ്പുകള്‍ക്ക് വിനിയോഗത്തിനായി വിഭജിച്ചുനല്‍കുകയാണ് ചെയ്തിരുന്നത്. പകുതിയോളം തുക പഞ്ചായത്ത് രാജിലേക്ക് കൈമാറി തുടങ്ങിയപ്പോള്‍ വികസനാവശ്യങ്ങള്‍ക്കുള്ള തുക കോര്‍പ്പസ് ഫണ്ട്/പൂള്‍ഡ് ഫണ്ട് എന്ന നിലയില്‍ ബ്യൂറോക്രസി (സംസ്ഥാന സര്‍ക്കാര്‍) കൈവശം വെച്ചുവരികയാണ്. ഒട്ടും സുതാര്യമല്ലാതെ നടക്കുന്ന ഈ വിനിയോഗം എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ യഥാർത്ഥ വികസനത്തിന് ഉപകരിക്കുന്നില്ല. അതുപോലെ, സ്‌കില്‍ ഡെവലപ്‌മെന്റ് എന്ന നിലയില്‍ മാറ്റിവെക്കുന്ന തുക നിരവധി ഏജന്‍സികള്‍ക്ക് കൈമാറുകയാണ്. 1995-ന് ശേഷം എത്ര എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് തൊഴില്‍പരമായ നൈപുണ്യം നേടി എന്ന സ്ഥിതിവിവരക്കണക്ക് പ്ലാന്‍ ഡോക്യുമെന്റുകളില്‍ ശേഖരിക്കപ്പെടുന്നില്ല. പ്രസ്തുത ഫണ്ടിന്റെ വിനിയോഗത്തില്‍ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഹാബിറ്റാറ്റ് ഡെവലപ്‌മെന്റ്
പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുന്നതിന് മുന്‍പ് വരെ ഇത് കോളനി വികസനം എന്ന രൂപത്തില്‍ വമ്പന്‍ പദ്ധതിയായി തുടര്‍ന്നിരുന്നു. “കോളനി”കളുടെ പശ്ചാത്തല വികസനത്തിനാണ് ഇത് വിനിയോഗിച്ചുവന്നിരുന്നത്. കോണ്‍ട്രാക്ടര്‍ രാജിന്റെ വികൃതമായ ഒരു മാതൃകയാണിത്. ഇത് സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കേണ്ടതാണ്.
പുതിയൊരു ദിശാബോധം ആവശ്യമാണ്
സര്‍ക്കാര്‍ എസ്.സി./എസ്.ടി. ഫണ്ട് ആക്റ്റ് നടപ്പാക്കണം. സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന തുകയില്‍ കോര്‍പ്പസ് ഫണ്ട്, ഹൗസിംഗ്, സ്കില്‍ ഡെവലപ്‌മെന്റ്, ഹാബിറ്റാറ്റ് ഡെവലപ്‌മെന്റ്, അതിപിന്നോക്കക്കാര്‍ക്ക് വകയിരുത്തുന്ന തുകകളെല്ലാം എസ്.സി./എസ്.ടി. ഫണ്ട് ആക്റ്റിന്റെ സംരക്ഷണത്തോടെ ഒരു നോഡല്‍ ഏജന്‍സിക്ക് കൈമാറണം. വ്യക്തിഗത സ്വയംസംരംഭം (Entrepreneurship) എന്ന സങ്കല്‍പ്പത്തിന്റെ കാഴ്ചപ്പാടിലുള്ള ഒരു വിനിയോഗ രീതിയില്‍ ഇതെല്ലാം പുനഃസംഘടിപ്പിക്കപ്പെടണം. വികസനാവശ്യത്തിനും ഭവനത്തിനും ഭൂമി വാങ്ങുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍, വ്യവസായ പാര്‍ക്കുകള്‍ക്കുള്ള ഭൂമി, പരിശീലനം ലഭിക്കുന്നവര്‍ക്ക് സംരംഭകരാകാനുള്ള പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഒരു നോഡല്‍ ഏജന്‍സി വഴി നടപ്പാക്കണം.
വിദ്യാഭ്യാസ ചെലവുകള്‍ക്കായി പുതിയ കാലമനുസരിച്ച് മാറ്റം വരുത്തുകയും, വര്‍ദ്ധനവ് വരുത്തുകയും ചെയ്യുക. വിദ്യാഭ്യാസത്തിനുള്ള വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കുകയും ഇ-ഗ്രാന്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തുകയും ചെയ്യുക.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള തുക വകയിരുത്തല്‍
ഇതിനായി ഒരു മിഷന്‍ രൂപീകരിക്കുകയും, പ്രസ്തുത ദൗത്യത്തിനായി തുക കൈമാറുകയും ചെയ്യുക.
പഞ്ചായത്ത് രാജിലെ വിനിയോഗം
എസ്.സി.പി./ടി.എസ്.പി. തുകയില്‍ വികസനാവശ്യത്തിനുള്ള തുക (ഉല്‍പ്പാദനപരമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി) നേരത്തെ പരാമര്‍ശിച്ച നോഡല്‍ ഏജന്‍സിയുടെ ജില്ലാ/റീജിയണല്‍ ഘടകത്തിലൂടെ ഏകോപിപ്പിക്കുകയും ചെലവഴിക്കുകയും ചെയ്യുക. മൂന്ന് പഞ്ചായത്തുകളുടെയും പ്രോജക്റ്റുകള്‍ നോഡല്‍ ഏജന്‍സി വഴി ഏകോപിപ്പിക്കാന്‍ കഴിയും. വികസനാവശ്യത്തിനുള്ള ഭൂമി ലഭിക്കാന്‍ SEZ മാതൃകയില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് വേണ്ടി ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. (സര്‍ക്കാര്‍ ഭൂമി നല്‍കുകയോ, വിലകൊടുത്തു വാങ്ങുകയോ ചെയ്യുക.)
നോണ്‍ പ്ലാന്‍ ഫണ്ട് നീതിയുക്തമായി ഉപയോഗിക്കുക
എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന എല്ലാ പശ്ചാത്തല വികസന പരിപാടികള്‍ക്കും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തുക; ഭവന നിര്‍മ്മാണത്തിനുള്‍പ്പെടെ നോണ്‍ പ്ലാന്‍ ഫണ്ട് വകയിരുത്തുക. സര്‍വ്വീസ്-സേവന മേഖലയിലെ പ്രാതിനിധ്യം ആനുപാതികമാക്കാന്‍ എയ്ഡഡ് മേഖല നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക; പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക. എസ്.സി./എസ്.ടി. വകുപ്പില്‍ 50% എസ്.സി./എസ്.ടി. വിഭാഗങ്ങളെ നിയമിക്കുക. പഞ്ചായത്ത് രാജ് സര്‍വ്വീസ് നടപ്പാക്കുക; പഞ്ചായത്തില്‍ ഒരു നിര്‍ദ്ദിഷ്ട ശതമാനം എസ്.സി./എസ്.ടി. വിഭാഗങ്ങളെ നിയമിക്കുക. പ്രമോട്ടര്‍/സോഷ്യൽ വര്‍ക്കര്‍ വോളന്റിയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഓഫീസര്‍/ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്ന തസ്തികയുണ്ടാക്കുക. പെസ (PESA) നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രാദേശിക ഭരണ സംവിധാനത്തില്‍ നിയമനങ്ങള്‍ ഉറപ്പുവരുത്തുക; ഇതിനായി ഭരണപരിഷ്കാര കമ്മീഷനെ പ്രത്യേകം ചുമതലപ്പെടുത്തുക. ഒരു നിയമനിര്‍മ്മാണത്തിന്റെ (SC/ST Development Act) പിന്‍ബലത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ പരിവര്‍ത്തനം സാധ്യമാകൂ.