Author Image ആർ. അനിരുദ്ധൻ

അടിമവ്യാപാര നിരോധന വിളംബരം: ചരിത്രവും വർത്തമാനവും

സാമൂഹ്യ പരിഷ്കരണ ചരിത്രത്തിലെ  നാഴികക്കല്ലാണ് 1855-ലെ അടിമവ്യാപാര നിരോധന വിളംബരം. എങ്കിലും, അടിമത്തം അനുഭവിച്ചിരുന്ന ജനതയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പിന്നോക്കാവസ്ഥ ഇപ്പോഴും ഏറെ പിന്നിലാണ്. ഇതിന് സത്വര പരിഹാരം കാണാൻ അന്തർദേശീയ മാതൃകകളെ അനുകരിച്ച് ഇന്ത്യയിലും നിയമനിർമാണം നടത്തേണ്ടതുണ്ട്. വിവിധ രൂപങ്ങളിൽ അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങൾക്ക് നഷ്ടപരിഹാരം (reparation) നൽകാൻ വിവിധ രാജ്യങ്ങളിൽ പദ്ധതികൾ ആവിഷ്ക്കരിച്ചതുപോലെ കേരളത്തിലും പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കേരള സംസ്ഥാന സർവവിജ്ഞാനകോശം മുൻ അസി. എഡിറ്ററും എഴുത്തുകാരനുമായ ആർ. അനിരുദ്ധൻ എഴുതുന്നു.

ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിൻ്റെ പിതാവ് മഹാത്മ ജ്യോതിറാവു ഫൂലെ (1827- 890) കൊളോണിയലിസത്തിനുള്ളിലെ കൊളോണിയലിസം എന്നു വിശേഷിപ്പിച്ച ബ്രാഹ്മണിസം സൃഷ്ടിച്ച സാമൂഹിക-അടിമത്ത ദുരന്തങ്ങളിൽ നിന്നും കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് വഴിതിരിച്ചുവിട്ട അടിമവ്യാപാര നിരോധന വിളംബരത്തിന് 2025-ൽ 170 വയസ്സ് പൂർത്തിയാവുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഉദയം മുതൽ ഇന്നാട്ടിൽ പ്രവർത്തനം തുടങ്ങിയ പ്രൊട്ടസ്റ്റൻ്റ്  ക്രിസ്ത്യൻ മിഷണിമാരുടെയും റസിഡൻ്റ് ഉൾപ്പടെയുള്ള ബ്രിട്ടീഷ് കമ്പനി ഭരണകർത്താക്കളുടെയും സമയോചിതമായ പ്രവർത്തനങ്ങളുടെയും സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി 1855-ൽ ഉണ്ടായ അടിമവ്യാപാര നിരോധന വിളംബരം ഇപ്പോഴും കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളിൽ ഒന്നായി വിസ്മൃതിയിലാണ്ടുകിടക്കുകയാണ്.  

ബ്രാഹ്മണാധിപത്യത്തിൻ്റെയും അടിമത്വത്തിൻ്റെയും കെടുതികളിൽ നിന്നും കേരളീയ ജനതയെ ആധുനിക സാമൂഹ്യ രൂപീകരണ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിനും സാമൂഹ്യ നവോത്ഥാനത്തിൻ്റെയും പൗരാവകാശ മുന്നേറ്റങ്ങളുടെയും ഒരു പുതിയ ജനാധിപത്യ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നതിനും വഴിതുറന്ന പ്രസ്തുത വിളംബരത്തിന് വഴിതെളിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം അടിമജാതികളെന്ന പേരിൽ സവർണ്ണരാലും നാടുവാഴിത്ത ദുഷ്പ്രഭുത്വത്താലും രാജവാഴ്ചയാലും നൂറ്റാണ്ടുകൾ അടിച്ചമർത്തപ്പെട്ടിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ  സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹ്യ വിമോചന മുന്നേറ്റത്തിലെ സുപ്രധാനവും നിർണായകവുമായൊരു നാഴികക്കല്ലായിരുന്നു. നിയതാർഥത്തിൽ കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹിക വിമോചന മുന്നേറ്റ പ്രസ്ഥാനം ഉരുവം കൊള്ളുന്നത് ഇന്നാട്ടിൽ നിലനിന്നിരുന്ന അടിമത്തത്തിനും അടിമവ്യാപാരത്തിനുമെതിരെ കലാപത്തിലേർപ്പെട്ടുകൊണ്ടായിരുന്നു എന്നു നിരീക്ഷിക്കാവുന്നതാണ്.

ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്പെട്ട ബ്രാഹ്മണാധിപത്യത്തിൻ്റെയും രാജവാഴ്ചയുടെയും ചാതുർവർണ്യാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയുടെയും പരിണിത ഫലമായാണ് കേരളത്തിൽ അടിമത്തം രൂപപ്പെട്ടുവന്നിട്ടുള്ളത് എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ബ്രാഹ്മണിസം ത്രൈവർണികർക്ക് സമ്പത്തും അധികാരവും ശ്രേഷ്ടതയും വിഭാവനം ചെയ്യുകയും ഇന്നാട്ടിലെ ആദിമജനതയെ അപ്പാടെ  അപരിഷ്കൃതരും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും  സർവോപരി കാർഷിക അടിമകളുമായി അടിച്ചമർത്തുകയും ചെയ്തു. അവരെ കന്നുകാലികൾക്കും കൃഷിഭൂമിക്കുമൊപ്പവും അല്ലാതെയും "വിൽക്കുകിൽ വിൽക്കുവാനും കൊല്ലുകിൽ കൊല്ലുവാനും" എന്ന അലിഖിത അധികാരമേധാവിത്വധാർഷ്ഠ്യത്തോടെ ക്രയവിക്രയം ചെയ്യാൻ ആരംഭിക്കുകയും ചെയ്യന്നതോടുകൂടിയാണ് ഇതിൻ്റെ തുടക്കം. അടിസ്ഥാന ജനവിഭാഗങ്ങളെ അവർ ചവിട്ടിനിന്ന മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെട്ടതിൻ്റെ തുടക്കം കൂടിയാണ് കേരളത്തിൻ്റെ  അടിമത്തചരിത്രം. 

ബ്രഹ്മസം, ദേവസ്വം, ചേരിക്കൽ തുടങ്ങിയ ഭൂവുടമ അധികാരങ്ങളിലൂടെയും കേരളോല്ത്തി, കേരളമാഹാത്മ്യം പോലുള്ള ബ്രാഹ്മണികകല്പിത കെട്ടുകഥകളിലൂടെയും കേരളത്തിൻ്റെ മണ്ണിനെയും  സമൂഹത്തെയും  കീഴടക്കിയ ചാതുർവർണ്യക്കാർ ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളെ കാർഷിക അടിമകളായി മാറ്റി. ഈ അടിമജാതി മനുഷ്യരുടെ കായികാദ്ധ്വാനത്തെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു ചാതുർവർണ്യക്കാർ സമ്പത്തികവ്യവസ്ഥയെ  പരിപോഷിപ്പിച്ചു പോന്നത്. ഒന്നാം ചേരസാമ്രാജ്യത്തിൻ്റെ പതനാനന്തരം ചരിത്രത്തിൻ്റെ വിവിധ കാലഘട്ടങ്ങളിൽ  തിരുവിതാംകൂർ എന്നും കൊച്ചിയെന്നും മലബാറെന്നും മൂന്നായി വിഭജിക്കപ്പെട്ടുകിടന്നിരുന്ന കേരളത്തിൻ്റെ സമ്പദവ്യവസ്ഥ മുഖ്യമായും  കാർഷികവൃത്തിയിൽ കേന്ദ്രീകൃതമായിരുന്നതിനാൽ കാർഷിക അടിമത്തം നിലനിർത്തേണ്ടത് രാജാക്കന്മാരുടെയും നാടുവാഴികളുടെയും നാട്ടുപ്രമാണിമാരുടെയും സർവോപരി ഭൂവുടമകളുടെയും ആവശ്യമായിരുന്നു. പില്ക്കാലത്ത് ജാതിവ്യവസ്ഥയും രാജഭരണവും നാടുവാഴിത്തവും ജന്മിത്തത്തിന് വിത്തുപാകിയപ്പോഴും കാർഷിക അടിമത്തവും തത്ജന്യമായ അടിമ ജാതികളുടെ ക്രയവിക്രയവും അതേപടി നിലനിർത്തുവാൻ സവർണമേധാവിത്വം ജാഗ്രത പുലർത്തിയിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിൻ്റെ ഉദയം വരേക്കും അടിമജാതികളായി കണക്കാക്കപ്പെട്ടിരുന്ന ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നിരാലംബരും അശരണരരും  അടിമകളുമായി തന്നെ ജീവിതം തുടരേണ്ടി വന്നു. 

തിരുവല്ലയിലെ ഇരവിപേരൂരിൽ സ്ഥിതി ചെയ്യുന്ന പി.ആർ.ഡി.എസ്. ആസ്ഥാനത്തെ അടിമവ്യാപാര നിരോധന വിളംബര സ്മാരകം.

പുരാതന കാലത്ത് റോമിലും ഈജിപ്റ്റിലും മറ്റും നിലനിന്നിരുന്ന അടിമത്തത്തിൽ നിന്നും കൊളോണിയൽ കാലഘട്ടത്തിൽ കൊളോണിയൽ അധിനിവേശത്തിൻ്റെ ഫലമായി രൂപപ്പെട്ട അടിമത്തത്തിൽ നിന്നും തികച്ചും വ്യത്യസ്തവും അതിപ്രാകൃതവും നിഷ്ഠൂരവുമായിരുന്നു ജാതികേന്ദ്രീകൃതമായി രൂപപ്പെട്ടതും നൂറ്റാണ്ടുകളോളം കേരളത്തിലെ ആദിമജന വിഭാഗങ്ങളെ ചങ്ങലക്കിട്ടതുമായ ഇവിടത്തെ അടിമത്തം. അതിൻ്റെ ചട്ടവ്യവസ്ഥകൾ അലിഖിതമായിരുന്നെങ്കിലും അവയെല്ലാം തന്നെ മനസ്മൃതി അനുശാസിക്കുന്ന ബ്രാഹ്മണിക നിയമവ്യവസ്ഥക്കും ജാതി കീഴ്വഴക്കങ്ങൾക്കും അനുസൃതമായിട്ടായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. രാജഭരണകാലത്തെ എഴുത്തുകുത്തുകളിലും ചരിത്രരേഖകളിലും മിഷണറി രേഖകളിലും മറ്റും അടിമകളെ പൊതുവേ അടിമജാതികൾ (sIave castes) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അവർക്ക് മനുഷ്യർ എന്ന നിലയിലുള്ള യാതൊരുവിധ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സവർണ്ണർ അനുവദിച്ചിരുന്നില്ല എന്നു മാത്രമല്ല, ജനനം മുതൽ മരണം വരെ ആജീവനാന്ത  അടിമകളായി ജീവിക്കാനും നിർബന്ധിതരുമായിരുന്നു. അടിസ്ഥാന പൗരാവകാശങ്ങളായ സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്ര്യം, ഭക്ഷണ സ്വാതന്ത്ര്യം, പാർപ്പിട സ്വാതന്ത്ര്യം, ഭാഷാ സ്വാതന്ത്ര്യം, മൂലധന സ്വാതന്ത്ര്യം, നിയമപരിരക്ഷാ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടിരുന്നതിനാൽ ജീവിതത്തിലുടനീളം അടിമകളായി തന്നെ ജീവിതം തള്ളിനീക്കാൻ ഇവർ വിധിക്കപ്പെട്ടിരുന്നു. 

നല്ല വസ്ത്രം, നല്ല പാർപ്പിടം, നല്ല ജിവിതം ഇവയൊന്നും അടിമജാതികൾക്ക് അനുവദിക്കപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല ഇതൊന്നും സ്വപ്നം കാണാൻ പോലും അവർക്ക് കഴിഞ്ഞിരുന്നതുമില്ല. മറ്റൊരു ജീവിതം സാധ്യമാണെന്നു പോലും അവർക്ക് വിശ്വസിക്കാനാവുമായിരുന്നില്ല. അടിമജാതികൾ കന്നുകാലികൾക്കും കൃഷിഭൂമിക്കുമൊപ്പം ചരക്കുകൾ കണക്കെ വിപണിയിലും അല്ലാതെയും  യഥേഷ്ടം ക്രയവിക്രയം ചെയ്തു പോന്നു. "വിൽക്കുവിൽ വിൽക്കുവാനും കൊല്ലുകിൽ കൊല്ലുവാനും" അനുവദിനീയമായ കീഴ്വഴക്കങ്ങളാണ് അടിമകളുടെ ക്രയവിക്രയത്തിൽ  അക്കാലത്ത് നിലനിന്നിരുന്നത്. സവർണ ജാതികളെ അനുകരിക്കാത്ത വിധത്തിൽ അടിമജാതിക്കാർ ജീവിതം തള്ളിനീക്കണമെന്നായിരുന്നു നിയമം. അവർ കൃഷിഭൂമിയോട് ചേർന്ന് ചെറ്റമാടങ്ങളിൽ കഴിയണമെന്നും ജോലിക്ക് കൂലി ചോദിക്കാൻ പാടില്ലെന്നും കൃഷിഭൂമി കൈവശംവയ്ക്കാൻ പാടില്ലെന്നും വെള്ളിയോ സ്വർണമോ കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കാൻ പാടില്ലെന്നുമുള്ള ജാതി നിയമങ്ങൾ പരക്കെ നിലനിന്നിരുന്നതിനാൽ സാമൂഹ്യസ്വാതന്ത്ര്യം അസാധ്യമായിരുന്നു. അടിമജാതികളായി ജനിച്ചവർ അടിമജാതികളായി തന്നെ ജീവിതം തള്ളിനീക്കണമായിരുന്നു. അടിമകളുടെ സന്താനങ്ങളും ആജന്മ അടിമകളായിരുന്നു. 

പറയർ, കുറവർ, പുലയർ, വേട്ടുവർ തുടങ്ങി സവർണജാതിക്കാർ തൊട്ടുകൂടാത്തവരായി സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരെയായിരുന്നു പൊതുവേ അടിമജാതികളായി ക്രയവിക്രയം നടത്തിയിരുന്നത്. സവർണരോ, നാടുവാഴികളോ, സുറിയാനി ക്രിസ്ത്യാനികളോ ഒക്കെയായിരുന്നു അടിമകളുടെ ഉടമസ്ഥർ. രാജഭരണകാലത്ത് തിരുവിതാംകൂറിൽ പണ്ടാരവകയിൽ പതിനായിരത്തിലധികം അടിമകളുണ്ടായിരുന്നതായി റോബിൻ ജെഫ്രി "നായർ മേധാവിത്വത്തിൻ്റെ പതനം" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് അടിമകളുടെ മോചനം ആവശ്യപ്പെട്ട് നിവേദനവുമായി രാജാവിനെ സമീപിച്ച മിഷണറിമാരോട് അടിമകളെ മോചിപ്പിച്ചാൽ തിരുവിതാംകൂറിൻ്റെ കാർഷിക സമ്പദ്ഘടന തന്നെ തകർന്നടിയും എന്ന വിചിത്രവാദം ഉന്നയിച്ചിരുന്നതായും റോബിൻ ജെഫ്രി തുടർന്ന് രേഖപ്പെടുത്തി കാണുന്നു. 

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ആധിപത്യകാലഘട്ടത്തിൽ ഇവിടെ നിലനിന്നിരുന്ന ആഭ്യന്തര അടിമവ്യാപാരം ശക്തമാവുകയും ആഗോള അടിമവ്യാപാര ശൃംഖലയുടെ ഭാഗമാക്കി മാറ്റപ്പെടുകയും ചെയ്തതായി ഡോ. വിനിൽ പോളിനെ പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. 1863-ൽ പ്രസിദ്ധീകരിച്ച The land of Perumals എന്ന ഗ്രന്ഥത്തിൽ ഫ്രാൻസിസ് ഡേ കൊച്ചി രാജ്യത്ത് നിലനിന്നിരുന്ന വിവിധതരത്തിലുള്ള അടിമസമ്പ്രദായങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മിഷണറിമാരുടെ കത്തിടപാടുകളും എഴുത്തുകളുമാണ് അടിമജാതികളുടെ അതിദയനീയമായ ജീവിതാവസ്ഥയെ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു ആധികാരിക രേഖ. കേരളത്തിൽ നിലനിന്നിരുന്ന ജാത്യാധിഷ്ഠിത അടിമത്തത്തിൻ്റെ ചരിത്രം വിശദീകരിക്കുന്ന മറ്റൊരു രചന ഡോ. സനൽ മോഹൻ്റെ Modernity of Slavery ആണ്. 

തിരുവിതാംകൂറിൽ ജന്മം, കാണം, പാട്ടം എന്നിങ്ങനെ മൂന്ന് തരത്തിലായിരുന്നു അടിമജാതികളെ ക്രയവിക്രയം നടത്തിയിരുന്നത്. അടിമകളെ ക്രയവിക്രയം നടത്തിയിരുന്നവർ നിശ്ചിതകരം ഒടുക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. അടിമജാതികളുടെ വാസസ്ഥലങ്ങളെ മാടം എന്നും അവരുടെ ഭക്ഷണത്തെ കരിക്കാടി എന്നുമാണ് വിളിച്ചിരുന്നത്‌. അവരുടെ ഭാഷയെ നീച ഭാഷയായാണ് കണക്കാക്കിയിരുന്നത്. ഉടമസ്ഥനോട് നേർക്കുനേർ നിന്നു സംസാരിക്കാനോ കൂലി ചോദിക്കുവാനോ അടിമകൾക്ക് കഴിഞ്ഞിരുന്നില്ല. പൊതുവഴികളും പൊതുവിടങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. മാത്രമല്ല വിചിത്രമായ നിരവധി കരങ്ങളും അടിമജാതികൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്നു. അടിമകൾ തലമുടിക്കും മീശക്കും മാറിടത്തിനും വരെ കരം ഒടുക്കണമായിരുന്നു. വിലക്കുകൾ ലംഘിക്കുന്ന അടിമകളെ മർദ്ദിക്കുവാനും കൊല്ലുവാൻ വരെയും ഉടമസ്ഥർക്ക് അധികാരമുണ്ടായിരുന്നു. ചിത്രവധം, ആനയെക്കൊണ്ട് ചവിട്ടികൊല്ലിക്കൽ, വയൽ മടകളിൽ ചവിട്ടിതാഴ്ത്തൽ, ബലിയർപ്പിക്കൽ തുടങ്ങിയ ശിക്ഷാവിധികൾ വ്യാപകമായി നടപ്പിലാക്കിയിരുന്നു.  

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ച പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമായാണ് ഇന്നാട്ടിലെ അടിമജാതികളുടെ സാമൂഹ്യ ജീവിതത്തിൽ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങുന്നത്. കേരളത്തിൽ  രാജവാഴ്ചയുടെ സംരക്ഷണത്തിൽ  തഴച്ചുവളർന്ന ജാതിവ്യവസ്ഥക്ക് കീഴിൽ  അടിമത്തം നിലനിൽക്കുന്നുണ്ടെന്നും അവരുടെ സാമൂഹ്യസ്ഥിതി വളരെ ശോചനീയമാണെന്നും അടിമകളെ മോചിപ്പിച്ച് അവർക്ക് വിദ്യാഭ്യാസം നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ആദ്യമായി ചിന്തിച്ചതും അതിനു വേണ്ടി പ്രവർത്തിച്ചതും മിഷണറിമാരായിരുന്നു. അടിമജാതികളുടെ സാമൂഹ്യ ജീവിതനിലവാരത്തെപ്പറ്റി നേരിട്ട് മനസ്സിലാക്കിയ മിഷണറിമാർ അടിമ ജാതിയിൽപ്പെട്ട കുട്ടികൾക്ക് മിഷണറി സ്കൂളുകളിൽ പ്രവേശനം നൽകിയും അടിമകളെ വില കൊടുത്തു വാങ്ങിയും മോചിപ്പിച്ചു കൊണ്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ്  സാമൂഹ്യമോചനം സ്വപ്നംകണ്ട അടിമജാതികളിൽ നല്ലൊരു ശതമാനം പേർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങുന്നത്. തിരുവിതാംകൂർ ഭരണാധികാരികൾക്കും റസിഡൻ്റിനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനി അധികാരികൾക്കും മദ്രാസ് ഗവൺമെൻ്റിനും തുടരെത്തുടരെ നിവേദനങ്ങൾ നൽകികൊണ്ടായിരുന്നു മിഷണറിമാർ തിരുവിതാംകൂറിൽ അടിമ വിമോചന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 

1795-ലെയും 1805-ലെയും ഉടമ്പടികൾ പ്രകാരം തിരുവിതാംകൂറിൽ റസിഡൻ്റ് ഭരണം നിലവിൽ വന്നത് മിഷണറിമാരുടെ പ്രവർത്തനങ്ങൾക്ക് അനുകൂല ഘടകമായിരുന്നു. 1805-ൽ കേണൽ മൺട്രോ റസിഡൻ്റായിരിക്കെ മിഷണറിമാർ നടത്തിയ ഇടപെടലുകളുടെ ഫലമായി 1812-ൽ റാണി ലക്ഷമി ഭായിയുടേതായി പുറപ്പെടുവിക്കുന്നതാണ് അടിമവ്യാപാര നിരോധനത്തെ സംബന്ധിക്കുന്ന ആദ്യത്തെ വിളംബരം. കൃഷിഭൂമിയുമായി ബന്ധപ്പെട്ട അടിമകൾ ഒഴികെ അടിമകളുടെ ക്രയവിക്രയം നിരോധിച്ചുകൊണ്ടുള്ള ഈ വിളംബരം പക്ഷേ നാടുവാഴികളുടെയും മാടമ്പിമാരുടെയും ജന്മികളുടെയും എതിർപ്പിനെത്തുടർന്ന് ജലരേഖയായി തന്നെ അവശേഷിച്ചു. 1815-ലെ മറ്റൊരു വിളംബരത്തിലൂടെ തലയാര, വലയാര തുടങ്ങിയ കരങ്ങളും ഈഴവർ ഉൾപ്പെടെയുള്ള കീഴ്ജാതിക്കാർക്ക് കുട, ചെരിപ്പ്, കമ്മൽ എന്നിവ ധരിക്കുന്നതിൽ നിലനിന്നിരുന്ന നിരോധനവും  മാറ്റി. എങ്കിലും സവർണർക്ക് അടിമജാതികളോടുള്ള മനോഭാവത്തിൽ മാറ്റം വന്നില്ല. അവർ അടിമകളെ യഥേഷ്ടം വിൽക്കുകയും വാങ്ങുകയും ചെയ്തു പോന്നു. എന്നാൽ മിഷണറിമാർ അടിമവ്യാപാരം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള തങ്ങളുടെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അവർ റസിഡൻ്റ് മുഖേന ദിവാനും കമ്പനി അധികാരികൾക്കും മദ്രാസ് ഗവൺമെൻ്റിനും നിരന്തരം നിവേദനങ്ങൾ  നൽകികൊണ്ടിരുന്നു. 

1843-ൽ കമ്പിനി ഭരണകൂടം ബ്രിട്ടീഷ് ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കുന്നതിൻ്റെ ഭാഗമായി അടിമകളെ കൈവശംവെക്കുന്നവരെ ശിക്ഷിക്കുന്ന ഒരു നിയമം വൈസ്രോയിയുടെ കൗൺസിൽ പാസ്സാക്കി. എന്നാൽ ഈ നിയമം സ്വതന്ത്ര രാജ്യമായിരുന്ന തിരുവിതാംകൂറിന് ബാധകമായിരുന്നില്ല. 1847-ൽ മിഷണറിമാർ മറ്റൊരു നിവേദനം റസിഡൻ്റ്‌ മുഖാന്തിരം ഉത്രം തിരുനാൾ രാജാവിന് നൽകി. അടിമത്തനിരോധനത്തെ സംബന്ധിച്ച്‌ ബംഗാൾ ഗവൺമെൻറ് പാസ്സാക്കിയ നിയമത്തിന് സമാനമായൊരു നിയമം തിരുവിതാംകൂറിലും നടപ്പിലാക്കണം എന്നതായിരുന്നു നിവേദനത്തിൻ്റെ ഉള്ളടക്കം. ചില പ്രത്യേക കാരണങ്ങളാൽ ഇപ്പോൾ അടിമവ്യാപാരം നിരോധിക്കാനാവില്ലെന്നും അടിമകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ ചില നടപടികൾ സ്വീകരിക്കാമെന്നുമായിരുന്നു ദിവാൻ്റെ മറുപടി. ദിവാൻ്റെ മറുപടിയിൽ പ്രകോപിതനായ റസിഡൻ്റ് ജനറൽ കല്ലൻ 1843-ലെ നിയമം പിന്തുടരാനും അടിമത്തവും അടിമവ്യാപാരവും നിരോധിക്കാനും ദിവാന് കർശന നിർദ്ദേശം നൽകി. അല്ലാത്തപക്ഷം രൂക്ഷമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. മാത്രമല്ല അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ മദ്രാസ് ഗവൺമെൻ്റിൻ്റെ ഇടപെടലും റസിഡൻ്റ് ഉറപ്പ് വരുത്തി. ഗത്യന്തരമില്ലാതെ 1853-ൽ അടിമത്തം ഭാഗികമായി  നിർത്തലാക്കികൊണ്ടുള്ള ഒരു പ്രഖ്യാപനം ഉണ്ടായി. എന്നാൽ ഈ പ്രഖ്യാപനത്തിലും അടിമത്തവും അടിമക്കച്ചവടവും നിലനിർത്തുന്നതിന് നിരവധി പഴുതുകളുണ്ടായിരുന്നു. ഇതിനെതിരെ റസിഡന്റും മദ്രാസ് ഗവൺമെൻ്റും ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയതോടെ തിരുവിതാംകൂർ ഭരണകൂടം വീണ്ടും പ്രതിസന്ധിയിലായി. ഗത്യന്തരമില്ലാതെ 1855 ജൂൺ 24-ന് തിരുവിതാംകൂറിൽ അടിമത്തം പൂർണമായി നിരോധിച്ചു കൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കൊച്ചിയിലും അടിമവ്യാപാര നിരോധന വിളംബരം ഉണ്ടായി. 

നമ്മുടെ സാമൂഹ്യ പരിഷ്കരണ ചരിത്രത്തിലെ നിർണായകമായ നാഴികല്ലാണ് 1855-ലെ വിളംബരം. എങ്കിലും പിന്നെയും പതിറ്റാണ്ടുകളോളം അടിമത്തത്തിൻ്റെ കെടുതികൾ അടിമ ജാതികളെ വേട്ടയാടികൊണ്ടിരുന്നു. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്നതിനാൽ അടിമജാതികളായി പരിഗണിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങൾക്ക് ദീർഘകാലം പിന്നെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നീതി നിഷേധിക്കപ്പെട്ടവരുമായി സമൂഹത്തിൻ്റെ ഓരങ്ങളിൽ തന്നെ കഴിയേണ്ടി വന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഉദയവും വൈകുണ്ഠസ്വാമികളുടെയും നാരായണ ഗുരുവിൻ്റെയും മഹാത്മ അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചൻ്റെയും മറ്റും നേതൃത്വത്തിലും ചിന്താധാരകളിലും രൂപംകൊണ്ട അധ:സ്ഥിത നവോത്ഥാന മുന്നേറ്റങ്ങളുമായിരുന്നു പിൽക്കാലത്ത് അടിമജാതികളായി കണക്കാക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യജീവിതത്തിൽ മാറ്റം സൃഷ്ടിക്കാൻ ചാലകശക്തിയായി മാറിയത്. 1950 ജനുവരി 26- ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന തൊട്ടുകൂടായ്മ നിയമം മൂലം നിരോധിക്കുകയും തൊട്ടുകൂടാത്തവരായി കണക്കപ്പെട്ടിരുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരിരക്ഷകൾ ഉറപ്പുവരുത്തുകയും ചെയ്തതോടെ സാമൂഹ്യ വിമോചനത്തിൻ്റെതായ പുതുയുഗം തന്നെ കുറിക്കപ്പെട്ടു. എങ്കിലും നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളുടെ പിൻതലമുറക്കാരുടെ പിന്നോക്കാവസ്ഥ ഇനിയും പൂർണമായും മാറിയിട്ടില്ല എന്നു മാത്രമല്ല അവർ ഇപ്പോഴും സമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുമാണ്. 

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലഘട്ടങ്ങളിലാണ് അടിമത്തം നിരോധിക്കുന്നതിനും അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളുടെ പിൻതലമുറക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമുളള ശ്രമങ്ങൾ ആരംഭിക്കുന്നത്. 1926-ൽ ലീഗ് ഓഫ് നേഷൻസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സ്ലേവറി കൺവെൻഷൻ അടിമത്തത്തിൻ്റെ എല്ലാ രൂപങ്ങളെയും അടിച്ചമർത്താൻ അംഗരാജ്യങ്ങൾ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 1948-ലെ യു.എൻ  അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 8 അടിമത്തത്തിൻ്റെ എല്ലാ രൂപങ്ങളെയും നിരോധിച്ചു. തുർന്ന് 1956-ൽ അടിമത്തം, അടിമവ്യാപാരം, അടിമത്തത്തിന് സമാനമായ ഇതര സ്ഥാപനങ്ങൾ എന്നിവ നിർത്തലാക്കുന്നത് സംബന്ധിച്ച സപ്ലിമെൻ്ററി കൺവെൻഷനും യു.എൻ. പസ്സാക്കി. എങ്കിലും അടിമത്തത്തിൻ്റെ ആധുനിക രൂപങ്ങൾ ലോകത്ത് ഇപ്പോഴും  നിലനിൽക്കുന്നുണ്ട്. 
                  
പരമ്പരാഗതമായും കൊളോണിയൽ ആധിപത്യത്തിൻ്റെ ഫലമായും വിവിധ കാലഘട്ടങ്ങളിൽ വിവിധ രൂപങ്ങളിൽ അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങൾക്ക് നഷ്ടപരിഹാരം (reparation) നൽകാൻ നിലവിൽ വിവിധ രാജ്യങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൻ്റെ വ്യാപ്തി സാമ്പത്തിക സഹായം, ഭൂമി, വിദ്യാഭ്യാസ പരിപാടി, ആരോഗ്യ സംരക്ഷണ പരിപാടി, ചരിത്രപരമായ ഔദ്യോഗിക ക്ഷമാപണ പ്രഖ്യാപനം തുടങ്ങിയവയെ പ്രതിനിധാനം ചെയ്യുന്നു. കരീബിയൻ രാജ്യങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്, ആഫ്രിക്കൻ യൂണിയൻ എന്നിവിടങ്ങളിലാണ് അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള റാപ്പറേഷൻ പദ്ധതികൾ നിലവിലുള്ളത്. കരീബിയൻ രാജ്യങ്ങളിൽ ഇതിനായി പ്രത്യേക കമ്മീഷൻ (CARICOM reparation commission) തന്നെ പ്രവർത്തിക്കുന്നുണ്ട്. അടിമക്കച്ചവടത്തിൻ്റെയും കോളനിവത്ക്കരണത്തിൻ്റെയും അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. കൂടാതെ ഔദ്യോഗിക ക്ഷമാപണം, വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികൾ, ആരോഗ്യ രംഗത്തെ പിന്തുണ, സാമ്പത്തിക സഹായം എന്നിവ ഉൾപ്പടെ പത്തു ഇന പരിപാടികളും കമ്മീഷൻ  മുന്നോട്ട് വയ്ക്കുന്നു.                                                      

ഫെഡറൽ തലത്തിൽ നഷ്ടപരിഹാരം നൽകാൻ നിയമനിർമ്മാണം നടത്തുക എന്ന ആവശ്യം യുണൈറ്റഡ് സ്റ്റേറ്റിൽ ശക്തമാണ്. അമേരിക്കയിലെ ആഫ്രോ അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരാണ് ഇതിനു വേണ്ടി ശബ്ദമുയർത്തുന്നത്. ആഫ്രിക്കൻ സമൂഹത്തിന് പ്രത്യേക ഫണ്ടുകളും വിദ്യാഭ്യാസ പിന്തുണയും നൽകുന്ന പദ്ധതികളും യു.എസ്സിൽ സജീവമാണ്. യു.കെയിൽ അടിമത്തം നിർത്തലാക്കിയപ്പോൾ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും അതു ലഭിച്ചത് അടിമകൾക്കായിരുന്നില്ല, മറിച്ച് അടിമകളുടെ ഉടമകൾക്കായിരുന്നു. ഇതു മനസ്സിലാക്കിയ യു.കെയിലെ ചില സ്ഥാപനങ്ങളും സർവകലാശാലകളും സമീപകാലത്തായി കരീബിയൻ രാജ്യങ്ങളിലെ ചില ഗവേഷണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. നെതർലാൻഡിലും നഷ്ടപരിഹാരം നൽകാനുള്ള നിർദ്ദേശം പഠിക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു. ആഫ്രിക്കൻ യൂണിയനിലാകട്ടെ അടിമക്കച്ചവടത്തിൻ്റെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനായി ഒരു ആഗോള റിപ്പറേഷൻ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ സജീവമാണ് . ചുരുക്കത്തിൽ ആധുനിക ലോകം അടിമത്തത്തിൻ്റെ ഫലമായി ദുരിതം അനുഭവിക്കേണ്ടി വന്ന ജനവിഭാഗങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു സാരം. അടിമത്തം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാനും അവരെ പുനരധിവസിപ്പിക്കാനും യു.എന്നിൻ്റെ നേതൃത്വത്തിൽ  അന്തർദേശീയ തലത്തിൽ തന്നെ ആഗോള കൺവെൻഷനും സമയോചിതമായ ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലാകട്ടെ നൂറ്റാണ്ടുകൾ അടിമത്തത്തിന് വിധേയമായിരുന്ന ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥക്ക് ഇനിയും പരിവർത്തനം ഉണ്ടായിട്ടില്ല. അടിമത്തവും അടിമവ്യാപാരവും ജാതീയവും വംശീയവുമായ അടിച്ചമർത്തലും ഈ വിഭാഗങ്ങൾക്കു മേൽ ചെലുത്തിയ ആഘാതമാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം. ഇതിന് സത്വര പരിഹാരം കാണാൻ അന്തർദേശീയ മാതൃകകളെ അനുകരിച്ച് ഇന്ത്യയിൽ നിയമനിർമ്മാണം നടത്തുകയും നഷ്ടപരിഹാരം പദ്ധതികളായി ആവിഷ്‌ക്കരിക്കുകയും വേണം.

The Roots Media - TOWARDS SOCIAL DEMOCRACY