Author Image ഇ.കെ. ദിനേശൻ

ലീഗിൻ്റെ 'ശുദ്ധികലശം' ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ

രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജാതിവ്യവസ്ഥ ഘടനാപരമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ഹിന്ദുമതം നൂറ്റാണ്ടുകളായി പരിചരിച്ചുപോരുന്ന ശ്രേണീബദ്ധമായ ജാതി എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ട്. വിവിധ സമുദായങ്ങളിൽ ജാതീയത നിലനിൽക്കുന്നത് ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ അധികാരം ജാതി ആയതുകൊണ്ടാണ്. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.കെ. ദിനേശൻ എഴുതുന്നു.

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു ശേഷം പ്രധാനമായും ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങൾ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി മോഷണത്തെക്കുറിച്ചുള്ള പാരഡിഗാനവും യു.ഡി.എഫിലെ പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് ശുദ്ധികലശവുമാണ്. ഇതിൽ പാരഡി ഗാനത്തിന്റെ രാഷ്ട്രീയ യുക്തി തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളെ സ്വാധീനിച്ചിട്ടുള്ളതാണെങ്കിൽ(?) പഞ്ചായത്ത് ശുദ്ധികലശത്തെ അതീവ ഗൗരവത്തിൽ കാണേണ്ടതുണ്ട്. അത് കേരളീയ സമൂഹം ആർജ്ജിച്ചെടുത്ത പൊതു നവോത്ഥാന മൂല്യബോധങ്ങളെ എങ്ങനെയൊക്കെ റദ്ദ് ചെയ്യുന്നുവെന്നും അതിൽ പൊതുബോധം എങ്ങനെയാണ് പ്രവർത്തിച്ചതെന്നും തിരിച്ചറിയേണ്ടതുണ്ട്. 

ഇന്ത്യയിൽ ഇപ്പോഴും ശക്തമായി തുടരുന്ന ജാതിവ്യവസ്ഥ കേരളത്തിൽ എങ്ങനെ നിലനിൽക്കുന്നു എന്നത് ഗൗരവപ്പെട്ട ചോദ്യമാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥ സൂക്ഷ്മാർത്ഥത്തിൽ ഘടനാപരമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ജാതീയത പറഞ്ഞുകൊണ്ടുള്ള മേൽക്കോയ്മ പ്രയോഗത്തെ ഉയർന്ന ജാതിക്കാർ ഭയക്കുന്നുണ്ട്. അതിനർത്ഥം കേരളീയ രാഷ്ട്രീയത്തിൽ ജാതി അപ്രസക്തമാണ് എന്നതല്ല. മറിച്ച്, വീട്ടിനകത്തും സുരക്ഷിത പൊതുവിടങ്ങളിലും മേൽജാതി ഐക്യപ്പെടലും അതിൻ്റെ ആശയാധികാര വ്യവസ്ഥയും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഇത് ഹിന്ദുമതം നൂറ്റാണ്ടുകളായി പരിചരിച്ചു പോരുന്ന ശ്രേണീബന്ധിതമായ ജാതി സ്വഭാവത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്നവരാണ് ജാതിരഹിത മനുഷ്യർ. അവരാണ്  ഏതെങ്കിലും ഒരു ജാതിയിൽ പിറന്നു എന്നിടത്തുനിന്ന് ജാതിക്കെതിരെയുള്ള ജ്ഞാന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നത്. അത്തരക്കാർ വിവിധ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗം കൂടിയാണ്. അതേസമയം, അവർ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളിൽ ജാതിയുടെ മേൽക്കോയ്മ പ്രത്യയശാസ്ത്രം കൃത്യമായി നിലനിൽക്കുന്നുമുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ അതൊന്നു തുറന്നുപറയാൻ അവർക്ക് കഴിയാറില്ല. കാരണം, അത് അവരുടെ രാഷ്ട്രീയ ഭാവിയെ തന്നെ ഇല്ലായ്മ ചെയ്യും. ഈയൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലും പാലക്കാട് ജില്ലയിലെ വിളയൂർ ഗ്രാമപഞ്ചായത്തിലും  ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന ശുദ്ധികലശത്തിന്റെ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്. ഇത് ജാതിയുമായി ബന്ധപ്പെട്ട ശുദ്ധികലശമല്ല, അഴിമതിക്കെതിരെയാണെന്ന് വാദിക്കുമ്പോഴും ഈ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നടന്ന ശുദ്ധികലശത്തിന് ദൂരവ്യാപകമായ അർത്ഥങ്ങളുണ്ട്.

ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ 80 ശതമാനത്തിന് മുകളിൽ വരുന്ന പിന്നോക്ക ദളിത്, ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങൾ സവർണ്ണ അധികാര വർഗ്ഗക്കാരാണ് നിയന്ത്രിക്കുന്നത്. അത്തരം സാഹചര്യത്തിൽ അടിത്തട്ട് മനുഷ്യരുടെയും ന്യൂനപക്ഷങ്ങളുടെയും ഐക്യപ്പെടൽ രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ്. 2014-ലെ ഭരണമാറ്റത്തോടുകൂടി ഇന്ത്യയിൽ കണ്ടുവരുന്ന ന്യൂനപക്ഷ ഇരവേട്ടയും ദളിത് പിന്നോക്ക അടിച്ചമർത്തലും ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് അങ്ങോളമിങ്ങോളം ദളിത്-പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ഐക്യപ്പെടലും അതിൽ നിന്നുണ്ടാകുന്ന പ്രതിരോധങ്ങളും ബദൽ രാഷ്ട്രീയത്തിന്റെ മാർഗ്ഗമാകുന്നത്. അത്യന്തം അനിവാര്യമായ ഈ രാഷ്ട്രീയ യോജിപ്പിന്റെ പ്രത്യയശാസ്ത്ര മണ്ഡലം അസമത്വത്തിന്റെ നിർമ്മിതിയായ ജാതിയെ പുറംന്തള്ളുക എന്നതാണ്. ഇസ്ലാം വിശ്വാസിയെ സംബന്ധിച്ച് ഇത് എളുപ്പം സാധ്യമാകുന്നത് അവർ മുന്നോട്ടുവയ്ക്കുന്ന ആത്മീയബോധത്തിന്റെ ശക്തിയിലാണ്. വിശ്വാസിയെ സംബന്ധിച്ച് അതിന് കൃത്യമായ തെളിവുകൾ ഉണ്ട്. എന്നിട്ടും പിന്നോക്കക്കാരൻ ഭരണത്തിലിരുന്ന പഞ്ചായത്തുകളിൽ ഭരണമാറ്റത്തിന്റെ ഭാഗമായി ശുദ്ധീകരണ പ്രക്രിയ അനിവാര്യമാണെന്ന് ചിന്ത എങ്ങനെയുണ്ടായി? കേരളത്തിൽ ജാതിയുടെ ഇടപെടൽ ഏതെങ്കിലും ഉയർന്ന സ്ഥാനങ്ങളെയോ പദവികളെയോ ബാധിക്കുന്നില്ല എന്നത് തെറ്റായ ധാരണയാണെന്ന്  തെളിയിച്ചിട്ടുണ്ട് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നടത്തിയ വെളിപ്പെടുത്തൽ. വസ്തുതാപരമാണ് ഈ നിരീക്ഷണം. അതുകൊണ്ടാണ് ഹിന്ദുമതത്തിന് പുറത്തുള്ള മനുഷ്യരിൽ എങ്ങനെയാണ് ജാതി ചിന്ത കടന്നുവരുന്നത് എന്ന അന്വേഷണം പ്രസ്തമാകുന്നത്. സമൂഹത്തിലെ ഹിന്ദു ഇതര വിഭാഗങ്ങളിലേക്ക് ജാതീയത കടന്നു കൂടിയതിന്റെ പ്രധാന കാരണം, ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ അധികാരം ജാതിയായത് കൊണ്ടും പൊതുബോധത്തിൽ നിലനിൽക്കുന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട ജാതി ചിന്തയാണ് എന്നതുകൊണ്ടുമാണ്.
 

ശുദ്ധികലശത്തിൽ എത്തിച്ച പൊതുബോധം

ലീഗിൻ്റെ പ്രവർത്തനം സമ്പൂർണ്ണമായും മതവിശ്വാസത്തിൽ അധിഷ്ഠിതമാണ്. ആ മതം ഇസ്ലാമിൻ്റെ പൂർണ്ണമായ ആത്മീയതയിലാണ് നിലനിൽക്കുന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ലീഗിനെ ഒരു സമുദായ പ്രസ്ഥാനമായിട്ടാണ് ഗണിച്ചിട്ടുള്ളത്. പലപ്പോഴും അതൊരു മതരാഷ്ട്രീയപ്രസ്ഥാനമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ മതത്തെ പ്രത്യക്ഷത്തിൽ മുൻനിർത്തികൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം ലീഗിൻ്റെ ഭാഗമായി നടക്കാറുമില്ല. അതേസമയം കേരളീയ സമൂഹത്തിൽ മതസൗഹാർദ്ദത്തെ വലിയ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ലീഗിന്റെ നേതൃത്വത്തിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. 1992ലെ ബാബരി മസ്ജിദിന്റെ തകർക്കൽ കാലത്ത് കേരളത്തിൽ നിലനിന്ന സമാധാനന്തരീക്ഷത്തിന്റെ ക്രെഡിറ്റ്  മുസ്ലിം ലീഗിനും അവകാശപ്പെട്ടതാണ്. അതിനർത്ഥം സമുദായ പ്രസ്ഥാനമായി നിലനിൽക്കുമ്പോഴും സാമൂഹ്യ വിഷയങ്ങളിൽ ഒരു ബഹുസ്വര സമൂഹത്തിൽ പാലിക്കേണ്ട മൗലികമായ മതേതര തിരിച്ചറിവ് ഈ പ്രസ്ഥാനത്തിനുണ്ട് എന്നതാണ്. ഇന്ന് കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ശക്തിയുള്ള വോട്ട് ബാങ്ക് എന്ന അധികാരകേന്ദ്രം കൂടിയാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിലെ ദലിത് പിന്നോക്ക വിഭാഗങ്ങളുമായി നാളിതുവരെയുള്ള ഐക്യപ്പെടലും ചേർത്തുനിർത്തലും സമാനതകൾ ഇല്ലാത്തതാണ്. അത് ഡോ: ബി ആർ അംബേദ്കറുടെ 1937-ൽ നടന്ന പ്രവശ്യാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നൽകിയ പിന്തുണ കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.  അത്തരമൊരു ആശയപരമായ അടിത്തറയുണ്ട് മുസ്ലിം ലീഗും പിന്നോക്ക വിഭാഗങ്ങളും തമ്മിൽ. 

ഹിന്ദുമതത്തിനുള്ളിലെ ജാതീയ വേട്ടകളെ സാമൂഹ്യമായോ രാഷ്ട്രീയമായോ ലീഗ് പിന്തുണച്ചിട്ടില്ല. എന്നാൽ, ഇന്ത്യയിലെ എല്ലാ സാമുദായിക വിഭാഗങ്ങളെയും പോലെ ജാതിയുടെ സാമൂഹ്യ ബന്ധങ്ങൾ നിലനിൽക്കുന്ന ഒരു സമുദായം തന്നെയാണ് മുസ്‌ലിം സമുദായവും. നിലവിലെ സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ  ദലിത് സമൂഹവും പിന്നോക്ക ന്യൂനപക്ഷവും നേരിടുന്നത് സമാനമായ ഇര വേട്ടയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങളെ  ഒരുമിച്ചു കൊണ്ടുപോകുക എന്നത് ഈ കാലത്തിന്റെ രാഷ്ട്രീയദൗത്യം കൂടിയാണ്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരകാലത്ത് രാജ്യം മുഴുവൻ  ഉയർത്തിപ്പിടിച്ചത് അംബേദ്കറിനെയായിരുന്നു.  അതിനു കാരണം, ഭരണഘടനാ സംരക്ഷണവും അംബേദ്കർ മുന്നോട്ട് വെച്ച രാഷ്ട്രീയത്തോടുള്ള ഇന്ത്യൻ മുസ്ലിം ലീഗിൻ്റെ ഐക്യപ്പെടലുമാണ്. ഇത്രയൊക്കെ വസ്തുതകൾ നിലനിൽക്കെ എന്തുകൊണ്ട് കേരളത്തിലെ ലീഗിൽ നിന്നും ശുദ്ധികലശം ഉണ്ടായ് എന്നത് ചിന്തിക്കേണ്ടതുണ്ട്.
      
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ അക്കാദമിക്ക്, സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും  ഇത്തരം ശുദ്ധികലശങ്ങർ നടന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതാകട്ടെ ജാതിയാൽ മേൽത്തട്ടിൽ ജീവിക്കുന്നവരുടെ ജാതിബോധത്തിന്റെ ഭാഗമായിരുന്നു. അതായത് അടിത്തട്ട് ജാതിക്കാരുടെ  സാമീപ്യമോ അവരുമായുള്ള നിരന്തരസമ്പർക്കമോ ഉയർന്ന ജാതിക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്നതല്ല. അത്തരമൊരു പൊതുബോധ നിർമ്മിതി ഇത്തരം ശുദ്ധികലശത്തിന്റെ കാരണമായി. എന്നാൽ എല്ലാ അർത്ഥത്തിലും ഹിന്ദുമതത്തിന് പുറത്ത് ആത്മീയ ജീവിതം നയിക്കുന്നവരെ ഈ അസ്പർശ്യതയുടെ സ്വഭാവരൂപീകരണം സ്വാധീനിക്കേണ്ടതില്ല. അതേസമയം, അടിത്തട്ടിലുള്ളവരുടെ രാഷ്ട്രീയസ്ഥാനമാനങ്ങൾ  ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന തുല്യതയുടെ ഭാഗമല്ല എന്ന മേൽജാതിബോധം പൊതുസാമൂഹ്യ വ്യവഹാരങ്ങളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത് ലീഗിനെയും സ്വാധീനിച്ചതിൻ്റെ തെളിവാണ് ഈ ശുദ്ധികലങ്ങൾ. ഞങ്ങൾ എല്ലാവരെയും മനുഷ്യരായി കാണുന്നു എന്ന് ഒരു മുസ്ലിം മതവിശ്വാസി പ്രഖ്യാപിക്കുകയും എല്ലാവരും എന്നതിൽ നിന്ന് ഹിന്ദുമതത്തിലേ ജാതിമനുഷ്യരെ മാറ്റിനിർത്തേണ്ടതാണ് എന്ന ചിന്തയിലേക്ക് അവരെ എത്തിച്ചതിൽ കേരളീയ പൊതുബോധത്തിന്റെ പങ്ക് ചെറുതല്ല. ജാതിയാൽ കീഴ്പ്പെട്ട മനുഷ്യർ എന്നും പിന്നോക്ക ജാതിക്കാരാണെന്നും അവരെ പുറന്തള്ളേണ്ടത് സവർണ ജാതിക്കാർ മാത്രമല്ലെന്ന് മുസ്ലിംലീഗിലെ "ചിലർ"  തിരിച്ചറിയുന്നു. ഇത് മുസ്ലിം സമുദായവും കേരളീയ പുരോഗമന രാഷ്ട്രീയ വ്യക്തിത്വങ്ങളും ഗൗരവത്തിൽ കാണേണ്ടതുണ്ട്. കാരണം, ഹിന്ദുത്വരാഷ്ട്രീയം ഇത്തരത്തിലുള്ള വർഗീകരണത്തെ ആഗ്രഹിക്കുന്നുണ്ട്.
                    
അതിവേഗം വർഗീയവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളും അടിത്തട്ടു മനുഷ്യരും ഒന്നിച്ചു  നിൽക്കേണ്ടതുണ്ട്. സമൂഹത്തിൽ നിന്നും മതത്തിന്റെയോ ജാതിയുടെയൊ പേരിൽ പുറംന്തള്ളപ്പെടുന്നതിനെ പ്രതിരോധിക്കേണ്ടത് അത്തരം മനുഷ്യരുടെ ഐക്യപ്പെടലുകളാണ്. അതിനുപകരം ഇന്ത്യയിലെ സവർണ്ണ അധികാര വർഗ്ഗം നൂറ്റാണ്ടുകളായി അടിച്ചമർത്തുന്ന ഒരു വിഭാഗത്തെ തങ്ങളും അടിച്ചമർത്തുകയാണ് എന്ന സന്ദേശം രാഷ്ട്രീയമായി മുസ്ലിംലീഗ് എത്തിച്ചേർന്ന സാമൂഹ്യാന്ധതയുടെ ഭാഗമാണ്. ഈ സാമൂഹ്യാന്ധതക്ക് ജാതീയതയുമായി ബന്ധവുമുണ്ട്. ഇതിനെ മറികടക്കാൻ എന്തിനുവേണ്ടിയാണോ മേൽജാതികൾ പട്ടികജാതി പിന്നോക്ക വിഭാഗങ്ങളെ ജനാധിപത്യഅവകാശങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതെന്ന് മനസ്സിലാക്കണം. അത് തുല്യത എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണത്തെ നിഷേധിക്കുന്നതിന് വേണ്ടിയാണ്. ഇതേ നിഷേധത്തെയാണോ ഇന്ത്യൻ മുസ്ലിം ലീഗും തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കാണുന്നത്? അങ്ങനെയാണെങ്കിൽ അതിനെ എതിർക്കേണ്ടത് ഏതൊരു പുരോഗമന മനുഷ്യന്റെയും രാഷ്ട്രീയ ഉത്തരവാദിത്വമാകുന്നു. അതല്ല, മേൽജാതി രാഷ്ട്രീയം നടപ്പിലാക്കുന്ന അതേ സാമൂഹ്യപ്രക്രിയ നടത്തുക വഴി ഞങ്ങളും നിങ്ങൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ അത് കേരളീയ പൊതുരാഷ്ട്രീയമണ്ഡലത്തിൽ ഉണ്ടാക്കുന്ന അന്തരിക പ്രഹരങ്ങൾ ചെറുതായിരിക്കില്ല. കാരണം, എല്ലാ രീതിയിലും ബഹുസ്വരതയിൽ അധിഷ്ഠിതമായ മതേതര ജീവിതത്തിലൂടെ മാത്രമേ കേരളത്തിന് മുന്നോട്ടു പോകാൻ കഴിയും. അത് മറ്റൊരാർത്ഥത്തിൽ ജാതിവ്യവസ്ഥയിൽ നിന്നുള്ള പുറത്തു കടക്കൽ കൂടിയാണ്. അതിനു മാത്രമേ കേരളത്തിൻ്റെ നവോത്ഥാന മൂല്യബോധത്തെ മുന്നോട്ടു നയിക്കാൻ കഴിയൂ. അത്തരമൊരു തിരിച്ചറിവിന് മുമ്പിൽ ഈ ശുദ്ധികലശം തെറ്റാണെന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ തിരിച്ചറിവ് അല്ലെങ്കിൽ ആത്മീയമായ ജ്ഞാനം ലീഗ് പ്രകടിപ്പിക്കേണ്ടതാണ്. അതുവരെ ഈ ശുദ്ധികലശം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.


The Roots Media - TOWARDS SOCIAL DEMOCRACY