Author Image സി.കെ. ജാനു

ലോകം കൂടുതൽ സ്ത്രൈണമായാൽ യുദ്ധങ്ങളും അക്രമങ്ങളും സംഘർഷങ്ങളും അനീതിയും കുറയും

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; അധികാരത്തിന്റെ ഭാഗമായവരുടെയെല്ലാം ജീവിതനിലവാരത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ജനാധിപത്യം എന്നാൽ അധികാര-വിഭവ പങ്കാളിത്തമാണെന്ന് സി.കെ. ജാനു നിരീക്ഷിക്കുന്നു. ലോക വനിതാദിനത്തിൽ സ്ത്രീ നേതൃത്വം, അധികാര പങ്കാളിത്തം, വിഭവരാഷ്ട്രീയം, സ്ത്രീ പ്രാതിനിധ്യത്തിനുള്ളിലെ പ്രാതിനിധ്യ പ്രശ്നങ്ങൾ, കേരളത്തിന്റെ പുരോഗമന നാട്യം, മുത്തങ്ങ സമരത്തിന്റെ പേരിൽ ഇടതുപക്ഷം നടത്തുന്ന 'ധാർമ്മിക രോഷം' എന്ന ആദിവാസി വിരുദ്ധ രാഷ്ട്രീയം തുടങ്ങിയവയോട് സി.കെ. ജാനു പ്രതികരിക്കുന്നു.

റൂട്ട്സ് ഡെസ്ക്: കേരള രാഷ്ട്രീയത്തിൽ ഇതൊരു വലിയ ചുവടുവെപ്പാണ് താങ്കൾ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആദിവാസി മേഖലയിൽ നിന്ന് ഒരു സ്ത്രീ നേതൃത്വം നൽകുന്ന പാർട്ടി യുഡിഎഫിന്റെ ഭാഗമാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദലിത്-ആദിവാസി പാർട്ടി മുഖ്യധാരാ രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകുന്നത്. ഈ രാഷ്ട്രീയ പ്രവേശനത്തെ കേരളത്തിലെ പൊതുസമൂഹവും പാർട്ടികളും എത്രത്തോളം പിന്തുണയ്ക്കുന്നുണ്ട്?

സി.കെ. ജാനു: യഥാർത്ഥത്തിൽ, ഈ വിഷയത്തെ നാം നോക്കിക്കാണേണ്ടത് വളരെ ഗൗരവത്തോടെയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ സ്വന്തമായി ഒരു രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നത് ഈ പൊതുസമൂഹത്തിന് അത്ര എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയില്ല. കാലങ്ങളായി ആദിവാസി-ദലിത് ജനതയെ തങ്ങളുടെ ആശ്രയരും, അഭയാർത്ഥികളും, ഒരർത്ഥത്തിൽ പറഞ്ഞാൽ അടിമകളുമായി നിർത്താനാണ് ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയും അതിന്റെ ഭാഗമായ "പൊതുസമൂഹവും" ശ്രമിച്ചിട്ടുള്ളത്. ആ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മാറി, സ്വന്തം കാലിൽ നിൽക്കാൻ, ഭിന്നമായി ഒരു സംവിധാനം ഉണ്ടാക്കാൻ ഒരു ജനത ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ പലവിധ ശ്രമങ്ങളും ഉണ്ടാകും. ദലിത്-ആദിവാസികൾക്കിടയിൽ പോലും അത്തരം പ്രവണതയാണ് നിലനിൽക്കുന്നത്. സമുദായ സംഘടനാ പ്രവർത്തനം എന്നതിന്റെ അപ്പുറത്തേക്ക് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുക എന്ന ചിന്തയേയില്ല. ഈ മാനസികാവസ്ഥ മാറ്റിയെടുക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; അധികാരത്തിന്റെ ഭാഗമായവരുടെയെല്ലാം ജീവിതനിലവാരത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ജനാധിപത്യം എന്നാൽ അധികാര-വിഭവ പങ്കാളിത്തമാണ്. എന്നാൽ ജാതിയുടെയും നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ അകറ്റി നിർത്തപ്പെട്ടവർ അധികാരത്തിലേക്ക് കടന്നുവരാതിരിക്കാൻ പൊതുസമൂഹം അദൃശ്യമായ ചില അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ആദിവാസി-ദലിതർ എപ്പോഴും അവരുടെ ഔദാര്യങ്ങൾക്ക് കാത്തുനിൽക്കുന്നവരായിരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ട ജനത സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നതിനെ ഇവിടുത്തെ എല്ലാ സംവിധാനങ്ങളും തടയുന്നത് കാണാം. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഈ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ കൂടെ നിർത്തുക എന്നതിനപ്പുറം സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒരു വിഭാഗമായി കാണുന്നേയില്ല. ഇതിനെ മാറ്റാൻ ആരും കാര്യമായി ശ്രമിക്കുന്നില്ല. ഇതിനുള്ള ശ്രമങ്ങളാണ് ഞാൻ നടത്തുന്നത്. അല്ലാതെ എന്റെ വ്യക്തിപരമായ എന്തെങ്കിലും കാര്യമല്ല. ഒരു രാഷ്ട്രീയ സമൂഹമായി നമ്മൾ മാറുക എന്നത് ഏറ്റവും പ്രധാനമാണ്.

ഇന്ന് പ്രധാന മുന്നണികൾ പാർശ്വവൽക്കൃത സമുദായ പ്രസ്ഥാനങ്ങളെ കൂടെ നിർത്തുന്നത് പലപ്പോഴും അവരുടെ നിലനിൽപ്പിന്റെയോ താൽക്കാലികമായ രാഷ്ട്രീയ ആവശ്യകതയുടെയോ ഭാഗമായി മാത്രമാണ്. ഉള്ളിന്റെയുള്ളിൽ നമ്മളെ സ്വതന്ത്രവും ശക്തവുമായ ഒരു രാഷ്ട്രീയ ശക്തിയായി കാണാൻ അവർക്ക് മടിയാണ്. നമ്മൾ എപ്പോഴും താഴെത്തട്ടിൽ തന്നെ ഒതുങ്ങിനിൽക്കണം എന്ന് നിർബന്ധബുദ്ധിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതി ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ അർഹമായ പരിഗണനയോ അംഗീകാരമോ ലഭിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. നിവൃത്തികേടിന്റെ അറ്റത്ത് നിന്നുകൊണ്ടാണ് അവർ പലപ്പോഴും നമ്മളെ ചേർത്തുനിർത്തുന്നത്. ഇത് യഥാർത്ഥത്തിൽ ആധുനിക കാലത്തെ ജാതിയുടെ ഒരു പുതിയ രൂപം തന്നെയാണ്. ഇതിനെയാണ് നാം 'അധീശത്വ മനോഭാവം' എന്ന് വിളിക്കുന്നത്.

റൂട്ട്സ്: സി.കെ. ജാനു യുഡിഎഫിന്റെ ഭാഗമാകുമ്പോൾ ഇടതുപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം 'മുത്തങ്ങ' സമരത്തിൽ കോൺഗ്രസ്സ് സർക്കാർ നടത്തിയ അടിച്ചമർത്തലാണ്. ആദിവാസികളെ വെടിവെച്ചുകൊന്ന യുഡിഎഫിനൊപ്പം ചേരുന്നത് വലിയൊരു അനീതിയാണെന്നാണ് അവരുടെ പ്രചാരണം. ഈ രാഷ്ട്രീയ നീക്കത്തെ എങ്ങനെ വിശകലനം ചെയ്യുന്നു? യുഡിഎഫിന്റെ ഭാഗമാകുമ്പോൾ അർഹമായ പ്രാതിനിധ്യവും രാഷ്ട്രീയ ഉണർവും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

സി.കെ. ജാനു: ഇതൊരു പക്കാ രാഷ്ട്രീയ അജണ്ടയാണ്. മുത്തങ്ങയിൽ വെടിവയ്പ്പ് നടന്നത് യുഡിഎഫ് ഭരണകാലത്താണ് എന്നതിൽ ആർക്കും തർക്കമില്ല. അത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ പല ഘട്ടങ്ങളിലായി ഇത്തരം കൂട്ടായ്മകളുടെ ആവശ്യങ്ങളെ അംഗീകരിച്ചതും പരിഗണിച്ചതും യുഡിഎഫ് തന്നെയാണ്. കേരളത്തിലെ പല പദ്ധതികൾ നോക്കിയാലും ഇടപെടൽ നോക്കിയാലും നമുക്കത് കാണാൻ പറ്റും. അരികുവൽക്കരിക്കപ്പെട്ടവർ എക്കാലത്തും തങ്ങളുടെ അടിമകളായി നിൽക്കണം എന്ന് വിചാരിക്കുനവർക്ക്, ആദിവാസികൾ സ്വതന്ത്രമായി ചിന്തിക്കുന്നതും സ്വന്തമായി രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതും സഹിക്കില്ല. മുത്തങ്ങയെ ഒരു പുകമറയാക്കി മാറ്റി ആദിവാസി സ്വതന്ത്ര രാഷ്ട്രീയത്തെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.

ആദിവാസികളുടെ സ്വതന്ത്രമായ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്തവരാണ് ഇവിടുത്തെ ഇടതുപക്ഷം. ആദിവാസികൾ എല്ലാക്കാലത്തും അവരുടെ ആശ്രിതരായി നിൽക്കണം എന്നാണ് അവർ കരുതുന്നത്. മുത്തങ്ങയുടെ പേര് പറഞ്ഞ് ആദിവാസികളെ ശിഥിലീകരിക്കുക എന്നതാണ് അവരുടെ രാഷ്ട്രീയ അജണ്ട. ഈ ജനതയെ ഭിന്നിപ്പിച്ച് വിഘടിപ്പിച്ച് വീണ്ടും കൂടെ നിർത്തി പറ്റിക്കുക, ചതിക്കുക എന്നുള്ള ഒരു അജണ്ടയാണ് അവർക്കുള്ളത്.

മുത്തങ്ങ സമരത്തിൽ വെടിവെപ്പ് ഉണ്ടായി. ജോഗി അണ്ണൻ കൊല്ലപ്പെട്ടു. അത് ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ഇല്ലാതെ തന്നെ സമരം തീർക്കാനുള്ള ഒരുപാട് സാധ്യതകൾ അവിടെ ഉണ്ടായിരുന്നു. അതിനെയൊക്കെ ഇല്ലാതാക്കുന്നതിൽ ഈ ഇടതുപക്ഷ പാർട്ടികൾക്ക് വളരെ വലിയ പങ്കാണുള്ളത്. ആ സാധ്യതകളെ അതിലേക്ക് എത്തിക്കാതെ രാഷ്ട്രീയമായി ഉപയോഗിച്ച ആളുകളാണ് ഇടതുപക്ഷക്കാർ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവർക്ക് മുത്തങ്ങയെക്കുറിച്ച് പറയാൻ ധാർമ്മികമായി ഒരു അവകാശവുമില്ല.

മുത്തങ്ങ സമരം നടക്കുമ്പോൾ ആദിവാസികളെ പുറത്താക്കാൻ മൈസൂർ റോഡ് ബ്ലോക്ക് ചെയ്ത് സമരം നടത്തിയ പ്രധാന ആളുകളാണ് ഈ കമ്മ്യൂണിസ്റ്റുകാർ. നൂൽപ്പുഴയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സമരം മൂന്ന് ദിവസം നടത്തിയത് ഇവരുടെ പിന്തുണയിൽ കൂടിയാണ്. ഈ കാര്യത്തിൽ രാഷ്ട്രീയമായി ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മുത്തങ്ങ സമരം നടക്കുമ്പോൾ രണ്ട് വിഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒരു വശത്ത് ആദിവാസികളും മറുവശത്ത് ഇവരെല്ലാം ഉൾപ്പെടുന്ന ആദിവാസി വിരുദ്ധരും. ആ കാര്യത്തിൽ മാർക്സിസ്റ്റുകളെന്നോ കോൺഗ്രസ് എന്നോ ബിജെപിയെന്നോ എന്നുള്ള വ്യത്യാസം ഉണ്ടായിരുന്നില്ല. രാഷ്ട്രീയം പോലും നോക്കാതെ ഇവർ ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് മുത്തങ്ങയിൽ വെടിവെപ്പ് നടന്നത്.

സത്യത്തിൽ മുത്തങ്ങ സമരം അടിച്ചമർത്തുന്നതിൽ ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായ പങ്കുണ്ട്. അന്ന് അവിടെ നടന്നത് ജാതീയമായ ഒരു വേർതിരിവാണ്. ആദിവാസി ഒരു വശത്തും മറ്റുള്ളവർ രാഷ്ട്രീയ ഭേദമന്യേ മറുവശത്തും അണിനിരന്നു. അന്നത്തെ ആദിവാസി വേട്ടയ്ക്ക് ഗുണ്ടകളെയും മറ്റും വണ്ടി കയറ്റി കൊണ്ടുപോയത് ആരൊക്കെയാണെന്ന് നമുക്കറിയാം. പലരും പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്; ആദിവാസികളെ ആക്രമിക്കാനാണ് തങ്ങളെ കൊണ്ടുപോയതെന്ന്, അറിഞ്ഞിരുന്നെങ്കിൽ അവർ വരില്ലായിരുന്നു എന്ന്.

ഇന്ന് വലിയ ധാർമ്മികത പറയുന്ന ഇടതുപക്ഷത്തിന് മുത്തങ്ങയെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണുള്ളത്? കൂത്തുപറമ്പ് വെടിവയ്പ്പിൽ അഞ്ച് യുവനേതാക്കൾ കൊല്ലപ്പെട്ടപ്പോൾ ആ പ്രസ്ഥാനം വിട്ടുപോരണമെന്ന് ആരെങ്കിലും പ്രചാരണം നടത്തിയോ? ഇല്ല, പകരം അവരെ രക്തസാക്ഷികളാക്കി വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് അവർ ശ്രമിച്ചത്. ഇടതുപക്ഷം തന്നെ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി വളർന്നുവന്ന പ്രസ്ഥാനമാണ്. കരിവള്ളൂരും പുന്നപ്ര-വയലാറും കയ്യൂരും ഒക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അതെല്ലാം വിപ്ലവവും ജനാധിപത്യപരവുമാവുകയും, സി.കെ. ജാനു എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ മാത്രം ലോകത്തെ വലിയ അപരാധമായി മാറുകയും ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്! സി.കെ. ജാനു എന്ന ആദിവാസി സ്ത്രീ ഒരു കാരണവശാലും അധികാരത്തിന്റെ ഇടനാഴികളിൽ എത്തരുത് എന്ന മാടമ്പി മനോഭാവമാണ് ഈ വിവേചനത്തിന് പിന്നിൽ. ഇടതുപക്ഷം എല്ലാക്കാലത്തും ഈ മാടമ്പി മനോഭാവം കൊണ്ടു നടന്നവരാണ്. ഇപ്പോഴും അതിൽ വ്യത്യാസമൊന്നുമില്ല.

റൂട്ട്സ്: കഴിഞ്ഞ നാല് പതിറ്റാണ്ടായി സി.കെ. ഉയർത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യം 'ഭൂമി' എന്നതാണ്. ഈ മുന്നണി സംവിധാനത്തിനുള്ളിൽ നിന്ന് ആ ലക്ഷ്യം നേടാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടോ?

സി.കെ. ജാനു: എനിക്ക് 'കഴിയുമോ' എന്നതിനേക്കാൾ ഉപരി അത് 'സാധ്യമാക്കണം' എന്ന നിശ്ചയദാർഢ്യമാണുള്ളത്. നമ്മൾ എല്ലാ വശത്തുനിന്നും ചങ്ങലക്കൂട്ടിലാക്കപ്പെട്ട ഒരു ജനതയാണ്. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും ആദിവാസി-ദളിതരെ കുരുക്കിയിട്ടിരിക്കുകയാണ്. ഈ തടവറ പൊട്ടിച്ചേ പറ്റൂ. അതിന് മുന്നണി രാഷ്ട്രീയത്തിന്റെ പ്രായോഗിക തലങ്ങൾ ഉപയോഗപ്പെടുത്തണം.

ഭൂമി പ്രശ്നം എന്നത് കേവലം ഒരു മണ്ണുമായുള്ള ബന്ധമല്ല, അത് അധികാരവുമായുള്ള ബന്ധമാണ്. ആദിവാസിക്ക് മണ്ണിൽ അധികാരം ലഭിക്കുമ്പോൾ മാത്രമേ അവന്റെ രാഷ്ട്രീയ വ്യക്തിത്വം പൂർണ്ണമാകൂ. ഒരു മുന്നണിയുടെ ഭാഗമാകുമ്പോൾ അവിടെ ഒരുപാട് പ്രായോഗിക തടസ്സങ്ങൾ ഉണ്ടായേക്കാം, വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. എന്നാൽ നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് മാറാതെ എങ്ങനെ മുന്നോട്ട് പോകാം എന്നതിലാണ് കാര്യം. വെല്ലുവിളികൾ ഉണ്ടാകും, അത് നേരിടാൻ തന്നെയാണ് നാം രാഷ്ട്രീയത്തിലിറങ്ങുന്നത്.

റൂട്ട്സ്: ഇന്ന് വനിതാ ദിനമാണ്. കേരളത്തിൽ തുല്യ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള ചർച്ചകൾ സ്ത്രീകളുടെ മുൻകൈയിൽ സജീവമാണ്. സ്ത്രീ നേതൃത്വം എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?

സി.കെ. ജാനു: തുല്യ പ്രാതിനിധ്യം എന്നത് കേവലം ഒരു വാഗ്ദാനമല്ല, അത് പ്രകൃതിയുടെ തന്നെ ആവശ്യമാണ്. കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് അധികാരത്തിലും വിഭവങ്ങളിലും തുല്യമായ അവകാശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നമുക്ക് സംവരണമുണ്ട്, എന്നാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ ഉയർന്ന തലങ്ങളിൽ അത് ഇന്നും അന്യമാണ്.

എന്നാൽ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. തുല്യ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദളിത്-ആദിവാസി സ്ത്രീകളെ അതിൽ എത്രത്തോളം ഉൾക്കൊള്ളുന്നുണ്ട്? സവർണ്ണ സ്ത്രീകളുടെ പ്രാതിനിധ്യം എന്നതിലേക്ക് മാത്രം ഇത്തരം ചർച്ചകൾ ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിറങ്ങളുടെയും ജാതിയുടെയും വിവേചനങ്ങളില്ലാത്ത ഒരു സ്ത്രീ കൂട്ടായ്മയാണ് നമുക്കാവശ്യം.

സ്ത്രീകളാണ് ഈ സമൂഹത്തിന്റെ യഥാർത്ഥ നട്ടെല്ല്. ലോകത്ത് നടക്കുന്ന അഴിമതിയും അരാജകത്വവും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുന്നത് സ്ത്രീകൾക്കാണ്. പ്രകൃതിയോടൊപ്പം എല്ലാ സംവിധാനങ്ങളെയും സന്തുലിതമായി നിലനിർത്തുന്നത് സ്ത്രീകളാണ്. ഒരു കൊച്ചു കുടുംബത്തിന്റെ കാര്യം എടുത്തുനോക്കൂ; അവിടെ സ്ത്രീയുടെ ഇടപെടലും ആത്മാർത്ഥതയും ഉള്ളിടത്താണ് സമാധാനമുണ്ടാകുന്നത്. പുരുഷ മേൽക്കോയ്മ നിലനിർത്താൻ സ്ത്രീകളെ എപ്പോഴും താഴെ നിർത്താനാണ് മതാധിഷ്ഠിതവും പുരുഷാധിപത്യപരവുമായ സമൂഹം ശ്രമിക്കുന്നത്. ഈ ചങ്ങലക്കെട്ടുകളെ നാം തിരിച്ചറിയണം.

ആണുങ്ങളുടെ അഹന്തയും പുരുഷാധിപത്യവുമാണ് ഇന്ന് ലോകത്ത് നടക്കുന്ന മുഴുവൻ അക്രമങ്ങളുടെയും യുദ്ധങ്ങളുടെയും മൂലകാരണം. ഈ ആൺ മനോഭാവമാണ് സ്ത്രീകൾക്ക് മാത്രമല്ല മുഴുവൻ പാർശ്വവൽക്കൃതർക്കും നീതി നിഷേധിക്കുന്നത്. തങ്ങളുടെ ആൺകോയ്മ നിലനിർത്താൻ അവർ സ്ത്രീകളെ അടിമ കണക്കെ നിലനിർത്തുകയാണ്. അല്ലെങ്കിൽ കൊല്ലുകയോ ആക്രമിച്ചു കീഴ്പ്പെടുത്തുകയോ ആണ്. ഇറാനിലൊക്കെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു വംശത്തെ തന്നെ ഇല്ലാതാക്കാനുള്ള ഭീകരമായ ശ്രമങ്ങളാണ്. ഇത്തരം അവസ്ഥകൾക്കെതിരെ സ്ത്രീകൾക്ക് ശക്തമായി ഇടപെടാൻ കഴിയുന്ന ഇടങ്ങൾ നാം രാഷ്ട്രീയത്തിലൂടെ നേടിയെടുക്കണം.

ലോകം കൂടുതൽ സ്ത്രൈണമായാൽ യുദ്ധങ്ങളും അക്രമങ്ങളും സംഘർഷങ്ങളും അനീതിയും കുറയും. അതൊരു രാഷ്ട്രീയ പ്രക്രിയയും ജനാധിപത്യ പ്രക്രിയയുമാണ്. അതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

കേരളത്തിലെ ആദിവാസി ജനതയുടെ ശബ്ദമായി മാറാൻ നടത്തുന്ന ഈ രാഷ്ട്രീയ നീക്കം കേവലം ഒരു അധികാര കൈമാറ്റമല്ല, മറിച്ച് ദശകങ്ങളായി അനുഭവിച്ച വിവേചനത്തോടുള്ള പ്രതിഷേധമാണ്. എന്റെ വ്യക്തിപരമായ നേട്ടമല്ല ലക്ഷ്യം, സാമുദായികമായി ഒരു രാഷ്ട്രീയ ജനത എന്ന നിലയിൽ അംഗീകരിക്കപ്പെടണം. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടിമ മനോഭാവത്തിൽ നിന്ന് പുറത്തുകടന്ന്, സ്വന്തം മണ്ണിലും അധികാരത്തിലും അവകാശം സ്ഥാപിക്കാനുള്ള ഈ പോരാട്ടം വരുംതലമുറയ്ക്കുള്ള വഴികാട്ടൽ കൂടിയാണ്.

The Roots Media - TOWARDS SOCIAL DEMOCRACY