Author Image പ്രൊഫ. ഗോപാൽ ഗുരു

ജാതി സെൻസസ്: അദൃശ്യമാക്കപ്പെട്ട മനുഷ്യരുടെ നൈതിക അന്തസ്സിനായുള്ള കണക്കെടുപ്പ്

ഇന്ത്യയിലെ ദലിത് സ്വത്വനിർമ്മിതികളെയും സാമൂഹിക ഘടനയെയും ജാതിയെയും കുറിച്ചുള്ള പഠനങ്ങളിൽ പുതിയ ദർശനങ്ങൾ അവതരിപ്പിച്ച ചിന്തകനാണ് പ്രൊഫ. ഗോപാൽ ഗുരു. ദലിത് വ്യവഹാരങ്ങളെ പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ (Representational Politics) പരിധിക്കപ്പുറം അന്തസ്സ് (Dignity), ആത്മാഭിമാനം (Self-respect), അപമാനം (Humiliation) തുടങ്ങിയ നൈതിക സംജ്ഞകളിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് നടത്തിയ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'Subaltern World Making and its Imaginaries' എന്ന സെഷനിൽ ജാതി സെൻസസ്, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം, നിയമപരമായ ചട്ടക്കൂടുകൾ, ജാതി നിർമ്മാർജ്ജനത്തിനായുള്ള സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് കണ്ണൂർ സർവ്വകലാശാല അസി. പ്രൊഫസർ ഡോ. മാളവിക ബിന്നിയുമായി അദ്ദേഹം നടത്തിയ സംഭാഷണം.

മാളവിക ബിന്നി: ജാതി സെൻസസിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകൾ എന്തെല്ലാമാണ്? ജാതി സെൻസസ് ജാതിയെ കൂടുതൽ സ്ഥാപനവൽക്കരിക്കുമെന്നും ജാതി നിർമ്മൂലനം അതിലൂടെ അസാധ്യമാകുമെന്നുമുള്ള വാദമാണല്ലോ ആനന്ദ് ടെൽതുംബെ മുന്നോട്ടുവെക്കുന്നത്?

ഗോപാൽ ഗുരു: ജാതി സെൻസസ് വേണമോ വേണ്ടയോ എന്നതിനെക്കുറിച്ചും, ജാതിയെയോ മറ്റ് വിഭാഗങ്ങളെയോ അടിസ്ഥാനമാക്കി സെൻസസ് നടത്തണോ എന്നതിനെക്കുറിച്ചും നിലവിൽ വിപുലമായ സംവാദങ്ങൾ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ചർച്ചകൾ അതിന്റെ തുടക്കം മുതൽക്കേ നിലവിലുണ്ട്. നമുക്കറിയാവുന്നത് പോലെ, സെൻസസ് രീതികൾ ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. നിങ്ങളിൽ ചിലർക്കറിയാമായിരിക്കും, കുറ്റവാളികൾ, ലൈംഗികത്തൊഴിലാളികൾ, രോഗബാധിതർ എന്നിവരിൽ നിന്നാണ് സെൻസസ് ആരംഭിച്ചത്. എന്തിനാണ് അവർ ഈ വിഭാഗങ്ങളെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയത്? കാരണം, ഇത്തരം 'ഭീഷണികളിൽ' നിന്ന് തങ്ങളെത്തന്നെ പ്രതിരോധിക്കാൻ അവർ അതീവ ജാഗ്രതയുള്ളവരായിരുന്നു. അങ്ങനെയാണ് അവർ സെൻസസ് തയ്യാറാക്കിയത്. എന്നാൽ ജാതി സെൻസസിന്റെ ചരിത്രമെടുത്താൽ, 1861-ൽ ഏകദേശമായ ഒരു കണക്കെടുപ്പ് നടന്നു. പിന്നീട് 1861, 1871 കാലഘട്ടങ്ങളിൽ കൃത്യമായ സെൻസസ് ആരംഭിക്കുകയും 1931 വരെ അത് തുടരുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ സെൻസസിന്റെ ചരിത്രപരമായ പരിണാമം (Genealogy). എന്നാൽ ഇവിടെ ചോദ്യം സെൻസസിന്റെ ചരിത്രമല്ല, മറിച്ച് ജാതിയെ അടിസ്ഥാനമാക്കിയുള്ള ഒരു സെൻസസിന്റെ പ്രസക്തി എന്താണ് എന്നതാണ്.

ഇപ്പോൾ ജാതി സെൻസസ് നടത്തിയാൽ അത് ജനങ്ങളിൽ ജാതിബോധം ഉണ്ടാക്കും എന്നതാണ് നിലവിലുള്ള ഒരു വാദം. ജനങ്ങൾക്ക് ജാതിയെക്കുറിച്ച് അറിവില്ല എന്നൊരു അനുമാനത്തിലാണ് ഈ വാദം നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയാണോ? ജാതിയിൽ നിന്ന് അവർ പൂർണ്ണമായും മുക്തരായിക്കഴിഞ്ഞോ? ജാതി രേഖപ്പെടുത്തുന്നതിലൂടെ നാം അവരിലേക്ക് ജാതിബോധം കുത്തിവെക്കുകയാണോ ചെയ്യുന്നത്? ഇതൊരു ബാലിശമായ വാദമാണ്, ആരും ഇത് അംഗീകരിക്കില്ല. ജാതി അത്ര പെട്ടെന്ന് ഇല്ലാതാകുന്ന ഒന്നല്ല, കാരണം അതിന് അതിന്റേതായ ധർമ്മങ്ങളുണ്ട് (Function).

ഒരു ലിബറൽ പാർലമെന്ററി ചട്ടക്കൂടിനുള്ളിൽ (Liberal parliamentary framework), ജാതി സെൻസസിലൂടെയാണ് നിങ്ങൾ നിങ്ങളുടെ സ്വത്വബോധം (Consciousness) രൂപപ്പെടുത്തുന്നത്. ദലിതരും ആദിവാസികളും മറ്റ് ജനവിഭാഗങ്ങളും തങ്ങളുടെ അംഗസംഖ്യയെക്കുറിച്ച് ബോധവാന്മാരാകുന്നത് മറ്റുള്ളവരെ ആക്രമിക്കാൻ വേണ്ടിയാണോ? ഒരിക്കലുമല്ല. നിങ്ങളുടെ ജാതിയിലെ അംഗബലം അറിഞ്ഞതുകൊണ്ട് മാത്രം ശാക്തീകരിക്കപ്പെടണമെന്നല്ല നിങ്ങൾ ആഗ്രഹിക്കുന്നത്. മറിച്ച്, സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവും വൈകാരികവുമായ വിവിധ സൂചികകളിൽ (Indices) നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. നിങ്ങളുടെ സാമൂഹിക പദവി (Position) അല്ലെങ്കിൽ അവസ്ഥ (Station) എവിടെയാണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന സൂചകങ്ങളാണ് (Markers) ജാതി സെൻസസ്. 

അല്ലാത്തപക്ഷം, കാര്യങ്ങൾ തികച്ചും അവ്യക്തമായിരിക്കും (Ambiguous). വസ്തുതകൾ ഗ്രഹിക്കാൻ മറ്റ് മാധ്യമങ്ങളോ ഉപാധികളോ ലഭ്യമല്ല. എന്തിനാണ് നിലവിൽ വിവിധ സൂചികകൾ (Indices) തയ്യാറാക്കുന്നത്? പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച സാമൂഹിക സൂചികകൾ നിലവിലുണ്ട്; കൂടാതെ പോഷകാഹാര സൂചിക, ആരോഗ്യ സൂചിക തുടങ്ങി ഒട്ടനവധി അളവുകോലുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. നമുക്കറിയാവുന്നത് പോലെ ഇന്ന് 'സന്തോഷ സൂചിക' (Happiness Index) പോലുമുണ്ട്. ഇങ്ങനെ നാനാതരത്തിലുള്ള സൂചികകൾക്കൊപ്പം നൈതിക സൂചികകളും (Moral indices) തയ്യാറാക്കപ്പെടുന്നു. നൈതിക സൂചിക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്; സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വ്യക്തിബന്ധങ്ങളുടെ കാര്യത്തിലും കേരളം ഇതിൽ വളരെ ഉയർന്ന നിലവാരം പുലർത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ 'അതിഥി'കളായി പരിഗണിച്ച് ആദരവോടെ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും കേരളത്തെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇത് അത്ഭുതകരമാണ്.

വിവരശേഖരണത്തിനായി ഇത്രത്തോളം പുരോഗമനപരമായ മാർഗ്ഗങ്ങൾ നിലവിലുണ്ട്. എന്നാൽ ജാതി സെൻസസ് ചിലർക്ക് പ്രശ്നകരമാകുന്നത് അത് അവരെ തുറന്നുകാട്ടുന്നു (Exposes) എന്നതുകൊണ്ടാണ്; അതായത്, വിഭവങ്ങളുടെ വലിയൊരു ഭാഗം കൈവശം വെച്ചിരിക്കുന്ന ന്യൂനപക്ഷത്തെ അത് വെളിപ്പെടുത്തുന്നു. അക്കാദമിക് ആയും ബൗദ്ധികമായും ജനാധിപത്യപരമായും നാം ഇതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? അസമത്വങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അസമത്വങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന സുപ്രധാനമായ ഒരു സൂചകമാണ് ജാതി സെൻസസ്. എത്രപേർ അസമത്വം അനുഭവിക്കുന്നു? ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം എത്രയാണ്? അവരുടെ ജാതി ഏതാണ്? സെൻസസിലൂടെ മാത്രമേ ഇത്തരം വസ്തുതകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ.

അതുകൊണ്ട് തന്നെ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്ന് ഞാൻ കരുതുന്നു; കാരണം അത് നിങ്ങളുടെ പദവിയെക്കുറിച്ചും (Station) നിങ്ങളുടേതായ പ്രശ്നങ്ങളെക്കുറിച്ചും നിങ്ങളുടെ പുരോഗതിയെക്കുറിച്ചും (Progress) തികച്ചും വ്യക്തമായ (Concrete) ഒരു ചിത്രം നൽകുന്നു. 'വികസനം' (Development) എന്നതിനേക്കാൾ 'പുരോഗതി' (Progress) എന്ന പദമാണ് ഇവിടെ കൂടുതൽ അനുയോജ്യം. നിങ്ങളുടെ പുരോഗതിയെ വിലയിരുത്തുന്നതിന് അത്തരമൊരു സ്ഥിതിവിവരക്കണക്ക് ആവശ്യമാണ്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ സാർവ്വത്രികമായിരിക്കണം (Universal parameters). ഉദാഹരണത്തിന്, ലിംഗാധിഷ്ഠിത സെൻസസ് (Gender census) എടുക്കുക; സ്ത്രീകളുടെ സാമൂഹിക പദവി മനസ്സിലാക്കുന്നതിനും അവർ എവിടെ നിൽക്കുന്നു എന്ന് തിരിച്ചറിയുന്നതിനും അത് എത്രമാത്രം പ്രധാനമാണെന്ന് നമുക്കറിയാം. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിൽ അവരുടെ അവസ്ഥ നമുക്ക് എങ്ങനെ നിർണ്ണയിക്കാൻ സാധിക്കും? കൂടാതെ ഇതിന് നിർണ്ണായകമായ നയരൂപീകരണ പ്രത്യാഘാതങ്ങളും (Policy implications) ഉണ്ട്.

ഭരണകൂടം നയരൂപീകരണത്തിൽ (Policy) മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സെൻസസ് ഒരു അനിവാര്യതയായി മാറുന്നു; അത് അതിന്റെ ഒരു വശം മാത്രമാണ്. എന്നാൽ ഒരു സെൻസസിലേക്ക് നയിക്കേണ്ട അടിസ്ഥാനപരമായ ഘടകം നിങ്ങളുടെ തന്നെ പദവിയാണ് (Station): അതായത് നിങ്ങളുടെ സാമ്പത്തികവും സാമൂഹികവും നൈതികവുമായ അവസ്ഥ (Moral status). നിങ്ങളുടെ നൈതിക പദവി എന്താണ്? നിങ്ങൾ ഒരു മനുഷ്യനായി പരിഗണിക്കപ്പെടുന്നുണ്ടോ ഇല്ലയോ? നിങ്ങൾ ഒരു മനുഷ്യൻ എന്ന നിലവാരത്തിന് താഴേക്ക് തള്ളപ്പെടുമ്പോൾ, നിങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. അപ്പോൾ നമുക്ക് അത്തരമൊരു കണക്കെടുപ്പ് വേണ്ടേ? നാഗരികമായ അർത്ഥത്തിൽ (Civilizationally), മനുഷ്യനായിരിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്. 

ചില മനുഷ്യരോടുള്ള നിങ്ങളുടെ പെരുമാറ്റം നോക്കൂ, മാൻഹോളുകളിൽ (Manholes) എത്രപേർ കൊല്ലപ്പെടുന്നു എന്നതിനെക്കുറിച്ച് നമുക്കൊരു സെൻസസ് വേണ്ടേ? ഇവിടെയാണ് ജാതി സെൻസസ് പ്രസക്തമാകുന്നത്. കാരണം ആ മാൻഹോളുകളിൽ മരിക്കുന്നത് ഒരു പ്രത്യേക ജാതിയിൽപ്പെട്ട മനുഷ്യരാണ്. അവിടെ കൊല്ലപ്പെടുന്ന വ്യക്തി കേവലം ഒരു അമൂർത്തമായ രൂപമല്ല (Abstract figure), മറിച്ച് ഒരു പ്രത്യേക ജാതിയിൽപ്പെട്ട തികച്ചും വ്യക്തിനിഷ്ഠമായ (Concrete) ഒരു മനുഷ്യനാണ്. ജാതിയെ അടിസ്ഥാനമാക്കിയുള്ള ഒരു സെൻസസ് എന്നത് മാനുഷികമായ ചോദ്യങ്ങളെക്കുറിച്ചും നൈതികമായ അന്തസ്സിനെക്കുറിച്ചും (Moral dignity) നിങ്ങളെ ബോധവാന്മാരാക്കാൻ (Sensitize) സഹായിക്കുന്നു. 

ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിനുള്ള 2026-ലെ യുജിസി (UGC) റെഗുലേഷൻസിനെ പിന്തുണച്ചുകൊണ്ട് വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ന് നടത്തിയ പ്രതിഷേധ സമരം.

മാളവിക: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിനെതിരെ യു.ജി.സി. പുതിയ റെഗുലേഷൻസ് കൊണ്ടുവന്നിരിക്കുകയാണല്ലോ. അതിനെതിരെ വലിയ പ്രതിഷേധങ്ങളും, അതേസമയം തന്നെ റെഗുലേഷൻസ് നിലനിർത്താനുള്ള വലിയ വാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. സംവരണ സുരക്ഷാ മാനദണ്ഡങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന ബോധനശാസ്ത്രം (Inclusive pedagogy), വിവേചനങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയിലൂടെ സ്ഥാപനവൽകൃതമായ തുല്യത (Institutionalized equity) കൊണ്ടുവരിക എന്നതാണ് യു.ജി.സി. തുല്യത റെഗുലേഷനിലൂടെ മുന്നോട്ട് വെക്കുന്നത്. താങ്കൾ തന്നെ മുന്നോട്ട് വെച്ചിട്ടുള്ള 'ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ്' (Critical Caste Studies) എന്ന പഠനശാഖയുടെ പശ്ചാത്തലത്തിൽ നിന്ന് ചോദിക്കട്ടെ—നിലവിലെ ഭരണകൂടത്തിൽ നിന്നുള്ള ഇത്തരം നിയന്ത്രണ ചട്ടക്കൂടുകൾ (Regulatory frameworks), പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജ്ഞാനപരമായ (Epistemic) അസമത്വങ്ങളെയും സാമൂഹികവും ഘടനാപരവുമായ വിവേചനങ്ങളെയും പരിഹരിക്കുന്നതിൽ എത്രത്തോളം ഫലപ്രദമായിരിക്കും?

ഗുരു: ഇക്കാര്യത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. നിങ്ങൾ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുമ്പോൾ ചില വഴക്കങ്ങൾ നിർമ്മിച്ചെടുക്കുകയാണ് എന്ന് പറയാൻ ഞാൻ കൂടുതാലൊന്നും ചേർക്കേണ്ടതില്ല. നിയമങ്ങൾ നിർമ്മിക്കുന്നത് മനുഷ്യർ പ്രകൃത്യാ നിഷ്കളങ്കരല്ല എന്ന ധാരണയോടെയാണ്. മനുഷ്യർ തെറ്റുകൾ ചെയ്യാൻ സാധ്യതയുള്ളവരാണ്. അതുകൊണ്ടാണ് ലോകമെമ്പാടും ഭരണഘടന തയ്യാറാക്കപ്പെടുന്നതിന്റെ ചരിത്രം മനുഷ്യർ പൂർണ്ണമായും വിശ്വസിക്കാൻ കൊള്ളുന്നവരല്ല എന്ന ബോധ്യത്താൽ നയിക്കപ്പെടുന്നത്. മനുഷ്യർ പ്രശ്നക്കാരാണ്; അതിനാലാണ് ചട്ടങ്ങൾ ആവശ്യമായിവരുന്നത്. (...You create them on the assumption that human being, by nature, is not innocent. Human being is capable of creating mistakes. And that's why all over the world, the history of writing constitution is led by this assumption that human beings are not to be trusted. They are problems, And that is why you have regulations.)

ഇപ്പോൾ ഈ ചട്ടങ്ങളെ എതിർക്കുന്നവർ വാസ്തവത്തിൽ ഈയൊരു അനുമാനത്തെയാണ് വെല്ലുവിളിക്കുന്നത്—അതായത് തങ്ങൾ സ്വതവേ നല്ലവരാണെന്നും ആർക്കെതിരെയും അതിക്രമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ ജാതീയതയേ ഇല്ലെന്നുമാണ് അവർ വാദിക്കുന്നത്. എന്നാൽ അതല്ല യാഥാർത്ഥ്യം. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ഒരു ഭരണഘടനയുടെ തന്നെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ഭരണഘടനയിൽ ആർട്ടിക്കിൾ 17, 19, 30, അതിൽ 17-ാം വകുപ്പ് അയിത്തത്തിനെതിരെയുള്ളതാണ്. ഇത്തരം ജാതിവിരുദ്ധ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് തന്നെ മനുഷ്യർ ഏതെങ്കിലും തരത്തിലുള്ള ജാതീയതയിൽ ഏർപ്പെടാൻ സാധ്യതയുണ്ട് എന്ന അനുമാനത്തിലാണ്. 

രോഹിത് വെമുലയുടെയും പായൽ തഡ്‌വിയുടെയും മാതാക്കൾ സമർപ്പിച്ച ഹർജികളുടെ ഫലമായാണ് നിലവിൽ ഈ നിയമപരമായ ചട്ടങ്ങൾ (Regulations) രൂപംകൊണ്ടിട്ടുള്ളത്. വിവേചനത്തിന് വ്യക്തമായ തെളിവുകൾ നിലവിലുണ്ടെങ്കിൽ, നിങ്ങളുടെ ഇടപെടൽ തന്ത്രങ്ങളും (Interventionist strategies) സംവിധാനങ്ങളും കൂടുതൽ കർശനമാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയല്ലായിരുന്നെങ്കിൽ, ഇതേ ഭരണകൂടം തന്നെ എന്തിനാണ് 1955-ലും 1965-ലും 1989-ലുമൊക്കെ ഇത്ര ശക്തവും കഠിനവുമായ ജാതിവിരുദ്ധ നിയമങ്ങൾ നിർമ്മിച്ചത്? അയിത്ത നിർമ്മാർജ്ജനത്തിനായി 1955, 1965, 1989 വർഷങ്ങളിൽ ആവർത്തിച്ച് നിയമനിർമ്മാണങ്ങൾ നടത്തേണ്ടി വന്നത് അതുകൊണ്ടാണ്.

എന്തുകൊണ്ടാണിത്? കാരണം സമൂഹം ഇന്നും പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്; ജാതിവിവേചനവും അയിത്തവും കൂടുതൽ തീവ്രമായ (Intensified) അവസ്ഥയിലേക്ക് മാറുന്നു. അതിനാൽ തന്നെ ഇവയെ കൈകാര്യം ചെയ്യാൻ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ആവശ്യമാണ്. കാരണം, മനുഷ്യസ്വഭാവം അത്ര സൗഹൃദപരമല്ല; അത് ബാബാസാഹേബ് മുന്നോട്ടുവെച്ച 'മൈത്രി' എന്ന സന്ദേശത്തെ പിന്തുടരുന്നില്ല. ഇതാണ് ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്നം.

ഇവിടെ രണ്ട് ചോദ്യങ്ങളാണുള്ളത്: ഒന്ന്, എന്തുകൊണ്ടാണ് 1955 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ നിയമങ്ങൾ ആവർത്തിക്കേണ്ടി വന്നത്? അതെ, നിങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്: ജാതീയതയിൽ നിന്ന് നിങ്ങൾ യഥാർത്ഥത്തിൽ മുക്തരായിട്ടുണ്ടോ (Detoxified)? സത്യത്തിൽ ഇതിന്റെ ഉത്തരവാദിത്തം പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. "അത് അയാളുടെ പ്രശ്നമാണ്, എന്റേതല്ല" എന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമം. അത് മറ്റൊരു സംവാദമാണ്. എങ്കിലും, ജാതി എന്ന സാമൂഹിക വിപത്തിനെ നാം ഒത്തുചേർന്ന് പങ്കിടേണ്ട (Collectively share) ഒന്നായി കാണേണ്ടതുണ്ട്.

The Roots Media - TOWARDS SOCIAL DEMOCRACY