ഇറാന്റെ പരമാധികാരവും അമേരിക്കൻ-ഇസ്രായേൽ താല്പര്യങ്ങളുടെ യുദ്ധവും
വിഭവങ്ങളുടെ നിയന്ത്രണത്തിന്, ആയുധ വ്യാപാരത്തിന്, കമ്പോളത്തിന്റെ പുതിയ സാങ്കേതികവിദ്യയുടെ വ്യാപനത്തിനൊക്കെ രാജ്യങ്ങളുടെ പരമാധികാരത്തെ ഭേദിച്ചുകൊണ്ട് സാമ്രാജ്യത്വങ്ങൾ ഇടപെടൽ നടത്തും. സാമ്രാജ്യത്വത്തിന്റെ പ്രധാനപ്പെട്ട സ്വഭാവമാണിത്. ആണവ ചർച്ചകളുടെ മറവിൽ ഇറാന്റെ സൈനിക ശേഷിയെ ഇല്ലാതാക്കാനും ഭരണമാറ്റം ലക്ഷ്യമിട്ടുമാണ് അമേരിക്കയും ഇസ്രായേലും യുദ്ധം ചെയ്യുന്നത്. അമേരിക്കൻ വിദേശനയം രൂപീകരിക്കുന്നതിൽ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലേക്കുള്ള നയം രൂപീകരിക്കുന്നതിൽ ഇസ്രായേലിന് വലിയ സ്വാധീനമുണ്ട്. ഇപ്പോഴുള്ള ഇറാൻ ആക്രമണത്തിന്റെ പ്രധാന കാരണം ഇസ്രായേലിന്റെ സമ്മർദ്ദവും താല്പര്യങ്ങളുമാണ്. ജെ.എൻ.യു. പശ്ചിമേഷ്യൻ പഠന കേന്ദ്രത്തിന്റെ മുൻ ചെയർപേഴ്‌സണും എം.ജി. യൂണിവേഴ്സിറ്റി നെൽസൺ മണ്ടേല ചെയറിന്റെ അധ്യക്ഷനുമായ പ്രൊഫ. എ.കെ. രാമകൃഷ്ണൻ വിശകലനം ചെയ്യുന്നു.
ഇറാന്റെ മേലുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം ലോക രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രധാനപ്പെട്ട ചില പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നിലവിലെ 'ദേശ-രാഷ്ട്ര' കേന്ദ്രീകൃതമായ ലോക രാഷ്ട്രീയ വ്യവസ്ഥിതി രൂപീകൃതമാകുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. 1648-ലെ വെസ്റ്റ്ഫാലിയ ഉടമ്പടി (Treaty of Westphalia) അതിന്റെ ഒരു സമൂർത്ത ആവിഷ്ക്കാരമാണ്. ഈ വെസ്റ്റ്ഫാലിയ സമ്പ്രദായം എന്നത് ഭരണകൂടത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു മോഡേൺ നേഷൻ സ്റ്റേറ്റിന്റെ ലോക രാഷ്ട്രീയ വ്യവസ്ഥയാണ്. ഇതിന്റെ അടിസ്ഥാന തത്വം എന്ന് പറയുന്നത്, ഒരു പരമാധികാര ഭരണകൂടവും ഒരു പ്രത്യേക അതിർത്തിക്കുള്ളിൽ ആ ഭരണകൂടത്തിന്റെ പരമാധികാരം നിലനിൽക്കുന്ന രീതിയുമാണ്. മറ്റു രാജ്യങ്ങൾ ആ പരമാധികാരം അംഗീകരിക്കുകയും, അതുകൊണ്ട് ഇടപെടാതിരിക്കുക എന്നുള്ള ഒരു തത്വം അതിൽ പ്രധാനവുമാണ്. ഓരോ രാജ്യവും മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കുക, അവരുടെ അതിർത്തിക്ക് അകത്തുള്ള ഭരണകൂടത്തിന്റെ അധികാരം അംഗീകരിക്കുക. ആ ഭരണകൂടങ്ങൾ ഏത് പ്രത്യയശാസ്ത്രമായാലും, ഏത് മതത്തിന്റെ അടിസ്ഥാനത്തിലായാലും, അത്തരം പരിഗണനകൾക്ക് അപ്പുറം അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നുള്ളതാണത്.
പരമാധികാരവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നീ രണ്ട് തത്വങ്ങളിൽ കഴിഞ്ഞ കുറെ ദശകങ്ങളായിട്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ ഒരു പ്രധാന കാര്യം ഇടപെടലുകളാണ്. അമേരിക്ക ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, ലിബിയയിലും ഇപ്പോൾ ഇറാന് നേരെയുള്ള ആക്രമണവും വെനിസ്വേലയ്ക്ക് നേരെയുള്ള ആക്രമണവും—ഇതെല്ലാം ഒരു അന്താരാഷ്ട്ര വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. സാമ്രാജ്യത്വത്തിന്റെ പ്രധാനപ്പെട്ട സ്വഭാവമാണിത്. ആയുധ വ്യവസായത്തിന്, കമ്പോളത്തിന്റെ പുതിയ സാങ്കേതികവിദ്യയുടെ വ്യാപനത്തിനൊക്കെ പഴയ രീതിയിലുള്ള ദേശരാഷ്ട്ര പരമാധികാരം എന്ന് പറയുന്നത് ചിലപ്പോൾ സ്വതന്ത്ര വ്യാപാരത്തിന് (Free Trade) വിലങ്ങുതടിയായി വരും. കമ്പോളത്തിന്റെ, സാങ്കേതികവിദ്യയുടെ, പുതിയതരം പ്രതിഭാസങ്ങളുടെ ഒരു കാലത്ത് പഴയ രീതിയിലുള്ള പരമാധികാരം നിലനിർത്തുക എന്നത് പ്രയാസകരമായി വരും. അപ്പോൾ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ഭേദിച്ചുകൊണ്ട് ഇടപെടാൻ ശക്തിയുള്ള സാമ്രാജ്യത്വങ്ങൾ ഇടപെടൽ നടത്തും. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം അമേരിക്കയ്ക്ക് ഇത്തരം താല്പര്യങ്ങൾ വളരെ കൂടുകയാണ് ചെയ്തത്. ലാറ്റിൻ അമേരിക്കയിലൊക്കെ പണ്ടും അത് നടന്നിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ ലോക രാഷ്ട്രീയ വ്യവസ്ഥയിൽ വലിയ മാറ്റം വന്നിട്ടുണ്ട്.
ശക്തിയുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ഭേദിച്ചുകൊണ്ടുള്ള ഇടപെടലുകൾ നടത്തുകയും യുദ്ധങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് ആയാലും അതിന് മുമ്പുള്ള അമേരിക്കൻ പ്രസിഡന്റുമാരായാലും ഈയൊരു മാറിയ സാഹചര്യത്തെയാണ് അവരുടെ രാജ്യം പ്രതിനിധീകരിക്കുന്നത്. ഇത് ട്രംപിന്റെ വ്യക്തിപരമായിട്ടുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല; വ്യക്തികൾ വളരെ പ്രധാനമാണ്, പക്ഷേ അടിസ്ഥാനപരമായി ലോക രാഷ്ട്രീയത്തിലെ ഘടനാപരമായ സവിശേഷതകളിൽ വരുന്ന ഈ മാറ്റം പ്രധാനമാണ്. രണ്ടാമത്തെ കാര്യം, പശ്ചിമേഷ്യയിലുള്ള അമേരിക്കൻ താല്പര്യങ്ങളാണ്. വളരെക്കാലമായിട്ട് എണ്ണയുടെയും നാച്ചുറൽ ഗ്യാസിന്റെയും മേലുള്ള നിയന്ത്രണങ്ങൾക്കായി അമേരിക്ക ഇടപെടൽ നടത്തുന്നുണ്ട്. മുൻപ് അമേരിക്കയ്ക്ക് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണയിൽ ഒരു ആശ്രയത്വം (Dependency) ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയ്ക്ക് ആ കാര്യത്തിൽ സ്വയംപര്യാപ്തതയുണ്ട്. അതുകൊണ്ട് അവർ നേരിട്ട് അത്ര ആശ്രയിക്കുന്നില്ല. എങ്കിലും, വെനിസ്വേലയിലാണെങ്കിലും പശ്ചിമേഷ്യയിലാണെങ്കിലും വിഭവങ്ങളുടെ (Resources) മേലുള്ള നിയന്ത്രണം ഇപ്പോഴും വളരെ പ്രധാനമായി തന്നെയാണ് അവർ കാണുന്നത്. അതിലൂടെയാണ് സുരക്ഷയ്ക്കും വികസനത്തിനും ഒക്കെ ആവശ്യമായ വിഭവങ്ങൾ സുഗമമായി എത്തിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവുക. വിഭവങ്ങളില്ലാത്ത സ്ഥലത്തുള്ള ഒരു ആക്രമണം ആവശ്യമുള്ളതായിട്ട് അവർക്ക് ഒരിക്കലും തോന്നുന്നില്ല. വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം വളരെ പ്രധാനമായിട്ട് അമേരിക്ക കാണുന്നു. പശ്ചിമേഷ്യ കഴിഞ്ഞ അരനൂറ്റാണ്ടോ അതിലധികമോ ആയി പ്രധാനപ്പെട്ട ഒരു അമേരിക്കൻ താല്പര്യങ്ങളുടെ മേഖലയായി വരുന്നത് അതുകൊണ്ടാണ്.
ഇറാനിയൻ വിപ്ലവം 1979-ൽ വന്നത് അമേരിക്കയ്ക്ക് വലിയൊരു വെല്ലുവിളിയായിട്ടുണ്ട്. ഷായുടെ ഭരണം ഉണ്ടായിരുന്നപ്പോൾ വളരെ സുഗമമായിട്ട് ഇറാന്റെ മേഖലയിലുള്ള നിയന്ത്രണം നടക്കുമായിരുന്നു. ഇറാനിൽ വിപ്ലവം നടന്നത് ഒരു വലിയ ആഘാതമായിട്ടാണ് അമേരിക്കയ്ക്ക് അനുഭവപ്പെട്ടത്. അതുകൊണ്ട് ഇറാൻ ഒരു ശത്രു എന്ന നിലയിൽ 79-ലെ വിപ്ലവത്തോടുകൂടി തന്നെ അമേരിക്ക കൊണ്ടുനടക്കുന്ന സംഗതിയാണ്. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കയുടെ ഈ ശത്രുത മാത്രമല്ല, ഇസ്രായേലിന്റെ താല്പര്യങ്ങൾ കൂടിയാണ് ഏറ്റവും മുഖ്യമായിട്ടുള്ളത്.
അമേരിക്കയും ഇറാനും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രായേൽ ഇറാനെ ആക്രമിക്കുന്നത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഒമാൻ മധ്യസ്ഥൻ പറയുകയും ചെയ്തു. അപ്പോൾ ഈ ചർച്ചകൾ (Negotiations) എന്നത് ഒരു തീരുമാനത്തിലേക്ക് എത്താനുള്ള ഒരു വഴിയായിട്ടല്ല അമേരിക്കയും ഇസ്രായേലും കണ്ടുകൊണ്ടിരിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ ജൂണിലാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ആ സമയത്ത് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഫലം എന്താണെന്നുള്ള കാര്യം അവർക്ക് പ്രധാനമേ അല്ലായിരുന്നു. ആ സമയത്ത് തന്നെയാണ് കഴിഞ്ഞ ആക്രമണം നടന്നത്. ഇസ്രായേൽ ആദ്യം ആക്രമിക്കുകയും പിന്നീട് അമേരിക്കയും ഭാഗമാവുകയുമാണ് ചെയ്തത്. അന്ന് നടന്നതുപോലെ ഇപ്പോഴും ഈ ചർച്ചകൾ നടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. അപ്പോൾ ഈ ചർച്ചകൾ എന്നുള്ളത് ഒരുതരത്തിൽ എതിർപാർട്ടിയെ പ്രത്യേക രീതിയിൽ ഏർപ്പെടുത്തി നിർത്തുക എന്നുള്ളതും സമയം ലാഭിക്കാനുള്ള ഒരു കാര്യവുമാണ്. അല്ലാതെ അതൊരു തീരുമാനത്തിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള ഒരു പ്രക്രിയയായിട്ട് അമേരിക്കയും ഇസ്രായേലും കരുതുന്നേയില്ല.
അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 പെൺകുഞ്ഞുങ്ങളുടെ ശവശരീരങ്ങൾ ഒന്നിച്ച് മറവുചെയ്യുന്നു.
അമേരിക്ക ഈ യുദ്ധം തുടങ്ങുമ്പോഴും പറഞ്ഞുകൊണ്ടിരുന്നത് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, അണുവായുധം ഉണ്ടാക്കാനുള്ള ഒരു സാധ്യതയും ഉണ്ടാകരുത്, അതിനുവേണ്ടിയുള്ള ചർച്ചയാണെന്നാണ്. ചർച്ചകൾ പുരോഗമിക്കുമ്പോൾ മിസൈലുകളുടെ കാര്യം കൂടി അവർ മുന്നോട്ട് വെക്കുന്നു. ഇറാൻ അതിന്റെ ദീർഘദൂര മിസൈലുകൾ പൂർണ്ണമായിട്ട് ഇല്ലാതാക്കുക എന്നുള്ള അധികമായ ഒരു ആവശ്യം കൂടി വെച്ചു. എന്നുവെച്ചാൽ ആ ചർച്ച ആണവ കാര്യത്തിൽ വിജയിച്ചാലും ഈ സംഘർഷം നീളണം. ആണവ കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തുന്നു എന്ന് ഒമാൻ മധ്യസ്ഥർ പറഞ്ഞതാണല്ലോ. അപ്പോൾ പിന്നെ ആണവകാര്യത്തിൽ തീരുമാനത്തിലെത്തിയാലും ഇല്ലെങ്കിലും പുതിയ ആവശ്യങ്ങൾ വെക്കുക, ചർച്ചകൾ നീട്ടിക്കൊണ്ടുപോകുക എന്നത് അവരുടെ തന്ത്രമാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം അമേരിക്കയും ഇസ്രായേലും ശത്രുപക്ഷത്ത് നിൽക്കുന്നതുകൊണ്ടുതന്നെ അതിന്റെ സ്വയംരക്ഷ എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് ആ കാര്യത്തിൽ അവർ വിട്ടുവീഴ്ച ചെയ്യാൻ യാതൊരു വഴിയുമില്ല. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ല എന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ആയത്തുള്ള അലി ഖമേനിയുടെ ഒരു ഫത്വയുണ്ട്. ഇറാൻ ആണവായുധങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഫത്വയാണത്. അത് പിൻവലിച്ചിട്ടില്ല. ആണവായുധങ്ങൾ നിർമ്മിക്കുക എന്നത് ഇറാന്റെ മുഖ്യ ലക്ഷ്യമേ അല്ല എന്നത് ഇറാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഇറാൻ ആണവ കാര്യത്തിൽ എന്തെങ്കിലും വിധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നത് കൊണ്ടൊന്നുമല്ല ഈ യുദ്ധം ഉണ്ടായത്. ഇറാൻ ന്യൂക്ലിയർ ഡീൽ എന്ന് പൊതുവിൽ പറയുന്ന ആ കരാർ (JCPOA) ഉണ്ടായിരുന്നു. ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആ കരാറിൽ നിന്ന് ട്രംപ് ആദ്യവട്ട അധികാരത്തിൽ വന്നപ്പോൾ പിന്മാറുകയാണ് ചെയ്തത്. ആണവ കാര്യത്തിലുള്ള താല്പര്യമാണെങ്കിൽ ആ കരാർ തുടരുകയും അതിൽ തന്നെ കൂടുതൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അപ്പോൾ ആണവ കാര്യത്തിൽ അങ്ങനെ ഒരു താല്പര്യം ട്രംപിന് ഇല്ല എന്നത് വളരെ വ്യക്തമാണ്. ഇപ്പോൾ അതേ ട്രംപ് തന്നെയാണ് പറയുന്നത് ഇറാന്റെ ആണവ പദ്ധതികൾ നശിപ്പിക്കണമെന്ന്!
2025 ജൂണിൽ നടന്ന യുദ്ധത്തിൽ അമേരിക്ക ബോംബ് ചെയ്തത് ഇറാന്റെ ആണവ നിലയങ്ങളിൽ ആണെന്ന് നമുക്കറിയാം. അന്ന് ഇറാന്റെ ആണവ ശേഷികൾ പൂർണ്ണമായി തകർത്തു എന്നാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇപ്പോൾ അതേ കാര്യം വെച്ച് തന്നെയാണ് ചർച്ചകൾ എന്ന് പറയുന്നതും ഇറാനെതിരെ യുദ്ധം ചെയ്യുന്നതും. ഇത് അസംബന്ധമായ (Absurd) കാര്യമായിട്ടാണ് നമുക്ക് മനസ്സിലാകുന്നത്. തീർച്ചയായും ഇപ്പോഴുള്ള ഇറാൻ ആക്രമണത്തിന്റെ പ്രധാന കാരണം ഇസ്രായേലിന്റെ വലിയ സമ്മർദ്ദവും താല്പര്യങ്ങളും തന്നെയാണ്.
അമേരിക്കൻ വിദേശനയം രൂപീകരിക്കുന്നതിൽ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലേക്കുള്ള നയം രൂപീകരിക്കുന്നതിൽ ഇസ്രായേലിന് വലിയ സ്വാധീനമുണ്ട്. അത് ട്രംപിന്റെ മേലെയുമുണ്ട്. അമേരിക്ക ഫസ്റ്റ് എന്നുള്ള നിലപാട് എടുക്കും, പുറത്തുള്ള യുദ്ധങ്ങളിൽ അമേരിക്ക ഇടപെട്ട് വിഭവങ്ങൾ അങ്ങോട്ട് കൊണ്ടുപോകുന്നത് നിർത്തും എന്നൊക്കെ പറഞ്ഞാണ് ഈ പ്രാവശ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതും അധികാരത്തിൽ വന്നതും. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (Make America Great Again) എന്ന് പറയുന്ന മാഗ മൂവ്മെന്റിന്റെ മുദ്രാവാക്യമൊക്കെ വരുന്നത് അങ്ങനെയാണ്. പക്ഷേ ലോക രാഷ്ട്രീയം നടക്കുന്നത് അങ്ങനെയല്ല. അമേരിക്കയുടെ ഒരു സാമ്രാജ്യത്വ താല്പര്യം എന്നത് അങ്ങനെ ഒതുങ്ങി നിൽക്കാൻ പറ്റുന്ന ഒന്നല്ല. അമേരിക്കയ്ക്ക് വലിയ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് ഉണ്ട്. ആയുധ നിർമ്മാണ പ്രക്രിയകൾ നിരന്തരം തുടരേണ്ടുന്ന ആവശ്യമുണ്ട്. ഇസ്രായേലിന്റെ ഈ മേഖലയിലുള്ള താല്പര്യങ്ങൾ പ്രധാനമാണ്. ഇസ്രായേലിന്റെ സമ്മർദ്ദമാണ് ഈ ആണവ കാര്യത്തിൽ നിന്ന് ചർച്ച മിസൈലുകളിലേക്ക് മാറ്റുക എന്നത്. ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായും തകർക്കുക എന്നതാണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യം. രാഷ്ട്രീയമായി ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്പര്യം ഇറാന്റെ ഇന്നുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണ വ്യവസ്ഥയെ തകർക്കുക എന്നതാണ്. അവരുടെ സുപ്രീം ലീഡറായ ആയത്തുള്ള അലി ഖമേനിയുടെ വധം കാണിക്കുന്നത് ഒരു ഭരണമാറ്റം എന്ന് പറയുന്ന കാര്യത്തിലേക്ക് വരുന്നു എന്നുള്ളതാണ്. അത് അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്പര്യം തന്നെയാണ്.
അമേരിക്കയുടെ ഈ മേഖലയോടുള്ള വീക്ഷണങ്ങളിൽ പൊതുവിലും, പക്ഷേ ഇറാനോടുള്ള വീക്ഷണത്തിൽ പ്രത്യേകിച്ചും ഇറാനെക്കുറിച്ചുള്ള അജ്ഞതയുണ്ട്. ഇറാനിയൻ സമൂഹത്തിന്റെ സവിശേഷത എന്താണ്? ഇറാനിലെ രാഷ്ട്രീയം, പ്രത്യേകിച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നടത്തിപ്പും ആ രാഷ്ട്രീയവും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച്, ഇസ്ലാമും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ഇറാനിയൻ ഭരണഘടനയും അതിന്റെ സവിശേഷതകളും, അനേകം സ്ഥാപനങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധവും ഇറാനിൽ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചൊക്കെയുള്ള അജ്ഞത ഒരുവശത്ത് അമേരിക്കൻ വിദേശനയ രൂപീകരണ രംഗത്തുണ്ട്. ഇത് അജ്ഞതയുടെ കാര്യം മാത്രമല്ല, അത് പരിഹരിക്കപ്പെടാവുന്ന ഒരു കാര്യമാണ്. പക്ഷേ അജ്ഞതയോടൊപ്പം തന്നെയുള്ള ഇസ്ലാമിനോടുള്ള അമേരിക്കൻ സമീപനം, ഒരു ശത്രു രാഷ്ട്രം എന്ന നിലയ്ക്ക് ഇറാനെ പ്രതിഷ്ഠിക്കുന്ന രീതി, പാശ്ചാത്യ വീക്ഷണത്തിൽ അന്തർലീനമായിട്ടുള്ള കൊളോണിയൽ മനോഭാവം—ഒരു പാശ്ചാത്യ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന പ്രാധാന്യം തന്നെയുള്ള മാനവികതയുള്ളവരാണ് ഈ മേഖലയിലുള്ള മനുഷ്യർ എന്നുള്ള പരിഗണനയില്ലായ്മ—അതാണ് ഒരു കൊളോണിയൽ വീക്ഷണത്തിന്റെ മുഖ്യമായ വശം. അടിസ്ഥാനപരമായി ഇത്തരം കൊളോണിയൽ വീക്ഷണങ്ങളാണ് അമേരിക്ക കൊണ്ടുനടക്കുന്നത്.
യുദ്ധം തുടങ്ങി കഴിഞ്ഞിട്ടേയുള്ളൂവെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ പ്രസ്താവന വന്നത്. പാശ്ചാത്യ സംസ്കാരത്തിന്, civilization-ന് തന്നെ ഭീഷണിയായിട്ടാണ് അമേരിക്ക ഇറാനെ കാണുന്നത്. ഇറാന് മൂവായിരത്തിലധികം വർഷം പഴക്കമുള്ള, ഏറ്റവും വലിയ ഒരു പ്രധാനപ്പെട്ട civilization ആയിരുന്നു. വളരെ ചരിത്രമുള്ള ഒരു രാജ്യമാണ്. ആ ഇറാന്റെ സംസ്കാരം civilized അല്ലാതെ ഇരിക്കുകയും പാശ്ചാത്യ civilization-ന്റെ മഹത്വം ഉദ്ഘോഷിക്കുകയുമൊക്കെ ചെയ്യുന്ന ഒരു കൊളോണിയൽ വീക്ഷണ രീതി ഈ അമേരിക്കൻ സാമ്രാജ്യത്വ വിദേശനയത്തിൽ ശക്തമായിട്ടുണ്ട്. അത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇറാനെ വലിയ തോതിൽ അപ്രസക്തമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഇറാന്റെ ഈ മേഖലയിലുള്ള ശക്തി ഏറ്റവും കുറയ്ക്കുക എന്നുള്ളത്, അത് ഭരണമാറ്റത്തിലൂടെയാണ് എളുപ്പത്തിൽ സാധിക്കുക എന്ന് ഇസ്രായേലും അമേരിക്കയും വിശ്വസിക്കുന്നുണ്ട്. പക്ഷേ ഈ ഭരണമാറ്റം എന്ന് പറയുന്നത് അലി ഖമേനിയെയോ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മറ്റ് നേതാക്കളെയോ വധിച്ചതുകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല. ഇറാന് ചുറ്റും മറ്റ് രാജഭരണങ്ങൾ (Monarchy) ഉണ്ട്. അവിടെ ഭരണാധികാരിയായ വ്യക്തിയെയോ കുടുംബത്തെയോ ഒക്കെ മാറ്റിക്കഴിഞ്ഞാൽ ചിലപ്പോൾ ഭരണസംവിധാനം മൊത്തമായി തന്നെ മാറും. പക്ഷേ അങ്ങനെ ഒരു സ്ഥിതിയല്ല ഇറാനിലുള്ളത്. ഇറാനിൽ സങ്കീർണ്ണമായ ഇസ്ലാമിക് റിപ്പബ്ലിക് ഭരണവ്യവസ്ഥയാണ് നിലനിൽക്കുന്നത്. അതിൽ അധികാര വിതരണം (Distribution of powers) വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്. സുപ്രീം ലീഡർക്കാണ് ഏറ്റവും കൂടുതൽ അധികാരമെങ്കിലും മറ്റ് അനേകം സംവിധാനങ്ങൾ അവിടെ നിലവിലുണ്ട്. സുപ്രീം ലീഡർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് അവരുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടാണ് ഒരു മൂന്നംഗ കൗൺസിൽ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ അസംബ്ലി ഓഫ് എക്സ്പെർട്സ് (Assembly of Experts) എന്ന വിഭാഗവും ഭരണഘടന പ്രകാരം നിലവിലുണ്ട്. ആ കൗൺസിൽ കൂടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ മൂന്ന് അംഗങ്ങളെ ഇതിനകം നിയമിച്ചു കഴിഞ്ഞു; അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇവർ മാറി പുതിയ നേതൃത്വം വന്നാൽ അടുത്ത മൂന്ന് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ പ്രക്രിയ നടക്കുന്ന ഒരു ഭരണഘടനയാണ് ഇറാന്റേത്. അമേരിക്കയും ഇസ്രായേലും വിലകുറച്ചു കാണുന്ന ഇറാൻ വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണെന്ന് നാം മനസ്സിലാക്കണം.
ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ഇസ്രായേലും അമേരിക്കയും യുദ്ധം തുടങ്ങിയത്. എന്താണ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റിനോടോ സെക്രട്ടറിയോടോ മാർക്ക് എസ്പറോടോ (Mark Esper) ചോദിച്ചാലും കൃത്യമായ ഉത്തരമില്ല. ഇറാന്റെ ആണവ ശേഷി നശിപ്പിക്കുക എന്നതാണോ, അതോ ഭരണമാറ്റം വരുത്തുക എന്നതാണോ എന്ന് വ്യക്തമല്ല.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാവനയിലുള്ള ഒരു ഭരണമാറ്റം ഇറാനിൽ നടക്കുന്നു എന്ന് കരുതുക; അങ്ങനെയൊരു ഭരണമാറ്റം ഇറാനിൽ എങ്ങനെയാണ് പ്രതിഫലിക്കുക? ഒരു ബദൽ ഭരണം വരണമല്ലോ; എന്ത് ബദലാണ് ഇറാനിലുള്ളത്? അമേരിക്കയിൽ താമസിക്കുന്ന, ഇസ്രായേലിന്റെ ഏറ്റവും അടുത്ത ബന്ധുവായ പഴയ ഷായുടെ മകനെ പ്രതിഷ്ഠിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഇതിന് ഇറാനിയൻ ജനതയുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയില്ല. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഇതിനെ അനുകൂലിക്കുന്നത്. ഷായ്ക്ക് ഇറാന്റെ രാഷ്ട്രീയവുമായി നിലവിൽ ഒരു ബന്ധവുമില്ല, അദ്ദേഹം വിദേശത്ത് ജീവിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ അവരോധിച്ചുകൊണ്ട് ഒരു ഗവൺമെന്റ് സ്ഥാപിച്ചാൽ വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവും സൈനിക നിയന്ത്രണവും സുഗമമാക്കാം എന്നാണ് അമേരിക്കൻ വിശ്വാസം. അത്തരമൊരു ഭരണമാറ്റം വരുത്തണമെങ്കിൽ അമേരിക്ക ഇറാന്റെ അകത്ത് കരസേനയെ ഇറക്കി ഭരണം പിടിച്ചെടുക്കേണ്ടി വരും. ആകാശയുദ്ധത്തിലൂടെ മാത്രം നടക്കുന്ന പ്രക്രിയയല്ല ഇത്. ഇറാന്റെ ഭൂപ്രകൃതിയിൽ ഒരു കരയുദ്ധം എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. ഇത്തരത്തിലുള്ള ദിവാസ്വപ്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം നടക്കുന്നത്. യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതുകൊണ്ടാണ് അമേരിക്കയുടെ തന്നെ മുൻ സൈനിക നേതാക്കൾ യുദ്ധത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഒരു കൃത്യമായ ലക്ഷ്യമില്ലാതെയാണ് അമേരിക്ക ഈ യുദ്ധം നടത്തുന്നത് എന്നതാണ് യാഥാർത്ഥ്യം.
ഇസ്രായേലിന്റെ മുഖ്യശത്രുവായി ഇറാൻ പശ്ചിമേഷ്യയിൽ മാറുന്നത് ഇറാൻ വിപ്ലവത്തിന് ശേഷമാണ്. വിപ്ലവത്തിന് ശേഷമുള്ള ഇറാനിയൻ ഗവൺമെന്റ് ഫലസ്തീൻ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകി വരുന്നു. തുടക്കത്തിൽ പി.എൽ.ഒ-യ്ക്ക് (PLO) നൽകിയിരുന്ന പിന്തുണ പിന്നീട് ഹമാസ് രൂപീകരിച്ചപ്പോഴും തുടർന്നു. ഫലസ്തീനികൾക്ക് സൈനികമായും ഭൗതികമായും സഹായം എത്തിക്കുന്ന പ്രധാന രാജ്യം ഇറാനാണ്. 1967-ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, ഗാസ, ഈസ്റ്റ് ജെറുസലേം എന്നിവിടങ്ങളിലെ ഇസ്രായേലിന്റെ അധിനിവേശ വിപുലീകരണത്തിനും പുതിയ സെറ്റിൽമെന്റുകൾക്കും എതിരായ ഫലസ്തീൻ ചെറുത്തുനിൽപ്പിന് ഇറാന്റെ വലിയ സഹായമുണ്ട്. ഇസ്രായേലിന്റെ അധിനിവേശ നിയന്ത്രണങ്ങൾക്ക് ഇറാൻ വലിയൊരു വെല്ലുവിളിയാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട് ഫലസ്തീൻ പോരാട്ടം ദുർബലമാക്കാൻ ഇറാന്റെ ശക്തി കുറയ്ക്കേണ്ടത് ഇസ്രായേലിന്റെ ആവശ്യമാണ്. ഇറാന്റെ മിസൈലുകൾ നശിപ്പിക്കുക, സൈനിക ശേഷി ഇല്ലാതാക്കുക, ഭരണമാറ്റം വരുത്തുക എന്നതൊക്കെ ഇസ്രായേലിന്റെ താല്പര്യങ്ങളാണ്.
ഇസ്രായേൽ കഴിഞ്ഞാൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ യഹൂദർ ഉള്ളത് ഇറാനിലാണ്. ഇറാന്റെ പാർലമെന്റിൽ (Majlis) യഹൂദർക്ക് സംവരണ സീറ്റുകളുണ്ട്. യഹൂദർക്കും അർമേനിയൻ ക്രിസ്ത്യാനികൾക്കും പ്രാതിനിധ്യമുള്ള ഒരു ഭരണകൂടമാണ് ഇസ്ലാമിക് റിപ്പബ്ലിക്. ഇസ്രായേലിന്റെ ഈ ആക്രമണം യഥാർത്ഥത്തിൽ സയണിസത്തിന്റെ താല്പര്യമാണ്. സയണിസ്റ്റ് വിപുലീകരണമാണ് ഇവിടെ പ്രധാനമായി നടക്കുന്നത്. ഇസ്രായേൽ കഴിഞ്ഞ ജൂണിൽ ഇറാനെ ആക്രമിച്ചപ്പോൾ ഇറാനിലെ യഹൂദ സംഘടനകൾ അതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ലോകമെമ്പാടും ഫലസ്തീനെ പിന്തുണയ്ക്കുന്ന അനേകം യഹൂദരുണ്ട്. ഇറാന്റെ ശേഷി കുറയ്ക്കുക എന്നത് ഇസ്രായേലിന്റെയും സയണിസത്തിന്റെയും മാത്രം താല്പര്യമാണ്.
ചൈനയും റഷ്യയും ഈ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളാണ്. എന്നാൽ രാഷ്ട്രീയമായും സൈനികമായും അവർ ഇറാന് പിന്തുണ നൽകി വരുന്നു. ചൈനയും ഇറാനും തമ്മിൽ സൈനികപരമായ കരാറുകളുണ്ട്. അമേരിക്കൻ ഉപരോധങ്ങളെ അവഗണിച്ചുകൊണ്ട് ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപരോധങ്ങൾ ഭയന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കിയപ്പോഴും ചൈന ഇറാനെ സഹായിച്ചു. റഷ്യക്കും ഇറാനുമായി ശക്തമായ ബന്ധമുണ്ട്. ലോക രാഷ്ട്രീയത്തിൽ അമേരിക്കയുടെ ശക്തിയെ സന്തുലിതമാക്കുന്ന രണ്ട് ശക്തികളാണ് റഷ്യയും ചൈനയും. ഉപരോധം മൂലം ജനജീവിതം ദുസ്സഹമായ ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് ഈ രാജ്യങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിക്കുന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ പ്രശ്നമാണ്.
ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായി ദുർബലപ്പെടുത്താൻ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്ന് തോന്നുന്നില്ല. പശ്ചിമേഷ്യയിൽ ഇറാൻ ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും അമേരിക്കൻ സൈനിക താവളങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെയാണ് പരമ്പരാഗതമായി ആശ്രയിക്കുന്നത്. എന്നാൽ തങ്ങളുടെ പ്രദേശം ഇറാനെ ആക്രമിക്കാൻ വിട്ടുനൽകിയാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഈ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ആയുധ ശേഖരം വിപുലമാണെങ്കിലും അവ വിന്യസിക്കുന്നതിന് പരിധികളുണ്ട്. ചർച്ചകൾ നടക്കുമ്പോഴും അമേരിക്ക കൂടുതൽ ആയുധങ്ങളും കപ്പലുകളും മേഖലയിലേക്ക് എത്തിക്കുന്നത് യുദ്ധത്തിന് സജ്ജമാകുന്നതിന്റെ ഭാഗമായാണ്. ഇറാൻ അങ്ങേയറ്റം വരെ പ്രതിരോധിക്കാൻ തയ്യാറാണ്. ഈ യുദ്ധം ദീർഘകാലം കൊണ്ടുപോകാനുള്ള സന്നദ്ധത അമേരിക്കയ്ക്കും ഇസ്രായേലിനും ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം.