Author Image വിജു വി.വി.
08 May 2026

പിണറായിക്കാലം: വിധിയും വിലയിരുത്തലും

പിണറായി വിജയൻ സർക്കാരിന്റെ പതനവും യു.ഡി.എഫ്. നേടിയ ഉജ്ജ്വല വിജയവും വെറുമൊരു രാഷ്ട്രീയ മാറ്റമല്ല. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകൾ, ജനകീയ പ്രശ്നങ്ങളോടുള്ള വിമുഖത, പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യൽ, പി.ആർ. ഏജൻസികൾ വഴി നിർമ്മിച്ചെടുക്കുന്ന പ്രതിച്ഛായാ രാഷ്ട്രീയം, 'കേരള മോഡൽ' അവകാശവാദങ്ങൾക്കപ്പുറം താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾ അനുഭവിച്ച സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ, ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ, മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ എന്നിവ കേരളത്തിലെ വോട്ടിംഗ് രീതികളെ എങ്ങനെ സ്വാധീനിച്ചു എന്ന് ആഴത്തിൽ പരിശോധിക്കുന്ന അധ്യാപകനും ഗവേഷകനുമായ വിജു വി.വി.യുടെ ലേഖനം.

പതിനാറാം കേരള നിയമസഭയിലേക്കുള്ള ജനവിധി വന്നുകഴിഞ്ഞു. പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം, അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെ ഐക്യമുന്നണി അധികാരത്തിലേറുകയാണ്. 140-ല്‍ 102 സീറ്റുകളുമായി അവര്‍ നേടിയ വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന് 63 സീറ്റും മുസ്ലിം ലീഗിന് 22 സീറ്റും നേടാനായി. രണ്ടുതവണ തുടര്‍ച്ചയായി ഭരണം നടത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പതനമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇടതുപക്ഷത്തിന് ലഭിച്ച 35-ല്‍ 26 എണ്ണമാണ് പിണറായി നേതൃത്വം നല്‍കിയ സി.പി.എമ്മിന് ലഭിച്ചത്. സി.പി.ഐക്ക് എട്ടും. 2016-ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ മൂന്നുസീറ്റ് നേടാനായി. അതിനൊരു പ്രത്യേകതയുമുണ്ട്. ഇത്തവണ ജയിച്ച രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേന്ദ്രമന്ത്രിമാരാകുകയും ദേശീയരാഷ്ട്രീയത്തെ സജീവമായി പ്രതിനിധീകരിക്കുന്നവരും എന്‍.ഡി.എ. നേതൃത്വവുമായി അടുത്തുനില്‍ക്കുന്നവരുമാണ്. കേരള നിയമസഭയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സ്വാധീനം തള്ളിക്കളയേണ്ടതുമല്ല. അതുകൊണ്ടുതന്നെ, കേരള നിയമസഭ ഇതുവരെ സാക്ഷ്യം വഹിക്കാത്ത പല സന്ദര്‍ഭങ്ങളും അടുത്ത അഞ്ചുവര്‍ഷത്തില്‍ ഉണ്ടായേക്കാം. അതാണ് ഈ അവസരത്തില്‍ നല്‍കാനുള്ള ഒരു മുന്നറിയിപ്പ്.

ഇടതുപക്ഷ തകര്‍ച്ചയുടെ കാരണങ്ങള്‍

വോട്ടെണ്ണുന്നതിനുമുമ്പുതന്നെ, കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയം ആളുകള്‍ അംഗീകരിച്ചിരുന്നുവെന്നാണ് നേരത്തെ തന്നെയുണ്ടായ ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കേണ്ടത്. കേരള രാഷ്ട്രീയത്തില്‍ സാമാന്യധാരണ ആളുകള്‍ക്ക് എളുപ്പം മനസിലാകുന്നതാണ് ആ ജനവിധിയിലെ വികാരം. തിരഞ്ഞെടുപ്പുകളില്‍ അപൂര്‍വമാകാം, അനിശ്ചിതത്വത്തിന് ഇടയില്ലാത്ത വിധം വിധിയെക്കുറിച്ച് ഉറച്ചധാരണകള്‍ ഇടംപിടിക്കുന്നത്. പക്ഷേ, ഇക്കാര്യം വോട്ടെണ്ണല്‍ കഴിയുന്നതുവരെ സി.പി.എമ്മിനോ ഇടതുമുന്നണിയിലെ നേതാക്കള്‍ക്കോ മനസിലായില്ലെന്നതാണ് അമ്പരപ്പിക്കുന്നത്. അവര്‍ യോഗം ചേര്‍ന്ന് പരാജയത്തിന്റെ കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കും എന്നാണ് പറയുന്നത്. ജനവിധി പ്രതികൂലമായതിന്റെ കാരണങ്ങള്‍ കണ്‍മുന്നില്‍ കാണാവുന്നതും തൊട്ടറിയാവുന്നതുമായിരിക്കെ, ഇപ്പോഴും ഇരുട്ടില്‍ അന്വേഷിക്കുന്നു എന്നതിനര്‍ഥം, ഈ നേതൃത്വത്തിന് കേരള സമൂഹത്തില്‍ ഇടപെടല്‍ശേഷി നഷ്ടപ്പെട്ടുപോയിരുന്നു എന്നാണ്. അതേസമയം, ഇടതുമുന്നണി നേതാക്കളേക്കാള്‍ കൃത്യതയാര്‍ന്ന ഉയര്‍ന്ന രാഷ്ട്രീയ സംവേദനത്വം സാമാന്യമലയാളികള്‍ക്കുണ്ട് എന്നുറപ്പിക്കുന്നതുകൂടിയാണ് ജനവിധിയും അതിനു മുമ്പും ശേഷവുമുണ്ടായ ചര്‍ച്ചകളും. കണ്ണഞ്ചിപ്പിക്കുന്ന പ്രചാരവേലകള്‍ക്കിടയിലും അവകാശവാദങ്ങള്‍ക്കിടയിലും സി.പി.എം. അടുത്ത തവണ അധികാരത്തില്‍ വരാനിടയില്ല എന്ന പ്രതീതി ഉണ്ടായത് എങ്ങനെയാണ് എന്നത് ആലോചനാ വിഷയം തന്നെയാണ്.

ഇടതുപക്ഷം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് മാധ്യമങ്ങള്‍ ദ്രുതഗതിയില്‍ മുന്നില്‍വെക്കുന്ന ലളിതോത്തരങ്ങള്‍ ഉണ്ടാകാം. അതേസമയം, സാമൂഹ്യ-രാഷ്ട്രീയഗവേഷകര്‍ കണ്ടെത്തുന്ന വിപുലവും സങ്കീര്‍ണവുമായ ഉത്തരങ്ങളുമുണ്ടാകാം. മാധ്യമങ്ങളുടെ ഉത്തരങ്ങള്‍ താല്‍ക്കാലിക കൗതുകങ്ങളെ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിശോധനകളും ഇവിടെ പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ പരാജയത്തെ ദീർഘകാലത്തിലും ഹ്രസ്വകാലയളവിലും ഉണ്ടായ പ്രശ്‌നങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, ഒന്നിനു പിറകെ ഒന്നായി ഉണ്ടായ സംഭവങ്ങളെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മും അതിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും അതിനുകീഴിലുള്ള മന്ത്രിമാരും എങ്ങനെയാണ് കൈകാര്യം ചെയ്തത്? പ്രതിസന്ധികളെ മാതൃകാപരമായി മറികടക്കാന്‍ അവര്‍ക്കായോ? ഈ സന്ദര്‍ഭങ്ങളിൽ അവര്‍ ജനങ്ങളുമായുള്ള ബന്ധം ഏതെല്ലാം രീതിയില്‍ ഉറപ്പിച്ചിട്ടുണ്ട്? ഈ ചോദ്യങ്ങള്‍ കുറച്ചുകൂടി അര്‍ഥപൂര്‍ണമായ ഉത്തരങ്ങള്‍ നല്‍കാന്‍ കാരണമായേക്കും.

പ്രാഥമികമായ വിലയിരുത്തലില്‍, തിരഞ്ഞെടുപ്പുഫലം ഒരു തരംഗമാണെങ്കില്‍, അതിന് എല്ലായിടത്തും ബാധകമാകുന്ന, സാമുദായിക-സാമൂഹ്യവിഭജനങ്ങളെ മറികടക്കുന്ന തരത്തില്‍, ജനകീയമായ കാരണങ്ങള്‍ ഉണ്ടാകും. അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയോ അതില്‍ ഇടപെടല്‍ നടത്തുകയോ ചെയ്യാത്ത സര്‍ക്കാരാണ് കടന്നുപോയത്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, വിലക്കയറ്റം, അതിനനുസരിച്ച് വരുമാനവര്‍ധനയില്ലായ്മ, ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലുണ്ടായ പരാജയം, തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന, പുതുതായി ഉണ്ടാകുന്ന അവസരങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമല്ലെന്ന തോന്നലും അതുണ്ടാക്കിയ അതൃപ്തിയും, പുതുതലമുറയുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിലും അനുയോജ്യമായ അവസരങ്ങള്‍ ഒരുക്കുന്നതിലുണ്ടായ അവധാനത, ക്രമസമാധാന രംഗത്തെ തകര്‍ച്ച, നീതിക്ക് വേണ്ടി സമീപിക്കുന്നവര്‍ക്ക് അത് ലഭ്യമാകില്ലെന്ന തോന്നല്‍, വര്‍ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങൾ, വ്യാപകമായ മയക്കുമരുന്നുപയോഗം പോലുള്ള പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടലുകളുടെ അഭാവം, അതോടൊപ്പം ഭരണവര്‍ഗ നേതാക്കളോട് അടുത്തുനില്‍ക്കുന്നവര്‍ക്ക് കൂടുതൽ അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്നുവെന്ന പ്രതീതി, രാഷ്ട്രീയവും സാമൂഹ്യവുമായ ഭാവനാരാഹിത്യം... ഇങ്ങനെ ആലോചിച്ചുനോക്കിയാല്‍ ഒരു സര്‍ക്കാര്‍ പരാജയപ്പെടാനാവശ്യമായ നിരവധി കാരണങ്ങള്‍ ഇവിടെയുണ്ട്.

ഇതോടൊപ്പമാണ്, ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍തന്നെ നടത്തിയ അഴിമതിയെക്കുറിച്ചും അവിഹിത ക്രയവിക്രയങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകൾ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ അത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു ആരോപണം പല കൈവഴികളിലുള്ള അഴിമതികളായി മാറുന്നതാണ് നാം കണ്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും സ്വപ്‌ന സുരേഷും ആരോപണവിധേയരായ സ്വര്‍ണക്കടത്ത് സംബന്ധമായ പ്രശ്‌നമായിരുന്നു ആദ്യം. അത് വഷളായി മുഖ്യമന്ത്രിയുടെ കുടുംബവുമായും മറ്റുമന്ത്രിമാരുമായുമുള്ള സ്വപ്‌നയുടെ അടുപ്പവും വരെ വെളിവാക്കുന്ന രീതിയില്‍, അവരുടെ വെളിപ്പെടുത്തലുകളുണ്ടായി. അത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഒരുപരിധിവരെ ഒതുങ്ങിയെന്ന് തോന്നുമ്പോഴേക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കെ.എം.ആര്‍.എല്‍. കമ്പനിയില്‍ നിന്ന് സേവനങ്ങള്‍ നല്‍കുന്നുവെന്ന പേരില്‍ കോടികള്‍ മാസപ്പടി വാങ്ങിയെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസി(എസ്.എഫ്.ഐ.ഒ.)ന്റെ റിപ്പോര്‍ട്ട് വന്നു. ഇതുരണ്ടും, മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രതിഛായയെ നിഴലില്‍ നിര്‍ത്തി. സ്വന്തം പ്രതിഛായയെ പൊതുമണ്ഡലത്തില്‍ പ്രതിരോധിക്കുന്നതിലേക്ക് സി.പി.എമ്മും മുഖ്യമന്ത്രിയും ചുരുങ്ങുന്നതാണ് പിന്നീട് കാണുന്നത്.

ഇക്കാര്യങ്ങളൊക്കെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മുന്‍ഗണനയിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തിരിപ്പിച്ചുവെന്നുവേണം പറയാന്‍. ഉദാഹരണത്തിന് വെളിച്ചെണ്ണ വിലയിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന തന്നെ എടുക്കുക. സാധാരണ മനുഷ്യരുടെ ദൈനംദിന ഭക്ഷണത്തെ ബാധിക്കുന്ന വിഷയമാണ്. ഒരുഘട്ടത്തില്‍ അത് ലിറ്ററിന് 520 രൂപയോളമെത്തി. പക്ഷേ, ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത വിധം വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താതെ, അത് മറ്റു സംസ്ഥാനത്തുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരം വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതുപോലെ തന്നെയാണ് പൊതുവിതരണ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുകയും അവര്‍ക്ക് നല്‍കേണ്ട തുകയില്‍ കുടിശ്ശികവരുത്തുകയും ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍, കൂടുതൽ പേര്‍ പൊതുവിതരണ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവിടെ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വകുപ്പിന് കഴിഞ്ഞില്ല. പകരം വിലക്കയറ്റത്തിന്റെ സാഹചര്യങ്ങള്‍ കോര്‍പറേഷന് ലാഭമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റുകയാണ് മന്ത്രിയും വകുപ്പും ചെയ്തത്. ഈ സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഏതാണ്ട് 3000 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് കൊടുക്കാനുണ്ടെന്നാണ് ഐ.എ.എസ്. ഓഫീസറായ ഡോ. ബി. അശോക് അടുത്തിടെ പറഞ്ഞത്.

ഇടതുസര്‍ക്കാരിന്റെ ജനകീയ പ്രശ്‌നങ്ങളിലുണ്ടാകേണ്ടിയിരുന്ന മുന്‍ഗണനകള്‍ പിണറായി വിജയന്റെ പ്രതിഛായ നിലനിര്‍ത്താന്‍ വേണ്ടി ബലികഴിക്കപ്പെട്ടു. പകരം ക്ഷേമപെന്‍ഷനുകള്‍, ഭക്ഷ്യകിറ്റുകള്‍ പോലുള്ള സാന്ദര്‍ഭികമായ ആനുകൂല്യങ്ങളിലൂടെ ഉപരിതല പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. അതേസമയം, സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപരിപാടികള്‍ ദരിദ്രവിഭാഗങ്ങളെ ആശ്രിതരാക്കി നിര്‍ത്താനുള്ള ശ്രമമാക്കി മാറ്റാനാണ് പാര്‍ട്ടി ശ്രമിച്ചത്. അത് കാമ്പയിനുകളില്‍ പ്രചാരണത്തിന്റെ ഭാഗമാക്കി.

സര്‍ക്കാരിനെ അലോസരപ്പെടുത്തിയ പലതരം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ 2024-ല്‍ ഉണ്ടായ പൊതു തിരഞ്ഞെടുപ്പില്‍ 18 സീറ്റും യു.ഡി.എഫ് നേടി. ആലത്തൂരിലെ ഒരു സീറ്റിലൊതുങ്ങി സി.പി.എം. സംസ്ഥാന ചരിത്രത്തിലാദ്യമായി തൃശൂരില്‍ ബി.ജെ.പി ലോക്‌സഭാ സീറ്റ് നേടുകയും ചെയ്തു. തൃശൂരില്‍ പൂരോത്സവത്തിന് കേരള പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും അതുപരിഹരിക്കാനായി ബി.ജെ.പി. സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി രംഗത്തെത്തിയതും തിരഞ്ഞെടുപ്പുലക്ഷ്യമിട്ടുള്ള ആസൂത്രിതനീക്കമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. അത് ഉയര്‍ത്തിയതാകട്ടെ, പിണറായി വിജയന്റെ തന്നെ ആജ്ഞാനുവര്‍ത്തി എന്ന നിലയില്‍ കൂടെനിന്ന, നിലമ്പൂര്‍ എം.എല്‍.എ. ആയിരുന്ന പി.വി. അന്‍വര്‍ ആയിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൂരം വേദിയില്‍ നടത്തിയ ഇടപെടലുകള്‍, അതേസമയം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന് ആരോപിച്ച് മറ്റുസ്ഥാനാര്‍ഥികളായ സി.പി.ഐ. നേതാവ് സുനില്‍കുമാറും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി. അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലൊതുങ്ങിയില്ല. മുസ്ലിം സമുദായത്തില്‍ പെട്ടവരെ അനാവശ്യമായി പോലീസ് കേസുകളില്‍ കുടുക്കുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ത്തി.

ആഭ്യന്തരമന്ത്രിയില്ലാതിരുന്ന കാലം

എങ്ങനെയായിരുന്നു ഇടതുപക്ഷം പോലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയത്? പിണറായി വിജയന്റെ മകളുടെ നേരെയുള്ള കേസുകളും സ്വര്‍ണക്കടത്തുപോലെയുള്ള ആരോപണങ്ങളും നിലനില്‍ക്കെ തന്നെ, തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഭരണസംവിധാനങ്ങളുപയോഗിച്ച് നിശബ്ദരാക്കാനും വരുതിയില്‍ കൊണ്ടുവരാനുമാണ് ശ്രമിച്ചത്. ആഭ്യന്തരമന്ത്രി പദവി മറ്റാര്‍ക്കും കൈമാറാതെയിരുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ഉദ്യോഗസ്ഥവൃന്ദങ്ങളും പോലീസ് സംവിധാനങ്ങളെ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിച്ചു. അതിലൊന്നാണ് മറുനാടന്‍ മലയാളി എന്ന പോര്‍ട്ടലിന്റെ എഡിറ്ററായ ഷാജന്‍ സക്കറിയക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ നിയമനടപടികള്‍. 'മറുനാടന്‍ മലയാളി'യുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും സാമഗ്രികള്‍ പിടിച്ചെടുക്കുകയും വെബ്‌സൈറ്റ് ഉള്‍പ്പെടെ പൂട്ടിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വായിക്കേണ്ടതാണ് ഏഷ്യാനെറ്റിനെതിരെയും അതിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സി.പി.എമ്മിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് നടന്ന അക്രമങ്ങള്‍.

2022 മാര്‍ച്ച് 28ന് നടന്ന ഭാരതബന്ദിന്റെ ഭാഗമായി സി.പി.എം. നടത്തിയ അക്രമത്തെ ന്യൂസ് അവറില്‍ വിമര്‍ശിച്ചതിനാണ് സി.പി.എം. നേതാവായ എളമരം കരീം ഏഷ്യാനെറ്റ് അവതാരകനും ചീഫ് അസോസിയേറ്റ് എഡിറ്ററുമായ വിനു വി. ജോണിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ കാരണമായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതിനിധാന ചിത്രം ഉപയോഗിച്ചതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനെതിരെയും റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ മുഹമ്മദിനെതിരെയും പോക്‌സോ കേസ് ചുമത്തി. എസ്.എഫ്.ഐ. നേതാവായ ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത കൊടുത്തതിന് ഏഷ്യാനെറ്റ് കൊച്ചി റിപ്പോര്‍ട്ടറായ അഖില നന്ദകുമാറിനെതിരെയും കേസെടുത്തു. ഈ സംഭവങ്ങളെല്ലാം, വസ്തുതകള്‍ക്കപ്പുറം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനോ വിമര്‍ശിച്ചതിനോ ഒക്കെയാണ്. അതിനുമേറെ മുമ്പ് ഏഷ്യാനെറ്റിന്റെ എഡിറ്ററായിരുന്ന എം.ജി. രാധാകൃഷ്ണനു നേരെയും സി.പി.എം. ആക്രമണം നടത്തിയിരുന്നു.

അതേസമയം, എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കുനേരെ കേസുകള്‍ ഉണ്ടായപ്പോള്‍ എന്തുസംഭവിച്ചു? എസ്.എഫ്.ഐ. നേതാവായിരുന്ന കെ. വിദ്യ എറണാകുളം മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക അഭിമുഖത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസ് വന്നപ്പോള്‍ ആരോപണ വിധേയയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത്. വിദ്യാര്‍ഥി സംഘടനാ നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തെ, പാര്‍ട്ടി പത്രമുപയോഗിച്ച് കെ.എസ്.യു. നേതാവിനെതിരെ വ്യാജമായ മറു ആരോപണമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചു. ആലപ്പുഴയിലെ അന്‍സില്‍ ജലീല്‍ എന്ന കെ.എസ്.യു നേതാവിനെ കേസില്‍പെടുത്താനും ശ്രമിച്ചു. ഈ കേസ് തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടു. നീതിന്യായത്തിലും ക്രമസമാധാനത്തിലും വന്‍തോതില്‍ പക്ഷപാതമുണ്ടാകുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്ന സമാനമായ നിരവധി സംഭവങ്ങളുണ്ടായി.

അതില്‍ കുപ്രസിദ്ധമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് പര്യടനത്തിന്റെ ഭാഗമായി കണ്ണൂരിലെ പഴയങ്ങാടിക്കടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കുനേരെ ഉണ്ടായ ആക്രമണം. നവകേരള സദസിന്റെ ബസിനുനേരെ കരിങ്കൊടി കാട്ടാനായി കാത്തുനിന്ന യു.ഡി.എഫ്. പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തു. ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ ദൃശ്യങ്ങള്‍ ജനം നേരിട്ടുകണ്ടതിനുശേഷവും പിണറായി വിജയന്‍ അതിനെ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിപദവിക്കും സര്‍ക്കാരിന്റെ പ്രതിഛായയ്ക്കും ഉണ്ടായ മായാത്ത കളങ്കമായിരുന്നു. എങ്ങനെയാണ് അക്രമത്തെ സി.പി.എമ്മും സര്‍ക്കാരും സംവിധാനങ്ങളുപയോഗിച്ച് വളച്ചൊടിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതെന്ന് മലയാളികള്‍ക്ക് നേരിട്ടറിയാന്‍ സഹായകമായി ഈ സംഭവം. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ടായ വിശ്വാസ്യതാ നഷ്ടം തന്നെയായിരുന്നു ഇത്. അധികാരത്തിന്റെ ഹുങ്കില്‍ ഉണ്ടായ മതിഭ്രമമോ കുടിലബുദ്ധിയോ പകയോ ഒക്കെയാണ് അതില്‍ ഉണ്ടായിരുന്നത്. ആ പെരുമാറ്റത്തിനെതിരെ, തിരഞ്ഞെടുപ്പില്‍ ഉണ്ടായ പ്രതികരണമാണ് ആലപ്പുഴയില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച എ.ഡി. തോമസ് എന്ന യുവ എം.എല്‍.എയുടെ വിജയം. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് മര്‍ദനമേറ്റ കെ.എസ്.യു. നേതാവാണ് തോമസ്. മൂന്നു തവണ എല്‍.ഡി.എഫ്. വിജയിച്ച ഈ മണ്ഡലം ഈ യുവാവ് പിടിച്ചെടുത്തുവെന്നത് മര്‍ദനങ്ങളെ ന്യായീകരിച്ച മുഖ്യമന്ത്രിയോടുള്ള മറുപടി തന്നെയായി വേണം കാണാന്‍.

അത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് കെ.എസ്.യു. നേതാക്കള്‍ക്കെതിരെ എടുത്ത വധശ്രമക്കേസുകള്‍. പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു എന്നതുമാത്രമല്ല, പ്രതിഷേധങ്ങളെ എത്രത്തോളം അസഹിഷ്ണുതയോടെ കാണുന്നു എന്നതിനു കൂടി ഉദാഹരണമാണ് ഈ കേസുകളെല്ലാം.

എതിര്‍ത്തുനില്‍ക്കുന്നവരെയോ പ്രതിരോധിക്കുന്നവരെയോ നേരിടാന്‍ പാര്‍ട്ടിയും സര്‍ക്കാരും ഭരണസംവിധാനങ്ങളും ഒരുമിക്കുന്ന നിരാശാജനകമായ കാഴ്ചകള്‍ പിന്നെയുമുണ്ട്. അതില്‍ ഒന്നാണ് കണ്ണൂരിലെ എ.ഡി.എം. ആയിരുന്ന നവീൻ ബാബു എന്ന ഉദ്യോഗസ്ഥന്റെ മരണം. എല്ലാവര്‍ക്കും സ്വീകാര്യനായ നവീന്‍ ബാബു എന്ന ഉദ്യോഗസ്ഥന്റെ മരണ കാരണമായി വിലയിരുത്തിയത്, തലേദിവസം കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒരു സി.പി.എം വനിതാനേതാവു നടത്തിയ ഭീഷണിപ്രസംഗമായിരുന്നു. ഈ കേസിലും നവീന്‍ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാര്‍ട്ടി-സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് ശ്രമിക്കുകയും ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സി.പി.എം നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരെ രോഷമുയര്‍ന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു ഇത്. അഴിമതിയുടെ കറപുരളാത്ത, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ എന്ന് സി.പി.ഐയുടെ മന്ത്രിക്കുപോലും പറയേണ്ടിവന്നു ഈ അവസരത്തില്‍. പിറകോട്ട് നോക്കിയാല്‍ ഭരണകൂട മര്‍ദക സംവിധാനങ്ങളില്‍ നിസഹായരായിപ്പോയ ഇങ്ങനെയുള്ള ചെറുതും വലുതുമല്ലാത്ത ഒരുപാടു മനുഷ്യരുടെ കണ്ണീരുകാണാം, ഈയൊരു തിരഞ്ഞെടുപ്പുഫലത്തിന് മുന്നില്‍.

 

ലേഖനത്തിന്റെ രണ്ടാം ഭാഗം :  പിണറായിക്കാലം: അരക്ഷിതത്വത്തിലായ സമുദായങ്ങൾ  https://www.therootsmedia.in/blogs/131/the-pinarayi-era-communities-in-jeopardy-viju-v-v

Share this link