Author Image ആർ. രാജഗോപാൽ
12 Jul 2026

പൗരത്വവും വോട്ടവകാശവും സംശയത്തിന്റെ നിഴലിലാക്കുന്ന എസ്.ഐ.ആർ.

എസ്.ഐ.ആർ. വഴി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് മുൻ മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാലിന് പാസ്പോർട്ട് നിഷേധിച്ചത് ഇന്ത്യയിൽ വലിയ വാർത്തയായിരുന്നു. പശ്ചിമ ബംഗാളിൽ ക്ഷേമപദ്ധതികൾക്ക് വോട്ടർപട്ടികയിൽ പേര് വേണമെന്ന നിബന്ധന നിലവിൽ വന്നു കഴിഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപ്പീൽ നൽകി കാത്തിരിക്കുന്ന 33 ലക്ഷം ജനങ്ങളിൽ ചിലർക്ക് 21 വർഷങ്ങൾ വരെ കാത്തിരിക്കേണ്ടിവരും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇവരിൽ പലരും പാർശ്വവൽക്കരിക്കപ്പെട്ടവരും മുസ്‌ലിംങ്ങളും ആണ് എന്ന് കരുതപ്പെടുന്നു. 'ദി ടെലിഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്ററായ ആർ. രാജഗോപാൽ എസ്.ഐ.ആർ.-ന്റെ സാമൂഹിക പുറംതള്ളലുകളെക്കുറിച്ച് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ.

തെരഞ്ഞെടുപ്പ് കമ്മീഷൻ  'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) ആരംഭിച്ചതിന് ശേഷം നടന്ന ചില സംഭവങ്ങളും പ്രസ്താവനകളും സൂചിപ്പിക്കുന്നത്  ഇന്ത്യൻ ജനാധിപത്യം ഇന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം സങ്കീർണ്ണവും അങ്ങേയറ്റം വിചിത്രവുമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് . 

ഒരാളുടെ കൈവശം പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളെല്ലാം ഉണ്ടെങ്കിൽ പോലും, അത് പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ല. എന്നാൽ, ഇതേ രേഖകളിൽ ചിലത് കൈവശമില്ലെങ്കിൽ, ആ വ്യക്തിക്ക് പൗരത്വമില്ലെന്ന്  വ്യാഖ്യാനിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു. രേഖകൾ ഉണ്ടെങ്കിൽ അത് പൗരത്വത്തിന്റെ തെളിവല്ലെന്ന് പറയുകയും, ഇല്ലെങ്കിൽ അത് പൗരത്വത്തെ ചോദ്യം ചെയ്യാനുള്ള ആയുധമാക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് നിലനിൽക്കുന്നത്. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് ചിലർക്ക് പോലീസ് വെരിഫിക്കേഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.  വോട്ടർ പട്ടികയിൽ നിന്നും പേര് മാറ്റപ്പെടുകയും അപ്പീൽ നൽകാതിരിക്കയും ചെയ്ത  പാവപ്പെട്ട ജനങ്ങൾക്ക് ക്ഷേമപ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ആനുകൂല്യങ്ങൾ പശ്ചിമ ബംഗാളിൽ  നിഷേധിക്കപ്പെടുകയാണ്. തങ്ങളെ ഒഴിവാക്കിയതിനെതിരെ ഔദ്യോഗികമായി അപ്പീൽ നൽകിയിരിക്കുന്നവർക്ക്, താൽക്കാലികമായി ക്ഷേമപ്രവർത്തനങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കും എന്നൊരു ഇളവുണ്ട്. 

പശ്ചിമ ബംഗാളിൽ നടന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' പ്രക്രിയയുടെ ഭാഗമായി ഏതാണ്ട് 90 ലക്ഷം  ആളുകളുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത്. ഇതിൽ മരിച്ചുപോയവരും, മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിത്താമസിച്ചവരും, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത ഡ്യൂപ്ലിക്കേറ്റ് പേരുകളും ഉൾപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അത്തരം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. മരിച്ചവരുടെ പേര് വോട്ടർപട്ടികയിൽ തുടരരുത് എന്നതിലും, കേരളത്തിൽ താമസിച്ചിരുന്നയാൾ ബംഗാളിലേക്ക് മടങ്ങിപ്പോയാൽ കേരളത്തിലെ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണം എന്നതിലും ആർക്കും തർക്കമില്ല. അതുകൊണ്ടുതന്നെ പ്രാരംഭ ലിസ്റ്റിലെ എല്ലാ വിവരങ്ങളും വ്യാജമാണെന്നോ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നോ ആരും വാദിക്കുന്നില്ല. 

ആദ്യഘട്ടത്തിൽ ഈ ലിസ്റ്റ് വന്നപ്പോൾ അതിൽ 35% മുസ്ലീങ്ങളും 65% ഹിന്ദുക്കളും ആണെന്ന കണക്കുകൾ ഉയർത്തിക്കാട്ടി, ഇത് മുസ്ലീങ്ങൾക്കെതിരായ നീക്കമല്ലെന്ന ഒരു നറേറ്റീവ് സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിരുന്നു. വിദ്യാസമ്പന്നരായ ആളുകൾ പോലും ഈ വാദം അംഗീകരിക്കുന്ന രീതിയിൽ സംസാരിക്കുന്നത് കേൾക്കുകയുണ്ടായി. എന്നാൽ, ഹിന്ദു ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത് സ്വാഭാവികമായി മരിക്കുന്നവരുടെയും മാറിത്താമസിക്കുന്നവരുടെയും എണ്ണത്തിൽ ആ അനുപാതത്തിന് അനുസൃതമായി ഹിന്ദുക്കൾ കൂടുതലായി വരാൻ സാധ്യതയുണ്ട് എന്നത് വിസ്മരിക്കരുത്. കൂടാതെ, മരിച്ചുപോയെന്നോ മാറിത്താമസിച്ചെന്നോ ഉള്ള തെറ്റായ ധാരണ മൂലം പേര് വെട്ടപ്പെട്ടവർക്ക്  ഒരു ഫോം പൂരിപ്പിച്ചു ആവശ്യമായ രേഖകളോടൊപ്പം നൽകി വോട്ടർപട്ടികയിൽ വീണ്ടും പേര് ചേർക്കാനുള്ള ഓപ്ഷൻ നിലവിലുണ്ട്. 

എന്നാൽ യഥാർത്ഥ പ്രതിസന്ധി നിലനിൽക്കുന്നത്, തങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഔദ്യോഗികമായി അപ്പീൽ നൽകിയിരിക്കുന്ന 27 ലക്ഷം മുതൽ 33 ലക്ഷത്തോളം ആളുകളുടെ കാര്യത്തിലാണ്. തങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്നും, അവസരം ലഭിച്ചാൽ തങ്ങൾ ഇവിടുത്തെ പൗരന്മാരാണെന്ന് തെളിയിക്കാമെന്നുമാണ് അപ്പീൽ നൽകിയതിലൂടെ ഇവർ വ്യക്തമാക്കുന്നത്. The Wire എന്ന പോർട്ടൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് "മുസ്ലിം ജനസംഖ്യ കൂടുതലുള്ള നിയമസഭാ മണ്ഡലങ്ങളിൽ, 'പരിശോധനയിൽ' (under adjudication) എന്ന നടപടിക്രമത്തിലേക്ക് ഉൾപ്പെടുത്തപ്പെടുന്ന വോട്ടർമാരുടെ വിഹിതം ഗണ്യമായി കൂടുതലാണെന്ന് വ്യക്തമായ അനുകൂല ബന്ധം കാണുന്നു" എന്നാണ്. "അതേ മണ്ഡലങ്ങളിലാണ് പിന്നീട് ആ പരിശോധനയ്ക്കൊടുവിൽ 'അർഹരല്ലെന്ന് കണ്ടെത്തി' (found not eligible) ഒഴിവാക്കപ്പെടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധന കാണപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ, ഒരു മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യയുടെ വിഹിതം കൂടുന്തോറും, ആ മണ്ഡലത്തിലെ വോട്ടർമാർ 'പരിശോധനയിൽ' എന്ന നടപടിക്രമത്തിലേക്ക് ഉൾപ്പെടുത്തുവാനുള്ള സാധ്യതയും, ഒടുവിൽ അതുവഴി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയും അത്രത്തോളം വർധിക്കുന്നു."

പശ്ചിമ ബംഗാളിൽ നടപ്പിലാക്കിയ എസ്.ഐ.ആർ. (SIR) പ്രക്രിയക്കെതിരെ ബങ്കുര-1 ബ്ലോക്കിലെ നാതുൻഗ്രാം ബസ് സ്റ്റാൻഡിൽ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.

ഒരു വ്യക്തി നിയമവിരുദ്ധമായി രാജ്യത്ത് നുഴഞ്ഞുകയറിയ ആളാണെങ്കിൽ, വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടപ്പെടുമ്പോൾ ഒളിക്കാനായിരിക്കും ശ്രമിക്കുക. അല്ലാതെ ആവശ്യമായ രേഖകളൊന്നുമില്ലാതെ ഒരു ട്രൈബ്യൂണലിന് മുന്നിൽ വന്ന് അപ്പീൽ നൽകാനുള്ള ധൈര്യം കാണിക്കില്ല. അതുകൊണ്ടുതന്നെ അപ്പീൽ നൽകിയ 27-33 ലക്ഷം മനുഷ്യർക്കും തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ കൃത്യമായ കാരണങ്ങളുണ്ട് എന്ന് ഉറപ്പാണ്.

തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ അത് അംഗീകരിക്കാതിരിക്കുകയും, ഇല്ലെങ്കിൽ പൗരത്വത്തെ ചോദ്യം ചെയ്യാവുന്ന രീതിയിൽ ഉദ്യോഗസ്ഥർക്ക് 'ഫ്രീ ഹാൻഡ്' (Free Hand) നൽകുകയും ചെയ്യുന്ന ഇത്തരം ഒരു വിചിത്ര സാഹചര്യം ലോകത്ത് ഒരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. ഈ വിഷയത്തിൽ കൃത്യമായൊരു പോളിസി ക്ലാരിറ്റി ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഒന്നുകിൽ എക്സിക്യൂട്ടീവ് (ഗവൺമെന്റ്) അല്ലെങ്കിൽ ജുഡീഷ്യറി ഇതിൽ ഇടപെടണം. വിവിധ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതികൾ ഇടപെട്ടാലും ആത്യന്തികമായി സുപ്രീം കോടതിക്ക് മാത്രമേ ഇതിൽ വ്യക്തമായ തീർപ്പ് കൽപ്പിക്കാൻ സാധിക്കൂ. അതല്ലെങ്കിൽ പാർലമെന്റിൽ വിഷയം ഉന്നയിച്ച് ചർച്ച ചെയ്ത് ഒരു ക്ലാരിറ്റി ഉണ്ടാക്കുകയാണ് വഴി. ഒരു പൗരൻ എന്ന നിലയിൽ നമ്മൾ നിസ്സഹായരാണ്, ഇതല്ലാതെ മറ്റൊരു പോംവഴിയും നമ്മുടെ മുന്നിലില്ല.  

സാധാരണ പുതുക്കലുകളിൽ ആളുകളുടെ താമസം മാറുന്നതനുസരിച്ചുള്ള വിലാസ തിരുത്തലുകളാണ് നടക്കാറുള്ളത്. എന്നാൽ ഇപ്പോൾ നടക്കുന്നത് കേവലമൊരു പുതുക്കലല്ല; വോട്ടർപട്ടിക തന്നെ വെട്ടിക്കളഞ്ഞ് പുതിയൊരു വോട്ടർപട്ടിക ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന ഒരു പുറന്തള്ളൽ പ്രക്രിയയാണ്. ഈ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന തീവ്ര പരിശോധനാ കോൺസെപ്റ്റിന്റെ നിയമ സാധുത  പലരും ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും സുപ്രീംകോടതി നിലവിൽ ഇത് അപ്ഹോൾഡ് ചെയ്തിട്ടുള്ളതിനാൽ നമുക്ക് അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. മുൻപൊക്കെ ഇത്തരം പ്രക്രിയകൾക്ക് ആറുമാസം വരെ സമയം ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മിക്കവാറും നാല്  മാസത്തിനുള്ളിലാണ് ഇത് തീർക്കുന്നത്. കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന കാര്യങ്ങൾ ഇത്ര ചെറിയ സമയത്തിനുള്ളിൽ ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ് 'ലോജിക്കൽ ഡിസ്ക്രിപൻസിസ്' (Logical Discrepancies) ഇതിനായി കൊണ്ടുവന്നിട്ടുള്ളത്. പൗരന്മാർ സമർപ്പിക്കുന്ന രേഖകളും ഇലക്ഷൻ കമ്മീഷന്റെ പക്കലുള്ള രേഖകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പേരിന്റെ സ്പെല്ലിംഗ് മിസ്റ്റേക്ക്, വയസ്സ്, മാതാപിതാക്കളുടെയും മക്കളുടെയും പ്രായം തമ്മിൽ 15 വയസ്സിൽ കുറവുള്ള  വ്യത്യാസം തുടങ്ങിയവ കണ്ടെത്തിയാൽ യാതൊരു മാനുഷിക പരിഗണനയും നൽകാതെ അപേക്ഷകൾ തള്ളിക്കളയുന്നു. ബംഗാളിൽ ഇത്തരത്തിലുള്ള നാല് ലോജിക്കൽ ഡിസ്ക്രിപൻസിസ് ആണ് മാനദണ്ഡമാക്കിയത്. ലേഖകന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയതിന്റെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് 1983-ൽ ഇഷ്യൂ ചെയ്ത, ജനനത്തീയതിയും വീട്ടുപേരുമുള്ള എസ്.എസ്.എൽ.സി. ബുക്കാണ് പ്രൂഫ് ആയി സബ്മിറ്റ് ചെയ്തിരുന്നത്. അത് സ്വീകരിക്കാത്തതിന്റെ കാരണം പേരിന്റെ സ്പെല്ലിംഗിൽ വന്ന എന്തെങ്കിലും വ്യത്യാസമാകാം എന്ന് ഊഹിക്കുന്നു. ഇന്ത്യൻ ഭാഷകളിലെ പേരുകൾക്ക് ഇംഗ്ലീഷിൽ ഒരു സ്റ്റാൻഡേർഡൈസ്ഡ് സ്പെല്ലിംഗ് ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, 'കുമാർ' എന്ന പേര് തന്നെ KUMAR, KOOMAR, COOMAR, COOMAAR എന്നിങ്ങനെ പല രീതിയിൽ ആളുകൾ എഴുതാറുണ്ട്. പണ്ട് വീടുകളിൽ എന്യൂമറേറ്റർമാർ വരുമ്പോൾ നമ്മൾ പറഞ്ഞു കൊടുക്കുന്ന പേര് അവരുടെ പ്രൊണൗൺസിയേഷൻ അനുസരിച്ച് കേട്ടെഴുതുകയായിരുന്നു പതിവ്. ഭാവിയിൽ ഇതൊരു പ്രശ്നമാകുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ അന്നാരും അത് പരിശോധിച്ചിരുന്നതുമില്ല. ഇത്തരമൊരു മെക്കാനിക്കൽ ഡോക്യുമെന്റേഷൻ പ്രക്രിയയിൽ മനുഷ്യരാണ് പരിശോധന നടത്തുന്നതെങ്കിൽ ഇതൊരു ചെറിയ അശ്രദ്ധ ആണെന്ന് മനസ്സിലാക്കി മാനുഷിക പരിഗണന നൽകുമായിരുന്നു. എന്നാൽ മെഷീൻ (Computer system) പരിശോധിക്കുകയാണെങ്കിൽ  അവിടെ സ്റ്റക്ക് ആവുകയും ഉടനടി ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന സംശയങ്ങൾ ഉയർന്നിട്ടുണ്ട്. 

രാജ്യത്തെ പൗരന്മാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വലിയ ഷിഫ്റ്റ് ആണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതിനുമുമ്പ് വരെ ഒരാൾ പൗരനല്ല എന്ന് തെളിയിക്കേണ്ട കടമ ആ ആരോപണം ഉന്നയിക്കുന്നവർക്കോ അല്ലെങ്കിൽ സ്റ്റേറ്റിനോ ആയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ മനുഷ്യരും സംശയനിഴലിലാണ്; താൻ പൗരനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം പൗരന്റെ മാത്രമായി മാറിയിരിക്കുന്നു. ഇത് സ്റ്റേറ്റും പൗരനും തമ്മിലുള്ള എന്റയർ ബാലൻസ് ഓഫ് പവറിനെ മുഴുവനായി ഭരണകൂടത്തിന്റെ ഭാഗത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ജനങ്ങളിൽ നിന്നാണ് സ്റ്റേറ്റ് അധികാരം ഡിറൈവ് ചെയ്യുന്നത് എന്ന ജനാധിപത്യ തത്വം മാറി, സ്റ്റേറ്റിൽ നിന്ന് പൗരന്മാർ അവകാശങ്ങൾ ഡിറൈവ് ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നു. 

താൻ ഒരു പൂർണ്ണ പൗരനാണോ പകുതി പൗരനാണോ എന്ന് പോലും പറയാൻ പറ്റാത്ത അന്തരീക്ഷമാണ് ഉള്ളത്. എസ്.ഐ.ആർ. പ്രക്രിയയെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. കഴിഞ്ഞ പത്തു പന്ത്രണ്ട് വർഷമായി ഇന്ത്യയിൽ ആസൂത്രിതമായി നടക്കുന്ന ഒരു പ്രോസസിന്റെ ഭാഗമാണിത്. ന്യൂനപക്ഷങ്ങളെ ആദ്യം ഇക്കണോമിക്കലി തകർക്കുക എന്നതായിരുന്നു അതിന്റെ ആദ്യപടി. കന്നുകാലികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവരിക, ലെതർ ഇൻഡസ്ട്രിയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ പശുവാണെന്ന സംശയത്താൽ ആളുകളെ തല്ലിക്കൊല്ലുക തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയത് പോലെ, കേരളത്തിലേത് പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകൾ; അവർ വളരെ താഴെക്കിടയിലാണ്. എങ്ങനെയെങ്കിലും ജീവിച്ചു പോകാം എന്ന സാഹചര്യമുള്ളപ്പോഴാണ് വിവാദങ്ങൾ ഉണ്ടാക്കി അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഭക്ഷണ സ്വാതന്ത്ര്യവും തകർക്കാൻ ശ്രമം നടന്നത്. സാമ്പത്തിക സ്വാതന്ത്ര്യം തകർത്തതിന് ശേഷമുള്ള അടുത്ത പടിയാണ് പൊളിറ്റിക്കൽ ഇൻഡിപെൻഡൻസ് തകർക്കുക എന്നത്. ഇത്തരം ഇടപെടലുകൾ വരുമ്പോൾ തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്ന തോന്നൽ അവരിൽ ഉണ്ടാകും. 

എല്ലാ മുസ്ലീങ്ങളെയും രാജ്യത്തുനിന്ന് പുറത്താക്കാനുള്ള പദ്ധതി ഉണ്ടെന്ന് പറയാൻ കഴിയില്ലെങ്കിലും, ഒരു 10 പേരെ ആവശ്യമില്ലാതെ പുറത്താക്കിയാൽ പോലും അതൊരു വലിയ സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞവർഷം ഡൽഹിയിലും മറ്റ് ചില ബിജെപി ഭരണ സംസ്ഥാനങ്ങളിലും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെ പുറത്ത്, സംശയാലുക്കളായ ബംഗ്ലാദേശികൾ എന്ന് പറഞ്ഞ് ആളുകളെ പിടിച്ച് അതിർത്തി കടത്തിവിട്ട മൃഗീയവും ക്രൂരവുമായ ഒരു സംഭവം ഉണ്ടായി. അങ്ങനെ പുറന്തള്ളപ്പെട്ടവരിൽ നാലുപേരെ അടുത്തിടെ തിരിച്ചു കൊണ്ടുവരികയുണ്ടായി. കാരണം, അവർ ബംഗ്ലാദേശികളാണെന്നതിന് തെളിവില്ലാത്തതിനാൽ ബംഗ്ലാദേശ് അവരെ അംഗീകരിക്കാതെ ഏഴുമാസത്തോളം ജയിലിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഒടുവിൽ അവരെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നത് അവർ ഇന്ത്യക്കാരാണോ എന്ന് പരിശോധിക്കാനാണ്. ഇന്ത്യക്കാരനാണോ എന്ന് നോക്കിയിട്ടല്ലേ ആദ്യം പുറത്താക്കേണ്ടത്? അതിനുപകരം ഏഴുമാസം അന്യരാജ്യത്തെ ജയിലിൽ കിടത്തിയ ശേഷം തിരിച്ചു കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുന്നു എന്ന് പറയുന്നതിലെ യുക്തിശൂന്യത വ്യക്തമാണ്.

വിദേശികളെ പാർപ്പിക്കാനുള്ള ഹോൾഡിംഗ് സെന്ററുകൾ വഴി രാജ്യത്ത് ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിനോടൊപ്പം സർക്കാരിനെ വിമർശിക്കുന്ന ഒന്നോ രണ്ടോ പേരെക്കൂടി വിരട്ടാൻ കഴിഞ്ഞാൽ അത് അവരുടെ നറേറ്റീവിന് ഏറ്റവും സഹായകരമാകും.

പശ്ചിമ ബംഗാളിൽ നടപ്പാക്കിയ എസ്.ഐ.ആർ.-ൽ രേഖകൾ സമർപ്പിക്കാനായി വരി നിൽക്കുന്നവർ.

കേരളത്തിലെ ചില നിരീക്ഷകർ പോലും സംസാരിക്കാൻ മടിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. കഴിഞ്ഞ 15-20 വർഷമായി ബംഗ്ലാദേശ് സാമ്പത്തികമായി വളരെയധികം മുന്നേറിയിട്ടുണ്ട് (അടുത്ത കാലത്തുണ്ടായ ഭരണ അനിശ്ചിതാവസ്ഥകൾ കാരണം ചില തളർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും). ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള പല മേഖലകളിലും ജീവിത നിലവാരം ഉയർന്നിട്ടുണ്ട്. അവിടെ ദാരിദ്ര്യം പൂർണ്ണമായി മാറി എന്നല്ല, എങ്കിലും ബംഗ്ലാദേശിൽ നിന്ന് കൽക്കട്ടയിലേക്കോ ബംഗാളിലേക്കോ നുഴഞ്ഞുകയറാൻ ഇപ്പൊ ആളുകൾ പഴയതുപോലെ താല്പര്യം കാണിക്കുന്നില്ല.

ഏറ്റവും പുതിയ മനുഷ്യ വികസന സൂചിക (Human Development Index - HDI) പ്രകാരം, 193 രാജ്യങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി 130-ാം സ്ഥാനത്താണ്. ഇരു രാജ്യങ്ങൾക്കും ഒരേ എച്ച്.ഡി.ഐ. മൂല്യമായ 0.685 ആണ് ലഭിച്ചിരിക്കുന്നത്. ഇരുപത് വർഷം മുമ്പ്  ഇന്ത്യ ആഗോളതലത്തിൽ 127-ാം സ്ഥാനത്ത്, 0.532 എന്ന മനുഷ്യ വികസന സൂചിക (HDI) മൂല്യത്തോടെ, ആയിരുന്നു. അന്ന്, ബംഗ്ലാദേശിന്റെ റാങ്ക്  139 ആയിരുന്നു , 0.478 എന്ന മനുഷ്യ വികസന സൂചിക മൂല്യത്തോടെ.

1990-കളിൽ കൽക്കട്ടയിൽ വന്ന സമയത്ത് ടാക്സി ഡ്രൈവർമാർ തങ്ങൾ ബംഗ്ലാദേശിൽ നിന്ന് വന്നതാണെന്ന് ജീവിക്കാൻ നിവൃത്തിയില്ലാത്ത ദാരിദ്ര്യം കാരണം തുറന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ളവരെ കാണാനില്ല. ഇപ്പോൾ ചില ടാക്സി ഡ്രൈവർമാരോട് അവരുടെ പഴയ ബംഗ്ലാദേശി സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചാൽ, "ഞങ്ങൾക്ക് അങ്ങോട്ട് (ബംഗ്ലാദേശിലേക്ക്) പോയാൽ കുറച്ചുകൂടി കാര്യമാകും, ഇവിടെ ജീവിക്കാൻ ഒരു നിവർത്തിയുമില്ല" എന്ന് പറഞ്ഞ് അവർ ചിരിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക സാഹചര്യങ്ങൾ kകുറച്ചൊക്കെ  മാറിയിരിക്കുന്നു. ബംഗാളിൽ നിന്ന് തന്നെ ഇത്രയധികം ആളുകൾ കേരളത്തിൽ വന്ന് കൂലിപ്പണി ചെയ്യുമ്പോൾ, ബംഗ്ലാദേശിൽ നിന്നുള്ളവർ കൽക്കട്ടയിൽ വന്ന് ജീവിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. 

തീവ്രവാദികൾ വരുന്നുണ്ടെങ്കിൽ അതിർത്തി സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ചുമതലയാണ്. എന്നാൽ അതിന്റെ പേരിൽ ഇവിടെ വർഷങ്ങളായി താമസിക്കുന്നവരെ പിടിച്ച് പുറത്താക്കുകയല്ല വേണ്ടത്. പെട്ടെന്നൊരു ദിവസം വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടുകയും, നാളെ നുഴഞ്ഞുകയറ്റക്കാരനാണെന്ന് മുദ്രകുത്തുകയും ചെയ്താൽ അത് എങ്ങനെ അംഗീകരിക്കും? മാധ്യമങ്ങളുടെ താൽപ്പര്യമില്ലായ്മയും പ്രതിപക്ഷത്തിന്റെ തകർച്ചയും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന നിലവിലെ പ്രതിസന്ധികളിൽ ഏറ്റവും വലുതാണ്. രാജ്യത്ത് എന്ത് പ്രശ്നമുണ്ടായാലും അതിനെതിരെ പ്രതിഷേധിക്കേണ്ടത് പാവങ്ങളുടെ മാത്രം ചുമതലയാണെന്ന ഒരു ധാരണ നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നാട്ടിലെ മധ്യവർഗ്ഗ മാധ്യമങ്ങൾ. നമ്മൾ വീടുകളിൽ വരുത്തുന്ന ഏറ്റവും പ്രസിദ്ധമായ പത്രങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്. ജനങ്ങളെ ഇത്രയധികം ബാധിക്കുന്ന വിഷയങ്ങളിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കാൻ ഈ മാധ്യമങ്ങൾക്ക് ഒട്ടും ബോധമില്ല. നോട്ടുനിരോധനത്തിന് ശേഷം ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ച ഒരു സംഭവമാണ് 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR). ഇതിനെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ചോദിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. 

ഇതിന്റെ പേരിൽ തെരുവിൽ പോയി പ്രതിഷേധിക്കണം എന്നല്ല പറയുന്നത്. ഇതിനകത്ത് വളരെ കോംപ്ലക്സ് ആയ പല നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങളുണ്ട്. ഇതൊന്നും തെരുവിലോ കവല പ്രസംഗങ്ങളിലൂടെയോ  സോൾവ് ചെയ്യാവുന്ന പ്രശ്നങ്ങളല്ല. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം പാർലമെന്റോ അല്ലെങ്കിൽ കോടതിയോ ആണ്; അതിൽ തന്നെ ഏറ്റവും പ്രധാനം പാർലമെന്റ് തന്നെയാണ്. ജനപ്രതിനിധികളിൽ സമ്മർദ്ദം ചെലുത്തി ഈ കാര്യങ്ങൾ ചർച്ച ചെയ്യാനും ചോദ്യങ്ങൾ ഉന്നയിക്കാനും പ്രാഥമികമായി രംഗത്തിറങ്ങേണ്ടത് മാധ്യമങ്ങളാണ്. എന്നാൽ മിക്ക  "മുഖ്യധാര" മാധ്യമങ്ങളും  അതിൽ പരാജയപ്പെട്ടു.  മാധ്യമങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരുന്നാൽ ജനപ്രതിനിധികൾ എങ്ങനെ ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കും?

ഈ പുറംതള്ളൽ പ്രക്രിയക്കെതിരെ ആരാണ് പ്രതിഷേധിക്കേണ്ടത്? ഇതിനാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഇരകളെ പ്രൊട്ടക്ട് ചെയ്യേണ്ടത് നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും കടമയാണ്. പൗരന്മാരുടെ പൈസ വാങ്ങി തടിച്ചു കൊഴുത്ത മാധ്യമങ്ങളുടെ കടമയാണ് ഈ കാര്യങ്ങൾ വിളിച്ചു പറയുക എന്നത്. അല്ലാതെ  ഇരകൾ അവരുടെ കാര്യം നോക്കിക്കൊള്ളട്ടെ എന്ന സമീപനം - എല്ലാ പാർട്ടികളും അത്തരം ഒരു സമീപനം എടുക്കുന്നു എന്ന് കരുതുന്നില്ല - ശരിയല്ല.

പക്ഷെ ഞാൻ ഒരു പൊതുസദസ്സിൽ വെച്ച് 'പാർലമെന്റ് ആണ് നമ്മുടെ ഏക പ്രതീക്ഷ' എന്ന് പറഞ്ഞാൽ പലരും  എന്നെ പുച്ഛിച്ചുതള്ളുകയും ചിരിക്കുകയും ചെയ്യും. പാർലമെന്റിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന് പറഞ്ഞ്, "നിങ്ങൾ ഈ രാജ്യത്തല്ലേ ജീവിക്കുന്നത്?" എന്ന് ചോദിച്ച് ചിലരെങ്കിലും ചിലപ്പോൾ എന്നെ ചീമുട്ട എറിയും. ഇതാണ് ഞാൻ പറഞ്ഞ നിസ്സഹായാവസ്ഥ. ജനാധിപത്യത്തിന്റെ ടെമ്പിൾ എന്ന് നമ്മൾ ഭംഗിവാക്ക് പറയുന്ന ആ സ്ഥാപനത്തിലാണ് നമ്മുടെ രക്ഷ എന്ന് പറയുമ്പോൾ ആളുകൾ നമ്മളെ പുച്ഛിക്കുന്നുവെങ്കിൽ, അവർ പുച്ഛിക്കുന്നത് എന്നെയല്ല; അവർ അവരുടെ സ്വന്തം സ്റ്റേറ്റിനെയാണ്, നമ്മുടെ ഡെമോക്രസിയുടെ നിലവിലെ അവസ്ഥയെയാണ് അവർ പുച്ഛിച്ചുതള്ളുന്നത്. ജനങ്ങൾ നിസ്സഹായരായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിന് തന്നെയാണ് ഏറ്റവും വലിയ കടമയും കഴിവും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. 

ബംഗാളിന്റെ രാഷ്ട്രീയ ഭാവിയും പ്രതിപക്ഷത്തിന്റെ അഭാവവും

ഇലക്ഷൻ കഴിഞ്ഞിട്ട് ഇപ്പോൾ മെയ്, ജൂൺ മാസങ്ങൾ കഴിഞ്ഞ് കേവലം രണ്ടു മൂന്നു മാസമേ ആയിട്ടുള്ളൂ.  ഞാൻ സംസാരിക്കുന്ന പലരിലും ആ ഭയം വ്യക്തമായി കാണാം. എന്നെ  ഏറ്റവും കൂടുതൽ വ്യാകുലപ്പെടുത്തുന്നത് ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം തന്നെയാണ്. ഒന്ന്, തൃണമൂൽ കോൺഗ്രസ് ഇപ്പോൾ അവരുടെ ഉള്ളിലുള്ള പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലാണ്. ഉള്ളിലുള്ള പ്രശ്നങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും, അത് പുറത്തുനിന്ന് തന്നെ ക്രിയേറ്റ് ചെയ്യപ്പെട്ട സംഭവമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  തൃണമൂൽ ദുർബലമായി  നിൽക്കുമ്പോൾ, ഇടതുപക്ഷം കുറച്ചൊക്കെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും അവർക്ക് അതിനുള്ള ഒരു അടിത്തറ ഇപ്പോൾ അവിടെയില്ല. അതുകൊണ്ട് ഇന്ത്യ സഖ്യവും മറ്റുള്ളവരും ചേർന്ന് ആദ്യം അവിടെ ശക്തമായൊരു പ്രതിപക്ഷത്തെ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്.  

Share this link