പിണറായി സർക്കാർ ഒരുഭാഗത്ത് പ്രളയം, നിപ, കോവിഡ്, വയനാട് ദുരന്തം തുടങ്ങിയ പ്രതിസന്ധികളെ ഉപയോഗപ്പെടുത്തി ശക്തമായ പ്രതിച്ഛായ നിർമിച്ചപ്പോൾ, മറുവശത്ത് കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദവും ഭരണവിരുദ്ധ വികാരവും മറികടക്കാൻ ഭരണകൂടം സ്വീകരിച്ച 'ഭൂരിപക്ഷ പ്രീണന' നയങ്ങൾ മുസ്‌ലിം - ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിച്ചു. അഴിമതി ആരോപണങ്ങൾ, പി.ആർ. രാഷ്ട്രീയവൽക്കരണം, കേന്ദ്രീകൃത അധികാരസ്വഭാവം എന്നിവ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയപരമായ ദിശാമാറ്റത്തെ ആഴത്തിൽ പരിശോധിക്കുന്ന അധ്യാപകനും ഗവേഷകനുമായ ഡോ. വിജു വി.വി.യുടെ ലേഖനം. (ഭാഗം - 2)
അഴിമതിക്കേസുകളും ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളും തുടരെത്തുടരെ ഉണ്ടായതുകൊണ്ടാകാം, ഇടതുസർക്കാർ, കേന്ദ്രത്തിലെ എൻ.ഡി.എ. ഭരണകൂടവുമായി പലപ്പോഴും വിലപേശലുകൾ നടത്തുന്നുവെന്ന തോന്നലുണ്ടായത്. യഥാർഥത്തിൽ സംസ്ഥാന ഭരണത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനപ്പുറം, സി.പി.എമ്മിന്റെയും ഭരണനേതൃത്വത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ഏറെസമയവും ചെലവഴിച്ചത്. കേന്ദ്ര ഏജൻസികളുടെ സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം, അവസാന വർഷങ്ങളിലെത്തുമ്പോഴേക്കും സി.പി.എം. പ്രകടമായ ഭൂരിപക്ഷ സമുദായ പ്രീണനത്തിലേക്ക് നീങ്ങുന്നതാണ് കണ്ടത്. അതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളെ സമ്മർദത്തിലാക്കുന്ന പ്രസ്താവനകളുണ്ടായി. അവ കേരളത്തിലെ മതേതര പൊതുമണ്ഡലത്തെപ്പോലും അസ്വസ്ഥമാക്കുന്ന രീതിയിൽ ഉണ്ടാക്കിയ സാമുദായിക അരക്ഷിതത്വത്തിന്റെ സാഹചര്യത്തിലേക്ക് നീങ്ങുകയും ന്യൂനപക്ഷ സമുദായങ്ങളിലെ-പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങൾ ഏകോപിപ്പിക്കപ്പെടുകയും ചെയ്തു.
ഇടതുപക്ഷവും സി.പി.എമ്മും സമുദായ കേന്ദ്രിത രാഷ്ട്രീയപ്രസ്ഥാനങ്ങളെ 'വർഗീയ സംഘടനകൾ' എന്നു വിളിക്കുന്നത് പുതിയതല്ല. ഇ.എം.എസ്. മുതലുള്ള നേതാക്കൾ ലീഗ് പോലുള്ള പാർട്ടികളെ വർഗീയ പാർട്ടികൾ എന്നുതന്നെയാണ് വിളിച്ചിരുന്നത്. ലീഗിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് വാദിച്ച് ബദൽ രേഖകൊണ്ടുവന്ന സി.പി.എം. നേതാവ് എം.വി. രാഘവന് ആ പാർട്ടിയിൽ നിന്നുതന്നെ പുറത്തുപോകേണ്ടിവന്നതും ചരിത്രമാണല്ലോ. പക്ഷേ, കഴിഞ്ഞ അഞ്ചുവർഷമുണ്ടായത് ആ നയങ്ങളുടെ തുടർച്ചയാണെന്ന് പറയാനാകില്ല. ദേശീയതലത്തിൽ ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്രാപിക്കുകയും രാജ്യത്തിന്റെ വിവിധമേഖലകളിൽ പലതരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് സി.പി.എം. ന്യൂനപക്ഷ സമുദായങ്ങളെ സമ്മർദത്തിലാക്കുന്ന തന്ത്രങ്ങൾ സ്വീകരിച്ചതെന്നത് പ്രത്യേകമായി വിലയിരുത്തേണ്ടതാണ്.
യഥാർഥത്തിൽ 2021-ലെ രണ്ടാം പിണറായി സർക്കാരിന്റെ വലിയ വിജയത്തിന് പിന്നിൽ കേരളത്തിലെ വിവിധ സമുദായങ്ങളുടെ സാമാന്യമായ പിന്തുണയുണ്ടായിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വരവ് സുറിയാനി-കത്തോലിക്കാ വിഭാഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനം ഇടതുമുന്നണിക്ക് ഉണ്ടാക്കിക്കൊടുത്തു. മുസ്ലിങ്ങളിലാകട്ടെ, ഏറെക്കാലം മുസ്ലിംലീഗിനെ മാത്രം പിന്തുണച്ച സമസ്തപോലുള്ള പ്രസ്ഥാനങ്ങളിലെ ഒരു വിഭാഗം ഇടതുപക്ഷത്തോടു ചേർന്നുനിന്നു. ഇത്രയധികം പിന്തുണ നേടിയിട്ടും സമുദായങ്ങളെ ഫലപ്രദമായി ചേർത്തുകൊണ്ടുപോകാനോ അവരിൽ ആത്മവിശ്വാസമുണർത്താനോ ഉള്ള പ്രവർത്തനങ്ങൾ പിണറായി സർക്കാരിന് നടത്താനായില്ല. അതിന്റെ ആദ്യത്തെ സൂചനയായിരുന്നു ഒ.ബി.സി. മുസ്ലിം-ലത്തീൻ സമുദായങ്ങൾക്കായി ഏർപ്പെടുത്തിയ ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിലുള്ള വിവാദങ്ങളും അതിന്റെ പേരിലുള്ള കോടതികയറലുകളും. കോടതിവിധി ന്യൂനപക്ഷ സ്കോളർഷിപ്പ് എന്ന സത്തയെ തന്നെ ചോദ്യം ചെയ്തതോടെ പിന്നോക്ക സമുദായങ്ങൾക്ക് ഈ സ്കോളർഷിപ്പിന്റെ ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇടതുപക്ഷത്തുണ്ടായ ലത്തീൻ-മുസ്ലിം ജനപ്രതിനിധികൾക്കാകട്ടെ, ഇതിനെതിരെ ഒന്നും ചെയ്യാനായതുമില്ല. സാമുദായിക രാഷ്ട്രീയത്തോടുള്ള ഉദാസീന സമീപനത്തിന്റെ ഉത്തമോദാഹരണമാണ് ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാലത്തിലുണ്ടായ ഈ വ്യവഹാരങ്ങൾ.
എന്നാൽ, അത് അബദ്ധവശാൽ സംഭവിച്ചതായിരുന്നില്ല എന്നുതെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ മലബാറിലെ മുസ്ലിം സമുദായം യു.ഡി.എഫിലേക്ക് തിരിയുകയാണെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാകാം, വടകരയിലെ സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പ്രചാരണത്തിനിടയിൽ പുറത്തിറങ്ങിയ 'കാഫിർ സ്ക്രീൻ ഷോട്ട്' വലിയ വിവാദമുയർത്തി. യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം വോട്ടുകൾക്കായി സമുദായം പറഞ്ഞ് വാട്‌സ്ആപ്പിൽ വോട്ടഭ്യർഥിക്കുന്നു എന്ന തരത്തിൽ സ്ക്രീൻഷോട്ട് പുറത്തിറക്കുകയും അത് എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ.കെ. ശൈലജ പ്രചാരണായുധമാക്കുകയും ചെയ്തു. എന്നാൽ, മുസ്ലിം ലീഗിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ ഇതിന്റെ ഉറവിടം എൽ.ഡി.എഫിന്റെ സൈബർ വിങ്ങാണെന്ന് കണ്ടെത്തി പ്രതിരോധിച്ചു. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നുമാത്രമല്ല, രാഷ്ട്രീയലാഭത്തിനായി സി.പി.എം തങ്ങളെ ഉപയോഗപ്പെടുത്തുമെന്ന തരത്തിലുള്ള അവിശ്വാസം മുസ്ലിം സമുദായത്തിൽ ഉറപ്പിക്കുകയും ചെയ്തു. ഇടതുസർക്കാരാകട്ടെ, ഇതിനെ തള്ളിപ്പറയുന്നതിനുപകരം പ്രതികളെ പിടിക്കുന്നത് നീട്ടിക്കൊണ്ടുപോകുകയും കേസ് അനന്തമായി നീട്ടുകയുമാണ് ചെയ്തത്. ഇതിനുശേഷമാണ് 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ, മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം മുഖ്യമന്ത്രി നടത്തിയത്. മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം അനധികൃതമായ സ്വർണവും 130 കോടിയോളം ഹവാല പണവും പിടിച്ചെടുത്തെന്നും ഇതെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കപ്പെടുന്നതെന്നും അഭിമുഖത്തിൽ ചോദ്യത്തിന് മറുപടിയായി നൽകി. പിന്നീട് ഈ പരാമർശങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറയുകയും ദി ഹിന്ദു പത്രം തിരുത്തുകയും ചെയ്തെങ്കിലും ഇതിനു പിറകിലെ പി.ആർ. ഏജൻസിയുടെ ഇടപെടൽ, അത്തരമൊരു ചർച്ചയുടെ ഉദ്ദേശം എന്നിവയൊക്കെ സംശയത്തിന്റെ മുനയിലായി. അതേസമയം, മുസ്ലിം സമുദായ രാഷ്ട്രീയത്തെ, സംശയമുനയിൽ നിർത്തിക്കൊണ്ടും മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ നിരന്തരം സജീവമാക്കി നിർത്തിയ വിമർശനവും വകതിരിവില്ലാത്ത ആക്രമണങ്ങളും പൊതുവിൽ സമുദായത്തിനുനേരെയുള്ള ആക്രമണമായാണ് വിലയിരുത്തപ്പെട്ടത്. പ്രത്യേകിച്ച് യു.ഡി.എഫിന് ജമാഅത്തെയുടെ നേതൃത്വത്തിലുള്ള വെൽഫയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളിൽ.
മറുവശത്ത്, ഹിന്ദുസമുദായത്തിന്റെ വോട്ടുകൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആഗോള അയ്യപ്പസംഗമം പോലുള്ള പരിപാടികളും തിരഞ്ഞെടുപ്പുമാത്രം ലക്ഷ്യമിട്ടുള്ള കാമ്പയിനുകളായാണ് ജനം വിലയിരുത്തിയത്. ഇതിനുശേഷം ശബരിമലയിലെ സ്വർണം തട്ടിപ്പുനടത്തിയെന്ന ആരോപണങ്ങൾ കൂടി വന്നതോടെ ലക്ഷ്യമിട്ട ഹിന്ദുവോട്ടുകളും ഊർന്നുപോയി. ഇതിനിടെ എസ്.എൻ.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തെ സഹായിക്കാനെന്നോണം നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ തിരിച്ചടിക്കുകയും ചെയ്തു. ഇവയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ തയാറായതുമില്ല.
പി.ആർ. ഏജൻസികളുടെ അമിതവിളയാട്ടം
മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാക്കിയ വിശ്വാസ്യതാനഷ്ടം ചെറുതായിരുന്നില്ല. വാർത്തയെന്ന മട്ടിൽ നൽകിയ അഭിമുഖം, ഉത്തരേന്ത്യയിലെ കൈസ്സൻ എന്ന കമ്പനിയുടെ നേതൃത്വത്തിൽ തയാറാക്കിയ പബ്ലിക് റിലേഷൻസ് ഉള്ളടക്കമായിരുന്നുവെന്ന വെളിപ്പെടുത്തലുകൾ ഇവയെല്ലാം വസ്തുതകൾപ്പുറം നിശ്ചിതലക്ഷ്യത്തോടെ നടത്തുന്ന പ്രചാരവേലയുടെ ഭാഗമാണെന്ന പ്രതീതിയുണ്ടാക്കി. സർക്കാരിന്റെ അജൻഡകൾ പി.ആർ. ഏജൻസികളാണ് തയാറാക്കുന്നതെന്ന ആരോപണവും ഉയർന്നുവന്നു. അതുമാത്രമല്ല, മുഖ്യമന്ത്രിയും മറ്റുനേതാക്കളും തയാറാക്കുന്ന കാര്യങ്ങൾ മുൻകൂട്ടിതയാറാക്കിയ തിരക്കഥകളാകാമെന്നുള്ള ധാരണയും രൂപപ്പെട്ടു. പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിശോറിന്റെ സഹായത്തോടെ, 2014-ൽ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദത്തിലെത്തിയതോടെ രാഷ്ട്രീയരംഗത്തെ പ്രതിച്ഛായാ നിർമാണം, പൊതുജനസമ്പർക്കം, പ്രചാരവേല എന്നിവയിൽ പ്രൊഫഷണൽ ഏജൻസികൾക്ക് കാര്യമായ പങ്കുണ്ടെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർട്ടികളും നേതാക്കളും പി.ആർ. ഏജൻസികളെ ആശ്രയിക്കുന്നത് കൂടിയിട്ടുമുണ്ട്.
എന്നാൽ, ഉൾക്കാമ്പും പ്രവർത്തനപദ്ധതിയുമില്ലാത്ത പി.ആർ. കാമ്പയിനുകൾ ഫലം കാണില്ല എന്ന അടിസ്ഥാനപാഠം പലരും മറന്നുപോകുന്നുമുണ്ട്. സർക്കാരിനും മുഖ്യമന്ത്രിക്കും മാത്രമല്ല, നിരവധി മന്ത്രിമാരും സ്വന്തം ഇമേജ് നിർമിക്കാനും പ്രവർത്തനങ്ങൾ പരസ്യം ചെയ്യാനുമായി പി.ആർ. കമ്പനികളെ ആശ്രയിച്ചുതുടങ്ങി. ചിലർക്കാകട്ടെ പല മീഡിയകളിൽ-ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും തെരുവോരങ്ങളിലും- പ്രചാരണത്തിനായി ഒന്നിലധികം പി.ആർ. ഏജൻസികളുമുണ്ടായി. മലയാളത്തിലെ ലൈഫ്‌സ്റ്റൈൽ മാസികകളിലെ മാധ്യമപ്രവർത്തകരെപ്പോലും നേതാക്കന്മാരെ കുറിച്ചെഴുതാൻ നിരന്തരം പി.ആർ. പ്രൊഫഷണലുകൾ സമീപിക്കാൻ തുടങ്ങിയെന്നത് പരസ്യമായ വസ്തുതയായി. ഇതുകൂടാതെയാണ് നവമാധ്യമരംഗത്തെ പോർട്ടലുകളിലും മറ്റും ഓഹരിയെടുത്തും സംഭാവനകൾ നൽകിയും നടത്തുന്ന സർക്കാർ അനുകൂല കണ്ടന്റുകൾ. സർക്കാർ ചെലവിൽ ശമ്പളം കൊടുക്കുന്ന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുകളും നൂറുകണക്കിന് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെയാണ് പലരും ഖജനാവിൽ നിന്ന് പണമെടുത്ത് പ്രൈവറ്റ് ഏജൻസികൾക്ക് കൊടുത്തതെന്നത് ജനവിരുദ്ധമാണെന്നുപോലും അവർക്ക് തോന്നിയില്ല. ഒടുവിൽ, സർക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും പ്രവർത്തനങ്ങളും ജനങ്ങളെ അറിയിക്കാനുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പണം ഉപയോഗിച്ച് മോഹൻലാലിനെ അഭിമുഖകാരനാക്കി, തന്റെ ബാല്യകാല കഥകൾ പറയാൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒരുക്കുന്നതിലൂടെ അഴിമതിയെ സാമാന്യവത്കരിക്കുന്നതും ജനപ്രിയമാക്കുന്നതും നാം കണ്ടു.
ജനകീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെയും പരിഹരിക്കാതെയും സാമാന്യജനത്തിന്റെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോഴാണ് സർക്കാരിന്റെ പി.ആർ. ധൂർത്ത് എന്നതാണ് വിരോധാഭാസം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പി.ആർ. ഏജൻസികളിലൂടെ സാമാന്യജനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുണ്ടായ പരാജയം മറച്ചുവെക്കാനാണ് ശ്രമിച്ചത്.
പി.ആർ ഏജൻസികളോടുള്ള ഈ അമിതമായ ആശ്രയം, അവസാനഘട്ടമാകുമ്പോഴേക്കും, ഏതോ സിനിമയിൽ മമ്മൂട്ടി കഥാപാത്രം പറയുന്നപോലെ 'മെഗലോമാനിയ' എന്ന അവസ്ഥയിലെത്തി. അതാണ്, കോടികൾ മുടക്കി നാടുനീളെ 'മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' എന്ന മുദ്രാവാക്യവുമായി പ്രത്യക്ഷപ്പെട്ട ഒറ്റമുഖമുള്ള ഫ്ലക്സ് ബോർഡുകളുടെ അതിസാന്ദ്രതയിലൂടെ വെളിവായത്. രാഷ്ട്രീയമായ കൂടിയാലോചനകളെ മരവിച്ചുനിർത്തുകയും സ്വകാര്യ ഏജൻസികളുടെ ജീവനക്കാരുടെ മുദ്രാവാക്യങ്ങളിൽ അമിതആശ്രയത്വം വളരുകയും ചെയ്തതുകൊണ്ടാകാം, മറ്റാരുണ്ട്, ഞങ്ങളല്ലാതെ എന്ന ചോദ്യത്തിൽ ഒളിഞ്ഞുകിടക്കുന്ന സ്വേച്ഛാധികാര അഭിവാഞ്ഛ ആരും കാണാതെ പോയത്. മുന്നണിയും പാർട്ടിയും സർക്കാരുമെല്ലാം ഒരു മുഖത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതിൽ അപാകതയുണ്ടെന്ന് ഇടതുപക്ഷത്തിലെ ഒരാൾക്കുപോലും തോന്നിയില്ല. അത്തരമൊരു സാഹചര്യത്തിൽ നിന്ന് തങ്ങൾക്കുണ്ടായേക്കാവുന്ന ആനുകൂല്യത്തിന്റെയും അധികാരത്തിന്റെയും പകിട്ടിൽ മറന്ന് അവരെല്ലാം സംശയം പോലും പ്രകടിപ്പിക്കാതെ കുറ്റകരമായ വിധേയത്വം പുലർത്തിയെന്നതാണ് യാഥാർഥ്യം. ഈ മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരുടെയും പരാജയത്തിനുപിന്നിൽ, സ്വേച്ഛാധികാരരൂപം മറനീക്കി തെരുവുകളിൽ നിറഞ്ഞുനിൽക്കുമ്പോൾ അതിൽനിന്ന് ഉറഞ്ഞുവരുന്ന അധികാരം നുണയാൻ ദുരയോടെ അവർ നിന്ന കാത്തിരിപ്പായിരുന്നു.
പിണറായിസം ആണോ കാരണം?
തിരഞ്ഞെടുപ്പുകഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും ഇടപെടലുകളും വിനയായി എന്ന രീതിയിലുള്ള വിലയിരുത്തലുകൾ വിമർശകരിൽ നിന്നുണ്ടാകുന്നുണ്ട്. അത്ര ലളിതമായി വിലയിരുത്തേണ്ടതാണോ ഈ പരാജയം? പിണറായി വിജയൻ കേരളത്തിലെ സി.പി.എം എന്ന പാർട്ടിയെ മുമ്പില്ലാത്ത വിധം ഊർജസ്വലമാക്കി നിർത്തിയ രാഷ്ട്രീയദേഹം ആണെന്നതിൽ തർക്കമൊന്നുമുണ്ടാകാനിടയില്ല. ആ പാർട്ടിയുടെ നേതൃത്വവും അണികളുമെല്ലാം പിണറായിത്തം എന്ന രാഷ്ട്രീയശൈലിയെ ആശ്രയിക്കുകയും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തവരാണ്. പാർട്ടി എന്നത് ആളുകളെയും ആശയങ്ങളെയും കോർത്തിണക്കുന്ന ആശയസംഹിതയാണെങ്കിൽ, സി.പി.എമ്മിന്റെ ചരിത്രത്തിലെ അതിന്റെ പൂർണപ്രത്യക്ഷമായ അവതാരത്തെയാണ് പ്രവർത്തകരും അനുഭാവികളും പിണറായി വിജയനിൽ ദർശിച്ചത്. പാർട്ടിയുടെ ഇച്ഛകളെയും മനോഭാവങ്ങളെയും പെരുമാറ്റരീതികളെയും ഇടപെടലുകളെയും ആഗ്രഹങ്ങളെയും അതിന്റെ സമ്പൂർണതയിൽ ശരീരവത്കരിക്കാൻ ശേഷിയുള്ള നേതാവുതന്നെയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, പാർട്ടിക്ക് പുറത്ത് പിണറായി വിമർശിക്കപ്പെട്ടപ്പോഴും, നേതാവ് എന്ന നിലയിൽ അദ്ദേഹത്തെ തള്ളിപ്പറയാനോ വിയോജിക്കാനോ ഉള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. പാർട്ടി സെക്രട്ടറിയോ മന്ത്രിമാരോ ഇടതുപക്ഷനിരയിലുള്ള സാംസ്കാരിക ബുദ്ധിജീവികളോ ഒന്നും പിണറായി വിജയന്റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയില്ല. പകരം, ചരിത്രത്തിലാദ്യമായി രണ്ടുതവണ ഇടതുപക്ഷ സർക്കാരിന് നേതൃത്വം നൽകിയ ആളെന്ന നിലയിൽ, ഒരുപക്ഷേ ഇ.എം.എസിനേക്കാളോ വി.എസ് അച്യുതാനന്ദനെക്കാളോ ഏറെ അസാമാന്യനായ ഭരണാധികാരിയായി പിണറായിയെ വിലയിരുത്തപ്പെട്ടു. അത്തരമൊരു അമാനുഷ പരിവേഷത്തെ സാധൂകരിക്കാൻ നിപ്പ, പ്രളയം, കോവിഡ്, വയനാട് ദുരന്തം എന്നിവയുടെ കാലത്ത് കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്ന വിലയിരുത്തൽ സഹായകമാകുകയും ചെയ്തു. അതേസമയം, പിണറായിയുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകളോ രാഷ്ട്രീയ ഒത്തുതീർപ്പുകളോ ആ അമാനുഷികതയുടെ നൈസർഗികമായ ഉപോത്പന്നമായി മാത്രമേ വിലയിരുത്തപ്പെട്ടതുമുള്ളൂ. മാധ്യമങ്ങളിലും ഔദ്യോഗിക ഇടങ്ങളിലും പൊതുഇടങ്ങളിലും സാംസ്കാരിക ഇടങ്ങളിലുമെല്ലാം സ്തുതിഗീതങ്ങൾ മുഖരിതമായി.
അതേസമയം, കമ്മ്യൂണിസ്റ്റ് ചേരിക്ക് പുറത്തുനിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധതയും പ്രതിപക്ഷ ബഹുമാനമില്ലായ്മയും തെറ്റുകളെ ശരികളാക്കിമാറ്റുന്ന പ്രൊപ്പഗാണ്ട സംവിധാനവുമെല്ലാം വിമർശന വിധേയമാക്കേണ്ടിവരും. വിമർശനങ്ങളെയും വിയോജിപ്പുകളെയും ഏതെല്ലാം രീതിയിൽ ഒതുക്കി സ്വേച്ഛാധിപത്യ സാഹചര്യം കേരളത്തിൽ നിർമിച്ചെടുത്തു എന്ന വിമർശനം നിലനിൽക്കുകയും ചെയ്യും.
യു.ഡി.എഫ്. വിജയത്തിന്റെ കാരണങ്ങൾ
പാർട്ടിയുടെ വീരപരിവേഷമായിരിക്കുമ്പോഴും കേരളത്തിലെ സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ പലപ്പോഴും നിറവേറ്റപ്പെടാതെ നിന്നു. വീരാരാധനയും താരാരാധനയും നമ്മുടെ ജീവിതപ്രശ്നങ്ങളെ താൽക്കാലികമായി മാറ്റിവെച്ചേക്കാമെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരമല്ല. ഇടതുസർക്കാർ അവകാശപ്പെട്ട അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രചാരണം തന്നെ എടുക്കാം. ഒരു ദിവസം ഏതാണ്ട് 180 രൂപയിൽ താഴെ മാത്രം വരുമാനംകൊണ്ട് ജീവിക്കുന്ന കുടുംബങ്ങളെയാണ് സാങ്കേതികമായി അതിദരിദ്ര കുടുംബങ്ങൾ എന്നു പറയുന്നത്. ഒരാളല്ല, ഒരു കുടുംബം. അങ്ങനെയുള്ള 65000 കുടുംബങ്ങൾ കേരളത്തിലുണ്ട്. ഇന്ത്യൻ ജനസംഖ്യയിലാകട്ടെ അഞ്ചുശതമാനത്തോളവും. പിണറായി സർക്കാർ അധികാരത്തിൽ വന്ന് പത്താം വർഷത്തിലാണ് ഇത് നിർമാർജനം ചെയ്തുവെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. അത് ഏതുസർക്കാരായാലും ചെയ്യേണ്ടതുതന്നെ എന്നതിൽ തർക്കമില്ല. പക്ഷേ 180 രൂപയിൽ താഴെ വരുമാനവുമായി ജീവിച്ച അവരുടെ തീക്ഷണമായ അനുഭവങ്ങളെ ഇത്തരം പ്രഖ്യാപനങ്ങളുടെ കെട്ടുകാഴ്ചകൾകൊണ്ട് മറികടക്കാനാകും എന്ന വിശ്വാസവും, എൺപതുശതമാനത്തോളം വരുന്ന മലയാളി മധ്യവർഗത്തിനുമുന്നിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതൊരു ഭരണനേട്ടമായി അവതരിപ്പിക്കുന്നതിലുള്ള അശ്ലീലതയും തിരിച്ചറിയാൻ ഇടതുസർക്കാരിനായില്ല. മാത്രമല്ല, ഇത്രയും മധ്യവർഗജനസംഖ്യയുള്ള കേരളം പോലൊരു സംസ്ഥാനത്തിൽ ഭക്ഷണം, വീട് എന്നതിനപ്പുറത്ത് തൊഴിൽ, സംരംഭകത്വം, സാമൂഹ്യസഞ്ചാരക്ഷമത, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയൊക്കെയാണ് പ്രധാന അജൻഡകൾ; അവയെ അഭിസംബോധന ചെയ്യാനായതുമില്ല.
കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയായി. അതിനേക്കാളേറെയാണ് കുറഞ്ഞ വരുമാനത്തിന് ജോലിചെയ്യുന്ന ഉയർന്ന വിദ്യാഭ്യാസയോഗ്യതകളുള്ളവരുടെ പ്രശ്നം- അണ്ടർ എംപ്ലോയ്‌മെന്റ്. അണ്ടർഎംപ്ലോയ്‌മെന്റിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനുപകരം, സംസ്ഥാനത്ത് ഗിഗ് ഇക്കണോമിയുടെ ഭാഗമായി ഉയർന്നുവന്ന അരക്ഷിത തൊഴിൽവർഗങ്ങളെ കണക്കുകൾ മാത്രമാക്കി നേട്ടമായി സ്ഥാപിക്കാനാണ് ശ്രമിച്ചതും. കണക്കുകളിലെ നേട്ടങ്ങൾ ജനങ്ങളുടെ ജീവിതഗുണനിലവാരത്തിലെ അനുഭവങ്ങളായി മാറിയില്ല എന്നത് വസ്തുതയാണ്. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകൾ കൂടുതൽ ചെറുകിട വായ്പകൾ നൽകുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. അതോടെ, ഓൺലൈൻ-ബ്ലേഡ് സംവിധാനങ്ങളിൽ നിന്ന് വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുകയും അത് വലിയൊരു സാമ്പത്തികപ്രശ്നമായി മാറുകയും ചെയ്തു.
കേരളം മെച്ചപ്പെട്ടുവെന്ന് തോന്നലുണ്ടാക്കിയ ഉന്നതവിദ്യാഭ്യാസ മേഖല കഴിഞ്ഞ അഞ്ചുവർഷത്തിനിടെ താറുമാറായ അവസ്ഥയിലാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിട്ടു എന്നത് ഭരണനേട്ടമായി മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും സ്വകാര്യമേഖലയ്ക്ക് നിയന്ത്രണങ്ങളില്ലാതെ ലാഭംകൊയ്യാവുന്ന പാടങ്ങളാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റിയെന്നതാണ് യാഥാർഥ്യം. നാടെങ്ങും മുളച്ചുപൊന്തുന്ന ഹ്രസ്വകാല കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് യുവാക്കളെ അടുപ്പിച്ചതും മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതും എല്ലാം വിദ്യാഭ്യാസമേഖലയിലെ അരക്ഷിതാവസ്ഥയുടെ അടയാളങ്ങളാണ്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ നിരന്തരം വാർത്തകളിൽ ഇടംപിടിച്ചു. ഇവയിലെല്ലാം ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു പകരം, ആരോപണങ്ങളെ നിഷേധിക്കുകയും ആരോപണമുന്നയിച്ചവരെ ആക്രമിക്കുകയുമാണ് അതത് വകുപ്പും മന്ത്രിമാരും ചെയ്തത്. ഒരുതരം നിഷേധാത്മക ഭരണത്തിന്റെ പ്രസരണം എല്ലായിടത്തും ഉണ്ടായിരുന്നു. ഇനിയൊരിക്കലും ജനവിധി തേടേണ്ടാത്തവിധം തങ്ങൾ അപ്രമാദികളായി മാറി എന്നൊരു ഗർവും മന്ത്രിമാർ അലങ്കാരമാക്കി.
സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളികളുടെ പ്രശ്നങ്ങളെ എങ്ങനെ സമീപിച്ചു ഇടതുപക്ഷ സർക്കാർ എന്നതിന് ഏറ്റവും കൃത്യമായ ഉദാഹരണമാണ് ആശ വർക്കർമാരുടെ നേതൃത്വത്തിൽ 266 ദിവസത്തോളം നടത്തിയ സമരം. പ്രതിമാസം ഏഴായിരം രൂപയുള്ള ആശവർക്കർമാരുടെ ഓണറേറിയം, 21000 രൂപയാക്കണമെന്നാവശ്യപ്പെട്ട് 2025 ഫെബ്രുവരിയിൽ തുടങ്ങിയ സമരം ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചു. പക്ഷേ, സമരത്തെ, ആദ്യം കണ്ടില്ലെന്ന് നടിക്കാനും സൂസി (എസ്.യു.സി.ഐ.) സമരമെന്ന് വിളിച്ച് അധിക്ഷേപിക്കാനുമാണ് സർക്കാരും പാർട്ടിയും ശ്രമിച്ചത്. കോവിഡ് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ നിസ്വാർഥമായി ജോലി ചെയ്ത ആശ വർക്കർമാരുടെ സമരത്തോടുള്ള സമീപനത്തിലൂടെ വെളിപ്പെട്ടത് വർഗരാഷ്ട്രീയത്തെ പൂർണ്ണമായും കൈയൊഴിഞ്ഞ പുതിയ ഇടതുപക്ഷത്തിന്റെ പുതിയ മുൻഗണനകളാണ്. കെ. റെയിൽപോലെയും വയനാട് തുരങ്കപാത പോലെയുള്ള വൻകിട പദ്ധതികളെ കുറിച്ച് വാചാലരായ പാർട്ടിയും സർക്കാരും അടിസ്ഥാന ജനവിഭാഗങ്ങളുടെ അനിവാര്യമായ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു. ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ പ്രചാരത്തിലുള്ള 'സൂസിമാർ' എന്ന പദം, മാനുഷികത പൂർണ്ണമായും ചോർന്നുപോയ വരണ്ട ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ഉചിതമായ സംഭാവന തന്നെയാണ്.
അതേസമയം, കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ, സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് സർഗാത്മകമായ ഒരു പൊതുമണ്ഡലം ഉയർത്തിക്കൊണ്ടുവരാനും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങൾ സജീവമാക്കാനും കഴിഞ്ഞിട്ടുണ്ട്. അതിനൊരുദാഹരണമാണ് വയനാട് ദുരന്തമേഖലയിൽ മുസ്ലിം ലീഗ് ധനസമാഹരണം നടത്തി അതിവേഗം പൂർത്തിയാക്കിയ ഭവനസമുച്ചയങ്ങൾ. ലീഗിന്റെ പ്രവൃത്തികളെ ശ്ലാഘിക്കുന്നതിനുപകരം കോൺഗ്രസിന്റെ പദ്ധതിയുടെ ഇഴച്ചിൽ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനും അഴിമതി ആരോപണം കൊണ്ടുവന്ന് മറയ്ക്കാനുമാണ് സർക്കാരും സി.പി.എമ്മും ശ്രമിച്ചത്. അതേസമയം, അധികാരത്തിന്റെ ആനുകൂല്യമുണ്ടായിട്ടും എന്തുകൊണ്ട് വയനാട്ടിലെ പുനരധിവാസ ഭവനപദ്ധതി വൈകി എന്നതിന് വിശദീകരണം നൽകാൻ അവർ ശ്രമിച്ചുമില്ല. സാമാന്യജനത്തിന് ഒരു താരതമ്യവിലയിരുത്തൽ നടത്താനുള്ള അവസരം തിരഞ്ഞെടുപ്പിൽ ലഭിക്കുകയും ചെയ്തു. സി.പി.എമ്മും ഇടതുപക്ഷവും വിലയിരുത്തലുകളും പഠനവുമായി ഇനിയും വരും. പക്ഷേ, കൺമുന്നിലുള്ളത് കാണാനാകുന്നില്ലെങ്കിൽ കേരളരാഷ്ട്രീയത്തിലെ അവരുടെ സാന്നിധ്യം നിന്ദാർഹമാംവിധം അദൃശ്യതയിലേക്ക് പോകും.