Author Image ഒ.പി. രവീന്ദ്രൻ
02 Jun 2026

എയ്ഡഡ് മേഖല: പൊതുഖജനാവിൽ നിന്ന് അപഹരിക്കപ്പെടുന്ന സമ്പത്തും വിഭവ വിതരണത്തിലെ അസമത്വങ്ങളും

അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം ഉറപ്പാക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 42 ശതമാനവും ചെലവഴിക്കുന്ന എയ്ഡഡ് മേഖലയിൽ എസ്.സി./എസ്.ടി പ്രാതിനിധ്യം അരശതമാനത്തിൽ താഴെയാണ്. പൊതുഖജനാവിലെ പണം ചില പ്രത്യേക സമുദായങ്ങളുടെ സാമൂഹിക പുരോഗതിക്കായി മാത്രം ബഡ്ജറ്റിൽ വകയിരുത്തപ്പെടുന്നതിന്റെ നേർസാക്ഷ്യമാണ് എയ്ഡഡ് മേഖല. ഗവേഷകനും എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി കൺവീനറുമായ ഒ.പി. രവീന്ദ്രൻ എഴുതുന്നു.

കേരളത്തിന്റെ 16-ാമത്തെ നിയമസഭാ രൂപീകരണത്തെ തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ധനകാര്യ വകുപ്പ് കൂടി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയെന്ന ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാൽ രണ്ടാമത് ചെയ്യേണ്ട കാര്യം സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണമാണ് (equitable distribution of wealth). സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഈ പ്രഖ്യാപനം ഒരു മൈതാന പ്രസംഗമായി ഒടുങ്ങാതിരിക്കണമെങ്കിൽ മുഖ്യമന്ത്രിയെന്ന നിലയിലും ധനകാര്യ മന്ത്രിയെന്ന നിലയിലും നല്ലപോലെ വിയർക്കേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല. കാരണം സംസ്ഥാനത്തിന്റെ സമ്പദ് വിതരണത്തിന്റെ അസമത്വം 'അദൃശ്യമാക്കി' വെച്ചുകൊണ്ടാണ് അതിന്റെ ആരംഭം മുതൽ തന്നെ നിർവഹിക്കപ്പെട്ടുപോന്നത്.

ആഗോളമായി തന്നെ പുകഴ്ത്തപ്പെട്ട 'കേരള മോഡൽ' വികസനത്തിലെ ആദ്യസൂചികയായ വിദ്യാഭ്യാസ മേഖല തന്നെയാണ് സമ്പദ് വിതരണത്തിലെ അസമത്വത്തിന് മുഖ്യകാരണമായി പരിണമിച്ചത്. ആദിവാസികളും ദളിതരും ദളിത് ക്രിസ്ത്യൻ അതിപിന്നോക്കരും ഒരു വശത്തും സാമൂഹിക ചലനശേഷി വർദ്ധിച്ച സവർണ വിഭാഗങ്ങൾ മറുചേരിയിലും നിലയുറപ്പിച്ചതും സാമുദായിക സമ്മർദ്ദ രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളുമാണ് സമ്പദ് വിതരണത്തിന്റെ അസമത്വത്തിന് അന്തർധാരയായി മാറിയത്. മേൽസൂചിപ്പിച്ച രണ്ട് കാരണങ്ങൾ കൊണ്ട് തന്നെ വിദ്യാഭ്യാസ-തൊഴിൽ സംബന്ധിയായ സമ്പദ് വിതരണത്തിലെ സാമൂഹിക അസമത്വങ്ങളെ അഡ്രസ് ചെയ്യാൻ കേരളീയ പൊതുമണ്ഡലം തയ്യാറായില്ല. ഈ ഒരു സന്ദർഭത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ, പ്രത്യേകിച്ച് എയ്ഡഡ് മേഖലയിലെ സമ്പദ് വിതരണത്തിലെ അസമത്വങ്ങളെ പരിഗണിക്കാതെ മുഖ്യമന്ത്രി വി. ഡി. സതീശന് തന്റെ പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

കേരള ബഡ്ജറ്റും എയ്ഡഡ് മേഖലയും

2025-26 ലെ ബഡ്ജറ്റ് രേഖയിലൂടെ (budget in brief 2025-26) എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചുള്ള ലേറ്റസ്റ്റ് ഡാറ്റ മുൻ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 2025-26 ലെ സർക്കാരിന്റെ ബഡ്ജറ്റ് എസ്റ്റിമേറ്റിൽ കേരളത്തിലെ ആകെ സർക്കാർ ജീവനക്കാരുടെ എണ്ണം, അത്രയും ജീവനക്കാരുടെ ശമ്പളത്തിനായി നീക്കിവെക്കേണ്ട തുക എന്നിവയൊക്കെ രേഖപ്പെടുത്തിയതിന്റെ കൂടെയാണ് എയ്ഡഡ് മേഖലയുടെയും കണക്കുകൾ പ്രത്യേകമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 2025-26 ൽ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല, എയ്ഡഡ് മേഖല എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി ജോലിചെയ്യുന്ന മൊത്തം ജീവനക്കാരുടെ എണ്ണം 5,56,043 ആണ്. ഇതിൽ 1,37,761 ജീവനക്കാർ എയ്ഡഡ് മേഖലയിലാണ്. ആകെയുള്ള സർക്കാർ ജീവനക്കാരുടെ 25% എയ്ഡഡ് മേഖലയിലാണ്. ഇത്രയും ജീവനക്കാർക്ക് ശമ്പളത്തിനായി മാത്രം 18,784 കോടി രൂപയാണ് വേണ്ടിവരുന്നത് (പെൻഷൻ മറ്റ് എയ്ഡുകൾ കൂടാതെ). ഇക്കാലയളവിൽ മൊത്തം ജീവനക്കാരുടെ ശമ്പളത്തിനായി വേണ്ടത് 45,177 കോടി രൂപയാണ്.

ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ഈ ബഡ്ജറ്റ് ഡോക്യുമെന്റ് വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യം കേരളത്തിലെ മൊത്തം ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന ശമ്പളത്തിന്റെ 42%-വും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് വേണ്ടിയാണ് സർക്കാർ ചെലവഴിക്കുന്നത്. 2025-26 ലെ ബഡ്ജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന 1,37,761 എയ്ഡഡ് ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയാണ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ജീവനക്കാരുടെ പ്രാതിനിധ്യം. ഒരു മതേതര ജനാധിപത്യ സംവിധാനത്തിൽ, പൊതുഖജനാവിലെ വിഭവങ്ങൾ വിതരണം ചെയ്യുമ്പോൾ പ്രാതിനിധ്യരാഹിത്യത്താൽ ദളിത്-ആദിവാസി വിഭാഗങ്ങൾ പുറംതള്ളപ്പെടുന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ ബഡ്ജറ്റ് രേഖ.

2025-26 ലെ ബഡ്ജറ്റ് രേഖയിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണവും അവർക്കുള്ള മൊത്തം ശമ്പളത്തിന്റെ കണക്കും നൽകിയിരിക്കുന്നു.

പൊതു ഖജനാവിലെ പണം ചില പ്രത്യേക സമുദായങ്ങളുടെ സാമൂഹിക പുരോഗതിക്കായി മാത്രം ബഡ്ജറ്റിൽ വകയിരുത്തുന്നതിന് ഏതാണ്ട് ഒന്നര നൂറ്റാണ്ടിന്റെ ദൈർഘ്യമുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപേ, 1869 മുതലാണ് യഥാർത്ഥത്തിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്ന് പറയുന്ന ഒരു വിദ്യാഭ്യാസ സംവിധാനം രൂപപ്പെട്ട് തുടങ്ങിയത്. പിന്നീട് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി മാറുകയും എല്ലാവർക്കും നീതിയും തുല്യതയും അവസരസമത്വവും ഉറപ്പു നൽകുന്ന ഒരു ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തു. ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമായി നിലവിൽ വന്നിട്ട് ഏതാണ്ട് 75 വർഷമായി. എന്നിട്ടും കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സാമൂഹ്യനീതിക്ക് അകത്തുകൊണ്ടുവരാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

എയ്ഡഡ് മേഖലയും നീതിക്കായുള്ള പോരാട്ടവും

ദീർഘകാലത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 1957-ലെ വിദ്യാഭ്യാസ ബില്ലും വിമോചനസമരവും ഒക്കെ കഴിഞ്ഞ ശേഷം എയ്ഡഡ് മേഖലയിൽ സാമൂഹ്യനീതി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ട് ഒരു പ്രക്ഷോഭം ആരംഭിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്. 2010 ൽ കേരള ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നതോടു കൂടിയാണ് ഇതൊരു നിയമ പോരാട്ടം കൂടിയായി മാറിയത്. എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങളിൽ സംവരണം പാലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2010 ലാണ് ഒരു കേസ് എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നത്. എം.എ, എം.ഫിൽ, പി.എച്ച്.ഡി, നെറ്റ് ക്വാളിഫൈഡ് ആയിട്ടുള്ള 12 ഉദ്യോഗാർത്ഥികളാണ് അന്ന് ഹൈക്കോടതിയെ സമീപിച്ചത്.

2010 ൽ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലത്താണ് 1500 ഓളം എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങൾ നടത്താൻ വേണ്ടി ഒരു ഉത്തരവ് ഇറക്കുന്നത്. ആ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. യു.ജി.സി.യുടെ ഗൈഡ്‌ലൈൻസ് അനുസരിച്ച് എസ്.സി-എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് സംവരണം ഉൾപ്പെടുത്തിക്കൊണ്ട് അത് റീനോട്ടിഫൈ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി കേസ് ഫയലിൽ സ്വീകരിക്കുകയും 2015-ൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ യു.ജി.സി. ഗൈഡ്‌ലൈൻസ് അനുസരിച്ച് റിസർവേഷൻ നടപ്പാക്കണം എന്ന ഒരു സിംഗിൾ ബെഞ്ച് ഉത്തരവ് വരികയും ചെയ്തു. ജസ്റ്റിസ് എ.എം. ഷഫീഖ് ആണ് അന്ന് വിധി പറഞ്ഞത്.

എന്നാൽ, അതിനെതിരെ എൻ.എസ്.എസ്.-ഉം എസ്.എൻ. ട്രസ്റ്റും അപ്പീൽ പോവുകയും, എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്ന് പറയുന്നത് സ്വകാര്യ മാനേജ്മെന്റുകൾ നടത്തിക്കൊണ്ടു പോകുന്ന സ്വകാര്യ സ്ഥാപനങ്ങളാണെന്നും, അവിടെ സംവരണം നടപ്പാക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് ഇല്ല എന്നുമുള്ള ഒരു ആർഗ്യുമെന്റ് മുന്നോട്ടു വെക്കുകയുമാണ് ചെയ്തത്. ഇതിനെ കണക്കിലെടുത്തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് എ.എം. ഷഫീഖ് 2017-ൽ നൽകിയ വിധി തള്ളിക്കളഞ്ഞത്. അതിനെ തുടർന്ന് വീണ്ടും എയ്ഡഡ് വിദ്യാഭ്യാസ മേഖലാ സംവരണ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. കേസ് ഫയലിൽ സ്വീകരിച്ച് വാദം കേൾക്കാൻ വെച്ചിരിക്കുകയാണ്. ഇതിനിടയിൽ, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീൽ കേസ് നടക്കുന്ന സമയത്ത് തന്നെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് 3 ശതമാനം സംവരണം നടപ്പാക്കിക്കൊണ്ട് കേരള സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

എൻ.എസ്.എസ്.-ന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും വാദം എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പാക്കാൻ സ്റ്റേറ്റിന് അവകാശമില്ല, അത് തികച്ചും സ്വകാര്യ സ്ഥാപനങ്ങളാണ് എന്നതായിരുന്നു. എന്നാൽ ഈ കേസ് അപ്പീലിൽ വിധി വരുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പാക്കി ഉത്തരവിറക്കി എന്നുള്ളതാണ് ഒരു വിരോധാഭാസം. അതായത്, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കിലും ഭിന്നശേഷി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് സംവരണം നൽകേണ്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് ഉണ്ടായതിനാൽ അവിടെ സംവരണം നടപ്പാക്കി. അതിനുശേഷം, 2017-ലെ 3 ശതമാനം 2018 ൽ 4 ശതമാനം സംവരണമാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി. എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയ സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്. 2017-ലെ വിധി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ സുപ്രീം കോടതിയിൽ എസ്.എൽ.പി. ഫയൽ ചെയ്തു. അതോടൊപ്പം തന്നെ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി.

യുവജനകാര്യ യുവജനക്ഷേമ സമിതി റിപ്പോർട്ട്

ടി.വി. രാജേഷ് എം.എൽ.എ. ചെയർമാൻ ആയും ഇടതുപക്ഷത്തിൽ നിന്നുള്ള അഞ്ച് എം.എൽ.എ.മാരും, യു.ഡി.എഫിൽ നിന്നുള്ള നാല് യുവ എം.എൽ.എ.മാരും ഉൾപ്പെട്ടതായിരുന്നു യുവജനകാര്യ യുവജനക്ഷേമ സമിതി. ആ സമിതി വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് എൽ.പി, യു.പി, ഹൈസ്കൂൾ വരെയുള്ള സ്ഥാപനങ്ങളിൽ മാത്രം ഒരു ലക്ഷത്തിപ്പതിനൊന്നായിരത്തോളം (1,11,000) അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം എന്ന് പറയുന്നത് വെറും 642 ആണെന്നും അവർ കണ്ടെത്തി.

ആ റിപ്പോർട്ടിനകത്ത് ആദ്യം തന്നെ സൂചിപ്പിക്കുന്ന ഒരു കാര്യം എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഭീതിതമായ രീതിയിലുള്ള വിവേചനം നിലനിൽക്കുന്നു എന്നതാണ്. ഇത്തരം വിവേചനം ഒഴിവാക്കാൻ വേണ്ടി ആദ്യത്തെ റെക്കമൻഡേഷൻ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പാക്കണം എന്നതാണ്. സംവരണം നടപ്പാക്കിയാൽ മാത്രം പോര അത് മോണിറ്റർ ചെയ്തുകൊണ്ട് എല്ലാ നിയമനങ്ങളിലും സംവരണം ഉറപ്പുവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടാമത്തെ റെക്കമൻഡേഷൻ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ നിയമനങ്ങൾ മാനേജ്മെന്റുകൾ നടത്തുന്നതിനാൽ അവിടെ ഒരുപാട് അഴിമതികളും നടക്കുന്നുണ്ട്, അതുകൊണ്ട് അത് അവസാനിപ്പിച്ച് എല്ലാവർക്കും അവസരസമത്വം ഉണ്ടാകുന്ന രീതിയിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണം എന്നതായിരുന്നു. എയ്ഡഡ് മേഖലയിലെ പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ നൽകാൻ നിയമിക്കപ്പെട്ട ഇടത്-വലത് യുവ എം.എൽ.എ.മാർ 2017-ൽ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ആ റിപ്പോർട്ടിന്റെ മുകളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുക എന്നതിൽ കവിഞ്ഞ് സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞ പട്ടികജാതി പട്ടികവർഗ്ഗ സംവരണമോ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന നിർദ്ദേശമോ നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല.

1957-ലെ എഡ്യൂക്കേഷൻ ബില്ലുമായി ബന്ധപ്പെട്ട് 1958-ൽ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ ഒരു സുപ്രധാനമായ വിധിയുണ്ട്. ആ വിധി അനുസരിച്ച് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്ന് പറയുന്നത് ഗവൺമെന്റ് ശമ്പളം കൊടുക്കുന്നതായതുകൊണ്ട് തന്നെ അവിടെ നിയമനം നടത്താനുള്ള പരിപൂർണ്ണ അവകാശം സർക്കാരിനാണ് എന്ന് ആ വിധിയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ആ വിധി ഉൾപ്പെടുത്തിക്കൊണ്ടാണ് പിന്നീട് 1958 ൽ തന്നെ കേരള എഡ്യൂക്കേഷൻ ആക്ട് നിലവിൽ വരുന്നത്. എന്നാൽ നിയമനം പി.എസ്.സി. വഴി ആക്കിക്കൊണ്ടുള്ള എഡ്യൂക്കേഷൻ ആക്ട് നിലവിൽ വന്നതിനെതിരെയാണ് കേരളത്തിനകത്ത് വിമോചന സമരം വരുന്നത്.

എൻ.എസ്.എസ്., ക്രിസ്ത്യൻ മാനേജ്മെന്റുകൾ എന്നിവരുടെ നേതൃത്വത്തിലാണ് വിമോചന സമരം ആരംഭിച്ചത്. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഈ സമരത്തോട് ഐക്യപ്പെട്ടു. വിമോചന സമരത്തെ തുടർന്ന് അന്നത്തെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയും സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അതിനുശേഷം അധികാരത്തിൽ വന്ന പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി ഭരണ സർക്കാരാണ് യഥാർത്ഥത്തിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനാധികാരം മാനേജ്മെന്റുകൾക്ക് തിരിച്ചുനൽകിയത് എന്നതാണ് ചരിത്രവസ്തുത.

1958-ൽ സുപ്രീം കോടതി വിധിയെ തുടർന്ന്, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി. വഴി ആക്കിക്കൊണ്ടുള്ള കേരള എഡ്യൂക്കേഷൻ ആക്ട് നിലവിൽ വന്നു. എന്നാൽ, ഈ ആക്ട് വന്നതിനു പിന്നാലെ 1959-ൽ അന്നത്തെ ഇടത് ഗവൺമെന്റ് പിരിച്ചുവിടപ്പെട്ടു. അതിനുശേഷം 1960-ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ് നിയമസഭയിൽ ആദ്യമായി ഒരു ഭേദഗതി ബിൽ കൊണ്ടുവരുന്നത്. എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സി. വഴി ആയിരിക്കണമെന്ന 'സെക്ഷൻ 11'-ലെ വ്യവസ്ഥ താൽക്കാലികമായി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് ഈ ബില്ലിലൂടെ ആവശ്യപ്പെട്ടത്. നിയമസഭ ഈ ബിൽ പാസാക്കുകയും, 1960 ജനുവരിയിൽ തന്നെ സെക്ഷൻ 11 താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.

അതേ വർഷം (1960) തന്നെ രണ്ടാം എഡ്യൂക്കേഷൻ ഭേദഗതി ബില്ലും കൊണ്ടുവന്നു. സെക്ഷൻ 11 താൽക്കാലികമായി സസ്പെൻഡ് ചെയ്ത വ്യവസ്ഥ സ്ഥിരപ്പെടുത്താനും, നിയമനാധികാരം മാനേജ്മെന്റുകൾക്ക് പൂർണ്ണമായി വിട്ടുകൊടുക്കാനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ രണ്ടാം ഭേദഗതി ബിൽ പാസാക്കിയത്. എഡ്യൂക്കേഷൻ ആക്ടിലൂടെ ഏതാണ്ട് ഒരു വർഷത്തോളം നിയമനങ്ങൾ പി.എസ്.സി. വഴി ആയിരിക്കണം എന്ന വ്യവസ്ഥ നിലനിന്നിരുന്നു എങ്കിലും ആ കാലയളവിൽ നിയമനങ്ങളൊന്നും നടന്നിരുന്നില്ല. എങ്കിൽ പോലും, 1960-ലെ രണ്ടാം ഭേദഗതിയിലൂടെ റദ്ദാക്കപ്പെട്ട പഴയ 'സെക്ഷൻ 11' പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറായാൽ എയ്ഡഡ് മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. മാനേജ്മെന്റുകളുടെ നിയമനാധികാരം എടുത്തുകളഞ്ഞ് അത് വീണ്ടും പി.എസ്.സി.ക്ക് വിട്ടാൽ തീർച്ചയായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി പുലരും. മാത്രമല്ല, അത് എല്ലാവർക്കും തുല്യാവസരം ഉറപ്പാക്കുന്ന ഒരു മേഖലയായി മാറുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഇതിന് സർക്കാരിനെ സംബന്ധിച്ചിടത്തോളം നിയമപരമായ യാതൊരു തടസ്സവും ഈ രാജ്യത്തില്ല; വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്. കേരളത്തിലെ പ്രബല സമുദായങ്ങളായ എൻ.എസ്.എസ്., ക്രിസ്ത്യൻ മാനേജ്മെന്റുകൾ, ഇതര മാനേജ്മെന്റ് സമുദായങ്ങൾ എന്നിവരുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സാമൂഹ്യനീതിക്കും അവസരസമത്വത്തിനും ഭരണഘടനാ തത്വങ്ങൾക്കും അനുസൃതമായി മാറ്റിയെടുക്കാൻ സർക്കാരിന് കഴിയും എന്നതിൽ യാതൊരു തർക്കവുമില്ല. കേരളത്തിലെ സമ്പത്തിന്റെയും വിഭവങ്ങളുടെയും നീതിപൂർവ്വകമായ വിതരണത്തിന്, ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി. ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരിനും കോൺഗ്രസിനും യു.ഡി.എഫിനും ശേഷിയുണ്ടോ എന്നത് മാത്രമാണ് ഇനി ഉയരുന്ന ചോദ്യം.

Share this link