പൊതുനിർമ്മാണ പ്രവർത്തനങ്ങളെയാണ് 'വികസനം' എന്ന പേരിട്ട് മൂന്നു മുന്നണികളും അവതരിപ്പിക്കുന്നത്. റോഡ്, പാലം, കെട്ടിടങ്ങൾ, ഓഫീസുകൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയൊക്കെ സാമൂഹ്യജീവിതം പുരോഗമിക്കുന്നതനുസരിച്ച് ഏതു ഭരണകൂടവും നിർവ്വഹിക്കേണ്ട കർത്തവ്യമാണ്; അത് സർക്കാരുകളുടെയോ സംഘടനകളുടെയോ ഔദാര്യമല്ല. പ്രാതിനിധ്യ രാഷ്ട്രീയത്തിൽ നിന്നും സാമൂഹ്യനീതിയിൽ നിന്നും പുറന്തള്ളപ്പെട്ട ഒരു വലിയ ജനവിഭാഗം എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ യഥാർത്ഥ രാഷ്ട്രീയം. അധ്യാപകനും ഗവേഷകനുമായ വിജു വി.വി. എഴുതുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പൊതുവെയുള്ള സ്ഥിതിഗതികൾ കണക്കിലെടുത്താൽ, 'പോസ്റ്റ് മോഡേൺ' എന്നു വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പാണിത്. മത്സരത്തിലുള്ള മൂന്നു മുന്നണികൾക്കും വളരെ വേറിട്ടുനിൽക്കുന്നു എന്നു പറയാവുന്ന നേട്ടങ്ങൾ അവകാശപ്പെടാനോ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനോ ഇല്ല. ചുരുക്കം വിഷയങ്ങളെ പെരുപ്പിച്ചുകാട്ടി, തിരഞ്ഞെടുപ്പു കഴിയുംവരെ പിടിച്ചുനിൽക്കുക എന്ന തരത്തിലാണ് പ്രചാരണവും തന്ത്രവും.
2021-ലെ തിരഞ്ഞെടുപ്പ് അങ്ങനെയായിരുന്നില്ല. കോവിഡ് ഉണ്ടായിരുന്നു; സ്പ്രിംഗ്ലർ, സ്വപ്ന സുരേഷ്, സ്വർണ്ണക്കടത്ത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അതുപോലെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുമില്ല. ടി.വി. കൊച്ചുബാവയുടെ ഒരു കഥ ഓർമ്മ വരുന്നു. രണ്ടു പാർട്ടികളിലുള്ളവർ വാളുകൊണ്ട് പരസ്പരം പോരടിക്കുകയാണ്. രണ്ടു കൂട്ടർക്കും വലിയ താല്പര്യമൊന്നുമില്ല, ഇരുവരും ക്ഷീണിച്ചിരിക്കുന്നു. എങ്കിലും കാണുന്നവർക്കുവേണ്ടി അവർക്ക് പോരടിച്ചേ തീരൂ. അതുപോലെയാണ് ഇവിടെയും; ആദർശനിഷ്ഠയിലോ മൂല്യബോധത്തിലോ ഊന്നുന്ന അമിതമായ ബലംപിടിത്തമൊന്നുമില്ല. അർത്ഥം നഷ്ടപ്പെട്ടുപോയെന്ന് മാധ്യമകെട്ടുകാഴ്ചകൾ നിർമ്മിച്ച് അതിൽ അഭിരമിക്കുകയാണ് മുന്നണികളും പാർട്ടികളും.
രാഷ്ട്രീയമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ പരമ്പരാഗത മാധ്യമങ്ങളും വിഷമിക്കുന്നു. യഥാർത്ഥത്തിൽ പ്രശ്നങ്ങളില്ലാത്തതല്ല; പകരം, ഒരു തിരഞ്ഞെടുപ്പു സന്ദർഭത്തിൽ എളുപ്പം ജനങ്ങൾക്കു മുന്നിൽ ഇട്ടുകൊടുക്കാവുന്ന ലളിതസംവേദന കാഴ്ചകളായി അവ മാറുന്നില്ല. കേരളത്തിലെ പേരുകേട്ട മാധ്യമസ്ഥാപനങ്ങളുൾപ്പെടെ നേരിടുന്ന പ്രശ്നമാണിത്. ഗൗരവമാർന്ന സാമൂഹ്യ-രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണമെങ്കിൽ, ദൈനംദിനാടിസ്ഥാനത്തിൽ അതിനുള്ള ആശയാടിത്തറ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ആ അടിത്തറയിൽ നിന്ന് മാത്രമേ പുതിയ സമൂഹത്തിന്റെ സങ്കീർണ്ണമായ പ്രശ്നങ്ങളെക്കുറിച്ച് എളുപ്പം മനസ്സിലാക്കുന്ന രീതിയിൽ സംവേദനം ചെയ്യാനാകൂ. അങ്ങനെ ചെയ്യുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ദേശീയതലത്തിൽ പൊതുവിലും കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തിനിടെ ഉണ്ടായ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചോ അവയെ സ്വാധീനിക്കുന്ന ആശയധാരകളെക്കുറിച്ചോ നമ്മൾ കാര്യമായി ചർച്ച ചെയ്യുന്നില്ല.
ഈ തിരഞ്ഞെടുപ്പിൽ സജീവമായി നിൽക്കുന്ന പ്രശ്നങ്ങൾ തന്നെ നോക്കൂ. പൊതുനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചാണ് വികസനം എന്ന പേരിട്ട് മൂന്നു മുന്നണികളും സംസാരിക്കുന്നത്. റോഡ്, പാലം, കെട്ടിടങ്ങൾ, ഓഫീസുകൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിങ്ങനെ ഓരോന്നിനെക്കുറിച്ചുമുള്ള അവകാശവാദങ്ങൾ. ഇപ്പറയുന്ന കാര്യങ്ങളൊക്കെ, സാമൂഹ്യജീവിതം പുരോഗമിക്കുന്നതനുസരിച്ച് ഏതു ഭരണകൂടവും നിർവ്വഹിക്കേണ്ട കാര്യങ്ങളാണ്. ദുരന്തപുനരധിവാസവും അങ്ങനെതന്നെ. അത് സർക്കാരുകളുടെയോ സംഘടനകളുടെയോ ഔദാര്യമല്ല, കർത്തവ്യമാണ്. കർത്തവ്യം നിറവേറ്റി എന്ന് അവകാശപ്പെടുന്നതിൽ പുതുതായി ഒന്നുമില്ല. എങ്കിലും കർത്തവ്യം പൂർണ്ണമായും നിറവേറ്റിയിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.
പൊതുജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ഒരുത്തരവാദിത്തമാണ് എന്നിരിക്കെത്തന്നെ, അതിലേക്ക് എല്ലാ വിഭാഗം ജനങ്ങൾക്കും കയറിപ്പറ്റാനാകുന്നുണ്ടോ, പങ്കാളിത്തം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. ഉദാഹരണത്തിന്, ഇത്ര ലക്ഷം നിയമനങ്ങൾ നടത്തി എന്ന് ഒരു സർക്കാർ അവകാശപ്പെടുന്നുവെന്നിരിക്കട്ടെ, അല്ലെങ്കിൽ തൊഴിലില്ലായ്മയിൽ ഇത്ര ശതമാനം കുറവുണ്ടായി എന്നു പറയുന്നുവെന്നിരിക്കട്ടെ, അതിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന, അതുകൊണ്ട് പരമാവധി ആനുകൂല്യം ലഭ്യമാകേണ്ട വിഭാഗങ്ങൾക്ക്, സമുദായങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടോ, അത് നിങ്ങൾക്ക് ദൃശ്യമാകുകയും അനുഭവിക്കുകയും ചെയ്യാനാകുന്നുണ്ടോ എന്നതും പ്രധാനമാണ്.
അതുകൊണ്ടാണ് കെട്ടുകാഴ്ചകൾക്ക് പിടിതരാത്ത, സങ്കീർണ്ണവും ഗൗരവതരവും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നങ്ങൾ ഉണ്ട് എന്നു പറയുന്നത്. തിരഞ്ഞെടുപ്പ് ഇത്തരം പൊങ്ങുകാഴ്ചകളുടെ അരങ്ങാവുന്നതോടെ, സാമൂഹ്യനീതിയെക്കുറിച്ചും അവസരസമത്വത്തെക്കുറിച്ചുമൊക്കെയുള്ള നിലപാടുകൾ എല്ലാ പാർട്ടികളും കൈയൊഴിയുന്നു. ഉദാഹരണത്തിന് സണ്ണി കപിക്കാടിനെയും സി.കെ. ജാനുവിനെയും പോലുള്ളവരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ യു.ഡി.എഫ് കൈയൊഴിഞ്ഞ കാര്യം. ഇത് മറ്റു മുന്നണികളുടെ കാര്യത്തിലും ശരിയാണ് താനും.
പ്രാതിനിധ്യരാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോൾ, പ്രബല സമുദായങ്ങളും സ്വാധീനവർഗ്ഗങ്ങളും അവരുടെ താല്പര്യങ്ങളും നിയന്ത്രിക്കുന്ന പ്രക്രിയയും വ്യവഹാരവുമായി തിരഞ്ഞെടുപ്പു സന്ദർഭം മാറുന്നു. അധികാരഘടനയിലും പ്രക്രിയയിലും ഇടംകിട്ടാത്തവർ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. തിരഞ്ഞെടുപ്പു കഴിയുമ്പോൾ അവരെക്കുറിച്ച് വീണ്ടും വേവലാതിപ്പെടുകയും ചെയ്തേക്കാം.
ഈ തിരഞ്ഞെടുപ്പിലെ നിർണ്ണായകമായ ഒരു പ്രശ്നമായി ഇതിനെയാണ് ഞാൻ കാണുന്നത്. സ്വാർത്ഥലാഭങ്ങളെക്കുറിച്ചുള്ള ആലോചനകളോ നീക്കങ്ങളോ ഒന്നുമില്ലാതെ, പ്രസ്ഥാനങ്ങൾക്കും പാർട്ടികൾക്കും വേണ്ടി പ്രവർത്തിച്ച സാധാരണ മനുഷ്യർ എങ്ങനെയാണ് തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നത് എന്നതിലാണ് കാര്യം. അവരുടെ ത്യാഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും മൂല്യം നഷ്ടപ്പെട്ടുപോയോ? അങ്ങനെ അപ്രസക്തരായിപ്പോയവർ ഏതു രീതിയിലാണ് തിരഞ്ഞെടുപ്പിനെ നേരിടുക?
പയ്യന്നൂരിലെ സി.പി.എം വിമതൻ വി. കുഞ്ഞിക്കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം സൂചിപ്പിക്കുന്നത് ഇതാണ്. രക്തസാക്ഷി, രക്തസാക്ഷി ഫണ്ട് എന്നീ രണ്ടുകാര്യങ്ങളാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് വരാനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പുറംകാഴ്ചയിൽ, കണ്ണൂരിലെയും പയ്യന്നൂരിലെയും പാർട്ടി സംവിധാനങ്ങൾ കണക്കിലെടുത്താൽ കുഞ്ഞിക്കൃഷ്ണനോടൊപ്പം നിൽക്കുന്ന ആളുകളുടെ എണ്ണം ചെറുതായിരിക്കും. ആ മണ്ഡലത്തിൽ വേറെ പ്രതീക്ഷകളൊന്നുമില്ലാത്തതുകൊണ്ട് യു.ഡി.എഫ് തങ്ങളുടെ പിന്തുണ അദ്ദേഹത്തിന് നൽകുകയും സ്ഥാനാർത്ഥിത്വത്തിന് കൂടുതൽ ദൃശ്യത കൈവരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
അപ്പോഴും കണ്ണൂരിലെ സി.പി.എമ്മിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളെ മനസ്സിലാക്കാൻ അവർക്കും പറ്റുന്നില്ല. രക്തസാക്ഷി എന്നത് കണ്ണൂരിലെ സി.പി.എമ്മിലേക്ക് ആളുകളെ ഉറപ്പിച്ചുനിർത്തുന്ന വൈകാരിക ഘടകമായിരുന്നു. രക്തസാക്ഷികളാകുന്ന പലരും വലിയ സ്വാധീനമുള്ള നേതാക്കളൊന്നുമായിരിക്കില്ല. സാധാരണ, താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരായിരിക്കും. വർഷംതോറുമുള്ള അനുസ്മരണങ്ങളിൽ ഫോട്ടോ വെച്ച് അഭിവാദ്യം അർപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യും എന്നതൊഴിച്ചാൽ അതുകൊണ്ട് അവരുടെ കുടുംബത്തിന് കാര്യമായ നേട്ടങ്ങളോ പുരോഗതിയോ ഒന്നുമുണ്ടാകില്ല.
രക്തസാക്ഷിത്വങ്ങൾക്ക് കാര്യമായ പരിഗണനയുണ്ടാവുന്നില്ല എന്നൊരു തോന്നൽ സി.പി.എമ്മിലെ അടിസ്ഥാന വിഭാഗങ്ങൾക്കിടയിലുണ്ടായിത്തുടങ്ങിയിട്ടുണ്ട്. അത് ഒരു തിരിച്ചറിവാണ്. അക്രമരാഷ്ട്രീയത്തോടുള്ള താല്പര്യമില്ലായ്മയിൽ ഇതുകൂടിയുണ്ട്. ഇതുപക്ഷേ അവർ കൃത്യമായി പ്രകടിപ്പിക്കണമെന്നില്ല. പുറത്തുപോയവരേക്കാൾ കൂടുതൽ പേർ അവരുടെ അതൃപ്തിയോടെ കഴിയുന്നുമുണ്ടാകും. ഈയൊരു സംവിധാനത്തിൽ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താൻ കഴിയാത്തവരോ അതിനുള്ള ഭാഷയോ മാധ്യമമോ ഇല്ലാത്തവരോ ആകാം അവർ. ഒരർത്ഥത്തിൽ ഇതു നല്ലതാണ് താനും.
കണ്ണൂരിലെ അടിസ്ഥാന വിഭാഗങ്ങൾക്കിടയിലുണ്ടായ അവിശ്വാസം, രക്തസാക്ഷികൾക്ക് പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടാവണമെന്നില്ല. സി.പി.എം അതിന്റെ മുൻഗണനയിലേക്ക് പ്രബല സമുദായത്തിന്റെയും സ്വാധീനവർഗ്ഗത്തിന്റെയും വ്യാപാര പ്രമുഖരുടെയും താല്പര്യങ്ങൾ കൊണ്ടുവരുന്നതുകൊണ്ടാകാം. അതു പരിഹരിക്കാനെന്നോണം അടിസ്ഥാനവർഗ്ഗ രാഷ്ട്രീയത്തെ അന്നദാനത്തിലൂടെ സമാധാനിപ്പിക്കുകയോ നിർവീര്യമാക്കി നിർത്തുകയോ ചെയ്യുന്നു. ഈ വിഭാഗം ഇല്ലാതായിപ്പോകണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. വിണ്ടുകീറിയ കാലുകളും പഴകിത്തേഞ്ഞ ചെരുപ്പുകളുമായി തെരുവിലൂടെ നടന്നുപോകുന്ന രാഷ്ട്രീയ പുരാവസ്തുദൃശ്യമായി സാമൂഹ്യമാധ്യമങ്ങളിൽ കൈമാറ്റം ചെയ്യാനുള്ള കാഴ്ചസാമഗ്രിയാണ് എന്ന് അവർക്കറിയാം. പാർട്ടികൾ പ്രബലസമുദായങ്ങളുടെ സേവകരായി മാറുകയും അടിസ്ഥാന വിഭാഗങ്ങളുടെ രക്തസാക്ഷിത്വം ആവശ്യപ്പെടാതെ വരികയും ചെയ്യുന്നത് അക്രമരാഷ്ട്രീയം പോലുള്ള കാര്യങ്ങൾ അവസാനിക്കാനും കാരണമായേക്കാം.
അടിസ്ഥാന വിഭാഗങ്ങളിലുണ്ടായ ഈ നിസ്സംഗത വളരെ പെട്ടെന്നുണ്ടായ മാറ്റമൊന്നുമല്ല. കഴിഞ്ഞ പത്തുവർഷമായി സി.പി.എമ്മിന്റെയും അവർ നിയന്ത്രിക്കുന്ന സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ ഫലമായി ക്രമേണ രൂപപ്പെട്ടതാണ്. അതിന്റെ പ്രത്യക്ഷമായ വെളിപ്പെടലായി മാത്രമേ കുഞ്ഞിക്കൃഷ്ണന്റെയോ തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന്റെയോ സ്ഥാനാർത്ഥിത്വത്തെ കാണേണ്ടതുള്ളൂ.
ഇതിനെ മനസ്സിലാക്കിക്കൊണ്ടല്ല യു.ഡി.എഫ് ഇരുവർക്കും പിന്തുണ കൊടുത്തിട്ടുള്ളത്. മുന്നണികൾ കൈയൊഴിഞ്ഞ വിഭാഗങ്ങളുടെ പ്രതികരണമാണ് ഈ വിമതസ്വരങ്ങൾ എന്നു മനസ്സിലാക്കുന്നതിനു പകരം, അധികാരത്തിലേറാനുള്ള ചവിട്ടുപടി ആകുന്നുണ്ടെങ്കിൽ ആകട്ടെ എന്ന മട്ടിലാണ് യു.ഡി.എഫും ഇതിനെ കാണുന്നത്. അവിടെയും ഈ ഉപരിതല പ്രവണതകളിൽ മാത്രമാണ് ശ്രദ്ധ.
ഈ പത്തുവർഷത്തിനിടയിൽ ജീവിതം ദരിദ്രമാക്കപ്പെട്ട വലിയൊരു വിഭാഗമുണ്ട്. അധികാരത്തിൽ പ്രാതിനിധ്യമുള്ളവർക്കു മാത്രം സുഖസൗകര്യങ്ങൾ, പദവികൾ, അവസരങ്ങൾ എന്നൊരു പുതിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ അധികാരത്തിലെ പങ്കാളിത്തമാകട്ടെ, അശോകൻ ചരുവിലിനെപ്പോലെയോ, കെ.ആർ. മീരയെപ്പോലെയോ, ശാരദക്കുട്ടിയെപ്പോലെയോ, ബെന്യാമിനെപ്പോലെയോ ഒക്കെ പരസ്യമായ സ്തുതികളിലൂടെ ഉറപ്പിച്ചെടുക്കേണ്ടതുമാണ്. അതിനു പര്യാപ്തമായ ഭാഷാപ്രാവീണ്യവും മാനസികബോധവും ഇല്ലാത്ത പാർട്ടിക്കാർ പോലും ഈയൊരു സന്ദർഭത്തിൽ പിന്തള്ളപ്പെട്ടുപോകുന്നു.
ഭാഷാപ്രാപ്തിയില്ലായ്മയും ബൗദ്ധികശേഷിക്കുറവുമൊക്കെ 'സി.പി.എം സ്കൂളിൽ' വിതരണം ചെയ്യപ്പെടുന്ന കാപ്സ്യൂളുകളിലൂടെ പത്തുവർഷത്തിനിടയിൽ നിർമ്മിച്ചെടുത്തതാണ്. കാപ്സ്യൂൾ എന്നതിനുതന്നെ ഒരു നാർക്കോട്ടിക് സ്വഭാവം ഉണ്ടല്ലോ. അത്തരം പരിശീലനം ലഭിച്ച ആളുകൾ എസ്.എസ്.എൽ.സി പൂർത്തിയാക്കേണ്ട കാലം പിന്നിട്ടു. സി.പി.എമ്മും അതിന്റെ നേതൃത്വത്തിലുള്ള സർക്കാരും ഒരു നിസ്സംഗജനതയെ നിർമ്മിച്ചെടുക്കുകയാണ് ഈ കാലയളവിൽ ചെയ്തത്. അതുകൊണ്ടാണ് ഒരുതരത്തിലുമുള്ള സാമാന്യമര്യാദകളും പരസ്പരബഹുമാനവും ഇല്ലാതെ, പുറന്തള്ളപ്പെടുന്നവരോട് ഒരനുഭാവവും പ്രകടിപ്പിക്കാതെ, അക്രമോത്സുകരും ഉന്മാദികളുമായ ഒരു വിഭാഗം അവരുടെ ബൗദ്ധികമണ്ഡലത്തെ അലങ്കരിക്കുന്നത്.
ആലോചിച്ചുനോക്കൂ. സി.പി.എമ്മിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും വാചാലരാകുന്ന ആളുകൾ ആരൊക്കെയാണ്? മധ്യവർഗ്ഗ ഉദ്യോഗസ്ഥരും അധ്യാപകരും ബിസിനസ്സുകാരും മാധ്യമപ്രവർത്തകരും അവരുടെ മക്കളും ബന്ധുക്കളുമൊക്കെ. ആശയ-ആദർശ സ്ഥൈര്യത്തിന് പകരം ആനുകൂല്യങ്ങളും പദവികളും ദൃശ്യതയുമൊക്കെയാണ് അവരുടെ ആകർഷണം. പാർട്ടിയേക്കാൾ നേതാവിനോടുള്ള ആരാധനയാകും മുന്നിൽ നിൽക്കുന്നത്. അതു മടുക്കുമ്പോൾ അവരത് ഇട്ടുപോകുകയും ചെയ്യും. ഇട്ടുപോയാലും ആ ഇടം കരസ്ഥമാക്കാൻ പുതിയവർ കാത്തുനിൽക്കുന്നുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സ്തുതിപാടൽ നഷ്ടങ്ങളൊന്നുമുണ്ടാക്കാത്ത പ്രവൃത്തിയാണ്. ആരും അതിനെ ഓഡിറ്റ് ചെയ്യാനും പോകുന്നില്ല. അവരുടെ ജീവിതനിലവാരത്തിൽ കാര്യമായ ഇടിവുണ്ടാകുന്നുമില്ല.
ഇത് കേരള രാഷ്ട്രീയത്തിന്റെ പൊതുവായ ഭാവുകത്വത്തെയും സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളെക്കുറിച്ചും നേതാക്കളെക്കുറിച്ചും സ്തുതിപാടൽ സ്വാഭാവികമെന്ന ധാരണ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്. തിരഞ്ഞെടുപ്പുകാലത്തെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചല്ല ഈ പറയുന്നത്; അധികാരത്തിൽ വരാൻ സാധ്യതയുണ്ട് എന്നു തോന്നുന്ന പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും അനുസരിച്ച് ചിന്തകൾക്കും നിലപാടുകൾക്കും വഴക്കമുണ്ടാക്കുക എന്ന ശീലത്തെക്കുറിച്ചാണ്.
എന്താണ് കേരളത്തിലെ രാഷ്ട്രീയം എന്നറിയണമെങ്കിൽ, സാധാരണക്കാരായ, ഭരണവർഗ്ഗത്തിന്റെ ഓശാരങ്ങളും അപ്പക്കഷണങ്ങളും പങ്കുപറ്റാത്ത ആളുകൾ അവരുടെ ജീവിതത്തിൽ, കഴിഞ്ഞ പത്തുവർഷത്തിനിടയിൽ എന്തൊക്കെ കൂട്ടിച്ചേർത്തു, പുരോഗതിയിലേക്ക് നയിക്കുന്ന എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കി എന്നാലോചിച്ചാൽ മതി. അതോടൊപ്പം, അതേ പ്രദേശത്തുതന്നെയുള്ള, സ്വാധീന വിഭാഗത്തിലെ ഒരു മധ്യവർഗ്ഗ പ്രതിനിധിയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെ? അത്തരമൊരു താരതമ്യത്തിൽ നിങ്ങൾ സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നു എന്നു വിലയിരുത്തൂ. ആ ചോദ്യം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും.