Author Image പ്രൊഫ. എം. കുഞ്ഞാമൻ

ദേശീയ കർഷകപ്രക്ഷോഭത്തിൽ പരിഗണിക്കപ്പെടാതെപോയ ഭൂപ്രശ്‌നം: പ്രൊഫ. എം. കുഞ്ഞാമൻ

ദേശീയ കർഷക സമരത്തിൽ കാർഷിക മേഖലയുടെ കേന്ദ്രപ്രശ്‌നമായ ഭൂമിയുടെ ഉടമസ്ഥത, പുനർവിതരണം ഇവ ചർച്ചയായില്ല. ഭൂമിയുടെ കേന്ദ്രീകരണമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മണ്ണിൽ പണിയെടുക്കുന്ന ദലിതർ ഉൾപ്പെടെയുള്ളവർക്ക് ഭൂമിൽ ഉടമസ്ഥതയോ അധികാരമോ ഇല്ല. ഉത്പാദനം വർദ്ധിക്കുമ്പോഴും ദാരിദ്ര്യം തുടരുന്നതിനു കാരണം ഫലപ്രദമായ ഭൂപരിഷ്കരണ നടപടികളുടെ അഭാവമാണ്. ഉപജീവനത്തിനുള്ള അവകാശമില്ലാതെ ജീവിക്കാനുള്ള അവകാശം പൊള്ളയായ ഒന്നാണെന്നും ഫലപ്രദമായ ഭൂപരിഷ്കരണ പദ്ധതികളിലൂടെ സമത്വത്തെയും നീതിയെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഇന്ത്യയെ നമുക്ക് നിർമ്മിച്ചെടുക്കാൻ കഴിയുമെന്നും സാമ്പത്തിക വിദഗ്‌ദ്ധനും എഴുത്തുകാരനുമായ പ്രൊഫ. എം. കുഞ്ഞാമൻ എഴുതുന്നു.

ഇന്ത്യയിലെ കർഷകസമരം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയിൽ ജീവിക്കുന്നവർക്ക് പുറമേ മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാരും കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഈ അവസരത്തിൽ രാഷ്ട്രപിതാവിന്റെ വാക്കുകൾ ഓർക്കാവുന്നതാണ്: “ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. കർഷകരാണ് നമ്മുടെ അന്നദാതാക്കൾ”. കോവിഡ് 19 മഹാമാരിയെത്തുടർന്ന് സകല മേഖലകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ കാർഷികമേഖലയാണ് നമ്മളെ നിലനിർത്തിയത്. ആ മേഖല കൂടി ജീവരക്തം നൽകിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പൂർണമായും അപകടസ്ഥിതിയിലായേനെ. കർഷകർക്ക് പ്രണാമം.

ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ കാർഷികരംഗത്തിന്റെ ചരിത്രത്തിൽ ഏതാനും നേട്ടങ്ങൾ നമുക്ക് കാണാനാകും. ഹരിതവിപ്ലവത്തിന്റെ വിജയമാണ് ഇതിനു പ്രധാന കാരണം. 12-15 വർഷങ്ങൾ മാത്രം നീളുന്ന ചുരുങ്ങിയ കാലയളവിൽത്തന്നെ രാജ്യത്തിന് ദേശീയതലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞു. ഭക്ഷ്യവിഭവങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലാതായി. എന്നാൽ അതിലെ വിരോധാഭാസം ഹരിതവിപ്ലവം ചില പ്രദേശങ്ങളെയും ചില വിളകളെയും മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു എന്നതാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ യു പി എന്നീ പ്രദേശങ്ങളിലായി പരിമിതപ്പെട്ട ഹരിതവിപ്ലവം അരി, ഗോതമ്പ് എന്നീ വിളകളെ മാത്രം കേന്ദ്രീകരിച്ചു. ഇന്ത്യയിലെ പ്രധാന ഭൂവിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെങ്കിൽ ദക്ഷിണേഷ്യയുടെ മൊത്തം ഭക്ഷ്യസംബന്ധമായ ആവശ്യങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നിറവേറ്റാൻ രാജ്യത്തിന് കഴിയും. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി അവസാനിപ്പിച്ചതിലൂടെ, കൂടുതൽ സ്വയം പര്യാപ്തരായി എന്നത് കൂടാതെ, സാമ്പത്തികവികസനത്തിനും ക്ഷേമപദ്ധതികൾക്കുമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വലിയ തോതിൽ ധന വിഭവങ്ങൾ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. അഭൂതപൂർവമായ രീതിയിൽ ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെടാൻ തുടങ്ങി.

ഇതിന്റെ മറുവശം 

ഈ മാറ്റത്തിന്റെ മറുവശം കാണാതിരിക്കാൻ നമുക്ക് കഴിയില്ല. ഗ്രാമീണമേഖലയിലെ എല്ലാവർക്കും ഈ അഭിവൃദ്ധിയുടെ ഗുണഫലങ്ങൾ തുല്യമായി ലഭിച്ചില്ല. ദേശീയതലത്തിൽ ഉണ്ടായ ഭക്ഷ്യ സ്വയംപര്യാപ്തത ഗാർഹികതലത്തിലുള്ള ഭക്ഷ്യസുരക്ഷ യാഥാർഥ്യമാകുന്നതിലേക്ക് നയിച്ചില്ല. ഈ അഭിവൃദ്ധിയ്ക്കൊപ്പം ദാരിദ്ര്യവും ഒരു ജീവിതയാഥാർഥ്യമായി തുടർന്നു. അസമത്വം നിറഞ്ഞ വിഭവ വിതരത്തിന് മേലെയാണ് ഉത്പാദനമേഖലയുടെ ഘടന നിലനിൽക്കുന്നത്. ഭൂമിയുടെ കേന്ദ്രീകരണമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭക്ഷ്യ സുരക്ഷാ നിയമത്തിൻെറയും എം ജി എൻ ആർ ഇ ജി എ-യുടെയും രൂപത്തിലുള്ള ക്ഷേമപരമായ ഇടപെടൽ ദാരിദ്ര്യനിർമാർജനത്തിന് അനിവാര്യമാണ്. ഉത്പാദനം വർദ്ധിക്കുമ്പോഴും ദാരിദ്ര്യം തുടരുന്നതിന് കാരണം ഫലപ്രദമായ ഭൂപരിഷ്കരണ നടപടികളുടെ അഭാവമാണ്. 

ഇന്ത്യയിലെ ഭൂപരിഷ്കരണം: ഒരു അവലോകനം 

ഇന്ത്യയിൽ ഭൂപരിഷ്കരണത്തിന്റെ നില ദയനീയമാണ്. സംസ്ഥാനത്തിന് കീഴിലുള്ള വിഷയം എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങൾ ഇതിനെ കൈകാര്യം ചെയ്തത് വ്യത്യസ്തമായ രീതികളിലാണ്. വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കിയ ഭൂപരിഷ്കരണങ്ങളുടെ ഫലപ്രാപ്തിയും വ്യത്യസ്തമായ രീതിയിലായിരുന്നു. എന്നാൽ, എല്ലായിടത്തും ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ ഒന്ന് തന്നെയായിരുന്നു. ഫ്യൂഡൽ ഭൂവുടമസ്ഥത നിർത്തലാക്കൽ, കുടികിടപ്പുകാർക്ക് ഉടമസ്ഥാവകാശം നൽകൽ, ഭൂമിയ്ക്ക് പരിധി ഏർപ്പെടുത്തുക, മിച്ചഭൂമിയുടെ വിതരണം, കാർഷികോത്‌പാദനത്തിന്റെ വളർച്ച തുടങ്ങിയവ അതിൽപ്പെടുന്നു. 

എല്ലാവർക്കും അറിയാവുന്നതുപോലെ ഭൂപരിഷ്കരണത്തിന്റെ പിന്നിലെ പല ലക്ഷ്യങ്ങളും ഇതിനകം നേടിയെടുത്തിട്ടുണ്ട്; എന്നാൽ മറ്റു പലതും ഇതുവരെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഫ്യൂഡൽ കാർഷിക ബന്ധങ്ങൾ പൂർണമായും ഇല്ലാതായി. കുടികിടപ്പുകാർക്ക് ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്തു. എന്നാൽ, ഭൂരേഖകളിൽ കൃത്രിമം കാണിച്ചതിന്റെ ഫലമായി മണ്ണിൽ പണിയെടുത്ത ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ മിച്ചഭൂമി ലഭ്യമായിരുന്നില്ല. അവരിൽ ഭൂരിഭാഗവും തൊട്ടുകൂടായ്മ നേരിട്ട ജനവിഭാഗമായിരുന്നു; ഇന്നത്തെ ദളിതർ. ഈ രാജ്യത്തെ മൊത്തം ഭൂമിയിൽ ഒരു ശതമാനത്തിന് താഴെ മാത്രമേ ഇതുവരെ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളൂ. ഗ്രാമീണ മേഖലയിലെ ജനവിഭാഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ട് കാർഷികേതര മേഖലകൾ വേഗത്തിൽ തഴച്ചു വളരുന്ന ഒരു രാജ്യത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. അത്തരമൊരു സാമൂഹ്യ സാഹചര്യത്തിൽ ഭൂമിയുടെ മേൽ അവകാശം നൽകാനുള്ള മാനദണ്ഡം തൊഴിലും പ്രധാന വരുമാന സ്രോതസും ആയിരിക്കണം.

ഭൂ ഉടമസ്ഥാവകാശം ലഭിച്ച മുൻ കുടിയാന്മാർ മുതലാളിത്ത കർഷകരായി മാറുകയും അവർക്ക് ഹരിതവിപ്ലവവും ബാങ്ക് ദേശസാൽക്കരണവും ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ കഴിയുകയും ചെയ്തു. മുൻഗണനാ മേഖലയിലെ വായ്പാ വർദ്ധനവ്, നഗരവത്കരണത്തിന്റെ ത്വരിതപ്പെടൽ, നഗരത്തിലെ വിപണിയുടെ വളർച്ച തുടങ്ങിയവ ഈ പദ്ധതികളിലൂടെ ഉണ്ടായ മാറ്റങ്ങളിൽ ചിലതാണ്. പണക്കാരായ കർഷകർ ചെറുകിട കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മേൽ ഗണ്യമായ ആധിപത്യം പുലർത്തി. 1970കളിലെയും 1980കളിലെയും സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചതുപോലെ വിപണിയ്ക്ക് വേണ്ടിയുള്ള ഭൂമി, തൊഴിൽ, വായ്പ, ഉത്പ്പന്നം എന്നിവ തമ്മിൽ പരസ്പരബന്ധം നിലനിന്നിരുന്നു. ഭൂമി നിയന്ത്രിച്ചിരുന്നവർ വെള്ളവും നിയന്ത്രിച്ചു. അത് വരും വർഷങ്ങളിൽ ജല വ്യാപാരത്തെ, പ്രധാനമായും കുടിവെള്ള വ്യാപാരത്തെ സുഗമമാക്കിത്തീർത്തു. വിവിധ തരം സബ്‌സിഡികളുടെ സിംഹഭാഗവും ആനുപാതികമല്ലാത്ത രീതിയിൽ അവർ കൈക്കലാക്കി (വായ്പ, വളം, കീടനാശിനി, വൈദ്യുതി തുടങ്ങിയവ). പണക്കാരായ കർഷകകുടുംബങ്ങളിൽ നിന്നുമുള്ള വ്യക്തികൾ വ്യാവസായിക മേഖലയിലേക്കും മറ്റു പ്രൊഫഷനുകളിലേക്കും കടന്നുചെന്നു. മികച്ച നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ലഭിക്കാൻ പലരും വിദേശരാജ്യങ്ങളിലേക്ക് പോയി. അവരിൽ പലർക്കും വിദേശത്ത് തൊഴിൽ നേടാൻ കഴിഞ്ഞു. മറ്റു പലരും തങ്ങളുടെ യോഗ്യതയുടെയും ശേഷിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ അക്കാദമിക, മാധ്യമ രംഗങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ കൈയ്യടക്കി. 

കുടിയാന്മാരിൽ നിന്നും മുതലാളിത്ത കർഷകനായി വളർന്ന ജനവിഭാഗം തങ്ങളുടേതായ രാഷ്ട്രീയ പാർട്ടികൾക്ക് രൂപം നൽകി. സംസ്ഥാന തലത്തിലുള്ള ആസൂത്രണം, സാമ്പത്തിക നയങ്ങൾ, രാഷ്ട്രീയം എന്നിവ നിയന്ത്രിക്കാൻ പോന്ന നേതാക്കളെ അവർ വളർത്തിയെടുത്തു. മുൻകാലങ്ങളിലെ ശക്തമായ കേന്ദ്രത്തിന്റെയും ദുർബലമായ സംസ്ഥാനങ്ങളുടെയും സ്ഥാനത്ത് ശക്തമായ സംസ്ഥാനങ്ങളും ദുർബലമായ കേന്ദ്രവും ഉടലെടുത്തു. ഇന്ദിരാഗാന്ധി ചെയ്തതുപോലെ ഒരു സംസ്ഥാന ഗവണ്മെന്റിനെ പിരിച്ചുവിടൽ ഇന്ന് ഏറെക്കുറെ അസാധ്യമാണ്. ആർട്ടിക്കിൾ 356 അതിന്റെ നിർവഹണശേഷിയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഏറെക്കുറെ അപ്രത്യക്ഷമായി എന്നുതന്നെ പറയാം. സംസ്ഥാനങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളായ ഭരണകർത്താക്കൾ പാവങ്ങൾക്ക് അനുകൂലമായ നയങ്ങൾക്ക് പ്രതിബന്ധമായി നിൽക്കുന്നു. ഇന്നത്ത ഇന്ത്യയിൽ നേതാക്കൾ ഇല്ല; ഭരണാധികാരികളും ഭരണകർത്താക്കളും മാത്രമേ ഉള്ളൂ. ബ്യൂറോക്രസിയ്ക്കും പോലീസിനും അഭൂതപൂർവമായ രീതിയിൽ അധികാരം ലഭിച്ചു. വോട്ട് ചെയ്യാനുള്ളവർ മാത്രം എന്ന നിലയിലേക്ക് ജനങ്ങളുടെ നില താഴ്ന്നുവന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരികൾ വ്യക്തിസ്വാതന്ത്ര്യത്തെ നിരന്തരം ഹനിക്കുന്നു. സ്വാതന്ത്ര്യമില്ലാത്ത ഒരു ജനാധിപത്യരാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. 

പണക്കാരായ കർഷകർ ശതമായ ബ്ലോക്ക് ആയി മാറി. ഉത്തര-പശ്ചിമ ഇന്ത്യയിൽ മാത്രമല്ല മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും അവരുടെ സ്വാധീനവും വിലപേശൽ ശേഷിയും ചോദ്യം ചെയ്യാൻ കഴിയാത്ത രീതിയിൽ വളർന്നിരിക്കുന്നു. കാർഷിക സമ്പദ്‌വ്യവസ്ഥ ശക്തമായ സംസ്ഥാനങ്ങൾ വലിയ അളവിൽ കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്നതോടൊപ്പം കാർഷികവൃത്തിയുടെ പീക്ക് സീസണിൽ തൊഴിൽക്ഷാമം പരിഹരിക്കാൻ കരാർ തൊഴിൽ സമ്പ്രദായം നിലനിർത്തിപ്പോരുകയും ചെയ്യുന്നു. കരാർ തൊഴിലാളികൾ സ്ഥിരമായി ദളിതരും ആദിവാസികളും ആയിരിക്കും. കോവിഡ് മഹാമാരി അതിരൂക്ഷമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ് എന്ന വസ്തുത ഒട്ടും അപ്രതീക്ഷിതമോ ഞെട്ടലുളവാക്കുന്നതോ ആയ കാര്യമല്ല. ഇതോടൊപ്പം ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കൂടിക്കൊണ്ടിരിക്കുകയാണ് എന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളും ശ്രദ്ധേയമാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളും സാമ്പത്തികമായ ആശ്രിതത്വവുമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജാതിവിവേചനവും ജാതീയമായ മുൻവിധികളും കുറഞ്ഞുവരുന്ന ലക്ഷണമൊന്നും കാണുന്നില്ല.

ഭാവിയിലേക്കുള്ള ചൂണ്ടുപലക

ഇന്ത്യ നിർണായകമായ ഒരു ഘട്ടത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികൾ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി കാണണം. സാമൂഹ്യ പുനഃസംഘാടനത്തിനായി ആവശ്യമുള്ളത് ഒരു ഭൂപരിഷ്കരണ പദ്ധതിയാണ്. കേന്ദ്രഗവൺമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണ നിയമങ്ങൾ ഒന്നുകിൽ പിൻവലിക്കുകയോ അല്ലെങ്കിൽ താൽക്കാലികമായി നിർത്തിവെയ്ക്കുകയോ ചെയ്യണം. കാർഷിക വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കതിരെ, പ്രത്യേകിച്ച് കാർഷികവിളകളുടെ വിലത്തകർച്ചയ്‌ക്കെതിരെയുള്ള നിയമപരമായ സംരക്ഷണമാണ് കർഷകർ ആവശ്യപ്പെടുന്നത്. അവർ വിപണിയ്‌ക്കെതിരാണ് എന്നതല്ല അതിന്റെ അർഥം. കാർഷികവിളകളുടെ വിലയിലുണ്ടാകുന്ന ഉയർച്ചയെ അവർ സ്വാഗതം ചെയ്യുമ്പോഴും വിലത്തകർച്ചയ്‌ക്കെതിരെ നിയമപരമായ സംരക്ഷണം വേണമെന്ന ആവശ്യം അവർ മുന്നോട്ടുവെക്കുന്നു. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിലപാടാണ് ഇത്. അതേസമയം, അത്തരത്തിൽ നഷ്ടമുണ്ടാകാനുള്ള സാധ്യത ഇല്ലാത്ത വിധത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളിലും അവർ മാറ്റം വരുത്തേണ്ടിവരും.

കാർഷിക അഭിവൃദ്ധിയെ പൊതുവിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ പണക്കാരായ കർഷകരും നഗരകേന്ദ്രീകൃത ഉപഭോക്താക്കളും മാത്രം പങ്കുവെച്ചാൽ പോരാ; മറിച്ച് എല്ലാവർക്കും അത് ലഭ്യമാകണം. പ്രത്യേകിച്ച്, കർഷകത്തൊഴിലാളികൾക്ക് വലിയ രീതിയിൽ അതിന്റെ പ്രയോജനം ഉണ്ടാകണം.

കർഷകത്തൊഴിലാളികൾക്ക് എങ്ങനെ പ്രയോജനം ലഭിക്കും?

ഈ വർഷങ്ങളിലുടനീളം പല മാറ്റങ്ങൾ ഉണ്ടായിട്ടും ജാതിയും ഭൂമിയും, അതുപോലെ ജാതിയും തൊഴിലും തമ്മിലുള്ള ബന്ധം തകർക്കപ്പെട്ടിട്ടില്ല. കർഷകത്തൊഴിലാളികളും ശുചീകരണത്തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഏത് സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മാത്രം നോക്കിയാൽ മതി. കാർഷികമേഖലയിലെ കൂലി വർധിച്ചിട്ടുണ്ട് എന്നുള്ളത് യാതൊരു തർക്കവുമില്ലാത്ത കാര്യമാണ്. എന്നാൽ ഈ കൂലി വർദ്ധനവിനുപരിയായുള്ള ആനുകൂല്യങ്ങൾ അവർ അർഹിക്കുന്നുണ്ട്. തുല്യതയും നീതിയും ഉറപ്പു വരുത്തണമെങ്കിൽ അവർക്ക് വിഭവങ്ങൾ പ്രാപ്യമായിത്തീരണം. മൗലികമായ മാറ്റം സൃഷ്ടിക്കുന്ന ഭൂപരിഷ്കരണ നിയമങ്ങൾ കൊണ്ടുവരാനും നടപ്പിൽ വരുത്താനും ഇന്ത്യയ്ക്ക് കഴിയണം. മുമ്പ് സൂചിപ്പിച്ച രണ്ട് മാനദണ്ഡങ്ങൾ പ്രകാരം കാർഷികഭൂമി കാർഷികകുടുംബങ്ങൾക്ക് തുല്യമായി വിതരണം ചെയ്യണം. കാർഷികേതര കുടുംബങ്ങൾക്ക് ഭൂമി കൈവശം വെയ്ക്കാൻ അനുമതി നൽകരുത്.

ഇവിടെ വിഭാവനം ചെയ്യുന്ന ഭൂപരിഷ്കരണ നടപടികൾ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കരുത്. പ്രാദേശികമായി ആധിപത്യമുള്ള വിഭാഗങ്ങൾ അതിനെ അട്ടിമറിക്കും. വിവിധ സംസ്ഥാനങ്ങളിലെ ഭൂസമരങ്ങളെ സവർണജാതി നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും ചേർന്ന് അടിച്ചമർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഭൂപരിഷ്കരണത്തിന്റെ രൂപീകരണത്തിനും നടപ്പിലാക്കലിനും ഒരു ഏകീകൃത കേന്ദ്രനിയമം ആവശ്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂപരിഷ്കരണം കേന്ദ്രത്തിന്റെ വിഷയമായിരിക്കണം. കൃഷി സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയമാകാം. അത്തരത്തിലുള്ള ഭൂപരിഷ്കരണ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളെയും സാമൂഹ്യ വിഭാഗങ്ങളെയും ശക്തിപ്പെടുത്തും. ആർട്ടിക്കിൾ 21-ന്റെ അവിഭാജ്യ ഘടകമാകേണ്ട സാർവത്രികമായ സ്വത്തവകാശത്തിലേക്കുള്ള തുടക്കമായി ഈ ഭൂപരിഷ്കരണം മാറണം. ഉപജീവനത്തിനുള്ള അവകാശമില്ലാതെ ജീവിക്കാനുള്ള അവകാശം പൊള്ളയായ ഒന്നാണെന്ന സാമാന്യോക്തിയെ മുൻനിർത്തിയാവണം അത്. ഫലപ്രദമായ ഭൂപരിഷ്കരണ പദ്ധതികളിലൂടെ സമത്വത്തെയും നീതിയെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഇന്ത്യയെ നമുക്ക് നിർമിച്ചെടുക്കാം.