Author Image സ്മിത എം. പാട്ടീൽ

ഓണ്‍ലൈന്‍ ലോകത്തിന്റെ അബ്രാഹ്മണവല്‍ക്കരണം: ഡോ. സ്മിത എം. പട്ടീൽ

ഇന്ത്യയിൽ ജാതിയും ലിംഗഭേദവും സാങ്കേതിക വിദ്യയുടെ സിദ്ധാന്തവും പ്രയോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്. മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും കാലഘട്ടത്തിൽ പുതിയ ഐഡന്റിറ്റികൾ രൂപപ്പെടുത്തുന്നുവെന്നും ദളിത്-ബഹുജൻ പെൺകുട്ടികളുടെ/സ്ത്രീകളുടെ കടന്നുവരവും ഡിജിറ്റൽ ലോകത്തെ അവരുടെ പുതിയ രീതിയിലുള്ള ഇടപെടലുകലും ഡിജിറ്റൽ ലോകത്തെ മാത്രമല്ല, ഇന്ത്യയിലെ ജാതീയ അധികാരഘടനയെയും പുരുഷാധിപത്യ സാമൂഹിക ഘടനയും ചോദ്യം ചെയ്യുകയുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് ലേഖിക നിരീക്ഷിക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ യുഗത്തിലാണല്ലോ ഇന്നു നമ്മള്‍. നിയോലിബറല്‍ ഇന്ത്യന്‍ പദാവലിയില്‍ ‘ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹം’, ‘വിജ്ഞാന സമ്പദ് വ്യവസ്ഥ’ എന്നീ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട പദങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. സ്വദേശികളായ പ്രതിഭകളിലൂടെയും വിവര സാങ്കേതിക വിദ്യയിലൂടെയും ഇന്ത്യയുടെ ഭാവി ദൃശ്യവല്‍ക്കരിക്കപ്പെടുകയാണ്. ‘ഇന്ത്യ’യില്‍ നിന്ന് ‘ഡിജിറ്റലിന്റെ’ വേര്‍പിരിയലിനെ കുറിച്ച് വിമര്‍ശനാത്മക മനസ്സുകള്‍ക്ക് സംശയമുണ്ട്. അത്തരം സംശയങ്ങളെ ദൂരീകരിക്കുന്നതിനായി, ഡിജിറ്റല്‍ പ്രിന്റ് മീഡിയ, ഡിസൈനര്‍മാരുടെ സമകാലിക അഭിനിവേശത്തെ ആഘോഷിക്കുകയാണ് (ഡിജിറ്റ് മാസിക, 2017). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഡിജിറ്റല്‍ ലോകത്ത് എന്ത് സൃഷ്ടിച്ചാലും അത് മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളെ അനുകരിക്കണം. യഥാര്‍ത്ഥ ലോകത്തു നിന്ന് ഡിജിറ്റല്‍ ലോകത്തിന്റെ നിഷ്‌ക്രിയത്വം മറച്ചുവെക്കാന്‍, ഗ്രീക്കുകള്‍ ‘സാമൂഹ്യ വിരുദ്ധര്‍’ അല്ലെന്നും അവര്‍ ‘ബുദ്ധിശൂന്യതാ വിരുദ്ധര്‍’ മാത്രമാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. അടിസ്ഥാന നിലവാരമുള്ള വിദ്യാഭ്യാസം, അധ്യാപകര്‍, സ്‌കൂളുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശനം ഇന്ത്യയിലെ അധഃസ്ഥിതര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. അതേസമയം, മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും കാലഘട്ടത്തില്‍ പുതിയ ഐഡന്റിറ്റികള്‍ രൂപപ്പെടുന്നു. സാങ്കേതികവിദ്യയുടെ അത്തരം സമകാലിക പതിപ്പുകള്‍ പരിമിതവും സംവേദനാത്മകവുമായ പുതിയ പ്രയോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ ജാതിയും ലിംഗഭേദവും സാങ്കേതിക വിദ്യയുടെ സിദ്ധാന്തവും പ്രയോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. അവര്‍ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അന്നത്തെ രാഷ്ട്രീയചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഡിജിറ്റല്‍ ഇന്ത്യ. കൂടാതെ അഴിമതിരഹിത ഇന്ത്യയെക്കുറിച്ചും സന്തോഷകരമായ ഇന്ത്യന്‍ ജീവിതത്തെക്കുറിച്ചും അവരുടെ പ്രവര്‍ത്തകര്‍ സംസാരിച്ചു. ബാങ്കിംഗ്, വിദ്യാഭ്യാസം, പബ്ലിക് ഓഫീസുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലെ ഡിജിറ്റല്‍വല്‍ക്കരണം ആഗോളവല്‍ക്കരണാനന്തര ഇന്ത്യയില്‍ അതിന്റെ ആവശ്യകതയെ മുന്നിലേക്കു കൊണ്ടുവന്നു.

കംപ്യൂട്ടര്‍വല്‍ക്കരണവും യന്ത്രവല്‍ക്കരണവും ഇന്ത്യയില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ‘അറിവിനെതിരെ’ ‘നൈപുണ്യം’ ഉയര്‍ത്തിക്കാട്ടപ്പെടുന്നു, അടിസ്ഥാന സാക്ഷരത പോലും ഒരു സ്വപ്നമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ ‘വിജ്ഞാന തൊഴിലാളികള്‍’ പോലുള്ള പദപ്രയോഗങ്ങള്‍ ഉയര്‍ന്നുവരുന്നു. ജാതീയമായ ഇന്ത്യന്‍ സമൂഹവും ഡിജിറ്റല്‍ സാങ്കേതികവിദ്യയെക്കുറിച്ച് പ്രബലമായ ധാരണകളുമായി ബന്ധപ്പെട്ട അതിന്റെ അസ്തിത്വപരവും പ്രായോഗികവുമായ ചോദ്യങ്ങളും ‘ശാസ്ത്ര സാങ്കേതിക പ്രൊഫസര്‍മാരാല്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മറിച്ച് ചര്‍ച്ചകളെല്ലാം ഇടതോ-വലതോ, അല്ലെങ്കില്‍ പുരോഗമന രാഷ്ട്രീയമോ സ്വത്വരാഷ്ട്രീയമോ എന്നിങ്ങനെ സങ്കുചിതമാകുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ബഹുവചന, ഡിജിറ്റല്‍ സംവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ബന്ധങ്ങളും ഒഴിവാക്കലും വിശകലനം ചെയ്യുമ്പോള്‍ അത്തരം ലളിതവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്.

ഗ്രാമീണ ദാരിദ്ര്യം തുടച്ചുനീക്കുന്നതില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ പങ്ക് സൈബര്‍ പണ്ഡിതന്മാരും സൈബര്‍ സ്വാതന്ത്ര്യവാദികളും സാമൂഹ്യ ശാസ്ത്രജ്ഞരും ആഘോഷിക്കുന്നുണ്ട്. മറുവശത്ത് താഴ്ന്ന വിദ്യാഭ്യാസ നിലവാരം, സങ്കീര്‍ണ്ണമായ സാമൂഹിക ഘടന, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) യിലേക്കുള്ള കുറഞ്ഞ പ്രവേശനസാധ്യത എന്നിവ ഡിജിറ്റല്‍ വിഭജനം രൂക്ഷമാക്കി (DN, 2001) [1]. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ ജനസംഖ്യയുടെ 35% ആണ്. ഐസിടിയിലേക്ക് പ്രവേശനമുള്ളവരാകട്ടെ പ്രബലമായ ഇന്ത്യന്‍ ജാതികളാണ്. ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റേയും ജീവിതയാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അറിയാത്തവരാണവര്‍. അങ്ങനെ അത്, പ്രവേശനം, സാമൂഹ്യചലനാത്മകത എന്നിവയുമായി ബന്ധപ്പെട്ട വിടവ് ത്വരിതപ്പെടുത്തുന്നു[2].

ആദിവാസി-ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ ബ്ലോഗോസ്ഫിയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാരംഭിച്ചിരിക്കുന്നു. ദളിത് ക്യാമറ പോലുള്ള പ്രോഗ്രാമുകള്‍ ഭൂരിപക്ഷം ആളുകളിലേക്കും എത്തിക്കാനായി അവര്‍ യൂറ്റൂബ് ഉപയോഗിക്കുന്നു. കൂടാതെ അവര്‍ ട്വിറ്റര്‍ ഉപയോഗിക്കാനും തുടങ്ങി. ദളിത് ട്വിറ്റര്‍മാരുടെ ആവിര്‍ഭാവം സാമൂഹിക/രാഷ്ട്രീയ ഉന്നത പദവിയുള്ളവരില്‍ നിന്നുള്ളവരുടെ ട്വിറ്റര്‍ ആധിപത്യത്തെ വെല്ലുവിളിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ദളിത്-ബഹുജന്‍ പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ കടന്നുവരവും ഡിജിറ്റല്‍ ലോകത്തെ അവരുടെ പുതിയ രീതിയിലുള്ള ഇടപെടലുകളുമാണ്.

ആദിവാസി-ദലിത്-ബഹുജന്‍ വിഭാഗങ്ങള്‍ പ്രത്യേകിച്ച് അവരിലെ പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ഗൗരവപരമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ബ്ലോഗുകളും മറ്റു നവമാധ്യമ രൂപങ്ങളും ഉപയോഗിക്കുന്ന ദളിത്, ബഹുജന്‍, ആദിവാസി പെണ്‍കുട്ടികളും സ്ത്രീകളും ഇപ്പോള്‍ നിരവധിയാണ്. അവരുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ലോകത്തിലൂടെ ജാതിയുടെയും ലിംഗഭേദത്തിന്റെയും പരസ്പരബന്ധങ്ങളും അതിലൂടെയുള്ള ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെ ദുഷിച്ച രൂപീകരണവും അനാവരണം ചെയ്യപ്പെടുന്നു. അവരില്‍ ചിലര്‍ ചിട്ടയായ രീതിയില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുമുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ അസമത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ചില ഓണ്‍ലൈന്‍ ഫോറങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, ambedkar.org പോലുള്ള വെബ്സൈറ്റ്, പാന്‍-ഇന്ത്യന്‍/ഡയസ്പോറിക് ദളിത് പദപ്രയോഗങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ദളിത് ബൗദ്ധിക മണ്ഡലത്തില്‍ ഒരു മാതൃകാപരമായ മാറ്റത്തിന് തുടക്കമിടുകയായിരുന്നു.

ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളിലുടനീളം നിരൂപക പ്രശംസ നേടിയ മറ്റൊരു ഓണ്‍ലൈന്‍ സംരംഭം റൗണ്ട് ടേബിള്‍ ഇന്ത്യയാണ്. പ്രതിരോധത്തിന്റെതായ ഈ ഓണ്‍ലൈന്‍ സമീപനത്തിന്റെ രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും സ്വഭാവം വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്. അക്കാദമിക് ലോകത്തെ പ്രബലര്‍ അവഗണിക്കുന്ന ഒരു സാമൂഹിക, രാഷ്ട്രീയ ലോകത്തെ റൗണ്ട് ടേബിള്‍ ഇന്ത്യ നമുക്ക് പരിചയപ്പെടുത്തുന്നു. ആധിപത്യവിഭാഗങ്ങളുടെ അര്‍ഹതാവാദവും അറിവുമായി ബന്ധപ്പെട്ട് അവര്‍ സൃഷ്ടിച്ച ശ്രേണിബന്ധവും ഈ ജാതി/മത വിരുദ്ധ ഓണ്‍ലൈന്‍ ഇടത്തിലൂടെ വിമര്‍ശിക്കപ്പെടുന്നു. ജാതി, ലിംഗഭേദം, പിതൃാധിപത്യം എന്നിവ തമ്മിലുള്ള അധികാര ബന്ധങ്ങളെ രൂപപ്പെടുത്തുന്ന ബ്രാഹ്മണിക്-ഹോമോഫോബിയയേയും അത് വെല്ലുവിളിക്കുന്നു. അങ്ങനെയത് സമകാലിക പ്രതിരോധത്തിന്റെ നിര്‍വചനങ്ങളും സമവാക്യങ്ങളും വികസിപ്പിക്കുന്നു. സാമൂഹിക സിദ്ധാന്തം, മാര്‍ക്‌സിസം, പോസ്റ്റ്-കൊളോണിയലിസം, സബാള്‍ട്ടേണ്‍ സ്റ്റഡീസ്, ഫെമിനിസം തുടങ്ങിയവയുടെ പേരില്‍ നടക്കുന്ന സാധാരണ അക്കാദമിക് ഗിമ്മിക്കുകളെയും ഇത് പിന്തുടരുന്നില്ല. മറുവശത്ത്, അത് സിദ്ധാന്തവും അനുഭവപരമായ സമീപനങ്ങളും തമ്മിലുള്ള അതിരുകളെ മറികടക്കുന്നു. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അത് വ്യതിചലിക്കുന്നില്ല. അങ്ങനെയത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമകാലിക ലോകത്തെ കൃത്യമായി ആവിഷ്‌കരിക്കുന്നു.

കഴിഞ്ഞില്ല, സാമൂഹിക ഇടവും ആത്മാഭിമാനവും വീണ്ടെടുക്കേണ്ട ഒരു സുപ്രധാന പാതയായി ഇവര്‍ ചരിത്രത്തെ വീക്ഷിക്കുന്നു. അതിനായി ആധിപത്യ ശക്തികളുടെ ചരിത്രവീക്ഷണങ്ങള്‍ തിരുത്തി താഴെ നിന്നുള്ള ജനങ്ങളുടെ ചരിത്രം കണ്ടെത്തുന്നു. ആധിപത്യശക്തികളുടെ മൂര്‍ത്തവും അമൂര്‍ത്തവുമായ രൂപങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള മാര്‍ഗമായി ഓര്‍മ്മയെ വീണ്ടെടുക്കല്‍ മാറുന്നു. സാമൂഹ്യനീതി പുനഃസ്ഥാപിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു ബൗദ്ധിക-ആക്ടിവിസ്റ്റ് ഇടമായി ഈ ഓണ്‍ലൈന്‍ സംരംഭം മാറിയിരിക്കുന്നു.

ബ്രാഹ്മണിക് രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന മറ്റൊരു ഓണ്‍ലൈന്‍ ഫോറം ‘സവാരി’ യാണ്. ആദിവാസി, ദളിത് സ്ത്രീകളുടെ ശാക്തീകരണമാണ് ഈ ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ‘വ്യക്തി, കുടുംബം, സമൂഹം’ (സവാരി ടീമിന്റെ വാക്കുകളില്‍) തുടങ്ങിയ സുപ്രധാന വിഷയങ്ങളെ ഇത് പുനപരിശോധിക്കുന്നു. ഈ ഓണ്‍ലൈന്‍ ഫോറത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഇത് ദക്ഷിണേഷ്യയില്‍ നിന്നുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ ഒരു ബദല്‍ ആകുന്നു എന്നതാണ്. അങ്ങനെ അപ്രധാന വിഷയങ്ങളില്‍ നിന്ന് അരാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്ന ‘ദക്ഷിണേഷ്യന്‍ ഫെമിനിസം’ എന്ന പ്രബല വിഭാഗത്തിന് ജ്ഞാനശാസ്ത്രപരമായ വെല്ലുവിളി ഉയര്‍ത്തുന്നു. ജാതി, ലിംഗഭേദം, പുരുഷാധിപത്യം എന്നിവയുടെ പരസ്പരബന്ധത്തിന് ഒരു വിമര്‍ശനവും മുന്നോട്ടുവെക്കാത്ത ഏഷ്യന്‍ ഫെമിനിസ്റ്റുകളുടെ ബൗദ്ധിക സാമൂഹ്യഘടനയും പ്രത്യയശാസ്ത്രവും തികച്ചും വരേണ്യമാണ്.

പുതിയ ഓണ്‍ലൈന്‍ ലോകം എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നതെന്നതും പരിശോധിക്കേണ്ടതുണ്ട്. സവാരി, റൗണ്ട് ടേബിള്‍, ദളിത് കാമറ തുടങ്ങിയ ബ്ലോഗുകളെ കുറിച്ച് ഡല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള അദിവാസി, ബഹുജന്‍, ദളിത് വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. അപ്പോള്‍ വിവര വിനിമയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ അവര്‍ വിവരിക്കുകയുണ്ടായി. ഓണ്‍ലൈന്‍ ആക്ടിവിസം, ഐസിടിയുടെ നെഗറ്റീവും പോസിറ്റീവുമായ സ്വാധീനം തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമായി. സംസാരിച്ച മിക്ക വിദ്യാര്‍ത്ഥികളും തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ മനസിലാക്കാനും ആന്തരികവും ബാഹ്യവുമായ പുരുഷാധിപത്യം അനുഭവിക്കുന്ന ദളിത് സ്ത്രീകളുടെ ജൂവിതത്തെ തിരിച്ചറിയാനും ട്വിറ്റര്‍ തന്നെ സഹായിക്കുന്നുവെന്നു ഒരു ദളിത് വിദ്യാര്‍ത്ഥിനി പറഞ്ഞു. വംശീയമായി കീഴടക്കപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങളും അറിവുകളും ട്വിറ്റര്‍ വഴി വായിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ബഹുജന്‍ സ്ത്രീ, ബ്ലോഗിന്റെ വികാസത്തില്‍ വായനയും എഴുത്തും പരസ്പര ബന്ധിതമാണെന്നും ദളിത്-ബഹുജന്‍ സമൂഹത്തിന് ഇന്റര്‍നെറ്റ്, വെബ്സൈറ്റ്, ബ്ലോഗുകള്‍ തുടങ്ങിയവയിലേക്ക് പ്രവേശനം അനിവാര്യമാണെന്നും വാദിച്ചു നവമാധ്യമ സാങ്കേതിക വിദ്യകളില്‍. ദളിത്-ബഹുജന്‍ പെണ്‍കുട്ടികളുടെ ഇടപെടല്‍ സാങ്കേതിക വിദ്യയിലെ പുരുഷ മണ്ഡലത്തെ അട്ടിമറിക്കപ്പെടുകയാണ്.

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ മറ്റൊരു ദളിത് പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞു. ‘ദലിതര്‍ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കണം. ദലിത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അത് പ്രധാനമാണ്. അതിലൂടെ ദളിത് പെണ്‍കുട്ടികള്‍ക്ക് ജാതിയുടെ വേര്‍തിരിവ് ഇല്ലാത്ത ജോലി ലഭിക്കും. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസം നേടുന്നതിലൂടെ അവര്‍ക്ക് സാമ്പത്തിക സ്വയംഭരണം കൈവരിക്കാനാകും’. അതേസമയം സ്ത്രീകള്‍ക്ക് സാമൂഹിക ചലനാത്മകത നല്‍കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന വാദത്തിന്റെ വിശ്വാസ്യതയെ ചിലര്‍ ചോദ്യം ചെയ്തു.

‘ദളിത് കുടുംബങ്ങള്‍ ഭൂരിഭാഗവും ദരിദ്രരാണ്. അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യമുണ്ടാകേണ്ടത്. സാങ്കേതിക വിദ്യ വരേണ്ടത് അതിനുശേഷമാണ്.” ഒരു ദളിത് പൊതുപ്രവര്‍ത്തക നിരീക്ഷിച്ചു.

ദളിത്-ബഹുജന്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ഇടമാണ് സോഷ്യല്‍ മീഡിയ. ”മുഖ്യധാരാ മാധ്യമങ്ങള്‍ ഞങ്ങളുടെ ആശയങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയ ഞങ്ങള്‍ക്ക് വലിയ സഹായമാണ്.’ ഒരു ദളിത് വനിതാ ആക്ടിവിസ്റ്റ് ചൂണ്ടികാട്ടി.

ഗവേഷകയായ മറ്റൊരു ബഹുജന്‍ പെണ്‍കുട്ടി പറഞ്ഞതിങ്ങനെ. ”സവാരി പോലുള്ള ബ്ലോഗ്, ബ്രാഹ്മണ ഫെമിനിസ്റ്റ് വാചാടോപത്തിന് അപ്പുറത്തേക്ക് നീങ്ങാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു. ആദിവാസി, ദളിത്, ബഹുജന്‍ സ്ത്രീകളുടെ ജ്ഞാനശാഖയില്‍ അധിഷ്ഠിതമായ ഒരു പുതിയ ഫെമിനിസ്റ്റ് ബൗദ്ധിക-പ്രത്യയശാസ്ത്രവും പ്രയോഗവുമാണത്. ബ്ലോഗുകളും ട്വിറ്ററും സോഷ്യല്‍ മീഡിയയുമൊക്കെ ചേര്‍ന്ന് സാമൂഹിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ധാരണയില്‍ മാതൃകാപരമായ ഒരു മാറ്റംതന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

‘നമ്മുടെ സ്ത്രീകള്‍ ദുര്‍ബലരായി ചിത്രീകരിപ്പെടുന്നു, പക്ഷേ നമ്മുടെ പുതുതലമുറ നവമാധ്യമങ്ങളെ പ്രതിരോധത്തിന്റെ പുതിയ രൂപമാക്കി മാറ്റുകയാണ്’. ഒരു ആദിവാസി പെണ്‍കുട്ടി പറഞ്ഞു. ഈ കാഴ്ചപ്പാടുകള്‍ ദളിത്-ബഹുജന്‍ വിഭാഗങ്ങളുടെ സാമൂഹിക/രാഷ്ട്രീയ വികാസം, സ്വത്വ രൂപീകരണം തുടങ്ങിയവയെപ്രതിഫലിപ്പിക്കുന്നു.

വിശാലമായി പറഞ്ഞാല്‍ ദളിത്-ബഹുജന്‍ സ്ത്രീകളുടെ ഈ അഭിപ്രായങ്ങള്‍ സാങ്കേതികവിദ്യയും ആദിവാസി-ദളിത്-ബഹുജന്‍ വിഭാഗങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു.

ആദിവാസി-ദളിത്-ബഹുജന്‍ സ്ത്രീ രാഷ്ട്രീയം ഓണ്‍ലൈനില്‍ ഉന്നയിക്കുന്നത് എത്രത്തോളം പ്രസക്തമാണ് എന്നത് ഉന്നയിക്കാവുന്ന ഒരു പ്രധാന ചോദ്യമാണ്. ഈ സാങ്കേതിക വിദ്യയും അതിന്റെ രൂപങ്ങളും നിരീക്ഷണത്തിന്റെ ഭാഗമാണ് എന്നതാണ് ജാതി വിരുദ്ധ, ലിംഗ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളുടെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. അതിനാല്‍ മാധ്യമ സാങ്കേതിക വിദ്യയെ സ്വീകരിക്കുക അല്ലെങ്കില്‍ നിരാകരിക്കുക എന്ന ബൈനറിയില്‍ അവരുടെ രാഷ്ട്രീയം മനസ്സിലാക്കുന്നത് ശരിയായ സമീപനമാകുമോ? ഈ കാതലായ പ്രശ്‌നങ്ങള്‍ക്ക് പുറമേ, സാംസ്‌കാരികവും സാമൂഹികവുമായ മൂലധനത്തെ അടിസ്ഥാനമാക്കി ഒരു പുതിയ തൊഴില്‍ ശക്തിയായി തങ്ങളുടെ സമുദായത്തെ മാറ്റുന്നതില്‍ അവര്‍ എത്രത്തോളം വിജയിച്ചുവെന്നും ഒരാള്‍ക്ക് ചോദിക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചില വൈദഗ്ധ്യങ്ങളെക്കുറിച്ചുള്ള അറിവ് ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ എത്രത്തോളം ശാക്തീകരിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയിലെ ബ്രാഹ്മണ്യ, അധിപത്യ നിര്‍മ്മിതിയെ തകര്‍ക്കാന്‍ ദളിത്-ബഹുജന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കഴിയുമോ? വിമര്‍ശനാത്മക ജാതി വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ സന്ദേശവാഹകരെന്ന നിലയില്‍ ഈ സ്ത്രീകളുടെ പങ്ക് പരിശോധിക്കുക എന്നത് വളരെ പ്രസക്തമാണ്. ജാതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക നിയന്ത്രിത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ബദലായി ജാതി വിരുദ്ധ രാഷ്ട്രീയത്തെ നവമാധ്യമ സംരംഭകത്വമാക്കി മാറ്റുന്നതിലൂടെ അവര്‍ക്കതില്‍ ഒരു പുതിയ മാനം കൈവരിക്കാന്‍ കഴിയും.

‘ആശയവിനിമയ മുതലാളിത്തം'[3] പിയര്‍ ടു പിയര്‍ സംരംഭങ്ങളിലൂടെ വെല്ലുവിളിക്കപ്പെടുകയാണ്. മാതൃകാപരമായ ആ വ്യതിയാനം ആദിവാസി-ദളിത്-ബഹുജന്‍ വിഭാഗങ്ങളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നത്? ഗ്രാമ-നഗര വിഭജനവും ജാതിയിലും ലിംഗഭേഗത്തിലും അധിഷ്ഠിതമായ ഡിജിറ്റല്‍ വിഭജനത്തെ പുനഃക്രമീകരിക്കുന്നു. ആദിവാസി, ദളിത് ബഹുജന്‍ സ്ത്രീകള്‍ ആന്തരികമായ അടിമത്വം, സമുദായത്തിനകത്തു നേരിടുന്ന വിവേചനം, പുറത്തെ ശക്തമായ ജാതി അധിഷ്ഠിത രാഷ്ട്രീയം എന്നീ മൂന്നുതരം അടിച്ചമര്‍ത്തലുകളാണ് നേരിടുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയില്‍ ”സാമൂഹിക”ത്തിനും ”രാഷ്ട്രീയത്തിനും” ഇടയിലുള്ള വിടവ് ശാശ്വതമാക്കുന്നു.

ആഗോളവല്‍ക്കരണത്തിനെതിരായ എതിര്‍പ്പ് ലോകമാകെ വളര്‍ന്നുവരികയാണെങ്കിലും, ആഗോളവല്‍ക്കരണ വിരുദ്ധ, സാമൂഹിക പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബഹിഷ്‌കൃതവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആദിവാസി-ദളിത്-ബഹുജന്‍ സമുദായങ്ങള്‍ പൊതുവെയും ആദിവാസി-ദളിത്-ബഹുജന്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രത്യേകിച്ചും അത്തരം ആഗോള സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ വിമര്‍ശനാത്മകമായ ബദലുകള്‍ നിര്‍മ്മിക്കുന്നതിലൂടെ സ്വയം പുനഃസ്ഥാപിക്കേണ്ടതുണ്ട്.

വിജ്ഞാനത്തിന്റെ പ്രധാന മേഖലകളിലൊന്നായി ഡിസൈന്‍ വികസിച്ചിരിക്കുന്നു. ആദിവാസി-ദലിത്-ബഹുജന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തെ നവമാധ്യമ രൂപകല്പനയുടെ ചിന്തയിലേക്കും പ്രയോഗത്തിലേക്കും മാറ്റുന്നതിലൂടെ നൂതനമായ ഒരു സമീപനം രൂപപ്പെടുത്താവുന്നതാണ്. ദളിത്-ആദിവാസി-ബഹുജന്‍ വിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ ഇന്ത്യയിലെ യാഥാസ്ഥിതിക-ജാത്യാധിഷ്ടിതമായ ‘ഇസങ്ങള്‍ക്ക്’ എതിരായ ഓണ്‍ലൈന്‍ മണ്ഡലം സൃഷ്ടിക്കുന്നതിലൂടെ പുതിയൊരു മാനം കൈവരുന്നു. സ്വകാര്യ/പൊതു ഇടങ്ങളിലേക്കുള്ള ഈ പെണ്‍കുട്ടികളുടെ ഇടപെടലിന്റെ അന്താരാഷ്ട്രവല്‍ക്കരണം ആധുനികതയെ കുറിച്ചുള്ള ചോദ്യത്തെ പുതുക്കി പണിയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ബ്രാഹ്മണ്യവും ആന്തരിക പുരുഷാധിപത്യവും കാരണം നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും ലിംഗഭേദമില്ലാത്ത സാങ്കേതിക മണ്ഡലത്തിലൂടെ അവര്‍ക്ക് നേടാനാകുമോ? ജാതി-ലിംഗപരമായ സാമൂഹിക സ്ഥാനങ്ങളും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തിക നിര്‍മ്മിതികളിലൂടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഇത്തരം വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി നേടിയെടുക്കാന്‍ കഴിയുമോ? രാഷ്ട്രീയ ബോധമുള്ള ആദിവാസി-ദളിത്-ബഹുജന്‍ സ്ത്രീകള്‍ക്ക് ഫെമിനിസം, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം തുടങ്ങിയ സവിശേഷമായ മേഖലകളില്‍, ആധിപത്യമുറപ്പിച്ചിട്ടുള്ള വിഭാഗങ്ങളുടെ മെറിറ്റിനെ കുറിച്ചുള്ള അവകാശവാദങ്ങളെ വെല്ലുവിളിക്കാന്‍ കഴിയുമോ? ആദിവാസി-ദലിത്-ബഹുജന്‍ രാഷ്ട്രീയവുമായി ഇടപഴകുമ്പോള്‍ ഇന്ത്യന്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം ചില കേന്ദ്രങ്ങളും അതിരുകളും സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അത് ആദിവാസി-ദളിത്-ബഹുജന്‍ ഫെമിനിസ്റ്റ് ഇടപെടലുകളെ വ്യവസ്ഥാപിതമായി തൃപ്തിപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ ആദിവാസി-ദലിത്-ബഹുജന്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഓണ്‍ലൈന്‍ മണ്ഡലത്തിന് രാഷ്ട്രീയ സംവേദനക്ഷമതയുടെ വേറിട്ടതും സ്വതന്ത്രവുമായ ഇടമുണ്ട്. മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ ഫോറങ്ങളുടെ പ്രധാന വശങ്ങളിലൊന്ന്. ജാതി-ലിംഗ-പുരുഷാധിപത്യ-മത ഘടകങ്ങളുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലിന്റെയും ചെറുത്തുനില്‍പ്പിന്റെയും വേരുകളെയും ബദലുകളെക്കുറിച്ചുള്ള നവീകരിച്ച ധാരണയെ പ്രതിനിധീകരിക്കുന്നു എന്നതാണ്. 

1. DN(2001) ‘ICTs in rural poverty alleviation, Economic and Political Weekly, pp. 917- 920 

2. Zyskowski, Kathryn(2017) ‘Digital India’-a double-edged sword’, Business Line, 5th July 2017 

3. Dean, Jodi (2009) Democracy and Other Neoliberal Fantasies: Communicative Capitalism and Left Poli-tics, Durham NC: Duke University Press.