Author Image ദി റൂട്സ് ഡെസ്ക്
19 Mar 2026

ദലിത്-ആദിവാസി രാഷ്ട്രീയത്തോടുള്ള അവഗണന: പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കും-ഡി.എസ്.എം.

കേരളത്തിലെ ദലിത്-ആദിവാസി ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ സംഘടിതവും ആസൂത്രിതവുമായി തടയുന്ന കാര്യത്തിൽ ആർ.എസ്.എസ് മുതൽ എൻ.എസ്.എസ് വരെയും, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം എന്നീ കക്ഷികളും ഒറ്റക്കെട്ടാണ്. സമ്പത്ത്, അധികാരം, പദവി എന്നിവയിൽ നിന്ന് പുറംതള്ളപ്പെട്ട എല്ലാ സാമൂഹിക വിഭാഗങ്ങളെയും അണിനിരത്തി പുതിയൊരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ദലിത് സമുദായ മുന്നണി മുൻകൈയെടുക്കും. ഡോ. ബി.ആർ. അംബേദ്‌കർ മുന്നോട്ടുവെച്ച ജാതിവിരുദ്ധ മൂല്യങ്ങളെ വീണ്ടെടുത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈതിക ദർശനങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും ഈ പാർട്ടിയുടെ പ്രവർത്തനമെന്നും ഡി.എസ്.എം. അറിയിച്ചു.
 

കേരളത്തിലെ ദലിത്-ആദിവാസി ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ സംഘടിതവും ആസൂത്രിതവുമായി തടയുന്ന മുന്നണി രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ദലിത് സമുദായ മുന്നണി (DSM) കോട്ടയത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

സണ്ണി എം. കപിക്കാടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫിന് നൽകിവന്നിരുന്ന നിരുപാധിക പിന്തുണ ദലിത് സമുദായ മുന്നണി പിൻവലിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാത്രമായിരിക്കും ഇനി പിന്തുണ നൽകുക. സണ്ണി എം. കപിക്കാട്, സി.കെ. ജാനു തുടങ്ങിയ പ്രമുഖ ദലിത്-ആദിവാസി നേതാക്കളുടെ രാഷ്ട്രീയ അധികാര പ്രവേശനത്തെ തടയുന്ന കാര്യത്തിൽ ആർ.എസ്.എസ് മുതൽ എൻ.എസ്.എസ് വരെയും, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം എന്നീ കക്ഷികളും ഒറ്റക്കെട്ടാണെന്നും ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് പറഞ്ഞു.

ദലിത്-ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉൾക്കൊള്ളാൻ കോൺഗ്രസ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതുസ്വീകാര്യനും ദലിത് സമുദായ മുന്നണി, സംവരണ സംരക്ഷണ സമിതി എന്നിവയുടെ ചെയർമാനുമായ സണ്ണി എം. കപിക്കാടിനും, അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി.കെ. ജാനുവിനും സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതെന്നും റായ്പൂർ പ്ലീനത്തിൽ വെച്ച് കോൺഗ്രസ് ദേശീയ നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും മുന്നോട്ടുവെച്ച ഇൻക്ലൂസീവ് പൊളിറ്റിക്സിനെ കേരളത്തിലെ കോൺഗ്രസ് വഴിയിലുപേക്ഷിച്ചത് യു.ഡി.എഫിന് അനുകൂലമായി വന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുവാൻ കാരണമാകുമെന്നും ഡി.എസ്.എം.പത്ര സമ്മേളനത്തിൽ പറഞ്ഞു.

സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ആദ്യം തന്നെ രംഗത്തുവന്നത് ആർ.വി. ബാബു, ശശികല ടീച്ചർ തുടങ്ങിയ ആർ.എസ്.എസ് - സംഘപരിവാർ നേതാക്കളാണ്. ആർ.എസ്.എസിന്റെ ഈ നിലപാടിനെ മറികടക്കാൻ കോൺഗ്രസിലെ ചില നേതാക്കൾ ഭയപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാൻ. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിൽ, എൻ.എസ്.എസിൽ നിന്നുള്ള ഇടപെടലുകളും സമ്മർദ്ദവും പ്രധാന നേതാക്കളെ സ്വാധീനിച്ചു എന്നത് ആ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ജാതീയ മേൽക്കോയ്മയാണ് വെളിപ്പെടുത്തുന്നത്. 

അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ദലിത്-ആദിവാസി വിഭാഗങ്ങൾ അധികാര രാഷ്ട്രീയത്തിൽ വലിയ അംഗീകാരം നേടുമ്പോൾ, "പുരോഗമന കേരളം" ഈ വിഭാഗങ്ങളെ അധികാരത്തിന് പുറത്തുനിർത്തുന്നു. കേരളത്തിലെ ദലിത് ആദിവാസികളെ അധികാരത്തിൽ നിന്നും സമ്പത്തിൽ നിന്നും പദവിയിൽ നിന്നും പുറംതള്ളുന്ന സവിശേഷ ജാതീയ വ്യവസ്ഥയാണ് "പുരോഗമന കേരളം". സ്വന്തം പാർട്ടി വിട്ട ജി. സുധാകരൻ, പി.കെ. ശശി എന്നിവർക്ക് പിന്തുണ നൽകുന്ന യു.ഡി.എഫ് നേതൃത്വം, സി.സി. മുകുന്ദനെപ്പോലെയുള്ളവരെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നത് മുന്നണികളിൽ നിലനിൽക്കുന്ന 'ഒളിഗാർക്കി' സമുദായങ്ങളുടെ അധികാരം മൂലമാണെന്നും ഡി.എസ്.എം. ആരോപിച്ചു.

സമുദായത്തിന്റെയും പാർശ്വവൽക്കൃത സാമൂഹിക വിഭാഗങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കാത്ത, രാഷ്ട്രീയ നേതൃത്വങ്ങളുടെ ചട്ടുകങ്ങളായ സമുദായ വഞ്ചകരെയാണ് രാഷ്ട്രീയ പാർട്ടികൾ ദലിത്-ആദിവാസി പ്രതിനിധികളായി തെരഞ്ഞെടുക്കുന്നത്. ഇതിലൂടെ കക്ഷി രാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്ര ശബ്ദങ്ങളെ വകവരുത്താനും പരമ്പരാഗതമായ ജാത്യാധികാരം നിലനിർത്താനുമാണ് പുരോഗമന കേരളം ശ്രമിക്കുന്നതെന്നും, ഈ രാഷ്ട്രീയ അസംബന്ധത്തെ ഒരു വെല്ലുവിളിയായി ദലിത് സമുദായ മുന്നണി ഏറ്റെടുക്കുമെന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.

സമ്പത്ത്, അധികാരം, പദവി എന്നിവയിൽ നിന്ന് പുറംതള്ളപ്പെട്ട എല്ലാ സാമൂഹിക വിഭാഗങ്ങളെയും അണിനിരത്തി പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് ദലിത് സമുദായ മുന്നണി നേതൃത്വം നൽകും. ഡോ. ബി.ആർ. അംബേദ്‌കർ മുന്നോട്ടുവെച്ച ജാതിവിരുദ്ധ മൂല്യങ്ങളെ വീണ്ടെടുത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈതിക ദർശനങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും ഈ പാർട്ടിയുടെ പ്രവർത്തനം. സമാനമായ വൈജ്ഞാനിക-ധാർമ്മിക ധാരകളെയും പൗര പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന ഈ പാർട്ടി, എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും അധികാരത്തിലും സമ്പത്തിലും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയൊരു കേരളത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി കേരളത്തിലെ ആദിവാസി-ദലിത്-മത്സ്യബന്ധന സമൂഹങ്ങളുമായും പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങളുമായും സ്ത്രീ-ലൈംഗിക ന്യൂനപക്ഷങ്ങളുമായും ചർച്ച നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ വിശാല രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്നും ദലിത് സമുദായ മുന്നണി നേതൃത്വം പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ദലിത് സമുദായ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി, വൈസ് ചെയർപേഴ്സൺ തങ്കമ്മ ഫിലിപ്പ്, ട്രഷറർ കെ. വത്സകുമാരി, ഓർഗനൈസിംഗ് സെക്രട്ടറി എം.ഡി. തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി. ജോയി, സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് കൈപ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share this link