അംബേദ്കറുടെ രാഷ്ട്രീയ ദർശനവും ജനാധിപത്യത്തിന്റെ പരിമിതികളും
ജാതിയെ നിർമ്മൂലനം ചെയ്യാതെ ജനാധിപത്യം ഇന്ത്യയിൽ സ്ഥാപിക്കാൻ കഴിയില്ല. ജാതി നിർമ്മൂലനം നടക്കണമെങ്കിൽ ജാതിവ്യവസ്ഥയെ മാത്രം എതിർത്താൽ പോരാ; ജാതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയ സ്ഥാപനങ്ങൾ, ബ്യൂറോക്രസി, സ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങളെയും ജനാധിപത്യവൽക്കരിക്കേണ്ടി വരും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ എടുത്തു പരിശോധിച്ചാൽ, ഭൗതികമായ വികാസത്തിനപ്പുറം അവയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും കാണാറില്ല. ആധുനിക സ്ഥാപനങ്ങളെല്ലാംതന്നെ ചരിത്രപരമായി രൂപപ്പെട്ടുവന്നിട്ടുള്ളതും ജാതിയിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമാണ്. ഇവിടെനിന്നു വേണം നിതിൻ രാജിന്റെ ജാതിക്കൊലപാതകം നോക്കിക്കാണാൻ. കിങ്സ് കോളേജ് ലണ്ടൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ജയശീലൻ രാജ് എഴുതുന്നു.
അംബേദ്കറുടെ രാഷ്ട്രീയ ദർശനത്തെക്കുറിച്ചും (Political Philosophy), ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചും, ജനാധിപത്യത്തിനുള്ളിലെ രാഷ്ട്രീയ അവകാശങ്ങൾ, സമത്വം, തുല്യത എന്നിവയെക്കുറിച്ചും ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ട്. ഇവയെ ഇന്നത്തെ സാഹചര്യത്തിൽ നാം ചേർത്തു വായിക്കേണ്ടതുണ്ട്. ഇവിടെ ഹൈലൈറ്റ് ചെയ്യേണ്ട ഒരു കാര്യം, അംബേദ്കറുടെ ഏതെങ്കിലും ഒരു വാദത്തെയോ അദ്ദേഹം പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തെയോ അതിന്റെ പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്തുകൊണ്ടാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അംബേദ്കറെ സ്വന്തം ആശയങ്ങളോട് ചേർക്കാൻ ശ്രമിക്കുന്നത് എന്നതാണ്.
തങ്ങൾ അംബേദ്കറുടെ ഏത് ആശയമാണ് ഉൾക്കൊള്ളുന്നത് എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. അംബേദ്കറെ വളരെ അവ്യക്തമായ രീതിയിൽ ഒരു ബിംബമായി (Icon) മാത്രം ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ വേണ്ടവിധത്തിലുള്ള ചർച്ചകളും നടത്താത്ത രാഷ്ട്രീയ സംവിധാനങ്ങളും പ്രസ്ഥാനങ്ങളും നമുക്കിടയിലുണ്ട്. ഇത് പ്രധാനമായും രണ്ടു രീതിയിലാണ് സംഭവിക്കുന്നത്; ഒന്നുകിൽ ആശയങ്ങളെ അടർത്തിയെടുത്ത് സംസാരിക്കുക, അല്ലെങ്കിൽ അംബേദ്കറുടെ രാഷ്ട്രീയത്തെക്കുറിച്ച് പാടെ മിണ്ടാതിരിക്കുക. ഒരു ഐക്കൺ എന്ന നിലയിൽ മാത്രം അദ്ദേഹത്തെ പ്രതിഷ്ഠിക്കുക എന്ന ശൈലിയാണ് ഇക്കൂട്ടർ പൊതുവെ സ്വീകരിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ അംബേദ്കറുടെ പ്രസക്തി മനസ്സിലാക്കേണ്ടത്, അദ്ദേഹത്തിന്റേത് ഒരു സമഗ്രമായ (Holistic approach) സമീപനമായിരുന്നു എന്നതിലൂടെയാണ്. പലരും അംബേദ്കറെ ഒരു 'ആന്റി-കാസ്റ്റ് ലീഡർ' ആയിട്ടാണ് അടയാളപ്പെടുത്തുന്നത്. തീർച്ചയായും അദ്ദേഹം ജാതിവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്നു, അത് പ്രധാനപ്പെട്ട ഒരു വസ്തുതയുമാണ്. പക്ഷേ, അംബേദ്കർ ആത്യന്തികമായി ഒരു ആധുനിക സമൂഹത്തിനുവേണ്ടി വാദിച്ചിരുന്ന രാഷ്ട്രതന്ത്രജ്ഞൻ (Statesman) ആയിരുന്നു.
അദ്ദേഹത്തിന്റെ ചിന്തകളിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമായിരുന്നില്ല ലക്ഷ്യം. ഇവിടുത്തെ ജാതിവ്യവസ്ഥ കാരണം ഒരു വിഭാഗം ജനങ്ങൾ വിവേചനം അനുഭവിക്കുന്നു അല്ലെങ്കിൽ അടിച്ചമർത്തപ്പെടുന്നു എന്നതിലുപരി, ആധുനിക യുഗത്തിൽ ഇന്ത്യയ്ക്ക് എങ്ങനെ ഒരു ജനാധിപത്യ രാഷ്ട്രമായി മാറാൻ സാധിക്കും എന്നതിനെക്കുറിച്ച് അംബേദ്കർ വളരെ ആഴത്തിൽ ചിന്തിച്ചിരുന്നു. അതുകൊണ്ടാണ് ജാതിവിരുദ്ധത എന്ന സമത്വവാദപരമായ ആശയത്തെ (Egalitarian ideology) പ്രായോഗികമായി നടപ്പിലാക്കാൻ ജാതിവ്യവസ്ഥയെ മാത്രം എതിർത്താൽ പോരാ, ജാതിയിൽ അധിഷ്ഠിതമായ എല്ലാ സ്ഥാപനങ്ങളെയും ജനാധിപത്യവൽക്കണമെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയത്.
എല്ലാ സ്ഥാപനങ്ങളെയും ജനാധിപത്യവൽക്കരിക്കണം എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്നത് രാഷ്ട്രീയ സ്ഥാപനങ്ങൾ (Political institutions), ബ്യൂറോക്രസി, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയൊക്കെയാണ്. ഇത്തരം സ്ഥാപനങ്ങളെ ജനാധിപത്യവൽക്കരിച്ചാൽ മാത്രമേ ജാതിരഹിതമായ ഒരു സമൂഹത്തിലേക്കുള്ള മൂവ്‌മെന്റ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
മറ്റൊരു പ്രധാന കാര്യം, ഒരു ജാതിവിരുദ്ധ നിലപാട് സ്വീകരിക്കാതെ സ്ഥാപനങ്ങളെ പരിഷ്കരിക്കാൻ കഴിയില്ല എന്നതാണ്. ആഫ്രോ-അമേരിക്കൻ സോഷ്യോളജിസ്റ്റും ദാർശനികനുമായ ഡബ്ല്യു.ഇ.ബി. ഡുബോയ്സ് (W.E.B. Du Bois), അമേരിക്കയിലെ അടിമത്ത നിരോധനത്തിനും സിവിൽ വാറിനും ശേഷമുള്ള കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'അബോളിഷൻ ഡെമോക്രസി' (Abolition Democracy) എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്.
എന്താണ് അബോളിഷൻ ഡെമോക്രസി? ജനാധിപത്യത്തിലെ സ്ഥാപനങ്ങളെ (Institutions) എല്ലാ അർത്ഥത്തിലും ജനാധിപത്യവൽക്കരിക്കാതെ യഥാർത്ഥ ജനാധിപത്യം ഉദയം ചെയ്യില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം. ആധുനിക സ്ഥാപനങ്ങളെല്ലാംതന്നെ ചരിത്രപരമായി രൂപപ്പെട്ടുവന്നിട്ടുള്ളതും അതിൽ ജാതി വളരെ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമാണ് എന്ന വസ്തുത നാം മനസ്സിലാക്കണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഇവിടുത്തെ സ്ഥാപനങ്ങളെല്ലാം ജാതിവ്യവസ്ഥയുടെ സ്വാധീനത്തിൽ തന്നെയാണ് നിലനിന്നുപോരുന്നത്. അബോളിഷൻ ഡെമോക്രസി എന്ന ആശയം ഇന്ത്യയിൽ പ്രയോഗിക്കുകയാണെങ്കിൽ നമുക്കിത് വ്യക്തമായി കാണാൻ കഴിയും. പ്രായോഗികമായി പറയുകയാണെങ്കിൽ, ഡുബോയ്സ് പറയുന്ന 'അബോളിഷൻ ഡെമോക്രസി' ഇന്ത്യയിൽ അംബേദ്കർ മുന്നോട്ടുവെച്ച 'കാസ്റ്റ് അനിഹിലേഷൻ' (Annihilation of Caste) അഥവാ ജാതി നിർമ്മൂലനത്തിന്റെ പ്രായോഗിക രൂപമാണ്. അവിടെ അദ്ദേഹം 'അബോളിഷൻ' എന്ന് പറയുമ്പോൾ അംബേദ്കർ ഇവിടെ 'അനിഹിലേഷൻ' എന്ന് പ്രയോഗിക്കുന്നു.
അംബേദ്കറുടെ ഏതെങ്കിലും ഒരു നിലപാടിനെ മാത്രം അടർത്തിയെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. കാരണം, അംബേദ്കറുടെ രാഷ്ട്രീയ ദർശനം എന്നത് ജനാധിപത്യത്തിൽ അധിഷ്ഠിതമാണ് (Rooted in Democracy). ഒരു യഥാർത്ഥ ജനാധിപത്യം സാക്ഷാത്കരിക്കണമെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത ജാതിവിരുദ്ധ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അതുപോലെതന്നെ, ജാതി നിർമ്മൂലനം ചെയ്യണമെങ്കിൽ ജനാധിപത്യ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിയുടെ തുടർച്ചകളെയും സ്വാധീനങ്ങളെയും (Caste legacy) ഇല്ലാതാക്കേണ്ടതുണ്ട്.
അതുകൊണ്ട്, 'ജാതി നിർമ്മൂലനം' എന്ന് പറയുമ്പോൾ സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ മാത്രമുള്ള മാറ്റമല്ല അംബേദ്കർ ഉദ്ദേശിക്കുന്നത്. ജാതിവ്യവസ്ഥയിൽ വേരൂന്നിയിട്ടുള്ള സാമ്പത്തിക-രാഷ്ട്രീയ സ്ഥാപനങ്ങളിൽനിന്നെല്ലാം ജാതിയെ തുടച്ചുനീക്കണമെന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. സാമൂഹിക ജനാധിപത്യമില്ലാത്ത രാഷ്ട്രീയ ജനാധിപത്യം അർത്ഥശൂന്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ, സാമൂഹിക സമത്വം ഉറപ്പാക്കാതെയുള്ള രാഷ്ട്രീയ സമത്വം എന്നത് ഒരു മിഥ്യ (Myth) മാത്രമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
അംബേദ്കറുടെ സമീപനത്തിൽ 'സാമൂഹികം' എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, അദ്ദേഹം വിഭാവനം ചെയ്ത സാമൂഹിക സമത്വം എന്ന ആശയം പലപ്പോഴും സാംസ്കാരിക സമത്വം എന്ന നിലയിലാണ് ഇവിടെ ചർച്ച ചെയ്യപ്പെടാറുള്ളത്. വാസ്തവത്തിൽ അങ്ങനെയല്ല; മറിച്ച്, സാമൂഹിക വ്യവസ്ഥയ്ക്കകത്താണ് രാഷ്ട്രീയ-സാമ്പത്തിക സമത്വം നിലകൊള്ളുന്നത് എന്നാണ് അംബേദ്കർ വിശ്വസിച്ചത്. അദ്ദേഹം ലക്ഷ്യം വെച്ചത് അടിസ്ഥാനപരമായ സ്ഥാപന പരിഷ്കരണങ്ങളാണ് (Fundamental Institutional Reforms).
രണ്ടാമത്തേത്, സാമൂഹികശാസ്ത്ര പഠനങ്ങളിൽ വളരെ കാതലായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്; ദളിതർ നേതൃത്വം നൽകുന്ന ബി.എസ്.പി. പോലുള്ള പാർട്ടികൾ അല്ലെങ്കിൽ ദളിത് ഫോക്കസ്ഡ് പാർട്ടികൾ - വേഴ്സസ് ദളിത് ഇതര പാർട്ടികളിലെ (Non-Dalit controlled parties) ദളിത് പങ്കാളിത്തം - ഉദാഹരണത്തിന് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവ. ഇവയെ താരതമ്യം ചെയ്തുകൊണ്ട് ഒട്ടേറെ പഠനങ്ങൾ വന്നിട്ടുണ്ട്. അതിൽ ശ്രദ്ധേയമായ ഒന്ന് അമിത് അഹൂജ (Amit Ahuja) രചിച്ച പുസ്തകമാണ്. അക്കാദമിക് തലത്തിൽ ഏറെ അംഗീകരിക്കപ്പെട്ട ആ പുസ്തകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണ്. അമിത് അഹൂജ മുന്നോട്ടുവെക്കുന്ന പ്രധാന വാദം, ദളിത് സെൻട്രിക് അല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ദളിതർ പ്രവർത്തിക്കുന്നത് അവർക്ക് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്.
എന്നാൽ, ഇത് നമ്മുടെ നാട്ടിലെ ഒരു പൊതുബോധത്തിന്റെ കൂടി ഭാഗമാണ്. അതായത്, ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കൾ സ്വന്തം വിഭാഗത്തിന് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല എന്ന തരത്തിൽ ബി.എസ്.പി. പോലുള്ള പാർട്ടികളെ ഭയങ്കരമായി നിസ്സാരവൽക്കരിക്കുന്ന (Trivialise) ഒരു പൊതുബോധം ഇവിടെ നിലനിൽക്കുന്നുണ്ട്. ബി.എസ്.പി.യിലെ മായവതിയെപ്പോലെയുള്ളവരെ ഒരു പ്രത്യേക രീതിയിൽ ക്യാരക്ടറൈസ് ചെയ്തുകൊണ്ടുള്ള ഇത്തരം ബോധങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള കുറെ പഠനങ്ങളുമുണ്ട്. പക്ഷേ, സത്യം എന്ന് പറയുന്നത് നേരെ തിരിച്ചാണ്.
ഉദാഹരണത്തിന് കേരളം എടുത്തുകഴിഞ്ഞാൽ, കേരളത്തിലെ മാറിമാറി ഭരിച്ചിട്ടുള്ള മുന്നണികൾക്കുള്ളിൽ ദളിത് നേതാക്കൾ വന്നിട്ടുണ്ടെങ്കിലും, അവർ ഒരിക്കലും ഒരു ആന്റി-കാസ്റ്റ് ഐഡിയോളജി മുന്നിർത്തിക്കൊണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ജാതിവ്യവസ്ഥയോ അൺടച്ചബിലിറ്റിയോ അവരുടെയൊന്നും കോർ കൺസേൺസ് ആയിരുന്നില്ല. ഇത്തരം വിഷയങ്ങൾക്കെതിരെ സമരം ചെയ്ത് പ്രസ്ഥാനങ്ങളിൽ വളർന്നുവന്നവരല്ല അവർ; മറിച്ച്, ആ പ്രസ്ഥാനങ്ങളുടെതന്നെ രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയകളിലൂടെ വന്നിട്ടുള്ളവരാണ്. ഈ പാർട്ടികൾക്കെല്ലാം യൂത്ത് വിങ്ങുകളും ഓർഗനൈസേഷൻ വിങ്ങുകളും ഉണ്ട്. അവരുടേതായ നിശ്ചിത അജണ്ടകൾക്കുള്ളിൽ പ്രവർത്തിച്ചു വളർന്നുവന്നവരാണ് ഈ നേതാക്കൾ. എന്നാൽ ഇത്തരം അജണ്ടകൾക്കുള്ളിൽ ജാതിക്കെതിരെയുള്ള സമരം അത്ര പ്രകടമായി കാണാൻ കഴിയില്ല. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളൊന്നും അവിടെ നടക്കുന്നില്ല. മറിച്ച്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ പൊളിറ്റിക്കൽ കൾച്ചറിനുള്ളിലുള്ള ചില ഡിസ്കോഴ്സുകൾ മാത്രമാണുള്ളത്.
കേരളത്തിൽ നോക്കുകയാണെങ്കിൽ, നിലവിൽ ഏറ്റവും ഡോമിനന്റ് ആയിട്ടുള്ളത് വികസനം കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ്. പലപ്പോഴും അത്തരം ചർച്ചകൾ റോഡ് പോലുള്ള പൊതുവായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫോക്കസ്ഡ് ആണ്. റോഡുകൾ, ആശുപത്രികളുടെ ഭൗതികസാഹചര്യങ്ങൾ, പൊതുവിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് ഇതിൽ വരുന്നത്. പക്ഷേ, ഇതേ താല്പര്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എടുത്തു പരിശോധിച്ചാൽ, ഭൗതികമായ വികസനത്തിനപ്പുറം അവയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും നമ്മൾ കാണാറില്ല.
ഇതിനുകാരണം, ഇത്തരം വികസന ചർച്ചകളിലൊന്നും ജാതിവ്യവസ്ഥയുടെ മർദ്ദന രീതികളെക്കുറിച്ചോ, ജാതിവ്യവസ്ഥയ്ക്കുള്ളിൽ എങ്ങനെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനങ്ങൾ രൂപപ്പെട്ടുവന്നതെന്നോ ഉള്ള ഗൗരവമായ വിശകലനങ്ങൾ നടക്കുന്നില്ല എന്നതാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദളിത് പ്രസ്ഥാനങ്ങൾ ദീർഘകാലമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങൾ. നിതിൻ രാജിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിലൂടെ നമ്മൾ കണ്ട അത്തരം സാഹചര്യങ്ങൾ, വിദ്യാഭ്യാസത്തെക്കുറിച്ചോ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചോ സംസാരിക്കുമ്പോൾ ഇവിടെ ഒട്ടും ചർച്ച ചെയ്യപ്പെടുന്നില്ല.
ദളിത് നേതൃത്വത്തിൽനിന്നല്ലാതെ, ദളിത് ഇതര പാർട്ടികളിലെ ദളിത് പ്രാതിനിധ്യം എന്നത് പലപ്പോഴും ജാതിവിരുദ്ധമായ ഒരു കാഴ്ചപ്പാടിലല്ല എന്നുള്ളതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അംബേദ്കറുടെ രാഷ്ട്രീയ ദർശനവുമായി ഇതിനെ ബന്ധിപ്പിക്കുകയാണെങ്കിൽ, കൃത്യമായ ഒരു ജാതിവിരുദ്ധ നിലപാട് സ്വീകരിക്കാതെ സ്ഥാപനങ്ങളെ ജനാധിപത്യവൽക്കരിക്കാനോ യഥാർത്ഥ ജനാധിപത്യം നടപ്പിലാക്കാനോ കഴിയില്ല എന്നതാണ് ഇതിന്റെ അർത്ഥം. അതിനാൽ, ദളിതർ അവരുടെ സ്വതന്ത്രമായ (Autonomous) സംഘാടനത്തിലൂടെ ജാതിവിരുദ്ധ തത്വശാസ്ത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് നിലവിലെ സ്ഥാപനവ്യവസ്ഥയിലെ പ്രശ്നങ്ങളെ സമീപിക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ, ഇത്തരം പ്രസ്ഥാനങ്ങളുടെ അടിസ്ഥാന താല്പര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വികസന കാഴ്ചപ്പാടുകളും തമ്മിൽ വലിയ അന്തരമുണ്ട്. മുഖ്യധാരാ പാർട്ടികളിൽ ദളിത് വിഭാഗത്തിൽനിന്നുള്ളവർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ഒരു വൈരുദ്ധ്യം ഇന്നും നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. എയ്ഡഡ് മേഖലയിലെ വിവേചനങ്ങൾ എന്നത് നാം ഗൗരവമായി സംസാരിക്കേണ്ട ഒരു വിഷയമാണ്. മറ്റൊന്ന്, കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ലാൻഡ് റിഫോം അല്ലെങ്കിൽ ഭൂപ്രശ്നങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ വികസന പ്രശ്നവും മാനുഷിക പ്രശ്നവും ഈ ഭൂസമരങ്ങളാണ് (Land struggle). ഭൂമി എന്നത് അടിസ്ഥാനപരമായ ഒരു പ്രശ്നമാണെങ്കിലും ഇവിടുത്തെ വികസന അജണ്ടകളിലൊന്നും അത് അർഹമായ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നില്ല.
അംബേദ്കറെ ഒരു ആന്റി-കാസ്റ്റ് ലീഡർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ജാതിവിരുദ്ധത എന്നതിനെ നാം പലപ്പോഴും വെറും എക്സ്പ്ലിസിറ്റ് അൺടച്ചബിലിറ്റിയിലോ (Explicit untouchability) എക്സ്പ്ലിസിറ്റ് ഡിസ്ക്രിമിനേഷനിലോ (Explicit discrimination) മാത്രം ചുരുക്കിക്കാണാറുണ്ട്; അതാണ് യഥാർത്ഥ പ്രശ്നം. അംബേദ്കറുടെ ജാതിവിരുദ്ധ നിലപാടുകൾ ഇന്ത്യയിലെ ദളിതരെ മാത്രം ബാധിക്കുന്ന ഒന്നല്ല. ജാതി എന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു 'സോഷ്യൽ ഡിസീസ്' ആണെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിട്ടുള്ളത്. അദ്ദേഹം ഒരു പൊതുവാദിയും ലോകം കണ്ട ഏറ്റവും വലിയ ഹ്യൂമനിസ്റ്റുകളിൽ ഒരാളുമാണ്.
അതുകൊണ്ട്, ജാതിവിരുദ്ധതയെ ഒരു പൊതു സാമൂഹിക പ്രശ്നമായിട്ടാണ് കാണേണ്ടത്. ഇത് ദളിതരുടെയോ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയോ മാത്രം പ്രശ്നമല്ലെന്ന് ഇവിടുത്തെ സെൻട്രിസ്റ്റ് അല്ലെങ്കിൽ ലെഫ്റ്റ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എന്നാണോ തിരിച്ചറിഞ്ഞ് ചർച്ച ചെയ്യുന്നത്, അന്ന് മാത്രമേ ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം ഉണ്ടാകുകയുള്ളൂ. അല്ലാത്തപക്ഷം, നമ്മൾ ഒരു ഡോമിനന്റ് കാസ്റ്റ് അല്ലെങ്കിൽ മിഡിൽ ക്ലാസ് പെർസ്പെക്റ്റീവിൽ മാത്രം വികസനത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കും. അത്തരം സാഹചര്യങ്ങളിൽ, നിതിൻ രാജിന്റെ 'ഇൻസ്റ്റിറ്റ്യൂഷണൽ കാസ്റ്റ് മർഡർ' പോലുള്ള ഗൗരവമേറിയ വിഷയങ്ങളെ ഒരു വലിയ പ്രശ്നമായി ചർച്ച ചെയ്യാൻ നമുക്ക് കഴിയാതെ വരും. അതുതന്നെയാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ നേരിടുന്ന വൈരുദ്ധ്യം.
അംബേദ്കർ പറഞ്ഞ കാര്യങ്ങളെ എങ്ങനെയാണ് നിലവിലെ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കേണ്ടത്? നിതിൻ രാജിന്റെ മരണത്തിന് ശേഷം കഴിഞ്ഞ രണ്ടു ദിവസമായി ചർച്ചകൾ ഏതൊക്കെ വഴികളിലൂടെയാണ് പോകുന്നത് എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെ ചിലർ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുമായി ചേർത്ത് നിസ്സാരവൽക്കരിക്കാൻ നോക്കുന്നു. മറ്റു ചിലർ, ഒന്നോ രണ്ടോ അധ്യാപകരുടെ ജാതിവെറിയെ ഹൈലൈറ്റ് ചെയ്ത് സംസാരിക്കുന്നു. അത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ് തന്നെയാണ്. പക്ഷേ, നമ്മൾ ബ്രോഡർ പെർസ്പെക്റ്റീവിൽ ഇതിനെ നോക്കുമ്പോൾ, ഇതിനകത്ത് അത്ഭുതപ്പെടാൻ ഒന്നുമില്ല എന്ന വസ്തുത നാം മനസ്സിലാക്കണം. ഈ ആൾക്കാർ ഇതിൽ ഇത്രയധികം അത്ഭുതപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
കാരണം, എല്ലാ ദിവസവും ഇത്തരത്തിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകൾ നടക്കുന്നില്ലെങ്കിലും, എല്ലാ സ്ഥാപനങ്ങളിലും ഒരു തരത്തിലുള്ള ശ്വാസംമുട്ടിക്കൽ (Choking) നടക്കുന്നുണ്ട്. അതായത്, വിദ്യാർത്ഥികളെ മാനസികമായി ശ്വാസംമുട്ടിച്ച് ഒരു സ്ലോ ഡെത്തിലേക്ക് തള്ളിവിടുകയാണ്. സാമൂഹികമായി പറഞ്ഞാൽ, പലയിടത്തും ഇതിനോടകംതന്നെ ഒരു മാസ് മർഡർ (Mass murder) നടന്നുകൊണ്ടിരിക്കുന്നുണ്ട്. ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾത്തന്നെ, അവർക്ക് അവിടെ യാതൊരു സ്ഥാനവുമില്ലെന്നും അവർ അപ്രധാനികളാണെന്നുമുള്ള രീതിയിലാണ് ഇൻസ്റ്റിറ്റ്യൂഷനുകൾ പ്രവർത്തിക്കുന്നത്. ഇത് വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്.
അംബേദ്കറുടെ രാഷ്ട്രീയ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിശകലനം ചെയ്യുമ്പോൾ, നാം നേരത്തെ സൂചിപ്പിച്ചതുപോലെ സ്ഥാപനങ്ങളിലെ (Institutions) ജാതിയെ നിർമ്മൂലനം ചെയ്യാതെ ഒരു യഥാർത്ഥ ജനാധിപത്യം ഇന്ത്യയിൽ സ്ഥാപിക്കാൻ കഴിയില്ല. അതുപോലെ തന്നെ ജാതി നിർമ്മൂലനം നടക്കണമെങ്കിൽ ഈ സ്ഥാപനങ്ങളെ ജനാധിപത്യവൽക്കരിക്കണം. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്.