മുന്നണി രാഷ്ട്രീയത്തിന്റെ സാമൂഹ്യ പുറംതള്ളലും ദലിത്-ആദിവാസി പ്രാതിനിധ്യവും
ഏഴ് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രമുള്ള കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്കുകയാണ്. മുഖ്യധാരാ ചർച്ചകൾക്കിടയിൽ പലപ്പോഴും തമസ്കരിക്കപ്പെടുന്ന ഒന്നാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ പ്രാതിനിധ്യം. രാഷ്ട്രീയ അധികാരത്തെ വിശകലനം ചെയ്യുമ്പോൾ ജാതിയെ മുൻനിർത്തി സംസാരിക്കേണ്ടി വരുന്നത് അധികാരവും ജാതിയും തമ്മിലുള്ള ബന്ധം അത്രമേൽ ദൃഢമായി നിൽക്കുന്നതുകൊണ്ടാണ്. മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾക്കിടയിൽ ദലിത്-ആദിവാസി വിഭാഗങ്ങൾ എങ്ങനെയാണ് നിരന്തരം പുറന്തള്ളപ്പെടുന്നത്? എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.കെ. ദിനേശൻ എഴുതുന്നു.
2026-ലെ 16-ാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ട് സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഒന്ന്, സി.പി.എം നിയന്ത്രിക്കുന്ന മുന്നണിസംവിധാനം മൂന്നാമത്തെ ജയത്തിനുവേണ്ടി പ്രവർത്തിക്കുന്നു. മറ്റൊന്ന്, കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന് അധികാരരാഷ്ട്രീയം മുന്നണി സംവിധാനത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതാണ്. മൂന്നാമത്തേത്, ഇന്ത്യയിലുടനീളം ഹിന്ദുത്വരാഷ്ട്രീയം നേടിക്കൊണ്ടിരിക്കുന്ന അധികാരരാഷ്ട്രീയ അപ്രമാദിത്വത്തെ കേരളത്തിലും നിർമ്മിച്ചെടുക്കാനുള്ള കേന്ദ്രഭരണകൂട താൽപ്പര്യം. ഇത്തരത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ഏഴ് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രപാഠമുള്ള കേരളം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇതിനൊപ്പമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടംശക്തപ്പെട്ട ദളിത് രാഷ്ട്രീയപ്രാതിനിധ്യം ഗൗരവത്തിലുള്ള വിശകലനങ്ങൾക്ക് കാരണമായത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് വിശകലനങ്ങളും ആദിവാസി-ദളിത് പ്രാതിനിധ്യത്തെക്കുറിച്ച് നിശബ്ദമാണെങ്കിലും അതിനെക്കുറിച്ചുള്ള സംവാദത്തെ കേൾക്കാൻ കേരളം സന്നദ്ധമാണ് എന്ന സന്ദേശം നൽകിയിട്ടുണ്ട് സണ്ണി എം. കപിക്കാടിന്റെയും സി.കെ. ജാനുവിന്റെയും സ്ഥാനാർത്ഥിത്വ നിഷേധം.
എന്തുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ആദിവാസി-ദളിത് പ്രാതിനിധ്യം ഗൗരവപ്പെട്ട രാഷ്ട്രീയ വിചിന്തനമായി മാറുന്നത്? നേരത്തെയൊന്നും ഇല്ലാത്തതും ഇപ്പോൾ ഉള്ളതുമായ എന്ത് പ്രത്യേകതയാണ് കേരളീയ രാഷ്ട്രീയത്തിൽ ദളിത്-ആദിവാസി വിഭാഗങ്ങൾ ആർജ്ജിച്ചെടുത്തത്? ഇതൊരു അപ്രസക്ത ചോദ്യമായി തോന്നാം. ഒന്നാമതായി, കേരളത്തിലെ ആദിവാസി സമരനായിക സി.കെ. ജാനു നേരത്തെയുള്ള എൻ.ഡി.എ മുന്നണി ബന്ധം അവസാനിപ്പിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായതാണ്. കേരളത്തിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിലെ വിജയസാധ്യതയെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാർട്ടിയല്ല ജെ.ആർ.പി. എന്നിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അത്തരമൊരു തീരുമാനത്തിലെത്തിയത് കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന ദളിത് സാന്നിധ്യങ്ങളെ മനസ്സിലാക്കിയതുകൊണ്ടായിരിക്കണം. അത് കേവലം രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമല്ല. ഇന്ത്യയിലാകെ ശക്തിപ്പെട്ടുവരുന്ന ഹിന്ദുത്വത്തെ യാതൊരുവിധ ഉപാധിയുമില്ലാതെ ആശയപരമായി പ്രതിരോധിക്കുന്നത് വിവിധ ദളിത് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും അടങ്ങുന്ന പ്രസ്ഥാനങ്ങളാണ്. കോൺഗ്രസിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും നിയന്ത്രിക്കുന്നതിൽ സവർണ്ണ താൽപ്പര്യങ്ങൾക്ക് പ്രധാന പങ്കുണ്ട്. പലപ്പോഴും രാഷ്ട്രീയമായി ഹിന്ദുത്വത്തെ പ്രതിരോധിക്കുമ്പോഴും വിശ്വാസപരമായി അതിനോട് ഐക്യപ്പെടുന്ന മനോഭാവം കേരളത്തിലെയും ഇന്ത്യയിലെയും ഇടത്-വലത് നേതൃത്വത്തിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം നേതൃത്വങ്ങൾക്ക് രാഷ്ട്രീയതിരിച്ചറിവ് നേടി വളർന്നുവരുന്ന ദളിത് രാഷ്ട്രീയ പ്രവർത്തകരെ ഇനിയുള്ള കാലം അകറ്റിനിർത്താൻ കഴിയില്ല. കേരളത്തിലെ പ്രമുഖ ദളിത് ചിന്തകനായ ഡോ. ടി.എസ്. ശ്യാംകുമാർ ഇടതുസാംസ്കാരിക വേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഇത്തരം ചിന്തയുടെ ഭാഗമായിട്ടാണ്. ഡോ. ടി.എസ്. ശ്യാംകുമാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവിരുദ്ധ നിലപാട് പ്രത്യക്ഷത്തിൽത്തന്നെ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്ര വിരുദ്ധമാണ്. അതേസമയം, സാമ്പത്തിക സംവരണത്തെ അംഗീകരിച്ചു നടപ്പാക്കിയ ഇടത് രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രഖ്യാപിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയിട്ടും ഇടതുപക്ഷം ഈ ചിന്തകനെ ഒപ്പം നിർത്തുന്നു.
1980-കളിൽ തുടങ്ങുന്നതാണ് സണ്ണി എം. കപിക്കാടിന്റെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ ഇടപെടൽ. അതാകട്ടെ സവർണ്ണ സാമൂഹ്യ ബോധ്യങ്ങൾക്കെതിരെയുള്ള ജനാധിപത്യപരമായ വിയോജിപ്പുകളാണ്. അത് ഇടത്-വലത് വ്യത്യാസമില്ലാതെ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചന പ്രത്യയശാസ്ത്രത്തെയാണ് പ്രശ്നവൽക്കരിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം ഹിന്ദുത്വത്തിനെതിരെയും മുന്നാക്ക സംവരണം നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ആ നിലപാടിനോടുള്ള വിയോജിപ്പുകൂടിയാണത്. നിരന്തരമായ സംവാദങ്ങളിലൂടെ സംവരണത്തിന്റെ രാഷ്ട്രീയത്തെ കേരളത്തിൽ ജനകീയമാക്കിയതിൽ സണ്ണി എം. കപിക്കാടിനുള്ള പങ്ക് ചെറുതല്ല. മാത്രമല്ല, ജാതിയുടെ പൊതുഘടനാ രീതി അവസരനിഷേധം മാത്രമാണെന്നും അത് തിരിച്ചുപിടിക്കാനുള്ള കേവലമായ ഉപാധിയാണ് സംവരണം എന്ന സാമാന്യബോധത്തെ ദളിത് ബുദ്ധിജീവികൾ തിരുത്തി. വിവിധ മേഖലകളിൽ അവർ നടത്തിയ ഇടപെടലുകൾ മുഖ്യധാരാ ബുദ്ധിജീവികളുടെ ജാതിയോടുള്ള സമീപനത്തെ തിരുത്തുന്നുണ്ട്. സവർണ്ണജാതി പ്രിവിലേജ് അനുഭവിച്ചുകൊണ്ട് ജാതിക്കെതിരെ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളെ തുറന്നുകാട്ടുന്ന സംവാദത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ പുതിയ കാലത്തെ ദളിത് ബുദ്ധിജീവികൾക്ക് കഴിഞ്ഞു. കെ.കെ. കൊച്ച് ജീവിതകാലം മുഴുവൻ നിർവ്വഹിച്ചത് അതായിരുന്നു. ഇത്തരം മാറ്റങ്ങൾ രാഷ്ട്രീയപാർട്ടികളെ സ്വാധീനിച്ചിട്ടുണ്ട്. അത് ദളിത് സമൂഹത്തോടുള്ള മനോഭാവത്തെ തിരുത്തുന്നുണ്ട്. ഇതിന്റെ മികച്ച തെളിവാണ് യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമായി സണ്ണി എം. കപിക്കാടിനെ പൊതുമണ്ഡലമായ വൈക്കത്ത് മത്സരിപ്പിക്കാമെന്ന നിർദ്ദേശം. ഈ നിർദ്ദേശത്തെ എന്തുകൊണ്ട് പ്രസ്ഥാനം അംഗീകരിച്ചു എന്നതും പിന്നീട് എന്തുകൊണ്ട് അത്തരം സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടു എന്നതും തെരഞ്ഞെടുപ്പിനപ്പുറം ചർച്ച ചെയ്യേണ്ട വിഷയമാണ്.
ജനാധിപത്യത്തിലെ ദളിത് പ്രാതിനിധ്യം
ജനാധിപത്യ-മതേതര ജീവിതത്തെ ചേർത്തുപിടിക്കുന്ന പുരോഗമന മനുഷ്യർ ഇപ്പോഴും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്: ചില വിഭാഗം മനുഷ്യരെ ഉയർത്തിപ്പിടിച്ചുകൊണ്ട് സംവരണം, പ്രത്യേക പ്രാതിനിധ്യം എന്നതൊക്കെ ഉന്നയിക്കുന്നത് എന്തിനുവേണ്ടിയാണ്? ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന മനുഷ്യർക്ക് സമൂഹത്തിൽനിന്ന് കിട്ടുന്ന പ്രിവിലേജിനെക്കൂടി ഈ ചോദ്യം പ്രശ്നവൽക്കരിക്കുന്നുണ്ട്. ഈ പ്രിവിലേജ് ഇത്തരം മനുഷ്യർ ചോദിച്ചുവാങ്ങുന്നതല്ല. ജന്മനാ അവരിലേക്ക് വന്നുചേരുന്നതാണ്. ഉദാഹരണത്തിന്, ഹിന്ദുത്വത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ അറിയാത്ത ഒരു ബ്രാഹ്മണ സമുദായത്തിലെ കുഞ്ഞിന് ഇതരജാതി മനുഷ്യരിൽനിന്ന് വ്യത്യസ്തമായി കിട്ടുന്ന പരിഗണന അവൻ ചോദിച്ചുവാങ്ങുന്നതല്ല; പിറവിയാൽ അത് സംഭവിക്കുന്നതാണ്. ഇത് ബ്രാഹ്മണ സമുദായത്തിന് പുറത്തുള്ള ജാതി മനുഷ്യർക്ക് ജ്ഞാനസമ്പത്തിലൂടെ നേടാൻ കഴിയുന്നതുമല്ല. പലപ്പോഴും വർണ്ണ-ജാതിഘടനയിലെ മനുഷ്യർക്കാണ് പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഇത്തരം വിയോജിപ്പുകൾ ഉണ്ടാകുന്നത്. പിന്നീട് അത് മതഘടനയിൽനിന്നും സാമൂഹിക വ്യവഹാരങ്ങളിലേക്ക് അന്തർലീനമാകുന്നതോടെ അവർണ്ണനെ സംബന്ധിച്ച് അതൊരു സാമൂഹിക പ്രതിസന്ധിയായി രൂപപ്പെടുന്നു. ഇതിനെ ജനാധിപത്യ വ്യവസ്ഥയിൽ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയമായിട്ടാണ്. ജാതി സാമൂഹിക വിഷയങ്ങളിൽനിന്ന് വ്യത്യാസപ്പെട്ട് ഒരു രാഷ്ട്രീയപ്രശ്നമായി മാറുന്നത് വ്യക്തികളുടെ അന്തസ്സിന്റെ ഭാഗമായിട്ടല്ല; മറിച്ച് സാമൂഹിക ഘടനയിൽ എല്ലാ മനുഷ്യർക്കും തുല്യനീതിയും സമത്വവും ലഭ്യമാകേണ്ടുന്നതിന്റെ അനിവാര്യതകൂടിയാണത്. ജനാധിപത്യത്തിലെ കൊടുക്കൽ വാങ്ങലുകൾ അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് അധികാരത്തെ നിയന്ത്രിക്കുന്ന ഇടങ്ങളിൽ പ്രാതിനിധ്യം ഗൗരവപ്പെട്ട പ്രശ്നമായി മാറുന്നു. ചോദിച്ചുവാങ്ങുന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് ആവശ്യങ്ങളെ അവതരിപ്പിക്കുക എന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനം പരിശോധിച്ചാൽ, പ്രാതിനിധ്യം എങ്ങനെയാണ് ഓരോ സമുദായ പ്രസ്ഥാനങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നത് എന്ന് ബോധ്യപ്പെടുന്നതാണ്.
നവോത്ഥാനം ഉഴുതുമറിച്ച മണ്ണിൽ സാമുദായിക ഇടപെടലിന്റെ യുക്തി എന്താണെന്ന് തോന്നാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ മുഴുവൻ രാഷ്ട്രീയ സംവിധാനത്തെയും നിയന്ത്രിക്കുന്നത് സാമുദായിക ശക്തികളാണ്. പ്രത്യക്ഷത്തിൽ അത് അനുഭവപ്പെടുന്നില്ലെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം തൊട്ട് തുടങ്ങുന്നുണ്ടത്. ഈ പരിഗണന മന്ത്രിസഭയിൽ ഉറപ്പിക്കപ്പെടുന്നതോടുകൂടി സാമുദായികതയുടെ പ്രച്ഛന്നത ഉൾവലിഞ്ഞ് പിന്നീട് അത് അധികാര സ്ഥാനങ്ങളുടെ താക്കോൽ പ്രയോഗങ്ങളായി മാറുന്നു. അങ്ങനെ നിയമസഭയിൽ അവതരിപ്പിക്കുന്ന വിഷയങ്ങളിൽപോലും ഓരോ സമുദായത്തിന്റെയും ആവശ്യകതയും പരിഹാരങ്ങളും ഗൗരവപ്പെട്ടതാകുന്നു. നിരവധിയായ ഉദാഹരണങ്ങൾ തെളിവായി മുന്നിലുണ്ട്: സ്കൂളിലെ പഠന സമയമാറ്റത്തോട് മുസ്ലിം സമുദായം ഉയർത്തിയ പ്രതിഷേധം, ഗാഡ്ഗിൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്രിസ്ത്യൻ മതനേതാക്കൾ നടത്തിയ പ്രതിരോധങ്ങൾ, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിത ഹിന്ദു പ്രസ്ഥാനങ്ങളിൽനിന്നുണ്ടായ എതിർപ്പ്. ഇതിനോടൊക്കെ സർക്കാർ സ്വീകരിച്ച നിലപാട് രാഷ്ട്രീയ സംവിധാനങ്ങൾക്ക് മുകളിൽ സാമുദായിക ശക്തികളുടെ അപ്രമാദിത്വത്തെയാണ് തെളിയിക്കുന്നത്. അപ്പോഴാണ് കേരളത്തിലെ മൊത്തം ജനസംഖ്യയിൽ 10.50% വരുന്ന ദളിത്-ആദിവാസി വിഭാഗങ്ങളുടെയും അതിപിന്നോക്ക വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിയമസഭയിൽ എത്തിക്കാൻ അവർക്കിടയിൽനിന്നും ഒരു ജനപ്രതിനിയെങ്കിലും ഉണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്.
ഇത് ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടോ? സാധ്യത കുറവാണ്. കാരണം, ജനാധിപത്യത്തിൽ തുല്യതയുടെയോ സമത്വത്തിന്റെയോ അവകാശികളായി അവരെ പരിഗണിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ധാർമ്മികമായ ഉത്തരവാദിത്തം ഇന്നുവരെ കാണിച്ചിട്ടില്ല. അതേസമയം, ഈ വിഭാഗത്തിന്റെ വോട്ടുകൾ ഉറപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ദളിത് പോഷക സംഘടനകൾ രൂപീകരിച്ചു. ദളിത് കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ ദളിത് ലീഗ്, ദളിത് മോർച്ച തുടങ്ങിയ വിഭാഗങ്ങൾക്ക് വോട്ട് സമാഹരിക്കാനുള്ള രാഷ്ട്രീയ ടൂൾ മാത്രമാണിത്. 140 നിയോജക മണ്ഡലങ്ങളിൽ 16 സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. ഇവിടെനിന്ന് വിജയിച്ചുവരുന്ന ജനപ്രതിനിധികൾക്ക് ഒരിക്കലും തങ്ങളുടെ സാമുദായിക ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിന് കാരണം ഇവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ തീരുമാനങ്ങൾക്കപ്പുറത്തേക്ക് ഈ ജനപ്രതിനിധികൾക്ക് ചലിക്കാൻ കഴിയില്ല എന്നതാണ്. അങ്ങനെ ചലിക്കാൻ കഴിയണമെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണങ്ങൾ ഭേദിച്ചുകൊണ്ട് സംവരണ മണ്ഡലങ്ങളിൽ ദളിത്-ആദിവാസി പ്രാതിനിധ്യം ഉറപ്പാക്കണം. ഈയൊരു സാധ്യതയിലേക്കാണ് സി.കെ. ജാനുവിന്റെയും സണ്ണി എം. കപിക്കാടിന്റെയും സ്ഥാനാർത്ഥിത്വത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കേരളം ഗൗരവത്തിൽ ചർച്ച ചെയ്തത്.
കേരളത്തിൽ ഇപ്പോഴും തുടരുന്ന അടിത്തട്ടു മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ ഗൗരവപ്പെട്ട പഠനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഈ പഠനങ്ങൾ നടക്കുന്നത് ഇടത്-വലത് ബുദ്ധിജീവികൾക്കിടയിൽനിന്നല്ല; മറിച്ച് ദളിത് ധൈഷണികത എന്നത്തേക്കാളും ശക്തവും രാഷ്ട്രീയതിരിച്ചറിവ് നേടിയതുമായ സാന്നിധ്യമായി പൊതുയിടങ്ങളിലും അക്കാദമിക് തലങ്ങളിലും ശക്തമാണ്. ദളിത് ജീവിതയാഥാർത്ഥ്യത്തെ പലരീതിയിൽ നേരത്തെ മുഖ്യധാരാ സവർണ്ണ ബുദ്ധിജീവി വിഭാഗങ്ങൾ തമസ്കരിച്ചതാണ്. എന്നാൽ ഇന്ന് നടക്കുന്ന ഏതൊരു ജനാധിപത്യ സംവാദങ്ങളെയും ഡോ. അംബേദ്കറുടെ ചിന്തകളെ മാറ്റിനിർത്തിക്കൊണ്ട് പൂർണ്ണമാക്കാൻ പറ്റുന്നതല്ല. ഇത് മുഖ്യധാരാ പാർട്ടികൾ എത്തിപ്പെട്ട ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികൂടിയാണ്. ഇന്നലെവരെ ചവിട്ടിപ്പുറത്താക്കിയ "ജ്ഞാനസമ്പത്തിനെ" ഉൾച്ചേർക്കാതെ ജനാധിപത്യ സംവാദങ്ങൾക്ക് പൂർണ്ണതയില്ല എന്ന് ബോധ്യപ്പെട്ടത് ഹിന്ദുത്വം ഭരണകൂട രാഷ്ട്രീയത്തിന്റെ ഭാഗമായതോടുകൂടിയാണ്.
ജാതിയെ അത് അനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നമായി മാത്രം കണ്ട കമ്മ്യൂണിസ്റ്റ് ഉൾപ്പെടെയുള്ള പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റെ രാഷ്ട്രീയ പ്രതിസന്ധികളെ ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. അപ്പോഴും അതിനെ മറികടക്കാനുള്ള ആശയപരമായ വഴികൾ അവ്യക്തമായി തുടരുകയാണ്. ഈ അവ്യക്തതയിലാണ് ജാതി മനുഷ്യരുടെ ഇന്നേവരെയുള്ള പ്രാതിനിധ്യനിഷേധവും അവസരനിഷേധവും ഒരു വിഭാഗം മനുഷ്യരെ എത്രമാത്രം പിന്നിലേക്കാണ് തള്ളിമാറ്റിയതെന്ന യാഥാർത്ഥ്യം പുറത്തുവരുന്നത്. ഇത് മാറ്റപ്പെടേണ്ടതാണെന്ന തിരിച്ചറിവിൽനിന്നായിരിക്കാം സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വത്തെ തുടക്കത്തിൽ കോൺഗ്രസ് അംഗീകരിച്ചത്. ജാതി സെൻസസിന്റെ അംഗീകാരത്തോടുകൂടി അത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നുണ്ട്. അപ്പോഴും അത്തരമൊരു ആലോചനയെ തകിടം മറിക്കാൻ മാത്രം ശക്തമാണ് കേരളത്തിലെ സവർണ്ണ സമുദായ പ്രസ്ഥാനങ്ങൾ. 11.9 ശതമാനം വരുന്ന കേരളത്തിലെ നായർ സമുദായത്തിൽനിന്നാണ് എല്ലാ മന്ത്രിസഭയിലും ഏറ്റവും കൂടുതൽ മന്ത്രിമാർ ഉണ്ടാകുന്നതെന്നത് നഗ്നസത്യമാണ്. ഇതിനെക്കുറിച്ചുള്ള കണക്ക് രേഖാ ചന്ദ്രയുടെ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട് (സമകാലിക മലയാളം - മാർച്ച് 23).
ഏഴ് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. ഈ കാലയളവിൽ നായർ സമുദായത്തിൽനിന്ന് 116-ഉം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് 77-ഉം മന്ത്രിമാരും ഉണ്ടായിട്ടുണ്ട്. പട്ടികജാതിയിൽനിന്നും 18-ഉം പട്ടികവർഗ്ഗത്തിൽനിന്ന് 2 മന്ത്രിമാരുമാണ് ഉണ്ടായിട്ടുള്ളത്. ജനസംഖ്യാനുപാതികമായി വലിയൊരു അപാകത ഈ പ്രാതിനിധ്യം വ്യക്തമാക്കുന്നുണ്ട്. അതിനൊപ്പം കേരളത്തിലെ സാമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്താലും ഒരു വിഭാഗത്തിന്റെ മേൽക്കോയ്മയും പ്രാതിനിധ്യം കുറഞ്ഞ വിഭാഗത്തിന്റെ പുറന്തള്ളലും വ്യക്തമാകും. എന്തുകൊണ്ട് ഇത്തരം കണക്കുകൾ പരിശോധിക്കേണ്ടി വരുന്നു എന്നിടത്താണ് പുറന്തള്ളലിന് വിധേയമാകുന്ന മനുഷ്യരുടെ ജാതി ഗൗരവപ്പെട്ട വിഷയമായി വരുന്നത്. ചില സാമൂഹിക വിഷയങ്ങളെ സമീപിക്കുമ്പോൾ ജാതിയെ മുൻനിർത്തി വിശകലനം ചെയ്യേണ്ടിവരുന്നത് അധികാരവും ജാതിയും തമ്മിലുള്ള ബന്ധം ദൃഢമായി നിൽക്കുന്നതുകൊണ്ടാണ്. എത്രയും സുതാര്യമായ ഈ ശ്രമത്തെ ജാതിയില്ലാത്ത ഇടങ്ങളിൽ ജാതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി ചിലർ ആക്ഷേപിക്കുന്നത് സവർണ്ണ ബോധമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന ചിന്തയുടെ ഭാഗമായി നിൽക്കുമ്പോഴും പേരിന്റെ അറ്റത്തെ വാല് പ്രിവിലേജായി അനുഭവിക്കുന്നവരാണ് പുറത്ത് യുക്തിഭദ്രം എന്ന് തോന്നുന്ന വിധം അകത്ത് ജാതിയുടെ പുറന്തള്ളലിനെ സാമാന്യവൽക്കരിക്കുന്നത്. ഈ സാമാന്യവൽക്കരണത്തെ വസ്തുതാപരമായി പരിശോധിക്കുന്നുണ്ട് സണ്ണി എം. കപിക്കാടിന്റെ 'ജനതയും ജനാധിപത്യവും' എന്ന പുസ്തകം.
അംബേദ്കർ ചിന്താധാരയിലൂടെ സാമൂഹിക വിശകലനം നടത്തുന്ന ചിന്തകനാണ് സണ്ണി എം. കപിക്കാട്. ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള വിശകലനത്തിൽ അംബേദ്കറുടെ ജനാധിപത്യ നിരീക്ഷണങ്ങളെയാണ് അദ്ദേഹം ചേർത്തുപിടിക്കുന്നത്. "സമൂഹത്തിലെ മനുഷ്യർ തമ്മിലുള്ള ബന്ധത്തിലാണ് ജനാധിപത്യത്തിന്റെ വേരുകൾ തിരയേണ്ടത് എന്ന തിരിച്ചറിവ് ഡോ. അംബേദ്കറുടെ ജനാധിപത്യ സങ്കല്പത്തിന്റെ അടിസ്ഥാനശിലയാണെന്ന് പറയാം." എങ്ങനെയാണ് ബഹുസ്വര സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധം നിലനിൽക്കുന്നത്? അതിന് മുന്നോട്ടുപോകാൻ കഴിയുംവിധം സമൂഹത്തിൽ പടർന്നുപന്തലിക്കേണ്ട സമത്വചിന്തയെ ജാതിബോധം നിഷേധിക്കുന്നുണ്ടോ? തത്വത്തിൽ ജാതിബോധത്തെ മറികടക്കുമ്പോൾ മാത്രമാണ് ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഇടപെടൽ മുഴുവൻ ജനവിഭാഗങ്ങളിലും എത്തുക. അത്തരം വ്യാപനമാണ് പങ്കാളിത്തപരമായ ജനാധിപത്യത്തിന്റെ കരുത്തും ശക്തിയും. ഇന്ത്യൻ സമൂഹത്തിൽ അതിന് വിഘാതമായി നിൽക്കുന്നത് ജാതിയാണെന്ന തെളിവ് നമുക്ക് മുൻപിലുണ്ട്. ആ തെളിവിനെ അനുഭവമായി കാണേണ്ടിവരുമ്പോഴാണ് പ്രാതിനിധ്യം പ്രതിരോധവും പോരാട്ടവുമായി മാറുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടേണ്ടത് അവരുടെ ജീവിതത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടത് ഇത്തരം ഘട്ടത്തിലാണ്. ഇതിനെയാണ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ബോധപൂർവ്വം തിരസ്കരിക്കുന്നത്. ഈ തിരസ്കരണം ഉണ്ടാക്കുന്ന പ്രതിസന്ധികൾ കേവലം സ്ഥാനാർത്ഥിത്വ നിഷേധം മാത്രമല്ല, അടിച്ചമർത്തപ്പെട്ട ജനതയുടെ മുന്നേറ്റങ്ങളെക്കൂടിയാണ് ഇത് തിരസ്കരിക്കുന്നത്. ഇതിനെക്കുറിച്ച് സണ്ണി എം. കപിക്കാട് ഡോ. അംബേദ്കറെ മുൻനിർത്തി നടത്തുന്ന നിരീക്ഷണമുണ്ട്.