ഡോ. ബി.ആർ. അംബേദ്കർ: ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ദാർശനികൻ
ഡോ. ബി.ആർ. അംബേദ്കറെ അയിത്തജാതിക്കാരുടെ നേതാവ് എന്ന നിലയിൽ ന്യൂനീകരിച്ചെടുക്കുന്ന പ്രവണത ഇന്ത്യൻ പൊതുബോധത്തിലും അക്കാദമിക് ചർച്ചകളിലും ശക്തമായി നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ, ആധുനിക ജനാധിപത്യ ഇന്ത്യയെ നിർമ്മിക്കുന്നതിനും അതിന്റെ ശാശ്വതമായ നിലനിൽപ്പിനും ഏറ്റവും വലിയ സംഭാവന നൽകിയ രാഷ്ട്രതന്ത്രജ്ഞനാണ് ഡോ. അംബേദ്കർ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സങ്കീർണ്ണമായ സാമൂഹിക പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം നിർദ്ദേശിച്ച വിശ്വദാർശനികൻ എന്ന നിലയ്ക്കാണ് അദ്ദേഹം അടയാളപ്പെടുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച 'മൈത്രി' എന്ന സങ്കല്പം ഇന്ന് വിദ്വേഷത്തിന്റെ അന്തരീക്ഷമുള്ള ഇന്ത്യയിൽ ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ് എന്ന് എഡിറ്റോറിയലിൽ സണ്ണി എം. കപിക്കാട് എഴുതുന്നു.
ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന സന്ദർഭമാണിത്. മുൻകാലങ്ങളിൽനിന്നും ഭിന്നമായി ലോകത്തിലെ പ്രമുഖമായ സർവ്വകലാശാലകളും അതോടൊപ്പംതന്നെ ഏറ്റവും ദരിദ്രരായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളും ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. ഒരുപക്ഷേ ഇത്രയേറെ വിപുലമായ തരത്തിൽ വളരെ നിസ്വരായ മനുഷ്യരും മഹാപണ്ഡിതരും രാഷ്ട്രതന്ത്രജ്ഞരും ഒക്കെ ഒരേസമയം ആഘോഷിക്കുന്ന മറ്റൊരു പ്രതിഭാശാലി ലോകത്ത് ഉണ്ടായിരിക്കാൻ വഴിയില്ല.
ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ദാർശനികനാണ് ഡോ. ബി.ആർ. അംബേദ്കർ. എന്നാൽ ഇന്ത്യയിലെ സാമൂഹ്യശാസ്ത്രകാരന്മാരും രാഷ്ട്രീയ ചിന്തകരും ബാബാസാഹിബ് ഡോക്ടർ ബി.ആർ. അംബേദ്കറെ അയിത്തജാതിക്കാരുടെ നേതാവ് എന്ന നിലയിൽ ന്യൂനീകരിച്ചെടുക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തെ സംബന്ധിച്ച പരാമർശങ്ങൾതന്നെ പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഇല്ലെന്നുതന്നെ പറയാം. ഉണ്ടെങ്കിൽത്തന്നെ അയിത്തജാതിക്കാർക്കുവേണ്ടി വാദിച്ച ഒരാൾ എന്ന ഇമേജാണ് ആ പുസ്തകങ്ങളെല്ലാംതന്നെ മുന്നോട്ടുവെക്കുന്നത്.
ലോകപ്രസിദ്ധ സാമ്പത്തികശാസ്ത്രകാരനായ അമർത്യാ സെൻ അദ്ദേഹത്തിന്റെ യൂറോപ്യൻ പര്യടനത്തിനിടെ ഒരു അഭിപ്രായം പറയുകയുണ്ടായി: 'സാമ്പത്തികശാസ്ത്രത്തെ സാമൂഹികനീതിയുമായി ബന്ധിപ്പിക്കാൻ ഞാൻ പഠിച്ചത് ഡോ. ബി.ആർ. അംബേദ്കറിൽനിന്നാണ്. എന്നാൽ ആ മഹാനായ ചിന്തകനെ വേണ്ടവിധം മനസ്സിലാക്കുവാനോ ആദരിക്കുവാനോ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ട്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. ലോകമെമ്പാടും ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറുടെ രാഷ്ട്രീയ ദർശനങ്ങളും സാമൂഹ്യശാസ്ത്ര പഠനങ്ങളും വിപുലമായ തരത്തിൽ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
ആഫ്രിക്കയിലായാലും അമേരിക്കയിലായാലും യൂറോപ്പിലായാലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലായാലും എല്ലാ സ്ഥലത്തും ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ അനുസ്മരിക്കപ്പെടുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ അനുസ്മരിക്കപ്പെടുവാനുള്ള ഒരു കാരണം അദ്ദേഹം മാനവരാശിക്ക് സംഭാവന ചെയ്ത പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ ആശയങ്ങളാണ്. ഇത് പലപ്പോഴും അദ്ദേഹത്തെ സംബന്ധിച്ച പഠനങ്ങളിൽ മൂടിവെക്കപ്പെടുന്ന ഒരു കാര്യംകൂടിയാണ്. അദ്ദേഹത്തിന്റെ ആരാധകരും അദ്ദേഹത്തിന്റെ ശത്രുക്കളും ഒരേസമയം വാദിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത് അയിത്തജാതിക്കാരുടെ ഒരു നേതാവ് എന്ന നിലയ്ക്ക് മാത്രമാണ്.
എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തെ, അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളെ, അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ നാം അടുത്തുനിന്ന് പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ആധുനിക ജനാധിപത്യ ഇന്ത്യയെ നിർമ്മിക്കുന്നതിലും അതിന്റെ ശാശ്വതമായ നിലനിൽപ്പിനും ഏറ്റവും വലിയ സംഭാവന ചെയ്ത മഹാത്മാക്കളിൽ ഒരാളാണ് ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ എന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യയിലെ വ്യത്യസ്ത ധാരകൾ - അത് മാർക്സിസ്റ്റുകളാവാം, ദേശീയവാദികളാവാം, സോഷ്യലിസ്റ്റുകളാവാം - ഇവരൊക്കെ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിച്ചെടുത്ത ധാരണകളിൽനിന്ന് തികച്ചും ഭിന്നമായ ഒരു സങ്കൽപ്പമാണ് ഇന്ത്യയെക്കുറിച്ച് അദ്ദേഹം നിർമ്മിച്ചെടുത്തത്.
ഇന്ത്യ ചരിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, മാർക്സിസ്റ്റുകൾ ഇന്ത്യയെ വർഗ്ഗങ്ങളുടെ ഒരു സമൂഹമായി വ്യാഖ്യാനിച്ചപ്പോൾ ദേശീയ പ്രസ്ഥാനം വ്യത്യസ്ത മതസമൂഹങ്ങളുടെ ഒരു സംഘാതമായാണ് ഇന്ത്യയെ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. അതിൽനിന്ന് ഭിന്നമായി ഇന്ത്യ എന്നത് ജാതികളുടെ നാടുകൂടിയാണെന്നും ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനപരമായ ബലതന്ത്രങ്ങളെ നിർണ്ണയിക്കുന്നത് ജാതിവ്യവസ്ഥയും അതിന്റെ മൂല്യമണ്ഡലവുമാണെന്ന് ഒരുപക്ഷേ ഇന്ത്യൻ സമൂഹത്തിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒരു ചിന്തകൻ ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറാണ്. അദ്ദേഹം 1916-ൽ എഴുതിയ 'ജാതികൾ ഇന്ത്യയിൽ: അതിന്റെ ഉത്ഭവവും വളർച്ചയും മെക്കാനിസവും' എന്ന പ്രബന്ധം 24 പേജ് മാത്രം വരുന്ന ചെറിയൊരു പ്രബന്ധമാണ്. ഇന്നും ജാതിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ആധികാരികമായി റെഫർ ചെയ്യാൻ കഴിയുന്ന ഒരു പുസ്തകമായി ഇന്നും അത് തുടരുന്നുണ്ട്.
അതിൽ അദ്ദേഹം പ്രധാനമായും പറയുന്നത് ജാതിയെ നമുക്ക് മനസ്സിലാകണമെങ്കിൽ അത് ഉല്പാദനത്തിലും ഉല്പാദന ബന്ധങ്ങളിലും തൊഴിൽ ബന്ധങ്ങളിലും മാത്രം അന്വേഷിച്ചാൽ നമുക്ക് ജാതിയെ മനസ്സിലാവില്ല. ജാതി യഥാർത്ഥത്തിൽ അതിജീവിക്കുന്നത് പ്രത്യുല്പാദന ബന്ധങ്ങളിലൂടെയാണ് എന്ന് ആദ്യമായി തിരിച്ചറിഞ്ഞ സാമൂഹ്യശാസ്ത്ര ചിന്തകനായിരുന്നു ബാബാസാഹിബ് ഡോക്ടർ ബി.ആർ. അംബേദ്കർ. മാത്രവുമല്ല ജാതിവ്യവസ്ഥ എന്നത് കീഴ്ത്തട്ടിലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ മറ്റൊരു പേരല്ലെന്നും ഇന്ത്യ അകപ്പെട്ടിരിക്കുന്ന വലിയൊരു കെണിയാണെന്നും തിരിച്ചറിഞ്ഞ ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമാണെന്നും മാനവരാശിയുടെ മുന്നോട്ടുപോക്കിന് തടസ്സമാണെന്നുമാണ് ഡോക്ടർ ബി.ആർ. അംബേദ്കർ അടിസ്ഥാനപരമായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് ജാതിയെ നിർമ്മൂലനം ചെയ്യുക, 'Annihilation of Caste' എന്ന് പറയുന്ന ഒരു സിദ്ധാന്തത്തിലേക്ക് അദ്ദേഹത്തിന്റെ ചിന്ത വളരുന്നത് അങ്ങനെയാണ്.
ജാതിവ്യവസ്ഥയെ നിരാകരിച്ചുകൊണ്ടുമാത്രമേ ഇന്ത്യയ്ക്ക് ഒരു ജനാധിപത്യ സമൂഹമായി പരിവർത്തനപ്പെടാൻ കഴിയൂ എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു സാമൂഹ്യ രാഷ്ട്രീയ ദാർശനികനായിരുന്നു ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകൾ അയിത്തജാതിക്കാർക്കുവേണ്ടി വാദിച്ച ഒരാൾ, അവരുടെ ഒരു നേതാവ് എന്നൊക്കെ അദ്ദേഹത്തെ ചുരുക്കി കാണുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം, ഇന്ത്യയ്ക്കകത്ത് ഏറ്റവും നവീനമായ രാഷ്ട്രീയ ആശയങ്ങൾ, സാമൂഹിക വിമർശനത്തിന്റെ ധാരകൾ നിർമ്മിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്.
1915-ന് ശേഷം ഇന്ത്യയിൽ നടന്ന പ്രധാനപ്പെട്ട എല്ലാ നിയമനിർമ്മാണ പരിശ്രമങ്ങളിലും ക്രിയാത്മകമായി ഇടപെട്ട ഒരു ചരിത്രം ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർക്കുണ്ട്. അദ്ദേഹം പരസ്യമായ സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്ന 1917-ൽ സൗത്ത്ബറോ കമ്മീഷൻ മുമ്പാകെ ഇന്ത്യയിലെ വോട്ടവകാശം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുവാൻ, ഇന്ത്യയ്ക്ക് ഒരു ഡൊമിനിയൻ പദവി നൽകാൻ കഴിയുമോ എന്ന കാര്യം ആലോചിക്കുവാൻ സൗത്ത്ബറോ കമ്മീഷൻ തെളിവെടുപ്പ് നടത്തുന്ന സമയത്ത് ഡോ. ബി.ആർ. അംബേദ്കർ തെളിവ് നൽകാൻ ഹാജരാകുന്നുണ്ട്. അദ്ദേഹം പറയുന്ന ആ തെളിവ് നൽകലിൽ അദ്ദേഹം പുതിയൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. അദ്ദേഹം പറയുന്ന ഒരു കാര്യം ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്തിനകത്ത് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവർ മാത്രം പാർലമെന്റിൽ എത്തിയാൽ അത് ജനാധിപത്യത്തിന്റെ 50 ശതമാനം മാത്രമേ ആകുന്നുള്ളൂ, വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ പ്രതിനിധികൾകൂടി എത്തിച്ചേരുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത് എന്ന് അദ്ദേഹം 1917-ൽത്തന്നെ സൗത്ത്ബറോ കമ്മീഷന് കൊടുക്കുന്ന മെമ്മോറാണ്ടത്തിൽ വളരെ വ്യക്തമായും രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയെപ്പോലെ വൈവിധ്യപൂർണ്ണമായ ഒരു സമൂഹത്തിനകത്ത് ജനാധിപത്യം എങ്ങനെയാണ് പ്രയോഗിക്കപ്പെടേണ്ടത്, ജനാധിപത്യം എന്ന ആശയം എങ്ങനെയാണ് വിന്യസിക്കപ്പെടേണ്ടത്, അതിന്റെ രൂപം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച വളരെ വ്യക്തമായ നിർദ്ദേശം ബാബാസാഹിബ് ബി.ആർ. അംബേദ്കർ സമർപ്പിക്കുമ്പോൾ ജനാധിപത്യത്തെ സംബന്ധിച്ച സമൂർത്തമായ ഒരു ആലോചനയിലേക്ക് പോലും ദേശീയ പ്രസ്ഥാനം കടന്നിരുന്നില്ല എന്ന കാര്യം നമ്മൾ മനസ്സിലാക്കണം. അതോടൊപ്പംതന്നെ 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, മോണ്ടേഗു-ചെംസ്‌ഫോർഡ് ആക്ടിന്റെ ഭാഗമായി രൂപംകൊണ്ട ഒന്നാമത്തെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ നിർദ്ദേശങ്ങളിൽ ഒന്നാണ് പത്തു വർഷത്തിലൊരിക്കൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ശരിയായി നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്നത്. അതിന്റെ ഭാഗമായിട്ടാണ് 1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിക്കുന്നത്. സൈമൺ കമ്മീഷനുള്ളിൽ ഇന്ത്യക്കാരില്ല എന്ന കാരണത്താൽ ദേശീയ പ്രസ്ഥാനവും ഗാന്ധിയും സൈമൺ കമ്മീഷൻ ബഹിഷ്കരിച്ചപ്പോൾ അംബേദ്കർ സൈമൺ കമ്മീഷനുമുന്നിൽ ഹാജരാകുകയും തെളിവ് നൽകുകയും ചെയ്യുന്നുണ്ട്. ആ സമയത്ത് പുതിയൊരു ആശയമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ആ ആശയം ഇന്ത്യയിലെ അയിത്തജാതിക്കാരെ ഒരു ന്യൂനപക്ഷ വിഭാഗമായി പരിഗണിച്ചുകൊണ്ട്, ഹിന്ദുക്കളുടെ ഭാഗമായല്ല ഒരു ന്യൂനപക്ഷ വിഭാഗമായി പരിഗണിച്ചുകൊണ്ട് പ്രത്യേകമായ അവകാശങ്ങൾ നൽകി ഇന്ത്യ ഇന്ത്യൻ ദേശരാഷ്ട്രം ഉൾക്കൊള്ളണമെന്ന മഹത്തായ ഒരു നിർദ്ദേശമാണ് സൈമൺ കമ്മീഷനുമുന്നിൽ ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ സമർപ്പിക്കുന്നത്.
അത്തരം ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതിലൂടെ സാമൂഹികമായി ബഹിഷ്കരിക്കപ്പെട്ടവർ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം എന്നുള്ള ദർശനം, സാമൂഹ്യമായി വേർതിരിക്കപ്പെട്ടവർ വേറെ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണം എന്നല്ല അതിന്റെ അർത്ഥം, മറിച്ച് സാമൂഹികമായി വേർതിരിക്കപ്പെട്ടവരെ സവിശേഷ ഗണമായി പരിഗണിച്ച് അവർക്ക് പ്രത്യേകമായ അവകാശങ്ങൾ നൽകി രാഷ്ട്രത്തിനുള്ളിൽ അവരുടെ സ്ഥാനം ഉറപ്പിക്കണമെന്നാണ് ബാബാസാഹിബ് ബി.ആർ. അംബേദ്കർ അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരിക്കൽപ്പോലും ദളിത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം ആദ്യം ഉണ്ടാക്കിയത് ഇൻഡിപെൻഡന്റ് ലേബർ പാർട്ടി, പിന്നെ അദ്ദേഹം പരിശ്രമിച്ചത് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ, പിന്നീട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്ന് പറയുന്ന ഒരു പാർട്ടിയെക്കുറിച്ചാണ്.
1930-32 കാലഘട്ടത്തിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ ദളിതരുടെ മാത്രം പ്രശ്നമല്ല ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിനെ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്. ഈ വിഷയം പഠിക്കാൻ ഒൻപതോളം കമ്മിറ്റികൾക്ക് വട്ടമേശ സമ്മേളനം രൂപംകൊടുക്കുമ്പോൾ എട്ട് കമ്മിറ്റികളിലും ഡോ. ബി.ആർ. അംബേദ്കർ അംഗമായിരുന്നു. അത്രമേൽ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. വട്ടമേശ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഗാന്ധിയെക്കുറിച്ച് ഡോക്ടർ ബി.ആർ. അംബേദ്കർ പറഞ്ഞ ഒരു വാചകമുണ്ട്: 'പരാജയപ്പെട്ട രാഷ്ട്രതന്ത്രജ്ഞനാണ് ഗാന്ധി' എന്നാണ്. എന്ന് പറഞ്ഞാൽ ആധുനിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഉത്തരമില്ലാത്ത മനുഷ്യനാണ് ഗാന്ധി എന്ന വിമർശനമാണ് അംബേദ്കർ ഉന്നയിച്ചത്. വളരെ ഗൗരവമായി നാം കാണേണ്ടതുണ്ട്.
1932-ലെ പൂനാ പാക്ടിന്റെ സമയത്ത് സെപ്പറേറ്റ് ഇലക്ടറേറ്റ് എന്ന ആവശ്യമാണ് അംബേദ്കർ മുന്നോട്ടുവെക്കുന്നത്. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ ഭാഗമായി എസ്.സി/എസ്.ടി ലിസ്റ്റ് തയ്യാറാകുന്ന ഘട്ടത്തിൽ അതിന്റെ മാനദണ്ഡങ്ങൾ എങ്ങനെയായിരിക്കണം എന്നുള്ള കാര്യത്തിൽ വ്യക്തമായ നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. 1943-ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പർ ആയിരുന്നുകൊണ്ട് ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളുടെ 90 ശതമാനത്തിനും നിയമപ്രാബല്യം നൽകിയതിന് നേതൃത്വം കൊടുത്തത് ഡോ. ബി.ആർ. അംബേദ്കർ ആണ്. തുല്യവേതനം, മെറ്റേണിറ്റി ലീവ്, തൊഴിൽ സമയം തുടങ്ങി അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളെയും നിയമവൽക്കരിച്ചത് ലേബർ മെമ്പർ എന്ന നിലയ്ക്ക് ഡോ. ബി.ആർ. അംബേദ്കറാണ്. ഇന്ത്യയിലെ തൊഴിലാളിവർഗ്ഗം ഡോ. ബി.ആർ. അംബേദ്കറോടാണ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്.
ക്യാബിനറ്റ് മിഷൻ വരുന്ന സമയത്ത് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം അദ്ദേഹം വെക്കുന്നുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും വിഭാഗത്തിന് മാത്രം ഭൂരിപക്ഷം കിട്ടുന്ന ഒരു റെപ്രസന്റേഷണൽ മോഡ് (Representational mode) ഇന്ത്യ പിന്തുടരാൻ പാടില്ല. അങ്ങനെ ഏതെങ്കിലും മതവിഭാഗത്തിനോ സാമുദായിക വിഭാഗത്തിനോ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടായാൽ അത് ഒരിക്കലും രാഷ്ട്രീയ ഭൂരിപക്ഷമായിരിക്കില്ല, അത് വർഗ്ഗീയ ഭൂരിപക്ഷമായിരിക്കും. അത് ഫാസിസത്തിനും സവർണ്ണ ഒളിഗാർക്കിക്കും വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്ക് കേട്ടിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യ നേരിടുന്ന ഹിന്ദുരാഷ്ട്രവാദം എന്നൊരു വാദംപോലും ചരിത്രത്തിൽ ഉണ്ടാകുമായിരുന്നില്ല. റെപ്രസന്റേഷൻ ബാലൻസ്ഡ് ആയിരിക്കണം എന്ന അദ്ദേഹത്തിന്റെ നിർണ്ണായകമായ നിർദ്ദേശം പോലും ഇന്ത്യ ചെവിക്കൊണ്ടില്ല. അതിന്റെ ദുരന്തമാണിന്ന് നാം അനുഭവിക്കുന്നത്.
ഇന്ത്യൻ ഭരണഘടന രൂപംകൊള്ളുമ്പോൾ അതിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നുകൊണ്ട് ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭരണഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. ആ ഭരണഘടന ശരിയായ രീതിയിൽ ഇംപ്ലിമെന്റ് ചെയ്താൽ ജനാധിപത്യവും സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും വാഴുന്ന ഒരിടമായി ഇന്ത്യ മാറുമായിരുന്നു. നമ്മുടേത് ഒരു നല്ല ഭരണഘടനയാണ്, പക്ഷേ അത് കൈകാര്യം ചെയ്യുന്നവർ നല്ലവരല്ലെങ്കിൽ ആ ഭരണഘടനയും മോശമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കേവലം ഒരു ജാതിവാദി എന്ന് മാത്രം വിളിച്ച് കോർണർ ചെയ്യാൻ ശ്രമിക്കുന്നവർ മൂടിവെക്കുന്നത് ഈ വലിയ രാഷ്ട്രനിർമ്മാണത്തിന്റെ ചരിത്രമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണം അംബേദ്കറുടെ ധനതത്വശാസ്ത്ര ചിന്തകളിൽനിന്നാണെന്ന് ആർ.ബി.ഐയുടെ ചരിത്രം പറയുന്നു. അന്തർസംസ്ഥാന നദീജല തർക്കങ്ങളുടെ ഉടമ്പടി മാതൃകകൾ ആദ്യം ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇങ്ങനെ ഒരു മനുഷ്യായുസ്സിൽ ചെയ്തുതീർക്കാൻ കഴിയാത്ത വിധമുള്ള വലിയൊരു സംഭാവനയുടെ അന്തസ്സത്തയാണ് അയിത്തജാതിക്കാർക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങൾ. ഭരണകൂട വ്യവസ്ഥയായാലും സാമൂഹിക മൂല്യവ്യവസ്ഥയായാലും പുറത്താക്കപ്പെട്ട വിഭാഗങ്ങളെ ആധുനിക രാഷ്ട്രം എങ്ങനെ തിരിച്ചെടുക്കണമെന്ന മൗലികമായ ചോദ്യത്തിന്റെ ഉത്തരമാണ് അദ്ദേഹം തേടിയത്. സംവരണം എന്നത് ഈ വിഭാഗങ്ങളെ വീണ്ടെടുക്കാനുള്ള ഒരു കോൺസ്റ്റിറ്റ്യൂഷണൽ മെക്കാനിസം ആണ്. ലോകത്തെമ്പാടും ഭരണവ്യവസ്ഥയാൽ പുറത്താക്കപ്പെട്ട മനുഷ്യർ ഇന്ന് ഏറെ പ്രതീക്ഷയോടെ നോക്കുന്ന രാഷ്ട്രീയ ദാർശനികനാണ് ഡോ. ബി.ആർ. അംബേദ്കർ. അതുകൊണ്ടാണ് ഘാന യൂണിവേഴ്സിറ്റിയിൽ ഗാന്ധിയുടെ പ്രതിമ മാറ്റി അംബേദ്കർ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്. ജർമ്മനിയിലെ ബോൺ യൂണിവേഴ്സിറ്റിയിലും ന്യൂയോർക്കിലുമൊക്കെ അംബേദ്കറെക്കുറിച്ച് സെമിനാറുകൾ നടക്കുമ്പോൾതന്നെ ഇന്ത്യയിലെ ചേരികളിൽ 'ജയ് ഭീം' വിളികളുമായി ലക്ഷക്കണക്കിന് മനുഷ്യർ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് നാമിന്ന് സാക്ഷ്യം വഹിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സങ്കീർണ്ണമായ സാമൂഹിക പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം നിർദ്ദേശിച്ച വിശ്വദാർശനികൻ എന്ന നിലയ്ക്കാണ് അദ്ദേഹം അടയാളപ്പെടുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച 'മൈത്രി' എന്ന സങ്കല്പം ഇന്ന് വിദ്വേഷത്തിന്റെ അന്തരീക്ഷമുള്ള ഇന്ത്യയിൽ ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. നമുക്ക് മുന്നോട്ടുപോകാനുള്ള വഴിവെളിച്ചമാണ് ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ.