ജനാധിപത്യം എന്ന് പറയുന്നത് വാസ്തവത്തിൽ ഭൂരിപക്ഷാധിപത്യമല്ല; അത് ന്യൂനപക്ഷത്തെ അംഗീകരിക്കലാണ്. ഒരു ചങ്ങലയുടെ ബലം വാസ്തവത്തിൽ അതിലെ ദുർബലമായ കണ്ണിയുടെ ബലമാണ്. വികസനം എന്നതിനെ വളരെ സംശയത്തോടുകൂടി നാം നോക്കേണ്ടതുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം നേടാനിരിക്കുന്നത് ഒരു ദുസ്വാതന്ത്ര്യമാണ്, യഥാർത്ഥ സ്വാതന്ത്ര്യമല്ല. അതുകൊണ്ട് ജനാധിപത്യ പുനർനിർമ്മിതി ഇന്ന് അനിവാര്യമായ ഒന്നാണ് - കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ എഴുതുന്നു.
അവരുടെ പാകത്തിന് നിന്ന് നിന്ന് ഞാൻ എനിക്ക് പതാകയല്ലാതായി എന്ന് കരുതുന്നവർ നിങ്ങളിലുണ്ട്. തുപ്പാൻ പേടിച്ച് ഞാൻ ഇറക്കിയത് വിഷമായിരുന്നു എന്ന് തിരിച്ചറിഞ്ഞവർ നിങ്ങളുടെ ഇടയിലുണ്ട്. നമ്മളെല്ലാം ജനാധിപത്യത്തിന്റെ പുനരാഗമനത്തിനായി കാത്തുനിൽക്കുന്നു. ജനാധിപത്യം ഓരോ തിരഞ്ഞെടുപ്പിലും പുതുതായി പുനഃസൃഷ്ടിക്കപ്പെടേണ്ടതാണ് എന്നത് ഈ തിരഞ്ഞെടുപ്പുകളുടെ ഒരു ലക്ഷ്യവുമാണ്. ഈ തവണ ആ ജനാധിപത്യത്തിന്റെ വരവ് ഉറപ്പിക്കുക എല്ലാവിധത്തിലും എന്നതാണ് നമ്മുടെ ചുമതല. ആരു വരുന്നു ആരു പോകുന്നു എന്നല്ല, ജനാധിപത്യ ബോധം ആര് കാണിക്കുന്നുവോ അവരെ അധികാരത്തിൽ അവരോധിക്കുക എന്നതായിരിക്കണം പൗരസമൂഹത്തിന്റെ ചുമതല.
ജനാധിപത്യം എന്ന് പറയുന്നത് വാസ്തവത്തിൽ ഭൂരിപക്ഷാധിപത്യം (Majoritarianism) അല്ല. ഭൂരിപക്ഷത്തിന്റെ ശക്തി കാണിക്കലല്ല ജനാധിപത്യം. അത് മൈനോറിറ്റിസം (Minorityism) ആണ്; ന്യൂനപക്ഷത്തെ അംഗീകരിക്കലാണ്. ഒരു ചങ്ങലയുടെ ബലം വാസ്തവത്തിൽ അതിലെ ദുർബലമായ കണ്ണിയുടെ ബലമാണ്. അത് ബലവത്തായിത്തീരുന്നതോടുകൂടി ജനാധിപത്യം എന്ന് പറയുന്ന ഈ ചങ്ങല ശക്തിയായിത്തീരും. കേരളത്തിൽ യു.ഡി.എഫ്. വന്നാൽ മുസ്ലീങ്ങൾ അധികാരത്തിൽ ഉണ്ടാകും എന്ന് പറഞ്ഞവർ വാസ്തവത്തിൽ യു.ഡി.എഫിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. ന്യൂനപക്ഷത്തിന് ഇവിടെ ഇത്രയും അധികാര അവകാശങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞത് വാസ്തവത്തിൽ യു.ഡി.എഫിനെ അഗാധമായി അനുമോദിക്കലാണ്. അതുകൊണ്ട്, ഈ ന്യൂനപക്ഷം ആരുടെ കൂടെ നിൽക്കുന്നുവോ അവരാണ് ജയിക്കേണ്ടത് എന്നാണ് ജനാധിപത്യത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ നമുക്ക് പറയാനുള്ളത്. ആരുടെ കൂടെയാണ് മുസ്ലീങ്ങൾ, ആരുടെ കൂടെയാണ് ക്രിസ്ത്യാനികൾ, ആരുടെ കൂടെയാണ് ഇന്ത്യയിലെ കേരളത്തിലെ ന്യൂനപക്ഷങ്ങൾ - അവർക്കൊപ്പം നിന്നാൽ മാത്രമേ ഈ ജനാധിപത്യത്തെ പുനഃസൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. അവർക്കൊപ്പം നിൽക്കുന്ന മുന്നണി ഏതോ ആ മുന്നണിയെ ജയിപ്പിക്കാൻ നാം ബാധ്യസ്ഥരാണ് എന്ന് ഞാൻ പറയും.
യഹൂദി യുദ്ധ പശ്ചാത്തലമാണ് നമ്മുടേത്. യഹൂദ അമിച്ചായി എന്ന് പറയുന്ന പലസ്തീൻ കവി ഒരു കവിത എഴുതിയിട്ടുണ്ട് - ഒരു ബോംബിന്റെ വ്യാസം (diameter) എന്ന് പറയുന്നത് പത്ത് സെന്റിമീറ്റർ ആണെന്ന്. അതിന്റെ ആഘാത പരിധി നൂറ് മീറ്റർ ആണെന്ന്. അതിനകത്ത് ഒരു ആശുപത്രിയോ, ഒരു ബാലവാടിയോ ഒക്കെ ഉൾപ്പെടാം. ആയിരം കിലോമീറ്റർ അകലെ നിന്ന് വന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ബോംബിന്റെ വ്യാസം ആയിരം കിലോമീറ്റർ ആണ്, അതിൽ പെട്ടിട്ടുണ്ടെങ്കിൽ. ഇപ്പോ നോക്കുക, ഇറാനിൽ പൊട്ടിക്കൊണ്ടിരിക്കുന്ന ഓരോ ബോംബിന്റെയും ചീളുകൾ നമ്മുടെ മുറ്റത്ത്, നമ്മുടെ അടുക്കളയിലാണ് പതിക്കുന്നത്. വീടുകൾ അടുപ്പുകത്താത്ത വിധത്തിൽ ഹോട്ടലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ അത്യാസന്നമായ ഒരു അവസ്ഥയിലൂടെ നാം കടന്നുപോയിട്ടില്ല. ഇതിനൊക്കെ മുഖ്യകാരണമായിരിക്കുന്നത് നമ്മുടെ കേന്ദ്ര ഭരണകൂടമാണ്. മോദി ഇന്ന് പറയുകയാണ് കോവിഡിന്റേതുപോലെ ഒരു അടിയന്തരാവസ്ഥയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത് എന്ന്. കോവിഡ് എങ്ങനെ സംഭവിപ്പിച്ചു എന്ന് നമുക്കറിയാം. കോവിഡ് ഒരു ഏകാധിപതിയെ ഏതുവിധം തുണയ്ക്കുമെന്നും നമുക്കറിയാം. ആ ഏകാധിപത്യത്തിന്റെ തോഴനായിട്ടുള്ള, ഒരു രോഗം പോലെ പ്രതികൂലമായതെല്ലാം ഭരണകക്ഷികൾക്ക് ലാഭകരമാണ്, എല്ലാക്കാലത്തും. സായ്‌നാഥ് പറയുന്നതുപോലെ വരൾച്ച ഏത് ഭരണാധികാരിയെയാണ് സന്തോഷിപ്പിക്കാത്തത്? വെള്ളപ്പൊക്കം ഭരണാധികാരികൾക്ക് വളരെ ലാഭകരമായ ഒന്നാണ്. അതുപോലെ കോവിഡ് വളരെ ലാഭകരമായ ഒന്നായിരുന്നു. അതുകൊണ്ട് ഈ അവസ്ഥയ്ക്ക് ആര് കാരണമായിരിക്കുന്നുവോ ആ മോദിയെ സകലം ചെറുക്കുക എന്നതായിരിക്കണം ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യ ലക്ഷ്യം. ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിൽ കിട്ടരുത് എന്ന് നമ്മൾ ആഗ്രഹിക്കണം. അതിന് അനുചിതമായിട്ട് പെരുമാറുകയും വേണം. ഇവിടെ നിറയെ യുദ്ധവിരുദ്ധമായ ജാഥകളൊന്നും ഇല്ലാത്തത് വലിയ തെറ്റാണ് എന്ന് ഞാൻ കാണുന്നു. പാടില്ലാത്തതായിരുന്നു ഇത്.
നമ്മുടെ കേരളീയർ തന്നെ ഈ വിധത്തിൽ ആയിക്കൊണ്ടിരിക്കുന്നു. മലയാളികൾ എന്ന് പറയാതെ കേരളീയർ എന്ന് പറഞ്ഞത് പോയതിൽ എനിക്ക് അല്പം പ്രയാസമുണ്ട്. എന്താണെന്ന് പറഞ്ഞാൽ, കഴിഞ്ഞ തവണ ഇവിടെ മോദി വന്നപ്പോൾ 'കേരളം കേരളം' എന്ന് ഉറക്കെ പറയുകയും ഓരോ തവണ പറയുമ്പോഴും കേൾവിക്കാരെ മുഴുവൻ കൈയ്യടിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് നമ്മുടെ സംസ്ഥാനം. അന്നേ അതിനിടേണ്ടിയിരുന്ന പേര് ദേശത്തിന്റെ പേരായിരുന്നില്ല, ഭാഷയുടെ പേരായിരുന്നു. തമിഴ്‌നാടും കർണാടകയും പിന്നീടത് തിരുത്തി അവരുടെ ഭാഷയുടെ പേരാക്കിയതുപോലെ നമ്മളും അത് തിരുത്തേണ്ടതായിരുന്നു. അല്ലെങ്കിൽ അതിനെന്ത് പ്രയാസമുണ്ടാകുമെന്ന് ദേശത്തിന്റെ പേരിൽ അഹങ്കരിക്കുന്ന ഒരു പ്രധാനമന്ത്രി നമുക്ക് പറഞ്ഞുതന്നു. 'ഞാൻ കേരളം എന്ന് പേരിട്ടിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതിന്റെ അർത്ഥം ദേശത്തിന്റെ പേരിൽ ഒന്നിക്കാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു എന്നാണ്. എനിക്കെതിരെ പറയുന്നവർ ദേശദ്രോഹികളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കേരളം നമുക്ക് വേണ്ട, നമുക്കൊരു പുതിയ സമരമൊക്കെ തുടങ്ങണം. ഇത് മലയാളികളാണ്, ലോകത്തിലെങ്ങുമുള്ള മലയാളികളുടെ ആത്മാവും ദേഹവും വസിക്കുന്ന ഒരിടമായിരിക്കണം ഇവിടം.
കമ്മ്യുണിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ അത്തരം കാര്യങ്ങളിലൊന്നും അത്ര ജ്ഞാനമുള്ള ആളുമല്ല. പക്ഷേ, ഒരു കാര്യത്തിൽ ഡീൽ ഉണ്ട് എന്നതിലെനിക്കൊരു സംശയവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതുപോലെ ആർ.എസ്.എസിന്റെയും മുഖ്യ മുദ്രാവാക്യം വികസനം എന്നതാണ്. വികസനം എന്ന് പറയുന്നത് അത്ര സുഖമുള്ള ഒരു മുദ്രാവാക്യമല്ല. അത് നടപ്പിലാക്കുന്നവർക്ക് ലാഭകരമാണ്, എല്ലാവിധത്തിലും. ഇതുവരെ ഉപയോഗപ്പെടാതിരുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കലാണത്. അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക ലാഭം നമ്മുടെ അദാനികളെ സപ്പോർട്ട് ചെയ്യുന്നതാണ്. ഇവിടെയൊരു ദേശീയപാത വന്നു. ഈ ദേശീയപാത വാസ്തവത്തിൽ മൂന്ന് കൂട്ടർക്കും അഭിമാനിക്കാനുള്ളതാണ്, അഭിമാനിക്കാൻ ഉണ്ടങ്കിൽ എന്നേ ഞാൻ പറയൂ. മൻമോഹൻ സിംഗ് കൊണ്ടുവന്ന ഒരു നിയമത്തിനുശേഷം മാത്രം സാധ്യമായ ഒരു ഭൂമി ഏറ്റെടുക്കലിന്റെ കഥ അതിലുണ്ട്. രണ്ടാമതായി, ഈ ഭൂമി ഏറ്റെടുത്ത ഇടതുപക്ഷത്തെ ഞാൻ അഭിനന്ദിക്കുന്നു; അവരുടെ പരിശ്രമമില്ലായിരുന്നെങ്കിൽ ആ ദേശീയപാത വരുമായിരുന്നില്ല. മൂന്നാമത്തേത്, ഇത് നടപ്പിലാക്കിയത് കേന്ദ്ര ഭരണകൂടമാണ്, അവർക്കും ഇതിൽ പങ്കുണ്ട്. പക്ഷേ, ഈ ദേശീയപാതയുടെ വലിയ ഗുണഭോക്താക്കൾ നമ്മളല്ല. വിഴിഞ്ഞത്തുനിന്ന് മംഗലാപുരത്തേക്ക് കണ്ടെയ്‌നറുകളുമായി കുതിച്ചുപായുന്ന വാഹനങ്ങൾ നിങ്ങളോട് പറയും ആരാണ് അതിന്റെ ഗുണഭോക്താക്കളെന്ന്.
ഒരിക്കൽ നാം നടക്കുന്ന വഴിയിൽ നടക്കാൻ പറ്റാത്തതിന് സമരം ചെയ്യേണ്ടി വന്നിരുന്നവരാണ് നമ്മൾ. ഇതാ വീണ്ടും നിങ്ങളുടെ പ്രധാന റോഡ് അന്യാധീനമായിരിക്കുന്നു. നിങ്ങൾ ടോൾ നൽകിയാലേ അതിലൂടെ കടന്നുപോകൂ. മാത്രവുമല്ല, ഈ കാലത്ത് ആരെങ്കിലും കുന്നിടിച്ച് പുഴകൾ തോണ്ടി റോഡ് നടപ്പിലാക്കുമോ? അതെല്ലാം ആകാശപാതയായി മാറേണ്ടതായിരുന്നു, തൂണുകളിൽ നിലനിൽക്കേണ്ടതായിരുന്നു. എങ്കിൽ ഒരു കുന്നും ഇടിയില്ല, ജനങ്ങളുടെ സമ്പർക്കത്തിന് ഒരു പ്രയാസവും വരികയില്ല, ഇടയ്ക്കൊരു മതിലും ഉയരില്ല. അതുകൊണ്ട് ഈ വികസനം എന്ന് പറയുന്നത് വളരെ സംശയത്തോടുകൂടി നാം നോക്കേണ്ടതാണ്. എന്തിനുവേണ്ടിയിട്ടാണ് ഭരണം കിട്ടുന്നത്? ജനസേവനത്തിനൊക്കെയാണ്. പക്ഷേ, ഇന്ന് ഈ ധനവിനിയോഗത്തിന്റെ സ്വാതന്ത്ര്യം കൈവരിക്കാൻ വേണ്ടിയിട്ടാണ് ഇത്ര പ്രചാരവും മറ്റും നടക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം നേടാനിരിക്കുന്നത് ഒരു ദുസ്വാതന്ത്ര്യമാണ്, യഥാർത്ഥ സ്വാതന്ത്ര്യമല്ല. അതുകൊണ്ട് ഈ ജനാധിപത്യ പുനർനിർമ്മിതി അനിവാര്യമായ ഒന്നാണ് എന്ന് ഞാൻ കരുതുന്നു.