Author Image പ്രൊഫ. ഗോപാൽ ഗുരു

ഇന്ത്യയിലെ ഉദാര ജനാധിപത്യവും ദലിത് വിമർശ്യവും: പ്രൊഫ. ഗോപാൽ ഗുരു

അക്കാദമിജ്ഞനും സാമൂഹ്യവിമർശകനും ഇ.പി.ഡബ്ല്യൂ. മുൻ എഡിറ്ററുമായ പ്രൊഫ. ഗോപാൽ ഗുരു ഇന്ത്യയിലെ ഉദാര ജനാധിപത്യത്തെ (liberal democracy) വിമർശന വിധേയമാക്കുന്ന ഗവേഷണപഠന ലേഖന പരമ്പര.

പൊതുവായി പറയുകയാണെങ്കിൽ കൊളോണിയൻ വിരുദ്ധദേശീയതയുടെ പശ്ചാത്തലത്തിൽ ഉദയം ചെയ്ത ഇന്ത്യയിലെ ഉദാര ജനാധിപത്യം വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾക്ക് വ്യത്യസ്ത രീതിലാണ് ആകർഷകമായി അനുഭവപ്പെട്ടത്. ഉദാഹരണത്തിന്, ആധുനിക വൽക്കരിക്കപ്പെട്ടിരുന്ന വരേണ്യർ ( the modernizing elite) പ്രാഥമികമായി ഉദാര ജനാധിപത്യത്തിലേയക്ക് ആകർഷിക്കപ്പെടുന്നത് കൊളോണിയൻ ഭരണക്കാലത്ത് ഞെരുക്കപ്പെട്ട ( constricted ) അവരുടെ അധികാരവും സ്വാധീനവും തിരിച്ചെടുക്കാനും വികസിപ്പിക്കുവാനുമുള്ള സാധ്യത അത് വാഗ്ദാനം ചെയ്ത് കൊണ്ടാണ്. എന്നിരുന്നാലും, ലിബറൽ ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ വരേണ്യരുടെ താൽപര്യ വലയത്തിന് വെളിയിലേക്ക് വികസിപ്പിക്കുന്നതിൽ അവർക്ക് വലിയ താൽപര്യമുണ്ടായതായി കാണുന്നില്ല. ആശയങ്ങളുടെ ചരിത്രകാരനായ സുമിത് സർക്കാർ സൂചിപ്പിച്ചത് പോലെ, വികസനോന്മുഖമായ ഒരു ചട്ടക്കൂട് (an expansive framework) എന്ന നിലയിലാണ് യഥാർത്ഥത്തിൽ ജനാധിപത്യത്തിനോട് ചെറിയ തോതിലെങ്കിലുമുള്ള പ്രതിജ്ഞാബദ്ധത പുലർത്താൻ അവർ നിർബന്ധിതരായത് ( 2001.30). അതുപോലെ, പ്രമുഖ രാഷ്ട്രീയ സൈദ്ധാന്തികൻ  രജീവ് ഭാർഗ്ഗവ നിരീക്ഷിക്കുന്നത് ദേശിയവാദികളായ കോൺഗ്രസ്സുകാർക്ക് ഉദാര ജനാധിപത്യത്തിൽ വളരെ കുറഞ്ഞ താൽപ്പര്യമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് (2000.28).
    
മറുവശത്ത്, ചരിത്രപരമായി പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട ജനത ഉദാര ജനാധിപത്യത്തെ ആകർഷകമായി വീക്ഷിക്കാൻ കാരണം തുല്ല്യതയും സ്വാതന്ത്യവും അവകാശങ്ങളോടൊപ്പം തന്നെ ആത്മാഭിമാനവും അന്തസ്സും ഉൾപ്പെടുന്ന നിയമാക ഇടങ്ങൾ (normative spaces) നേടിയെടുക്കാനും വികസിപ്പിക്കുവാനുമുള്ള സാധ്യത അത് മുന്നോട്ട് വെച്ചതു കൊണ്ടാണ്. അതിനാൽ തന്നെ ആകർഷണീയമായ ഒരു ഉത്കൃഷ്ട മാതൃക (an attractive ideal) എന്ന നിലയിൽ ഉദാര ജനാധിപത്യം സമത്വാധിഷ്ഠിത ഇന്ത്യയെ സൃഷ്ടിക്കുന്ന പദ്ധതിയിൽ വ്യത്യസ്ത രീതിയിലുള്ള കീഴാള ഇടപെടലുകളെ പ്രചോദിപ്പിക്കുന്നുണ്ട്. കൊളോണിയൻ വിരുദ്ധഘട്ടത്തിൽ ഉദാര ജനാധിപത്യവും 'ദേശം' എന്ന ആശയവും സഹവർത്വാധിഷ്ഠതമായ ഒരു ബാന്ധവത്തിലാണ് നിർമ്മിച്ചെടുത്തത്. ഈയൊരു പശ്ചാത്തലത്തിലാണ് ഭാർഗ്ഗവയുടെ നിരീക്ഷണങ്ങൾ പ്രാധാന്യം അർഹിക്കുന്നത്: "ജനാധിപത്യം ഇന്ത്യയിൽ വരുന്നത് ദേശീയതയായാണ്, അതിനാൽ, തന്നെ ദേശീതയ്ക്കുവേണ്ടിയുള്ള വാദമുഖങ്ങൾ ജനാധിപത്യത്തിനുവേണ്ടിയുള്ള വാദമുഖങ്ങളുമായി അതിർത്തി പങ്കിടുന്നവയായി (coterminous) മാറി''. ഈയൊരു ജനാധിപത്യത്തിന്റെ സ്വഭാവം ഉദാരമായത് പൗരസ്വാതന്ത്ര്യത്തോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധത കൊണ്ടുമാത്രമല്ല, മറിച്ച് സമത്വത്തെക്കുറിച്ചും സാമൂഹ്യ നീതിയെക്കുറിച്ചും അത് മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകൊണ്ടു കൂടിയാണ് (ഭാർഗ്ഗവ 2000:26).
    
ഇന്ത്യയുടെ ദേശീയ ഭാവനയിൽ ഏത് വിധേനയോ ഉദയം ചെയ്തു വന്ന ജനാധിപത്യം എന്ന ആശയം രണ്ട് വ്യത്യസ്ത ഗണത്തിലുള്ള പശ്ചാത്തലത്തിന് കളമൊരുക്കിയതായി കാണുന്നു. ദേശീയ വരേണ്യരെ പ്രതിനിധാനം ചെയ്തു കൊണ്ടുള്ള സ്വയം ഭരണത്തിന്റെയും 
(self rule) ദേശീയ അഭിമാനത്തിന്റേയും ( national pride ) ഭാഷയും, വ്യത്യസ്ത പ്രാന്തവൽകൃത സമൂഹങ്ങൾ അവരുടെ നിയാമക അഭിലാഷത്തിന് ( normative ambition) ബഹിർസ്പുരണം നൽകാൻ വിന്യസിച്ച ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും ഭാഷയും ഇന്ത്യയുടെ ദേശീയ ഭാവന ആത്മാഭിമാനത്തിന്റെ പരസ്പര വിഭജിതമായ സങ്കൽപനങ്ങളുടെ ഉദയത്തിന് കാരണമാകുന്നുണ്ട്. ആദ്യത്തേത് കൊളോണിയൽ അധികാരവിന്യാസം നൽകിയ സ്വയംഭരണരാഹിത്യത്താൽ ആത്മാഭിമാനം നഷ്ടപ്പെട്ട് ആത്മനിന്ദ അനുഭവിച്ച സാമൂഹ്യമായി ഉയർന്ന വിഭാഗം (Socially privileged elite) ഉയർത്തിയ ആത്മാഭിമാന സങ്കൽപ്പം, രണ്ടാമത്തേത് ദലിത് ആത്മനിന്ദയ്ക്ക് കാരണമായ പ്രാദേശിക അധികാരവിന്യാസത്തെ ( ബ്രാഹ്മണവാദവും, മുതലാളിതത്ത്വവും) ചെറുത്ത് കൊണ്ട് ദലിതർ പിന്തുടരുന്ന ആത്മാഭിമാനത്തെക്കുറിച്ചുള്ള സങ്കൽപം (ഗുരു 2009:3). 
    
ഇന്ത്യൻ ദേശീയതോടുള്ള ദലിത് പ്രതികരണം ദേശീയതയെ കുറിച്ചുള്ള മുഖ്യധാര സങ്കൽപ്പത്തിൽ നിന്ന് മറ്റൊരു പ്രധാന രീതിയിലും വ്യത്യസ്തമാണ്. മുഖ്യധാര ദേശീയത അതിന്റെ വൈകാരിക ശക്തി ആർജ്ജിച്ചെടുത്തത് കൂട്ടായ അഭിമാനത്തിന്റെയും നിന്ദയുടെയും പതിവുപുസ്തകത്തിൽ ( register) നിന്നാണെങ്കിൽ (ഗുരു 2009:3), ദലിത് പ്രതികരണം ദേശാഭിമാനത്തിനു മുന്നിൽ സ്വാഭാമിനാം (self-respect) മുന്നോട്ടുവെക്കുന്നു (Khairmode 2002: 286). പ്രാദേശിക അധികാര അധിനിവേശ വിന്യാസത്തിനെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ദലിതരെ സംബന്ധിച്ചിടത്തോളം സ്വാഭിമാനത്തിന് അർത്ഥവും സാമൂഹ്യമാനവും കൈവരുന്നുള്ളൂവെങ്കിൽ, ദേശീയ വരേണ്യ ഉയർത്തുന്ന ദേശാഭിമാനം എന്ന സങ്കൽപ്പം അതിന്റെ അർത്ഥവും രാഷ്ട്രീയ  സ്വഭാവവും ആർജ്ജിക്കുന്നത് കോളോണിയൽ അധികാരവിന്യാസവുമായി പോരാടുന്ന പശ്ചാത്തലത്തിലാണ്. 
    
ജാതി പ്രശ്നം സംബന്ധിച്ച ദേശീയ നിർണ്ണയ (Nationalist resolution) രാഷ്ട്രീയ വാഗ്ദാനങ്ങളോടുള്ള ദലിത് അവിശ്വാസത്തിനെ പരിഗണിച്ച് കൊണ്ട് മാത്രമെ രാഷ്ട്രീയത്തിന് മേൽ സാമൂഹ്യകതയ്ക്ക് നൽകുന്ന പ്രാഥമികത്വത്തെ മനസ്സിലാക്കാൻ പറ്റൂ. കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ കാലത്ത്, ഒരു വിഭാഗം ഉന്നത ജാതി ജനങ്ങൾ സാമൂഹ്യപരിഷ്കരണങ്ങളെ വളരെ മാന്യമായി തന്നെ എതിർത്തിരുന്നു. ഇത് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ദലിത് മനസ്സുകളിൽ ജാതി പ്രശ്നം പരിഹരിക്കുവാനുള്ള ദേശീയവാദികളുടെ ആത്മാർത്ഥതയെ കുറിച്ച് സംശയം ഉണർത്തിയിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ വിഭജിച്ച് നിന്നിരുന്ന ദേശീയ വരേണ്യർ ജാതി പ്രശ്നം ദേശീയമായി തീരുമാനിക്കപ്പെടുമ്പോൾ അതിന് അവർ പിന്തുണയ്ക്കുമെന്ന് ദലിതർക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ദലിതരെ സാമൂഹ്യശ്രേണിയുടെ ഏറ്റവും താഴെ തട്ടിൽ നിറുത്തിയിരുന്ന പഴയ ശ്രേണിവ്യവസ്ഥയുടെ പുനരുൽപ്പാദനത്തിലൂടെ, സാമൂഹ്യ അധീശശക്തികൾ സ്വതന്ത്ര ഇന്ത്യയെ കവർന്നെടുക്കുകയും ഉദാരജനാധിപത്യത്തെ തങ്ങളുടെ അധികാരം ഉറപ്പിക്കാനും വികസിപ്പിക്കുവാനും ഉപയോഗിക്കുമെന്ന് യഥാർത്ഥത്തിൽ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ദലിതർ ഭയപ്പെട്ടിരുന്നു. (Ganveer 1980)
    
ദലിതരെ, പക്ഷെ, തങ്ങളുടെ നൈയാമിക ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനുള്ള പ്രാരംഭാവസ്ഥയായാണ് ഉദാര ജനാധിപത്യം കണ്ടത്. അല്ലാതെ അവരുടെ ലക്ഷ്യപൂർത്തീകരണത്തിന് വേണ്ട എല്ലാം തികഞ്ഞ മതിയായ അവസ്ഥയാലല്ല (Khairmode 2002:286). അംബേദ്കർ പ്രതീക്ഷിച്ചത് ഒരു ധാർമ്മിക ഗ്രന്ഥമെന്ന നിലയിൽ ഭരണഘടനാ കർതൃത്വമുള്ള വ്യക്തികളെന്ന നിലയിൽ സ്വയം വിവരണം നടത്താൻ ശേഷിയുള്ള വ്യക്തികളുടെ ഇടങ്ങൾ സൃഷ്ടിക്കുമെന്നും, ദലിതരിൽ കാലങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന അടിമവസ്തുക്കൾ എന്ന നെഗറ്റീവ് വിവരണത്തെ ചെറുക്കുവാൻ ലിബറൽ സ്ഥാപനങ്ങൾ (liberal institutions) സഹായിക്കുമെന്നും ആയിരുന്നു.

തുടരും...

THe Roots Media - TOWARDS SOCIAL DEMOCRACY