കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ഒരു ദിശാമാറ്റത്തിന്റെ സൂചനയാണ്. കേരളത്തിലെ മതേതര ജനാധിപത്യവാദികളെയും സാമൂഹ്യനീതി ലക്ഷ്യമാക്കുന്നവരെയും സംബന്ധിച്ച് ബിജെപിയുടെ വളർച്ച ആശാവഹമല്ല. കേരളത്തിൽ സിപിഎം എടുക്കുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ ഗുണഭോക്താവ് ബിജെപിയായി മാറുന്നു എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. Outlook മാസികയുടെ അസി. എഡിറ്റർ എൻ.കെ. ഭൂപേഷ് എഴുതുന്നു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വലിയ ചർച്ചക്ക് സ്വാഭാവികമായി കാരണമായിരിക്കുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് കേരള രാഷ്ട്രീയത്തിന്റെ ഒരു ദിശാമാറ്റത്തിന്റെ സൂചനയാണ് എന്നുള്ളതാണ്. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് ആശാവഹമായ മാറ്റത്തിനല്ല കേരളം തയ്യാറെടുക്കുന്നത് എന്നുള്ളതാണ് ആശങ്ക ഉണ്ടാക്കുന്നത്. കേരളത്തിൽ ബിജെപി സംസ്ഥാനത്താകെ ഒരു നിർണായക ശക്തിയായി മാറുന്നു എന്നത് ഒന്നുകൂടി ഉറപ്പിക്കുകയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം കോർപ്പറേഷനിൽ അവർ ഒന്നാമത് എത്തുന്നു, പാലക്കാട് നഗരസഭയിൽ അവർ ഒന്നാമത് എത്തുന്നു, തൃപ്പൂണിത്തുറ നഗരസഭ അവർ പിടിച്ചെടുക്കുന്നു, 26 പഞ്ചായത്തുകളിൽ അവർ ഭരണം പിടിച്ചെടുക്കുന്നു തുടങ്ങിയവ മാത്രമല്ല യഥാർത്ഥത്തിൽ പ്രശ്‌നം. നിരവധി ഗ്രാമപഞ്ചായത്തുകളിൽ അവരുടെ വാർഡുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വോട്ട് നല്ല നിലയിൽ ഉയർത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും എറണാകുളം ജില്ലയുടെ തൃപ്പൂണത്തുറ ഭാഗങ്ങളിലും കാസർകോട് മേഖലകളിലും മാത്രമായിരുന്നു ഇവരുടെ ശക്തികേന്ദ്രമെങ്കിൽ ഇപ്പോൾ അത് കേരളത്തിലെമ്പാടും വ്യാപിപ്പിക്കുവാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മതേതരസമൂഹവും രാഷ്ട്രീയ സമൂഹവും ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വളർച്ച ബിജെപിക്ക് ഉണ്ടായത് എന്നുള്ളത് തന്നെ ആയിരിക്കണം ഏറ്റവും പ്രധാനപ്പെട്ട പരിശോധന.
സിപിഎമ്മിനുണ്ടായ തിരിച്ചടി സ്വാഭാവികമായിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സിപിഎമ്മും ഒക്കെ പരിശോധിക്കുമായിരിക്കും. കോൺഗ്രസിന്റെ മുന്നേറ്റവും അവർ വിലയിരുത്തും. അതല്ല പ്രധാനപ്പെട്ട വിഷയം. കേരളത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സാമൂഹ്യനീതിയിൽ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, ബിജെപിയുടെ വളർച്ച തന്നെയാണ് വിഷയം. ഇതാണ് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടത്.
മുസ്ലിം പേടി വർദ്ധിപ്പിച്ചുകൊണ്ട് ഒരു ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നേടിയെടുക്കാൻ കഴിഞ്ഞ കുറച്ചു കാലമായി സിപിഐഎം നടത്തി വരുന്ന രാഷ്ട്രീയ ശ്രമത്തിന്റെ പരിണതഫലമാണ് ഇപ്പോൾ ബിജെപിയുടെ വിജയത്തിന്റെ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി എനിക്ക് തോന്നുന്നത്. ഇടതുപക്ഷം കേരളത്തിൽ മാത്രമല്ല രാജ്യത്തെമ്പാടും മതേതരത്വത്തിന്റെ ഏറ്റവും വലിയ കാവൽ പോരാളികളാണ്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മതേതരത്വ രാഷ്ട്രീയത്തെ നിലനിർത്തുന്ന ഒരു പ്രസ്ഥാനം സമീപകാലത്ത് കേരളത്തിൽ സ്വീകരിച്ചുവരുന്നത് വലിയ തോതിൽ ഇസ്ലാമോഫോബിയ വളർത്തിയെടുക്കാനുള്ള ശ്രമമായിരുന്നു. ജമാഅത്തെ ഇസ്ലാമി വിമർശനം അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിമർശനമാണ് തങ്ങൾ നടത്തുന്നത് എന്ന പേരിൽ യഥാർത്ഥത്തിൽ നടന്നത് അല്ലെങ്കിൽ അനുഭവപ്പെട്ടത് കേരളത്തിൽ ഇസ്ലാം പേടി വർദ്ധിപ്പിച്ച് ഹിന്ദു ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടിനെ കേന്ദ്രീകരിക്കാനും മുസ്ലിം വോട്ടുകളെ ചിതറിക്കാനുമുള്ള ശ്രമമായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇത് നടക്കുന്നുണ്ടെങ്കിൽ കൂടി, 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഈ പ്രക്രിയ ഒന്നുകൂടി ശക്തമായത്. അതിനു കാരണം കേരളത്തിൽ സിപിഐഎമ്മിന്റെ ഏറ്റവും വലിയ വോട്ടിംഗ് വിഭാഗമായ ഈഴവ സമൂഹത്തിലെ ഒരു വലിയ വിഭാഗം ബിജെപിയിലേക്ക് തങ്ങളുടെ വോട്ട് ഷിഫ്റ്റ് ചെയ്തു എന്നുള്ള കണ്ടെത്തലാണ്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലൊക്കെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഈ വോട്ടിനെ തിരിച്ചുപിടിക്കാനുള്ള ഏക മാർഗം ഹിന്ദു ഏകീകരണമാണ് എന്നുള്ള അപകടകരമായ ലളിത യുക്തിയാണ് സിപിഐഎം നേതൃത്വത്തെ ഇത്ര ശക്തമായി വളരെ ന്യൂനാൽ ന്യൂനപക്ഷമായ ചെറിയൊരു മുസ്ലിം സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തി ആക്രമിക്കാൻ പ്രേരിപ്പിച്ചത്. തത്ഫലമായി ഒരു ഭൂരിപക്ഷ വികാരം ഉണ്ടാകുമെന്നും അത് തങ്ങളെ പിന്തുണക്കുമെന്നുള്ള ധാരണയിലേക്ക് അവരെ എത്തിച്ചതും. ഈയൊരു രാഷ്ട്രീയ പ്രക്രിയയുടെ പരിണത പ്രതിഫലമാണ് ഇപ്പോൾ ബിജെപിക്കുണ്ടായ നേട്ടം. മൃദുഹിന്ദുത്വം നടത്തുന്നതിലൂടെ തങ്ങൾക്ക് മതേതരത്വം സംരക്ഷിച്ചു കളയാം എന്നുള്ള അബദ്ധധാരണ ദേശീയതലത്തിൽ പൊളിഞ്ഞുപോയത് കോൺഗ്രസ്സിലൂടെയാണ്. കോൺഗ്രസ് നോർത്ത് ഇന്ത്യയിൽ മാത്രമല്ല പല സ്ഥലങ്ങളിലും പല ഘട്ടങ്ങളിലും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിരുന്നു. പക്ഷേ ആ ഹിന്ദുത്വ സമീപനം കോൺഗ്രസ്സിന് എന്തെങ്കിലും ഗുണമുണ്ടാക്കിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ചരിത്രം. അതിന്റെ ഗുണഭോക്താക്കൾ ആയത് മുഴുവൻ ബിജെപി ആണ്.
കേരളത്തിൽ സിപിഎം എടുക്കുന്ന ഈ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഗുണഭോക്താവും സമാനമായ രീതിയിൽ ബിജെപി ആണ് എന്നുള്ളതാണ് ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസ്സിലാകുന്നത്. ഈ ഒരു രാഷ്ട്രീയ മാറ്റത്തിൽനിന്ന്, അവസ്ഥയിൽനിന്ന് സിപിഐഎം ഇനി എങ്ങനെ മറികടക്കും എന്നുള്ളതാണ് നമ്മൾ ഉറ്റുനോക്കുന്ന കാര്യം. കാരണം സിപിഐഎമ്മിന്റെ രാഷ്ട്രീയം മുഴുവൻ അടവുനയങ്ങളായി തീരുന്ന കാഴ്ച നമ്മൾ കണ്ടതാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നപ്പോൾ അത് സാമൂഹ്യ നവോത്ഥാനത്തിന്റെ തുടർച്ചയാണെന്ന് പറഞ്ഞ് അതിനുവേണ്ടി വലിയ തരത്തിലുള്ള മുന്നേറ്റങ്ങൾ നടത്താൻ തയ്യാറായ ഒരു സംഘടനയും ഗവൺമെന്റുമാണ് സിപിഐഎം. പക്ഷേ 2019ലെ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഏറ്റപ്പോൾ അന്നുവരെ എടുത്ത നിലപാടുകൾ മുഴുവൻ പ്രായോഗികമായി കയ്യൊഴിയുകയും പിന്നീടത് 2025-ൽ എത്തുമ്പോഴേക്ക് സിപിഐഎം നയിക്കുന്ന ഗവൺമെന്റ് തന്നെ അയ്യപ്പസംഗമം നടത്തുന്ന രാഷ്ട്രീയ അപഹാസ്യതയായി മാറുന്നത് നമ്മൾ കാണുകയുണ്ടായി. ഇതൊക്കെയും സൃഷ്ടിച്ചെടുത്തത് ഭൂരിപക്ഷ സമൂഹത്തിന്റെ, ഹിന്ദുവിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് അനുകൂലമാക്കി കിട്ടും എന്നുള്ള പ്രതീക്ഷയിലായിരുന്നു. പക്ഷേ അത് നടന്നില്ല എന്ന് മാത്രമല്ല സിപിഎമ്മിന് തിരിച്ചടി ഏൽക്കുകയും ചെയ്തു.
ഇനി ഏതായാലും നേരെ തിരിച്ച് ആരോപിക്കപ്പെടുന്നത് പോലെ "മുസ്‌ലിം പ്രീണന"-ത്തിലേക്ക്, ഒരു രാഷ്ട്രീയ നയമാറ്റത്തിലേക്ക് പോകാനുള്ള സാധ്യത സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കുറവാണ്. ഇനിയും അത്തരത്തിൽ നടന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം തെരഞ്ഞെടുപ്പുകളിൽ വലിയ തോതിലായിരിക്കുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. അതുകൊണ്ട് ഇപ്പോഴുള്ള ഈ അവസ്ഥ സിപിഐഎമ്മിന്റെ അപകടകരമായ താൽക്കാലിക രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയെടുത്ത സമീപനത്തിന്റെ ഭാഗമാണ് എന്നുള്ളത് പറയേണ്ടി വരും. ഈയൊരു ഒറ്റ വിഷയം മാത്രമല്ല, പല കാര്യങ്ങളിലും സിപിഐഎം പിന്തിരിപ്പൻ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ആശ വർക്കർമാരുടെ സമരത്തോട് സിപിഐഎം സ്വീകരിച്ച സമീപനത്തിൽ, മോദി സർക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള നയ സമീപനങ്ങളോട് എടുക്കുന്ന യുക്തിരഹിതമായ സമീപനം പി.എം.ശ്രീ.-യിൽ, ലേബർ കോഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഒക്കെ അത് കണ്ടതാണ്. അങ്ങനെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതമെന്ന് നമ്മൾ മനസ്സിലാക്കിവെച്ചിരിക്കുന്ന രാഷ്ട്രീയത്തെ പോലും കയ്യൊഴിഞ്ഞുകൊണ്ടാണ് എല്ലാ തരത്തിലുള്ള ആധിപത്യ ശക്തികളുമായി - ഹിന്ദുത്വത്തിന്റെതായാലും ശരി നവലിബറൽ നയങ്ങളുടെതായാലും - പൊരുത്തപ്പെട്ടു പോകുന്ന ഒരു രാഷ്ട്രീയ സമീപനമാണ് സിപിഐഎം കേരളത്തിൽ സ്വീകരിച്ചത്. സിപിഎം അത്തരത്തിലുള്ള സമീപനം ദേശീയ തലത്തിൽ സ്വീകരിക്കുന്നു എന്നൊന്നും പറയാൻ ഞാനാളല്ല. പക്ഷേ, അവരുടെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റ് ആയ കേരളത്തിൽ കേവലമായ അധികാരം നിലനിർത്താൻ തങ്ങളെ പ്രാപ്തമാക്കുന്നത് ഇത്തരത്തിലുള്ള മൃദുഹിന്ദുത്വ സമീപനവും നവലിബറൽ വികസന സമീപനങ്ങളുമാണ് എന്നുള്ളതാണ്, വളരെ അപകടകരമായ ഒരു രാഷ്ട്രീയ പ്രയോഗമാണ് അവർ നടത്തിയത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം ബിജെപിയുടെ ഒരു രാഷ്ട്രീയ പരീക്ഷണ കേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കാരണം, ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന സ്വാധീനമുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനം ഇപ്പോൾ ബിജെപിയുടെ ഭരണത്തിലാണ്.
ഇന്നലെ നരേന്ദ്രമോദിയൊക്കെ ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. ബിജെപി ഇനി നടത്താൻ പോകുന്ന തിരുവനന്തപുരത്തിൻ്റെ വികസനത്തെ സംബന്ധിച്ച വർത്തമാനങ്ങളൊക്കെ മിഡിൽ ക്ലാസിനെയും അപ്പർ മിഡിൽ ക്ലാസിനെയും ആകർഷിക്കാൻ പോകുന്നത് ആയിരിക്കാം. തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ മാത്രമായിരിക്കില്ല ചിലപ്പോൾ അതിന്റെ പ്രത്യാഘാതം. ഇതിന്റെ ഭീതി പടർത്തൽ അല്ല, മറിച്ച്, മതേതര ജനാധിപത്യ ശക്തികൾ ഇതിനെ രാഷ്ട്രീയമായി നേരിടുക എന്നത് തന്നെയാണ് പോംവഴി. അതല്ലാതെ ഇതിനൊരു എളുപ്പവഴിയും ലളിതയുക്തിയും ഇല്ല എന്ന യാഥാർത്ഥ്യം കൂടി തിരിച്ചറിയണം. ഇപ്പോൾ തിരുവനന്തപുരത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. സിപിഐമ്മും കോൺഗ്രസ്സും കൂടെ ചേർന്നാൽ ബിജെപിയെ അകറ്റി നിർത്താം. ചിലപ്പോൾ പാലക്കാട് അത് സാധ്യമായേക്കാം. പക്ഷേ അത്തരത്തിലുള്ള രാഷ്ട്രീയ ബാന്ധവങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ മതേതര ശക്തികൾക്ക് ഗുണമാണോ ചെയ്യുക എന്നുള്ളതിനെ സംബന്ധിച്ച് വലിയ ആശങ്കയാണുള്ളത്. കാരണം ഇവിടെയൊക്കെ ഒരു വിക്ടിം പ്ലേ നടത്താൻ അത് ബിജെപിയെ സഹായിക്കും. അതുകൊണ്ട് ഇതിന് ബിജെപി എന്ന ഹിന്ദു വർഗീയതയുടെ ഏറ്റവും വലിയ പ്രയോക്താക്കളുടെ രാഷ്ട്രീയത്തെ നേരിടുക എന്നുള്ളത് കൃത്യമായ മതനിരപേക്ഷതയെയും അതുപോലെതന്നെ ബിജെപിയുടെ, ഹിന്ദുത്വത്തിന്റെ ഇരകളാക്കപ്പെടുന്ന മുസ്ലിം-ക്രൈസ്തവ മതന്യൂനപക്ഷങ്ങളെയും വംശീയ ന്യൂനപക്ഷങ്ങളെയും പാർശ്വവത്കൃതരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ഒരു ദീർഘകാല രാഷ്ട്രീയ പദ്ധതിക്ക് മാത്രമേ കഴിയൂ.
കേരളത്തെ സംബന്ധിച്ച് രണ്ടു മുന്നണികളുടെ രാഷ്ട്രീയമാണ്, ഒരു ബൈപോളാർ പൊളിറ്റിക്സ് നിലനിൽക്കുന്ന സ്ഥലമാണ് എന്ന് ഇനിയെങ്കിലും നമ്മൾ പറയാതിരിക്കണം. ബിജെപിക്ക് തീർച്ചയായും 20 ശതമാനത്തിൽ അധികം വോട്ട് കിട്ടിയിട്ടുണ്ടാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 20% വോട്ട് കിട്ടുന്ന ഒരു രാഷ്ട്രീയ കക്ഷിയോ മുന്നണിയോ അപ്രസക്തമാണ് എന്ന് നമുക്ക് പറയാനേ കഴിയില്ല. അത് ഈ കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ബിജെപി എന്നുള്ള വലിയ അപകടം കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുന്നു. ആ യാഥാർത്ഥ്യത്തെ നേരിടാൻ കേരളത്തിലെ മതേതര ശക്തികൾക്ക്-അത് സിപിഐഎമ്മിനായാലും കോൺഗ്രസിനായാലും കഴിയുമോ എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കേവല അധികാര രാഷ്ട്രീയത്തിലേക്ക് തങ്ങളുടെ നയങ്ങളെ ചുരുക്കുന്ന ഈ രണ്ടു പാർട്ടികളും-കോൺഗ്രസിന് ഇപ്പോൾ അധികാരമില്ലാത്തതുകൊണ്ട് അത്തരത്തിലുള്ള സമീപനം അവരെക്കുറിച്ച് പറയേണ്ടതില്ല-അധികാരത്തിന് വേണ്ടി തങ്ങളുടെ രാഷ്ട്രീയ നയങ്ങളെ ചുരുക്കുന്ന സമീപനം കൊണ്ട് ബിജെപിയെയോ ആർഎസ്എസ്സിനെയോ അവർ നടത്തുന്ന പ്രത്യയശാസ്ത്ര യുദ്ധങ്ങളെയോ നേരിടാൻ പറ്റില്ല എന്നുള്ള യാഥാർത്ഥ്യമുണ്ട്. അതുകൊണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭീഷണി ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. ഈ ഭീഷണി ആശങ്കപ്പെടുത്താനുള്ള പ്രധാന കാരണം അത് സിപിഐഎം എടുത്ത ഒരു രാഷ്ട്രീയ സമീപനത്തിന്റെ കൂടി തുടർച്ചയായി സംഭവിച്ചതാണ് എന്നതുകൂടിയാണ്. അതുകൊണ്ട് ബിജെപി-ആർഎസ്എസ് ഭീഷണിയെ നേരിടാൻ നേരത്തെ സൂചിപ്പിച്ച വിശാലമായ മതേതര- ജനാധിപത്യ രാഷ്‌ട്രീയത്തിനേ കഴിയൂ.