Author Image സണ്ണി എം. കപിക്കാട്
22 Jul 2026

കോക്രോച്ച് ജനതാ പാർട്ടി: ഫാസിസത്തിനെതിരെ ഇന്ത്യൻ യുവത തുറക്കുന്ന രാഷ്ട്രീയം

'ജെൻ സി' തലമുറ കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം സമകാലിക ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. പരീക്ഷാ അട്ടിമറികളും ജനാധിപത്യ സംവിധാനങ്ങളിലെ വീഴ്ചകളും സൃഷ്ടിച്ച അസംതൃപ്തിയാണ് ഈ സമരത്തിന്റെ പെട്ടെന്നുള്ള കാരണമെങ്കിലും, ഫാസിസത്തിനെതിരായ ഭാവി രാഷ്ട്രീയത്തെക്കുറിച്ചുള്ള നിർണ്ണായക ചിന്തകൾ ഈ പ്രക്ഷോഭം മുന്നോട്ടുവെക്കുന്നുണ്ട്. 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഉദയം ഇന്ത്യൻ ജനാധിപത്യത്തിലും യുവജന രാഷ്ട്രീയത്തിലും തുറന്നിടുന്ന പുതിയ സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്യുകയാണ് ചിന്തകനായ സണ്ണി എം. കപിക്കാട്.

ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി.) എന്ന പ്രസ്ഥാനം കടന്നുവന്നത് തികച്ചും ഒരു പ്രതിഭാസം എന്ന രൂപേണയാണ്. ആദ്യഘട്ടത്തിൽ ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനം എന്ന നിലയ്ക്കാണ് പൊതുസമൂഹം ഇതിനെ സ്വീകരിച്ചതും വിലയിരുത്തിയതും. എന്നാൽ, യുവാക്കളുടെ വലിയ പിന്തുണയോടെ ഈ പ്രസ്ഥാനം വേഗത്തിൽ വളരുകയായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് യുവാക്കളുടെ പെട്ടെന്നുള്ള പ്രകോപനത്തിനും പ്രക്ഷോഭങ്ങൾക്കും കാരണമായത്. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പാർട്ടി പ്രഖ്യാപിക്കപ്പെട്ട് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിന് മനുഷ്യരാണ് ഓൺലൈനായി ഇതിൽ അംഗത്വമെടുത്തത്. ഇത്രയും വലിയ ജനവിഭാഗം ആരാണെന്നോ എന്താണെന്നോ തുടക്കത്തിൽ നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നാൽ, വർദ്ധിച്ചുവരുന്ന ഈ പിന്തുണയെ അടിസ്ഥാനമാക്കി പ്രത്യക്ഷമായ സമരപരിപാടികളിലേക്ക് നീങ്ങാൻ സി.ജെ.പി. തീരുമാനിക്കുകയായിരുന്നു. അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥിയും മഹാരാഷ്ട്രക്കാരനുമായ അഭിജിത് ദീപ്കെയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ. വർദ്ധിച്ചുവരുന്ന ജനപിന്തുണ കണ്ട് അദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുകയും സമരത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുക്കുകയുമായിരുന്നു.

തുടക്കത്തിൽ ഇന്ത്യൻ ഭരണകൂടം ഈ സമരത്തോടും കോക്രോച്ച് ജനതാ പാർട്ടിയോടും അതിൻ്റെ നേതൃത്വത്തോടും വളരെ മൃദുവായ സമീപനമാണ് സ്വീകരിച്ചത്. അഭിജിത് ദീപ്കെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുമെന്നൊക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വലിയ സുരക്ഷയോടെ അദ്ദേഹത്തെ പോലീസ് നേരിട്ട് ജന്ദർ മന്ദിറിൽ എത്തിക്കുകയാണുണ്ടായത്. അവിടെ യോഗം ചേരുവാനും സമരം ചെയ്യാനും പോലീസ് അനുമതിയും നൽകി. ഭരണകൂടത്തിന്റെ ഈ ഇടപെടലോടെ, ഇത് ബി.ജെ.പിയുടെ ഒരു 'ബി-ടീം' ആണോ എന്ന വ്യാപകമായ സംശയം പൊതുസമൂഹത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്നു വന്നു.

എന്നാൽ, കഴിഞ്ഞ 23 ദിവസമായി നടക്കുന്ന നിരാഹാര സത്യഗ്രഹത്തോടും തൊട്ടടുത്ത ദിവസം നടന്ന പാർലമെന്റ് മാർച്ചിനോടും ഭരണകൂടം സ്വീകരിച്ച സമീപനം നോക്കുമ്പോൾ ഈ സംശയങ്ങൾ ദുരീകരിക്കപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ ആദ്യഘട്ടത്തിലെ മൃദുസമീപനം ഏതാണ്ട് പൂർണ്ണമായി അസ്തമിച്ചു. പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും മാത്രമല്ല, 'നാട്ടുകാർ' എന്ന പേരിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആർ.എസ്.എസ്. പ്രവർത്തകരെ ഉപയോഗിച്ചുപോലും വിദ്യാർത്ഥികളെ നേരിടുന്ന കാഴ്ചയാണ് കണ്ടത്. ഇത് ബി.ജെ.പിയുടെ ബി-ടീം ആണെന്ന ആദ്യഘട്ടത്തിലെ സംശയം ദുരീകരിക്കുന്നതായിരുന്നു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഡൽഹിയിൽ നടക്കുന്ന ഇപ്പോഴത്തെ പ്രക്ഷോഭത്തെ മനസ്സിലാക്കാൻ.

പാരമ്പര്യരീതിയിലുള്ള ഒരു രാഷ്ട്രീയ പാർട്ടി രൂപീകരണ സംഭവമല്ല ഇവിടെ നടന്നിട്ടുള്ളത്. തികച്ചും വ്യത്യസ്തമായ ഒരു പ്രൊസീജറും പ്രോസസ്സുമാണ് സി.ജെ.പിയിലുള്ളത്. അഭിജിത് ദീപ്കെയും സഹപ്രവർത്തകരും ഇന്ത്യ മുഴുവൻ സഞ്ചരിച്ച് രൂപീകരിച്ചതോ, ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രചാരണം നടത്തി ഉണ്ടാക്കിയതോ ആയ പാർട്ടിയല്ല ഇത്. മുൻകൂർ പ്രഖ്യാപിച്ച ചില ലക്ഷ്യങ്ങൾക്കപ്പുറം, സാധാരണ പാർട്ടികൾ മുന്നോട്ടുവെക്കുന്ന നയങ്ങളും പരിപാടികളും അതിൻമേലുള്ള ചർച്ചകളും പ്രോസസ്സുകളും ഒന്നുമില്ലാതെയാണ് ഇത് രൂപപ്പെട്ടത്. ലോകത്തെമ്പാടും കാണുന്ന 'ജെൻ സി' (Gen Z) എന്ന് വിളിക്കുന്ന പുതുതലമുറയുടെ രാഷ്ട്രീയ രംഗപ്രവേശമാണ് സി.ജെ.പിയിലൂടെ ഇന്ത്യയിൽ സംഭവിച്ചത്.

ഈ സമരത്തിന് ലഭിച്ച പിന്തുണയുടെ സ്വഭാവം പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. സി.ജെ.പി. എന്ന പാർട്ടിയിൽ മാത്രം വിശ്വസിക്കുന്ന ആളുകൾ നടത്തിയ ഒരു സമരം മാത്രമായിരുന്നില്ല ഇത്. മറിച്ച്, സി.പി.ഐ (എം.എൽ) ലിബറേഷൻ, സി.പി.ഐ.എം, സി.പി.ഐ. തുടങ്ങിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ നേതാക്കളും മമതാ ബാനർജി, അഖിലേഷ് യാദവ്, ചന്ദ്രശേഖർ ആസാദ്, പ്രകാശ് അംബേദ്കർ തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ ധാരകളിലുള്ള നേതാക്കൾ സമരപ്പന്തൽ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതിനേക്കാൾ പ്രധാനം വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നൽകിയ അവിസ്മരണീയമായ ഐക്യദാർഢ്യമാണ്. സാധാരണയായി ഒരു സംഘടന സമരം പ്രഖ്യാപിച്ചാൽ ആ പാർട്ടിയിലെയോ സംഘടനയിലെയോ ആളുകൾ മാത്രമാണ് പങ്കെടുക്കുക. എന്നാൽ, പാർലമെന്റ് മാർച്ചിൽ നൂറും ഇരുനൂറും അടങ്ങുന്ന ചെറു സംഘങ്ങളായി പതിനായിരക്കണക്കിന് യുവാക്കളാണ് ഒഴുകിയെത്തിയത്. സുരക്ഷാ സജ്ജീകരണങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് പാർലമെന്റിന്റെ നാല് പ്രധാന റോഡുകളും ഉപരോധിക്കുന്ന വലിയ ജനക്കൂട്ടമായി അവർ മാറി.

അവർ ഉന്നയിച്ച വിഷയം അത്രമേൽ നിർണ്ണായകമായിരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ പ്രായത്തിൽ, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് എഴുതുന്ന മത്സരപ്പരീക്ഷകൾ അട്ടിമറിക്കപ്പെടുന്നു. ചോദ്യപേപ്പർ ചോരുക, മാർക്ക് ഇടാതിരിക്കുക തുടങ്ങി നിരുത്തരവാദപരമായ സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുമ്പോഴാണ് ഈ സമരം ഉയർന്നുവന്നത്. കേന്ദ്ര ഭരണകൂടവും പ്രധാനമന്ത്രിയും ഇതിന്റെ ഉത്തരവാദിത്തം പരീക്ഷാ ഏജൻസികളുടെയോ ഉദ്യോഗസ്ഥരുടെയോ തലയിൽ കെട്ടിവെച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ, ഉദ്യോഗസ്ഥരെ ശരിയായ വഴിക്ക് നടത്താൻ ജനങ്ങൾ കോടിക്കണക്കിന് രൂപ മുടക്കി നിലനിർത്തുന്ന സർക്കാരിനാണ് ഇതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം (Political Executive) ഉണ്ടെന്നും, അതിനാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ന്യായമാണെന്ന് തിരിച്ചറിഞ്ഞ പതിനായിരക്കണക്കിന് യുവാക്കൾ സംഘടനാതിരശീലകൾക്കപ്പുറം ഇതിൽ അണിനിരക്കുകയാണുണ്ടായത്.

വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നത് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും നാണക്കേടാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം നിലകൊള്ളുന്നത്. ഒരു പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ പാർട്ടിയുടെയും മാനം രക്ഷിക്കാൻ വേണ്ടിയാണ് പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയും, ലാത്തിച്ചാർജ് നടത്തുകയും, കണ്ണീർവാതകം പൊട്ടിക്കുകയും ചെയ്യുന്നത്.

ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത് സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച്, സാധ്യമായത് നടപ്പിലാക്കുകയും അല്ലാത്തവ വിശദീകരിക്കുകയുമാണ്. എന്നാൽ, കർഷക സമരം, തൊഴിലാളി സമരം, രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള പ്രക്ഷോഭങ്ങൾ, പൗരത്വ സമരം എന്നിവയിലെല്ലാം കണ്ടതുപോലെ കേവലം നിഷേധാത്മകമായ, അഭിപ്രായങ്ങൾ പറയാതെ അടിച്ചമർത്തുന്ന കൃത്യമായ ഒരു ഫാസിസ്റ്റ് സമീപനമാണ് കേന്ദ്ര സർക്കാർ ഇവിടെയും സ്വീകരിക്കുന്നത്.

പാർലമെന്റ് മാർച്ചിന് നേരെ കടുത്ത അതിക്രമം അഴിച്ചുവിടുകയും, മെയിൻ ഗേറ്റ് പൂട്ടുകയും, ജന്ദർ മന്ദിറിലെ സമരപ്പന്തൽ തകർക്കുകയും ചെയ്തു. എന്നാൽ, വൈകുന്നേരത്തോടെ വിദ്യാർത്ഥികൾ വീണ്ടും സംഘടിച്ച് പന്തൽ പുനഃസ്ഥാപിക്കുകയും സമരം പുനരാരംഭിക്കുകയും ചെയ്തു. ജനാധിപത്യപരമായി ഭരണകൂടത്തെ വെല്ലുവിളിക്കുന്ന വലിയൊരു പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഹിമാചൽ പ്രദേശ് മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഈ സമരത്തിന് അനുകൂലമായ ചെറു ചലനങ്ങളെങ്കിലും ഉണ്ടായപ്പോൾ, കേരള സമൂഹം കാണിക്കുന്നത് സമ്പൂർണ്ണമായ മൗനമാണ്. ഡൽഹിയിൽ എസ്.എഫ്.ഐക്കാർ സമരത്തിന് പിന്തുണയുമായി നിരാഹാരം ഇരിക്കുമ്പോൾ, കേരളത്തിലെ എസ്.എഫ്.ഐ. മിണ്ടുന്നില്ല. കോൺഗ്രസ് നേതൃത്വം (രാഹുൽ ഗാന്ധിയും ഖാർഗെയും) രാജ്യസഭയിൽ സമരത്തെ പിന്തുണച്ച് സംസാരിച്ചിട്ടുപോലും, എൻ.എസ്.യുവിനെ തകർക്കാൻ കൊണ്ടുവന്ന പ്രസ്ഥാനമാണ് സി.ജെ.പി. എന്ന സങ്കുചിത ചിന്തയിലാണ് അവർ മാറിനിൽക്കുന്നത്.

സംഘടനാ താല്പര്യങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയാത്ത കുറ്റകരമായ മൗനമാണ് മലയാളി സമൂഹം പാലിക്കുന്നത്. നമ്മൾ എത്രമേൽ ജനാധിപത്യവാദികളാണ്, നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നമ്മൾ എത്രത്തോളം ഉത്കണ്ഠയുള്ളവരാണ് എന്ന ചോദ്യമാണ് ഇത് ബാക്കിവെക്കുന്നത്. ഈ മൂവ്മെന്റ് അതിജീവിക്കുമോ, അവർ നാളെ രാജ്യം ഭരിക്കുമോ എന്നതൊക്കെ ഭാവിയുടെ ചോദ്യങ്ങളാണ്. എന്നാൽ, വർത്തമാനകാലത്ത് നമ്മുടെ യുവജനങ്ങൾ, വിദ്യാർത്ഥികൾ തെരുവിൽ ആക്രമിക്കപ്പെടുമ്പോൾ മാളത്തിൽ ഒളിക്കുന്ന വ്യാജ യുക്തികൾ ഉത്തരവാദിത്തമില്ലായ്മയാണ്.

കേരളം ഈ സമരത്തെ ഏറ്റെടുക്കാത്തതിന് പിന്നിൽ പ്രവർത്തിക്കുന്ന ഏറ്റവും നിർണ്ണായകമായ മറ്റൊരു ഘടകമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് നിർണ്ണായക സമയങ്ങളിൽ എപ്പോഴും ഒഴിവാക്കപ്പെടുന്ന വിഭാഗമാണ് ദലിതർ. ഉദാഹരണത്തിന്, കോൺഗ്രസിന്റെ തകർച്ചയുടെ അഗാധമായ ഘട്ടത്തിലാണ് മല്ലികാർജ്ജുൻ ഖാർഗെ എന്ന ദലിത് നേതാവിനെ അവർ ദേശീയ അധ്യക്ഷനാക്കുന്നത്. കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നും അത്തരം ഒരു പേരും ഉയർന്നു വന്നിരുന്നില്ല. ദലിതർ നേതൃത്വപരമായ പങ്ക് വഹിക്കാൻ യോഗ്യരല്ലെന്നും, അവർക്ക് ആരും വോട്ട് ചെയ്യില്ലെന്നും പ്രചരിപ്പിച്ച ബി.ജെ.പി മുന്നണിയും, സി.പി.ഐ.എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും കോൺഗ്രസും തങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടി വരും.

കാരണം, കോക്രോച്ച് ജനതാ പാർട്ടിക്ക് നേതൃത്വം നൽകിയ അഭിജിത് ദീപ്കെ എന്ന ചെറുപ്പക്കാരൻ അമേരിക്കയിൽ നിന്ന് വന്ന, മഹാരാഷ്ട്രയിൽ നിന്നുള്ള അംബേദ്കറൈറ്റ് ആയ ഒരു ദലിതനാണ്. ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ പ്രക്ഷോഭത്തിനായി അദ്ദേഹം ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അംബേദ്കർ എന്ന ഐക്കണോടും 'ദലിത്' എന്ന കാറ്റഗറിയോടുമുള്ള വിമുഖത തന്നെയാണ് ഈ സമരത്തെ നെഞ്ചിലേറ്റാൻ കേരളത്തിലെ പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോകുന്നത്. ആ കഴിവില്ലായ്മ ഒരു മാരകമായ തെറ്റായി ചരിത്രത്തിൽ രേഖപ്പെടുത്താതിരിക്കണമെങ്കിൽ, ഇന്ത്യയുടെ യുവത നടത്തുന്ന ഈ പോരാട്ടത്തെയും കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെയും നിരുപാധികം പിന്തുണയ്ക്കാൻ മലയാളി സമൂഹവും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവരേണ്ടതുണ്ട്.

Share this link