Author Image ഡോ. അനിഷ്കുമാർ വി.കെ.
26 Aug 2026

ഗാനങ്ങളിൽ പുനർനിർമ്മിക്കപ്പെടുന്ന വില്ലുവണ്ടി

മഹാത്മ അയ്യൻകാളിയുടെ 163-ാം ജന്മദിനമാണ് നാളെ. ജനാധിപത്യത്തിന്റെ ആധുനിക സമൂഹഘടനയിലേക്ക് മനുഷ്യനെ പരിവർത്തനം ചെയ്യിപ്പിച്ച അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ ചരിത്രപരവും വില്ലുവണ്ടി യാത്ര പുതിയ കാലത്ത് അവകാശം, ആത്മാഭിമാനം, പ്രതിരോധം, സാമൂഹിക നീതി എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതീകവുമാണ്. പാട്ട്, സാഹിത്യം, കല, പൊതുപരിപാടികൾ എന്നിവയിലൂടെ വില്ലുവണ്ടി പ്രചാരം നേടുകയും ജനങ്ങളുടെ കൂട്ടായ ഓർമ്മയുടെ ഭാഗമാവുകയും ഒരു രാഷ്ട്രീയ പ്രയോഗമായി മാറുകയും ചെയ്തിരിക്കുന്നു. വില്ലുവണ്ടി സമരവും അയ്യൻകാളിയുടെ സാമൂഹിക പോരാട്ടങ്ങളും പാട്ടുകളിലൂടെ ഒരു ചരിത്രചിഹ്നം എന്നതിലുപരി ഒരു സാംസ്കാരിക പ്രതീകമായി എങ്ങനെ മാറുന്നു എന്ന് എഴുതുകയാണ് ഡോ. അനീഷ്കുമാർ വി.കെ.

കേരളീയ നവോത്ഥാന സന്ദർഭത്തിൽ ദലിത് വിഭാഗത്തിൽ നിന്ന് സ്വയം പ്രതിനിധാനം (Self-representation) നിർവഹിച്ച അയ്യൻകാളി പല സർഗാത്മക രൂപങ്ങളിൽ ആഖ്യാനം ചെയ്യപ്പെടുന്നു. കവിത, കഥ, നോവൽ, ജീവചരിത്രം, ഷോർട്ട് ഫിലിം, നാടകം, കഥാപ്രസംഗം, സിനിമ, ആൽബം സോങ് തുടങ്ങിയ നിരവധി രൂപങ്ങളിൽ സമകാലിക സമൂഹത്തിൽ അദ്ദേഹം പുനർനിർമ്മിക്കപ്പെടുന്നു. ജാതി നിശ്ചയിച്ച ജീവിതക്രമങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആധുനിക സമൂഹഘടനയിലേക്ക് മനുഷ്യനെ പരിവർത്തനം ചെയ്യുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രപരമാണ്. അവയൊക്കെയും വ്യത്യസ്ത ആഖ്യാനങ്ങളുടെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും പരിഗണിക്കുന്നത് നവ മാധ്യമത്തിന്റെ ഭാഗമായ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ആൽബം ഗാനങ്ങളാണ്. അതിൽത്തന്നെ ഈ ലേഖനം പ്രാധാന്യം നൽകുന്നത് വില്ലുവണ്ടിയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആൽബങ്ങൾക്കാണ്.

അയ്യൻകാളിയുടെ വില്ലുവണ്ടി സമരം സ്വാതന്ത്ര്യവും സമത്വവും സ്ഥാപിക്കുന്നതിനുള്ള ഒരു ചരിത്രസംഭവം എന്നതിലുപരി ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു. ഈ കാരണത്താൽ 1893-ൽ നടന്ന വില്ലുവണ്ടി സമരത്തിന് അതിന്റെ ചരിത്രപരമായ പ്രസക്തി നഷ്ടപ്പെടുകയല്ല മറിച്ച് വർദ്ധിക്കുകയാണുണ്ടായത്. പൊതുവഴിയിലൂടെ അയിത്ത ജനതയ്ക്ക് സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വില്ലുവണ്ടിയിലൂടെയുള്ള അയ്യൻകാളിയുടെ യാത്ര ജാതിവിവേചനത്തിനെതിരായ ശക്തമായ വെല്ലുവിളിയായിരുന്നു.

വില്ലുവണ്ടി സമരവും അയ്യൻകാളിയുടെ സാമൂഹിക പോരാട്ടങ്ങളും പാട്ടുകളിലൂടെ പുതിയ കാലത്ത് ജനങ്ങളിലെത്തുന്നു. അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുടെ കഥകൾ, ഓർമ്മകൾ, നാടകീയ അവതരണങ്ങൾ തുടങ്ങിയവയിലൂടെ അവ പൊതുസമൂഹത്തിൽ ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ അത് ഒരു ചരിത്രചിഹ്നം എന്നതിലുപരി ഒരു സാംസ്കാരിക പ്രതീകമായി മാറുന്നു. വില്ലുവണ്ടി പുതിയ കാലത്ത് അവകാശം, ആത്മാഭിമാനം, പ്രതിരോധം, സാമൂഹിക നീതി എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു. പാട്ട്, സാഹിത്യം, കല, പൊതുപരിപാടികൾ എന്നിവയിലൂടെ വില്ലുവണ്ടി പ്രചാരം നേടുകയും ജനങ്ങളുടെ കൂട്ടായ ഓർമ്മയുടെ ഭാഗമാവുകയും ചെയ്തിരിക്കുന്നു. നിലവിൽ ജനപ്രിയസംസ്കാരത്തിന്റെ ഭാഗമായി അയ്യൻകാളിയുടെ വില്ലുവണ്ടി എന്നത് ഒരു രാഷ്ട്രീയ പ്രയോഗമായിരിക്കുന്നു.

റാപ് സംഗീതത്തിലൂടെ മലയാളിയുടെ സംഗീതാസ്വാദന ബോധ്യങ്ങളെ തിരുത്തിയ വേടൻ സ്റ്റേജ് പെർഫോമൻസിനിടയിൽ ഉയർത്തിയ ഒരു ചോദ്യം ഉണ്ട്:

"വില്ലുവണ്ടിയിലേറിപ്പായുമ്പോഴെന്റെ
തലപ്പാവിനെന്ത് തിളക്കം"

ആരാണ് വില്ലുവണ്ടിയിൽ തലപ്പാവു വച്ചു വരുന്നത്?

സദസ്സ് ഉച്ചത്തിൽ മറുപടി നൽകുന്നു: അയ്യൻകാളി!

ഈ ചോദ്യത്തിലേക്കും ഉത്തരത്തിലേക്കും മലയാളി എത്തപ്പെട്ടത് കേവലമായി സംഭവിച്ചതല്ല. 1863-നും 1941-നും ഇടയിൽ, അതായത് അദ്ദേഹത്തിന്റെ ജനനത്തിനും മരണത്തിനും ഇടയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ, മരണത്തിന് ശേഷം അദ്ദേഹത്തിന്റെ സമരപ്രയോഗമാതൃകകളും ആശയങ്ങളും പിന്തുടർന്ന് ദലിത് സമൂഹം നടത്തിയ ഇടപെടലുകൾ വലിയ അളവിൽ അയ്യൻകാളി കേരളീയ സമൂഹത്തിൽ പുനർനിർമ്മിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഈ പുനർനിർമ്മിതി ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി അയ്യൻകാളി പലനിലകളിൽ ആഘോഷിക്കപ്പെടുന്നതിന് കാരണമായി. അയ്യൻകാളിയുടെ പേരിൽ പ്രചരിക്കുന്ന കോട്സ് ഇതിനൊരു ഉദാഹരണം മാത്രമാണ്. അയ്യൻകാളി ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി പരിണമിക്കുന്നിടത്തിലാണ് അദ്ദേഹത്തെ ആവിഷ്‌കരിക്കുന്ന ഗാനങ്ങൾ രൂപപ്പെടുന്നതും.

മഹാത്മ അയ്യൻകാളി എന്ന പേരിൽ വിപിൻ മോഹൻ ഗാനരചന നിർവഹിച്ച, സുഭാഷ് ദേവ് സംഗീതം നൽകി പാടിയ പാട്ടാണ്,
"അയ്യനും മാലയ്ക്കും പിറന്ന
പൊന്നു മകനെ
അയ്യങ്കാളി ഗുരുവേ"
എന്നത്.
അയ്യൻകാളിയുടെ നവോത്ഥാന പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയാണ് പാട്ടിന്റെ വരികളെ സാധ്യമാക്കിയിരിക്കുന്നത്. ജീവചരിത്രരേഖ (Biographical Sketch) വരികൾക്കിടയിൽ ഉള്ളടക്കം ചെയ്യുന്നത് ഇത്തരം ആദരഗാനങ്ങളുടെ (Tribute Song) ആഖ്യാന സവിശേഷതയാണ്.

യുഗസാരഥി എന്ന പേരിൽ അയ്യൻകാളിയെ ഹിന്ദുത്വത്തിന്റെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് ഹിന്ദുഭക്തി ഗാനങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലെ ഒരു ഗാനം വില്ലുവണ്ടിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

"തെക്ക് തെക്ക് ദേശത്തോന്നൊരു
വില്ലുവണ്ടി മണിനാദം
മുഴങ്ങുന്നു കാതുകളിൽ
കാഹളത്തിൻ മണിനാദം" 

എന്ന് തുടങ്ങുന്ന വരികളിലൂടെ അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയെ അനുസ്‌മരിക്കുകയാണ്. ജനപ്രിയ ഹിന്ദുഭക്തിഗാനങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്ന പദങ്ങളും (ആർദ്രസ്നേഹം, ആശ്രയദായകൻ), പരമ്പരാഗതമായി ഉപയോഗിക്കുന്ന രാഗങ്ങളിലുമാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

"കുടമണി കെട്ടിയ
വണ്ടിയിലേറി വരുന്ന
അയ്യൻകാളി
അൻപിൻ തിരയായ്
അഗ്നി കാറ്റായ്
അജയ്യനയ്യൻകാളി"

വെങ്ങാനൂരിലെ സൂര്യൻ എന്ന ആൽബത്തിലെ വരികളാണിത്. വില്ലുവണ്ടിയുടെ സവിശേഷതകളും ജാതിയുടെ അധികാരക്രമത്തെ പരാജയപ്പെടുത്തുന്ന അയ്യൻകാളിയും പോരാട്ടങ്ങളും ആദരഗാനങ്ങളുടെ ആശയത്തെ നിശ്ചയിക്കുന്നു. അതിവാദങ്ങളും കാല്പനിക ഭാവനകളും ഇത്തരം പാട്ടുകളുടെ സൗന്ദര്യത്തെ നിശ്ചയിക്കുന്നുണ്ട്. ജനപ്രിയ സംസ്‌കാരം അതിവാദങ്ങളെയും കാല്പനിക ഭാവനകളെയും ഉൾക്കൊള്ളുന്നതാണ്.

അയ്യൻകാളി ദ ഗ്രേറ്റ് എന്ന ആൽബത്തിന്റെ രചനയും സംഗീതവും സിദ്ധാർത്ഥനാണ് നിർവഹിച്ചിരിക്കുന്നത്. ബിജു കരിയിലാണ് ആലാപനം.

"വില്ലുവണ്ടിയേറി വന്നിടുന്നേ
അയ്യൻകാളി വില്ലാളി വീരനായ്"

വന്യമായ കാലത്തിന് അന്ത്യം വരുത്തിയ കരുത്തനായ വ്യക്തി എന്ന നിലയിൽ അയ്യൻകാളിയെ പാട്ട് സ്ഥാനപ്പെടുത്തുന്നു. നവോത്ഥാന സന്ദർഭങ്ങളിൽ അയ്യൻകാളി നടത്തിയ ധീരകൃത്യങ്ങൾ ആൽബം വിഷ്വലൈസ് ചെയ്യുന്നു. തെറ്റിനെ ഒറ്റയാനായ് നേരിട്ട, മനുസ്മൃതിയുടെ നീതിയായ അടിയാളജീവിതത്തെ അതിജീവിച്ച അയ്യൻകാളിയെ പാട്ടിൽ കാണാം. വർണ്ണസമൂഹത്തെ എതിർത്ത് വർണേതരമനുഷ്യരുടെ ഐക്യം സ്ഥാപിച്ച് തിരയും കടലുമായി വ്യവസ്ഥാപിത സമൂഹത്തെ ശിഥിലമാക്കി പുതുസമൂഹം സൃഷ്ടിക്കുന്നതാണ് പാട്ടിന്റെ പ്രമേയം. അനിൽ ജഗതിയാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

"സമരസഞ്ചാരി" എന്ന ആൽബം ഗാനത്തിന്റെ അവതരണം പുന്നല ശ്രീകുമാറാണ്. അജിത് കുമാർ രചനയും അഞ്ചൽ ഉദയകുമാർ സംഗീതവും പന്തളം ബാലൻ ആലാപനവും നിർവഹിച്ചിരിക്കുന്നു.

"കരുവീട്ടി തൻ നിറമെഴുമൊരാജാനുബാഹുവിൻ
ശിരസിലൊരു കസവാട ചുറ്റിക്കെട്ടി" 

എന്ന് തുടങ്ങുന്ന ഗാനം വരേണ്യതയെ പ്രതിരോധിക്കുന്ന വില്ലുവണ്ടിയെ, പുതിയ കാലത്തിലും തുടരുന്ന സമരരൂപമായി അടയാളപ്പെടുത്തുന്നു. ഇരുൾ മൂടിയ അടിമ ജീവിതത്തെ അറിവിലൂടെ പൊതുമണ്ഡലത്തിലേക്ക് നയിച്ച വഴിവിളക്കായി അയ്യൻകാളി ഗാനത്തിൽ സ്ഥാനനിർണയം ചെയ്യുന്നു.

ആദർശ് കുമാർ അണിയൽ രചനയും സംഗീതവും നിർവഹിച്ച് രാവൺ സിനിമാസ് നിർമ്മിച്ച്, ദിനി സുനിൽ, ആദർശ് കുമാർ അണിയൽ, അരുൺ പ്രതാപ് എന്നിവർ ചേർന്ന് പാടിയ ആൽബം സോങ് ആണ് തലപ്പ. അയ്യൻകാളിയുടെ ജീവചരിത്രം, പോരാട്ടങ്ങൾ, അവകാശ സംരക്ഷണങ്ങൾ എന്നിവയെ ഓർമ്മിക്കുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ്.

"ആ വരവതു കാണെടാ
പോർവിളിയതു കേൾക്കെടാ
പടകൂട്ടി പാഞ്ഞെത്തും
വില്ലുവണ്ടി കാണെടാ"

പുതുചരിത്രം ദലിത് ജനതയ്ക്ക് സാധ്യമാക്കിയ അയ്യൻകാളിയുടെ കേരളീയ നവോത്ഥാനത്തിലേക്കുള്ള ഗംഭീര പ്രവേശനത്തെ (Grand Entry) സൂചിപ്പിക്കാൻ വില്ലുവണ്ടിയ്ക്ക് സാധിക്കുന്നു. പാട്ട് വിഷ്വൽ ഇഫക്ടീവ് ആകുന്നത് ആ നിലയിലാണ്. സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, കാർഷിക പണിമുടക്ക് സമരം, കല്ലുമാല പ്രക്ഷോഭം തുടങ്ങിയ സമര രൂപങ്ങൾക്ക് നേതൃത്വം നൽകിയത് ആര് എന്ന ചോദ്യം പാട്ടിലൂടെ ഉന്നയിക്കുകയും ആ പുതുചരിതം നിർമ്മിച്ച വ്യക്തി അയ്യൻകാളി എന്ന ഉത്തരത്തിലേക്ക് ഗാനത്തിന്റെ വരികൾ എത്തിച്ചേരുകയും ചെയ്യുന്ന രചനാസവിശേഷത ശ്രോതാവും പ്രേക്ഷകനുമാകുന്ന വ്യക്തിയിൽ ഒരേ സമയം ചോദ്യോത്തരങ്ങൾ സൃഷ്ടിക്കുന്നു.

"മാറുമറച്ചു നടക്കുവാൻ
പെണ്ണിന്
നാവതില്ലാതെ കഴിഞ്ഞൊരീ നാട്ടില്
മേൽത്തുണി കൊണ്ടന്ന്
നാണം മറച്ചതും
കല്ലുമാല കമ്മൽ പൊട്ടിച്ചെറിഞ്ഞതും
അവ്വഴി ഇവ്വഴിയെല്ലാം
നെഞ്ചുവിരിച്ചു നടക്കുവാൻ കാരണം
ആരാണ്ടാ
കാളിയാണ്ടാ
അയ്യങ്കാളിയാണ്ട"

ഈ രീതിയിൽ അയ്യൻകാളി നടത്തിയ ചരിത്ര മുന്നേറ്റങ്ങളെ പാട്ടിലൂടെ രൂപപ്പെടുത്തുവാൻ സാധിക്കുന്നു. ദലിതുകൾക്ക് സ്ത്രീ സ്വാതന്ത്ര്യവും വിദ്യാഭ്യാസസ്വാതന്ത്ര്യവും നേടുന്നതിനായി നടത്തിയ പ്രതിരോധം ചരിത്രത്തിലേക്കുള്ള കൂട്ടായ കടന്നിരിക്കലായി (Mass Entry) മനസ്സിലാക്കാവുന്നതാണ്. വിദ്യ അഭ്യസിച്ചാൽ കാതിൽ ഈയം ഉരുക്കി ഒഴിക്കുമെന്ന മനുസ്മൃതിയുടെ ലോകത്തെ റദ്ദ് ചെയ്യാൻ അയ്യൻകാളിക്ക് സാധിക്കുന്നുണ്ട്. അയ്യൻകാളി പഞ്ചമിയുടെ കയ്യും പിടിച്ച് പള്ളിക്കൂടത്തിലേക്ക് പോകുന്ന ഇമേജ് ചരിത്രത്തിലേക്കുള്ള കൂട്ടായ കടന്നിരിക്കലാണ്. പുതുചരിത്രമാണത്. വിദ്യാലയത്തിലേക്ക് പ്രവേശിച്ച കേരളത്തിലെ ആദ്യത്തെ ദലിത് സ്ത്രീയാണ് പഞ്ചമി. ബ്രാഹ്മണിക് അധികാരഘടന കൈയടക്കി വച്ചിരുന്ന പള്ളിക്കൂട മുറ്റത്തേക്ക് കയറിയത് ഒരു സമര രൂപമാണ്. അത് പോർവിളി / വെല്ലുവിളി നടത്തിയും നിയമത്തിന്റെ സാധ്യതയിലുമാണ് പ്രാവർത്തികമായത്. നവോത്ഥാന സന്ദർഭത്തിൽ അയ്യൻകാളി നടത്തിയ പ്രധാന മുന്നേറ്റങ്ങൾ എണ്ണിപ്പറയുകയും സാധ്യമായ ജനാധിപത്യവും സ്വാതന്ത്ര്യവും നേടിത്തന്നതിന് കാരണക്കാരനായ വ്യക്തി ആരെന്ന ചോദ്യം പാട്ടിലൂടെ ഉയർത്തുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അയ്യൻകാളി എന്ന പേരിൽ അവസാനിക്കുകയും ചെയ്യുന്ന ആഖ്യാന സമീപനം തലപ്പ എന്ന ആൽബം സ്വീകരിച്ചിരിക്കുന്നു.

"വില്ലുവണ്ടിയിലേറിവന്നതാരുടെ വരവോ
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ"

എന്ന നാടൻപാട്ട് ആൽബത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപാൽജി വള്ളിക്കുന്നം ആണ്. പി.എസ്. ബാനർജിയും വീണയും ചേർന്നാണ് പാടിയത്. വയൽ, വിത്ത്, കാർഷിക പ്രവൃത്തികൾ, മെയ്യ്, ഉരുക്ക്, കട്ട കുത്തും കൈകൾ, കലപ്പ ഏന്തും കൈകൾ തുടങ്ങി പാട്ടിലെ പദാവലികളും വാക്യഘടനയും അധ്വാനത്തെ മഹത്വവത്കരിക്കുകയും അധ്വാനിക്കുന്ന ജനതയുടെ സ്വാതന്ത്ര്യരഹിതമായ ജീവിതം, അയിത്താനുശീലനത്തിന്റെ അനീതികൾ വ്യക്തമാക്കുകയും ചെയ്യുന്നു. കല്ലുമാല പറിച്ചെറിഞ്ഞതും വിത്തെറിഞ്ഞ കൈകളും വിയർപ്പണിഞ്ഞ മെയ്യുകളും ഉരുക്കു പോലെ കരുത്തരായി തീർന്നത് അയ്യൻകാളിയുടെ സാന്നിധ്യത്തിലൂടെയും പ്രവർത്തനത്തിലൂടെയുമാണെന്ന് പുതുകാലത്തോട് പറയാൻ ഈ നാടൻ പാട്ടിന് സാധിക്കുന്നുണ്ട്. പാഠശാല തടഞ്ഞവരെ പാടമാകെ പണിമുടക്കി പ്രതിരോധിച്ചതും വളയണിഞ്ഞ കൈകളെ ചെറുത്തുനിൽപ്പിൻ കൈകളാക്കിയതും മാറു മറച്ച് നിവർന്നു നിൽക്കാൻ പ്രാപ്തരാക്കിയതും അയ്യൻകാളിയാണെന്ന് ഉറക്കെപ്പറയാൻ നാടൻ പാട്ടിലൂടെ (Folk Music) സാധിക്കുന്നു.

"നായ് ചലിക്കും വഴിപോലും
നടക്കാനവകാശമില്ലാ കാലമങ്ങ് തകർത്തെറിഞ്ഞ്" 

എന്ന് തുടങ്ങി പാട്ടിലെ ഓരോ വരികളും അയിത്ത ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതും അയ്യൻകാളി പൊതുവഴികൾ രൂപപ്പെടുത്തിയതുമായ നവോത്ഥാനഭൂതകാലത്തെ ആവിഷ്കരിക്കുന്നു. സമകാലിക ജനതയോട് സംവദിക്കുന്നതിനുള്ള നവീന മാധ്യമമായിട്ടാണ് ഈ ഭൂതകാല കൃത്യങ്ങളെ പുനഃസൃഷ്ടിക്കുന്ന നാടൻപാട്ടിനെ മനസ്സിലാക്കേണ്ടത്. കേരളത്തിലെ ദലിതുകളെ / കേരളീയസമൂഹത്തെ ഉടച്ചുവാർത്ത് പുത്തനാം ഇതിഹാസം എഴുതിയ അയ്യൻകാളിയെ ഈ നാടൻ പാട്ടിൽ കാണാം. ഭൂതകാലത്തെ കേവലം ചരിത്രമായി മാത്രം മനസ്സിലാക്കാതെ, മറിച്ച് ദലിത് സമൂഹത്തിന്റെയാകെ സാംസ്കാരിക മൂലധനമായി (Cultural Capital) അവയെ പുനഃസൃഷ്ടിക്കുന്നതിന് പാട്ടിന് സാധിച്ചിരിക്കുന്നു.

ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച,

"അയ്യൻകാളിയാണ്ട
ധിക്കാരി ഞാനാണ്ട
ഈ വഴിയും ഇടവഴിയും
പെരുവഴിയും നടവഴിയും
വില്ലുവണ്ടി പായുമെടാ" 

എന്ന് തുടങ്ങുന്ന ഗാനത്തിൽ അയ്യൻകാളി സ്വയം സ്ഥാനപ്പെടുകയാണ്. പാട്ടിലുടനീളം ഈ സ്വയം നിർണയിക്കൽ കാണാം. അയ്യൻകാളി സമൂഹത്തോട് കൽപ്പിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയവയാണ് വരികൾ. അടിച്ചാൽ തിരിച്ചടിക്കുന്ന, അനീതികളെ കായികമായി നേരിടുന്ന അയ്യൻകാളിയെ വിഷ്വലൈസ് ചെയ്യാൻ ആൽബത്തിന് സാധിച്ചിട്ടുണ്ട്.

സജിമോൻ രചന നിർവഹിച്ച് സുരേഷ് രാഗമാലിക സംഗീതം നൽകി പന്തളം ബാലൻ ആലപിച്ച ആൽബമാണ് ചരിത്രമുറങ്ങി എന്നത്.

"ചരിത്രമുറങ്ങി ഉണർന്ന മണ്ണിൽ
കുളമ്പടിച്ചു വരുന്നു
വില്ലുവണ്ടി
ഒരു പുതുലോകം
പടുത്തുയർത്തീടാൻ
പണിയാളർ തൻ വണ്ടി
വില്ലുവണ്ടി
ഞങ്ങളുണർത്തും രണാങ്കണങ്ങളിൽ
കുതിച്ചു പാഞ്ഞു വരുന്നു വില്ലുവണ്ടി
പൊൻമണി ചാർത്തി വരുന്നു വില്ലുവണ്ടി"

സ്വാതന്ത്ര്യത്തോടെയുള്ള ദലിത് ജീവിതത്തിനായി സംഘബോധത്തെ ഉണർത്തിയ അയ്യൻകാളിയെ ആൽബം ആവിഷ്കരിക്കുന്നു. പുതിയകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജമായി ചരിത്രത്തിലെ വില്ലുവണ്ടി യാത്രയെ കാണുകയാണ് ഗാനം.

സംഗീതത്തിന്റെ വ്യത്യസ്ത ധാരയെ പ്രതിനിധാനം ചെയ്യുന്ന ആൽബമാണ് കതിരവൻ. പ്രതീഷ് മനക്കോടാണ് രചന. സംഗീതം പ്രമോദ് സാരംഗ്. ആലാപനം മത്തായി സുനിലാണ്.

"കാരിരുമ്പിൻ കരുത്തുള്ള
കതിരവ വീരൻ വരുന്നുണ്ടേ
വഴിമാറിക്കോ മേലാള
നിങ്ങൾ വിലക്കിയ വീഥിയിലൂടെ
ചീറിപ്പാഞ്ഞ് വില്ലുവണ്ടി വരുന്നുണ്ടേ
മാറ്റത്തിന്റെ മണി മുഴക്കി
വില്ലുവണ്ടി വരുന്നുണ്ടേ"

കതിരവൻ എന്ന ആൽബത്തിന്റെ വരികൾ കൽപ്പനയോ അഭ്യർത്ഥനയോ ആണ്. പോരാടാൻ കച്ചകെട്ടി കരുത്തനായ അയ്യൻകാളി വരുന്നു. ഹിന്ദുത്വസംഹിതകൾ നിർമ്മിച്ച സവർണ ബോധ്യങ്ങളോട് മാറി നിൽക്കാൻ കൽപ്പിക്കുന്ന ദലിത് രാഷ്ട്രീയത്തിന്റെ ദാർശനിക കണിശതയായി / മാറ്റത്തിന്റെ ശബ്ദമായി അയ്യൻകാളിയും വില്ലുവണ്ടിയും ഈ പാട്ടിൽ മാറുന്നു.

അഞ്ചൽ രവീന്ദ്രൻ രചന നിർവഹിച്ച്, രമ ടി. മോഹൻ സംഗീതം നൽകി പന്തളം ബാലൻ, ഭൈരവി എം. ആർ., ഭാവശ്രീ എം. ആർ. എന്നിവർ ചേർന്ന് പാടിയ ആൽബം സോങ്:

"വില്ലുവണ്ടി തെളിച്ചു വരുന്നുണ്ടയ്യൻകാളി
ഭാരതമണ്ണിൽ കർഷകത്തൊഴിലാളികളുടെ സമരത്തേരാളി"

ഇടതുപക്ഷ രാഷ്ട്രീയ ഭാവനകളിൽ നിന്ന് രൂപപ്പെട്ട വരികളാണ് പാട്ടിനെ നിശ്ചയിച്ചിരിക്കുന്നത്. പുല്ലാട്, പെരുനാട്, വെങ്ങാനൂർ, മണക്കാട്, ആറാലുംമൂട്, ഊരൂട്ടമ്പലം, നെടുമങ്ങാട് തുടങ്ങി നിരവധിയായ അയ്യൻകാളിയുടെ പോരാട്ട ഇടങ്ങളെ പാട്ട് ഓർമ്മപ്പെടുത്തുന്നു. തൈക്കാട് അയ്യ, നാരായണ ഗുരു, ശ്രീ മൂലം പ്രജാസഭ, സാധുജന പരിപാലന സംഘം തുടങ്ങി അയ്യൻകാളിയെ രൂപപ്പെടുത്തിയ / കണ്ടെത്താനാവുന്ന നിരവധി ഘടകങ്ങൾ പാട്ടിന്റെ ആശയഘടനയെ സൗന്ദര്യവത്കരിക്കുന്നു.

ആൽബം ഗാനങ്ങൾ : അയ്യൻകാളി, വിശേഷണങ്ങൾ

നിരവധി വിശേഷണപ്രയോഗങ്ങൾ അയ്യൻകാളി സ്മരണാഗാനങ്ങളിൽ നിന്ന് കണ്ടെത്താം. ശ്രീ അയ്യൻകാളി, ശ്രീമദ് അയ്യൻകാളി, സൃഷ്ടിസ്വരൂപൻ, മാനവ സ്നേഹത്തിൻ നായകൻ, വില്ലാളി വീരൻ, സമരസഞ്ചാരി, ദേവൻ, ഗുരുദേവൻ, ആചാര്യൻ, ഈശ്വരൻ, സർവേശ്വരൻ, മഹാപ്രഭു, ധിക്കാരി, ധീരൻ, വീരൻ, സാധുജന പരിപാലകൻ, ഭൂമിപ്രദായകൻ, തോഴൻ, കതിരവൻ, കതിരവവീരൻ, പുലയത്തലവൻ, പടനായകൻ, യുഗസാരഥി, നവോത്ഥാന നായകൻ, വെങ്ങാനൂരിലെ സൂര്യൻ, വിശ്വവിമോചനനായകൻ, വിപ്ലവകാരി തുടങ്ങിയ പദപ്രയോഗങ്ങൾ അയ്യൻകാളിയെ വിശേഷിപ്പിക്കുന്നതിനായി പല പാട്ടുകളിലും ഉപയോഗിച്ചിരിക്കുന്നു. സംഗീത ആൽബങ്ങൾ സൃഷ്ടിക്കുന്ന കൂട്ടായ്മയുടെ രാഷ്ട്രീയബോധ്യങ്ങളും ഗാനരചയിതാക്കളുടെ ഭാവനയും ആശയപരമായ ഉൾക്കാഴ്ചകളും ഇത്തരം വിശേഷണപ്രയോഗങ്ങൾ രൂപപ്പെടുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. വ്യത്യസ്ത രാഷ്ട്രീയം ഉൾക്കൊള്ളുന്ന ബഹുജനങ്ങൾ അവരുടേതായി അയ്യൻകാളിയെ മനസ്സിലാക്കുന്നു. ആ നിലയിൽ അയ്യൻകാളിയെ കണ്ടെത്താൻ ശ്രമിക്കുന്നു.

വില്ലുവണ്ടി, മണികെട്ടിയ കാളകൾ, തലപ്പാവ്, കാർഷിക പണിമുടക്ക് നടത്തിയ പാടം, കാർഷിക പ്രവൃത്തി, വെങ്ങാനൂർ, അയ്യൻകാളി സ്ഥാപിച്ച സ്ഥാപനങ്ങൾ, വെള്ളയമ്പലത്തെ സ്റ്റാച്യൂ, അയ്യൻകാളിയുടെ ശരീരഘടന, വേഷം, കറുപ്പ്, അയ്യൻകാളിപ്പട, പോർവിളി, കല്ലുമാല, പഞ്ചമി, പള്ളിക്കൂടപ്രവേശനം, പുല്ലാട്, പെരുനാട്, വെങ്ങാനൂർ, മണക്കാട്, ആറാലുംമൂട്, ഊരൂട്ടമ്പലം, നെടുമങ്ങാട്, തൈക്കാട് അയ്യ, നാരായണ ഗുരു, മഹാത്മഗാന്ധി, ശ്രീമൂലം പ്രജാസഭ തുടങ്ങി നിരവധി ചരിത്ര ഘടകങ്ങൾ അയ്യൻകാളിയെ പുനർനിർമ്മിക്കുന്ന ആൽബം ഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രസക്തവും സവിശേഷമായ വിശകലനം ആവശ്യപ്പെടുന്നവയുമാണ്.

Share this link