ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭം കേവലം പരീക്ഷാ അട്ടിമറികൾക്കെതിരെയുള്ള പ്രതിഷേധം മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ ഭയത്തിൽ നിന്നും നിശ്ചലതയിൽ നിന്നും മോചിപ്പിക്കാനുള്ള മുന്നേറ്റം കൂടിയാണ്. ഇന്ത്യൻ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന വിദ്യാർത്ഥികളും യുവാക്കളും മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തൊഴിലില്ലായ്മയും വിദ്യാഭ്യാസ അരക്ഷിതാവസ്ഥയും മോദി ഭരണത്തിൽ നേരിടുന്നുണ്ട്. സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയും നഗ്നമായ പണക്കൊള്ളയും സാധാരണക്കാർ നേരിടുന്ന വിലക്കയറ്റവും എല്ലാം സമരത്തിനെ സ്ഫോടനാത്മകമായ നിലയിൽ എത്തിക്കുന്നതിനുള്ള കാരണങ്ങളാണ്. വിനോദ് പയ്യട എഴുതുന്നു.
ഇന്ത്യയുടെ തലസ്ഥാനത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭം ദില്ലിയും കടന്ന് രാജ്യത്തെ നീതിക്കുവേണ്ടി നിൽക്കുന്നവരുടെ മാറ്റത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളെ ചൂട് പിടിപ്പിച്ചിട്ടുണ്ട്. ഒരു സംഘടനയുടെയും പിൻബലമില്ലാതെ ഒരു പ്രക്ഷോഭം സ്വയം ജനിക്കുന്നതും അത് രാജ്യത്തെ ചലിപ്പിക്കുന്നതും അപൂർവ്വമാണ്.
പ്രവേശന പരീക്ഷകളിൽ തുടർച്ചയായുണ്ടാകുന്ന ചോദ്യക്കടലാസ് ചോർച്ചയാണ് പ്രക്ഷോഭത്തിന്റെ പൊടുന്നനെയുള്ള കാരണം. വിദ്യാഭ്യാസ മേഖല മുഴുവൻ കോർപ്പറേറ്റ് മേഖലയ്ക്ക് അടിയറവ് വെയ്ക്കപ്പെടുന്നത് മൂലം ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുള്ള മധ്യവർഗ വിഭാഗങ്ങൾക്ക് പോലും അവർക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ വേവലാതികളാണ് ഈ സമരത്തിന്റെ ഊർജകേന്ദ്രം. എങ്കിലും അത് അതിനെക്കാൾ വലിയ മാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്നുണ്ട്.
ഇന്ത്യൻ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം വിദ്യാർത്ഥികളും യുവാക്കളുമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ വളരെ ഭീകരമാം വിധം വർദ്ധിച്ചിട്ടുണ്ട്. സർക്കാർ, പൊതുമേഖലകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ ഏറെക്കാലമായി നികത്തപ്പെടാതെ കിടക്കുകയാണ്. തസ്തികകൾ വെട്ടിക്കുറക്കുന്നത് കൂടാതെ സ്ഥിരനിയമനത്തിന് പകരം താൽക്കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്ഥിര നിയമനം നടക്കുന്ന ഘട്ടത്തിൽപ്പോലും സുതാര്യമായ പ്രക്രിയകൾ അട്ടിമറിച്ച് ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലെ കോച്ചിംഗ് സ്ഥാപനങ്ങളിൽ നടക്കുന്ന തെറ്റായ മാർഗങ്ങളിലൂടെയാണ് പലർക്കും നിയമനം ലഭിക്കുന്നത്. മധ്യപ്രദേശിലെ 'വ്യാപം' അഴിമതി ഒരുദാഹരണമായിരുന്നു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുവാക്കളിൽ തൊഴിലിനു വേണ്ടിയുള്ള പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഏറെക്കുറെ കുറ്റമറ്റതും സുതാര്യവുമായിരുന്ന കേരളത്തിലെ പി.എസ്.സി. വഴിയുണ്ടായിരുന്ന തെരഞ്ഞെടുപ്പിന്റെ കഴിഞ്ഞ പത്തുകൊല്ലത്തെ അനുഭവം പോലും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ബിഹാറിൽ മുന്നറിയിപ്പില്ലാതെ റെയിൽവേ പരീക്ഷ മാറ്റിയതിനെതിരെ ഉദ്യോഗാർത്ഥികൾ നടത്തിയ മിന്നൽ സമരത്തിൽ ഒരു റെയിൽവേസ്റ്റേഷൻ തന്നെ അഗ്നിക്കിരയാകുന്ന സാഹചര്യം ഉണ്ടായി.
ഇതിനുമപ്പുറം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം കൂടി ഈ ചെറുപ്പക്കാർ തിരിച്ചറിയുന്നുണ്ട്. അതിനനുസരിച്ച മുദ്രാവാക്യങ്ങൾ സമരമുഖത്ത് മുഖരിതമാണ്. ഈ സമരത്തെ ഹിന്ദു-മുസ്ലിം-സിഖ് സാഹോദര്യത്തിന്റെ കർമ്മഭൂമിയാക്കി മാറ്റുവാനും വിദ്യാർത്ഥി-യുവജനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ജിഹാദി, ഖാലിസ്ഥാനി ആരോപണങ്ങൾ ഉന്നയിച്ച് സമരത്തെ തകർക്കാൻ ശ്രമിച്ചതിനോടുള്ള മധുരപ്രതികാരമായി ഇതിനെ കാണാം. മോദി ഗവൺമെന്റിനുകീഴിൽ സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയും നഗ്നമായ പണക്കൊള്ളകളും സാധാരണക്കാർ നേരിടുന്ന വിലക്കയറ്റവും എല്ലാം സമരത്തിനെ സ്ഫോടനാത്മകമായ നിലയിൽ എത്തിക്കുന്നതിനുള്ള കാരണങ്ങളാണ്. ഇന്ത്യൻ യുവാക്കൾ ഇതിന് മുമ്പ് ഒരു വിപ്ലവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് 1974 ലാണ്. അതിന് സമാനമാണ് ഇപ്പോഴത്തെ സമരാന്തരീക്ഷം.
ഇന്ത്യൻ സമൂഹം നിശ്ചലതയുടെ ഘടകങ്ങളെ അതിന്റെ ജനിതക ഘടനയിൽ പേറുന്നുണ്ട്. അതിന്റെ മുഖ്യമായ കാരണം ജാതിവ്യവസ്ഥയാണ്. ഇന്ത്യൻ സമൂഹത്തിൽ സാമൂഹികമായ ചലനങ്ങൾ രൂപപ്പെടുമ്പോഴും ശക്തമാവുമ്പോഴും ഈ ചലനങ്ങളെ പുറകോട്ട് വലിക്കാനുള്ള സാമൂഹിക ഘടകങ്ങൾ സജീവമായി പ്രവർത്തിക്കാറുണ്ട്. സാമൂഹിക ചലനങ്ങൾ ദുർബലമാകുമ്പോഴോ അസ്തമിക്കുമ്പോഴോ ഈ പ്രതിലോമഘടകങ്ങൾ ശക്തമായി അതിന്റെ എല്ലാ രൗദ്രഭാവത്തോടെയും പ്രവർത്തിച്ചു തുടങ്ങും.
ഈ പ്രവർത്തനത്തിന്റെ ഫലമായിരുന്നു യഥാർത്ഥത്തിൽ നരേന്ദ്ര മോദിയുടെ 2014 മുതലുള്ള ഭരണം. അത് കോർപ്പറേറ്റുകളുടെ സൃഷ്ടി മാത്രമായിരുന്നില്ല. സ്വാതന്ത്ര്യ സമരകാലത്തും പിന്നീടും ജാതിയുടെ വിഭിന്ന രൂപങ്ങൾക്കെതിരെയുള്ള ചലനങ്ങൾ ശക്തമായിരുന്നു.
അംബേദ്കറുടെയും ലോഹ്യയുടെയും നേതൃത്വത്തിൽ അധഃസ്ഥിത-പിന്നോക്ക മുസ്ലീം ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള മുന്നേറ്റങ്ങളും ഭരണഘടനയുടെ പ്രവർത്തനവും മൂലം ഈ വിഭാഗങ്ങളിൽ ഉണ്ടായ ആത്മഭിമാനവും ശാക്തീകരണവും സാമൂഹികമായ ചലനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് സർക്കാർ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചത് കൂടാതെ ഈ സാഹചര്യങ്ങൾ കൊണ്ട്തന്നെ പലപ്പോഴും ദുർലഭമായിട്ടാണെങ്കിലും ദ്വിജ-ശൂദ്ര വിവാഹബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. സവർണരുടെയും യാഥാസ്ഥിതികരുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന ദുരഭിമാനക്കൊലകൾ ഇതിനോടുള്ള എതിർ പ്രതികരണമാണ്.
ജാതി നിയമങ്ങൾ ദുർബലപ്പെടുകയോ ലംഘിക്കപ്പേടുകയോ ജാതി വ്യവസ്ഥ കാർക്കശ്യ രഹിതമോ ആകുമ്പോൾ ജാതിവ്യവസ്ഥയെ ഖനീഭവിച്ചു നിർത്തുവാൻ സവർണ യാഥാസ്ഥിതികത തുനിയുകയും അതിൽ വിജയിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ ഇന്ത്യയുടെ മുൻകാല ചരിത്രത്തിലും സാഹിത്യത്തിലും കാണാൻ കഴിയും. ഈ പ്രതിലോമകരമായ എതിർചലനത്തിന്റെ ഉത്പന്നമാണ് ബി.ജെ.പി.യുടെ 2014-ലെ ഭരണം. 2014-ലെ ഭരണമാറ്റത്തോട് കൂടി ഈ ശക്തികൾക്ക് സംരക്ഷണവും ഭരണകൂടത്തിന്റെ പ്രത്യക്ഷമായ രക്ഷാകർതൃത്വവും ലഭിച്ചു വരുന്നതായി കാണാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സാമൂഹിക മാധ്യമങ്ങളിലെയും ജാതിവെറിയുടെ അന്തരീക്ഷം ശക്തി പ്രാപിച്ചതും ഈ കാലയളവിലാണ്. പ്രതിലോമകരമായ ഈ എതിർ ചലനങ്ങളുടെ ഉപകരണം അക്രമമാണ്. ആയുധങ്ങളെടുത്തുള്ള അക്രമങ്ങൾ നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുടെ ശബ്ദങ്ങളെ ഇല്ലാതാക്കാനും അവരെ ഭയപ്പെടുത്താനും ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. ജാതീയമായ ഘടകങ്ങളെ പ്രബലപ്പെടുത്തുന്നതു പോലെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പുരോഗമനപരമായ ചലനങ്ങളെ അസ്തമിപ്പിക്കാൻ ആവശ്യമാണെന്ന് ഹിന്ദുത്വ ശക്തികൾക്കറിയാം. 2014 മുതൽ ഈ രണ്ട് കാര്യത്തിലും അവർ വിജയിച്ചിട്ടുള്ളതായി കാണാം.
ബ്രിട്ടീഷ് ഭരണം ശാശ്വതീകരിക്കപ്പെട്ടത് ഭയത്തിന്റെ അടിത്തറയിലാണെന്ന് മനസ്സിലാക്കിയ ആൾ ഗാന്ധിയായിരുന്നു. ഗാന്ധിയോട് പല നിലയിൽ വിയോജിക്കുന്നവരും ഇന്ത്യൻ ജനതയെ നിർഭയത്വത്തിലേക്ക് ഉയർത്തിയ ഗാന്ധിയുടെ ഇടപെടൽ അംഗീകരിക്കുന്നവരാണ്. ഈ നിർഭയത്വമാണ് ബ്രിട്ടീഷ് വെടിയുണ്ടകളെ ആയുധരഹിതമായി നേരിടാൻ ഇന്ത്യക്കാർക്ക് കരുത്ത് പകർന്നത്. വെടിയുണ്ടകൾക്ക് മുന്നിൽ മരിച്ചു വീഴുന്ന സമര ഭടന്മാരെ കണ്ട് ബ്രിട്ടീഷ് പട്ടാളക്കാർ അത്ഭുതപ്പെട്ട കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ജന്തർ മന്ദറിൽ ആരംഭിച്ച വിദ്യാർത്ഥി യുവജന പ്രക്ഷോഭം ഇന്ത്യൻ ജനതയെ ഭയത്തിന്റെ മൂടുപടം വലിച്ചെറിഞ്ഞ് നിർഭയത്വത്തിലേക്ക് ഉയർത്തുന്ന വിപ്ലവകരമായ ദൗത്യമാണ് നിർവ്വഹിക്കുന്നത് എന്നത് പ്രധാനമാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭാവവും സ്വാധീനവും തീരെ അസ്തമിച്ചു പോയിട്ടില്ലാത്ത 1970 കളിലെ പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യയെ രാഷ്ട്രീയമായി ആകെ പിടിച്ചുലച്ച സമരങ്ങൾ ഉണ്ടായിട്ടില്ല. ആദിവാസികളുടെയും ദലിതരുടെയും ഗ്രാമീണ ജനവിഭാഗങ്ങളുടെയും തലത്തിൽ നിന്നുയർന്ന ഉപജീവനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കും പരിസ്ഥിതി സമരങ്ങൾക്കും പല കാരണങ്ങൾ കൊണ്ടും രാജ്യത്തിന്റെ പൊതു രാഷ്ട്രീയ ഭാവനയെ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. മധ്യവർഗത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ പ്രതീക്ഷകൾ കൂടി അടങ്ങുന്ന ജന്തർ മന്ദർ സമരം അതിനാൽ തന്നെ പൊതു മുന്നേറ്റമായി വളരാനുള്ള സാഹചര്യം ഉണ്ടായി. മോദി സർക്കാർ സമ്മർദ്ദത്തിലാകുന്നതും അതുകൊണ്ടാണ്.
സമരത്തിന്റെ മറ്റൊരു പ്രാധാന്യം അംബേദ്കർ ഒരു പൊതു സമരത്തിന്റെ, എല്ലാ ജാതി വിഭാഗങ്ങളിലും പെട്ട ചെറുപ്പക്കാരുടെ സമരത്തിന്റെ ഐക്കൺ ആയി മാറുന്നുവെന്നതാണ്. അംബേദ്കർ ജീവിച്ചിരുന്ന കാലത്തും പിന്നീടും അദ്ദേഹത്തെ അധഃസ്ഥിത ജാതികളുടെ നേതാവായി പരിമിതപ്പെടുത്തി കാണാനായിരുന്നു പൊതു രാഷ്ട്രീയ മണ്ഡലം ഉത്സാഹം കാണിച്ചിരുന്നത്. ഈ സ്ഥിതിയെ മാറ്റി അദ്ദേഹത്തെ ഗാന്ധിജിയോളം ഔന്നത്യമുള്ള മഹാനായ നേതാവായി ഉയർത്തിക്കാട്ടുന്നതിന് ലോഹ്യയും സോഷ്യലിസ്റ്റ് പാർട്ടിയും ബോധപൂർവ്വമായ പരിശ്രമം നടത്തിയിരുന്നു. അംബേദ്കർ ഉയർത്തിയ രാഷ്ട്രീയ അന്തരീക്ഷത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും നിഷ്പ്രഭമാക്കിക്കൊണ്ടേ സമൂഹത്തെ സവർണ യാഥാസ്ഥിതികതയുടെ ഇരുണ്ട പുതപ്പിനുള്ളിലാക്കാൻ കഴിയൂ എന്ന് ഹിന്ദുത്വ ശക്തികൾക്കറിയാം. അംബേദ്കറുടെ സ്മരണകളെ തുടച്ചു നീക്കാനുള്ള പരിശ്രമത്തിലായിരുന്നു ബ്രാഹ്മണിക രാഷ്ട്രീയം. ഇതിനെ റദ്ദ് ചെയ്തുകൊണ്ട് അംബേദ്കറെ ഇന്ത്യയുടെ വീണ്ടെടുപ്പിന്റെ പ്രതീകമായി പ്രക്ഷോഭകർ ഉയർത്തുന്നുവെന്നത് വിപ്ലവകരമാണ്.
1950 കളിൽ ലോഹ്യ പ്രക്ഷോഭ മുഖങ്ങളിൽ ഉയർത്തിയ ഒരു മുദ്രാവാക്യമുണ്ട്. അതിന്റെ പരിഭാഷ ഇങ്ങിനെയാണ്: തെരുവുകൾ നിശ്ശബ്ദമാവുമ്പോൾ, പാർലമെന്റ് തെമ്മാടികളുടെ താവളമാകും. കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ പ്രക്ഷോഭത്തിലും ഈ മുദ്രാവാക്യം കൂടെക്കൂടെ മുഴങ്ങികേട്ടിരുന്നു. നിശ്ചലതയുടെ ഘടകങ്ങൾ സമൂഹത്തെ ഖനീഭവിപ്പിക്കുകയും ജനാധിപത്യ വ്യവസ്ഥയെ ഔപചാരികവും ഘടനാപരമാക്കുകയും (constitutionalize) ചെയ്യുന്നതിലെ അപകടത്തെ മറികടക്കുന്നതിനും സമൂഹത്തെ നിത്യ ചലനത്തിൽ നിർത്തുന്നതിനുമായിരുന്നു ലോഹ്യയുടെ പരിശ്രമം.
ജനാധിപത്യം തെരുവുകളിലാണ് പുഷ്കിലമാകുന്നത്, പാർലമെന്റിന്റെയും നിയമങ്ങളുടെയും ഔപചാരികതകളിലല്ല. ഇന്ത്യൻ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തെ മാത്രമല്ല, അതിൽ കുടികൊള്ളുന്ന നിശ്ചലതയുടെ ഘടകങ്ങളെക്കൂടി പുറംതള്ളുന്നുവെന്നതിനാൽ ജന്തർ മന്ദർ പ്രക്ഷോഭം ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയാണ്.