സംസ്കൃതത്തിന്റെ വ്യാജ ശുദ്ധിവാദങ്ങളും സർവ്വകലാശാലകളിലെ ജാതി ഹിംസകളും
അക്കാദമികരംഗമാകെ ഒരു ബ്രാഹ്മണ സെറ്റിൽമെൻ്റാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡോ. സി.എൻ. വിജയകുമാരിയുടെ സംശയാസ്പദമായ പ്രവൃത്തികൾ. സംസ്കൃതം അറിയാത്തയാളാണ് വിപിൻ എന്ന ആക്ഷേപം സത്യവിരുദ്ധമാണെന്ന് ഡോ. വിജയകുമാരിയുടെ കൈയൊപ്പ് പതിഞ്ഞ എം.ഫിൽ പ്രബന്ധത്തിലെ സാക്ഷ്യപത്രം തന്നെ തെളിയിക്കുന്നു. ശങ്കരാചാര്യ കൃതികളിലെ സ്മൃതികളുടെ സ്വാധീനം "ഗവേഷണം" ചെയ്ത് സനാതനധർമത്തിന്റെ "മഹത്വം" പാടുന്ന ഡോ. വിജയകുമാരി ഒരു ദലിത് ഗവേഷകനെ അപമാനിച്ചതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. സംസ്കൃത പണ്ഡിതനും പ്രഭാഷകനുമായ ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.
കേരള സർവകലാശാലയിൽ വിപിൻ എന്ന ഗവേഷണ വിദ്യാർത്ഥിയുടെ ഗവേഷണവുമായി (PhD open viva) ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ കേരളത്തിലെ സംസ്കൃത ഗവേഷണത്തെ സംബന്ധിച്ചും അധ്യാപക നിയമനങ്ങളെ സംബന്ധിച്ചും, സവർണവിഭാഗത്തിൽപ്പെട്ട അധ്യാപകർക്ക് പിന്നോക്ക ദലിത് സമുദായങ്ങളിലുൾപ്പെട്ട ഗവേഷണ വിദ്യാർത്ഥികളോടുള്ള സമീപനത്തിലെ ഹിംസാത്മകതയെ സംബന്ധിച്ചും ആഴത്തിലുള്ള നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
ഗവേഷണവും Open-viva യും: കേരളീയ യാഥാർത്ഥ്യങ്ങൾ
കേരളത്തിലെ സംസ്കൃതവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ എഴുതപ്പെടുന്നത് ഇംഗ്ലീഷ്, സംസ്കൃത ഭാഷകളിലാണ്. സംസ്കൃതത്തിൽ തന്നെയായിരിക്കണം ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കേണ്ടത് എന്ന നിബന്ധന അഖിലേന്ത്യ തലത്തിൽ പോലും നിലവിലില്ല. കൂടാതെ "open viva" എന്ന തുറന്ന സംവാദത്തിൽ ഗവേഷണവിദ്യാർത്ഥി പ്രബന്ധ സംഗ്രഹം ഇംഗ്ലീഷിലോ സംസ്കൃതത്തിലോ ആയിരിക്കും അവതരിപ്പിക്കുക. ഉത്തരേന്ത്യൻ സർവകലാശാലകളിൽ പോലും ഒരു വേള തുറന്ന സംവാദത്തിൽ ഗവേഷണ വിദ്യാർത്ഥി മറുപടി പറയുന്നത് പ്രാദേശിക ഭാഷയിലോ ഹിന്ദിയിലോ ആയിരിക്കും. കേരളത്തിലും എത്രയോ കാലങ്ങളായി ഇതേ രീതിയാണ് നിലനിൽക്കുന്നതും തുടരുന്നതും. പ്രബന്ധസംഗ്രഹം ഇംഗ്ലീഷിലോ സംസ്കൃതത്തിലോ അവതരിപ്പിക്കുകയോ സംവാദ സന്ദർഭത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മറുപടി പറയുകയാണ് നിലവിലുള്ള രീതി. ഇക്കാര്യത്തിൽ പൊതുവെ സർവകലാശാലകളിൽ തുടരുന്ന രീതിയാണ് ഇവിടെ സൂചിപ്പിച്ചത്.
ഓപ്പൺ വൈവയെ ഒരു മല്ലയുദ്ധം പോലെയല്ല ഗവേഷണ ലോകം കാണുന്നത്. എല്ലാറ്റിന്റെയും അന്തിമ പ്രഖ്യാപനവുമല്ല. കൂടുതൽ ആഴത്തിലുള്ള ഗവേഷണത്തിന്റെ തുറന്ന വാതിലാണത്. ഓപ്പൺ വൈവ ഗവേഷണ വിദ്യാർത്ഥിയെ അപമാനിക്കുന്നതിനുള്ള വേദിയാക്കി മാറ്റിയ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി.എൻ. വിജയകുമാരി അക്കാദമിക നൈതികതയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത വ്യക്തിയാണെന്ന് അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. എം.ഫിൽ ഗവേഷണ പ്രബന്ധത്തിൽ സ്വന്തം വിദ്യാർത്ഥിയായ വിപിന്റെ ഗവേഷണ പ്രബന്ധം ഒറിജിനൽ ഗവേഷണ പ്രബന്ധമാണന്ന് സാക്ഷ്യപ്പെടുത്തിയ ഡോ. വിജയകുമാരിയുടെ നിലപാടുകൾ പൂർണമായി സംശയാസ്പദമാണ്. സംസ്കൃതം അറിയാത്തയാളാണ് വിപിൻ എന്ന ആക്ഷേപം സത്യവിരുദ്ധമാണന്ന് ഡോ. വിജയകുമാരിയുടെ കൈയൊപ്പ് പതിഞ്ഞ എം.ഫിൽ പ്രബന്ധത്തിലെ സാക്ഷ്യപത്രം തന്നെ തെളിയിക്കുന്നു.
സംസ്കൃതം സംസാര ഭാഷയോ?
സംസ്കൃതം സംസാരിക്കാത്തതാണ് കുറ്റമെങ്കിൽ ഏത് സംസ്കൃതത്തെ പറ്റിയാണ് ഇവർ പറയുന്നതെന്ന് ചോദിക്കണ്ടി വരും. സംസ്കൃതം അടിസ്ഥാനപരമായി ഒരു വൈജ്ഞാനിക ഭാഷയാണ്. ഇന്ന് സംഭാഷണം ചെയ്യുന്ന സംസ്കൃതത്തിന്, ഇതിഹാസ പുരാണങ്ങളിലെ സംസ്കൃതവുമായി വലിയ ബന്ധമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇഡ്‌ഡലി എന്ന പദം ഇതിഹാസ പുരാണ സാഹിത്യങ്ങളിൽ കാണാൻ സാധ്യമല്ല. ഇതിനെ സംഭാഷണ സംസ്കൃതക്കാർ "ഇഡ്ഡലി:" എന്നാണ് സംസ്കൃതീകരിക്കുന്നത്. മൊബൈലിനെയും ടെലിഫോണിനെയും ഇവർ "ദൂരവാണി" എന്നും വിളിക്കുന്നു. ഈ ദൂരവാണി പ്രാചീന കാലത്ത് ഉണ്ടായിരുന്ന ഒന്നല്ല. മൊബൈൽ ഫോൺ നിലവിൽ വന്നതിന് ശേഷം അതിനായി ഒരു സംസ്കൃത പദം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം പല പദങ്ങളും വിസർഗം (:) ചേർത്ത് സംസ്കൃതീകരിക്കുന്നതായും കാണാൻ കഴിയും. യാഗങ്ങളിൽ ഉപയോഗിക്കുന്ന ചമസം എന്ന ഉപകരണത്തെ അടുക്കളയിലെ സ്പൂണിനെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നതിനെ യാഥാസ്ഥിതിക സംസ്കൃത പണ്ഡിതന്മാർ തന്നെ വിമർശിച്ചിട്ടുമുണ്ട്. യാഥാസ്ഥിതിക സംസ്കൃത പണ്ഡിതന്മാർ സംസ്കൃതത്തെ ഇവ്വിധം വ്യാവഹാരിക സംസ്കൃതമാക്കി പ്രയോഗിക്കുന്നതിൽ അമർഷം രേഖപ്പെടുത്തുകയും വ്യാവഹാരിക സംസ്കൃത പ്രയോഗക്കാരുടെ സംസ്കൃതത്തെ ഇഡ്ഡലി സംസ്കൃതം എന്ന് പരിഹസിക്കുകയും ചെയ്യാറുണ്ട്. ഇഡ്‌ഡലിയെ വിസർഗം ചേർത്ത് "ഇഡ്ഡലി:" എന്ന് വ്യാവഹാരിക സംസ്കൃതക്കാരുടെ പ്രയോഗമാണ് "ഇഡ്‌ഡലി സംസ്കൃതം" എന്ന പ്രയോഗത്തിനാധാരം.
ചരിത്രപരമായി പരിശോധിച്ചാലും സംസ്കൃതം ഒരു സംഭാഷണഭാഷയായി വികസിച്ചിരുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയും. ഇന്നും കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും സംസ്കൃതം പഠിപ്പിക്കുന്നത് സംസ്കൃത മാധ്യമത്തിലൂടെ മാത്രമല്ല. സംസ്കൃത പഠനത്തിൽ ബോധന മാധ്യമമായി മലയാളഭാഷ ഉപയോഗിച്ചു പോരുന്നുണ്ട്. ആഗോള തലത്തിൽ അറിയപ്പെടുന്ന സംസ്കൃത പണ്ഡിതനായ പ്രൊഫ. അലക്സിസ് സാന്റേഴ്സൺ ഉൾപ്പെടെയുള്ളവരുടെ ഗവേഷണപ്രബന്ധങ്ങളെല്ലാം എഴുതപ്പെട്ടിട്ടുള്ളത് ഇംഗ്ലീഷിലാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിൽ നിന്നും ലഭ്യമായ സംസ്കൃത ഗ്രന്ഥങ്ങളുടെ താളിയോലകളിൽ പലതും എഴുതപ്പെട്ടത് ഗ്രന്ഥലിപിയിലും മറ്റുമാണ്. അതായത് ഇന്ന് പ്രചുര പ്രചാരത്തിലുള്ള ദേവനാഗരി ലിപിയിലല്ല അവയൊന്നും എഴുതപ്പെട്ടിരുന്നതെന്ന് സാരം. കേരളത്തിലെ പ്രാചീന തന്ത്രഗ്രന്ഥമായ മാതൃസദ്ഭാവത്തിന്റെ താളിയോലയിലെ ലിപി സംസ്കൃതം എഴുതാൻ ഇന്നുപയോഗിച്ചുവരുന്ന ദേവനാഗരി ലിപിയിയായിരുന്നില്ല. മാതൃസദ്ഭാവത്തിന്റെ കേരളത്തിൽ നിന്നുള്ള താളിയോലയിലെ ലിപി ഗ്രന്ഥലിപിയായിരുന്നു. ഇത് തെളിയിക്കുന്നത് സംസ്കൃതം ഇന്ത്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പടർന്നത് പ്രാദേശിക ഭാഷയുടെ സഹായത്തോടെയാണെന്നാണ്.
സംസ്കൃതത്തിൽ മഹാപണ്ഡിതന്മാരായ അധ്യാപകർക്കും സംസ്കൃതം ഒഴുക്കോടെ സംസാരിക്കാൻ കഴിയണമെന്നില്ല. അതവരുടെ കുറ്റമല്ല. സംസ്കൃതം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു വ്യവഹാരഭാഷയല്ല എന്നതാണ് ഒഴുക്കോടെയുള്ള സംഭാഷണത്തിന് മുഖ്യ തടസം. യാഥാസ്ഥിതിക പണ്ഡിതന്മാർ പരിഹസിക്കുന്ന "ഇഡ്‌ഡലി സംസ്കൃത"ക്കാർക്ക് സംസ്കൃതത്തിലെ വിവിധവിഷയങ്ങളിൽ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കണമെന്നുമില്ല. "ഇഡ്‌ഡലി സംസ്കൃതം" കേട്ടിട്ട് അത് സംസാരിക്കുന്നവർ മഹാ പണ്ഡിതന്മാരാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല.
സ്വന്തം കണ്ണിലെ കോലും അന്യന്റെ കണ്ണിലെ കരടും
റിപ്പോർട്ട് ചാനലിൽ ഡോ. അരുൺകുമാറുമായുള്ള സംഭാഷണത്തിൽ ഡോ. വിജയകുമാരി ഗവേഷണ പ്രബന്ധത്തിലെ രീതിശാസ്ത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ശുദ്ധമായ അക്കാദമിക ലക്ഷ്യം മുൻനിർത്തിയാണ് തന്റെ "വിമർശനങ്ങൾ" എന്നാണ് ഡോ. സി.എൻ. വിജയകുമാരി വാദിക്കുന്നത്. റിപ്പോർട്ടർ ചാനലിൽ ഡോ. അരുൺ കുമാറുമായുള്ള സംഭാഷണത്തിൽ ഡോ. വിജയകുമാരി മെത്തഡോളജിയെ പറ്റിയും വാചാലയാവുന്നുമുണ്ട്. രീതിശാസ്ത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള തന്റെ യോഗ്യതയും അവർ വെളിപ്പെടുത്തുന്നു. എന്നാൽ സ്വന്തം വിദ്യാർത്ഥിയെ അക്കാദമിക സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്ത ഡോ. വിജയകുമാരി 2002 ൽ കേരള സർവകലാശാലയിൽ സമർപ്പിച്ച സ്വന്തം ഗവേഷണ പ്രബന്ധത്തിൽ പോലും ഗവേഷണ രീതി ശാസ്ത്രം പാലിച്ചിട്ടില്ല എന്ന് പരിശോധിച്ചാൽ വ്യക്തമാവും. ഇതറിയാൻ പ്രബന്ധത്തിന്റെ ഉപസംഹാര അധ്യായം മാത്രമൊന്ന് വായിച്ചാൽ മതി. ഗവേഷണ പ്രബന്ധത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങളും നൂതന അറിവുകളും ഉപസംഹാര അധ്യായത്തിൽ അവതരിപ്പിക്കുന്നതിന് പകരം ഗവേഷണ പ്രബന്ധത്തിലെ മറ്റ് അധ്യായങ്ങളിലെ സംക്ഷിപ്ത രൂപം അവതരിപ്പിക്കുക മാത്രമാണ് ഉപസംഹാരാധ്യായത്തിൽ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നു എന്ന് മാത്രമല്ല, അക്കാര്യം കൺക്ലൂഷൻ ചാപ്റ്ററിന്റെ അന്ത്യത്തിൽ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്.