സി.എ.എ. നടപ്പിലാക്കുന്നതോടുകൂടി ഔപചാരികമായി ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ. വോട്ട് കൃത്രിമമായി ഉണ്ടാക്കിയും ഒഴിവാക്കിയും ഭരണംപിടിക്കുക എന്ന ലക്‌ഷ്യം മാത്രമല്ല ഇതിനു പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് എന്നതിലുപരി, പൗരത്വ രജിസ്റ്റർ എന്ന മനുവാദ ശ്രേണീകൃത അസമത്വത്തെയാണ് ഇത് ലക്ഷ്യമാക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെടുന്നതോടെ ഒരാൾ സംശയിക്കപ്പെടുന്ന അപരനായി മാറുന്നു. രാഷ്ട്രീയ ജീവിതത്തിൽനിന്ന് അവർണരെയും ഇതര വിശ്വാസികളെയും പ്രത്യയശാസ്ത്രങ്ങളെയും ഒഴിവാക്കിയാൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം പഴയ ജന്മി വർഗത്തിൻ്റെ തുടർച്ചയിൽ എളുപ്പമാണ്. കാലിക്കറ്റ് സർവകലാശാല മുൻ പ്രൊഫസറും ചിന്തകനുമായ ഡോ. പി.കെ. പോക്കർ എഴുതുന്നു.
ഇന്ത്യയെ ഒരു ബ്രാഹ്മണിക്കൽ ഹിന്ദു രാഷ്ട്രമാക്കാനുള്ള പ്രവർത്തനങ്ങൾ മുന്നെറിക്കൊണ്ടിരിക്കയാണ്. രാജ്യം ദീർഘകാലമായി നിലനിർത്തുന്ന ആശയാധികാര വ്യവസ്ഥ ബ്രാഹ്മണികവും സവർണവുമായതിനാൽ ഇന്ന് കൂടുതൽ തീവ്രമായി നടക്കുന്ന പുറംതള്ളലുകൾക്ക് മൗന സമ്മതമുണ്ടാക്കാൻ അവർക്ക് എളുപ്പമുണ്ട്. പല വിധത്തിൽ ഈ പുറംതള്ളൽ ഇന്ന് നടക്കുന്നതായി നമുക്ക് കാണാം.
അതിൽ ഏറ്റവും മുഖ്യമായിട്ടുള്ളത് പൗരത്വവുമായും സമ്മതിദാനാവകാശവുമായും ബന്ധപ്പെട്ട അവകാശമാണ്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ജനങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഭൂമിയും സമ്പത്തും ഉള്ളവർക്ക് മാത്രമായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ശേഷം മാത്രമാണ് നടപ്പിൽ വന്നത്. ഇക്കാര്യം ആവർത്തിച്ചു ബഹുജനങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. കാരണം ഏതാനും ദിവസം മുൻപ് അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്കൊയറിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ പരിഹസിച്ചും വിമർശിച്ചും സവർണ സംഘം നടത്തിയ പ്രതിഷേധവും അതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ നടന്ന അധിക്ഷേപങ്ങളും വിരൽ ചൂണ്ടുന്നത് മനുവാദ ഭരണവ്യവസ്ഥ സമ്പൂർണമായി നടപ്പാക്കാൻ ആഗോള സവർണ ഹിന്ദുത്വ മുന്നണി പ്രതിജ്ഞാബദ്ധമാണെന്ന വസ്തുതയാണ്.
ബഹു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇപ്പോൾ ഇരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉന്നതമായ നീതി പീഠത്തെപ്പോലും പുച്ചിക്കുന്ന ‘ഷൂഏറിനെ’ സാധൂകരിക്കുന്ന പരസ്യപ്പലക സ്ഥാപിച്ചു കൊണ്ടാണ് അവിടെ ഗവായിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പരിപാടി അരങ്ങേറിയത്. ഈ വാർത്ത എക്സിൽ എഴുതിയ സുരാജ് കുമാറിൻറെ (Suraj Kumar Baudh @Suraj Kr Baudh) പോസ്റ്റിനടിയിൽ ഡോ. അംബേദ്കറെ നിന്ദിക്കുന്ന പ്രതികരണങ്ങൾ കാണാനിടയായി. ഇത്തരത്തിൽ അംബേദ്കരെ പരിഹസിക്കുന്ന പ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ആദ്യമാല്ലെന്നും നമ്മൾ ഓർക്കണം. അമേരിക്കയിലെ 'ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച’ പ്രതിഷേധ പരിപാടിയെന്നാണ് ചില മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയെ പ്രതിനിദാനം ചെയ്യുന്നത് അംബേദ്‌കർ വിരുദ്ധരും ജനാധിപത്യ വിരുദ്ധരുമായ ഒരുകൂട്ടം സമ്പന്ന സവർണഹിന്ദുക്കൾ ആണെന്ന ചിത്രമാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. അംബേദ്‌കർ മുതൽ ബി.ആർ. ഗവായ് വരെ ജനാധിപത്യത്തിന് കാവൽ നിൽക്കുന്നതാണ് ജാതി വാദികളെ പ്രകോപിപ്പിക്കുന്നത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ സുപ്രീം കോടതിയിൽ വെച്ച് സീനിയർ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിഞ്ഞതും തുടർന്ന് ന്യൂയോർക്ക് ടൈംസ്ക്വയറിൽ അതിനനുകൂലമായി പൊതുയോഗവുമായി സവർണ ബുദ്ധിജീവികൾ രംഗത്ത് വന്നതും കൂട്ടിവായിക്കുമ്പോൾ ജനാധിപത്യം ഭയപ്പെടുന്ന മനുവാദികളുടെ ആഗോളവ്യാപനമാണ് കാണാൻ കഴിയുന്നത്. ഇന്ത്യയിലെ അടിത്തട്ട് മനുഷ്യരുടെ പ്രതിനിധിയായി വിദ്യകൊണ്ടും കഴിവ് കൊണ്ടും ഇന്ത്യൻ നീതി പീപീഠത്തിന്റെ ഏറ്റവും ഉന്നതിയിൽ എത്തിയ മഹത് വ്യക്തിയെ പരസ്യമായും ഹീനമായും ആക്രമിച്ചതിൽ ഇരകൾ അല്ല ഇവിടെ പ്രതിഷേധിക്കുന്നത്. ആക്രമണകാരിക്ക് ആഗോള സവർണ മനുവാദികളുടെ പരസ്യമായ പിന്തുണ ഉണ്ടാവുകയാണ്. അതിൻറെ ഒരു കാരണം കാഞ്ച ഇലയ്യ(Kancha Ilaiah) നിരീക്ഷിച്ച പോലെ അടിത്തട്ട് സമുദായങ്ങളിൽ നിന്നും വേണ്ടത്ര ജൈവ ബുദ്ധിജീവികൾ ഉണ്ടായിട്ടില്ലെന്നത് തന്നെയാണ്. അംബേദ്കറെയും ഇന്ത്യൻ ഭരണഘടനയും അപ്രസക്തമാക്കി മനുവാദ സവർണ മേധാവിത്തം ഇന്ത്യയിൽ പുനസ്ഥാപിക്കാനുള്ള പല പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ. എന്ന തീവ്ര വോട്ടർപട്ടിക പുതുക്കൽ എന്ന് തിരിച്ചറിയണം. രാഷ്ട്രീയ ജീവിതത്തിൽ നിന്നും അവർണരെയും ഇതര വിശ്വാസികളെയും പ്രത്യയ ശാസ്ത്രങ്ങളെയും ഒഴിവാക്കിയാൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം പഴയ ജന്മി വർഗത്തിൻറെ തുടർച്ചയിൽ എളുപ്പമാണ്.
രാഷ്ട്രീയ അധികാരത്തിൽ രണ്ടു തലങ്ങളിൽ നിയന്ത്രണാധികാരം കയ്യടക്കിയാൽ അവശേഷിക്കുന്ന ജനതക്കുമേൽ സമ്പൂർണ അധികാരം സ്ഥാപിക്കാൻ കഴിയും. ഒന്ന് പ്രത്യക്ഷ രാഷ്ട്രീയ അധികാരവും പങ്കാളിത്തവും, മറ്റൊന്ന് സർക്കാർ മേഖലയിൽ ആവശ്യമായ തൊഴിൽ. വോട്ടവകാശം നിഷേധിക്കപ്പെടുന്നതോടു കൂടി ഒരാൾ സംശയിക്കപ്പെടുന്ന അപരനായി മാറുന്നു. അതായത് ഡി വോട്ടർ. ആസാമിൽ ഡി വോട്ടർമാർ ഉണ്ടായിക്കഴിഞ്ഞു. ഇപ്പോൾ ബീഹാറിലും ഡി വോട്ടർമാർ സമ്മതിദാന അവകാശമില്ലാതെ പുറത്തായിക്കഴിഞ്ഞു. ഇന്ത്യ മുഴുവൻ ഈ പ്രക്രിയ നടക്കാൻ പോവുകയാണ്. പല നിലകളിൽ ഒരാൾ ലിസ്റ്റിൽ നിന്നും പുറത്തായേക്കും.
2002/2003-ലെ വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് വലിയ കടമ്പകടന്നു വേണം പുതിയ ലിസ്റ്റിൽ സ്ഥാനം പിടിക്കാൻ. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കൃത്യമായ പഠന രേഖകളോ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഇല്ലാത്തവർ രക്ഷിതാക്കളുടെ ജനനം മുതലായവ അടയാളപ്പെടുത്താൻ കഴിയാതെ വലയുമെന്നതിൽ സംശയമില്ല. നമ്മുടെ രാജ്യത്ത് വിദേശികൾ ഉണ്ടെങ്കിൽ മണിക്കൂറുകൾ കൊണ്ട് അവരെ പിടിച്ചു പുറത്താക്കാൻ ശേഷിയുള്ള ഭരണകൂടം ആർക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ഇതുപോലുള്ള രീതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാണ്.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിച്ചാൽ ഡ്യൂപ്ലിക്കേഷൻ കണ്ടുപിടിച്ചു ഒഴിവാക്കാൻ കഴിയുമെന്നും ഇപ്പോൾ എല്ലാവർക്കും അറിയാം. വോട്ട് മോഷണം മാത്രമല്ല ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യരെ പരമാവധി പുറത്തു നിർത്തുകയാണ്. അതിൽ ഇന്ത്യയിലെ മുസ്ലിംകളും ദളിതരും ആദിവാസികളും മാത്രമായിരിക്കില്ല. ചാപ്പകുത്തി ഒഴിവാക്കാൻ ഭരണകൂടവും സംഘപരിവാർ-ബ്രാഹ്മണിക സഖ്യവും ഉദ്ദേശിക്കുന്നവരെല്ലാം പുറത്താകും. ഇപ്പോൾ അസമിൽ സി.ജെ.പി. എന്ന എൻ.ജി.ഒ.യും ഏതാനും അഭിഭാഷകരും നിരന്തരം പ്രവർത്തിക്കുന്നതിലൂടെ കുറച്ചു പേരെ മാത്രമാണ് ജയിൽ മോചിതരാക്കുവാൻ കഴിഞ്ഞത്. ഈ വർഷം ഏപ്രിൽ മാസം കോച് രാജ് ബോങ്ങ്ഷി സമുദായത്തിൽപ്പെട്ട 28000 ഡി വോട്ടർമാരെ സംശയ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ അസം ക്യാബിനിറ്റ് തീരുമാനിച്ച വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2017 മുതൽ അവർ അനുഭവിച്ച പീഡനങ്ങൾ, അവരിൽ ആത്മഹത്യ ചെയ്തവർ, ചികിത്സ നിഷേധിക്കപ്പെട്ടവർ, പോലീസുകാരാൽ പിന്തുടരപ്പെട്ടവർ അങ്ങിനെ അനുഭവിച്ച കഷ്ടതകൾക്ക് പരിഹാരമുണ്ടോ? സി.ജെ.പി.യുടെ ഓരോ ജില്ലാതല ലീഗൽ സഹായ ടീമും ഓരോ മാസവും 25 കേസുകൾ അസമിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ആ സംഘടനയുടെ പരസ്യപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. വിദേശ മുദ്രകളിൽ നിന്നും രക്ഷപ്പെടാൻ, തറവാടിന്റെ രേഖകൾ കണ്ടുപിടിക്കാൻ എത്ര സാധാരണ മനുഷ്യർക്ക് കഴിയും?
ജനിച്ച മണ്ണിൽ ദീർഘകാലം അരുകുവൽക്കരിച്ചും അസ്പൃശ്യരാക്കിയും മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരെ നിർത്തിയ ബ്രാഹ്മണിക പാരമ്പര്യത്തെയാണ് സുവർണ ഭൂതകാലമെന്ന നിലയിൽ തിരിച്ചു പിടിക്കാൻ സവർണ-ബ്രാഹ്മണ്യം ശ്രമിക്കുന്നത്. അതിനു തടസ്സമായി ഇന്ത്യയിൽ ഉയർന്നുവന്ന ബുദ്ധമതത്തെയും, ഇസ്ലാം-കൃസ്ത്യൻ-കമ്മ്യുണിസ്റ്റ് അനുയായികളെയും ഉന്മൂലനം ചെയ്ത് ഇല്ലായ്മ ചെയ്യാനും ഭയപ്പെടുത്തി കീഴ്പ്പെടുത്താനും വേണ്ട പദ്ധതികളുമായാണ് ഇന്ത്യൻ ഭരണകൂടം ഇന്ന് മുന്നോട്ട് പോകുന്നത്. സി.എ.എ. നടപ്പിലാക്കുന്നതോടുകൂടി ഔപചാരികമായി ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ. എന്ന് തിരിച്ചറിയണം. വോട്ട് കൃതൃമമായി ഉണ്ടാക്കിയും ഒഴിവാക്കിയും ഭരണം പിടിക്കുക എന്ന ലക്‌ഷ്യം മാത്രമല്ല ഇതിനു പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് എന്നതിലുപരി പൗരത്വ രജിസ്റ്റർ എന്ന മനുവാദ ശ്രേണീകൃത അസമത്വ സൃഷ്ടിയാണ് ഇത് ലക്ഷ്യമാക്കുന്നത്.
ഇന്ത്യയിൽ നോട്ട് നിരോധിച്ചതിലൂടെ ബഹുഭൂരിപക്ഷം ജനങ്ങളും ക്ലേശത്തിലായത് ഒരു യാഥാർഥ്യമാണ്. എന്നാൽ, മറുവശത്ത് പാകിസ്ഥാനെന്നും, മുസ്ലിമെന്നുമുള്ള അപരനെ സൃഷ്ടിക്കുന്നതിലൂടെ ബഹുജനങ്ങളിൽ ഭൂരിപക്ഷത്തെ മയക്കി കിടത്താൻ ഭരണകൂടത്തിന് കഴിഞ്ഞു. അതെ പോലെ വോട്ടർ പട്ടികയിൽ സ്ഥാനം പിടിക്കാൻ പരക്കം പായുന്ന ബഹുജനങ്ങളെ കപട മുദ്രാവാക്യങ്ങളും വിദ്വേഷ രാഷ്ട്രീയവും കൊണ്ട് മയക്കാം എന്നാണ് ഭരണകൂടം കരുതുന്നത്. നൂറ്റാണ്ടുകൾക്കു പിറകിലേക്ക് വലിച്ചു കൊണ്ട് പോയി ആധുനിക മാനവിക മൂല്യങ്ങളെ കുഴിച്ചുമൂടുന്ന ഈ പ്രക്രിയകൾ തിരിച്ചറിയാതെ പോകരുത്.