Author Image ഡോ. അഭിലാഷ് തടത്തിൽ

പ്രൊഫ. എം. കുഞ്ഞാമൻ: കേരളം മനസിലാക്കാൻ ശ്രമിക്കാത്ത അക്കാദമിക്ക്

പ്രൊഫ. എം. കുഞ്ഞാമൻ  നിലനിൽക്കുന്ന സിദ്ധാന്തങ്ങളെ പുനർവായന നടത്തുകയും അതിനെ "കീഴാള" പരിസരത്തു നിന്ന് ഇഴപിരിച്ചെടുക്കുകയും ഇതുവരെയുള്ള വികസന മാതൃകളുടെ ദൗർബല്യങ്ങളെ അക്കാദമിക-നയരൂപ കർത്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുകയുമായിരുന്നു. കീഴാളർക്ക് അവസരങ്ങൾ എങ്ങനെ നഷ്ടമാകുന്നുവെന്നും ദാരിദ്ര്യം എത്രത്തോളമാണ് അവരെ മുഖ്യധാരാ രാഷ്ട്രീയ നയരൂപീകരണത്തിന്റെ പുറത്ത് നിർത്തുന്നതെന്നും ആഗോളീകരണ കാലത്ത് ജാതി, ലിംഗ ചട്ടക്കൂടുകളിലുണ്ടതായ മാറ്റങ്ങൾ എങ്ങനെയാണെന്നും സ്റ്റേറ്റ് സ്‌പോൺസേർഡ് സാമ്പത്തിക ഉദാരവത്കരണത്തിൽ സ്റ്റേറ്റ് ആരുടെ ഭാഗത്ത് നിന്നാണ് ഇടപെടുന്നതെന്നുമുള്ള  മൗലികമായ ചോദ്യങ്ങൾ കുഞ്ഞാമൻ ഉന്നയിക്കുന്നുണ്ട്. സി.ഡി.എസ്. അസി. പ്രൊഫസർ ഡോ. അഭിലാഷ് തടത്തിൽ എഴുതുന്നു.

"ഓരോ ക്ലാസ്സുകളിൽ നിന്നും പുതിയ അറിവുകൾ എനിക്ക് കിട്ടി, ഭൂനിയമ പുസ്തകങ്ങൾ എവിടെയുണ്ടോ അതെല്ലാം അന്വേഷിച്ചു കണ്ടെത്തി ഭൂപരിഷ്കരണ നിയമങ്ങളെക്കുറിച്ചു പഠിച്ചു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫെസ്സർ ആയിരുന്ന എം. കുഞ്ഞാമൻ സാറിന്റെ സെമിനാറിൽ ഞാൻ പങ്കെടുക്കുമായിരുന്നു".

(സി.കെ. ജാനു, അടിമമക്ക, 2023 പുറം 66)

"ആൻ അക്കാഡമിക് ദാറ്റ് കേരള ഗ്ലോസ്സഡ് ഓവർ" (കേരളം മനസിലാക്കാൻ ശ്രമിക്കാത്ത അക്കാദമിക്ക്) എന്നാണ് പ്രൊഫസർ എം. കുഞ്ഞാമനെക്കുറിച്ചു കേരളത്തിന് പുറത്തുള്ള ഒരു അധ്യാപകൻ ഒരിക്കൽ എന്നോട് പറഞ്ഞത്. അക്ഷരം പ്രതി ശരിയാണത്. മനുഷ്യത്വരഹിതമായ സാമൂഹിക സാഹചര്യങ്ങളുടെ അനുഭവ പരിസരത്ത് നിന്ന് വ്യസ്ഥിതിയോട് നിരന്തരം യുദ്ധം ചെയ്യുകയും അതേ  വ്യവസ്ഥിതിയുടെ നിർമൂലനത്തിനായി നിരന്തരം പണിയെടുക്കയും ചെയ്തയാളായിരുന്നു പ്രൊഫസർ കുഞ്ഞാമൻ. നിലനിൽക്കുന്ന വ്യവസ്ഥിതിയോട് സമരസപ്പെട്ട് കരിയറിസ്റ്റുകളായി അധ്യാപക അക്കാദമിക്ക് മേഖലയെ കാണുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ ഭാഷയിൽ  പറഞ്ഞാൽ പെരിഫെറിയിൽ നിന്നുകൊണ്ട്  മുഖ്യധാരയെ മനസിലാക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. അതിനദ്ദേഹം നിലനിൽക്കുന്ന സിദ്ധാന്തങ്ങളെ പുനർവായന നടത്തുകയും അതിനെ കീഴാള പരിസരത്തു നിന്ന് ഇഴപിരിച്ചെടുക്കുകയും ചെയ്ത്, ഇതുവരെയുള്ള വികസന മാതൃകളുടെ ദൗർബല്യങ്ങളെ  അക്കാദമിക, നയരൂപ കർത്താക്കൾക്ക് മനസിലാക്കി കൊടുക്കുകയായിരുന്നു.  അതിൽ ചിലതു പരിശേധിക്കാം.

ആഗോളവത്‌ക്കരണവും കീഴാളരും

ആഗോളവത്കരണം സൃഷ്ടിക്കാൻ പോവുന്ന സാമൂഹിക സാമ്പത്തിക പുറംതള്ളലുകളെ സൈദ്ധാന്തികവത്കരിക്കുകയും ഇതിനെ എങ്ങിനെ അക്കാദമിക നയരൂപ കർത്താക്കൾക്ക് നേരിടാൻ കഴിയുമെന്നുള്ള ചിന്താപദ്ധതി പ്രൊഫസർ കുഞ്ഞാമൻ നിർമ്മിക്കുന്നുണ്ട്. പ്രൊഫസർ റിച്ചാർഡ് ഫ്രാങ്കിയുടെ വാക്കുകൾ പ്രകാരം "ആഗോളവത്കരണം അതിന്റെ നടത്തിപ്പിലുണ്ടാക്കാൻ പോവുന്ന അസമത്വങ്ങളെ വിലയിരുത്തുകയും അതിനെ മറികടക്കാനുള്ള വഴികളുമാണ് കുഞ്ഞാമൻ മുന്നോട്ടുവെക്കുന്നത്". ഇതിനായി സമ്പത്തിന്റെയും പുരോഗതിയുടെയും അളവുകോലുകലാൽ രൂപപ്പെടുത്തിയിരിക്കുന്ന ഒന്നാം ലോകം,  രണ്ടാം ലോകം,  മൂന്നാം ലോകം എന്ന ക്രമത്തിനെ മറ്റൊരു രീതിയിൽ അദ്ദേഹം വ്യാഖ്യാനിച്ചു. ലോക സാമ്പത്തികക്രമത്തിലെ  ഇരുപതു ശതമാനം അതിസമ്പന്നർ ഈ മൂന്നു ലോകങ്ങളിലുള്ളവരാണെന്നും അവരാണ് അധികാരവും വിഭവങ്ങളും നിയന്ത്രിക്കുന്നതെന്നും എന്നാൽ  മൂന്നാം ലോകമെന്നു പറയുന്ന കീഴാളർ ഈ മൂന്ന് ലോകത്തിന്റെയും അരികുകളിൽ ഈ ശക്തികളോട് പൊരുതി ജീവിക്കുന്നുണ്ടെന്നും അദ്ദേഹം സമർഥിച്ചു. ഇത്തരമൊരു സൈദ്ധാന്തികവത്കരണത്തിലൂടെ അദ്ദേഹം ഇന്ത്യയിലെ ദലിത്-ആദിവാസി, പാർശ്വവത്കൃതരുടെ പ്രശ്നങ്ങളിലേക്കെത്തുന്നു. ഇപ്പറഞ്ഞ കീഴാളരുടെ സാമൂഹിക സാമ്പത്തിക ജീവിത പരിസരങ്ങൾക്കുണ്ടായ മാറ്റങ്ങൾ എത്രത്തോളമെന്നും, ആഗോളവത്കരണത്തിന് മദ്ധ്യേ ഏതു സാഹചര്യത്തിലാണ് കീഴാളർക്ക് അവസരങ്ങൾ നഷ്ടമാവുന്നതെന്നും, ദാരിദ്ര്യം എത്രത്തോളമാണ് അവരെ മുഖ്യധാരാ രാഷ്ട്രീയ നയരൂപീകരണത്തിന്റെ പുറത്ത് നിർത്തുന്നതെന്നും, ആഗോളീകരണ കാലത്ത് ജാതി, ലിംഗ ചട്ടക്കൂടുകളിലുണ്ടതായ മാറ്റങ്ങൾ എങ്ങിനെയാണെന്നും, സ്റ്റേറ്റ് സ്‌പോൺസേർഡ് സാമ്പത്തിക ഉദാരവത്കരണത്തിൽ സ്റ്റേറ്റ് ആരുടെ ഭാഗത്ത് നിന്നാണ് ഇടപെടുന്നതെന്നും അത് ഈ സമൂഹങ്ങളുടെ ഉൾച്ചേരലിനെ ഏതുവിധമാണ് നോക്കിക്കണ്ടതെന്നുമുള്ള ഒരു പിടി മൗലികമായ ചോദ്യങ്ങൾ അക്കാദമിക, പൊതു നയരൂപകർത്താക്കൾക്ക് മുന്നിൽ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇതദ്ദേഹത്തെ കീഴാള സാമ്പത്തിക പരിസരങ്ങളെ  കൂടുതൽ വിശകലനത്തിന് വിധേയമമാക്കാൻ പ്രാപ്തമാക്കുന്നു.  

കീഴാള സാമ്പത്തിക ശാസ്ത്രം

ചുരുക്കിപ്പറഞ്ഞാൽ വിവേചനമനുഭവിക്കുന്നവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും സാമ്പത്തിക വീക്ഷണങ്ങളെക്കുറിച്ചുള്ള  വിശകലനങ്ങളാണ് കീഴാള സാമ്പത്തിക ശാസത്രം എന്നതുകൊണ്ട് പ്രഫസർ കുഞ്ഞാമൻ ഉദ്ദേശിക്കുന്നത്. ഇത്തരം സമൂഹങ്ങളുടെ  വ്യതിരക്തമായ സാമ്പത്തിക പെരുമാറ്റ രീതികൾ ഇതേ സമൂഹത്തിലെ പ്രബലരുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും. കീഴാളരുടെ സാമ്പത്തിക പെരുമാറ്റ രീതികൾ അവർക്കിടയിൽ നിലനിൽക്കുന്ന തനത് തത്വങ്ങളുടെയും, കുടുംബ-സാമൂഹിക ഘടനകളുടെയും അടിസ്ഥാനത്തിലായിരിക്കും. ഇപ്പോഴുള്ള കുടുംബശ്രീക്ക് സമാനമായ ആദ്യകാല സംരഭങ്ങൾ കേരളത്തിലെ ആദിവാസികൾക്കിടയിൽ കണ്ടിട്ടുള്ളതായുള്ള കൊളോണിയൽ രേഖകൾ ഇതിനുദാഹരണമാണ്. സാമ്പത്തികവും സാമ്പത്തികേതരവുമായി ഇത്തരം കൊടുക്കൽ വാങ്ങലുകളെ വേർതിരിച്ചു കാണാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ സവിശേഷത. അതിൽ ധാർമികത, കരുതൽ, സമഭാവന എന്നീ മാനുഷിക മൂല്യങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.  ഇത്തരം സമൂഹത്തിന് കേരളമെന്ന ചെറിയ ദേശത്തിനപ്പുറത്ത് സാദൃശ്യങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അതിൽ ഇന്ത്യയിലെ ദലിതർക്കും ആദിവാസികൾക്കുമൊപ്പം ആഫ്രിക്കയിലെ കറുത്ത വംശജർ, അമേരിക്കൻ-ആസ്‌ത്രേലിയൻ-യൂറോപ്യൻ ഭൂഖണ്ഡത്തിലെ ആദിവാസി മറ്റു പിന്നോക്ക സമൂഹങ്ങൾ, സ്ത്രീകൾ, കർഷകർ എന്നിവരും ഉൾപ്പെടും.

തികഞ്ഞ മത്സരോന്മുഖമെന്ന് അവകാശപ്പെടുന്ന മുതലാളിത്ത മാർക്കറ്റ് സമ്പദ് ഘടനയ്ക്ക് പുറത്താണ് ലോക മനുഷ്യകുലത്തിന്റെ ഭൂരിഭാഗവും ജീവിച്ചു പോരുന്നതെന്ന യാഥാർഥ്യബോധമാണ് അദ്ദേഹത്തെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വളരെ ആഴത്തിലുള്ള വായനയിലെയും സാമൂഹിക നീതിയിലൂന്നിയ വിശകലനത്തിലൂടെ മാത്രമേ ഒരാൾക്ക് അത്തരമൊരു സംഗ്രഹത്തിൽ എത്താൻ കഴിയു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്കനുസൃതമായല്ല ഇന്നും ലോകത്തിലെ പല ആദിവാസി സമൂഹങ്ങളുടെയും സമ്പദ്‌വ്യവസ്ഥ നിലകൊള്ളുന്നത്. അത്തരമൊരു  വ്യവസ്ഥിതിയുടെ എന്തിനെയും കമ്പോളവത്കരിക്കാനുള്ള പ്രേരണയും ശ്രമവും ഈ സമൂഹങ്ങൾക്കിടയിലില്ല എന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ കീഴാളരുടെ സാമ്പത്തിക ഇടങ്ങളെ മനസിലാക്കാൻ കമ്പോളധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിക്തിക്ക് കഴിയില്ല എന്ന് സ്ഥാപിക്കാൻ കേരളത്തിലെ ആദിവാസികളെ രണ്ടു മേഖലകളായി തിരിച്ചു അവരുടെ സമ്പദ്‌വ്യവസ്ഥയെ പഠിച്ചുകൊണ്ട് എംപിരിക്കലി അദ്ദേഹം തെളിയിക്കുന്നുണ്ട്.

ആദിവാസി ഗവേഷണങ്ങളുടെ ഉണർവ്

ആദിവാസി സമൂഹങ്ങളുടെ ദൈന്യതയെക്കുറിച്ചുള്ള വരേണ്യ പഠനങ്ങളും അവരുടെ സാമൂഹിക സാമ്പത്തിക പരിസരങ്ങളെ മനസിലാക്കാതെ അന്ന് നാല്പതോളം വരുന്ന ഏറെ വൈവിധ്യം നിറഞ്ഞ ജനസമൂഹങ്ങളുടെ വികസനമെന്നൊക്കെ പറഞ്ഞു ഏകജാതീയമായ 'ക്ഷേമ പദ്ധതികൾ' സർക്കാർ ഒരു വശത്ത് നടപ്പിലാക്കുകയും മറുവശത്ത് അവർ സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും പുറത്താക്കപ്പെട്ടു കൊണ്ടുമിരുന്ന കാലത്തു അവരുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം ആഴത്തിൽ പഠിക്കുകയുണ്ടായി. സ്വന്തം എം.ഫിൽ തീസിസിനായി  അദ്ദേഹം കണ്ടെത്തിയ വിഷയം ഇതായിരുന്നു. തൊഴിൽപരമായി ആദിവാസികളെ കൃഷിവലരെന്നും, വനവിഭവത്തെ ആശ്രയിച്ചു ജീവിക്കുന്നവരെന്നും, ഭൂരഹിത കർഷക തൊഴിലാളികളെന്നുമുള്ള വിഭാഗങ്ങളായി തിരിക്കുകയും മലബാറെന്നും ട്രാവൻകൂറെന്നുമുള്ള ഭൂവിഭാഗങ്ങളിൽ അവരുടെ സാമ്പത്തിക വൈവിധ്യങ്ങളെയും അവയുണ്ടാവാനുള്ള കാരണങ്ങളെയും വിശകലനം ചെയ്തു. ഇന്ത്യയിൽ തന്നെ ഒരുപക്ഷെ ആദ്യത്തേതാവാമിത്. ട്രാവൻകൂർ മലനിരകളിലെ ഗിരിവർഗ്ഗക്കാരുടെ സാമ്പത്തിക ചരിത്രത്തിൽ തുടങ്ങി, ഭൂമി, കൃഷി എന്നിവയെ വിശകലനം ചെയ്ത് എങ്ങിനെയെന്ന് അവർ മലബാറിലെ സഹോദര സമൂഹങ്ങളേക്കാൾ പുരോഗതി നേടിയതെന്ന് കണ്ടെത്തുന്നുണ്ട്.  കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത വടക്കൻ കേരളത്തിലെ ആദിവാസി ഭൂമികയിലേക്ക് സമതലങ്ങളിൽനിന്നുമുള്ള കുടിയേറ്റം ശക്തമാക്കുകയും അതിനെ സ്റ്റേറ്റ് പിന്തുണക്കുകയും ചെയ്തതോടെയാണ് വടക്ക്, പ്രത്യേകിച്ച് വയനാട്ടിൽ, ആദിവാസികളുടെ ദുര്യോഗം തുടങ്ങുന്നത്. എന്നാൽ തെക്കാവട്ടെ ആദിവാസി ഭൂമി കൈയ്യേറുന്നതിന് നിയമ തടസങ്ങളുണ്ടായിരുന്നതിനാൽ അന്യാധീനപ്പെടലിന്റെ വ്യാപ്തി കുറയുകയും ഭൂമി ഗിരിവർഗ്ഗക്കാരുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാവുകയും ചെയ്തു. അതിൽ നിന്നുകൊണ്ടാണവർ പിന്നീട് സംവരണാനുകൂല്യങ്ങൾ നേടുകയും സാമ്പത്തിക അഭിവൃദ്ധി കുറച്ചെങ്കിലും നേടുകയും ചെയ്തത്. ഈ വിശകലനം കേരളത്തിലെ ആദിവാസി ഗവേഷണത്തിലെ നാഴികക്കല്ലാണ്. ഭൂമി, അതുമായി ബന്ധപ്പെട്ട വിഭവങ്ങൾക്കുമേലുള്ള അധികാരം എന്നിവ എത്രത്തോളമാണ് ആദിവാസി സമൂഹത്തിന്റെ ചാലനാത്മകതക്ക് സഹായകരമാവുന്നതെന്നു സ്റ്റേറ്റ് നോട് പറയുകയായിരുന്നു അദ്ദേഹം.

സ്റ്റേറ്റിന്റെ ആദിവാസി നയരൂപീകരണത്തിൽ തദ്ദേശീയ വൈവിധ്യങ്ങളുടെ പ്രാധാന്യം എത്രത്തോളമെന്നു എടുത്തുകാട്ടിയ എൺപതുകളിൽ വന്ന ഈ പഠനം മാറി വന്ന സർക്കാരുകൾ മുഖവിലക്കെടുത്തില്ല എന്നതാണ് ഏറെ ദുഖകരമായ കാര്യം. കേരളത്തിലെ ആദിവാസി ചരിത്രരചനയും ഗവേഷണവും പ്രൊഫസർ കുഞ്ഞാമന്റെ എം.ഫിൽ തീസിസിനു മുൻപും പിൻപും എന്ന് പറയുന്നതാവും ഏറെ ശരി. കാരണം അത് അത്രമേൽ ഈ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഈ പഠനം സ്വാധീനിക്കുന്നുണ്ട്. 1983-ലെ പഠനത്തെ മൂന്ന് പതിറ്റാണ്ടു ശേഷം തിരിഞ്ഞു നോക്കുമ്പോൾ ആദിവാസികൾക്ക് ഒരു എക്കണോമിയുണ്ടെന്ന് പൊതുസമൂഹവും സർക്കാരും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല പ്രദർശന വസ്തുവാക്കാൻ മാത്രം യോഗ്യതയുള്ള ഒരു പറ്റം മനുഷ്യരാണവർ എന്ന സിദ്ധാന്തം സ്റ്റേറ്റ് തന്നെ തന്നെ നടപ്പിലാക്കുന്ന കാലത്തതാണ് പ്രൊഫസർ കുഞ്ഞാമൻ അരങ്ങൊഴിയുന്നത് എന്നത് ഏറെ ദുരന്തപൂണ്ണമായ കാര്യമാണ്.

ദലിത് പഠനങ്ങളോട്  

ദലിത് പഠനങ്ങളുടെ ദിശാബോധത്തെക്കുറിച്ച്‌ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഗ്ലോബലൈസേഷൻ എ സബാൾട്ടേൺ പെർസ്പെക്റ്റീവ് എന്ന 2002 ലെ പുസ്തകത്തിൽ ഇത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഒരു വലിയ പങ്ക് ദലിത് പഠനങ്ങളുടെയും ഭാവശാത്രപരമായ ചട്ടക്കൂടിന്റെ സ്വഭാവം ചലനാത്മകമല്ല എന്നും ആശയപരമായ രൂപപ്പെടലുകളും അഴിച്ചുപണികളും ജ്ഞാനസിദ്ധാന്ത പരിസരങ്ങളെ സ്വാധീനിക്കുന്നു എന്നത് ഈ പഠനങ്ങൾ കണക്കിലെടുക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇത്തരത്തിൽ ദലിത് പഠനങ്ങൾ ജ്ഞാന സിദ്ധാന്തപരമായി കെട്ടിക്കിടന്നു പോവുന്ന അവസ്ഥയാണിന്നുള്ളത്. ഏറെ ചലനാത്മകമായ ഒരു പ്രശ്നത്തെ സ്ഥിരസ്ഥിതമായ ഒരു ചട്ടക്കൂടിൽ നിന്നുകൊണ്ടാണവർ സമീപിക്കുന്നത്, ഇവിടെ ചർച്ചക്കു പകരം അപഗ്രഥനത്തിന്റെ ഊന്നലും പ്രയോഗ പദ്ധതിയുമായി ഏറെ അന്തരമുണ്ട്. അതായത് പ്രയോഗത്തിന്റെ പ്രാധാന്യം പരിഗണിക്കപ്പെടാതെയിരിക്കുന്നു വന്നു സാരം. സിദ്ധാന്തവും പ്രവർത്തിയും തമ്മിലുള്ള സമ്മേളനത്തിന്റെ കാഴചപ്പാടിൽ നോക്കുമ്പോൾ ഇത് ഏറെ അപകടകരമായ സ്ഥിതി വിശേഷമാണ്. പ്രവർത്തി സിദ്ധാന്തത്തെയും സിദ്ധാന്തം പ്രവർത്തിയെയും പരുവപ്പെടുത്തുക എന്നതാണല്ലോ ആക്ടിവിസത്തിന്റെ സ്വഭാവം, കുഞ്ഞാമൻ പറയുന്നു.  

അമർത്യ സെൻ വിമശനം

ഇതോടൊപ്പം ചേർത്ത് പറയേണ്ടാതാണ് അമർത്യ സെൻ കേരള മോഡലിനെ അപഗ്രഥിച്ചതിനെ അദ്ദേഹം വിശകലനം ചെയ്യുന്നത്. സെന്നിന്റെ അഭിപ്രായ പ്രകാരം പാശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ സംഘാടനം മൂലം വ്യത്യസ്തവും ജ്ഞാനസമ്പന്നവുമായ പൊളിറ്റിക്കൽ ആക്ടിവിസം കേരളത്തിൽ ഉണ്ടാവാൻ കാരണമാവുകയും അത് വർഗ, ലിംഗ, ജാതിയാടിസ്ഥാനത്തിലുള്ള അസമത്വങ്ങളോട് പോരാടാൻ കേരളത്തിനെ പ്രാപ്തമാക്കിയെന്നാണ്. എന്നാൽ സെൻകാര്യങ്ങളെ മുഴുവനായും കാണുന്നില്ല എന്നാണു കുഞ്ഞാമൻ പറയുന്നത്. കേവലമായ ജാതിവിരുദ്ധ പോരാട്ടങ്ങൾ മാത്രമല്ല സമഗ്രമായ ഭൂപരിഷ്കരണമാണ് (കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കൂടിയും) ഇതിനു കാരണമായതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈതിലൂടെ ഭൂമി എന്നത് മനുഷ്യ വികസനത്തിന്റെ ആണിക്കല്ലാണെന്ന് പറയുകയായിരുന്നു അദ്ദേഹം.  

ജ്ഞാന സമൂഹത്തെക്കുറിച്ച്

ക്ഷേമ സങ്കൽപ്പങ്ങളിൽ നിന്നും പിൻവാങ്ങിക്കൊണ്ടിരിക്കുന്ന സ്റ്റേറ്റ് ഏറെക്കുറെ പൂർണമായും സ്വകാര്യ മൂലധനത്തിന് മേൽക്കോയ്മയുള്ള ജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് തൊഴിൽ മേഖലയെ മാറ്റുന്ന സാഹചര്യത്തിൽ ദുർബല വിഭാഗങ്ങളുടെ ക്ഷേമം എങ്ങിനെയുറപ്പുവരുത്തുമെന്നു  ചോദ്യം മറ്റൊരു രീതിയിൽ കുഞ്ഞാമൻ രണ്ടു പതിറ്റാണ്ടു മുൻപ് ചോദിച്ചതാണ്. ഡിജിറ്റൽ ലോകക്രമത്തിന്റെ ഉപോല്പന്നമായി വന്ന ഇത്തരമൊരു സമ്പദ്‌വ്യവസ്ഥയിൽ തൊഴിലാളികൾ അസംഘടിതരും വർഗ്ഗബോധമില്ലാത്തവരുമായി തീരുന്നതിനാൽ അവർ മുതലാളിത്വത്തിനെതിരെ എന്നെങ്കിലും തിരിഞ്ഞേക്കാം എന്ന മാർക്സിയൻ പ്രതീക്ഷ അസ്ഥാനത്താവുമെന്നു പറയാതെ പറയുന്നുണ്ടിവിടെ. വർത്തമാനകാലത്ത് മുതലാളിത്തം ഒരു പടികൂടി കടന്നു ജ്ഞാനത്തിനെ കച്ചവടവത്കരിക്കാൻ ശ്രമിക്കുമ്പോൾ അറിവ് കേന്ദ്ര സ്ഥാനത്തു വരുന്ന ഒരു പുതിയ സമൂഹം രൂപപ്പെട്ടു വരുന്നുവെന്നും ആ സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നത് നോളജ് വർക്കർ എന്നറിയപ്പെടുന്ന പുതിയ സ്കില്ലുകൾ നേടിയ തൊഴിലാളി ആയിരിക്കുമെന്ന യാഥാർഥ്യം നമുക്കിടയിലുണ്ട്. ഇത്തരമൊരു വ്യവസ്ഥിതിയിൽ എത്രത്തോളം ദുർബലവിഭാഗങ്ങളുടെ ഉൾച്ചേരൽ നടക്കുന്നുണ്ടെന്നും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ സാങ്കേതിക വിദ്യയിലുണ്ടാക്കുന്ന കുതിച്ചു ചാട്ടം നാലാം വ്യവസായിക വിപ്ലവമായി കണക്കാക്കുമ്പോഴും ഇതിന് വിപ്ലവകരമായ ഒരു സാമൂഹിക-സാമ്പത്തിക മാറ്റം കൊണ്ടുവരാനുള്ള കഴിവ് എത്രത്തോളമുണ്ടെന്ന് ചിന്തിക്കാൻ കുഞ്ഞാമന്റെ ആദ്യകാല വിശകലനങ്ങൾ ഇന്ന് ഗവേഷകരെ പ്രാപ്തരാക്കാൻ കഴിവുള്ളതാണ്.

മേൽപ്പറഞ്ഞതു കൂടാതെ ദലിത് എന്റർപ്രെണർഷിപിന്റെ സാധ്യതകളും വെല്ലുവിളികളും, ഉന്നതവിദ്യാഭ്യാസത്തിലെ ഉൾച്ചേരലുകൾ സംബന്ധിച്ച പ്രശ്നങ്ങളും എന്നിങ്ങനെയുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പന്ഥാവ് പിന്നാലെ വരുന്ന ഗവേഷക സമൂഹത്തിനു മുന്നിൽ തുറന്നിട്ടുകൊണ്ടാണ് പ്രൊഫസർ കുഞ്ഞാമൻ വിട വാങ്ങുന്നത്. ഏതു സാധാരണക്കാർക്കും മനസിലാവുന്ന ഭാഷയിലായിന്നു അദ്ദേഹം സംസാരിച്ചിരുന്നത്. തുടക്കത്തിലെ സി.കെ. ജാനുവിന്റെ അഭിപ്രായം അതാണ് കാണിക്കുന്നത്. അതിനെ മുന്നോട്ടു കൊണ്ടുപോവേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളുമേറെ ദലിത്-ആദിവാസി വിഭാഗങ്ങൾക്കാണുള്ളത്, കാരണം അദേഹത്തിന്റെ തിരോധാനമുണ്ടാക്കുന്ന മുറിവ് അത്രമേൽ വലുതാണ്.


The Roots Media - TOWARDS SOCIAL DEMOCRACY