Author Image ഡോ. ടി.എസ്. ശ്യാംകുമാർ
29 Mar 2026

കേരളത്തിലെ വരേണ്യ രാഷ്ട്രീയവും ഉൾക്കൊള്ളൽ ജനാധിപത്യത്തിന്റെ സാധ്യതകളും

വികസനവാദത്തിലൂടെ ഒരു പുകമറ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ദലിത്-ആദിവാസികളെ 'വികസന വസ്തുക്കളായി' കാണുന്ന ഒരു സ്ഥിതിവിശേഷം ഇന്നുണ്ട്. വോട്ടിന്റെ ഒഴുക്കിന്റെ ഗതി മാറ്റുവാൻ പാർശ്വവൽക്കരിക്കപ്പെട്ടവർ തയ്യാറായാൽ ഈ പുറന്തള്ളൽ പ്രക്രിയ ഒരു പരിധിവരെ തടയാൻ കഴിയും. വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം അതിന് ആവശ്യമാണ്. ഇതിന് സമുദായവൽക്കരണം നടക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇടതു-വലതു മുന്നണികൾ സനാതന ധർമ്മത്തിന്റെ പതാകവാഹകരാകുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് കളമൊരുക്കുകയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്കൃത പണ്ഡിതനും പ്രഭാഷകനുമായ ഡോ. ടി.എസ്. ശ്യാംകുമാർ സംസാരിക്കുന്നു.

ദി റൂട്സ് മീഡിയ: കേരളം വലിയ വികസന കുതിച്ചുചാട്ടം നടത്തി എന്നാണ് ഇടതുപക്ഷത്തിന്റെ വലിയ തെരഞ്ഞെടുപ്പ് പ്രചാരണം. സർക്കാരിന്റെ കോടിക്കണക്കിന് രൂപ ഈ പ്രചാരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. അതേസമയംതന്നെ ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് രണ്ടുമൂന്ന് വർഷമായി ഇ-ഗ്രാന്റ് പോലും ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. കഴിഞ്ഞ 9 വർഷത്തിൽ 7411 കോടി SC/ST ഫണ്ട് ലാപ്സ് ആകുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ വികസന പദ്ധതി എന്ന നിലയിൽ സർക്കാർ മുന്നോട്ടുവെക്കുന്ന ലൈഫ് പദ്ധതി യഥാർത്ഥത്തിൽ ദലിത്-ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഭൂമി എന്ന അവകാശത്തെ റദ്ദ് ചെയ്യുകയും 450 സ്ക്വയർ ഫീറ്റ് വീട്ടിലേക്ക് തളച്ചിടുകയും ഫ്ലാറ്റ് എന്ന വെർട്ടിക്കൽ കോളനി സൃഷ്ടിക്കുകയുമാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഒരു എസ്.സി. മന്ത്രി പോലും ഉണ്ടായിരുന്നില്ല. അതേസമയം ഒരു പ്രത്യേക സമുദായം പകുതി മന്ത്രിസ്ഥാനം കൈയടക്കി വെക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇതിനെയെല്ലാം "വികസനം" എന്ന ഒരു പ്രൊപ്പഗണ്ട രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷം അദൃശ്യവൽക്കരിക്കുകയാണോ?

ഡോ. ടി.എസ്. ശ്യാംകുമാർ: തീർച്ചയായും. പ്രൊഫ. എം. കുഞ്ഞാമൻ നിരീക്ഷിച്ചതുപോലെ ദലിതരെയും ആദിവാസികളെയും 'വികസന വസ്തുക്കളായി' കാണുന്ന സ്ഥിതിവിശേഷമുണ്ട്. ദാരിദ്ര്യം അരി കൊടുത്ത് പരിഹരിക്കാം എന്ന യുക്തി ഇതിന്റെ നിദർശനമാണ്. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് കേരളത്തിലെ അമ്പതിലധികം പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം തീർത്തും ശുഷ്കമാണെന്നാണ്. സവർണ്ണ വിഭാഗങ്ങളുടെ അമിത പ്രാതിനിധ്യം 86 ശതമാനമാണെന്നാണ് പരിഷത്തിന്റെ കേരള പഠനം വ്യക്തമാക്കുന്നത്. EWS നടപ്പിലാക്കിയതിലൂടെ ദലിതർക്കും ആദിവാസികൾക്കും അവകാശപ്പെട്ട പൊതു സീറ്റുകളുടെ അൻപത് ശതമാനത്തിൽനിന്നും പത്ത് ശതമാനം EWS-ലേക്ക് മാറ്റി. EWS നടപ്പിലാക്കിയതിലൂടെ അസമത്വം വർദ്ധിച്ചതായും പരിഷത്തിന്റെ കേരള പഠനം പറയുന്നു. ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗസംവരണം ഇല്ലാത്തതിനാൽ ദലിതരും ആദിവാസികളും പുറത്തുതന്നെ നിൽപ്പ് തുടരുന്നു. സുദീർഘമായ ഈ ഒരു ദശകത്തിൽ പട്ടികവിഭാഗങ്ങൾക്കായി ദേവസ്വം ബോർഡിൽ സംവരണം നടപ്പിലാക്കാൻ പോലും 'വിപ്ലവ' ഭരണകൂടത്തിന് കഴിഞ്ഞില്ല. 

ഒരു ദലിതനെപ്പോലും സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വൈസ് ചാൻസലർ തസ്തികയിലേക്ക് പരിഗണിച്ചില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അതിഭീകരമായ സംവരണ അട്ടിമറിയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുപോലും ദലിത് ഉദ്യോഗാർത്ഥികൾക്ക് നീതി നൽകാൻ ഇടതുപക്ഷം ഭരിക്കുന്ന സിൻഡിക്കേറ്റ് തയ്യാറായില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുക എന്ന മിനിമം കാര്യം ചെയ്യാൻ പോലും പുരോഗമനം പറയുന്നവർക്ക് കഴിയുന്നില്ല എന്നത് ഇവർ സവർണ്ണ ഒളിഗാർക്കിയുടെ പിടിയിലാണെന്നതിന്റെ കൃത്യമായ ദൃഷ്ടാന്തമാണ്. 'ഉന്നതി' എന്ന് പേര് മാറ്റി എന്നല്ലാതെ സമഗ്രമായി എന്ത് പരിഷ്കരണമാണ് നടന്നതെന്ന് അന്വേഷിക്കേണ്ടിവരും. ചുരുക്കത്തിൽ സവർണ്ണ മധ്യജാതികൾക്ക് ഹിതകരമായ ഒന്നായി ഭരണം ചുരുങ്ങുകയും ദലിത്-ആദിവാസി വിഭാഗങ്ങളെ പുറംതള്ളുന്ന ഒന്നായി ഭരണകൂട യുക്തി മാറിത്തീരുകയും ചെയ്തു. ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റിനായി സമരം ചെയ്യേണ്ട സാഹചര്യം പോലുമുണ്ടായി.

ദി റൂട്സ് മീഡിയ: കേരളത്തിൽ ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും സ്വതന്ത്രമായി അഭിപ്രായം പറയുന്ന ദലിത്-ആദിവാസി വിഭാഗങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ, നിലവിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ പകുതിയിലധികവും സവർണ്ണ സമുദായങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ഘടനാപരമായ ഒരു  പുറംതള്ളൽ പ്രക്രിയ നിലനിൽക്കുന്നുണ്ടോ?

ഡോ. ടി.എസ്. ശ്യാംകുമാർ: കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങളെയും സ്ത്രീകളെയും അതിപിന്നോക്ക വിഭാഗങ്ങളെയും അധികാരത്തിൽനിന്നും പുറന്തള്ളുന്ന ഒരു രാഷ്ട്രീയ ഹിംസാ സംസ്കാരം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ അധികാര യുക്തിക്ക് കീഴ്പ്പെടുത്താവുന്ന വിധം സംവരണ മണ്ഡലങ്ങളിൽ ദലിതരെയും ആദിവാസികളെയും ഉൾപ്പെടുത്തുന്നുണ്ട്. ഡോ. ബി.ആർ. അംബേദ്കർ ഇത്തരം പ്രതിനിധാനങ്ങൾ രാഷ്ട്രീയ ചട്ടുകങ്ങളായിത്തീരാനുള്ള സാധ്യതയെ മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെ അംബേദ്കർ 'ഇഫക്റ്റീവ് റെപ്രസന്റേഷന്' വേണ്ടിയാണ് വാദിച്ചത്. അതായത്, സംവരണ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ദലിതർ സമുദായത്തെ പൂർണ്ണമായും പ്രതിനിധാനം ചെയ്യുന്നവരായിരിക്കണം എന്നാണ് അംബേദ്കർ ഈ ആശയത്തിലൂടെ വാദിച്ചുറപ്പിച്ചത്. രാഷ്ട്രീയ മുന്നണികളിലെ സംവരണീയരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാഷ്ട്രീയ കക്ഷികളുടെ കള്ളിക്കുള്ളിൽത്തന്നെ കഴിയേണ്ടി വരികയും, സമുദായത്തിന്റെ ശക്തമായ പ്രതിനിധാനമായി വർത്തിക്കുന്നതിന് കഴിയാതെ വരികയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഇത്തരക്കാരെ അംബേദ്കർ 'രാഷ്ട്രീയ ചട്ടുകങ്ങൾ' എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ ചട്ടുകങ്ങളാവാത്ത, സമുദായ വിമോചനത്തിനായും സമുദായത്തെ ശാക്തീകരിക്കുന്നതിനായും നിലകൊള്ളുന്നവരെയാണ് ദലിതരുടെ യഥാർത്ഥ പ്രതിനിധികൾ എന്ന് അംബേദ്കർ വിവക്ഷിച്ചത്. എന്നാൽ ദലിത്-ആദിവാസി വിഷയങ്ങളിൽ അഗാധമായി ഇടപെട്ട് പ്രവർത്തിക്കുന്ന സണ്ണി എം. കപിക്കാടിനും സി.കെ. ജാനുവിനും സ്ഥാനാർത്ഥിത്വം നൽകാതെ പുറന്തള്ളിയ കോൺഗ്രസ്, ശക്തമായ രാഷ്ട്രീയ പ്രതിനിധാനം എന്ന നിലയ്ക്ക് ദലിത്-ആദിവാസി വിഭാഗങ്ങളെ ഉൾക്കൊള്ളാൻ വൈമനസ്യം പുലർത്തുകയാണ് ചെയ്തത്.

അതേസമയം, ഇടതുപക്ഷത്തിനും ഇവരെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ രാഷ്ട്രീയ കാരണവും അന്വേഷിക്കേണ്ടതാണ്. ദലിതരുടെയും ആദിവാസികളുടെയും വോട്ട് തങ്ങളുടെ കുത്തകയാണെന്ന യുക്തിയാണ് സണ്ണിയെയും ജാനുവിനെയും ഉൾക്കൊള്ളാൻ മടിക്കുന്നതിന്റെ ഇടതു ഹേതു. ജോസ് കെ. മാണിയെ ഇടതുപക്ഷം ഉൾക്കൊള്ളാൻ കാരണം തങ്ങൾക്ക് പ്രവേശനം ഇല്ലാത്ത ഒരിടത്ത് പ്രവേശനം സാധ്യമാകുന്നതിനാലാണ്. അതായത് മാണി ഗ്രൂപ്പിനെ ചേർക്കുന്നത് ഒരു ലാഭമായി കാണുന്നു. ദലിതരുടെയും ആദിവാസികളുടെയും വോട്ട് സണ്ണിയെയും ജാനുവിനെയും ഉൾക്കൊണ്ടില്ലെങ്കിലും ലഭിക്കുമെന്ന ധൈര്യമാണ് അവരെ പുറന്തള്ളുന്നതിന്റെ ആധാരം. വോട്ടിന്റെ ഒഴുക്കിന്റെ ഗതി മാറ്റുവാൻ ദലിതരും ആദിവാസികളും തയ്യാറായാൽ ഈ പുറന്തള്ളൽ പ്രക്രിയ തടയാൻ ഒരു പരിധിവരെ കഴിയും.

ദി റൂട്സ് മീഡിയ: ആദിവാസികൾ, ദലിതർ, പിന്നോക്കക്കാർ തങ്ങളുടെ സാമുദായികമായ കർതൃത്വം സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ സംവിധാനം രൂപീകരിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്?

ഡോ. ടി.എസ്. ശ്യാംകുമാർ: തീർച്ചയായും. ഒരു രാഷ്ട്രീയ സംവിധാനം രൂപീകരിക്കാൻ കഴിയണമെങ്കിൽ ജാതി-ഉപജാതി വ്യത്യാസങ്ങളെ മറികടന്ന് അധഃസ്ഥിതരാക്കപ്പെട്ട ജനത സമുദായ അവബോധത്തിലേക്ക് വളരേണ്ടതുണ്ട്. പലതായി നിൽക്കുന്നതല്ല യഥാർത്ഥ പ്രശ്നം. പലതായി നിൽക്കുമ്പോഴും ദലിത് ജനതയ്ക്ക് ആകമാനം അധികാര പങ്കാളിത്തത്തിനായി ഒരു രാഷ്ട്രീയ സമുദായമായി മാറിത്തീരാൻ കഴിയണം. പലതായി പിളർന്ന നായർ വിഭാഗങ്ങൾ എൻ.എസ്.എസ്. രൂപീകരിച്ച് രാഷ്ട്രീയ ശക്തിയായി മാറിയത് ജനസംഖ്യയുടെ പിൻബലത്തിലല്ല; മറിച്ച് സമുദായ ബോധത്തിൽ ആളുകളെ ഉറപ്പിച്ചു നിർത്തിയതിലൂടെയാണ്. രാഷ്ട്രീയ സംവിധാനം രൂപപ്പെടുന്നതിന്റെ ആദ്യ പടിയായി സമുദായ അവബോധ രൂപീകരണം നടക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അധികാര പങ്കാളിത്തത്തിനായി ദലിത് ജനത പിന്നോക്ക മുസ്ലീം രാഷ്ട്രീയത്തോട് ചേർന്നുനിന്നുകൊണ്ട് വിപുലമായ ജനാധിപത്യ മുന്നണി രൂപപ്പെടുത്തുക എന്നത് കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്.

ദി റൂട്സ് മീഡിയ: കേരളത്തിൽ ഹിന്ദു സാംസ്കാരിക-സാമൂഹിക ബോധ്യത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഇടതുപക്ഷവും കോൺഗ്രസ്സും പ്രവർത്തനക്ഷമമാകുന്നത്. ശബരിമല വിഷയത്തിൽ ഇടതുപക്ഷം യു-ടേൺ എടുക്കുകയും സ്ത്രീപ്രവേശന വിഷയത്തിൽ പുരോഹിതരാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്ന് സർക്കാർ നിലപാട് എടുക്കുകയും ചെയ്തു. ഏത് വിഷയം ഉണ്ടായാലും ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ആക്ഷേപിക്കുന്നത് ഇടതുപക്ഷത്തിന്റെ ഒരു രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുമുണ്ട്. വലിയ രീതിയിലുള്ള ഇസ്‌ലാമോഫോബിയ കേരളത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിന്റെ സവർണ്ണ ഹിന്ദു നിലപാടുകൊണ്ട് ഇതിനെ പ്രതിരോധിക്കാനും കഴിയുന്നില്ല. എന്നുമാത്രമല്ല ഹിന്ദു രാഷ്ട്രീയ ബോധ്യത്തിൽക്കൂടിയാണ് ആ പാർട്ടിയുള്ളത്. ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്സിന്റെയും ഈ ഹിന്ദുത്വ നിലപാട് ആത്യന്തികമായി ബി.ജെ.പിക്ക് പാത ഒരുക്കുകയല്ലേ ചെയ്യുന്നത്? ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു കളമായി കേരളം മാറുകയാണോ?

ഡോ. ടി.എസ്. ശ്യാംകുമാർ: ഹിന്ദുത്വ രാഷ്ട്രീയത്തിന് "പുരോഗമന കേരളം" വിധേയപ്പെട്ടുകഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. സമ്പൂർണ്ണമായ അതിന്റെ തേരോട്ടത്തെ കേരളത്തിൽ തടഞ്ഞുനിർത്തുന്നത് ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യവും ഇടപെടലുകളുമാണ്. എവിടെയൊക്കെ പുരോഗമന ബുദ്ധിജീവികളുടെ മഹാഭാരത പ്രഭാഷണം നടന്നുവോ അവിടെയെല്ലാം ബി.ജെ.പി പിടിച്ചടക്കിയ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. ഹിന്ദുത്വ രാമനെ പ്രതിരോധിക്കാൻ നല്ല രാമനെ അവതരിപ്പിച്ച്, അവസാനം നല്ല രാമനെപ്പറ്റി പ്രസംഗിച്ച ഇടങ്ങളിലെല്ലാം ഹിന്ദുത്വം പടരുന്ന അവസ്ഥ സംജാതമായി.

ശബരിമല വിഷയത്തിലെ ഇടതുപക്ഷത്തിന്റെ യു-ടേൺ ആത്യന്തികമായി ഹിന്ദുത്വത്തിന്റെ വിജയമാണ്. ശബരിമലയെ മുൻനിർത്തി ഭരണഘടനാ സംരക്ഷണ വാദം ഉയർത്തിയവർ അവസാനം ആഗോള അയ്യപ്പ സംഗമത്തിലെത്തിച്ചേർന്നു. അയ്യപ്പ സംഗമത്തിൽ ബുൾഡോസർ രാജിന്റെ നടത്തിപ്പുകാരനായ യോഗി ആദിത്യനാഥിന്റെ കത്ത് വായിക്കുന്ന നിലയിൽ വരെ ഹിന്ദുത്വ വിധേയത്വം എത്തിച്ചേർന്നു. തങ്ങളാണ് യഥാർത്ഥ ആചാര സംരക്ഷകരെന്ന് ഇടത്-വലത് മുന്നണികളിൽപ്പെട്ടവർ വാദിക്കുന്നു. കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ശബരിമല സ്ത്രീപ്രവേശനത്തെ മുൻനിർത്തി പ്രത്യേക നിയമം കൊണ്ടുവരുമെന്നും, ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുന്ന നിയമം പാസാക്കുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാദിച്ചു. സനാതന ധർമ്മ വിവാദം ഉടലെടുത്തപ്പോൾ സനാതന ധർമ്മം ഇന്ത്യൻ സംസ്കാരമാണെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്. സനാതന ധർമ്മം ജാതിധർമ്മം തന്നെയാണെന്ന് ശിവഗിരിയിൽ പ്രസംഗിച്ചവർ അയ്യപ്പ സംഗമത്തിൽ ഗീതയിലെ ഭക്തിയെ വാഴ്ത്തി. ചുരുക്കത്തിൽ ഇടതു-വലതു മുന്നണികൾ സനാതന ധർമ്മത്തിന്റെ പതാകാവാഹകരാകുന്ന സ്ഥിതിവിശേഷം ഉളവായി.

ഇതെല്ലാം നിലനിൽക്കുമ്പോഴാണ് മോദിയെ വെല്ലുന്ന രീതിയിൽ ഭരണകക്ഷിയിലുള്ളവർതന്നെ ഇസ്‌ലാമോഫോബിയ പടർത്തുന്നത്. മലപ്പുറത്തും കാസർഗോഡും ഇലക്ഷനിൽ ജയിച്ചവരെ പേര് കൊണ്ട് തിരിച്ചറിയാം എന്ന് പ്രസ്താവിച്ചതിലൂടെ മുസ്ലീം പൈശാചികവൽക്കരണത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. ഹിന്ദുത്വവാദികൾക്ക് ഇന്ധനം പകരുന്ന മുസ്ലീം-ഇസ്‌ലാം പൈശാചികവൽക്കരണത്തിലൂടെ ഹിന്ദു വോട്ട് ഏകീകരിക്കാമെന്ന ധാരണയാണ് ചിലർ പുലർത്തുന്നത്. എന്നാൽ സവർണ്ണ വിഭാഗങ്ങളുടെ വോട്ട് ബി.ജെ.പിയിലേക്കാണ് ഒഴുകുന്നതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം വ്യക്തമാക്കുന്നത്. ഇസ്‌ലാമോഫോബിയ പടർത്തുന്ന വെള്ളാപ്പള്ളിയെ പുകഴ്ത്തുന്ന നടപടികളിലൂടെ കേരളത്തിൽ കൃത്യമായ ധ്രുവീകരണം നടന്നുകഴിഞ്ഞു. ഈഴവരുടെ വോട്ട് ലക്ഷ്യമാക്കിയാണ് ഇത്തരം താമ്രപത്ര ദാനമെങ്കിലും, കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടിന്റെ വളർച്ച ചിലരുടെ ഹിന്ദുത്വാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്. ചുരുക്കത്തിൽ നവോത്ഥാന ചർച്ചകൾ ആചാര സംരക്ഷണ ചർച്ചകൾക്ക് വഴിമാറിയിരിക്കുന്നു. മതപണ്ഡിതർ കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നുവെങ്കിൽ വൈക്കത്തും ഗുരുവായൂരിലും നടന്ന സമരങ്ങൾ എന്തിനായിരുന്നു? പൊതുവഴിയിൽ സഞ്ചരിക്കാൻ മതപണ്ഡിതരുടെ തീട്ടൂരത്തിന് കാത്തുനിൽക്കേണ്ടി വന്നിരുന്നുവെങ്കിൽ ഒരു അയ്യങ്കാളി ഉണ്ടാകുമായിരുന്നില്ല. ആചാരങ്ങൾ ലംഘിച്ചാണ് നാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നിർവ്വഹിച്ചത്. ഇന്നായിരുന്നുവെങ്കിൽ ഗുരുവിന് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്താൻ അനുവദിക്കുമായിരുന്നില്ല. മതപണ്ഡിതരുമായി കൂടിയാലോചിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഗുരുവിനെ തടയുമായിരുന്നു. ആരാണ് ഈ മതപണ്ഡിതർ? അവ്യക്തമായ പരാമർശങ്ങളിലൂടെ ബ്രാഹ്മണ പൗരോഹിത്യം ഉറപ്പിക്കാനാണ് "പുരോഗമന ശക്തികൾ" ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിവരും. ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് ബ്രാഹ്മണ പണ്ഡിതർ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന ബ്രാഹ്മണ്യ സേവാ യുക്തിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിധിയിൽനിന്നും 2026-ലേക്കെത്തുമ്പോൾ ഹിന്ദുത്വവാദികളുടെ ആചാര വാദങ്ങൾക്ക് പുരോഗമന പ്രഭൃതികൾ കീഴടങ്ങിയ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടു.

Share this link