രാമരാജ്യമായും ഹിന്ദുരാഷ്ടമായും ഹിന്ദുസ്വരാജായുമെല്ലാം ഹിന്ദുത്വം വിഭാവനം ചെയ്ത ഇന്ത്യയിൽ ജാതിഹിന്ദുത്വത്തിന്റെ അപരങ്ങളും അടിമകളുമായിരുന്ന ഒരു വമ്പിച്ച ജനതതിയുടെ അതിജീവനസമരവുമായി അഭേദ്യമായി ബന്ധപ്പെട്ട നാമവും വിമോചനകർതൃത്വവുമാണ് അംബേദ്കർ എന്നും അംബേദ്‌കർ മുന്നോട്ട് വെച്ച സാമൂഹിക ജനാധിപത്യത്തിലൂടെയും നവയാന ബുദ്ധിസത്തിലൂടെയും മാത്രമേ അസമത്വവും ജാതീയ അധികാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ജനായത്തം സാധ്യമാകൂ എന്നും ഡോ. അജയ് ശേഖർ എഴുതുന്നു.
സത്യം പറഞ്ഞവരെ കണ്ടിച്ചു മുറിച്ചു...
പൊയ്കയിൽ അപ്പച്ചൻ
ഒരു വ്യക്തി എന്ന നിലയിൽ രണ്ടു കാര്യങ്ങൾ മാത്രം ഞാൻ പറയാം,
ബാലിയോട് ചെയ്തതും സ്വന്തം ഭാര്യയായ സീതയോടു ചെയ്തതും.
വിവേചനം പഴിക്കുവോർ, ദേശീയം ജയ് വിളിക്കുവോർ
സർവോദയം ജപിക്കുവോർ, ഫലത്തിൽ ജാതിവാദികൾ.
അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്രമായ്
ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവി ഭാരതം
സഹോദരൻ അയ്യപ്പൻ, ജാതിഭാരതം
അക്ഷരം പഠിച്ചും ഇതര ശൂദ്രക്കുട്ടികളേയും പെണ്ണുങ്ങളേയും അക്ഷരവും ഭാഷയും ഭാഷണവും പഠിപ്പിച്ചു മനുഷ്യനാകാനും, സമൂഹത്തെ അടിത്തട്ടിലിറങ്ങി നന്നാക്കാനും ശ്രമിച്ച ശൂദ്രമുനി ശംബൂകനെ മര്യാദാപുരുഷോത്തമനും ആത്മാരമണനുമായ ശ്രീരാമചന്ദ്രൻ സനാതനമായ വൈദിക വർണാശ്രമ ധർമത്തെ സംരക്ഷിക്കാനായി നിഷ്കരുണം വധിച്ചു. ശ്രമണധാരയിൽ ധ്യാനവും മനനവും ചെയ്ത ശൂദ്രനായി പിറന്നുപോയ മുനിയെ സനാതനധർമത്തിനു വച്ചുപൊറുപ്പിക്കാനായില്ല, കാരണം പൗരോഹിത്യ ആൺകോയ്മയ്ക്കു യുക്തിയുക്തമായ നൈതികചിന്തയുടെ ചമണധാരയെ അഥവാ അമണധാരയെ വച്ചുപൊറുപ്പിക്കാനാവതില്ലല്ലോ. അമണകരയും ചമണാംപതികളും കേരളത്തിൽ നിരവധിയാണല്ലോ. മുനിയുടെ ധ്യാനനിരതമായ കഴുത്തറുത്ത മാത്രയിൽ ബാലമരണത്തിനിരയായ ബ്രാഹ്മണബാലൻ അങ്ങു ദൂരെ അയോധ്യയിൽ വീണ്ടും ശ്വാസം കഴിച്ചു. ദേവകൾ പുഷ്പവൃഷ്ടി നടത്തി. ആ വർണധർമിഷ്ഠനായ രാമന്റെ സത്യബോധമായാണ് ആധുനിക ജനായത്ത അംബേദ്കറൈറ്റ് വ്യവഹാരത്തെ തമസ്ക്കരിക്കാൻ, സൂര്യനെ പഴമുറം കൊണ്ടു മൂടുമ്പോലെ, ഇരുപതാം നൂറ്റാണ്ടിലും കൊല്ലുന്ന രാമരാജ്യം ജപിച്ച ഗാന്ധിജിയെ വരേണ്യ കുലീനരായ പ്രസംഗപുംഗവർ മുഖ്യമന്ത്രിയെ പോലും തെരുവിൽ ജാതിത്തെറിവിളിച്ച മണിച്ചിപ്പിള്ളയുടെ മണിപ്രവാള പൈങ്കിളിയെ തോൽപ്പിക്കുന്ന, പൂരപ്പാട്ടിനെ നാണിപ്പിക്കുന്ന ഇളിയും ചളിയും പുളയ്ക്കുന്ന മലയാള ഗീർവാണത്തിൽ കേരളമണ്ണിൽ പുനരാനയിക്കാൻ ശ്രമിക്കുന്നത്.
കൊലക്കത്തിയിലൂടെ ശൂദ്രമോക്ഷം കൊടുത്ത ശ്രീരാമപരമാത്മാവ് ശൂദ്രപൗരോഹിത്യത്തിനും പരമാനന്ദദായകനല്ലോ, കാരണം ശൂദ്ര താപസ വധത്തിനാലേ ബ്രാഹ്മണബാലകർ സഹോദരനെഴുതിയ പോലെ ഉയിർത്തു വരികയല്ലോ. അമിത പ്രാതിനിധ്യ കുത്തകയുള്ള പൊതുസേവന വിദ്യാഭ്യാസ ഇടങ്ങളിലെല്ലാം സാമ്പത്തിക സംവരണത്തിലൂടെ കുത്തക അട്ടിപ്പേറാക്കി മാറ്റപ്പെടുന്നു. തികഞ്ഞ രാമരാജ്യം സമാഗതമായി. രാമരാജ്യത്തിന്റെ വളകിലുക്കവും ഒളിയമ്പുകളും ശൂദ്രകർണങ്ങളിലെ ഉരുക്കിയൊട്ടിച്ച ഈയം പോലെ നമ്മുടെ നാവിന്മേൽ ഉരച്ചു മൂർച്ചയേറ്റുകയായി. രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബുകന്റെ ഗതിയെ കുറിച്ചും സ്മൃതികൾ നോക്കി ഭരിക്കുന്ന ഹിന്ദുക്കളെ കുറിച്ചുമുള്ള ഗുരുവിന്റെ ചരിത്ര പ്രസ്താവങ്ങൾ ഇന്നും കേരളത്തിൽ പോലും പാഠപുസ്തകങ്ങളിലില്ല. മാവാരത രാമായണ പട്ടത്താനങ്ങളും ഗീതാഗിരികളും അക്കാദമികളിലും മാധ്യമങ്ങളിലും നിറയുകയാണ്. നാം ആ അനവദ്യ ലീലന്റെ പാദാരവിന്ദങ്ങളിലേക്കമരുകയായി. മുയാലകന്മാരും കാളിയന്മാരും നാഗവംശികളും നടുവൊടിക്കപ്പെട്ടു കാലടികളിലും മണ്ണടികളിലും കീഴടികളിലുമമരുകയായി. പാദം ക്ഷുദ്രമല്ലോ പുരുഷസൂക്ത വൈദികയുക്തിയിൽ.
കൊല്ലുന്നവൻ മൃഗമാണെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഗുരു ജീവകാരുണ്യ പഞ്ചകത്തിൽ എഴുതിയ പോലെ അംബേദ്കർ രാമകൃഷ്ണന്മാരുടെ പ്രഹേളികയിൽ സൂചിപ്പിക്കുന്നത് മാനവികതയില്ലാത്തവനാണ് വംശഹത്യക്കാരനായ രാമൻ എന്നാണ്. ഒളിഞ്ഞും ഇരുട്ടത്തും പിന്നിലൂടെ ചതിയിലൂടെ വെട്ടിക്കൊല നടത്തുന്ന ഒളിയമ്പും കോടാലിയുമെറിയുന്ന നാഗരികതയ്ക്കെതിരായ ബ്രാഹ്മണിക വർണാശ്രമ പടയാളി സേവകനായ മറവനായി ഗുരു എന്നേ രാമനെ സരസമായി ചമൽക്കാരം ചെയ്തിരുന്നു. കാട്ടിൽ കിടക്കുന്ന ചില കൂട്ടരുടെ തലയിലെ ചന്ദ്രക്കല പോലുള്ള ചീർപ്പിനെ കുറിച്ചും അദ്ദേഹം മരം പൊട്ടിമുളയ്ക്കും പോലെയോ എന്ന മട്ടിലുള്ള ചരിത്ര വിമർശ നർമം ചമച്ചു. താങ്കളുടെ കൃഷ്ണൻ ഒരു പരമ്പര കൊലയാളിയല്ലയോ എന്നു പള്ളുരുത്തിയിൽ ഗാന്ധിജിയോടു 1935ൽ ചോദിക്കാൻ സഹോദരനു കഴിഞ്ഞത് ഗുരുവിന്റെ സത്യത്തേയും നീതിയേയും പ്രാഥമികമാക്കുന്ന പ്രബുദ്ധ പാരമ്പര്യത്തിലാണ്. 1929 ൽ തിരുനക്കര വച്ച് രാമനാമം വിളിക്കാനാഹ്വാനം ചെയ്ത മാളവ്യയോടു രാവണനു ജയഭേരി മുഴക്കാൻ സഹോദരനു കഴിഞ്ഞതും ചരിത്രം. അംബേദ്കറെ അദ്ദേഹത്തിന്റെ യുവത്വത്തിൽ തന്നെ അറിഞ്ഞാദരിക്കാനും ഗദ്യത്തിലും പദ്യത്തിലും കേരള ഭാഷയിൽ തുറന്നു പ്രശംസിക്കാനും സഹോദരനു കഴിഞ്ഞതും 2300 വർഷത്തോളം പഴക്കമുള്ള കേരളത്തിന്റെ അശോകൻ പ്രബുദ്ധതയുടേയും ഗുരുവിന്റെ നൈതിക ധീരതയുടേയും ധാർമിക ബലത്തിലാണ്. ഭാവിയുടെ ശരണമന്ത്രമായാണ് പുതുപുത്തരായ അംബേദ്കറുടെ വിമോചന രാഷ്ട്രീയചിന്തയെ കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സഹോദരൻ അവതരിപ്പിച്ചത്. അതു തികച്ചും കാലത്തെ കവിയുന്ന ചിന്തയും പ്രവൃത്തിയുമാ യിരുന്നു. ഇന്നും അതിന്റെ പ്രാധാന്യം പലരും അറിഞ്ഞു വരുന്നതേയുള്ളു.
പുത്തരെ ആധുനികമായി ഓർമിപ്പിച്ചു കൊണ്ട് പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന മുദ്രാവാക്യമാണ് അംബേദ്കർ ഇന്ത്യയിലെ അധസ്ഥിത യുവചേതനയ്ക്കു നൽകിയത്. ബൗദ്ധികമായ പഠനത്തിലൂടെ പ്രബുദ്ധരാവുക, ധമ്മ സമരത്തിലേക്കിറങ്ങുക, സംഘത്തിലൂടെ സംയോജിതരാവുക എന്നത് ബുദ്ധൻ നൽകിയ സന്ദേശമായിരുന്നു. ജാതിയുടേയും ചാതുർവർണ്യത്തിന്റേയും ആധാരമായ വർണാശ്രമ ധർമമെന്ന സനാതനധർമത്തിൽ നിന്നും നൈതികമായ ബുദ്ധധമ്മത്തെ വേർതിരിക്കാനാണ് ധമ്മമെന്ന പാലിവാക്കു തന്നെ അംബേദ്കർ വീണ്ടും ഉപയോഗിച്ചത്. നീതിയും ധമ്മവുമല്ല രാഷ്ട്രവും അതിന്റെ 'ഭാരതമാതാവു'മാണു കാര്യമെന്നാണ് ഇന്ന് ഹൈന്ദവദേശീയവാദക്കാർ പറയുന്നത്. ഹിന്ദുത്വദേശീയതയുടെ മുഖ്യബിംബമായ ഗോമാതാവിനും ഭാരതാംബയ്ക്കും ജയ് വിളിക്കാത്തവരെ കഴുത്തറക്കുമെന്നുവരെ ഹിന്ദു സന്യാസിമാർ ആക്രോശിക്കുന്നു. സൈനികവും സായുധവും വംശഹത്യാപരവുമായ ഈ സംസാര ദേശീയവാദത്തിന്റെ സന്ദർഭത്തിലാണ് ബുദ്ധന്റേയും നവബുദ്ധന്റേയും വർണാശ്രമധർമവിമർശം പ്രസക്തമാകുന്നത്. പശുവിനേയും ഭാഷയേയും പ്രദേശത്തേയുമെല്ലാം മാതാവാക്കുന്ന വിശുദ്ധമാതാവാദം കേരളത്തിലും പലമാതിരി പെരുകുന്നു.
രാമരാജ്യമായും ഹിന്ദുരാഷ്ടമായും ഹിന്ദുസ്വരാജായുമെല്ലാം വിഭാവനം ചെയ്യപ്പെട്ട ഒരിന്ത്യയിൽ ജാതിഹിന്ദുത്വത്തിന്റെ അപരങ്ങളും അടിമകളുമായിരുന്ന ഒരു വമ്പിച്ച ജനതതിയുടെ അതിജീവന സമരവുമായി അഭേദ്യമായി ബന്ധപ്പെട്ട നാമവും വിമോചനകർതൃത്വവുമാണ് അംബേദ്കർ. ശൂദ്രരും തൊട്ടുകൂടാത്തവരും ആരായിരുന്നു എന്നും അവരെങ്ങനെ തീണ്ടൽക്കാരായി എന്നും ഇന്ത്യാചരിത്രത്തിലാദ്യമായി ചോദിച്ചതും വിശദീകരിച്ചതും അംബേദ്കറാണ്. ജാതിയും മതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുക്തി ഭ്രദമായും സൈദ്ധാന്തികമായും വിശദീകരിച്ചതും അംബേദ്കറാണ്.
പാശ്ചാത്യ ഇടപെടലിനെ തുടർന്നുണ്ടായ അധിനിവേശ ആധുനികതയുടെ സമ്മിശ്രമായ വിമോചന സന്ദർഭത്തിലാണ് അംബേദ്കറെ പോലൊരു കർതൃത്വം ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള തൊട്ടുകൂടാത്തവരായ ദലിതരിൽ നിന്നും ഉയർന്നു വന്നത്. വെള്ളം കുടിക്കാനും വഴിനടക്കാനും പോലും വിഷമിച്ച ആ തൊട്ടുകൂടാത്തവനാണ് ഇന്ത്യൻ പ്രബുദ്ധതയുടേയും ആധുനികതയുടേയും നൈതികമായ ഭരണഘടനയുടേയും വാസ്തുശില്പിയായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉന്നതമായ അക്കാദമിക ബിരുദങ്ങൾ ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും നേടി തിരിച്ചെത്തിയ അംബേദ്കർക്ക് ഒരു പരമ്പരാഗത ബുദ്ധിജീവിയായി അധികാരത്തിന്റെ ആനുകൂല്യങ്ങൾ പറ്റി ഇന്ത്യയിലോ വിദേശത്തോ വലിയ നിലയിൽ ജീവിക്കാമായിരുന്നു. എന്നാൽ അടിത്തട്ടിലുള്ള ജനതയുടെ അതിജീവന സമരത്തിലേക്കിറങ്ങിയ ജൈവബുദ്ധിജീവിയായിരുന്നു അദ്ദേഹം. ഐതിഹാസികവും സമാനതകളില്ലാത്തതുമായ ജീവിതസമരവും രചനാലോകവുമാണ് ഭീമാ റാവു റാംജി അംബേദ്കർ അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നവയാനത്തിന്റെ അനുരണനങ്ങൾ ആരംഭിക്കുന്നതേയുള്ളു. ഇന്ത്യയിലെ വിമർശബോധവും സർഗാത്മകതയുമുള്ള യുവജനതയുടെ ഭാവികളെ വരും കാലങ്ങളിലും പ്രചോദിപ്പിക്കുന്ന ചരിത്രപരമായ ഇടപെടലുകളും പരിവർത്തനങ്ങളും വിമോചനയാനങ്ങളുമാണ് ബാബാസാഹേബ് സാധ്യമാക്കിയത്. ഗാന്ധിജിയെ പരിശുദ്ധ പിതൃരൂപമായ ബാപ്പുവായി കാണുമ്പോൾ ഭീമിനെ തങ്ങളുടെ സ്വന്തം പ്രതീക്ഷയും വഴിയും സ്വപ്നവുമായ ബാബാ അഥവാ കുട്ടിയായും വിമോചകനായ സന്താനമായും ബഹുജനങ്ങൾ കാണുന്നു.
ഇന്ത്യയിലുടനീളം ഉയരുന്ന അംബേദ്കർ പ്രതിമകൾ അധസ്ഥിതരുടെ ആദരവും അതിജീവന സ്വപ്നവും ഭാവിയുടെ പ്രതീക്ഷയുമായി അംബേദ്കറെ വീണ്ടും വീണ്ടും മണ്ണിലും മനസ്സിലും കുടിയിരുത്തുകയാണ്. ജനതയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാഭിമാനത്തിന്റേയും സ്വയം അടയാളപ്പെടുത്തലിന്റേയും മൂർത്തരൂപങ്ങളും കൂടിയാണ് അംബേദ്കർ ശില്പങ്ങൾ. പൊതുവിടങ്ങളെ ജനത വീണ്ടെടുക്കുന്നതിന്റെ അടയാളങ്ങളും കാലരേഖകളും കൂടിയാണീ കലാനിർമിതികൾ.
ഭരണഘടനയേന്തുന്ന ഈ രാജ്യതന്ത്രജ്ഞൻ ഒരു ദേശീയനേതാവും ഇന്ത്യൻ ഭരണവ്യവസ്ഥയെ ചിട്ടപ്പെടുത്തിയ രാഷ്ട്രമീമാംസകനുമാണ്. അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ സാമൂഹ്യനീതിയിലേക്കും ഭാവിയുടെ ജനായത്തത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്നതിൽ രണ്ടുപക്ഷമില്ല. അധീശ ദേശീയവാദത്തിന്റെ വിമർശവും സാമൂഹ്യ ജനായത്തത്തിന്റെ സൂചനയും അദ്ദേഹത്തിന്റെ നിലയിലും നോക്കിലും ഉള്ളടങ്ങുന്നതായും വ്യാഖ്യാനിക്കാവുന്നതാണ്.
ഇന്ത്യയുടെ ജലസേചനം, ഊർജം എന്നീ നിർണായക മേഖലകളുമായി ബന്ധപ്പെട്ട നയസമീപനങ്ങൾ രൂപീകരിച്ചത് അംബേദ്കറാണ്. രാജ്യത്തിന്റെ പദ്ധതിയാവിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക സമീക്ഷകളും നടത്തിയത് അദ്ദേഹം തന്നെ. മിലിന്ദും സിദ്ധാർഥയുമടക്കം നിരവധി കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്തർക്കായി തുടങ്ങിയതും മറ്റാരുമല്ല. പശ്ചിമേന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനവും അധസ്ഥിതരുടെ സംഘടനകളും രൂപീകരിച്ചു വികസിപ്പിച്ചതും അംബേദ്കറാണ്. ഭരണഘടനാ സമിതിയുടെ അധ്യക്ഷൻ, ഇന്ത്യയിലെ ആദ്യ നിയമമന്ത്രി എന്നിങ്ങനെയെല്ലാം അംബേദ്കർ ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ നിർമിതിയിൽ അനന്യമായ സംഭാവനകൾ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്താനായി അദ്ദേഹം കൊണ്ടുവന്നതാണ് ഹിന്ദുകോഡ് ബിൽ. ലിംഗസമത്വത്തിനു വേണ്ടിയുള്ള ഉറച്ച നിലപാടിനു വേണ്ടി രാഷ്ട്രീയാധികാരം ത്യജിക്കാനും അംബേദ്കറുടെ നീതിബോധം അദ്ദേഹത്തെ സജ്ജനാക്കിയിരുന്നു. ഇതു വ്യക്തമാക്കുന്നത് കേവലം രാഷ്ട്രീയാധികാരം നിലനിർത്താനും ഭരണകേന്ദത്തിൽ കടിച്ചുതൂങ്ങാനുമുള്ള ദേശീയവാദമല്ല മറിച്ച് സാമൂഹ്യ സമത്വവും മതേതരത്വവും ലിംഗസമത്വവും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാതന്ത്യവും ജനായത്തവും നിറഞ്ഞ ഒരു ക്ഷേമരാഷ്ട്രമായി ഇന്ത്യയെ പരിവർത്തിപ്പിക്കുന്ന നൈതികമായ ദേശരാഷ്ട്ര നിർമിതിയാണ് അംബേദ്കറുടെ അമൂല്യമായ സംഭാവന.
നൂറ്റാണ്ടുകളായി വർണജാതി പ്രത്യയശാസ്ത്രവും പൗരോഹിത്യ ആൺകോയ്മയും കോളനിവൽക്കരിച്ച ഒരു പരമ്പരാഗത സമൂഹത്തെ വിദ്യാഭ്യാസപരമായും നിയമപരമായും ഒരാധുനിക ജനായത്ത സമൂഹവും രാഷ്ട്രവുമാക്കി എന്നതാണ് അദ്ദേഹത്തിന്റെ അമൂല്യമായ രാഷ്ട്രമീമാംസ. അധീശ ജാതി, മത സ്വത്വങ്ങളേയോ പ്രദേശത്തെയോ ഭാഷയേയോ കേന്ദ്രീകരിക്കുന്ന ദേശീയ വാദമായിരുന്നില്ല അംബേദ്കറുടെ ജനായത്തപരവും ഉദാരവുമായ ദേശീയബോധം, അതു മതേതരവും ജനായത്തപരവും സമത്വപൂർണവുമായ ഒരാധുനിക സമൂഹത്തെയും ക്ഷേമരാഷ്ടത്തേയും നിർമിച്ചെടുക്കാനുള്ള തത്വവും പ്രയോഗവുമായിരുന്നു. ഉപദേശീയതകളേക്കുറിച്ചും ചെറുദേശീയതകളെ കുറിച്ചും അധോദേശീയതകളെ കുറിച്ചും അക്കാലത്തു തന്നെ അദ്ദേഹം ബോധവാനായിരുന്നു. ഈയർഥത്തിൽ അധീശ വരേണ്യദേശീയവാദപരമായ സംസ്കാര ദേശീയവാദത്തെയും വ്യാജഭൂരിപക്ഷവാദത്തേയും ചെറുക്കുന്ന ജനായത്തപരമായ വികേന്ദ്രീകൃത മതേതര ദേശീയബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നു കാണാം. ലോകത്തെ സംഘർഷങ്ങളെ നേരിടുകയും അവകാശ സമരം ചെയ്യുകയും ചെയ്യുന്ന എല്ലാ ജനവിഭാഗങ്ങളേയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു വിമോചന പോരാട്ടമായിരുന്നു അംബേദ്കറുടെ ഈ ദേശരാഷ്ട്ര നിർമിതി. സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക ജനായത്ത മൂല്യങ്ങളെ അടിത്തറയാക്കുന്ന ഒരു സമൂഹത്തേയും രാഷ്ട്രത്തേയും ഇന്ത്യയിൽ കെട്ടിപ്പടുത്തത് അംബേദ്കറുടെ ഉൾക്കൊള്ളലിന്റേയും പ്രാതിനിധ്യത്തിന്റേയും തത്വദർശനമാണ്. തുല്യതയിലും മനുഷ്യാവകാശങ്ങളിലും ആധാരമാക്കുന്ന ഒരു സമൂഹത്തയും ജനതയേയും അദ്ദേഹം ഭാവന ചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. വൈവിധ്യങ്ങളുടെ സഹവർത്തിത്തത്തിലൂന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യ ജനായത്ത സങ്കൽപ്പം.
ലോകത്തെ മനുഷ്യാവകാശ, പൗരാവകാശ പ്രക്ഷോഭങ്ങളുമായെല്ലാം ഈ രീതിയിൽ സാഹോദര്യവും പാരസ്പര്യവും സൃഷ്ടിക്കാൻ ഇന്ത്യയിലെ ബഹിഷ്ടതരുടെ സാംസ്കാരിക രാഷ്ട്രീയ മുന്നേറ്റത്തിനായിട്ടുണ്ട്. യൂറോപ്പിലെ ദലിതരായ റോമകൾ ഇന്ന് ബാബാസാഹേബിന്റെ നവയാനത്തെ ആശ്ലേഷിക്കുകയാണ്. പ്രാദേശിക ദേശീയതകളെ അതിവർത്തിക്കുന്ന അതിന്റെ ആഗോളവും രാജ്യാന്തരവുമായ തത്വർശനമാണിതു വെളിപ്പെടുത്തുന്നത്.
പ്രാദേശിക വരേണ്യതയെ പുനരുൽപ്പാദിപ്പിക്കുന്ന ഇടുങ്ങിയ കുലീനദേശീയവാദത്തേയും സമഗ്രാധിപത്യപരമായ സംസ്കാര ദേശീയവാദത്തേയും പൂർണമായും തള്ളിക്കളയുകയും നിശിതമായി വിമർശിക്കുകയും പാശ്ചാത്യവും പൗരസ്ത്യവുമായ ലോകത്തിന്റെ വിമോചന പാരമ്പര്യങ്ങളേയും പ്രബുദ്ധതയുടെ വിവിധ ദേശീയ പ്രാദേശിക ആഗോള ധാരകളെയും വിവേചനബോധത്തോടെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിമോചന പ്രത്യശാസ്ത്രമാണ് അംബേദ്കറുടെ രാഷ്ട്രീയ ചിന്ത. തികച്ചും ജനായത്തപരവും നൈതികവുമാണ് അതിന്റെ പ്രയോഗം. സാമൂഹിക നീതിയിലും സാംസ്കാരികവും രാഷ്ട്രീയവുമായ വിമോചനത്തിലുമധിഷ്ഠിതമായ ഈ പ്രത്യയശാസ്ത്രത്തെയാണ് അംബേദ്കറിസം എന്നു പറയുന്നത്. അംബേദ്കറുടെ വേഷഭൂഷാദികളിൽ തന്നെ ഈ വിമർശബോധവും ഉദാര മാനവികമായ രാജ്യാന്തരവാദവും ആഗോള വിശാലതയും കാണാം. പ്രാദേശീയവും ദേശീയവുമായ ബ്രാഹ്മണവാദത്തിന്റേയും വർണവ്യവസ്ഥയുടേയും ഇന്ത്യൻ ജാത്യാചാരങ്ങളുടേയും സംസ്കാര ദേശീയതയുടേയും പരിപൂർണമായ നിരാസവും വിടുതിയും കൂടിയാണ് അംബേദ്കറുടെ ആധുനികമായ പുതിയ രൂപവും ഭാവവും.
മിതമായ ഹിന്ദുദേശീയവാദ പരിപ്രേക്ഷ്യത്തിൽ നിന്നുള്ള പൂർണമായ വിടുതിയാണ് അംബേദ്കറുടെ മതേതരമായ രാജ്യാന്തര ആധുനികതയും ഭരണഘടനാപരമായ സാമൂഹ്യ ജനായത്ത സങ്കൽപ്പവും. ജനായത്ത സങ്കൽപ്പം കേവലം പാശ്ചാത്യം മാത്രമല്ലെന്നും ഇന്ത്യയിലും ജനായത്തത്തിന്റെ പൂർവ രൂപങ്ങളുണ്ടെന്നും അതു സാമൂഹ്യ ഉച്ഛനീചത്വത്തെ വെല്ലുവിളിച്ച നൈതികമായ ബുദ്ധസംഘങ്ങളിലാണു കാണുന്നതെന്നും തന്റെ ജനായത്ത സങ്കൽപ്പം തദ്ദേശീയമായ പ്രബുദ്ധത്യുടെ സംസ്കാരമായ ബുദ്ധധമ്മത്തിൽ നിന്നാണു താൻ ആഴത്തിൽ വികസിപ്പിക്കുന്നതെന്നും ജീവിതാന്ത്യത്തിനു തൊട്ടുമുമ്പു നടത്തിയ ഒരു ബി. ബി. സി. ഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യയിലെ ജനങ്ങൾക്ക് മാർക്സിനോടോ ക്രിസ്തുവിനോടോ ബുദ്ധനോടോ താരതമ്യം ചെയ്യാവുന്ന ലോകോത്തര വ്യക്തിത്വവും വി മോചന കർതൃത്വവുമാണ് അംബേദ്കർ. ലോകക്ഷേമത്തിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു ബോധിസത്വനായാണ് ബുദ്ധിസ്റ്റുകൾ അദ്ദേഹത്തെ കാണുന്നത്. ഇന്ത്യയുടെ നവബുദ്ധനായും സി. അയ്യപ്പന്റെ 'സ്മാരകം' എന്ന കഥയിലേതു പോലെ ഭാവിസൂര്യനായും തന്നെയാണ് കോടിക്കണക്കായ ബഹുജനങ്ങൾ അദ്ദേഹത്തെ അറിയുന്നത്. ഇന്ന് ഇന്ത്യയിലെ ഓരോ ചേരിയുടേയും കോളനിയുടേയും മുമ്പിൽ അംബേദ്കറുടെ ശില്പം ഉയർന്നു വന്നിരിക്കുന്നു. ഓരോ ചെറുകുടിലിലും അദ്ദേഹത്തിന്റെ ചിത്രം ബുദ്ധന്റേയോ ക്രിസ്തുവിന്റേയോ ഒപ്പം ജനങ്ങളു ടെ മനുഷ്യഭാവിയിലുള്ള വിശ്വാസവും സ്വപ്നവും പ്രതീക്ഷയുമായി പ്രകാശിക്കുന്നു. ആയിരത്താണ്ടുക ളുടെ മൃഗീയമായ ജാതിപീഡനത്തിൽ നിന്നും അപമാനവീകരണത്തിൽ നിന്നുമുള്ള രക്ഷയും മോചനവുമാണ് ബാബാസാഹേബ്. ഭാവിയുടെ വിമോചന ശിശുവാണു ബാബാ. ബുദ്ധനെ കുട്ടനെന്നും ജിനനെ നാണുവെന്നും പ്രബുദ്ധരായ പ്രാചീന കേരളമക്കൾ വിളിച്ചപോലെയാണ് അദ്ദേഹത്തെ കുട്ടാ അഥവാ ബാബാ എന്നടിത്തട്ടിലുള്ള ജനത വിളിച്ചത്. ലോകോത്തര മാതൃകയായി അദ്ദേഹം നമുക്കു തന്ന ഭരണഘടന ഇന്ന് അനുദിനം റദ്ദാക്കപ്പെടുകയാണ്. ഇന്ത്യൻ നിർമാണഘടനയുടെ കാതലായ സാമൂഹ്യനീതി സങ്കല്പത്തിന് കടകവിരുദ്ധമായ സാമ്പത്തിക നിർണയനവാദവും സാമ്പത്തിക സംവരണവാദവും ജാതിഹിന്ദു സമവായ വലതുപക്ഷ ശക്തികൾ ഇടതിലൂടെ കേരളത്തിൽ നടപ്പാക്കിയപ്പോൾ ഇന്ത്യയുടെ നിർമാണഘടന റദ്ദാക്കപ്പെട്ടു പോയി. കേന്ദ്രത്തിൽ ഹിന്ദുദേശീയവാദ കക്ഷി തിരഞ്ഞെടുപ്പു തുറുപ്പായി സാമ്പത്തിക സംവരണം എന്ന ചരിത്രമൗഢ്യം പ്രഖ്യാപിക്കുന്നതിനും മൂന്നുമാസം മുൻപാത്രേ ഈ പ്രകടനപത്ര അവകാശവാദം. മലയാള കുലീനർ നാലഞ്ചു ദിവസം കൊണ്ട് നിയമമാക്കിയെടുത്തത്. അടിസ്ഥാന ജനായത്ത പ്രാതിനിധ്യമായ സാമൂഹ്യ സംവരണം സർവീസിന്റെ കാര്യക്ഷമത തകർക്കുമെന്ന് ഭരണഘടന നിലവിൽ വന്നതിനു തൊട്ടുപിന്നാലെ അമ്പതുകളിൽ തന്നെ എഴുതിവിട്ടതും ഇടതുപക്ഷത്തെ കോളനീകരിച്ച ബ്രാഹ്മണിക പിതൃരൂപങ്ങളാണ്. ഇന്നു ജാതിഹിന്ദുവിന്റെ അമിത പ്രാതിനിധ്യത്തിന്റെ കുൽസിതവേലക്കായി വരേണ്യരായി കൈയ്യടിക്കുന്നവരറിയുന്നില്ല നാളെ ന്യൂനപക്ഷാവകാശങ്ങൾ റദ്ദാക്കപെടുമെന്ന്.
ഫെഡറലിസവും മതവിഷയങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഇതിനകം തരിപ്പണമാക്കി കഴിഞ്ഞു. വർഗന്യൂനീകൃത ലളിത യുക്തി വിട്ട് ഇന്ത്യൻ സാമൂഹ്യ ചരിത്ര യാഥാർഥ്യമായ ജാതിയുടെ സമഗ്രാധിപത്യത്തെ അതിനാധാരമായ ബാഹ്മണിസത്തെ മാർക്സിസം കാണേണ്ടതുണ്ട്. മനുഷ്യനെ അപരവത്കരിച്ച് മൃഗവൽക്കരിച്ച് അടിച്ചുകൊല്ലുന്ന ഫാഷിസത്തെ ചെറുക്കാൻ കേവല വർഗസമരവും തൊഴിലാളി ഐക്യവും കൊണ്ടു സാധ്യമല്ല. സാംസ്കാരിക ഘടനകളിലുള്ള പഠനവും ഇടപെടലുകളും നീതിബോധവും ആവശ്യമാണ്. ബ്രാഹ്മണ്യത്തെ ഇല്ലാതാക്കാതെ വർണാശ്രമധർമത്തേയും ജാതിയേയും ഇല്ലാതാക്കാനാവില്ല. ജാതിയുടെ മതമാണ് ഇന്ത്യയിൽ കൊലപാതകത്തെ സാധൂകരിക്കുന്നത്.
സഹോദരനും അംബേദ്കറും പറഞ്ഞതു പോലെ ജാതിയെ സാധൂകരിക്കുന്ന മതത്തെ തന്നെ ഇല്ലായ്മ ചെയ്താൽ മാത്രമേ ജാതി നിർമൂലനം സാധിക്കൂ. ഇന്ത്യയിൽ സമഭാവനയെ ബുദ്ധകാലത്തിനു ശേഷം തിരികെ കൊണ്ടുവരാൻ അങ്ങനെ മാത്രമേ കഴിയൂ. വർഗമാത്രവാദം സാമ്പത്തിക സംവരണവാദത്തിലേക്കു വന്നു കൂപ്പുകുത്തും. കാരണം അത് സാമൂഹ്യ ചരിത്രത്തെ കുറിച്ചുള്ള യാഥാർഥ്യത്തേയും സ്ഥിതിവിവരക്കണക്കുകളേയും കുറിച്ചുള്ള അജ്ഞതയാണ്. വിവേചനത്തിന്റേയും അസമത്വത്തിന്റേയും അടിസ്ഥാന സത്യങ്ങളേയും നീതിയേയും അതു കാണുന്നില്ല. ചുരുങ്ങിയത് മണ്ഡലനന്തര ഇന്ത്യയിലെങ്കിലും വർഗരാഷ്ട്രീയവും വർഗ്ഗ സമരവും ജാതിവിരുദ്ധ പോരാട്ടത്തേയും ജനായത്തത്തിലെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാന സാക്ഷരതയേയും അറിഞ്ഞു മാറേണ്ടതുണ്ട്. സാമ്പത്തികം പോലെ തന്നെ മനുഷ്യരെ ആഴത്തിൽ നിർണയിക്കുന്ന തലങ്ങളാണ് ഇന്ത്യയിൽ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ യാഥാർഥ്യങ്ങളും ചരിത്രവർത്തമാനങ്ങളും. വർഗത്താലല്ല ജാതിയാലാണ് കൊലയും കൊല്ലും മാനഭംഗങ്ങളും നടമാടുന്നത്. വർഗ ശ്രേണിയിൽ മാറ്റം സാധ്യമാകുമ്പോൾ ജാതി മാറാനാവാത്ത ഊരാക്കുടുക്കായി മനുഷ്യരെ വിഭജിക്കയും പരസ്പരം തല്ലിക്കൊല്ലിക്കുകയും ചോരകുടിക്കുകയും ചെയ്യുന്നു. ലോകത്തെ മാറ്റിപ്പണിയാൻ മാർക്സിനെ പോലെ ഒരു സാമ്പത്തിക സിദ്ധാന്തം മാത്രമാണ് അംബേദ്‌കർ ആവിഷ്ക്കരിച്ചത്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഘടനകളിലുള്ള പൊളിച്ചെഴുത്തും നവനിർമിതിയും അദ്ദേഹത്തിന്റെ ദർശനത്തിലും ജീവിത പ്രയോഗത്തിലും കാണാം. മനുവിന്റെ മനുഷ്യവിരുദ്ധമായ ബ്രാഹ്മണിക നിയമാവലിയെ അദ്ദേഹം ആധുനികവും നൈതികവും ശാസ്ത്രയുക്തിക്കും മാനവികതയ്ക്കും നിരക്കുന്നതുമായ പുത്തൻ പരിഗണനകൾ കൊണ്ട് പരിപൂർണമായും മാറ്റി തീർത്തു. ഫാഷിസമായി മാറുന്ന സംസ്കാര ദേശീയവാദത്തിന്റെ തികഞ്ഞ വിമർശമാണദ്ദേഹത്തിന്റെ സാമൂഹ്യ ജനായത്ത ദർശനവും ജീവിതപ്രയോഗവും. മനുഷ്യനെ തെരുവിൽ തല്ലിക്കൊല്ലുമ്പോൾ നാം മൂകരാവരുത്. നമ്മുടെ നീതി നിയമ സംവിധാനമായ നിർമാണ ഘടനയില്ലെങ്കിൽ ഈ രാജ്യം തകർക്കപ്പെടും. അതിന്റെ സാമൂഹ്യനീതി സങ്കൽപ്പത്തെ അട്ടിമറിക്കാനുള്ള എല്ലാ ദേശീയവാദ ഗൂഢാലോചനകളേയും നാം ചെറുക്കേണ്ടതുണ്ട്. നീതിയേയും നേരിനേയും വിമർശബോധത്തേയും ഉയർത്തിപ്പിടിച്ച് അതിദേശീയതയുടെ സമഗ്രാധിപത്യത്തെ നമുക്കു ചെറുക്കാം. അതിനാദ്യം ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കറും കേരളത്തിൽ സഹോദരനും അറിഞ്ഞാദരിച്ചപോലെ അധീശത്വം ചവിട്ടിത്താഴ്ത്തിയ ഇന്ത്യൻ പ്രബുദ്ധതയുടെ വിമോച സംസ്കാരത്തെ തിരിച്ചറിഞ്ഞ് കാലികമായി വിമർശാത്മകമായി വീണ്ടെടുക്കേണ്ടതുണ്ട്. ബുദ്ധനിലാരംഭിക്കുന്ന സമതയുടേയും മൈത്രിയുടേയും മധ്യമാർഗവും കുടിയാണ് സമകാലിക ഇന്ത്യയോട് ബാബാസാഹേബ് പറയുന്നത്. ബഹുജനങ്ങൾ തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം തിരിച്ചറിഞ്ഞാൽ ഹിന്ദുത്വവും ബ്രാഹ്മണ്യവും ആവിയായിപ്പോകും. പ്രബുദ്ധമായ ഭാവിഭാരതം വിജയിക്കട്ടെ. നവയാനം നമ്മെ നയിക്കട്ടെ.
അടിയന്തിരമായി കൊല്ലുന്ന ദൈവങ്ങളുടെ യാനങ്ങളും പാരായണങ്ങളും നാം അവസാനിപ്പിക്കേണ്ടതുണ്ട്. കൊല്ലുന്നവനില്ല ശരണ്യതീയെന്നും അവൻ മൃഗത്തിന് തുല്യനെന്നും ഗുരു 1914 ൽ തന്നെ ജീവകാരണ്യപഞ്ചകത്തിൽ എഴുതിയിട്ടുണ്ട്. രാമകൃഷ്ണ പ്രഹേളികയിൽ ബാഹാസാഹേബും അത്തരം ദൈവ ബിംബങ്ങളുടെ മാനവികതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാമാദികളുടെ കാലത്തെങ്കിൽ ശംബൂകന്റെ ഗതിയാവും നമുക്കുണ്ടാവുക എന്നും 1914 ൽ ഗുരു അസന്ദിഗ്ധമായി വ്യക്തമാക്കി. അയ്യാവൈകുണ്ഠരുടെ സ്വാതിയുടെ പുലിമടയിലെ അനുഭവവും ആറാട്ടുപുഴയുടെ ധീരരക്തസാക്ഷിത്വവും അതദ്ദേഹത്തിനു ബോധ്യമാക്കിയിരുന്നു. മദൻമോഹന മാളവ്യ തിരുനക്കര മൈതാനത്തു വന്നു ജയ്‌റാം വിളിക്കാനാഹ്വാനം ചെയ്തപ്പോൾ ശംബൂകനെന്ന ശൂദ്രമുനിയെ കൊന്ന രാമൻ കേരളത്തിന്റെ ദൈവം പോയിട്ട് മനുഷ്യൻ പോലുമാകുന്നില്ല എന്നു മറുപടി കൊടുത്തത് ഗുരുശിഷ്യനായ സഹോദരനാണ്. 1910 കളിൽ തന്നെ ഗുരുവും ശിഷ്യരും അയ്യനും അപ്പച്ചനുമടക്കമുള്ള ദലിത് നവോത്ഥാന ജനനേതാക്കളും കൊലപാതകിയായി മനസ്സിലാക്കി തിരിച്ചറിഞ്ഞു തള്ളിയ രാമനെയാണ് ഗാന്ധിയുടേയും മറ്റും സത്യബോധമായും മിഥ്യാബോധമായും ഇളിച്ചും ചിരിച്ചും വളഞ്ഞു കുത്തി മറിഞ്ഞ് ജാതിവാലന്മാർ വീണ്ടും പട്ടത്താനങ്ങളിലൂടെ പുനരാനയിച്ച് കേരളത്തിൽ ശൂദ്രലഹളയ്ക്കുള്ള നിലമൊരുക്കിയത്. ദൈവത്തെ പിശാചായും പിശാചിനെ ദൈവമായും വർണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം എന്നു സഹോദരൻ എഴുതിയിട്ടുണ്ട്. ശുദ്രത്തവും ബ്രാഹ്മണ്യത്തോട് മൽസരിച്ച് ചണ്ഡാളരെയും സ്ത്രീകളേയും ദമനക്രിയ തന്ത്രങ്ങളിലൂടെ ഹൈന്ദവീകരിക്കാൻ ഒരുമ്പെടുകയാണിന്ന്. ഭരണഘടനയാണ് അവർ ലക്‌ഷ്യം വെയ്ക്കുന്നത്. നീതിയെ അംഗീകരിക്കാത്ത കിരാതമായ കൊലയാളി വംശീയതയാണ് ജനായത്തത്തേയും ഭരണഘടനയേയും ഗൂഢമായ സൗന്ദര്യാത്മക സാഹിത്യ വരേണ്യ ഗീർവാണങ്ങളിലൂടെ അട്ടിമറിച്ച് മുഖ്യമന്ത്രിമാരെ പോലും തെരുവിൽ ജാതിത്തെറി വിളിച്ചു അമിത പ്രാതിനിധ്യത്തിന്റെ സാമ്പത്തിക സംവരണം കൊയ്യുന്നത്. മുലക്കരം പോലും സാമ്പത്തിക പ്രശ്നമായിരുന്നു. കാരണം ചേർത്തല നങ്ങേലിക്ക് മുലക്കരം കൊടുക്കാൻ പണമില്ലായിരുന്നു എന്നാണ് സർക്കാരിലെ ജൻഡർ ഉപദേശക ജനപഥം വാരികയിൽ എഴുതിവിട്ടത് (ജനുവരി 2019 ലക്കം). രാമൻ ശംബൂകനെ എന്ന പോലെ ഇന്ത്യയുടെ തലയാണവർ കൊയ്തത്. ബാബായുടെ സാമൂഹ്യ ജനായത്തെ സാമൂഹ്യ നീതി സങ്കൽപ്പത്തിലാണ് ഇന്ത്യൻ നിർമാണഘടന നിൽക്കുന്നത്. കൊലയേയും വംശഹത്യയേയും കാമഭോഗങ്ങളേയും ആഘോഷിക്കുന്ന ഹൈന്ദവ പുരാണപാരായണങ്ങളും മാവാരത പട്ടത്താനങ്ങളും നാമവസാനിപ്പിച്ചേ തീരൂ. ബൗദ്ധമായ വർഷാവാസമെന്ന പ്രജ്ഞാ പഠനത്തെയാണ് കഴിഞ്ഞ മുപ്പതു വർഷത്തിനിടെ രാമായണ മാസാചരണമായി ജാതിഹിന്ദു വരേണ്യർ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയത്. മാവാരത പട്ടത്താനങ്ങളും ഗീതാഗിരിയും സംഘകാലം മുതൽ പുകൾപെറ്റ ചവിരമാനുകളെന്ന മ്ലാവുകൾ മേഞ്ഞ ചവരിമലയെ ശബരിമലയാക്കി രാമവൽക്കരിക്കുന്ന വിശ്വാസി-തീണ്ടാരി -നാമജപ-ശൂദ്രലഹളകളെ പെരുന്ന വഴി ഉൽപ്പാദിപ്പിച്ച് നീതിയുടെ കരാറായ ഭരണഘടനയെ അട്ടിമറിക്കുമെന്നു വീണ്ടും വീണ്ടും വ്യക്തമായിക്കഴിഞ്ഞു.
യാഗയജ്ഞകൂടോത്ര വാങ്മയ സൗന്ദര്യാത്മകതയിലൂടെയാണവർ വേദകാലം മുതൽ സൈന്ധവ നാഗരികതയുടെ വേരറുത്തത്. കൊല്ലുന്ന മൃഗതുല്യരായ രാജാക്കൾക്കും നേതാക്കൾക്കും തമ്പുരാക്കളായ ദൈവങ്ങൾക്കും വേണ്ടിയുള്ള പഥസഞ്ചലനങ്ങളും പണിയെടുപ്പുകളും ബഹുജനങ്ങൾ അവസാനിപ്പിച്ചാലേ ഇന്ത്യൻ ജനായത്തം പുലരൂ. വൈകിയവേളയിലെങ്കിലും അടിസ്ഥാന ജനത തങ്ങളുടെ ചരിത്രപരമായ ധർമങ്ങൾ നിറവേറ്റട്ടെ. നീതിക്കുവേണ്ടിയുള്ള സമരം ഗൂഢവരേണ്യ സൗന്ദര്യാത്മക ഗീർവാണത്തെ തകർക്കട്ടെ. വിളക്കു പോലെ നാം സത്യത്തെ ചേർത്തു പിടിക്കുക, നാം നമ്മുടെ വെളിച്ചമാകട്ടെ, അപ്പ ദീപോ ഭവ എന്ന പുത്തരുടെ തായ്മൊഴി ജാതി ഹിന്ദുയിരുട്ടിന്റെ രണ്ടാമിരുട്ടടിയിൽ നമുക്കു കരുത്തുപകരട്ടെ. നീതിയാണ് ഓർക്കുന്തോറും നിറയുന്ന സൗന്ദര്യം. അറിവൻപനുകമ്പ നമ്മുടെ അരുളാകട്ടെ. സാഹോദര്യം വളരട്ടെ. പൊയ്കയോടൊപ്പം ഗുരുവും സഹോദരനും അവരുടെ ചരിത്ര ഭാഷണങ്ങളും വിമർശബോധം തുടിക്കുന്ന കാലികമായ പ്രസ്താവങ്ങളും സൗന്ദര്യാത്മകമായ മാവാരത ഗീതാ പട്ടത്താനങ്ങളെ മാറ്റിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയിലേക്കു കടന്നു വരട്ടെ. ജനങ്ങളുടെ നികുതിപ്പണം അപരവൽക്കരണവും വംശഹത്യയും പെരുക്കുന്ന സംസ്കൃത കാവ്യേതിഹാസ പുരാണങ്ങളും സ്മൃതിശ്രുതിപുരാണങ്ങളും ആവർത്തിക്കാനായി ഇനിയും ഒഴുക്കാതിരിക്കട്ടെ. പ്രാതിനിധ്യ ത്തിന്റെ രാഷ്ട്രീയമായ ജനായത്തവും നൈതിക കരാറായ ഭരണഘടനയും ജനത വീണ്ടെടുക്കട്ടെ. പുതു പുത്തരായ ബാബാസാഹേബിനു വിനയവണക്കം. ഭാവി ഭാരതത്തിന്റെ ശരണമന്ത്രം മുഴങ്ങട്ടേ. അംബേദ്കറെന്ന ചതുരക്ഷരി നന്ദി തിങ്ങുന്ന നിരവധി ചങ്കുകളോടെ നാം സഹോദരനെഴുതിയ പോലെ ശരണം വിളിക്കട്ടെ, മൈത്രിയും സാഹോദര്യവും നിറയട്ടെ. അനുകമ്പയും സ്നേഹവും ലോകത്തേയും കേരളത്തേയും രക്ഷിക്കട്ടെ.