Author Image ദി റൂട്സ് ഡെസ്ക്

ബുൾഡോസർ രാജ്: അസമിൽ 580 കുടുംബങ്ങളെ കുടിയിറക്കി

അസമിൽ കൈയേറ്റം ആരോപിച്ചതിനെ തുടർന്ന് വീണ്ടും 580 കുടുംബങ്ങളെ കുടിയിറക്കി. പശ്ചിമ അസമിലെ ഗോവാൽപാറാ ജില്ലയിലെ ദഹികാട്ടാ റിസർവ് ഫോറസ്റ്റ് (Dahikata Reserve Forest) ഭൂമിയോട് ചേർന്ന് കിടക്കുന്ന 376 ഏക്കർ ഭൂമിയിൽ താമസിച്ചുവന്നിരുന്ന കുടുംബങ്ങളെയാണ് വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് കുടിയിറക്കിയത്. 

രണ്ടാഴ്ച്ചയിലധികം മുമ്പ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും 70 ശതമാനത്തോളം പേർ സ്വമേധയാ ഒഴിഞ്ഞുപോയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളാണ്.

​വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അസം സർക്കാർ പറയുന്നുണ്ടെങ്കിലും അസമിൽ ഇപ്പോഴത്തെ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി ഒഴിപ്പിക്കൽ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2021 മുതൽ കുടിയേറ്റം ആരോപിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് കുടിയിറക്കിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാനത്തുടനീളം ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് പ്രസ്താവിച്ചിരുന്നു. "താൻ അധികാരത്തിൽ തുടരുന്നിടത്തോളം കാലം അനധികൃത മിയ വിഭാഗക്കാർക്ക് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും" അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

​ഭൂമി കൈയേറ്റം, അനധികൃത കുടിയേറ്റം എന്നിവയുടെ പേര് പറഞ്ഞാണ് ആധാർ കാർഡും മറ്റ് രേഖകളുമുള്ള, രണ്ട് തലമുറയിലധികമായി ജീവിച്ചു വരുന്ന കുടുംബങ്ങളെ സർക്കാർ ഒഴിപ്പിക്കുന്നത്.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age